ഫെബ്രുവരി 4, RSS നിരോധിച്ച ദിനം
കെ അരവിന്ദാക്ഷന്റെ ‘ഇന്ത്യയിലെ ഹിന്ദുരാഷ്ട്രനിര്‍മ്മിതിയുടെ പതിറ്റാണ്ടുകള്‍’ എന്ന പുസ്തകത്തെ കുറിച്ച് തൃശൂര്‍ പബ്ലിക് ലൈബ്രറിയില്‍ നടന്ന ചര്‍ച്ചയില്‍ നടത്തിയ പ്രഭാ,ണത്തില്‍ നിന്ന്്
പാര്‍ലിമെന്റില്‍ ഭരണപക്ഷം അടിയന്തരാവസ്ഥാ വാര്‍ഷിക ദിനമായ ജൂണ്‍ 25 നെ ഉപയോഗിച്ച് പ്രതിപക്ഷത്തെ അക്രമിച്ചല്ലോ. അവരതുചെയ്യട്ടെ. എന്നാല്‍ ഇന്ത്യാ സഖ്യത്തിനും ഇന്ത്യയിലെ ജനാധിപത്യ – മതേതരവിശ്വാസികള്‍ക്കും അതിനു മറുപടി പറയാന്‍ മറ്റൊരു ദിനമുണ്ട്. ഫെബ്രുവരി 4. അതു ഭംഗിയായി ചെയ്താല്‍ തീരുന്നതേയുള്ളു അവരുടെ ഹിന്ദുത്വ രാഷ്ട്ര വാദം.
2025ന് ഒരു പ്രത്യേകതയുണ്ടല്ലോ. ആര്‍ എസ് എസ് അതിന്റെ ഔപചാരിക രൂപീകരണത്തിന്റെ 100-ാം വാര്‍ഷികം ആഘോഷിക്കാന്‍ പോകുകയാണല്ലോ. അത് അതിഗംഭീരമാക്കാനായിരുന്നു സംഘപരിവാര്‍ പരിപാടി. അതിനായിരുന്നു അബ് കി ബാര്‍ ചാര്‍ സൗ പാര്‍ എന്നൊക്കെ കൊട്ടിഘോഷിച്ചത്. എന്നാല്‍ 400 സീറ്റുപോയിട്ട് ബിജെപിക്ക് കേവല ഭൂരിപക്ഷം പോലും ലഭിച്ചില്ല. അതോടെ ശതാബ്ദി ആഘോഷത്തിന്റെ മാറ്റെല്ലാം നഷ്ടപ്പെട്ടുകഴിഞ്ഞു. എന്നാലും ആഘോഷങ്ങള്‍ നടക്കുമെന്നുറപ്പ്.
ഈ സാഹചര്യത്തിലാണ് ഫെബ്രുവരി നാലിന്റെ പ്രസക്തി. എന്താണ് ആ ദിവസത്തിന്റെ പ്രത്യകത? അതു പറയണമെങ്കില്‍ നമ്മള്‍ അഞ്ചുദിവസം പുറകോട്ടുപോകണം. ജനുവരി 30ലേക്ക്. അന്നാണല്ലോ മഹാത്മാഗാന്ധി കൊല്ലപ്പെട്ടത്. പിന്നാലെ ഫെബ്രുവരി നാലിനായിരുന്നു ആര്‍ എസ് എസ് നിരോധിക്കപ്പെട്ടത്. 2025 ഫെബ്രുവരി നാലാം തിയതി നമ്മള്‍ ആഘോഷിക്കണം. അവരുടെ നൂറാം വാര്‍ഷികാഘോഷത്തിനുള്ള മറുപടിയാകണം അത്. കോടികള്‍ ചിലവഴിച്ച് പട്ടേല്‍ പ്രതിമ സ്ഥാപിച്ചതിനെ വിമര്‍ശിക്കുന്നതിനു പകരം പട്ടേല്‍ എടുത്ത ആ ധീരമായ തീരുമാനത്തെ ജനങ്ങളെ വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ് വേണ്ടത്. അത് നിരന്തരമായി ഓര്‍പ്പിക്കാനായി ലോകത്തെ ആ ഏറ്റവും വലിയ പ്രതിമ അവിടെ നില്‍ക്കട്ടെ.
കെ അരവിന്ദാക്ഷന്റെ ‘ഇന്ത്യയിലെ ഹിന്ദുരാഷ്ട്രനിര്‍മ്മിതിയുടെ പതിറ്റാണ്ടുകള്‍’ എന്ന പുസ്തകം എങ്ങനെയാണത് സംഭവിച്ചതെന്നു ആഴത്തില്‍ പരിശോധിക്കുന്നു. 1993 മുതല്‍ 2021 വരെ അദ്ദേഹമെഴുതിയ ലേഖനങ്ങളാണ് പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. എന്നാല്‍ അതിലൂടെ ഒരു ശതാബ്ദകാലത്തെ സംഘപരിവാര്‍ രാഷ്ട്രീയം തന്നെയാണ് വെളിവാകുന്നത്. ഓരോ ലേഖനത്തിലും എഴുതിയ വര്‍ഷം സൂചിപ്പിക്കുന്നുണ്ട്. അതുകൂടി മനസില്‍ വെച്ചുവേണം പുസ്തകം വായിക്കാന്‍. അല്ലെങ്കില്‍ ചില തെറ്റിദ്ധാരണകള്‍ സംഭവിക്കാം. ഉദാഹരണമായി 2019ലെ കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രനടപടിയില്‍ പ്രതിഷേധിച്ച് സിവില്‍ സര്‍വ്വീസില്‍ നിന്നു രാജിവെച്ച ഷാ ഫൈസലിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍. അദ്ദേഹം പിന്നീട് സ്വന്തം പാര്‍ട്ടിയുണ്ടാക്കി പ്രവര്‍ത്തിക്കുകയും ജയിലില്‍ പോകുകയുമൊക്കെ ചെയ്തു. എന്നാലതിനുശേഷം സര്‍വ്വീസിലേക്ക തിരിച്ചുകയറിയത് ഈ പുസ്്തകത്തില്‍ പരാമര്‍ശിച്ചിട്ടില്ല. ജെ എന്‍ യുവില്‍ കനയ്യകുമാറിനൊപ്പം നിന്ന് പോരാടിയ ഷഹ്ല റഷീദിന്റെ കാര്യവും അങ്ങനെതന്നെ. ഇന്നവര്‍ നിശബ്ദയാണ്. ഷാ ഫൈസല്‍ തിരിച്ചുപോയെങ്കിലും പോകാത്ത ചിലരുണ്ട്. ഒരാള്‍ ശശികാന്ത് സെന്തില്‍. കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസില്‍ നിന്നു രാജിവെച്ച അദ്ദേഹം ഇപ്പോള്‍ തിരുവെള്ളൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയാണ്. മലയാളിയായ കണ്ണന്‍ ഗോപിനാഥനും പോരാട്ടം തുടരുന്നു.
ഹിന്ദുത്വവാദികള്‍ പുതിയ തന്ത്രങ്ങളിലേക്കാണ് നീങ്ങുന്നത് ഒരു രാജ്യത്തെ വിഭവങ്ങള്‍ നീതിപൂര്‍വ്വമായി വിതരണം ചെയ്യുക എന്നതാണ് സെന്‍സസ് നടത്തേണ്ടതിന്റെ ഏറ്റവും അനിവാര്യത. കഴിഞ്ഞ 13 വര്‍ഷമായി ഇന്ത്യയില്‍ സെന്‍സസ് നടന്നിട്ടില്ല. എന്നാലും നമ്മള്‍ ചൈനയെ മറികടന്നെന്നും 144 കോടിയാണ് ഇപ്പോഴത്തെ ജനസംഖ്യയെന്നും അന്താരാഷ്ട്ര ഏജന്‍സികള്‍ പറയുന്നു. 1971ല്‍ ആയിരുന്നല്ലോ ജനസംഖ്യാനിയന്ത്രണം പോളിസിയായി രാജ്യം അംഗീകരിച്ചത്. അന്നത്തെ ജനസംഖ്യാനുപാതികമായാണ് ലോകസഭാ മണ്ഡലങ്ങള്‍ പുനര്‍ നിര്‍ണ്ണയിച്ചത്. 15 ലക്ഷം പേര്‍ക്ക് ഒരു മണ്ഡലം എന്നതാണ് ഏകദേശം കണക്ക്. ദക്ഷിണേന്ത്യയില്‍ ജനസംഖ്യാനിയന്ത്രണം കുറെയറെ വിജയിച്ചെങ്കിലും ഉത്തരേന്ത്യയില്‍ കാര്യമായി വിജയിച്ചിട്ടില്ല. ഇനി മണ്ഡലപുനര്‍നിര്‍ണ്ണയം നടക്കുകയാണെന്നു വെക്കുക. കേരളത്തിലെ മണ്ഡലങ്ങളുടെ എണ്ണം 20 ത്‌നനെ ആക്കിനിര്‍ത്തിയാല്‍ യുപിയിലത് 100 വരെയെത്താം. മിക്ക ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കൂടാം. ആകെ 700 കടക്കാം. ജനസംഖ്യാനിയന്ത്രണത്തിലെ നേട്ടം ജനാധിപത്യത്തിലെ കോട്ടമായി മാറാമെന്നര്‍ത്ഥം. വലിയ അട്ടിമറിയൊന്നും കൂടാതെ സംഘപരിവാറിന് ലക്ഷ്യങ്ങള്‍ നേടാനും കഴിഞ്ഞേക്കാം. .
2047ല്‍ സ്വാതന്ത്ര്യത്തിന്റെ 100-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ പോയകാലം എങ്ങനെ കടന്നുപോയി എന്നു കുട്ടികള്‍ അറിയണം. അതിന് ഇത്തരം പുസ്തകങ്ങള്‍ വായിക്കപ്പെടണം. വെറുതെ വായിച്ചറിഞ്ഞാല്‍ പോര, അറിവിനെ പൊളിറ്റിക്കലൈസ് ചെയ്യാനാവണം. പ്രയോഗവല്‍ക്കരിക്കാനാകണം. ചോദിക്കാനും പറയാനും ആളുണ്ടെന്ന സന്ദേശം കൊടുക്കാനാകണം. അതിനെല്ലാം കരുത്തുനല്‍കുന്ന ഒന്നാണ് കഴിഞ്ഞ പതിറ്റാണ്ടുകള്‍ എങ്ങനെ കടന്നുപോയി എന്ന് പറയുന്ന ഈ പുസ്തകം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in