ആയുര്‍ദൈര്‍ഘ്യം കൂടിയത് ശാപമാകുന്ന കേരളം

ധനമന്ത്രി അവതരിപ്പിച്ച ബജറ്റില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത് ക്ഷേമപെന്‍ഷനുകള്‍ 100 രൂപ കൂട്ടി 1300 ആക്കിയതാണ്. വന്‍ നേട്ടമെന്ന രീതിയിലാണ് ധനമന്ത്രി അതവതരിപ്പിച്ചത്. സ്വാഭാവികമായും ഒരുപാട് പേര്‍ കയ്യടിക്കുകയും ചെയ്തു. ഓരോ വര്‍ഷവും രൂപയുടെ മൂല്യത്തിലുണ്ടാകുന്ന മാറ്റം നോക്കുമ്പോള്‍ തന്നെ ഇതൊരു വര്‍ദ്ധനവല്ല എന്നു വ്യക്തം. ഇന്നത്തെ കാലത്ത് 1300 കൊണ്ട് എന്തുഗുണം എന്ന ചോദ്യം വേറെ. അര്‍ഹരായ എല്ലാ വൃദ്ധര്‍ക്കും മറ്റു ദുര്‍ബ്ബലവിഭാഗങ്ങള്‍ക്കും ഭേദപ്പെട്ട രീതിയില്‍ തുല്ല്യപെന്‍ഷന്‍ നല്‍കുക എന്ന ലക്ഷ്യമാണ് നമുക്കു വേണ്ടത്. ഭാവിയെ […]

ധനമന്ത്രി അവതരിപ്പിച്ച ബജറ്റില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത് ക്ഷേമപെന്‍ഷനുകള്‍ 100 രൂപ കൂട്ടി 1300 ആക്കിയതാണ്. വന്‍ നേട്ടമെന്ന രീതിയിലാണ് ധനമന്ത്രി അതവതരിപ്പിച്ചത്. സ്വാഭാവികമായും ഒരുപാട് പേര്‍ കയ്യടിക്കുകയും ചെയ്തു. ഓരോ വര്‍ഷവും രൂപയുടെ മൂല്യത്തിലുണ്ടാകുന്ന മാറ്റം നോക്കുമ്പോള്‍ തന്നെ ഇതൊരു വര്‍ദ്ധനവല്ല എന്നു വ്യക്തം. ഇന്നത്തെ കാലത്ത് 1300 കൊണ്ട് എന്തുഗുണം എന്ന ചോദ്യം വേറെ. അര്‍ഹരായ എല്ലാ വൃദ്ധര്‍ക്കും മറ്റു ദുര്‍ബ്ബലവിഭാഗങ്ങള്‍ക്കും ഭേദപ്പെട്ട രീതിയില്‍ തുല്ല്യപെന്‍ഷന്‍ നല്‍കുക എന്ന ലക്ഷ്യമാണ് നമുക്കു വേണ്ടത്.
ഭാവിയെ മുന്‍കൂട്ടി കാണാനുള്ള കഴിവാണ് ഭരണാധികാരികള്‍ക്കുണ്ടാകേണ്ടത്. അതനുസരിച്ച് ജനക്ഷേമപരിപാടികള്‍ ആസൂത്രണം ചെയ്യാനാകണം. നിര്‍ഭാഗ്യവശാല്‍ അക്കാര്യത്തില്‍ നാം വളരെ പുറകിലാണ്. ഈ വിഷയത്തിലും അതുകാണാം. വാര്‍ദ്ധക്യകാല പെന്‍ഷന്റെ കാര്യം മാത്രമെടുക്കാം. കേരളം സമീപഭാവിയില്‍ നേരിടാന്‍ പോകുന്ന ഏറ്റവും ഗുരുതരമായ വിഷയമായി വൃദ്ധജനങ്ങളുടെ ജീവിതം മാറാന്‍ പോകുകയാണ്. അതിനുള്ള പ്രധാനകാരണം കേരളത്തിന്റെ കൊട്ടിഘോഷിക്കുന്ന ചില നേട്ടങ്ങളാണെന്നതാണ് കൗതുകകരം. പ്രാഥമിക ആരോഗ്യമേഖലയില്‍ കേരളം നേടിയ നേട്ടങ്ങള്‍ യൂറോപ്പിനോടും മറ്റും താരതമ്യ.ം ചെയ്യാവുന്ന നിലയിലാണെന്നാണല്ലോ കൊട്ടിഘോഷിക്കുന്നത്. ചില കണക്കുകള്‍ നോക്കുമ്പോള്‍ അതു ശരിയാണു താനും. അതിലേറ്റവും പ്രധാനമാണ് ശരാശരി ആയുസിന്റെ വര്‍ദ്ധനവ്. അക്കാര്യത്തില്‍ നമ്മള്‍ ഇന്ത്യിയിലെന്നല്ല, ലോകതലത്തില്‍ ത്‌നനെ വളരെ മുന്നിലാണ്. പുരുഷന്മാരുടെ ശരാശരി ആയുസ്സ് 72നും സ്ത്രീകളുടേത് 77നുമടുത്താണ്. 80നുമേല്‍ ജീവിക്കുന്നവരുടെ എണ്ണത്തിലും കേരളം വളരെ മുന്നിലാണ്. ആരോഗ്യമേഖലയില്‍ കേരളത്തിന്റെ ഏറ്റവും വലിയ നേട്ടമായി ആഘോഷിക്കപ്പെടുന്നത് ഈ കണക്കാണ്. എന്നാല്‍ ശരിയെന്നു തോന്നുന്ന ഈ അവകാശവാദത്തിന്റെ മറുവശമെന്താണ്? ഈ വയോജനങ്ങളുടെ ജീവിതാവസ്ഥ ഇന്നെന്താണ്? സര്‍ക്കാരിന്റെ പെന്‍ഷന്‍ ലഭിക്കുന്ന ഒരു ചെറിയ വിഭാഗവും സാമാന്യം സാമ്പത്തികശേഷിയുള്ള മറ്റൊരു ചെറിയ വിഭാഗവും കഴിഞ്ഞാല്‍ ഈ വൃദ്ധജനങ്ങളുടെ സാമ്പത്തിക ജീവിതം വളരെ കഷ്ടമാണ്. കേരളത്തിന്റെ സമകാലിക സാഹചര്യത്തില്‍ സര്‍ക്കാര്‍ ജോലിയോ വളരെ മികച്ച മറ്റേതെങ്കിലും ജോലിയോ മികച്ച ബിസിനസോ ഇല്ലാതിരുന്നവര്‍ക്ക് ഒരു ബാങ്ക് ബാലന്‍സും കാണില്ല എന്നുറപ്പ്. സ്വന്തമായി ഒരു ചായ വാങ്ങി കുടിക്കാന്‍പോലും കയ്യില്‍ പണമില്ലാത്ത അവസ്ഥ. എന്തിനും ഏതിനും മക്കളേയോ മറ്റു ബന്ധുക്കളേയോ ആശ്രയിക്കേണ്ട അവസ്ഥ. മിക്ക വീടുകളിലും മക്കളാകട്ടെ സ്വത്തിന്റേയും മറ്റു പലതിന്‍രേയും പേരില്‍ നല്ല ബന്ധത്തിലാണെന്നു പറയാനാകില്ല. അതിനാല്‍ തന്നെ മാതാപിതാക്കളുടെ സംരക്ഷണം ഏറ്റെടുക്കാതിരിക്കാനുള്ള മത്സരമാണ് നടക്കുന്നത്. അങ്ങനെയാണ് മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കുന്നതും വഴിയില്‍ തള്ളുന്നതുമായ സംഭവങ്ങള്‍ കൂടിവരുന്നത്. അതിനേക്കാള്‍ രൂക്ഷമാകാന്‍ സാധ്യതയുള്ളതാണ് വരും വര്‍ഷങ്ങളില്‍ വയോജനരാകാന്‍ പോകുന്നവരുടെ അവസ്ഥ. കാരണം അവരില്‍ പലര്‍ക്കും ഒന്നോ രണ്ടോ മക്കള്‍ മാത്രമാണുള്ളത്. അവരില്‍ പലരും വിദേശത്തും. ഒരുപക്ഷെ എല്ലാ സൗകര്യവും വീട്ടിലുണ്ടാകാം. എന്നാല്‍ ഏകാന്തതക്കൊപ്പം സ്വന്തം ഇഷ്ടത്തിനു അഞ്ചുപൈസ പോലും ചിലവഴിക്കാനാവാത്ത അവസ്ഥ ഒന്നാലോചിച്ചുനോക്കൂ.
മറ്റൊരു പ്രധാന പ്രശ്‌നം കൂടിയുണ്ട്. ആയുസ്സു കൂടിയെങ്കിലും രോഗാതുരതയില്‍ വലിയ കുറവൊന്നും ഉണ്ടായിട്ടില്ല. വയോജനങ്ങളില്‍ വലിയൊരു ഭാഗം കിടപ്പിലാണ്. അവരില്‍ വര്‍ഷങ്ങളായി കിടക്കുന്നവര്‍ ധാരാളം. തികച്ചും അന്തസ്സില്ലാത്ത ജീവിതം നയിക്കേണ്ട അവസ്ഥയിലാണവര്‍. അല്‍ഷിമേഴ്‌സിലും കേരളം വളരെ മുന്നിലാണെന്നാണ് കണക്കുകള്‍. അപ്പോള്‍ ഈ ദുരന്തത്തിന്റെ ഭീകരത വിവരിക്കേണ്ടതില്ലല്ലോ. സാന്ത്വന ചികിത്സയെ കുറിച്ചൊക്കെ ഏറെ കേള്‍ക്കുമ്പോഴും ആവശ്യക്കാരില്‍ ചെറിയൊരു ശതമാനത്തിനേ അതു ലഭിക്കുന്നുള്ളു. കേരളത്തിന്റെ നേട്ടമെന്നഭിമാനിക്കുന്ന ആയുര്‍ദൈര്‍ഘ്യത്തിലെ വര്‍ദ്ധനയെ ശപിക്കുന്നവരാണ് വൃദ്ധജനങ്ങളില്‍ പലരും.
വയോജനങ്ങളില്‍ തന്നെ സ്ത്രീകളുടെ അവസ്ഥ പരമദയനീയമാണ്. പുരുഷന്മാരോളം പോലും സ്വന്തമായ വരുമാനമോ സമ്പാദ്യമോ അവര്‍ക്കില്ല. മാത്രമല്ല, പുരുഷന്മാരേക്കാള്‍ ശരാശരി ആയുസ്സ കൂടുതലായതിനാല്‍ എണ്ണത്തില്‍ അവരാണ് കൂടുതല്‍. പ്രസക്തമായ മറ്റൊന്നു കൂടി. ഭര്‍ത്താവിനാണല്ലോ പൊതുവില്‍ ഭാര്യയേക്കാള്‍ പ്രായകൂടുതലുള്ളത്. അതിനാല്‍ തന്നെ ഈ വൃദ്ധകളില്‍ മിക്കവാറും പേര്‍ വിധവകളാണ്. മക്കളായാലും മറ്റേതൊരു ബന്ധുക്കളായും ജീവിതപങ്കാളിയുടെ സാന്നിധ്യം നല്‍കുന്ന സാന്ത്വനത്തോളം വരില്ല എന്നത് വ്യക്തമാണ്. ഈ വൃദ്ധകളുടെ ദുരന്തം കേരളം ഒരിക്കലും ചര്‍ച്ച ചെയ്തു കാണാറില്ല. പെണ്‍കുട്ടികളോട് പ്രായം കുറഞ്ഞവരെ വിവാഹം കഴിക്കാന്‍ മുരളി തുമ്മാരക്കുടി നിര്‍ദ്ദേശിച്ചത് ഈ സാഹചര്യത്തിലാണ്.
പറഞ്ഞാലും തീരാത്ത മറ്റനവധി വിഷയങ്ങളും വൃദ്ധജനങ്ങള്‍ നേരിടുന്നു. അതിലൊന്ന് അത്യാവശ്യം ആരോഗ്യമുണ്ടെങ്കില്‍ കൂടി അവര്‍ക്ക് സാമൂഹ്യജീവിതം നിഷേധിക്കുന്നു എന്നതാണ്. വീട്ടില്‍ പേരക്കുട്ടികളെ നോക്കിയിരിക്ുക എന്നതാണ് അവരുടെ പ്രധാനജോലി. സാമൂഹ്യപ്രവര്‍ത്തനമോ പൊതുപരിപാടികളില്‍ പങ്കെടുക്കലോ മുതല്‍ ഒരു സിനിമ കാണാനുള്ള അവസരം പോലും കിട്ടാത്ത അവസ്ഥ. വൃദ്ധരുടെ അസോസിയേഷനുകളോ മറ്റു സംഘടനകളോ നമ്മുടെ നാട്ടില്‍ വിരളം. അതുണ്ടെങ്കില്‍ ഇത്തരം വിഷയങ്ങലില്‍ ഇടപെടാനാകും. വൃദ്ധസദനങ്ങളും പകല്‍വീടുകളുമെല്ലാം വളരെ മോശമായി കാണുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. പലതിന്റേയും അവസ്ഥ കഷ്ടമാണുതാനും. ഇതിലൂടെ സ്വന്തം പ്രായക്കാരുമായി ഇടപെടാനോ ജനങ്ങളുമായി സംവദിക്കാനോ ആകാതെ തികച്ചും ഏകാന്തതയിലാകുന്നു അവരുടെ ജീവിതം. നമ്മുടെ സദാചാര കാപട്യം മൂലം വാര്‍ദ്ധക്യകാലത്ത് ഒരു ജീവിതപങ്കാളിയെ ആഗ്രഹിക്കുന്ന വിഭാര്യനോ വിധവക്കോ അതിനുള്ള അവസരവും ലഭിക്കുന്നില്ല. ഇതെല്ലാം കഴിഞ്ഞ് മിക്കവരുടേയും മരണവും വലിയ ദുരന്തങ്ങളാകുന്നു. കച്ചവടവല്‍ക്കരിക്കപ്പെട്ട ആരോഗ്യമേഖല ഏറ്റവും ശക്തമായ സംസ്ഥാനമായതിനാല്‍ മിക്കവരുടേയും അന്ത്യം ഐസിയുവിലെ ഭയാനകമായ ഏകാന്തതയില്‍. മരണസമയത്തുപോലും പ്രിയപ്പെട്ടവരുടെ സാന്നിധ്യം അവര്‍ക്ക് ലഭിക്കുന്നില്ല. മാത്രമല്ല പലരുടേയും കുടുംബത്തെ കടക്കെണിയിലാക്കിയാണ് പല മരണങ്ങളും സംഭവിക്കുന്നത്.
സംസ്ഥാനത്തെ വയോജനങ്ങള്‍ നേരിടുന്ന, നേരിടാന്‍ പോകുന്ന രൂക്ഷമായ പ്രശ്‌നങ്ങള്‍ വിശദീകരിക്കാനാണ് ശ്രമിച്ചത്. സമാന അവസ്ഥയുള്ള പല വികസിത രാഷ്ട്രങ്ങളിലും അവരുടെ സംരക്ഷണം സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. നമ്മള്‍ ആ തലത്തിലെത്താന്‍ ഇനിയും എത്രയോ കാലം കാത്തിരിക്കേണ്ടിവരും. പക്ഷെ ആ ദിശയിലുള്ള ചിന്തയെങ്കിലും ആരംഭിക്കേണ്ട സമയം അതിക്രമിച്ചു. പക്ഷെ അതില്ല എന്നതിന്റെ തെളിവാണ് 100രൂപ വര്‍ദ്ധിപ്പിച്ച് പെന്‍ഷന്‍ 1300 ആക്കിയതിനെ നമ്മള്‍ ആഘോഷിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരായിരുന്നു എന്നതിന്റെ മാത്രം പേരില്‍ കുറെ പേര്‍ക്ക് വന്‍ പെന്‍ഷന്‍ നല്‍കി, മറ്റുള്ളവര്‍ക്ക് ഈ നക്കാപിച്ച നല്‍കുന്ന അവസ്ഥ മാറ്റി, ആവശ്യമുള്ള എല്ലാവയോജനങ്ങള്‍ക്കും കുറെകൂടി മെച്ചപ്പെട്ട പെന്‍ഷന്‍ നല്‍കാനാണ് ദീര്‍ഘവീക്ഷണമുള്ള, പൗരന്മാരോട് പ്രതിബദ്ധതയുള്ള സര്‍ക്കാര്‍ തയ്യാറാവേണ്ടത്. സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രമല്ല, ഏതു തൊഴില്‍ ചെയ്യുന്നവരും സമൂഹത്തെ സേവിക്കുന്നവര്‍ തന്നെയാണെന്ന് അംഗീകരിക്കണം. മാത്രമല്ല മുകളില്‍ സൂചിപ്പിച്ച പല വിഷയങ്ങളിലും സര്‍ക്കാരിന് ഇടപെടാനാകും. സംസ്ഥാനത്തുടനീളം നേരിട്ടോ സര്‍ക്കാരിന്റെ നിയന്ത്രണത്തിലോ വൃദ്ധസദനങ്ങളും പകല്‍ വീടുകളും സ്ഥാപിക്കണം. അവയെ പറ്റിയുള്ള തെറ്റായ ധാരണ മാറ്റിയെടുക്കണം. പാലിയേറ്റീവ് കെയര്‍ സജീവമാക്കണം. വൃദ്ധരുടെ ചികിത്സക്ക് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ചിലവു കുറഞ്ഞ ഫലപ്രദമായ സംവിധാനങ്ങള്‍ ഒരുക്കണം. അതിലൂടെ അവരുടെ അവസാനകാല ജീവിതവും മരണവും അന്തസ്സുള്ളതാക്കണം. ഈ ദിശയിലൊക്കെ പണം മാറ്റിവെക്കാനാണ് ദീര്‍ഘദൃഷ്ടിയുള്ള ഒരു ധനമന്ത്രി തയ്യാറാകേണ്ടത്. എന്നാല്‍ അത്തരമൊന്ന് തോമസ് ഐസകിനു കാണാനില്ല. മറുവശത്ത് മികച്ച സാമ്പത്തികാവസ്ഥയുള്ളവര്‍ മാതാപിതാക്കളെ പരിചരിക്കാത്തത് കുറ്റകരമാക്കുമെന്ന പഴയ പ്രഖ്യാപനം കൃത്യമായി നടപ്പാക്കണം. ഈ ദിശയിലൊക്കെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ആകുന്നില്ലെങ്കില്‍ ആയുര്‍ദൈര്‍ഘ്യം കൂടി എന്ന അവകാശവാദം കേരളത്തിനു ശാപമാകുന്ന കാലമായിരിക്കും വരാന്‍ പോകുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply