ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ദൈവിക നീതി
രാജ്യത്തെ പൗരന്മാരായ ഒരു വിഭാഗത്തിന്റെ നിലനില്‍പ്പിനു തന്നെ ഭീഷണിയായി വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് ഭൂരിപക്ഷ ഹിന്ദുത്വ മതാധിനിവേശം നടന്നുകൊണ്ടിരിക്കുമ്പോള്‍, അതിനെ രാജ്യത്തെ ഭരണഘടന കൊണ്ടും നീതിന്യായ വ്യവസ്ഥ കൊണ്ടും നേരിടേണ്ടതിനും അടിച്ചമര്‍ത്തേണ്ടതിനും പകരം, അത്തരം യുക്തികള്‍ക്കെല്ലാം അതീതമായ അമാനുഷമായ അധികാരശക്തിയില്‍ നിന്ന് പ്രാര്‍ത്ഥിച്ച് ധര്‍മ്മാനുഭവ വികാരം (ethos) ആവാഹിച്ചു കൊണ്ടാണ് ഏറ്റവും നിയമവിരുദ്ധമായി ബാബറി പള്ളി പൊളിച്ച സ്ഥലത്ത് ആ ഭീകര സംഘത്തിന് ക്ഷേത്രം പണിയാന്‍ താന്‍ അനുമതി കൊടുത്തുകൊണ്ട് വിധിയെഴുതിയത് എന്നാണ് അദ്ദേഹം പറയുന്നതിന്റെ പൊരുള്‍.
ബാബരി മസ്ജിദ് കേസ് വിധി പറയാന്‍ ആശ്രയിച്ചത് ദൈവത്തെയെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പ്രസ്താവിച്ചിരിക്കുന്നു. പ്രശ്ന പരിഹാരം കണ്ടെത്താനാകാത്ത കേസുകളില്‍ പലപ്പോഴും തങ്ങള്‍ക്ക് വിധി പറയേണ്ടി വരാറുണ്ടെന്നും, അവിടെ ദൈവമാണ് ആശ്രയം എന്നും അയോധ്യ കേസ് അങ്ങനെയൊന്നായിരുന്നു എന്നും അദ്ദേഹം പറയുന്നുണ്ട്. ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്ത് ക്ഷേത്രം പണിയാമെന്ന് 2019 നവംബറില്‍ അന്നത്തെ ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വിധിച്ചിരുന്നു. ഈ ബെഞ്ചിന്റെ ഭാഗമായിരുന്നു ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ഈ വിധി ആരാണ് എഴുതിയത് എന്ന് വിധിയില്‍ രേഖപ്പെടുത്തിയിട്ടില്ല. രഞ്ജന്‍ ഗൊഗോയിയെ വിരമിച്ച ശേഷം ബിജെപി രാജ്യസഭാംഗമാക്കിയതും ചരിത്രം.
ജനാധിപത്യ ഇന്ത്യയില്‍ ഭരണഘടനയെ അടിസ്ഥാനമാക്കിയാണ് എല്ലാ കോടതികളിലും ന്യായാധിപന്മാര്‍ വിധികള്‍ തയ്യാറാക്കുന്നതും പ്രസ്താവിക്കുന്നതും എന്നാണ് നാം ഇതുവരെ മനസ്സിലാക്കിയിരുന്നത്. എന്നുമാത്രമല്ല ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെയര്‍മാനായിരുന്ന ഡോ ബി ആര്‍ അംബേദ്കര്‍ ഒരു നാസ്തികനായിരുന്നു എന്നതും ഇവിടെ തീര്‍ച്ചയായും ഓര്‍ത്തിരിക്കേണ്ടതാണ്.
ബഹുസ്വരവും ബഹു മാതൃകയിലുള്ള സംസ്‌കാരങ്ങളും മതങ്ങളും, നാസ്തികരും ആസ്തികരും എല്ലാം ഉള്ളടങ്ങിയ ഇന്ത്യയുടെ ഭരണഘടന വിശ്വാസത്തെയല്ല; വിശ്വാസ വിപരീതമായ യുക്തിയുടെയും, ചിന്തയുടെയും സാമൂഹ്യ ശാസ്ത്രത്തിന്റെയും, ചരിത്രത്തിന്റെയും ജനാധിപത്യ സാമൂഹ്യ ഘടനയുടെയും സംസ്‌കാരത്തിന്റെയും അടിത്തറയിലാണ് രൂപം കൊണ്ടിട്ടുള്ളത്. വിശ്വാസ വിപരീതമായ യുക്തിയുടെ വിവിധ രൂപങ്ങളെയാണ് നമുക്ക് ഭരണഘടനയില്‍ കാണാന്‍ കഴിയുക.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
പ്രാര്‍ത്ഥനയുടെയും വിശ്വാസത്തിന്റെയും പ്രേരണകള്‍ പുറന്തള്ളപ്പെടുന്നു എന്നത് ഭരണഘടനാ പഠനത്തില്‍, അതിന്റെ പ്രയോഗത്തില്‍ ഉണ്ടാകേണ്ട അനിവാര്യതയാണ്. ആ അര്‍ത്ഥത്തില്‍ ദൈവശാസ്ത്ര സംരക്ഷണ വിദ്യയായ വിശ്വാസ പദ്ധതിയുടെ നിരാസമായിക്കൂടി നമുക്ക് ഇന്ത്യന്‍ ഭരണഘടനയെ ദര്‍ശിക്കാവുന്നതാണ്. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സയന്റിഫിക് ടെമ്പര്‍ (scientific temper) എന്ന പ്രയോഗം നാം ഇവിടെ ഓര്‍ത്തെടുക്കേണ്ട ഒന്നാണ്. ഈ പശ്ചാത്തലത്തിലാണ് ബാബരി മസ്ജിദ് വിധിയില്‍ തന്റെ പ്രാര്‍ത്ഥനയുടെ വിശ്വാസ ധാതുക്കള്‍ അടങ്ങിയിട്ടുണ്ട് എന്ന ചീഫ് ജസ്റ്റിസ് ചന്ദ്ര ചൂഡിന്റെ പ്രസ്താവനയെ നോക്കിക്കാണേണ്ടത്.
495 വര്‍ഷം പഴക്കമുള്ള, ഒരു സംസ്‌കാരത്തിന്റെ പ്രതീകമായ, ബാബറി മസ്ജിദ് ലോകത്തിലെ ഏറ്റവും ക്രൂരവും നൃശംസവുമായ ചരിത്രമുള്ള അര്‍ദ്ധ സൈനിക ഹിന്ദുത്വ ഭീകര സംഘം തകര്‍ക്കുന്നതും, ആ സ്ഥലത്ത് ക്ഷേത്രം പണിയാന്‍ പരമോന്നത നീതിപീഠം അനുമതി കൊടുക്കുന്നതും, അതില്‍ താന്‍ വിശ്വസിക്കുന്ന ദൈവത്തോടുള്ള പ്രാര്‍ത്ഥനകളുടെ അംശങ്ങള്‍ പതിഞ്ഞുകിടക്കുന്നുണ്ട് എന്ന് ആ പ്രതിലോമ വിധിയില്‍ പങ്കാളിയായ ഒരു ന്യായാധിപന്‍ പറയുന്നതും മേല്‍പ്പറഞ്ഞ ഭരണഘടനാ ചിന്തയുടെ അടിസ്ഥാനത്തിലാണ് നാം വിലയിരുത്തേണ്ടത്.
ഒരു രാജ്യത്തെ ന്യൂനപക്ഷ വിഭാഗത്തിന്റെ സംസ്‌കാരത്തേയും അധിവാസത്തെയും ചരിത്രത്തെ തന്നെയും തകര്‍ത്ത് അധിനിവേശപ്പെടുത്തുക എന്ന ഭൗതികമായ സ്ഥലകാലങ്ങളില്‍ സംഭവിക്കുന്ന ഗുരുതരമായ വിഷയത്തെ, ഭൗതികേതര ജ്ഞാന ശാസ്ത്രവുമായി സന്ധിപ്പിക്കുവാന്‍ ശ്രമിക്കുകയാണ് ചീഫ് ജസ്റ്റിസ് ചെയ്യുന്നത്. മതനിരപേക്ഷമായ ഭൗതികശാസ്ത്ര – ജ്ഞാന ശാസ്ത്രങ്ങളുടെ അടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കേണ്ട ഭരണഘടനയെ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ദൈവശാസ്ത്ര സംരക്ഷണ വിദ്യയായ വിശ്വാസപദ്ധതിയാക്കി പ്രയോഗിക്കുകയായിരുന്നുവോ ബാബറി മസ്ജിദ് വിധിയുടെ സന്ദര്‍ഭത്തില്‍ എന്ന് ചിന്തിച്ചു പോവുകയാണ്.
രാജ്യത്തെ പൗരന്മാരായ ഒരു വിഭാഗത്തിന്റെ നിലനില്‍പ്പിനു തന്നെ ഭീഷണിയായി വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് ഭൂരിപക്ഷ ഹിന്ദുത്വ മതാധിനിവേശം നടന്നുകൊണ്ടിരിക്കുമ്പോള്‍, അതിനെ രാജ്യത്തെ ഭരണഘടന കൊണ്ടും നീതിന്യായ വ്യവസ്ഥ കൊണ്ടും നേരിടേണ്ടതിനും അടിച്ചമര്‍ത്തേണ്ടതിനും പകരം, അത്തരം യുക്തികള്‍ക്കെല്ലാം അതീതമായ അമാനുഷമായ അധികാരശക്തിയില്‍ നിന്ന് പ്രാര്‍ത്ഥിച്ച് ധര്‍മ്മാനുഭവ വികാരം (ethos) ആവാഹിച്ചു കൊണ്ടാണ് ഏറ്റവും നിയമവിരുദ്ധമായി ബാബറി പള്ളി പൊളിച്ച സ്ഥലത്ത് ആ ഭീകര സംഘത്തിന് ക്ഷേത്രം പണിയാന്‍ താന്‍ അനുമതി കൊടുത്തുകൊണ്ട് വിധിയെഴുതിയത് എന്നാണ് അദ്ദേഹം പറയുന്നതിന്റെ പൊരുള്‍.
അദ്ദേഹം പ്രാര്‍ത്ഥിക്കുന്ന ഈശ്വരന്‍ ഏത് സവിശേഷമായ ആധിപത്യ (hegemonic) ഘടനയെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്നതിനെക്കുറിച്ച് ചരിത്രപരമായ ഒരു അന്വേഷണം ഇവിടെ വേണ്ടി വരുന്നുണ്ട്. ചാതുര്‍വര്‍ണ്യ അടിസ്ഥാനത്തില്‍ മനുഷ്യരെ വിഭജിക്കുന്ന ഹിന്ദുത്വത്തിന്റെ ഹിംസാത്മകമായ വ്യവഹാരവുമായി അനുരഞ്ജനപ്പെടാത്ത, ഏത് വിശ്വാസ ബലതന്ത്രത്തെയാണ് അദ്ദേഹം ഉദ്ധരിച്ചെടുക്കാന്‍ ശ്രമിക്കുന്നത് എന്നതും അജ്ഞാതമാണ്.
ഋഗ്വേദി ബ്രാഹ്മണനായ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ വിശ്വാസ സംഹിതകള്‍ സ്മൃതികളും ശ്രുതികളും ആരണ്യകങ്ങളും വേദങ്ങളും ആണെങ്കില്‍, അത് മനുഷ്യാതീതമായ, യുക്ത്യാതീതമായ വിശ്വാസത്തിന്റെ ബലത്തില്‍ നിഷ്ഠൂരമായ വിവേചന ക്രമങ്ങള്‍ മനുഷ്യ സമുദായത്തിന്മേല്‍ അടിച്ചേല്‍പ്പിച്ചിരുന്നു എന്ന് അദ്ദേഹം മനസ്സിലാക്കിയിട്ടുണ്ടാകില്ലേ? ഇവിടെ നാം ഓര്‍ക്കേണ്ട മറ്റൊരു പ്രധാന കാര്യം നാസ്തികനായ ഡോ അംബേദ്കര്‍ കത്തിച്ചത് മണ്‍റോ സായിപ്പിന്റെ ബ്രിട്ടീഷ് രാജ് ഭരണ വ്യവസ്ഥയല്ല, മറിച്ച് മനുസ്മൃതി ആയിരുന്നു എന്നതും കൂടിയാണ്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അദ്ദേഹം ബാബറി മസ്ജിദ് വിധി പുറപ്പെടുവിക്കാന്‍ പ്രാര്‍ത്ഥിച്ചത് ആ ബ്രാഹ്മണ മത ദര്‍ശനങ്ങളുടെ വിശ്വാസ പാതയിലൂടെയാണെങ്കില്‍, ആ വ്യവഹാരം ചരിത്രപരമായി തന്നെ അപരാധവും, ശൂദ്രനും ചണ്ഡാലനും സ്ത്രീക്കും പ്രാഥമികമായ അവകാശങ്ങള്‍ പോലും നിഷേധിക്കുന്ന പ്രമാണങ്ങള്‍ ആയതുകൊണ്ടും അവ പൂര്‍ണ്ണമായും ഇന്ത്യന്‍ ഭരണഘടനാ വിരുദ്ധമാണ് എന്ന് അതിന്റെ ചരിത്രപരമായ വായന നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. മാത്രമല്ല, അദ്ദേഹത്തിന്റെ വിശ്വാസത്തിലുള്ള ദൈവേച്ഛയും മനുഷ്യേച്ഛയും തമ്മിലുള്ള വൈരുദ്ധ്യവും ഇവിടെ പ്രകടമായിത്തീരുന്നുണ്ട്.
ദൈവേച്ഛ അമാനുഷികവും അതിമാനുഷികവുമാണ് എന്നും ബാബറി മസ്ജിദ് തകര്‍ത്തത് പോലെയുള്ള ഏറ്റവും വലിയ വംശവിച്ഛേദപരവും ദേശദ്രോഹപരവുമായ ക്രിമിനല്‍ കുറ്റങ്ങള്‍ ദൈവേച്ഛയുടെ ‘നിയോഗം’ ആണ് എന്നും ഡിവൈ ചന്ദ്രചൂഡിനെ പോലെ പരമോന്നത നീതിപീഠത്തില്‍ ഇരിക്കുന്ന ഒരാളുടെ വിശ്വാസ പ്രാര്‍ത്ഥനയിലൂടെ പ്രചരിക്കപ്പെടുകയും സാധൂകരിക്കപ്പെടുകയുമാണ് ചെയ്യുന്നത്. അതായത് വാളും ശൂലവും വടിയുമേന്തിയ ഹിന്ദുത്വ ഭീകര സംഘവും, ന്യായാധിപന്മാരും, ഭരണസംവിധാനവും എല്ലാം ദൈവേച്ഛയുടെ ഉപകരണം മാത്രമാണ് എന്ന സിദ്ധാന്തം സ്വീകാര്യമായിത്തീരുന്നു. ഇത് ആത്യന്തികമായി ഭരണഘടനയുടെ ശാസ്ത്രീയ സാധ്യതയെക്കുറിച്ചുള്ള അന്വേഷണത്തെ അരാജകമാക്കുകയും അതിന്റെ യുക്തി ഭദ്രതയെ തളര്‍ത്തുകയുമാണ് ചെയ്യുന്നത്.
ബ്രാഹ്മണ്യ വൈദിക ആധിപത്യത്തില്‍ നിന്ന് വ്യത്യസ്തമായി, ഇരപ്പവനും സ്ത്രീക്കും അടിമകള്‍ക്കും തൊഴിലാളികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഒരു സമവാക്യം സൃഷ്ടിച്ചു കൊടുത്ത, സമത്വ ഭാവന സൃഷ്ടിച്ച വൈദിക പാരമ്പര്യത്തെ പിടിച്ചുലച്ച മഹാത്മ ഫൂലയുടെയും ഡോ. അംബേദ്കറിന്റെയും മറ്റും വലിയ മുന്നേറ്റത്തിന്റെ ഭാഗമായി രൂപം കൊണ്ട ഇന്ത്യന്‍ ഭരണഘടന ജപമാല കൊണ്ടോ, ബ്രാഹ്മണ മത പ്രാര്‍ത്ഥനയുടെ ‘ധര്‍മ്മനീതി’ കൊണ്ടോ നിര്‍വചിക്കപ്പെടേണ്ടതല്ല എന്ന് നാം ഓര്‍ത്തിരിക്കേണ്ടതാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in