പൊതുബോധത്തെ തൃപ്തിപ്പെടുത്തിയ പരമോന്നത നീതിപീഠം

ഹോസ്പിറ്റലുകളോ, ഉന്നത വിദ്യാഭ്യാസ ശാലകളോ സ്ഥാപിക്കുന്നതിന് വേണ്ടി തര്‍ക്കഭൂമി മാറ്റിയിരുന്നുവെങ്കില്‍ ലോകത്തിനു മുന്നില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനപൂര്‍വം I am an Indian എന്ന് വിളിച്ചു പറയാമായിരുന്നു. നിര്‍ഭാഗ്യവശാല്‍, വെറുപ്പിന്റെ തീ അണക്കുന്നതിന് പകരം, എണ്ണയൊഴിച്ചു കൊടുത്ത് പിന്തിരിപ്പന്‍ പൊതുബോധത്തെ പിന്താങ്ങിയ പരമോന്നത നീതിപീഠത്തിന്റെ അന്തിമ വിധിയുടെ പരിണതി ഓരോ ഇന്ത്യക്കാരന്റെയും നെഞ്ചിലേല്‍പ്പിക്കുന്ന അപമാനമായി മാറി. 

ബാബരി ഭൂമിതര്‍ക്കത്തിന്റെ അന്തിമ വിധി സുപ്രീം കോടതി പുറപ്പെടുവിക്കുമ്പോള്‍ നിര്‍ബന്ധിത മൗനം പാലിച്ച് ആത്മനിയന്ത്രണം കൊണ്ട പലരും തറക്കല്ലിടല്‍ ചടങ്ങില്‍ വികാരപരവശരാവുകയും രാജ്യത്തിന്റെ മതേതരത്വം തകരുന്നതിനെ കുറിച്ച് വാചാലരാവുകയുമുണ്ടായി. അന്നില്ലാത്ത വികാരകോളിളക്കം ഇന്ന് മുഴങ്ങാന്‍ കാരണമായത് ഒരു പക്ഷേ രാഷ്ട്രത്തിന്റെ പ്രതീകവും ജനങ്ങളുടെ പ്രതിനിധിയുമായ പ്രധാനമന്ത്രി തന്നെ നിര്‍ലജ്ജം ഈ പരിപാടിക്ക് നേതൃത്വം കൊടുത്തതാകാം.

പക്ഷേ, ഒരു കാര്യം ഓര്‍ക്കേണ്ടത്, രാജ്യത്തിനു മാനക്കേടു മാത്രം സൃഷ്ടിച്ച ഈ ഭൂമി തര്‍ക്ക പ്രശ്‌നം ഈയൊരു അവസ്ഥയിലേക്ക് എത്തിനില്‍ക്കുമ്പോള്‍ ഭാവിയിലേക്ക് ഒരു ദീര്‍ഘദൃഷ്ടി പതിച്ച് ഈ വിഷയത്തിലേക്ക് ഒന്നു തിരിഞ്ഞു നോക്കിയാല്‍ ഇതില്‍ പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്ര വക്താക്കളെയും കടത്തിവിട്ട് ഏറ്റവും വലിയ പതാകം ചെയ്തിരിക്കുന്നത് രാഷ്ട്രത്തിന്റെ ഭരണഘടന വ്യാഖ്യാതാക്കളും ഭരണഘടനയുടെ അടിസ്ഥാന ഘടകമായ മതേതരത്വത്തിന്റെ കാവലാളുമായ സുപ്രീം കോടതിയാണ് എന്നു കാണാം.

ജനങ്ങളുടെ പൊതുബോധവും മൂല്യചിന്തകളും സുപ്രധാനമായ വിധി പ്രസ്താവങ്ങളിലൂടെ ഉയര്‍ത്തിക്കൊണ്ടുവന്ന് ജനാധിപത്യത്തിന്റെ ആശയവിശാലത വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കേണ്ടവരും അതിന് ചുമതലപ്പെട്ടവരുമാണ് ഒരു ജനാധിപത്യ രാഷ്ട്രത്തെ നീതിന്യായ നിര്‍വ്വഹകര്‍. നിര്‍ഭാഗ്യവശാല്‍ ബാബരി ഭൂമിതര്‍ക്ക കേസില്‍ സുപ്രീം കോടതിയുടെ വിധി അങ്ങേയറ്റം പക്ഷപാതപരവും പിന്തിരിപ്പനുമായിരുന്നു. ഭൂരിപക്ഷ താല്‍പര്യത്തെയും അവരാല്‍ നിര്‍മ്മിക്കപ്പെടുന്ന പൊതുബോധത്തെയും തൃപ്തിപ്പെടുത്തുകയായിരുന്നു സുപ്രധാനമായ ഈ വിധി പ്രസ്താവത്തിലൂടെ സുപ്രീം കോടതി ചെയ്തത്.

ജനങ്ങളുടെ പൊതുബോധം എപ്പോഴും പിന്തിരിപ്പനായിരിക്കും. വിമര്‍ശനങ്ങളും പ്രതിചിന്തകളും മാത്രമേ ലോകത്ത് ഇന്നേ വരെ പുരോഗമനപരമായ മാറ്റങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുള്ളൂ. ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമാണെങ്കിലും ജനാധിപത്യം ഉപരിപ്ലവം മാത്രമാണെന്ന കാര്യം പരക്കെ സുവിദിധമാണ്. അകത്ത് അന്ധവിശ്വാസാചാരങ്ങളും ശസ്ത്രവിരുദ്ധ പിന്തിരിപ്പന്‍ മൂല്യങ്ങളും വേരോടിയ ഒരു സമൂഹമാണ് ഇന്ത്യക്കുള്ളത് എന്ന കാര്യം അവിതര്‍ക്കിതമായ സത്യമാണ്. പക്ഷേ ജനാധിപത്യ പാളികളില്‍ നിന്ന് പതിയെ മൂല്യങ്ങള്‍ കിനിഞ്ഞിറങ്ങി ജനങ്ങള്‍ നവീകരിക്കപ്പെടുന്നുണ്ട് എന്ന വസ്തുത നിഷേധിക്കാനാവില്ല. ആ അര്‍ത്ഥത്തില്‍ പതിയെ ഇന്ത്യന്‍ ജനത പുരോഗമനോന്മുഖരായി മാറുന്നവരാണ്, മാറേണ്ടവരാണ്.

ചരിത്രം അടിസ്ഥാനപ്പെടുത്തി ഏതെങ്കിലും വര്‍ത്തമാന സംഭവങ്ങള്‍ക്കോ വസ്തുതകള്‍ക്കോ വിധി നിര്‍ണ്ണയിക്കുന്നത് അപക്വമായ തീരുമാനമാണ്. വൈകാരികമായി മുഴച്ചു നില്‍ക്കുന്ന വിഷയമാണെങ്കില്‍ അന്തിമ തീരുമാനം കൂടുതല്‍ ജനാധിപത്യപരവും മൂല്യാധിഷ്ഠിതവുമാകാന്‍ വിധി നിര്‍ണ്ണേതാക്കള്‍ അത്യന്തം കണിശത പുലര്‍ത്തുകയും വേണം. എന്നാല്‍ ഇത്തരം ധാര്‍മിക ബാധ്യതകള്‍ കൈയൊഴിഞ്ഞ വിധി പ്രസ്താവമായിരുന്നു ബാബരി വിഷയത്തില്‍ ഇന്ത്യയുടെ പരമോന്നത കോടതിയില്‍ നിന്നുണ്ടായത്.

ജനങ്ങളുടെ പുരോഗമന മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതിനു പകരം പിന്തിരിപ്പന്‍ പൊതുബോധത്തെ അംഗീകരിച്ചു കൊടുക്കുകയായിരുന്നു രാമക്ഷേത്ര നിര്‍മ്മാണത്തിന് ഭൂമി വിട്ടുകൊടുത്തു കൊണ്ട് സുപ്രീം കോടതി ചെയ്തത്. ശബരിമല വിധിയില്‍ കാണിച്ച ഭരണഘടനാ ധാര്‍മികത ഈ വിധിയില്‍ നിന്ന് അപ്രത്യക്ഷമാവുകയാണുണ്ടായത്. ലോകത്ത് ജനസംഖ്യയില്‍ രണ്ടാമത് നില്‍ക്കുന്ന, നിരക്ഷരതയും അനാരോഗ്യവും പട്ടിണി ദാരിദ്ര്യവും മുന്നിട്ട് നില്‍ക്കുന്ന ഒരു രാഷ്ട്രം, ചരിത്രത്തെ പിന്നോട്ടു വലിച്ച് ഗോത്രീയ പോര്‍ക്കളം തീര്‍ക്കുന്നത് ശരിയല്ലെന്ന് പ്രഖ്യാപിച്ചു കൊണ്ട് രാഷ്ട്രത്തിന്റെ പൊതുവായ അഭ്യുന്നതിക്ക് വേണ്ടി ഭൂമി നീക്കി വെക്കുന്നതിനായിരുന്നു പരമോന്നത നീതിപീഠം വിധി പ്രഖ്യാപിക്കേണ്ടിയിരുന്നത്.

ഹോസ്പിറ്റലുകളോ, ഉന്നത വിദ്യാഭ്യാസ ശാലകളോ സ്ഥാപിക്കുന്നതിന് വേണ്ടി തര്‍ക്കഭൂമി മാറ്റിയിരുന്നുവെങ്കില്‍ ലോകത്തിനു മുന്നില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനപൂര്‍വം I am an Indian എന്ന് വിളിച്ചു പറയാമായിരുന്നു. നിര്‍ഭാഗ്യവശാല്‍, വെറുപ്പിന്റെ തീ അണക്കുന്നതിന് പകരം, എണ്ണയൊഴിച്ചു കൊടുത്ത് പിന്തിരിപ്പന്‍ പൊതുബോധത്തെ പിന്താങ്ങിയ പരമോന്നത നീതിപീഠത്തിന്റെ അന്തിമ വിധിയുടെ പരിണതി ഓരോ ഇന്ത്യക്കാരന്റെയും നെഞ്ചിലേല്‍പ്പിക്കുന്ന അപമാനമായി മാറി.  ഇന്ത്യയുടെ മതേതര ആത്മാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കുന്ന ഒരു വിധിയായിരുന്നു അത്. വിധികര്‍ത്താവ് രഞ്ജന്‍ ഗോഗോയി ചരിത്രത്താളുകളില്‍ ഒരു കറുത്ത ബിന്ദുവായി അവശേഷിക്കുക തന്നെ ചെയ്യും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply