അയോധ്യാ തോ ഝാങ്കി ഹെ/ കാശി മഥുരാ ബാക്കി ഹെ
നാഗരിക രാഷ്ട്രം എന്ന സങ്കല്പം മുന്നോട്ടു വെക്കുന്നവര്‍ പറയുന്നത് ദേശരാഷ്ട്രം എന്ന പതിനെട്ടാം നൂറ്റാണ്ടിലെ യൂറോപ്യന്‍ ആശയത്തേക്കാള്‍ മുന്നേ തന്നെ തങ്ങളുടെ ദേശത്ത് ഒരു രാഷ്ട്ര സങ്കപ്പം നിലനിന്നിരുന്നു എന്നാണ്. ഈ വാദം ഇന്ന് മുന്നോട്ടുവെക്കുന്നത് ചൈന മാത്രമല്ല പുട്ടിന്റെ റഷ്യയും, എര്‍ഡോഗാന്റെ തുര്‍ക്കിയും, ഓര്‍ബാന്റെ ഹംഗറിയും ഇതേ വാദം ഉയര്‍ത്തുന്നുണ്ട്. ഇവര്‍ ഇതു പറയുമ്പോള്‍ നാഗരിക രാഷ്ട്രം എന്ന സങ്കല്പത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന സാമ്രാജ്യം എന്ന ആശയത്തെ നമ്മള്‍ മറന്നുകൂടാ. ഹിന്ദുത്വ രാഷ്ട്രീയം നാഗരിക രാഷ്ട്രത്തെ പറ്റി പറയുമ്പോള്‍ അത് ഇസ്‌ലാമിക് ഭരണത്തിനൊരു Counter Poise ആയിട്ടു കൂടിയാണ് പറയുന്നത്.
ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് കാലത്ത് ഉയര്‍ന്നുവന്ന ഒരു മുദ്രാവാക്യം ഇതായിരുന്നു: അയോധ്യാ തോ ഝാങ്കി ഹെ/ കാശി മഥുരാ ബാക്കി ഹെ (അയോധ്യ തുടക്കമാണ് കാശിയും മഥുരയും പുറകെ വരുന്നുണ്ട്). ഇതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമുണ്ടായിരുന്നില്ല. 2019 ല്‍ സുപ്രീം കോടതി ബാബ്‌റി മസ്ജിദ് കേസില്‍ വിധി പ്രഖ്യാപിച്ച ശേഷം ഉടനെത്തന്നെ രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങിയിരുന്നു. രാമന്റെ പ്രതിപുരുഷന്‍ എന്നവണ്ണം പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കേന്ദ്രീകരിച്ചു നടന്ന ക്ഷേത്രനിര്‍മ്മാണത്തിന്റെ പ്രതിഷ്ഠാപനവും മറ്റും ഹിന്ദുത്വ സംഘടനകള്‍ക്ക് ക്ഷേത്രരാഷ്ട്രീയം എത്രമാത്രം പ്രധാനപ്പെട്ടതാണ് എന്ന് ബോധ്യപ്പെടുത്തിത്തന്നിരുന്നു. എണ്‍പതുകളില്‍ വിശ്വഹിന്ദു പരിഷത്ത് ഉയര്‍ത്തിയ അജണ്ടയില്‍ അയോധ്യ മാത്രമല്ല കാശിയും മഥുരയും ഉള്‍പ്പെട്ടിരുന്നു. എണ്‍പതുകളുടെ രണ്ടാം പകുതിയില്‍ 1984 ലെ തിരഞ്ഞെടുപ്പില്‍ നേരിട്ട ഭീമമായ പരാജയത്തില്‍ നിന്നും-ആകെ രണ്ട് സീറ്റാണ് അന്ന് ബിജെപിക്ക് ലഭിച്ചത്-കരകയറുവാന്‍ ലാല്‍കൃഷ്ണ അദ്വാനിയുടെ നേതൃത്വത്തില്‍ ബിജെപി നേതൃത്വം വിശ്വഹിന്ദു പരിഷത്തിന്റെ അജണ്ട ഏറ്റെടുക്കുകയാണുണ്ടായത്. അവര്‍ കരുതിയതിനേക്കാളേറെ ആ അജണ്ടയ്ക്ക് ഗോദാവരിക്ക് വടക്കുള്ള പ്രദേശങ്ങളില്‍ സ്വാധീനം ചെലുത്തുവാന്‍ കഴിഞ്ഞു. ഒരുപക്ഷേ മണ്ഡല്‍ വിപ്ലവം ഗംഗാസമതലത്തെ ഇളക്കിമറിച്ചില്ലായിരുന്നുവെങ്കില്‍ തൊണ്ണൂറുകളില്‍ തന്നെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പ്രധാന ധ്രുവം ബിജെപിയായി മാറിപ്പോയേനെ. ഗോവിന്ദാചാര്യയുടെ നേതൃത്വത്തില്‍ ബിജെപി സ്വയം ഒരു മണ്ഡലീകരണ പ്രക്രിയയിലൂടെ കടന്നുപോവുകയും മണ്ഡല്‍ ജാതികളില്‍ നിന്നും നേതാക്കളെ ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്തു. ഈ സോഷ്യല്‍ എന്‍ജിനീയറിംഗ് സൃഷ്ടിച്ച ആഭ്യന്തര വൈരുദ്ധ്യങ്ങളെ ബിജെപി നേരിട്ടത് ക്ഷേത്രരാഷ്ട്രീയത്തിന്-അതുവഴി ഹിന്ദുത്വ രാഷ്ട്രീയത്തിനും-മുന്‍തൂക്കം നല്‍കിക്കൊണ്ടാണ്. ഹിന്ദുത്വ രാഷ്ട്രീയം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സാമാജികരെ പാര്‍ലമെന്റിലേക്ക് അയയ്ക്കുന്ന ഉത്തര്‍പ്രദേശില്‍ വേരുറപ്പിക്കേണ്ടത് ദില്ലിയില്‍ ഭരണം പിടിച്ചെടുക്കാന്‍ അത്യന്താപേക്ഷിതമാണ് എന്ന് ബിജെപി അന്നേ തിരിച്ചറിഞ്ഞിരുന്നു.
കാശി മഥുരാ ക്ഷേത്രരാഷ്ട്രീയം ബിജെപിക്ക് എത്രമാത്രം പ്രധാനപ്പെട്ടതാണ് എന്നു സൂചിപ്പിക്കുവാനാണ് ഈ ദീര്‍ഘമായ ആമുഖം. ഈ പശ്ചാത്തലത്തില്‍ വേണം ഗ്യാന്‍വാപി പള്ളിയെക്കുറിച്ചുള്ള കോടതിക്കേസിനെ സമീപിക്കേണ്ടത്. കാശിവിശ്വനാഥ ക്ഷേത്രത്തിനോട് അനുബന്ധമായി നില്‍ക്കുന്നു ഓറംഗസീബിന്റെ കാലത്ത് നിര്‍മ്മിക്കപ്പെട്ട ഗ്യാന്‍വാപി മസ്ജിദ്. (മഥുരയിലെ കൃഷ്ണക്ഷേത്രവും ഇതുപോലെ ഒരു മുസ്‌ലിം ആരാധനാലയവുമായി ഭിത്തി പങ്കിടുന്നുണ്ട്). വിശ്വനാഥക്ഷേത്രം തകര്‍ന്നശേഷമാണ് ഈ പള്ളി നിര്‍മ്മിക്കപ്പെട്ടത് എന്ന് വിശ്വസിക്കപ്പെടുന്നു. അയോധ്യയെ അപേക്ഷിച്ച് ക്ഷേത്രമുണ്ടായിരുന്നുവോ എന്ന് ഖനനം നടത്തി തെളിയിക്കേണ്ട ആവശ്യമൊന്നും കാശിയിലും മഥുരയിലും ഇല്ല. ഈ രണ്ട് തര്‍ക്കസ്ഥലങ്ങളും സന്ദര്‍ശിച്ചവര്‍ക്കും അല്ലെങ്കില്‍ ചിത്രമെങ്കിലും കണ്ടിട്ടുള്ളവര്‍ക്കും അവയുടെ ചരിത്രം എളുപ്പം തന്നെ വ്യക്തമാവും.
എന്നാല്‍ 2022 ല്‍ ചര്‍ച്ച ചെയ്യേണ്ട വിഷയം ക്ഷേത്രപുനഃനിര്‍മ്മാണമല്ലല്ലോ. മധ്യകാലചരിത്രത്തിന്റെ മതരാഷ്ട്രീയത്തെ പുനരവതരിപ്പിക്കേണ്ടതുണ്ടോ? തന്റെ രാഷ്ട്രീയ മേല്‍ക്കോയ്മ വിളംബരം ചെയ്യാനോ മതവിശ്വാസത്തെ പ്രകടമാക്കാനോ വേണ്ടി ഒരു മുഗള്‍ ഭരണാധികാരിയും അയാളുടെ കിങ്കരന്മാരും നടത്തിയ ക്ഷേത്രധ്വംസനത്തിന് മൂന്നു ശതാബ്ദങ്ങള്‍ക്കു ശേഷം മറ്റൊരാരാധനാലയം പൊളിച്ചുകൊണ്ടോ മറ്റൊരു വിശ്വാസി സമൂഹത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ടോ മറുപടി നല്‍കാന്‍ ശ്രമിക്കുന്നത് എത്രമാത്രം വികൃതമായ പിന്‍നടത്തമാണ്! അയോധ്യയുടെ മുറിവുകള്‍ തന്നെ ഉണങ്ങിയിട്ടില്ല. വലിയ സാമൂഹികാഘാതങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ഒരു രാജ്യത്തെ ആകമാനം ധ്രുവീകരിച്ചുകൊണ്ട് നേടിയെടുക്കുന്ന ‘വിജയങ്ങള്‍ക്ക്’ എന്ത് മേന്മയാണുള്ളത്? അതിന്റെ രാഷ്ട്രവിവക്ഷകള്‍ എന്താണ്? ജിന്നയുടെ ദ്വിരാഷ്ട്രവാദത്തിന് കിട്ടിയിരിക്കുന്ന ഏറ്റവും ശക്തമായ ന്യായീകരണമല്ലേ അയോധ്യയില്‍ അരങ്ങേറിയതും ഇന്ന് കാശിയിലും മഥുരയിലും പരീക്ഷിക്കപ്പെടുന്നതും? ഇന്ന് ഇന്ത്യയിലെമ്പാടും പ്രകടമായി കാണുന്ന മതവിദ്വേഷ രാഷ്ട്രീയത്തിന്റെ-മുസ്‌ലിം വിരുദ്ധതയുടെ-ഉറവ തന്നെ ഈ ക്ഷേത്രരാഷ്ട്രീയമാണ്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എന്നിരിക്കെയാണ് വാരണാസിയിലെ ഒരു കീഴ്‌ക്കോടതി ഗ്യാന്‍വാപിയെച്ചൊല്ലിയുള്ള കുറച്ചു വിശ്വാസികളുടെ ആരാധനാവകാശ പെറ്റിഷനുകള്‍ കേള്‍ക്കാന്‍ തയ്യാറായത്. ഹിന്ദു ആരാധനാലയത്തിന്റെ അവശിഷ്ടങ്ങള്‍ ഗ്യാന്‍വാപിയിലുണ്ടോ എന്നു പരിശോധിക്കാന്‍ കോടതി ഉത്തരവിടുകയും ചെയ്തു. ഈ നടപടി സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയുണ്ടായി. എന്നാല്‍ അവിടെയും സര്‍വ്വേ തടയപ്പെട്ടില്ല. വളരെ വിചിത്രമായിരിക്കുന്നു ഈ നടപടിക്രമങ്ങള്‍. കാരണം ഇത്തരം സര്‍വ്വേകളും കേസുകള്‍ തന്നെയും അസാധുവാക്കുന്ന ഒരു നിയമം ഇന്ത്യയില്‍ നിലവിലുണ്ട്. 1991 ല്‍ രാമജന്മഭൂമി രാഷ്ട്രീയം ഉച്ചസ്ഥായിയില്‍ നില്‍ക്കെ നരസിംഹറാവു സര്‍ക്കാര്‍ പാസ്സാക്കിയതാണ് The Places of Worship Act എന്ന നിയമം. ബാബ്‌റി മസ്ജിദ് ഒഴികെ ഇന്ത്യയിലുള്ള എല്ലാ ആരാധനാലയങ്ങളും 1947 ഓഗസ്റ്റ് 15 ന് എങ്ങനെ നിലനിന്നിരുന്നുവോ അതേ അവസ്ഥയില്‍ തുടരേണ്ടതാണ് എന്നാണ് ആ നിയമം അനുശാസിക്കുന്നത്. (ബാബ്‌റി മസ്ജിദിനെ ഒഴിവാക്കിയതിന് കാരണം കോടതിയില്‍ കേസ് നടക്കുകയായിരുന്നതുകൊണ്ടാണ്.) അതായത്, ഓഗസ്റ്റ് 15, 1947 പള്ളിയായിരുന്ന ആരാധനാലയം പള്ളിയായി തുടരണമെന്നും ക്ഷേത്രം ക്ഷേത്രമായി തുടരണമെന്നുമാണ് നിയമത്തിന്റെ സാരം. ഈ നിയമം ഏറ്റവുമൊടുവില്‍ സുപ്രീം കോടതി ശരിവെച്ചത് 2019 ലെ അയോധ്യാ വിധിയിലാണ്.
ബാബ്‌റി മസ്ജിദ് തകര്‍ത്തതിനെ ക്രിമിനല്‍ നടപടി എന്നു വിലയിരുത്തിയ സുപ്രീം കോടതി പള്ളി നിന്ന ഇടത്തിന്റെ ഉടമസ്ഥാവകാശം ഹിന്ദു വഹാരികള്‍ക്കാണ് നല്‍കിയത്. ആ വിധിയില്‍ കോടതി The Place of Worship Act നെ കുറിച്ച് ദീര്‍ഘമായി സംസാരിക്കുന്നുണ്ട്. ഈ നിയമനിര്‍മ്മാണം വഴി ഭരണഘടന വാഗ്ദാനം ചെയ്യുന്ന തുല്യ മതസ്വാതന്ത്ര്യവും മതേതരത്വവും നടപ്പിലാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത് എന്ന് കോടതി പറഞ്ഞു. അതേ ശ്വാസത്തില്‍ കോടതി പറഞ്ഞത് മതങ്ങളുടെ തുല്യാവകാശവും മതേതരത്വവും ഭരണഘടനയുടെ basic features ല്‍ ഉള്‍പ്പെടുന്നു എന്നാണ്. എന്നുമാത്രമല്ല Place of Worship Act ഭരണഘടനയുടെ കീഴില്‍ സെക്കുലറിസത്തോട് ഉത്തരവാദിത്തം ആവശ്യപ്പെടുന്നു. കോടതി പറഞ്ഞു (Place of Worshkp Act imposes a nonderogable obligation towards enforcing our commitment to secularism under the Indian Constitution). സെക്കുലറിസത്തിന്റെ സംരക്ഷണാര്‍ത്ഥം സര്‍ക്കാര്‍ നിര്‍മ്മിച്ച ഒരു നിയമോപകരണമാണ് Place of Worship Act എന്നും കോടതി പറഞ്ഞുവെച്ചു.
ചുരുക്കിപ്പറഞ്ഞാല്‍ സുപ്രീം കോടതിയുടെ പഴയ വിധിപ്രകാരം ഗ്യാന്‍വാപി പള്ളിയുടേയോ മഥുരയിലെ ശ്രീകൃഷ്ണ ജന്മസ്ഥാന ക്ഷേത്രത്തിനോടു ചേര്‍ന്നുള്ള പള്ളിയുടേയോ നിലവിലുള്ള സ്വഭാവത്തെ മാറ്റാനുള്ള ഒരു നടപടിക്കും നിയമസാധുതയുണ്ടാവില്ല. എങ്കില്‍ പിന്നെ എന്തിനാണ് കീഴ്‌ക്കോടതികളും സുപ്രീം കോടതിയും ആ ദുഷ്ടലാക്കോടെ കോടതി മുമ്പാകെ അവതരിക്കുന്ന വ്യവഹാരികളെ കേള്‍ക്കാന്‍ തയ്യാറാവുന്നത്? സര്‍വ്വേ പോലുള്ള നടപടികള്‍ക്ക് നിയമസാധുത നല്‍കുന്നത്? ആരാധനാലയ നിയമം നിലനില്‍ക്കുന്നിടത്തോളം കാലം വ്യവഹാരങ്ങള്‍ക്ക് വകുപ്പില്ല എന്ന് കോടതിക്ക് പറഞ്ഞുകൂടെ? എല്ലാ മസ്ജിദിലും ശിവലിംഗം തിരയണ്ട എന്നു പറഞ്ഞ ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗത് ഗ്യാന്‍വാപിയുടെ കാര്യത്തില്‍ ഹിന്ദുക്കള്‍ക്ക് വൈകാരിക ബന്ധമുണ്ടെന്നും അതിന്‍പ്രകാരം ചിലതൊക്കെ ചെയ്യുന്നു എന്നുമാണ് പറഞ്ഞത്. ”ശിവലിംഗം” സ്ഥിതി ചെയ്യുന്ന പള്ളിയുടെ ഭാഗം കോടതി മുദ്രവെക്കാന്‍ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
ആരാധനാലയ നിയമം ഒരു പരിരക്ഷണ നിയമത്തിലുപരിയായി ഇന്ത്യന്‍ ദേശരാഷ്ട്രത്തിന്റെ സ്വഭാവത്തെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. അത് മുമ്പോട്ട് വെക്കുന്ന ഓഗസ്റ്റ് 15, 1947 എന്ന കട്ട് ഓഫ് ഡേറ്റിന് വലിയ പ്രാധാന്യമുണ്ട്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ദിനമാണത്. ഇന്ത്യ സ്വതന്ത്രയായി എന്ന് ലാഘവത്തോടെ പറഞ്ഞുപോവാറാണ് പതിവ്. അതിനപ്പുറം ആ ദിവസം ഒരു പുതിയ ഇന്ത്യ നിലവില്‍ വന്നു എന്നു പറയേണ്ടിയിരിക്കുന്നു. പൗരാവകാശങ്ങളും തുല്യ മതാവകാശങ്ങളുമൊക്കെ വാഗ്ദാനം ചെയ്യുന്ന ഈ പുതിയ ഇന്ത്യ രാജാധികാരത്തിന്റെ ഏകപക്ഷീയതയില്‍ നിന്നുമുള്ള വിച്ഛേദമാണ് ശ്രമിച്ചത്. ഒരു വ്യക്തിക്ക് ഒരു വോട്ട് എന്ന ഉയര്‍ന്ന ജനാധിപത്യ മൂല്യത്തില്‍ അടിയുറപ്പിച്ച് മത ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക സംരക്ഷണങ്ങള്‍ നിയമം മൂലം നല്‍കിക്കൊണ്ടാണ് സ്വതന്ത്ര ഇന്ത്യ തന്റെ വ്യക്തിത്വം അടയാളപ്പെടുത്തുന്നത്. ഇത് ജോര്‍ജ്ജ് ആറാമന്റെ ഇന്ത്യയല്ല, ഓറംഗസീബിന്റെ ഇന്ത്യയുമല്ല. ശ്രീപദ്മനാഭദാസന്റെ ഹിന്ദു തിരുവിതാംകൂറോ മറാഠകളുടെ പേഷ്വാ ഷാഹിയുടെ തുടര്‍ച്ചയോ അല്ല. മതസ്വത്വത്തിനുപരിയായി പൗരസ്വത്വത്തിന് മുന്‍തൂക്കം നല്‍കുന്ന ഭരണഘടനയില്‍ വേരുറപ്പിച്ച ഒരു പുതിയ ഇന്ത്യയാണ് ഓഗസ്റ്റ് 15, 1947 ല്‍ ജന്മമെടുത്തത്. അതുകൊണ്ടാണ് ആരാധനാലയ നിയമം ആ തിയതിക്ക് പ്രാധാന്യം നല്‍കിയത്.
കേവല ഭൂരിപക്ഷത്തോടെ പാര്‍ലമെന്റ് പാസ്സാക്കിയ നിയമം ഭേദഗതിയില്‍ കൂടി സര്‍ക്കാരിന് മറികടക്കാവുന്നതേയുള്ളൂ. ഈ നിയമം ഭരണഘടനാവിരുദ്ധമാണ് എന്നൊരു വക്കാലത്തും കോടതി മുമ്പാകെയുണ്ട്. പക്ഷേ പഴയ കോടതി വിധികളുടേയും പാര്‍ലമെന്ററി ഡിബേറ്റുകളുടേയും പശ്ചാത്തലത്തില്‍ ആധുനിക ഇന്ത്യയുടെ ആത്മാവ് എന്ന മട്ടിലായിട്ടുണ്ട് ഈ നിയമം. അതുകൊണ്ട് തന്നെ ഈ നിയമത്തെ ഭേദഗതി ചെയ്തുകൊണ്ട് നിഷ്‌ക്രിയമാക്കാന്‍ ഏതു സര്‍ക്കാരും ഒന്നറയ്ക്കും. പകരം ഓഗസ്റ്റ് 15, 1947 എന്ന തിയതിയുടെ പ്രാധാന്യം തന്നെ ഇല്ലാതാക്കുകയാണെങ്കിലോ? ഇന്ത്യന്‍ റിപ്പബ്ലിക് സ്വാതന്ത്ര്യപൂര്‍വ്വ ഇന്ത്യയുടെ തുടര്‍ച്ചയാണെന്നും ഒരു വിച്ഛേദമല്ലെന്നും സ്ഥാപിക്കാന്‍ കഴിഞ്ഞാലോ?
ഈ വിചാരത്തിന് ഊര്‍ജ്ജം പകരുവാന്‍ കഴിയുന്നതാണ് അഥവാ ആ വിചാരത്തിന്റെ തുടര്‍ച്ചയായിട്ടാണ് ഇന്ത്യ ദേശരാഷ്ട്രമല്ല നാഗരിക രാഷ്ട്രമാണെന്ന വാദം ഹിന്ദുത്വ രാഷ്ട്രീയത്തിനോട് പ്രതിപത്തി പുലര്‍ത്തുന്നവര്‍ മുന്നോട്ട് വെക്കുന്നത്. ഇതൊരു പുതിയ വാദമല്ല. ഒരുപാട് അക്കാദിക് ചര്‍ച്ചകള്‍ ഈ വിഷയത്തെ മുന്‍നിര്‍ത്തിയുണ്ടായിട്ടുണ്ട്. രവീന്ദര്‍ കുമാറിനെപ്പോലെയുള്ള നെഹ്‌റുവിയന്‍ ചരിത്രകാരന്മാര്‍ ഇന്ത്യ നാഗരിക രാഷ്ട്രമാണ് (Civilisation state) എന്ന് വാദിച്ചിട്ടുണ്ട്. ഇന്ത്യന്‍ റിപ്പബ്ലിക്കും ഭരണഘടനയും തന്നെ നാഗരിക രാഷ്ട്രമെന്ന സങ്കല്പത്തെ അംഗീകരിച്ചുകൊണ്ടുതന്നെ പുതിയ കാലത്തിന് അനുസൃതമായ അര്‍ത്ഥത്തില്‍ അതിനെ പരിവര്‍ത്തനം ചെയ്യുകയാണ് എന്നും വാദിക്കാവുന്നതാണ്. പക്ഷേ പുതിയ സാഹചര്യത്തില്‍ ഹിന്ദുത്വ രാഷ്ട്രീയം നാഗരിക രാഷ്ട്രമെന്ന സങ്കല്പത്തിനായി വാദിക്കുന്നത് ദേശീയ സമരത്തിന്റെ നേതാക്കള്‍ ഈ പ്രശ്‌നത്തെ-എന്താണ് ഇന്ത്യ, എന്തായിരിക്കണം ഇന്ത്യ എന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടി നേടലാണല്ലോ ഈ പ്രശ്‌നം-പരിശോധിച്ച രീതിശാസ്ത്രമോ ഉദ്ദേശലക്ഷ്യങ്ങളോ ചിന്താപാതയോ പിന്‍തുടര്‍ന്നു കൊണ്ടല്ല.
വിദേശകാര്യ മന്ത്രി എസ് ജയശങ്കറുടെ ‘The Indian Way-‘ എന്ന പുസ്തകം സര്‍ക്കാറിന്റെ കാഴ്ചപ്പാട് മുന്നോട്ടുവെക്കുന്നുണ്ട്. ഇവിടെ മാതൃക ചൈനയാണ് എന്ന് ജയശങ്കര്‍ വ്യക്തമായി പറയുന്നുണ്ട്: ‘-Until recently, a Western paradigm has dictated global norms and values. China, as the first non Western power to seriously rise in the past 1945 era, has drawn on its cultural heritage to project its personality and shape the narrative. It is but logical that Indian too should follow suit.”
ഇതിനൊരു മാതൃകയെന്നോണം ജയശങ്കര്‍ തന്റെ പുസ്തകത്തില്‍ മഹാഭാരതത്തെ ഒരു സ്ട്രാറ്റജിക് ടെക്‌സ്റ്റ് ആയി വായിക്കുന്നുമുണ്ട്. രാജ്യതാല്പര്യത്തിനായി അനീതിയും അധര്‍മ്മവും ഉപയോഗപ്പെടുത്തുന്നതില്‍ തെറ്റില്ല എന്നാണ് ജയശങ്കര്‍ കണ്ടെത്തുന്നത്!
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
എന്താണ് ചൈന മുന്നോട്ടുവെക്കുന്ന പാശ്ചാത്യേതര കാഴ്ചപ്പാട്? ഒന്ന്, ചൈന ഒരു നാഗരിക രാഷ്ട്രമാണ്, ദേശരാഷ്ട്രമല്ല. (ദേശരാഷ്ട്രം ഒരു യൂറോപ്യന്‍ നിര്‍മ്മിതിയും അതുകൊണ്ടുതന്നെ യൂറോപ്യന്‍ മൂല്യങ്ങളുടെ സൃഷ്ടിയുമാണ്). രണ്ട്, ചൈനയ്ക്ക് ചൈനയുടേതായ പ്രാചീനമായ ഒരു മൂല്യവ്യവസ്ഥയും രാഷ്ട്രീയ സ്ഥാപനങ്ങളും സാമൂഹ്യ ചിന്തയുമുണ്ട്. അത് യൂറോപ്യന്‍ മൂല്യങ്ങളാല്‍ വിലയിരുത്തപ്പെടേണ്ടവയല്ല. അതായത് സാര്‍വ്വദേശീയമായ മൂല്യങ്ങള്‍ – മനുഷ്യാവകാശം, ന്യൂനപക്ഷ അവകാശങ്ങള്‍-എന്നിങ്ങനെ ഗവ പോലെയുള്ള അന്തര്‍ദ്ദേശീയ സംഘടനകള്‍ മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടുകള്‍ ചൈന അംഗീകരിക്കുന്നില്ല.
നാഗരിക രാഷ്ട്രം എന്ന സങ്കല്പം മുന്നോട്ടു വെക്കുന്നവര്‍ പറയുന്നത് ദേശരാഷ്ട്രം എന്ന പതിനെട്ടാം നൂറ്റാണ്ടിലെ യൂറോപ്യന്‍ ആശയത്തേക്കാള്‍ മുന്നേ തന്നെ തങ്ങളുടെ ദേശത്ത് ഒരു രാഷ്ട്ര സങ്കപ്പം നിലനിന്നിരുന്നു എന്നാണ്. ഈ വാദം ഇന്ന് മുന്നോട്ടുവെക്കുന്നത് ചൈന മാത്രമല്ല പുട്ടിന്റെ റഷ്യയും, എര്‍ഡോഗാന്റെ തുര്‍ക്കിയും, ഓര്‍ബാന്റെ ഹംഗറിയും ഇതേ വാദം ഉയര്‍ത്തുന്നുണ്ട്. ഇവര്‍ ഇതു പറയുമ്പോള്‍ നാഗരിക രാഷ്ട്രം എന്ന സങ്കല്പത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന സാമ്രാജ്യം എന്ന ആശയത്തെ നമ്മള്‍ മറന്നുകൂടാ. ഹിന്ദുത്വ രാഷ്ട്രീയം നാഗരിക രാഷ്ട്രത്തെ പറ്റി പറയുമ്പോള്‍ അത് ഇസ്‌ലാമിക് ഭരണത്തിനൊരു Counter Poise ആയിട്ടു കൂടിയാണ് പറയുന്നത്. ഇസ്ലാം നാഗരികത വാളുകൊണ്ട് വളര്‍ന്നപ്പോള്‍ ഹിന്ദു നാഗരികത ഒരു സാംസ്‌കാരിക മുന്നേറ്റമായിരുന്നു എന്നാണ് വാദം. ഇന്ത്യന്‍ നാഗരിക രാഷ്ട്രം അവരുടെ കാഴ്ചപ്പാടില്‍ ഒരു ഹിന്ദു നാഗരിക രാഷ്ട്രം മാത്രമാണ്. പടിഞ്ഞാറ് ഗാന്ധാരവും വടക്ക് ഹിമാലയവും കിഴക്ക് കാമരൂപവും കടന്ന് ഇരാവതി നദിയും തെക്ക് മഹാസമുദ്രവും അതിരിടുന്ന ഈ വിശാല ഭൂമിക അവര്‍ ഹിന്ദുനാഗരികതയായിട്ടാണ് സങ്കല്പിക്കുന്നത്. കാലം ഉറഞ്ഞുപോയ ഒരു നിശ്ചലചിത്രത്തിന് ജീവന്‍ നല്‍കാന്‍ എന്ന മട്ടിലാണ് നാഗരിക രാഷ്ട്രമെന്ന സങ്കല്പത്തെ അവര്‍ ഉയര്‍ത്തിക്കൊണ്ടുവന്നിരിക്കുന്നത്. ചരിത്രം യൂറോ കേന്ദ്രിതമാണ് എന്നും മറ്റും പറയുന്നത് ഈ വാദത്തിന് സാധുത കല്പിച്ചെടുക്കാനാണ്. ടാഗോറും ഗാന്ധിയും തുടങ്ങി ആഷിഷ് നന്ദി വരെയുള്ളവര്‍ മുന്നോട്ട് വെക്കുന്ന ദേശരാഷ്ട്ര വിമര്‍ശനവുമായോ യൂറോപ്പ് വിമര്‍ശനവുമായോ ഇതിനെ തെറ്റിദ്ധരിക്കരുത്. അവരുടെ കാഴ്ചപ്പാടുകളോട് ഹിന്ദുത്വ രാഷ്ട്രീയം കടപ്പാട് രേഖപ്പെടുത്തുക പോലും ചെയ്‌തേക്കും. എന്നാല്‍ അവര്‍ കണ്ട പ്‌ളൂരലിസ്റ്റിക് ഇന്ത്യന്‍ ഉപഭൂഖണ്ഡമല്ല ഹിന്ദുത്വം കാണുന്നത്. ഇവിടെ ഉദ്ദേശം ഇത്രമാത്രം ഓഗസ്റ്റ് 15, 1947 ഒരു തീയ്യതി മാത്രം; ഭരണഘടന എപ്പോള്‍ വേണമെങ്കിലും മാറ്റി എഴുതപ്പെടാവുന്ന ഒരു രേഖ മാത്രം; തിരഞ്ഞെടുപ്പിലെ ജനസമ്മതി മാത്രമേ ഭരണഘടന മാറ്റാന്‍ വേണ്ടൂ; ഭരണഘടനയുടെ basic structure തുടങ്ങിയ സുപ്രീം കോടതിയുടെ അനുമാനങ്ങള്‍ ജനപ്രതിനിധിസഭയുടെ മേലുള്ള ജനവിധി മേലുള്ള കടന്നുകയറ്റം മാത്രം (basic structure doctrine) കോടതി ആവിഷ്‌ക്കരിച്ചത് ആധുനിക ജനാധിപത്യ മൂല്യങ്ങളെ പോപ്പുലര്‍ വോട്ടിന്റെ ബലത്തില്‍ ഭരണാധികാരികള്‍ അട്ടിമറിക്കാതിരിക്കാനായിരുന്നു). അതായത്, ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രം ആവുകയാണെങ്കില്‍ അത് ഒരു സ്വാഭാവിക പരിണാമം മാത്രം. എഴുപത്തിയഞ്ചു തികയുന്ന സ്വതന്ത്രഭാരതം സെക്കുലര്‍ ഭാരതം ചരിത്രത്തിലെ ഒരു aberration മാത്രം.
അയോധ്യയും കാശിയും മഥുരയും ഹിന്ദുരാഷ്ട്ര വിചാരത്തിന്റെ അടിത്തറയാകുന്നത് ദേശരാഷ്ട്രത്തെ മതാടിസ്ഥാനത്തില്‍ വിഭാവന ചെയ്യാന്‍ ആവശ്യമാകുന്നതുകൊണ്ടാണ്. ഈ പ്രക്രിയയെ സഞ്ജീബ് ബറുവ ഇങ്ങനെ വിശേഷിപ്പിക്കുന്നു: The civilisational rhetoric of today is mostly an exercise in rebranding nations-an effort to expand or narrow an ‘imagined we’ against an equally ‘imagined they.’-‘
(കടപ്പാട് – പാഠഭേദം)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in