ശക്തിപ്പെടുന്ന ബിജെപിയും തളരുന്ന പ്രതിപക്ഷവും : തടയാനാകുമോ ഭരണത്തുടര്‍ച്ച?
2024ല്‍ രാജ്യം മറ്റൊരു പൊതുതെരഞ്ഞെടുപ്പിനെ കൂടി അഭിമുഖീകരിക്കുന്നു. അതിന്റെ മുന്നോടിയായി കര്‍ണ്ണാടക തെരഞ്ഞെടുപ്പു ആസന്നമായിരിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യം വലിയ വെല്ലുവിളി നേരിടുകയാണെന്ന പൊതുബോധം രാജ്യത്തു മാത്രമല്ല നിലവിലുള്ളത്. ലോകം ഒന്നടങ്കം തന്നെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി ശ്രദ്ധയോടെ വീക്ഷിക്കുകയാണെന്നു വ്യക്തം. ബിജെപിക്ക് മൂന്നാമതും ഭരണതുടര്‍ച്ച ലഭിക്കുകയാണെങ്കില്‍ അത് ജനാധിപത്യ – മതേതരത്വത്തിന് ഏല്‍ക്കുന്ന വന്‍ പ്രഹരമായിരിക്കുമെന്നതില്‍ സംശയമില്ല. മറിച്ചായാല്‍ ഇന്ത്യയിലെ മാത്രമല്ല, ലോകത്തെമ്പാടുമുള്ള ജനാധിപത്യവിശ്വാസികള്‍ക്ക് വലിയ പ്രതീക്ഷയായിരിക്കും ലഭിക്കുക. എന്നാല്‍ കാര്യങ്ങളുടെ പോക്ക് നിരാശയിലേക്കാണെന്നാണ് സമീപകാല സംഭവങ്ങള്‍ നല്‍കുന്ന സൂചന.
ലോകസഭാതെരഞ്ഞെടുപ്പിന്റെ റിഹേഴ്‌സലായിട്ടാണ് കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പിനെ ബിജെപി കാണുന്നതെന്ന് വ്യക്തം. കോണ്‍ഗ്രസ്സിനും കര്‍ണ്ണാടകയിലെ വിജയം അതിപ്രധാനമാണ്. ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് ഭരണമുള്ള ഏകസംസ്ഥാനം. പൊതുവില്‍ പാര്‍ട്ടികള്‍ക്ക് മാറിമാറി ഭരണമേല്‍പ്പിക്കുന്നതാണ് ചരിത്രം. അതിനാല്‍ തന്നെ ബിജെപി ആശങ്കയിലാണ്. വിജയത്തിനായി ആദ്യകാലത്ത് ഗുജറാത്തില്‍ നടപ്പാക്കി വിജയിച്ച വെറുപ്പിന്റെ രാഷ്ട്രീയം തന്നെയാണ് ഇവിടേയും പ്രയോഗിക്കുന്നത്. അതിനായി ഉപയോഗിക്കുന്നത് മുസ്ലിം വിരുദ്ധതതന്നെ. ഹിജാബ് നിരോധനത്തിനത്തിലൂടെ അതിന്റെ അടിത്തറ ഇട്ടിരുന്നു. ഇപ്പോഴിതാ സംസ്ഥാനത്തെ മുസ്ലിം സംവരണം പൂര്‍ണമായും എടുത്തുകളഞ്ഞിരിക്കുന്നു. ലക്ഷ്യം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ധ്രുവീകരണ രാഷ്ട്രീയമല്ലാതെ മറ്റെന്ത്? കഴിഞ്ഞ ദിവസം തൃശൂരില്‍ നടന്ന ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം മതത്തിന്റെ പേരിലുള്ള എല്ലാ സംവരണവും എടുത്തുകളയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കന്നുകാലി കശാപ്പ് നിയമം നടപ്പാക്കല്‍, പള്ളികളിലെ ബാങ്ക് വിളി നിയന്ത്രണം, മദ്രസകളെ അധിക്ഷേപിക്കല്‍, ടിപ്പുസുല്‍ത്താന്‍ വിവാദം തുടങ്ങി ഒട്ടേറെ മുസ്ലിം വിരുദ്ധ നടപടികളിലൂടെ മുസ്ലിം സമുദായത്തെ അന്യവത്കരിക്കാനും പ്രകോപിപ്പിക്കാനുമുള്ള ശ്രമങ്ങളാണ് തുടര്‍ച്ചയായി ബി.ജെ.പി ശ്രമിക്കുന്നത്. ഭൂരിപക്ഷ സമദായത്തിന്റെ വോട്ടുകള്‍ നേടുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളതെന്ന് വ്യക്തം. . മുസ്ലിംകളില്‍നിന്ന് എടുത്തുമാറ്റിയ നാല് ശതമാനം സംവരണം ലിംഗായത്ത്, വൊക്കലിഗ സമുദായങ്ങള്‍്ക്ക നല്‍കി അവരുടെ വോട്ടുറപ്പിക്കുക കൂടിയാണ് ബിജെപി ചെയ്തിരിക്കുന്നത്. ഒപ്പം കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്സ് അദികാരത്തില്‍ വന്നാല്‍ ദക്ഷിമേന്ത്യ ഇന്ത്യയില്‍ നിന്ന് വിഭജിക്കപ്പെടുമെന്ന പ്രചാരണവും തുടങ്ങിയിട്ടുണ്ട്. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ മുസ്ലിം സംവരണം പുനസ്ഥാപിക്കുമെന്ന് കോണ്‍ഗ്രസ്സ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ബിജെപി ആസൂത്രണം ചെയ്യുന്നപോലെ സാമുദായിക രാഷ്ട്രീയമാണ് വിധി എഴുതുക എന്നാല്‍ അതിനുള്ള സാധ്യത എത്രയോ കുറവാണ്.
രാജ്യമെമ്പാടും പാര്‍ട്ടിയെ സജീവമാക്കിയും മറ്റുപാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളെ ഭീഷണികളും പ്രലോഭനങ്ങളും വഴി ചാക്കിട്ടുപിടിച്ചും അതിനു കഴിയാത്തവരെ കേന്ദ്ര ഏജന്‍സികളുപയോഗിച്ച് കള്ളക്കേസുകളില്‍ കുടുക്കിയും നീതിപീഠത്തെപോലും സ്വാധീനിച്ച് അനുകൂലവിധികള്‍ നേടിയെടുത്തും മാധ്യമങ്ങളെ കൈക്കലാക്കിയും കൃസ്ത്യന്‍ വിഭാഗങ്ങളെ കൂടെനിര്‍ത്തി ന്യൂനപക്ഷ വിരുദ്ധരല്ല എന്നു സ്ഥാപിക്കാന്‍ ശ്രമിച്ചുമാണ് ബിജെപി ലോകസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാകുന്നത്. എ കെ ആന്റണിയുടെ മകനെന്നതിനേക്കാള്‍ വലിയ പ്രാധാന്യമൊന്നുമില്ലാത്ത അനില്‍ ആന്റണി മുതല്‍ ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും, കോണ്‍ഗ്രസ് നേതാവുമായ കിരണ്‍കുമാര്‍ റെഡ്ഡി വരെയുള്ളവരുടെ സമീപദിവസങ്ങളിലെ കൂറുമാറ്റവും അവയുടെ ആഘോഷവുമൊന്നും കേവലം നിഷ്‌കളങ്കമല്ല എന്നു മനസ്സിലാക്കാന്‍ സാമാന്യ രാഷ്ട്രീയ ബോധം മാത്രം മതി. വിവിധസംസ്ഥാനങ്ങളില്‍ വിവിധ തന്ത്രങ്ങളാണ് ബിജെപി ഉപയോഗിക്കുന്നത്. വലിയ വര്‍ഗ്ഗീയകലാപങ്ങള്‍ സൃഷ്ടിച്ച് അധികാരം നേടിയ സംസ്ഥാനങ്ങളില്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ അവര്‍ ഏറെ ശ്രദ്ധാലുക്കളാണ്. മറിച്ച് ഇത്തവണ രാമനവമി ഘോഷയാത്രകളില്‍ വ്യാപകമായ അക്രമങ്ങള്‍ നടന്നത് ബംഗാളിലും ബിഹാറിലുമാണ്. കാരണം വ്യക്തം. ബംഗാളും ബിഹാറും പിടിയ്ക്കുക എന്നത് ബി.ജെ.പിയുടെ മുഖ്യ അജണ്ടയാണിന്ന്. ഇവിടങ്ങളില്‍ ഇന്ത്യാ വിഭജനകാലത്തെ ഹിന്ദു – മുസ്ലീം ശത്രുതയുടെ അവശിഷ്ടങ്ങളില്‍ നിന്ന് ഇപ്പോഴും വര്‍ഗീയ സംഘര്‍ഷത്തിന്റെ കനല്‍ ഊതി കത്തിച്ചെടുക്കാമെന്ന് അവര്‍ കണക്കുകൂട്ടുന്നു. പഞ്ചാബില്‍ ഉണ്ടായപോലെ ഒരു മതസൗഹാര്‍ദ്ദം ഈ സംസ്ഥാനങ്ങളില്‍ ഉണ്ടാകരുതെന്ന് അവര്‍ ആഗ്രഹിക്കുന്നു. പഞ്ചാബിലെ സമീപകാലത്തെ ഖാലിസ്ഥാന്‍ വാദത്തിനു പുറകില്‍ ആരാണെന്ന സംശയവും ശക്തിപ്പെടുന്നതിനു കാരണവും മറ്റൊന്നല്ല. പാകിസ്താനില്‍ നിന്നുള്ള ഭീകരുടെ നുഴഞ്ഞുകയറ്റങ്ങളുടെ വാര്‍ത്തകളും അതിര്‍ത്തികള്‍ അശാന്തമാകുമെന്ന മുന്നറിയിപ്പുകളും ഇതോടൊപ്പം ചേര്‍ത്ത് വായിക്കാവുന്നതാണ്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
സംഘടനാപരമായി ദുര്‍ബ്ബലമാണെങ്കിലും കോണ്‍ഗ്രസ്സിനെ മുഖ്യ എതിരാളിയായി ഇന്നും ബി.ജെ.പി കാണുന്നുണ്ട്. ജോഡോ യാത്രയിലൂടെയും കോടതിവിധിയിലൂടേയും കൂടുതല്‍ ജനപ്രിതി നേടിയ രാഹുല്‍ ഗാന്ധിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതും കാണാം. കേസുകളില്‍ കുടുക്കി രാഹുലിന്റെ രാഷ്ട്രീയജീവിതം തകര്‍ക്കാനാണ് നീക്കം. നെഹ്‌റു കുടുംബത്തെതന്നെ നിരന്തരമായി അക്രമിക്കുന്നതും അതിന്റെ ഭാഗമാണ്. കോണ്‍ഗ്രസ്സിലെ രാഹുല്‍ സോണിയ നേതൃത്വത്തില്‍ നീരസമുള്ള നേതാക്കളെ അടര്‍ത്തിയെടുക്കാനും ബിജെപി ശ്രമിക്കുന്നത്. രാഹുലിനും കോണ്‍ഗ്രസിനുമൊപ്പം പ്രതിപക്ഷ പാര്‍ട്ടികള്‍ അണിനിരക്കാതിരിക്കാനുള്ള കുതന്ത്രങ്ങളും അവര്‍ നടത്തുന്നു. മോദി രാഹുല്‍ ദ്വന്ദം സൃഷ്ടിക്കുന്നതുതന്നെ അതിനാണെന്നു സംശയിക്കുന്നവരുണ്ട്.
അധികാരത്തില്‍ വന്നാല്‍ ഒരു പുതിയ ഇന്ത്യ സൃഷ്ടിക്കാനൊന്നും പ്രതിപക്ഷത്തിനാവില്ല. എന്നാല്‍ ചുരുങ്ങിയപക്ഷം ജനാധിപത്യവും മതേതരത്വവും നിലനില്‍ക്കാന്‍ ഭരണമാറ്റം ഉണ്ടാകണം. എന്നാല്‍ നിലവിലെ രാഷ്ട്രീയചിത്രം നല്‍കുന്ന സൂചന ആശാവഹമല്ല. അടിയന്തിരാവസ്ഥക്കു ശേഷം നടന്ന തെരഞ്ഞെടുപ്പായിരിക്കണം പ്രതിപക്ഷത്തിന്റെ മാതൃക. എന്നാല്‍ അതിനുള്ള സാധ്യത ഒട്ടും തന്നെയില്ല. ലോകസഭയിലെ സംഭവവികാസങ്ങളിലും രാഹുലിനെ അയോഗ്യനാക്കിയതിലും ഒന്നിച്ചുനിന്ന പാര്‍ട്ടികള്‍ പോലും ഐ ഐക്യം മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിക്കുന്നില്ല. മാത്രമല്ല സാമാന്യം ശക്തിയുള്ള സംസ്ഥാനങ്ങളില്‍ പോലും കോണ്‍ഗ്രസ്സില്‍ രൂക്ഷമായ പ്രശ്‌നങ്ങളാണ്. രാജസ്ഥാന്‍ സര്‍ക്കാരിനെതിരെ സച്ചിന്‍ പൈലറ്റ് പരസ്യ സമരം നടത്തുന്നതുവരെയെത്തിയിരിക്കുന്നു കാര്യങ്ങള്‍. വസുന്ധരരാജെ നേതൃത്വം നല്‍കിയ മുന്‍ ബിജെപി സര്‍ക്കാരിന്റെ അഴിമതികളില്‍ അന്വേഷണം നടത്തി ശക്തമായ നടപടിയെടുക്കുമെന്ന 2018ലെ തെരഞ്ഞെടുപ്പ് വാഗ്ദാനം അശോക് ഗെലോട്ട് പാലിച്ചില്ലെന്നാണ് സച്ചിന്‍ പൈലറ്റിന്റെ മുഖ്യവിമര്‍ശം. ശരിക്കുള്ള പ്രശ്‌നം അതൊന്നുമല്ല എ്ന്ന് ആര്‍ക്കാണറിയാത്തത്? പൈലറ്റിനോട് നേതൃത്വം ചെയ്തത് ശരിയല്ല എന്ന പ്രശ്‌നവും നിലനില്‍ക്കുന്നു. കേരളത്തിലെ കാര്യങ്ങള്‍ പറയാതിരിക്കുകയാണു ഭേദം. രാജ്യത്തെ പ്രതിപക്ഷ കക്ഷികളില്‍ പലതും കോണ്‍ഗ്രസ്സുമായി ഐക്യപ്പെടാന്‍ തയ്യാറായിട്ടില്ല. പല പാര്‍ട്ടികളും മൂന്നാം മുന്നണിക്കായാണ് ശ്രമിക്കുന്നത്. ഒരു ത്രികോണ മത്സരം ഏറ്റവും ആഗ്രഹിക്കുന്നത് ബിജെപിയല്ലാതെ മറ്റേതു പാര്‍ട്ടിയാണ്? മറുവശത്ത് മോദി – അദാനി അവിഹിത ബന്ധത്തെ കേന്ദ്രികരിച്ച് ശക്തമായി ആഞ്ഞടിക്കാന്‍ രാഹുല്‍ ശ്രമിക്കുമ്പോള്‍ അതിനെ അട്ടിമറിക്കാന്‍ സീനീയര്‍ നേതാവ് ശരത് പവ്വാര്‍ തന്നെ ശ്രമിക്കുന്നതും നമ്മള്‍ കാണുന്നു. ഇക്കാര്യത്തില്‍ വേറേയും പ്രതിപക്ഷനേതാക്കളും പവാറിനൊപ്പമാണത്രെ. എന്നാല്‍ വയനാട്ടിലെ ഇന്നത്തെ പ്രസംഗത്തിലും മോദിയും അദാനിയും തമ്മിലെന്താണ് ബന്ധമെന്നും എങ്ങനെയാണ് അദാനി ലോകത്തെ സമ്പന്നരിലെ പട്ടികയില്‍ 609-ാം സ്ഥാനത്തുനിന്ന് രണ്ടാം സ്ഥാനത്തെത്തിയതെന്നും രാഹുല്‍ ആവര്‍ത്തിച്ചു ചോദിച്ചു.
അഖിലേന്ത്യാതലത്തില്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വവും ഓരോ സംസ്ഥാനത്തും കൂടുതല്‍ ശക്തിയുള്ള പാര്‍ട്ടികളുടെ നേതൃത്വം അംഗീകരിച്ചും ഒറ്റകെട്ടായി നില്‍ക്കാന്‍ പ്രതിപക്ഷത്തിനാവുമോ എന്നതാണ് അവസാനചോദ്യം. പ്രധാനമന്ത്രി ആരാകണമെന്നൊക്കെ പിന്നീട് തീരുമാനിക്കാം. സീറ്റുകള്‍ പങ്കുവെയ്ക്കുമ്പോള്‍ അതിരു കടന്ന അവകാശവാദങ്ങള്‍ ഉന്നയിക്കാതിരിക്കണം. രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, കര്‍ണാടക, കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ ശക്തി അംഗീകരിക്കാന്‍ മറ്റു പാര്‍ട്ടികള്‍ തയ്യാരാകണം. മറുവശത്ത് യുപിയില്‍ എസ് പി, ബി എസ് പി, ബീഹാറില്‍ ആര്‍ ജെ ഡി,, നിതീഷ് കുമാര്‍, ഒഡീഷയില്‍ ബി ജെ ഡി, ബംഗാളില്‍ തൃണമൂല്‍, കാശ്മീരില്‍ മെഹബൂബ, ഡല്‍ഹി, പഞ്ചാബില്‍ എ എപി, തമിഴ് നാട്ടല്‍ ഡി എം കെ തുടങ്ങിയ പാര്‍ട്ടികളുടെ സ്വാധീനം അംഗീകരിക്കാന്‍ കോണ്‍ഗ്രസ്സും തയ്യാറാകണം. അല്ലാത്തപക്ഷം പിന്നീട് പശ്ചാത്തപിക്കാന്‍ മാത്രമെ ഈ പാര്‍ട്ടികളുടെ നേതാക്കള്‍ക്ക് സമയം കാണൂ.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രാഹുല്‍ ഗാന്ധി കേബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നടത്തിയ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍ ഉദ്ധരിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കാം. ‘ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് സ്ഥാപനപരമായ ഘടന ആവശ്യമാണ്. പാര്‍ലിമെന്റ്, സ്വതന്ത്രമാധ്യമങ്ങള്‍, നീതിന്യായസംവിധാനം എന്നിവയെല്ലാം ജനാധിപത്യത്തില്‍ അത്യന്തോപേക്ഷിതമാണ്. ഇവക്കുമേലുണ്ടാകുന്ന നിയന്ത്രണങ്ങള്‍ ആ സംവിധാനത്തെ തകര്‍ക്കും. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകള്‍ ഇളക്കുന്ന തരത്തിലുള്ള അക്രമണമാണ് ഇപ്പോള്‍ നടക്കുന്നത്. വലിയ ഭൂവിസ്തൃതിയുള്ള വ്യത്യസ്ത സംസ്‌കാരങ്ങളുള്ള നിരവധി സംസ്ഥാനങ്ങളാണ് ഇന്ത്യയിലുള്ളത്. അത്തരമൊരു രാജ്യത്തിന്റെ മുന്നോട്ടുപോക്കിനു കൂടിയാലോചനകള്‍ ആവശ്യമാണ്. അത്തരം സംവാദങ്ങള്‍ക്കുള്ള സാധ്യതകളാണ് രാജ്യത്ത് ഇല്ലാതാകുന്നത്. പ്രതിപക്ഷത്തെ പാര്‍ലിമന്റില്‍ പോലും സംസാരിക്കാന്‍ അനുവദിക്കുന്നില്ല. പ്രതിപക്ഷനേതാക്കള്‍ക്കെതിരെ നിരന്തരമായി നടപടികളെടുക്കുന്നു, ന്യൂനപക്ഷങ്ങള്‍ അക്രമിക്കപ്പെടുന്നു. മാധ്യമങ്ങളുടെ വായ് മൂടികെട്ടുന്നു. ഇന്ത്യന്‍ ജനാധിപത്യം മഹത്തരമാണ്. എന്നാല്‍ അതിനെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ ശക്തമാകുന്നു. അതിനെ പ്രതിരോധിക്കുകയാണ് നാം ചെയ്യേണ്ടത്.’
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in