മുലകളുടെ തടവറയില്‍ നിന്നു കുതറുന്ന സ്ത്രീകളുടെ കഥ

ഈ സിനിമ പറയുന്നത് ഉടലിന്റെ പച്ചയായ രാഷ്ട്രീയമാണ്. പലരും ശ്രമിച്ചിട്ടുണ്ടെങ്കിലും മലയാളത്തില്‍ ഇന്നോളം ആരും പറയാത്ത രീതിയില്‍ ശക്തമായ ദൃശ്യഭാഷയിലൂടെ ശ്രുതിക്കതിനു കഴിഞ്ഞിരിക്കുന്നു. സിനിമയുടെ അണിയറ ശില്‍പ്പികളില്‍ ഭൂരിഭാഗവും സ്ത്രീകള്‍ തന്നെയാണുതാനും.

ഒരു സംശയവുമില്ല, ഫിലിംസ് ഡയറക്ട്ഡ് ബൈ വുമണ്‍ പദ്ധതിയിലൂടെ മലയാള സിനിമാരംഗത്ത് കേരള ചലചിത്ര വികസന കോര്‍പ്പറേഷന്‍ പുതുചരിത്രമെഴുതുകയാണ്. അതിന്റെ പ്രഖ്യാപനമാണ് ഈ പദ്ധതിയില്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ, ശ്രുതി ശരണ്യത്തിന്റെ ‘ബി 32 മുതല്‍ 44 വരെ’ എന്ന സിനിമ. നേരത്തെ താരാ രാമാനുജന്റെ നിഷിദ്ധോ, മിനി ഐ ജിയുടെ ഡിവോഴ്സ് എന്നീ സിനിമകളിലൂടെ സ്ത്രീപക്ഷ സിനിമ എന്താണെന്നു മലയാളി കണ്ടപ്പോള്‍, ഈ സിനിമ പറയുന്നത് ഉടലിന്റെ പച്ചയായ രാഷ്ട്രീയമാണ്. പലരും ശ്രമിച്ചിട്ടുണ്ടെങ്കിലും മലയാളത്തില്‍ ഇന്നോളം ആരും പറയാത്ത രീതിയില്‍ ശക്തമായ ദൃശ്യഭാഷയിലൂടെ ശ്രുതിക്കതിനു കഴിഞ്ഞിരിക്കുന്നു. സിനിമയുടെ അണിയറ ശില്‍പ്പികളില്‍ ഭൂരിഭാഗവും സ്ത്രീകള്‍ തന്നെയാണുതാനും.

ബി 32 മുതല്‍ 44 വരെ എന്ന ചിത്രത്തിന്റെ പേരു സൂചിപ്പിക്കുന്നത് മുലകളുടെ (ബ്രസ്റ്റ്) അളവാണ്. സ്ത്രീജിവിതത്തെ തളച്ചിടാന്‍ എന്നും സമൂഹം ഉപയോഗിക്കുന്ന അവയവമാണല്ലോ മുലകള്‍. അവക്കെത്ര വലുപ്പം വേണം എന്നുപോലും തീരുമാനിക്കുന്നത് മറ്റുള്ളവരാണ്. സിനിമയില്‍ സെയില്‍സ് ഗേള്‍ പറയുന്ന പോലെ ബ്രാ കമ്പനികളടക്കം. അതനുസരിക്കുന്നില്ലെങ്കില്‍ സ്ത്രീകളുടെ ഔദ്യോഗിക ജീവിതം മുതല്‍ കുടുംബജീവിതം വരെ തകരുന്നു. മറ്റുള്ളവരുടെ താല്‍പ്പര്യമനുസരിച്ച് സ്വന്തം മുലകള സംരക്ഷിക്കാനായി ജീവിതത്തിന്റെ വലിയൊരു ഭാഗവും സ്ത്രീകള്‍ക്ക് ചിലവഴിക്കേണ്ടിവരുന്നു. ഈയവസ്ഥ നേരിടുന്ന, സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള ആറു സ്ത്രീകളാണ് ഈ സിനിമയിലെ കഥാപാത്രങ്ങള്‍. ശരീരത്തിലെ ഒരവയവത്തിന്റെ പേരില്‍ പുരുഷാധിപത്യ സമൂഹം സൃഷ്ടിച്ച തടവറയില്‍ നിന്ന് കുതറാനുള്ള ഈ സ്ത്രീകളുടെ ശ്രമങ്ങളാണ് സിനിമയുടെ ഇതിവൃത്തം. അതാകട്ടെ അമിതാവേശമില്ലാതെ, തികച്ചും സിനിമാറ്റിക് ആയി ചിത്രീകരിക്കാന്‍ ശ്രുതിക്കായിരിക്കുന്നു. ഡോക്യുമെന്ററി സ്വഭാവത്തിലേക്കു പോകാവുന്ന സിനിമയെ സ്വന്തം തരികഥയിലൂടെതന്നെ മനോഹരമായ ഫിക്ഷനാക്കാനും ശ്രുതിക്ക് കഴിഞ്ഞിരിക്കുന്നു.

കാന്‍സര്‍ മൂലം മാറിടം നീക്കേണ്ടിവന്നതിനെ തുടര്‍ന്ന് ഭര്‍ത്താവ് അകലുന്നതായി തിരിച്ചറിയുന്ന മാലിനി, മുലകളുടെ വലുപ്പം കുറവായതിനാല്‍ പഞ്ചനക്ഷത്ര ഹോട്ടലിലെ ജോലിയിലെ പ്രമോഷന്‍ നിഷേധിക്കപ്പെടുന്ന ഇമാന, വലുപ്പം കൂടുതലായതിനാല്‍ കുടുംബം പോറ്റാനും ഭര്‍ത്താവിന്റെ ചികിത്സക്കുമായി ബ്രായണിഞ്ഞ് പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്ന ജയ, പ്രായപൂര്‍ത്തിയാകുന്നതിനുമുമ്പ് പ്രസവിച്ച് സ്വന്തം കുഞ്ഞിന് മുലയൂട്ടാനുള്ള അവസരം ലഭിക്കാതെ പാല്‍ചുരക്കുന്ന മുലകളുമായി ക്ലാസിലിരിക്കേണ്ടിവരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനി നിധി, നടിയാകാന്‍ ആഗ്രഹിച്ചതിന്റെ പേരില്‍ ഓഡിഷനെന്നു പറഞ്ഞ് മാറിടത്തില്‍ കയറിപിടിച്ച സംവിധായകനെതിരെ നിയമനടപടിക്കായി പോകുന്ന റേച്ചലും പോലീസില്‍ നിന്നുപോലും അവള്‍ക്കു കേള്‍ക്കേണ്ടി വരുന്ന മാറിടത്തെ കുറിച്ചുള്ള ചോദ്യങ്ങളും, പ്രായത്തില്‍ ഇളയവരില്‍ നിന്നുപോലും മുലപിടിക്കട്ടെ എന്ന ചോദ്യം നേരിടുന്ന സിയ എന്ന ട്രാന്‍സ്മാന്‍ എന്നിവരുടെ ജീവിതമാണ് ശ്രുതി വരച്ചുകാട്ടുന്നത്. ഇവരുടെ ജീവിതങ്ങള്‍ കൂട്ടിയിണക്കുന്നതിലും സംവിധായിക വിജയിച്ചിരിക്കുന്നു. ഇവരെല്ലാം പതുക്കെ പതുക്കെ മുലകള്‍ സൃഷ്ടിക്കുന്ന പാരതന്ത്ര്യത്തെ മറികടക്കാന്‍ ശ്രമിക്കുന്നു.. മുലകളുള്ളതും ഇല്ലാത്തുമാണ് ജന്‍ഡറിലെ വ്യത്യാസമെന്നു ധരിച്ചുവെച്ചിരിക്കുന്ന സമൂഹത്തിനുമുന്നില്‍ അവയുള്ളവര്‍ തമ്മില്‍ തമ്മിലും സ്‌നേഹവും വൈകാരികവും ശാരീരികവുമായ ബന്ധങ്ങളും സാധ്യമാണെന്നും ഈ സിനിമ പറയുന്നു.

‘സ്വന്തം ശരീരത്തിന്റെ പേരില്‍ ഒരിക്കലെങ്കിലും മോശമായ കമന്റുകളോ, നോട്ടമോ, സ്പര്‍ശമോ, മാറ്റി നിര്‍ത്തലുകളോ നേരിടേണ്ടി വരാത്ത ഒരു സ്ത്രീ പോലും ഉണ്ടാവുമെന്ന് തോന്നുന്നില്ല. അത്തരത്തില്‍ ശരീരത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ വച്ച് മാത്രം സ്ത്രീയെ അളക്കുന്ന ഒരു സമൂഹത്തിലാണ് നാം ഓരോരുത്തരും ജീവിക്കുന്നത്. അതുതന്നെയാണ് ഈ സിനിമയുടെ ആശയവും. സ്വന്തം അനുഭവങ്ങളില്‍ നിന്നും പൊതുസമൂഹത്തില്‍ കണ്ടും കേട്ടും മനസ്സിലാക്കിയ സമാനമായ സംഭവങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞു വന്നവരാണ് ഇതിലെ കഥാപാത്രങ്ങള്‍’ ഒരഭിമുഖത്തില്‍ തന്റെ സിനിമയെ കുറിച്ച് ശ്രുതി പറഞ്ഞതിങ്ങനെയാണ്. അതുകൊണ്ടുതന്നെയാണ് ഈ സിനിമയിലെ കഥാപാത്രങ്ങള്‍ വിടാതെ നമുക്കൊപ്പം കൂടിയിരിക്കുന്നത്.

തീര്‍ച്ചയായും ഇത്തരമൊരു സിനിമ നിര്‍മ്മിച്ച ചലചിത്ര വികസന കോര്‍പ്പറേഷനെ അഭിനന്ദിക്കാതിരിക്കാനാവില്ല. അഭിനയത്തിനൊഴികെ സിനിമയുടെ മറ്റേതൊരു മേഖലയിലും പങ്കാളിയാകാന്‍ ഇന്നും സ്ത്രീകള്‍ക്ക് എളുപ്പമല്ല. പ്രബുദ്ധമെന്നൊക്കെ അവകാശപ്പെടുന്ന കേരളമാകട്ടെ അക്കാര്യത്തില്‍ വളരെ പുറകിലുമാണ്. അത്തരം സാഹചര്യത്തിലാണ് കോര്‍പ്പറേഷന്‍ വനിതാ സംവിധായകര്‍ക്കായി ഫിലിംസ് ഡയറക്ട്ഡ് ബൈ വുമണ്‍ എന്ന പദ്ധതിക്കു രൂപം കൊടുക്കുന്നത്. പദ്ധതി വന്‍വിജയമാണെന്നു തന്നെയാണ് പുറത്തുവന്ന മൂന്നു സിനിമകളും നല്‍കുന്ന സൂചന. വൈവാഹിക ജീവിതത്തിന്റെ തടവറകളില്‍ കുരുങ്ങികിടക്കുന്ന ആറു സ്ത്രീകള്‍ അതില്‍ നിന്നു കുതറാന്‍ നടത്തുന്ന ശ്രമങ്ങളായിരുന്നു മിനി ഐ ജിയുടെ ഡിവോഴ്‌സ് എന്ന സിനിമയുടെ ഇതിവൃത്തം. ജീവിതത്തിന്റെ വിവിധ സാഹചര്യങ്ങളില്‍ നിന്നു വരുന്ന ആ സ്ത്രീകള്‍ മുഴുവന്‍ സ്ത്രീകളുടേയും പ്രതിനിധികളാണ്, നമുക്കെല്ലാം അവര്‍ സുപരിചതരുമാണ്. അപ്പോഴും നമുക്കവര്‍ അഹങ്കാരികളുമാണ്. അതിനുമുമ്പ് പുറത്തുവന്ന താരാ രാമാനുജത്തിന്റെ നിഷിദ്ധോയും പറയുന്നത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ജീവിതം തന്നെ. ജീവിതത്തിന് അര്‍ത്ഥം കണ്ടെത്താന്‍ കേരളത്തിലെത്തുന്ന ബംഗാളി യുവാവ് രുദ്രയും തമിഴ് യുവതി ചാവിയുമായുള്ള പ്രണയത്തിലൂടെയാണ്, കേരളത്തില്‍ ലക്ഷകണക്കിനുപേരുണ്ടെങ്കിലും മലയാളിക്ക് ഇപ്പോഴും അപരിചിതരായ ഇതരസംസ്ഥാനതൊഴിലാളികളുടെ ജീവിതം താര ചിത്രീകരിച്ചത്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഒരു ഉത്തരവാദിത്തം കൂടി കോര്‍പ്പറേഷന്‍ ഏറ്റെടുക്കേണ്ടതുണ്ട്. അത് മറ്റൊന്നുമല്ല, കാണാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് മികച്ച സിനിമകള്‍ കാണാന്‍ അവസരമുണ്ടാക്കുക എന്നതുതന്നെ. തിയറ്ററുടമകള്‍ നഷ്ടം സഹിച്ച് ഇത്തരം സിനിമകള്‍ പ്രദര്‍ശിപ്പിക്കമെന്നാഗ്രഹിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല. നല്ല സിനിമകള്‍ എന്നു ഒരു വിഭാഗം കരുതുന്ന സിനിമകള്‍ എല്ലവരും ഇഷ്ടപ്പെടണമെന്നാഗ്രഹിക്കുന്നതും ശരിയല്ല. സിനിമയെ ഗൗരവമായി കാണുന്നതുപോലെ വിനോദമായി കാണാനും അവകാശമുണ്ടല്ലോ. മറിച്ച് ലോകത്തെവിടെയിരുന്നും താല്‍പ്പര്യമുള്ളവര്‍ക്ക് ഈ സിനിമകള്‍ കാണാനുള്ള സംവിധാനം ഇന്നു നിലവിലുണ്ടല്ലോ. ഒ ടി ടിയില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കാനുള്ള സാഹചര്യമുണ്ടാക്കാന്‍ ഇപ്പോഴും സര്‍ക്കാരിനോ കോര്‍പ്പറേഷനോ കഴിയുന്നില്ല. സ്വന്തം ഒ ടി ടി തുടങ്ങുമെന്ന സര്‍ക്കാരിന്റെ ഏറെ കയ്യടി നേടിയ പ്രഖ്യാപനവും ഇതുവരെ നടപ്പായിട്ടില്ല. അതിനിടെ സ്വന്തം സിനിമകള്‍ തിയറ്ററില്‍ തന്നെ കാണണമെന്ന് പ്രേക്ഷകരോട് ആവശ്യപ്പെടുന്ന സംവിധായകരെ നിരന്തരം കാണാം. ഭൂരിപക്ഷം പേരും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലത്ത്, താരതമ്യേന ചിലവു കുറഞ്ഞ ഒ ടി ടി തെരഞ്ഞെടുക്കുന്നിതല്‍ യാതൊരു തെറ്റും കാണാനാവില്ല. കോര്‍പ്പറേഷന്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ളവരുടെ സിനിമകള്‍ക്കും സഹായം നല്‍കുന്നതായി വാര്‍ത്ത കണ്ടു. തീര്‍ച്ചയായും സ്വാഗതാര്‍ഹം. ഒപ്പം സിനിമകള്‍ പ്രേക്ഷകരിലെത്തിക്കാനുള്ള നടപടികളും വേണമെന്നുമാത്രം.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply