ആര്‍ രാമചന്ദ്രന്റെ കവിതകളെ കുറിച്ച് കെ രാജന്‍
ബുദ്ധന്റെ അഷ്ടാംഗ മാര്‍ഗ്ഗം മൈത്രി, മുദിത, കരുണ ചരാചര മൈത്രി എന്നിവ പ്രാപഞ്ചിക ജനാധിപത്യ രാഷ്ട്രീയത്തി നും ബുദ്ധിസ്റ്റ് സ്ത്രീവാദത്തിനും ബുദ്ധിസ്റ്റ് പരിസ്ഥിതി ദര്‍ശനത്തിനും ബുദ്ധിസ്റ്റ് ശാസ്ത്ര ദര്‍ശനത്തിനും ജന്മം നല്‍കിയി ട്ടുണ്ട്. ബുദ്ധിസ്റ്റ് യോഗാത്മകതയുടെ അനുഭവസാക്ഷ്യമാണ് ആര്‍.രാമചന്ദ്രന്റെ കവിതകള്‍.
ആര്‍.രാമചന്ദ്രന്റെ കവിതകളില്ലായിരു ന്നെങ്കില്‍ നമ്മള്‍ക്ക് സന്ധ്യാ നിശ്ശബ്ദത ഇത്രമേല്‍ തീവ്രാനുഭവമാകില്ലായിരുന്നു. ശൂന്യവും അനന്തതയുമായി സ്വകാര്യം പറയാനുള്ള ധ്യാനാത്മക ഭാഷ നമുക്ക് ഉണ്ടാവില്ലായിരുന്നു.. K Rajan on R Ramachandran’s poems
ഏകാന്തതയില്‍ അനന്തതയോടും ദൈവത്തോടും നടത്തുന്ന സംവാദമാണ് യോഗാത്മകത .ബുദ്ധ-ജൈന- ശൈവ -ദേവി- ക്രിസ്ത്യന്‍- യഹൂദ – ഇസ്ലാമിക മിസ്റ്റിക്കുകളും വില്യം ബ്ലേക്ക്, റൂമി, ഹോപ്കിന്‍സ്, റില്‍ക്കെ, ടാഗോര്‍, ടി.എസ് .എലിയറ്റ്,ഒക്ടേവിയോ പാസ് എന്നീ കവികളും യോഗാത്മകാനുഭവത്തെ ആവിഷ്‌ക്കരിച്ചിട്ടുണ്ട്.
ആര്‍.രാമചന്ദ്രന്റെ കവിതകളിലെ നിശ്ശബ്ദത ശൂന്യ (void)ത്തിന്റെ അവതാരമാണ്. ബുദ്ധദര്‍ശനത്തില്‍ ഭവവും ശൂന്യവും പരസ്പരം ഉള്‍ക്കൊള്ളുന്നു ശൂന്യം സ്ഥിര തന്മയോ സത്തയോ അന്ത:സാരമോ ഇല്ലാത്ത അവസ്ഥയാണ്. പ്രപഞ്ചം ആയിത്തീരലിലും ഭിന്നതയിലും ബന്ധപരതയിലുമാണ്. പ്രതീത്യ സമുല്‍പ്പാദം(co-arising) ഭവത്തെ ബന്ധപരതയായി കാണുന്നു എല്ലാ അസ്തിത്വവും സഹാസ്തിത്വമാണ്. ലോക ദുഃഖ കാരണം തൃഷ്ണയാണ് എന്ന വിവേകോ ദയമാണ് പ്രബുദ്ധത .നാഗാര്‍ജുനയുടെ മാധ്യമികദര്‍ശനത്തിലെ പ്രജ്ഞാപാര മിത മറുകരയിലെത്തലാണ്. സംസാരമാണ് നിര്‍വാണം. ലൗകികത്തിലാണ് വിശുദ്ധത്തിന്റെ ലീനസാധ്യത. അന്ത: സ്ഥിതത്വത്തിലാണ് അതീതത്തിന്റെ ലീനസാധ്യത. ഇക്കരെയിലും നദി കടക്കലിലുമാണ് മറുകര.
ബുദ്ധന്റെ അഷ്ടാംഗ മാര്‍ഗ്ഗം മൈത്രി, മുദിത, കരുണ ചരാചര മൈത്രി എന്നിവ പ്രാപഞ്ചിക ജനാധിപത്യ രാഷ്ട്രീയത്തി നും ബുദ്ധിസ്റ്റ് സ്ത്രീവാദത്തിനും ബുദ്ധിസ്റ്റ് പരിസ്ഥിതി ദര്‍ശനത്തിനും ബുദ്ധിസ്റ്റ് ശാസ്ത്ര ദര്‍ശനത്തിനും ജന്മം നല്‍കിയി ട്ടുണ്ട്. ബുദ്ധിസ്റ്റ് യോഗാത്മകതയുടെ അനുഭവസാക്ഷ്യമാണ് ആര്‍.രാമചന്ദ്രന്റെ കവിതകള്‍.
ഉപനിഷത്തുകള്‍ വേദാന്തം എന്നിവ അന്ത:സാരാത്മക ഭവശാസ്ത്രം (substance ontology ) ആണ്.ബ്രഹ്മം കേവലവും അതീതവുമായ ഏകമാണ്. ഈ അന്ത:സാരാത്മക വിഷയി ലോകത്തില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു. ഭിന്നതകളോടുള്ള ഉത്തരവാദിത്തമാണ് ധര്‍മ്മം. കൂട്ടു വാഴ് വിന്റെ സംഗീതം.കരുണയും മുദിതയും മൈത്രിയും ഈ പാരമ്പര്യത്തില്‍ ഇല്ല. അര്‍ത്ഥശാസ്ത്രവും മനുസ്മൃതിയും മരണ രാഷ്ട്രീയത്തിന്റെ വേദപുസ്തകമാണ്. ബ്രാഹ്മണരെ നിസ്സംഗതയും ക്രൂരതയും പരിശീലിപ്പിക്കുന്നവയാണ് തര്‍ക്കകളരികളും സ്വകാര്യമോക്ഷത്തിനായുള്ള യാഗങ്ങളും സ്‌നേഹമില്ലാരതിയും ഭൂ-പെണ്‍ഭോഗാധികാരവും. അര്‍ത്ഥശാസ്ത്രം ചതി, നുണ, അട്ടിമറി ,ഉപജാപം എന്നിവയുടെ പരിശീലന പുസ്തകമാണ്…
ബുദ്ധധ്യാനത്തില്‍ സഹഭാവപരിശീലനമുണ്ട്. നിഗൂഢതയോടുള്ള വിനയമുണ്ട്. മോക്ഷം അതീതപരമല്ല. സംസാരം നിര്‍വാണമാണ്. ബുദ്ധിസ്റ്റ് ആയോധനകലകളിലും അഹിംസാത്മക ധ്യാനാത്മകത ഉണ്ട്.
പാശ്ചാത്യാധുനികതയുടെ കാര്‍ട്ടീഷ്യന്‍ വിഷയിയുടെ പ്രബുദ്ധതയുടെ അടയാള വാക്യം ഞാന്‍ ചിന്തിക്കുന്നു അതിനാല്‍ ഞാനുണ്ട് എന്ന ഡെക്കാര്‍ത്തെയുടെ പ്രഖ്യാപനമാണ്. ശരീരവും മനസ്സും തമ്മില്‍, ലോകവും വിഷയിയും തമ്മില്‍ ഇവി ടെ വേറിട്ടു നില്‍ക്കുന്നു. വ്യക്തി സ്വയംപര്യാപ്തതയും സ്വാതന്ത്ര്യവും നേടുന്നത് പ്രബുദ്ധത വഴിയാണ്. യുക്തിയാണ് പ്രബുദ്ധത.ഈ കാഴ്ചപ്പാട് ഇസ്ലാമിക തത്ത്വചിന്തയില്‍ നിന്നാണ് യൂറോപ്പിലേക്ക് സംക്രമിച്ചത്. ബുദ്ധ പ്രബുദ്ധതയില്‍ പ്രജ്ഞയും കരുണയും ഉണ്ട്. എന്നാല്‍ ആര്‍ദ്രതയില്ലാത്ത ഉപകരണാത്മകയുക്തിയാണ് പാശ്ചാത്യപ്രബുദ്ധത.
സ്പിനോസ, കാള്‍ മാര്‍ക്‌സ്, നീഷെ, ഫ്രോയിഡ്, മാര്‍ട്ടിന്‍ ഹൈഡഗര്‍ എന്നീ എതിര്‍ ആധുനികരും കാല്‍പ്പനികതയും പ്രതിഭാസവിജ്ഞാനീയവും അസ്തിത്വ ദര്‍ശനവും ആധുനികാനന്തരചിന്തകരും മുഖ്യധാരാധുനികതയെ വെല്ലുവിളിച്ചിട്ടുണ്ട്. അലെന്‍ബാദ്യൂ, സ്ലാവേജ് സിസെക്, ജോര്‍ജിയോ അഗംബെന്‍, അന്തോണ്യോ നെഗ്രി, എന്നീ സമകാലികരും യൂറോസെന്‍ട്രിക് ആധുനികതയുടെ യൂറോ സെന്‍ട്രിക് വിമര്‍ശകരാണ്. പോസ്റ്റ് കാര്‍ട്ടീഷ്യന്‍ വിഷയിയുടെ പൊട്ടിപ്പുറപ്പെടല്‍ ഈ വിചിന്തനങ്ങളിലുണ്ട്. എങ്കിലും ഇവരാരും ആധുനികതയുടെ ഉറവിടവും കേന്ദ്രവും യൂറോപ്പാണെന്ന ധാരണയെ ചോദ്യം ചെയ്യുന്നില്ല.
ആധുനികതാന്തരത (Transmodernity) ഈ ധാരണയെ ചോദ്യം ചെയ്യുന്നു. യൂറോസെന്‍ട്രിക് സാര്‍വലൗകികതയ്ക്കു പകരം ബഹുലൗകികത (Pluriversality) പകരം വെയ്ക്കുന്നു. ദക്ഷിണാര്‍ദ്ധഗോളത്തിലെ പ്രകൃതി വിഭവങ്ങളും സംസ്‌ക്കാരവിഭവങ്ങളും കവര്‍ച്ച നടത്തിയാണ് യൂറോപ്പ് ആധുനികതയിലേക്കും ലോക വ്യവസ്ഥയുടെ കേന്ദ്രസ്ഥാനത്തേക്കും വന്നത്.
അപകോളനീകരണാത്മകമായ ധ്യാനാത്മകത
ആര്‍.രാമചന്ദ്രന്റെ കവിതകള്‍ ധ്യാനാത്മക ഭാവത്തിന്റെ സ്ഥിതികോര്‍ജ്ജ മേഖലയായി നിലകൊള്ളുന്നു. യൂറോ സെന്‍ട്രിക് ആധുനികത ഊര്‍ജ്ജകേന്ദ്രീകരണപദ്ധതിയാണ്. അണുനിലയം അതിന്റെ പ്രത്യക്ഷമാണ്.അക്രമം വഴി സൂക്ഷ്മശക്തിയെ പിളര്‍ത്തി നേടുന്ന നശീകരണാത്മക ശക്തിയാണത്. മനുഷ്യയാതനയ്ക്കു പരിഹാരം തേടുന്നതിനെക്കാള്‍ ബലേച്ഛയുടെ ആവിഷ്‌ക്കാരമാണ് ഇതില്‍ പ്രധാനം. ആധുനികത ഒരു ഊര്‍ജ്ജ പരിവര്‍ത്തന പദ്ധതിയാണ് ഈ നരഭോജിസംസ്‌ക്കാരം മൂന്നാംലോകജനതയുടെ ഭൗതികവും സാംസ്‌ക്കാരികവുമായ ശക്തികളെ തിന്നാണ് വളരുന്നത്.പല രീതിയിലുള്ള ഊര്‍ജ്ജ ദര്‍ശനങ്ങളുണ്ട്. കാള്‍മാര്‍ക്‌സിന്റെ തൊഴില്‍ ശക്തി, ഉല്‍പ്പാദകശക്തി എന്നിവ മനുഷ്യരുടെ സ്പിഷീസ് സ്വഭാവം ആണ്. ഫ്രോയിഡിന് കാമശക്തി, നീഷേയ്ക്ക് ബലേച്ഛ, സ്പിനോസയ്ക്ക് ഭാവശക്തിപ്പകര്‍ച്ച, ബെര്‍ഗ്‌സണിനും ഹോമിയോപ്പതിയ്ക്കും ജീവശക്തി.
ശരീരത്തിന്റെ അമിത വളര്‍ച്ചയെയും അമിത തൃഷ്ണയെയും നിയന്ത്രിക്കുന്ന ശക്തിയാണ് സ്വയംശമശക്തി (Homoeo stasis). ധ്യാനം സ്വയംശമശക്തിയാണ്. ഉല്‍പ്പാദന വ്യവസ്ഥ കാമശക്തിസമ്പദ് ഘടന (Libidinal economy) കൂടിയാണ് അധിനിവേശം നരഭോജി സംസ്‌ക്കാരമാണ്. അത് അമിത ഊര്‍ജ്ജം നേടുന്നത് അപരരെ പ്രത്യക്ഷവും പരോക്ഷവുമായി കൊന്നു തിന്നുകൊണ്ടാണ് അത് മരണ സമ്പദ്ഘടന(Necroeconomy) യാണ്.
ബലതൃഷ്ണയിലെയും തൃഷ്ണയിലെയും അധികത്തെ കുറയ്ക്കുന്ന ശക്തിയാണ് ധ്യാനശക്തി. ഈ അധികം പുരുഷ-ജാതീയ-വംശീയ-ലൈംഗിക – പാരിസ്ഥിതിക മേല്‍ക്കോയ്മയായി സംക്രമിക്കുന്നു സ്വയംശമശക്തി നോമ്പായി ചികിത്സയിലെ പത്ഥ്യമായി. ഭോഗാധിക്യ നിയന്ത്രണമായി, പ്രകൃതി കൃഷിയിലെ ഊര്‍ജ്ജാധിക്യ നിയന്ത്രണമായി, സീറോ ബജറ്റ് കൃഷിയായി സുസ്ഥിര ഊര്‍ജ്ജ പദ്ധതികളായി സംസ്‌ക്കാരത്തില്‍ പ്രവര്‍ത്തിയ്ക്കുന്നു. ഊര്‍ജ്ജേച്ഛയുടെ ശൂന്യവത്ക്കരണം ദൈവാനുഭവത്തിലും ഉണ്ട്.ക്രിസ്തുവിന്റെ ദൈവാനുഭവത്തില്‍ സ്വയം ശൂന്യവത്ക്കരിക്കുന്ന ദൈവമാണ്. സ്‌നേഹം സ്വയംശൂന്യമാക്കുന്ന സ്‌നേഹമാണ്. ബുദ്ധദര്‍ശനത്തില്‍ സ്വയം ശൂന്യവത്ക്കരിക്കുന്ന വിഷയിയാണുള്ളത്. ഇസ്ലാമില്‍ രൂപപരമായി ദൈവത്തെ ശൂന്യവത്ക്കരിക്കുന്നു
ക്രിസ്ത്യന്‍ പാരമ്പര്യത്തില്‍ ആദിയില്‍ വചനം ഉണ്ടായി. ഇരുളും ക്രമരാഹിത്യവും മാറി. ദൈവം വചനം (Logos) ആണ്. യേശുവചനം മാംസമായതാണ്.ഇവിടെ നിശ്ശബ്ദതയുടെയും ക്രമരാഹിത്യത്തിന്റെയും പദവി അധമമാണ്. നിശ്ശബ്ദതയെ വിനിമയത്തിന്റെ പ്രതിസന്ധിയായാണ് കാണുന്നത്. ഇംഗ്മര്‍ ബെര്‍ഗ്മാന്റെ Silence,Through a glass darkly എന്നീ സിനിമകളില്‍ ദൈവവുമായുള്ള വിനിമയത്തിന്റെ അതാര്യതയും അസാധ്യതയും ആവിഷ്‌ക്കരിക്കുന്നു. എന്നാല്‍ ബുദ്ധ വ്യവഹാരങ്ങളില്‍ നിശ്ശബ്ദതയും വിനിമയമാണ്. ശുന്യം ധനാത്മകമാണ്. വാക്കും നിശ്ശബ്ദതയും പരസ്പരം ഉള്‍ക്കൊള്ളുന്നു ശൂന്യം അഭാവമല്ല. മറ്റൊരു തരം ഭവമാണ്.
.
ശൂന്യം (void) പല രീതിയില്‍ അവതരിക്കുന്നു. ഗണിതത്തില്‍ പൂജ്യമായി ഭൗതിക ശാസ്ത്രത്തില്‍ വങ്ക് (vaccum) ആയി തത്ത്വചിന്തയില്‍ ശൂന്യത (Nothin gness) ആയി ബുദ്ധദര്‍ശനത്തില്‍ ഒഴിവ് (Emp tiness) അഭാവം (Lack) ആയി വിടവ് (Ga p) ആയി നിശ്ശബ്ദത ആയി ഡാര്‍ക്ക് എനര്‍ജിയായി, വാക്വം എനര്‍ജിയായി പകരുന്നു. ശൂന്യത്തെ ധനാത്മകമായി കരുതുന്ന സമീപനം ഉയര്‍ന്നു വന്നിട്ടുണ്ട്.
നാം യാഥാര്‍ത്ഥ്യത്തിന്റെ സാക്ഷികളും നടന്‍മാരും രചയിതാക്കളും ആയി മാറുന്ന പ്രക്രിയയായി റയ്മണ്‍ പണിക്കര്‍ ധ്യാനാത്മക ഭാവത്തെ കരുതുന്നു. വിശ്വാസികളുടെ മുകളിലെ സ്വര്‍ഗ്ഗം, പുരോഗതി വിശ്വാസികളുടെ ഭാവിചരിത്രത്തിലെ സ്വര്‍ഗ്ഗം, അധ്യാന വിശ്വാസികളുടെ ഡ്യൂട്ടിസ്വര്‍ഗ്ഗം, വിജയവിശ്വാസികളുടെ ഉല്‍ക്കര്‍ഷ സ്വര്‍ഗ്ഗം, മിടുക്കന്‍മാരുടെ വിജയ സ്വര്‍ഗ്ഗം എന്നീ ആറു തരം പ്രലോഭനങ്ങളാണ് യൂറോപ്യന്‍ ആധുനികത തരുന്നത്. ധ്യാനാത്മക ഭാവം ഇവയ് ക്കെതിരെ നിലകൊള്ളുന്നു.(1)
ധ്യാനം പ്രതീതൃസമുല്‍പ്പാദം ആണ്. ഭവം സഹഭവം (Being with others) ആണ്. ഭവത്തിന്റെ ആവിര്‍ഭാവം സഹാവിര്‍ ഭാവം (Co arising) ആണ്. ഭാവം എന്നാല്‍ ഭവിക്കുന്നത് എന്നര്‍ത്ഥം. ഭാവിക്കുന്നതേ ഭവിയ്ക്കൂ എന്ന് ചൊല്ലുണ്ട്. അനുഭവം എന്നാല്‍ കൂടെ ഭവിക്കുന്നത് എന്നര്‍ത്ഥം. സംഭവത്തോടൊപ്പം അനുഭവം ഉണ്ടാകുന്നു. സംഭവം സഹാവിര്‍ഭാവം ആണ്. പദ്ധതികളും പ്ലാനുംതോതും ഇല്ലാതെ സംഭവത്തോടൊപ്പം ആയി ക്കൊണ്ടിരിക്കലില്‍ വര്‍ത്തിക്കുമ്പോള്‍ നാം ധ്യാനാത്മകഭാവത്തിലാണ് ഭാവവും ഭവവും ഉഭയദിശാപ്രവര്‍ത്തനത്തിലാണ് .
സന്ധ്യാനിശ്ശബ്ദതയില്‍ ധ്യാനിക്കുമ്പോള്‍.
ആര്‍.രാമചന്ദ്രന്റെ കവിതകളില്‍ സന്ധ്യാ നിശ്ശബ്ദത ശൂന്യാനുഭൂതിയുടെ രൂപ (ക) മാണ്. സന്ധ്യ മാധ്യമികമാര്‍ഗ്ഗമാണ്. ഇട നില സ്ഥാനം (Liminal space) ആണ്. ഉഭയമാര്‍ഗ്ഗമാണ്. ഇരുട്ടിനും വെളിച്ചത്തിനും ഇടയില്‍ ഭവത്തിനും ശൂന്യത്തിനുമിടയില്‍, സാന്നിധ്യത്തിനും അസാന്നിധ്യത്തിനും ഇടയില്‍, സാന്തത്തിനും അനന്തത്തിനുമിടയില്‍, ജീവിതത്തിനും മരണത്തിനുമിടയില്‍, ക്രമത്തിനും ക്രമരാഹിത്യത്തിനുമിടയില്‍ ചാഞ്ചാടുന്ന പെന്‍ഡുലമാണ്.
എട്ടാം നൂറ്റാണ്ടോടെ കേരളത്തില്‍ പ്രബലമായ ബ്രാഹ്മണാധിനിവേശത്തിന്റെ വാമനന്‍ വിരാട് പുരുഷനായി മാറി. ജാതിശ്രേണികളുടെ ഗോപുരമുണ്ടാക്കി കേന്ദ്രസ്ഥാനത്ത് നമ്പൂതിരിമാരെ പ്രതിഷ്ഠിച്ചു. വിശുദ്ധാവിശുദ്ധ വിവേചനാധികാരം വഴി സാത്വിക – രാജസ താമസ ദേദത്തില്‍ എല്ലാറ്റിനെയും തളച്ചിട്ടു സ്ത്രീ ദേവതകളും കീഴാളദേവതകളും സങ്കരവത്ക്കരണത്തിനും ഒഴിവാക്കലിനുംവിധേയമായി.അഥര്‍വവേദത്തില്‍ പാരിസ്ഥിതിക ആത്മീയത കാണാം. ഇത് ദ്രാവിഡ സംസ്‌ക്കാരത്തിന്റെ തുടര്‍ച്ചയാണ്. അര്‍ത്ഥശാസ്ത്രം വനമാനേജ്‌മെന്റ് വഴി പ്രകൃതി വിഭവവിനിയോഗതന്ത്രങ്ങളാണ് ആവിഷ്‌ക്കരിച്ചത്. ഇത് പാരിസ്ഥിതികമല്ല. എന്നാല്‍ ബുദ്ധജൈനശൈവ ദേവിധാരകളില്‍ പ്രകൃത്യത്മീയതയുണ്ട്.
പതിനഞ്ചാംനൂറ്റാണ്ടോടെ പാശ്ചാത്യാധിനിവേശം തുടങ്ങി. ഈ വിരാട് പുരുഷന്‍ പുതുദൈവമായി. യുദ്ധവും ക്രയവിക്രയവും അനുഷ്ഠാനമായി. യന്ത്രം വിഗ്രഹമായി.ചന്തക്ഷേത്രമായി. ശാസ്ത്രം വേദമായി.നഗരവും ഫാക്ടറികളും വിരാട് പുരുഷശരീരമായി. കപ്പല്‍ തീവണ്ടിപ്പാതകള്‍ നാഡീവ്യൂഹമായി.അപഗ്രഥനം ഉദ്ഗ്രഥനത്തെക്കാള്‍ പ്രബലമായി. യുദ്ധ യുക്തി വ്യാപകമായി. എല്ലായിപ്പോഴും രോഗാണു ആക്രമണത്തെ പ്രതിരോധിക്കുന്ന യുദ്ധസ്ഥാനമായി അലോപ്പതിയില്‍ ശരീരം. പരസ്പരം മത്സരിച്ച് ആക്രമിക്കാവുന്ന വ്യക്തികളുടെ സമാഹാരമാണ് തോമസ് ഹോബ്‌സിന്റെ കാഴ്ചപ്പാടില്‍ സമൂഹം
കല വിദ്യയാണ്.അതില്‍ ഗണിതവും മനോധര്‍മ്മവും ഉണ്ട്. യുക്തിയും ധ്യാനവും ഉണ്ട്. ലോജിക്കും മാജിക്കും ഉണ്ട്. യുക്തി പൊരുത്തമാണ്. കാര്യകാരണ പൊരുത്തം അപഗ്രഥനം നടത്തുന്നു. അപഗ്രഥനം വേര്‍പ്പെടുത്തലാണ്. ഘടകങ്ങളായി പിരിക്കലാണ്. പാശ്ചാത്യ പ്രബുദ്ധത ഹൈ വോള്‍ട്ടേജ് യുക്തി പ്രകാശം വഴി സത്യത്തിന്റെ ഹിഡന്‍ അജണ്ടയെ വെളിവാക്കുന്നു. ഡിറ്റക്ടീവ് യുക്തി തെളിവില്‍ വിശ്വസിക്കുന്നു. തെളിവ് നമുക്ക് സൃഷ്ടിക്കാനാവും.മറനീക്കല്‍ (Disc overy) പ്രതിഫലനം (Reflection) എന്നിവ ആധുനികതയുടെ താക്കോല്‍പദങ്ങളാണ്. വിഭംഗനം (Diffraction) പ്രകാശം ഒരു മാധ്യമത്തില്‍ തട്ടി ചിതറി പോകുന്നു. ഇതില്‍ ആവര്‍ത്തനമില്ല. ഭിന്നമായിത്തീരലുണ്ട്.മറയലും തെളിയലും ഉണ്ട്. പാശ്ചാത്യ പ്രബുദ്ധതയില്‍ പ്രജ്ഞയില്‍ നിന്ന് കരുണയെ ഹരിക്കുന്നു. ലോജിക്കില്‍ മാജിക് ഇല്ലായ്മ ചെയ്യുന്നു. ഗണിതത്തില്‍ നിന്ന് അളക്കാനാവാത്തവയോടുള്ള വിനയം ഇല്ലായ്മ ചെയ്യുന്നു. നാം ലോകത്തെ സൗന്ദര്യവത്ക്കരിക്കുകയും വിരൂപീകരിക്കുകയും ഉദാത്തീകരിക്കുകയും ക്ഷുദ്രമാക്കുകയും നിഗൂഢവത്ക്കരിക്കുകയും യുക്തിവത്ക്കരിക്കുകയും ചെയ്യുന്നുണ്ട്. ഈ പ്രക്രിയകളുടെ കൂട്ടുവഴിയിലാണ് നാം സഞ്ചരിക്കുന്നത്.
കുമാരനാശാന്റെ കവിതകളാണ് മലയാളികളുടെ ഭവ – ജ്ഞാന-ധര്‍മ്മസങ്കടങ്ങളുടെ ഭാവപ്പകര്‍ച്ചകളെ എഴുതുന്നത്. നവോത്ഥാനകാലത്ത് രണ്ടു വിരാട് പുരുഷന്‍മാരും സങ്കരരൂപികളായി. പാശ്ചാത്യ സവര്‍ണ്ണ സങ്കരവിഷയി ഉണ്ടായി. മിഷ്യനറി ആധുനികത വികസനാധുനികതയാണ്.മാനവികതാവാദം, വികസനം, മതേതരത്വം ദേശീയത, സാര്‍വലൗകികത എന്നീ വശീകരണമന്ത്രങ്ങള്‍ അധിനിവേശാഭിചാരത്തിന്റെ ദണ്ഡന – മാരണ – സ്തംഭന രീതികളെ മറച്ചു വെയ്ക്കുന്നു. ആശാന്റെ നായികമാര്‍ കുറ്റിയും കെട്ടും പൊട്ടിച്ച് പുരുഷമേല്‍ക്കോയ്മയുടെ വീടുവിട്ട്, ജാതിവിട്ട്, ആചാരം വിട്ട് വിലക്കു വിട്ട് പ്രണയത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും വ്രണിത സഞ്ചാരം നടത്തുന്നു. ശരീരത്തിനും അന്ത: കരണത്തിനും ഇടയില്‍, പ്രണയത്തിനും സന്യാസത്തിനുമിടയില്‍ വാസത്തിനും പ്രവാസത്തിനുമിടയില്‍ വിശുദ്ധാവിശുദ്ധങ്ങള്‍ക്കിടയില്‍ ആണ് ഈ സഞ്ചാരപഥം.
ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കവിതകള്‍ അതിര്‍ ലംഘനങ്ങളാണ്. സൗന്ദര്യത്തിനായുള്ള ഒറ്റയാന്‍ പോര്.സാധ്യമായവയില്‍ നിന്ന് അസാധ്യമായവയിലേക്കും വിലക്കില്‍ നിന്ന് അതിര്‍ ലംഘനത്തിലേക്കും ക്രമത്തില്‍ നിന്ന് ക്രമരാഹിത്യത്തിലേക്കും കൂടുവിട്ട് പറക്കുന്നു. ഒരു പകുതി പ്രജ്ഞയില്‍ നിഴലും നിലാവും മറുപ്രകുതി പ്രജ്ഞയില്‍ കരിപൂശിരാവും ഉള്ള സ്‌കീസോഫ്രേനിക് വിഷയിയുടെ സ്വര്‍ഗ്ഗ നരക സഞ്ചാരങ്ങളുണ്ട്. പച്ച, രാക്കിളികള്‍, വ്യാമൂഢന്‍ എന്നിവയില്‍ പ്രകൃതി സൗന്ദര്യ പൂജയുണ്ട്. ഡയനീഷ്യന്‍ പാതിരാ നൃത്തം പാടുന്ന പിശാച്, പാപത്തിന്റെ പൂക്കള്‍, പിശാചിന്റെ ഭക്ത ന്‍, വേതാളകേളി, ഹൃദയമുള്ള സര്‍പ്പം, രക്തരക്ഷസ്സ് എന്നിവയില്‍ ആടുന്നു. ഇവയില്‍ വിശുദ്ധാവിശുദ്ധാതിര്‍ലംഘനങ്ങളുണ്ട്..
ജി.ശങ്കരക്കുറുപ്പ് പ്രകൃതിയെ ഉദാത്തീകരിക്കുന്നു. സാഗരഗീതം, വിശ്വദര്‍ശനം, ശിവതാണ്ഡവം, നക്ഷത്രഗീതം എന്നിവയില്‍ ഉദാത്ത ദൂരദര്‍ശനം ഉണ്ട്. പി. കുഞ്ഞിരാമന്‍നായര്‍ ഗ്രാമസ്വരാജിന്റെയും സമീപക്കാഴ്ചയുടെയും കവി യാണ്. വൈലോപ്പിള്ളി സന്ദിദ്ധതകളുടെ ഇടനിലങ്ങളെ എഴുതുന്നു. കാല്‍പ്പനികതയുടെ സൗന്ദര്യവത്ക്കരണത്തിനും ശാസ്ത്രത്തിന്റെ യുക്തിവത്ക്കരണത്തിനും ഇടയില്‍ വികസനത്തിനും പ്രകൃതിയ്ക്കുമിടയില്‍ വൈലോപ്പിള്ളിയുടെ ഭാവസങ്കടങ്ങള്‍ .ജലസേചനം, മല തുരക്കല്‍, ഉണ്മയുടെ പുഞ്ചിരി, സര്‍പ്പക്കാട് എന്നിവയില്‍ വികസന -ശാസ്ത്ര പുരുഷന്റെ ബലാല്‍സംഗശ്രമമുണ്ട്. എണ്ണ പുഴുക്കള്‍ പ്രകൃതി നിഗൂഢതയ്ക്കു മുമ്പിലെ കൂപ്പുകൈയാണ്. ഇടശ്ശേരിയുടെ കവിതകളില്‍ വികസനാധുനികതയുടെ സ്തുതിയുണ്ടെങ്കിലും കുറ്റിപ്പുറം പാലം, പുളിമാവ് വെട്ടി, പൂത്ത മാവിനെപ്പറ്റി, കറുമ്പിപ്പയ്യ്, മുള്ളന്‍ ചീര, കൈതപ്പൂ, വയലിന്റെ ചിത്രകാരന്‍ എന്നീ കവിതകളില്‍ അധിനിവേശ വിരുദ്ധ പ്രകൃതി ദര്‍ശനം ഉണ്ട്. പൂതപ്പാട്ട്, കാവിലെ പാട്ട് എന്നിവയില്‍ ശീവോതിയോടൊപ്പം പൊട്ടിയ്ക്കും ഇടം നല്‍കുന്നു.
ഗ്രാമപ്രകൃതിയിലേക്കുള്ള തീര്‍ത്ഥാടനങ്ങള്‍
പ്രകൃതിയുടെ മുമ്പില്‍ ധ്യാനമഗ്‌നനായി നില്‍ക്കുന്ന മുഹൂര്‍ത്തങ്ങളാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ധന്യതകള്‍ (2) ജീവിതത്തെ ആകര്‍ഷകമാക്കുന്നത് എന്നെ സംബന്ധിച്ച് രണ്ടു ഘടകങ്ങള്‍ മാത്രമാണ്. ഒന്ന് സ്‌നേഹബന്ധങ്ങള്‍ .പിന്നെ നീലാകാശത്തിന്റെയും ഋതുക്കള്‍ മാറി മാറി നൃത്തം ചെയ്തു പോകുന്ന ഈ ഭൂമിയുടെയും സൗന്ദര്യം .ഈ രണ്ടിനുമപ്പുറത്ത് അര്‍ത്ഥവത്തായ ഒന്നുമില്ല എന്നു ഞാന്‍ വിശ്വസിക്കുന്നു. സ്‌നേഹബന്ധങ്ങള്‍ ദുഃഖത്തില്‍ കുതിര്‍ന്നാണെപ്പോഴും നില്‍ക്കുന്നത്. പ്രകൃതിയുടെ സൗന്ദര്യമാകട്ടെ, അതിനപ്പുറത്ത് മറ്റെന്തോ ഉണ്ട് എന്ന ശോകചിന്തയിലേക്ക് നയിക്കുന്നു. ചില ഏകാന്ത മുഹൂര്‍ത്തങ്ങളില്‍ ഞാന്‍ പ്രകൃതിയുമായി ബന്ധപ്പെടുമ്പോള്‍ ഉണ്ടാകുന്ന സവിശേഷമായ അനുഭൂതികളാണ് ഈ കവിതകളുടെയെല്ലാം പ്രേരകങ്ങള്‍. (3)
ആര്‍.രാമചന്ദ്രന്റെ ഈ വാക്കുകള്‍ കവിതയിലേക്കുള്ള താക്കോല്‍ വാക്കുകളാണ്. ഈ കവിതകള്‍ ഗ്രാമത്തില്‍നിന്നുള്ള വിശ്വദര്‍ശനങ്ങളാണ്. ഗ്രാമത്തിന്റെ സാന്തതയും ലോകത്തിന്റെ അനന്തതയും അപാരതയും ഇവയില്‍ മൂര്‍ത്താമൂര്‍ത്ത ബിംബങ്ങളായി പകരുന്നു. ഗ്രാമത്തിന്റെ കാഴ്ചകളും കേള്‍വികളും ഗന്ധങ്ങളും സ്പര്‍ശങ്ങളും വാറ്റിവാറ്റി ഗുളികകളാക്കുന്നു ബിംബങ്ങളെ നിശ്ശബ്ദതയുടെ വജ്രസൂചികൊണ്ട് മിനുക്കി ക്രിസ്റ്റലുകളാക്കുന്നു എന്റെ നാട് എന്ന കവിതയില്‍ നിറവേറാത്തതാമേതോ പഴയ മോഹത്തിന്‍ ക്ഷീണ സ്മരണ പോലെന്‍ നാടെന്നിലുറങ്ങീടുന്നു എന്ന് കണ്ടെത്തുന്നു. പഴങ്കഥ പുലമ്പുമ്പോള്‍ മറവിയില്‍ പെട്ട നാട്ടുമുതുമുത്തശ്ശി പോലന്തി കുനിഞ്ഞിരിപ്പൂ. ‘നടക്കുന്നു ഞാനീ നാടിന്‍ മകനേതോ ഗല്‍ഗദത്തിന്‍ നിലയ്ക്കാത്ത മാറ്റൊലി പോല്‍ വിറപ്പൂ കാലം.’ ഇവിടെ ചരിത്രം ജീവചരിത്രമായി പകരുന്നു.
‘നാദങ്ങള്‍’ എന്ന കവിതയില്‍ ഇന്ദ്രിയ പകര്‍ച്ചാബിംബങ്ങള്‍ (synesthetic imag es) വഴി കാഴ്ചയും കേള്‍വിയും ഗന്ധവും സ്പര്‍ശവും അന്യോന്യം സംക്രമിക്കുന്നു.
‘കുതിരവാല്‍ പുല്ലിളകിയാടുന്ന
പുഴവക്കില്‍ നിന്നും പറന്നു പോയ
മഞ്ഞക്കിളികളുടെ ചിറകടികള്‍
വയലുകളില്‍ ഇളംതളിരുകളായ
ടര്‍ന്നു വീണു.
ദുഃഖമൊരിളം തളിരായിരുന്നു.
പോക്കുവെയിലായിരുന്നു.’
‘കാവിലമ്മയുടെ കാല്‍ച്ചിലമ്പൊലി
കലി കേറിയുടഞ്ഞു കിടക്കുന്ന
താഴ്വരയില്‍ നിന്നും കരിമ്പനക്കാടിന്റെ
പ്രേത മര്‍മ്മരം ഒരു മഴച്ചാറലായി
പാറി വന്നു.
ദുഃഖം ഒരു മഴച്ചാറലായിരുന്നു.
ഇരുളായിരുന്നു.’
നീല വെളിച്ചം എന്ന കവിതയിലും ഇന്ദ്രിയാനുഭവ പകര്‍ച്ചാ ബിംബങ്ങളുണ്ട്.
‘കണ്ണുകള്‍ കൊതിച്ചു പോകും കണ്ണാന്തളി പൂക്കള്‍
കണ്ണാന്തളി പൂക്കള്‍ കൊതിച്ചു പോകും
കരിനീല കണ്ണുകള്‍.’
‘കരളൊരു പൂക്കളമായ എന്റെ
കൊച്ചനുജത്തിയുടെ കരിനീല കണ്ണുകള്‍’
നീല വെളിച്ചവും കണ്ണാന്തളിപ്പൂക്കളും കരിനീലക്കിളികളും കരിനീലമലര്‍ പാറ്റകളും അനിയത്തിയുടെ കരിനീലകണ്ണുകളും തമ്മില്‍ അന്യോന്യതയും പകര്‍ച്ച യും ഈ വരികളിലുണ്ട്.
‘നെടുവീര്‍പ്പുകള്‍’ എന്ന കവിതയിലെ ആത്മദര്‍ശനത്തില്‍ ലോകദര്‍ശനം ഉണ്ട്.
‘അകലെ കരിമ്പനക്കാടുകളലറു
മലക്കടല്‍ കരകള്‍ – എന്‍ രാത്രികള്‍
ഉറയും ഹേമന്തങ്ങളില്‍ മരവിച്ചു വീഴും
പറവകള്‍ – എന്‍ മൗനങ്ങള്‍’
‘ശൂന്യതയുടെ പ്രേതഭൂമികളില്‍
നിഴലുകള്‍ തന്‍ നിശ്ശബ്ദനിര്‍ഝരങ്ങള്‍ – എന്‍ കിനാവുകള്‍’
‘കൃതജ്ഞത’ എന്ന കവിത ഗ്രാമപ്രകൃതി യോടുള്ള നന്ദി പ്രകടനമാണ്.’ എന്‍ കരള്‍ നിന്‍ ഹരിതാര്‍ദ്രമാം മാറില്‍ പറന്നെത്തിടുമിളം വെയിലിന്‍ മഞ്ഞച്ചിറകുകള്‍ തന്‍ മഞ്ജുഹര്‍ഷമായി തുളുമ്പിനിന്നതും നിന്‍ ദുഃഖമൂകതകള്‍ തന്‍ നടന്നു മറയും സാന്ധ്യച്ഛായകളെ കണ്ണാന്തളിപ്പൂക്കള്‍ തന്‍ നീള്‍മിഴികളായ് പിന്തുടര്‍ന്നതും മറക്കുക’ എന്നു പറയുന്നു. ‘മൂടല്‍ മഞ്ഞെഴും രാവില്‍ ഒരേകാന്തതാരത്തിന്‍ കതിര്‍നിരപോല്‍ നിന്‍ ദിവ്യകാരുണ്യത്തിന്‍ നാദം ചിതറും കാന്തവീചികളില്‍ സ്വയമൊഴുകി പോകെ, പ്രാണനെ കൊടും നോവിനെ വെണ്ണിലാവില്‍ തീര്‍ത്തോരേതോ വിശുദ്ധി തന്‍ കയ്യില്‍ പൊടിയും രക്തബിന്ദുവായ് ഞാന്‍ സ്വപ്നം കണ്ടതും എന്‍ പദങ്ങള്‍ക്കിടയിലെ തന്ദ്രിലസ്ഥലികളില്‍ നിന്‍ സ്വരം പുഷ്പിപ്പതും നീ മറക്കാതിരിക്കുക.’ എന്നും കവി ആവശ്യപ്പെടുന്നു
‘ബഹിഷ്‌കൃതന്‍’ എന്ന കവിതയിലും പ്രകൃത്യനുഭവത്തിന്റെ വിശുദ്ധ മുഹൂര്‍ത്തമുണ്ട്.’ ഒരു ഗാനമായുണരും കുളിര്‍നീര്‍ ചോല .ഇളം വരകള്‍ തെളിയും പുലരൊളി തന്‍ ആര്‍ദ്ര പാദങ്ങള്‍. ഒരു കിളിച്ചുണ്ടില്‍ നിന്നുതിര്‍ന്നു വീഴും ഹര്‍ഷം. ആയിരം തൊഴുകൈകളായുയരും മന്നിന്‍ ഹരിതാഭമാം മനം.’ ‘എത്ര ദൂരെയാണു ഞാനീ വിശുദ്ധിയില്‍ നിന്നും’ എന്ന് കവി കുമ്പസരിയ്ക്കുന്നു.
(ആത്മ)ശൂന്യ ചിത്രങ്ങള്‍
കാല്‍പ്പനികതയില്‍ ലോകം ആത്മചിത്രത്തിന്റെ പശ്ചാത്തലം മാത്രമാണ്. നാര്‍സിസസ് തടാകക്കണ്ണാടിയില്‍ ആത്മം പ്രതിഫലിക്കുന്നത് കാണുന്നു. എന്നാല്‍ ആര്‍.രാമചന്ദ്രന്റെ കവിതകളില്‍ പ്രതിഫലനമില്ല. വിഭംഗനം ആണ്. ലോകത്ത് ആത്മം ചിതറിചിതറിചിതറി പകരുന്നു. ഇത് അന്ത:സാരാത്മക വിഷയി അല്ല. സംഭവാത്മക വിഷയി (Eventual subject) ആണ്. കാര്‍ട്ടീഷ്യന്‍ വിഷയി അല്ല. പോസ്റ്റ് കാര്‍ട്ടീഷ്യന്‍ വിഷയി ആണ്
പ്രവാസികള്‍, ആരുടെ ദുഃഖം? പ്രേതഭൂമിയില്‍, ച്യവനന്‍, എന്റെ കഥ, അര്‍ഹത, ശിലയുടെ ദുഃഖം, പ്രേതം, ദുഃഖമൂര്‍ത്തി, ശോണ രശ്മി, പരാജിതന്‍, വഞ്ചിതന്‍ ,മിഥ്യയുടെ പരാജയം, അതിഥി എന്നീ കവിതകളില്‍ ആത്മം കെട്ടും കുറ്റിയും കേന്ദ്രവും അഴിഞ്ഞ് പടര്‍ന്നു പടര്‍ന്നു പോകുന്നു. ‘പ്രവാസികള്‍’ കരളില്‍ ഒരു താരം പോലെ പാറി വന്ന നാദത്തിന്റെ തെളിഞ്ഞ പാതയില്‍ ചെവിയോര്‍ത്തിരിക്കുന്നു.
‘സാന്ദ്രനീലമാമൊരു
മൗനമായ് നിറഞ്ഞു നിന്നിടുമീ
സന്ധ്യയില്‍ നിഴലിപ്പൂ
ഞങ്ങള്‍ തന്നാത്മാവുകള്‍.
ഇരുള്‍ വീഴുന്നു
ദൂരനീതരെ പോലെ നിശ്വസിക്കുന്നൂ ഞങ്ങള്‍’.
ആരുടെ ദുഃഖം? എന്ന കവിതയില്‍ ആ ത്മദുഃഖവും ലോകദുഃഖവും തമ്മിലുള്ള അതിരുകള്‍ മായുന്നു
‘എന്‍ കരളെങ്ങാ
ണെങ്ങെന്‍ കരളിനതിര്‍ത്തികള്‍?
മറഞ്ഞു പോയോ
ദിവ്യ മകുടങ്ങള്‍ തന്‍
വാര്‍ നിഴലുകളാടും
ദൂര ചക്രവാളങ്ങള്‍ പോലും ?
മോഘമായി തീര്‍ന്നോരേതു
ലോകത്തിന്‍ ശോണപ്രേമം
ശ്യാമദൂന മായ് സ്വയമപാരതയായ്
വളരുന്നു?’.
പ്രേതഭൂമിയില്‍, എന്റെ കഥ, എന്നിവയില്‍ ആത്മാന്വേഷണം പാഴിലാവുന്നു. ഒരു ചുംബനത്താല്‍ എന്‍ കിനാവിന്‍ ധ്യാനരഹസ്യം കവര്‍ന്നെടുത്തേതോ വ്യോമമൗനത്തിലുള്‍ ചേര്‍ന്ന താരകത്തിനെ തേടി നടന്നേന്‍ .എന്നാല്‍ കണ്ടെത്തുന്നത് ഇതാണ്:’ എന്‍ വഴി എന്നില്‍ നിന്നും എന്നിലേക്കെഴുമപാരതയല്ലോ.എന്നില്‍ നിന്നകലാന്‍ കഴിയാതെ എന്നിലേക്കണയാന്‍ കഴിയാതെ ഞാനെന്നെ തേടി നില്‍ക്കുന്നു.’
ആത്മം പ്രേതാത്മകമാണ്. അപരരിലേക്കും ലോകത്തിലേക്കും സംക്രമിച്ചാലേ ആത്മത്തിന് ഭവിക്കാനാകൂ.’ ശിലയുടെ ദുഃഖം’ എന്ന കവിത സ്വത്വകേന്ദ്രത്തിന്റെ ഉടഞ്ഞു ചിതറലാണ്.
അന്യോന്യമകന്നെങ്ങോ പോയ്
മറയുന്നൊരായിരം രക്തകണങ്ങളായ്
ചിതറിത്തെറിപ്പു ഞാന്‍.
ഒരു കിനാവായ് പോലുമുയിര്‍
കൊള്ളാതെന്‍ ദൈവമുടയുന്നു.
വടിവോലും മുമ്പേ തകരും
ശിലാഖണ്ഡത്തിന്‍ ദുഃഖം.’
ശൂന്യം രൂപരാഹിത്യമാണ്.
ശൂന്യവിഷയി മേഘരൂപിയായി പകരുന്നു.
ഒറ്റയും ഇരട്ടയും
ഭ്രഷ്ട തീര്‍ത്ഥാടകന്റെ മുറിവുകളെ പി. കുഞ്ഞിരാമന്‍ നായര്‍ പലവട്ടം എഴുതിയിട്ടുണ്ട്. ദുഃഖമൂര്‍ത്തി, ശോണരശ്മി, പരാജിതന്‍, പ്രവാസികള്‍, പ്രേതഭൂമിയി ല്‍, ബഹിഷ്‌കൃതന്‍, പ്രേതം എന്നീ കവിതകളില്‍ വ്രണിതതീര്‍ത്ഥാടനം തുടരുന്നു ആത്മത്തിന്റെ ഇരട്ടകളായി ഈ കവിതകളില്‍ അപരം വരുന്നു.
‘ഇരുളിലിരുന്നെന്നാത്മാവിനെ
ഞാന്‍ മാടി വിളിക്കുന്നേന്‍
ഒരു നവ സൗഹൃദ ബന്ധത്തിനായ്
കൈകള്‍ നീട്ടുന്നേന്‍”
‘എങ്കിലും അറിവാനിച്ഛിക്കുന്നേന്‍
ആകാശത്തിലലൗകികജീവിത
മണ്ഡലമൊന്നിനുല്‍ക്കട വേദന
നിഴലിടും രാത്രികളില്‍ ഭര്‍ത്തൃ
നിരാകൃതയാകിന സതി പോല്‍
മാഴ്കും മന്നിന്‍ഗല്‍ഗദമക്കുളിര്‍
കാറ്റില്‍ തേങ്ങി വരുമ്പോളാരെന്‍
കരളിലിരുന്നു കരഞ്ഞീടുന്നൂ?
പരാജിതന്‍ എന്ന കവിതയിലും അപരത്തിന്റെ അപ്രത്യക്ഷമാകലിന്റെ അടയാ ളം കാണാം.’ അഗ്‌നിനാളം പോലെങ്ങോ ദൂരെ ചലിക്കും നിന്നെ ഞാന്‍ സ്മരിക്കുമ്പോള്‍ മാരിക്കാര്‍ മൂടും വാനിന്‍ നിഴല്‍ വീഴുമീ നിദ്രാധീനമാം ഗ്രാമഭൂമിയില്‍ എന്നാത്മാവിന്‍ നിഴലായ് തീരുന്നു നീ .’
‘ഹാ സ്മരിപ്പൂ ഞാന്‍ നിന്നെ നഷ്ടപ്പെടുവാന്‍ മാത്രം.’
പ്രേതഭൂമിയില്‍, ബഹിഷ്‌കൃതന്‍ എന്നീ കവിതകളില്‍ ആത്മത്തെ അപരമായി നോക്കുന്നു പ്രേതം എന്ന കവിത ആത്മഘാതകന്റെ മോക്ഷാന്വേഷണമാണ്.
‘ഓ ഞാന്‍! ഞാന്‍. ഒരു ജ്വരോന്മത്തമാം
കിനാവാല്‍ ഞെക്കി ഞെക്കിക്കൊന്നേന്‍ വെളിച്ചത്തെ
ആര്‍ദ്ര മൃദുലാംഗുലികളാലെന്നെ തഴുകി
വിളിച്ചുണര്‍ത്തീടിന വെളിച്ചത്തെ.’
ഇന്ന് അന്ധന്‍.ബധിരന്‍.ഞാന്‍ പെരുവഴിയില്‍
ചുറ്റിത്തിരിയുമൊരു മുടന്തന്‍ കഴുത തന്‍ പ്രേതം.’
സമ്പര്‍ക്കവും വിയോഗവും
ആര്‍.രാമചന്ദ്രന്റെ കവിതകളിലെയോ ഗാത്മകാനുഭവം വിയോഗാത്മകമാണ്. ശാന്തശോകമാണ് ഭാവക്കൂട്ട് .ബുദ്ധദര്‍ശനത്തില്‍ ആത്മദുഃഖം ലോക ദുഃഖത്തിന്റെ പകര്‍ച്ചയാണ്. പിന്നെ? എന്ന കവിത ദുഃഖരഹസ്യത്തെ കുറിച്ചുള്ള അന്വേഷണമാണ്.
‘പിന്നെ?
സന്ധ്യകള്‍ മരവിച്ചേ മരിക്കും മാര്‍ഗ്ഗം
പിന്നെ?
പറക്കാന്‍ കൊതിയാര്‍ന്നേ വാടി വീണിട്ടും മലര്‍.
പിന്നെ?
മലരിന്‍ മുമ്പില്‍ കണ്‍കള്‍
നിറഞ്ഞേ നില്‍ക്കും പാന്ഥന്‍.
പിന്നെ?
അവനെ കാണ്‍കെ വാനിലാരെയോ
പാഴില്‍ തേടി മാഴ്കിടും ഭൂമി.
പിന്നെ?
കാലത്തിനഭംഗമം രോദനം
ഒന്നുമില്ല എന്ന കവിതയിലും ഈ അന്വേഷണമുണ്ട്. ശൂന്യം ഭവത്തെ ഉള്‍ക്കൊള്ളുന്നു. ശൂന്യത്തിലും ഭവത്തിന്റെ മിന്നല്‍ ക്കാഴ്ചകളുണ്ട്.
‘ഒന്നുമില്ലൊന്നുമില്ല.
മീതെ പകച്ചേനില്‍ക്കു
മംബരം മാത്രം.
താഴെ കരളുറഞ്ഞേപോകും
പാരിടം മാത്രം.
ഒന്നുമില്ലൊന്നുമില്ല.
വഴിയറിയാ തന്നെയും
പൊല്‍ക്കതിര്‍ മാത്രം.
കൊതിപൂണ്ടുയരും
പച്ചിലക്കൂമ്പു മാത്രം.
ഒന്നുമില്ലൊന്നുമില്ല.
ഒരു ചുംബനം മാത്രം.
ഒരു നിര്‍വൃതി മാത്രം.
ഒന്നുമില്ലൊന്നുമില്ല.
പടരുമിരുള്‍ മാത്രം.
അടരു മലര്‍ മാത്രം.
ഒന്നുമില്ലൊന്നുമില്ല.
ഈ ശൂന്യ സംഗീതികയില്‍ ഒന്നുമില്ല എന്ന പല്ലവി ആവര്‍ത്തിക്കുന്നു പ്രാപഞ്ചികവും അനന്തവുമായ സ്ഥലകാല രാശിയിലാണ് ഈ അര്‍ത്ഥാന്വേഷണം ഈ കവിതകള്‍ നിഹിലിസ്റ്റിക് അല്ല. ഇരുള്‍ ഗര്‍ത്തങ്ങള്‍ക്കു മീതെയുള്ള നൃത്തമാണ്. ഈ കവിതയിലെ ഏകാന്തതയിലും അനേകാന്തതയുണ്ട്. ഒഴിവിലും നിറവുണ്ട്. ഒറ്റക്കൂട്ടായും (Singular plural) ആയും കൂട്ടൊറ്റ (Plural singular) ആയും മാറുന്ന സാംക്രമിക വ്യക്തി (Tran sindividual) യുടെ ഉഭയമാര്‍ഗ്ഗത്തിലാണ് ഈ കവിതകളുടെ പോക്കുവരവുകള്‍. ‘ പ്രലോഭന’ത്തില്‍ മറവ് – ഒളിവു ജീവിതത്തിലേക്ക് അപരവിളി എത്തുന്നു. ആ സ്വരത്തില്‍ അതിദൂര ശൈലശൃംഗങ്ങളില്‍ കേണലയും നിലാവിന്‍ കിനാവുകളും ഒളിയറ്റ വാനിനഗാധതയില്‍ തെളിയും മിഴികള്‍ തന്‍ വേദനയും ഉണ്ട്. എങ്കിലും’ മറുപടി ചൊല്ലാന്‍ മടിച്ചു ദീനമിരുളിലെന്നാ ത്മാവൊളിച്ചിരിപ്പൂ’.
പരിത്യക്തരിലും ഈ ഒളിച്ചിരിപ്പുണ്ട്. ആത്മാവില്‍ മുട്ടി വിളിച്ച കവിതയുടെ സംഗീതവീചികളെ പരിത്യജിക്കുന്നു. വഞ്ചിതന്‍, മിഥ്യയുടെ പരാജയം എന്നീ കവിതകളിലും സമ്പര്‍ക്കത്തില്‍ നിന്നുള്ള പിന്‍ വാങ്ങലുണ്ട്.മാര്‍ഗ്ഗദര്‍ശകര്‍ എന്ന കവിതയില്‍ കിനാവുകള്‍ അറിയാതെ അതിഥികളായെത്തുന്നു
എങ്കിലും വഴിവക്കിലെ
സാന്ധ്യച്ഛായയില്‍ നിന്നു കേള്‍ക്കും
ജ്വരതപ്തമാം വേണുഗാനവും
ശ്യാമ ഭൂമിയില്‍ വീണുകിടക്കും
നിശ്ശബ്ദതയും
അകലെ കരിമ്പനക്കാടു
ലഞ്ഞീടുമാഴിക്കരയില്‍
ഉന്മാദിനി പോലെത്തിടും പുലരിയും
എങ്ങിനെ മറയ്ക്കും
നീ പോയതാം മാര്‍ഗ്ഗം?
വിയോഗത്തെ കവി അടയാളപ്പെടുത്തുന്നതിങ്ങനെയാണ്.
ഇന്നലെ രാവില്‍ യോഗ വിയോഗങ്ങളാവിഷ്‌ക്കരിക്കുന്നു.
‘ഇന്നലെ രാവില്‍ ആരിറങ്ങി പോയെന്നന്തരംഗത്തില്‍ നിന്നും?
ഇന്നിക്കിളിവാതിലില്‍ ചിറകു കുടഞ്ഞെങ്ങോ പോകാന്‍ വെമ്പുമീ വെളിച്ചത്തിന്‍ കൊക്കില്‍ ആടിക്കളിപ്പൂ ഒരശ്രുബിന്ദുവിന്‍
സ്വപ്ന രശ്മിയാല്‍ തീര്‍ത്ത ഗാനത്തിനിളം കതിര്‍ .’
പിരിഞ്ഞുപോയ സുഹൃത്തിനോട്, ദുഃഖമൂര്‍ത്തി എന്നീ കവിതകളിലും വിയോഗാത്മക യോഗഭാവം കാണാം. ‘ആത്മ വിസ്മൃതി’യില്‍ ലോകദുഃഖത്തില്‍ ആത്മദുഃഖത്തെ മറക്കുന്നു.’സൗഹൃദം’ എന്ന കവിതയില്‍ സമ്പര്‍ക്കം സൗഹൃദമായി വികസിക്കാതെ പോകുന്നു. സൂര്യകിരണം എന്ന കവിതയില്‍ എന്തിനെന്തിനീ സൂര്യകിരണം, സൂര്യകിരണം എന്ന പല്ലവി ആവര്‍ത്തിക്കുന്നു. പാന്ഥരുടെ പെരുവഴിയമ്പലത്തിലെ യോഗവിയോഗങ്ങളെ കുറിച്ചാണ് ഈ കവിത.
ആത്മദുഃഖവും ലോകദുഃഖവും
അജന്ത, ദിവ്യദുഃഖത്തിന്റെ നിഴലില്‍, ആത്മ വിസ്മൃതി, പ്രവാസികള്‍, മാര്‍ഗ്ഗദര്‍ശകര്‍, പിന്നെ?, ഒന്നുമില്ല എന്നീ കവി കളില്‍ ആത്മദുഃഖവും ലോകദുഃഖവും അന്യോന്യം സംക്രമിക്കുന്നു. കാല്പനികത ആത്മദുഃഖത്തെയാണ് എഴുതുന്നത്. ലോകദുഃഖത്തെക്കാള്‍ തീവ്രമായി കരുതുന്നു.ഈ ആത്മരതിയെ യോഗാത്മക ഭാവം കൊണ്ട് ആര്‍.രാമചന്ദ്രന്‍ മറികടക്കുന്നു. ആത്മത്തെ ഭവശൂന്യപകര്‍ച്ചയായി അസ്ഥിരതയായി കാണുന്നു. അജന്ത എന്ന കവിത അജന്താഗുഹാ യാത്രവിവരണമാണ്. ബുദ്ധാനുഭവ സാക്ഷ്യമാണിത്. ക്രമത്തിനും വെളിച്ചത്തിനും പകരം ക്രമരാഹിത്യത്തിന്റെയും ഇരുട്ടിന്റെയും ധനാത്മകതലത്തെ കവിത ആവിഷ്‌ക്കരിക്കുന്നു. സംഭവ്യതാപരമായ ബുദ്ധഭവശാസ്ത്രത്തില്‍ ക്രമരാഹിത്യം തിന്മയല്ല.
‘ദുസ്സഹം മിഴിയില്‍ക്കൂടി കരളില്‍ തുളച്ചെത്തി കത്തിടും വെളിച്ചം. നിത്യ ശീതള തമസ്സിനുത്സംഗത്തില്‍ ശരണം തേടിയെത്തുന്നു നീങ്ങിഴഞ്ഞലഞ്ഞാര്‍ത്തി പൂണ്ടൊരിപുരാതനമാര്‍ഗം.’ തമസ്സേ, ജയിപ്പു കേവലം നിശ്വാസത്താല്‍ നിന്‍ കരളിന്നേകാന്തത നീ നിറയ്ക്കുമ്പോള്‍ കര്‍മ്മപ്രപഞ്ചം വിടര്‍ന്നു ചലിക്കുന്നു.’
ഇവിടെ പ്രപഞ്ചത്തിന്‍ ചക്രഭ്രമണാരവം അമ്പേറ്റുപിടയുന്ന പ്രാവിന്‍ നോവുപോല്‍ മൂര്‍ഛിയ്ക്കുന്നു. ഈ ക്രമരാഹിത്യത്തിന്റെ ഇരുട്ടില്‍ നില്‍ക്കുമ്പോള്‍ കവി സ്വയം വിശ്വസിക്കുന്നില്ല. അജന്തയിലെ ശ്യാമസുന്ദരിയുടെ കണ്ണിലെ കിനാക്കളില്‍ സ്വയം കാണുന്നു. ഈ തൃഷ്ണാവിഷ്ടതയെ കുറിച്ചോര്‍ത്ത് ബുദ്ധന്റെ ചുണ്ടില്‍ വിരിയുന്ന അനുതാപാര്‍ദ്രമായ പുഞ്ചിരി കാണുന്നു.
ദിവ്യദുഃഖത്തിന്റെ നിഴലില്‍ എന്ന കവിതയില്‍ ദുഃഖമൂര്‍ത്തിയായ ദൈവത്തെ കവി കാണുന്നു. ഏകാന്തതയും ദുഃഖവും വഴി കവി ദൈവവുമായി സമാനത പങ്കിടുന്നു.എന്നാല്‍ ഭിന്നതയും ഉണ്ട്.’ നീയനാദ്യന്തന്‍.മൃതിഭീതിയാല്‍ ചേരും സ്വപ്നഭൂമിയില്‍ നൃത്തം ചെയ്യും മുദ്ധസൗന്ദര്യത്തെ നിനയ്ക്കാന്‍ കഴിയാത്തോന്‍’. പാശ്ചാത്യാസ്തിത്വ ദര്‍ശനത്തിലെ നിഹിലിസഗ്രഹണം ഈ കവിതകളില്‍ വിഷനിഴല്‍ വീഴ്ത്തുന്നില്ല. കാരണം ഇവയിലെ ധ്യാനാത്മകഭാവശക്തിയാണ്. ഹെര്‍മ്മന്‍ ഹെസ്സെയുടെ സിദ്ധാര്‍ത്ഥ എന്ന നോവലില്‍ സിദ്ധാര്‍ത്ഥ പ്രബുദ്ധ തനേടുന്നത് നദീദര്‍ശനത്തിലാണ്. സംസാരമാണ് നിര്‍വാണം. കൊടുങ്കാറ്റിന്റെ കൃഷ്ണമണിയില്‍ നിശ്ചലതയുടെ ഇടമുണ്ട്. അതിദ്രുതകാലവാഹനത്തില്‍ ധ്യാനാത്മക ഭാവം നമ്മെ ആന്തരികമായി വിളംബകാലത്തിലേക്ക് നയിക്കുന്നു. സന്ധ്യാനിശ്ശബ്ദതയില്‍ നാം ഈ കവിതകളിലൂടെ ധ്യാനിയ്ക്കുന്നു.
സൂചിക
1 Raimon panikkar The contemplative mood Invisible Harmony Fortress press USA 1995 pages 3-16
2 ആര്‍.രാമചന്ദ്രന്‍ ,കവിത മള്‍ബെറി പ്രസാധനം കറന്റ് ബുക്‌സ് കോട്ടയം പേജ് 172-182
3 അതേ പുസ്തകം, സന്ധ്യാ നിശ്ശബ്ദതയില്‍ ധ്യാനിക്കുമ്പോള്‍- ലേഖനം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in