അതിന് 2026ല്‍ നിയമസഭാ തെരഞ്ഞെടുപ്പുണ്ടാകുമോ നേതാക്കളെ……!!

കേരളത്തില്‍ നിന്നുള്ള പല കോണ്‍ഗ്രസ്സ് എം പിമാര്‍ക്കും വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാന്‍ താല്‍പ്പര്യമില്ല എന്നതാണല്ലോ സമീപദിവസത്തെ കൗതുകകരമായ ഒരു രാഷ്ട്രീയവാര്‍ത്ത. ടി എന്‍ പ്രതാപന്‍ മുമ്പേ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. ഏഴോളം എം പിമാര്‍ ഇക്കാര്യം രഹസ്യമായും പരസ്യമായും സൂചിപ്പിച്ചതായാണ് വാര്‍ത്തകള്‍. അതിന്റെ കാരണം വളരെ വ്യക്തമാണ്.

ലോകസഭയിലേക്കു മത്സരിച്ചാല്‍ ഒരുപക്ഷെ ജയിക്കുമായിരിക്കാം. എന്നാല്‍ അതുകൊണ്ടെന്തുഗുണം എന്നായിരിക്കാം അവര്‍ ചിന്തിക്കുന്നുണ്ടാകുക. ഒരു ടേം കൂടി എം പിയായി തുടരാം. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിലേക്കാണ് മത്സരി്ക്കുന്നതെങ്കില്‍ മന്ത്രിയാകാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭരണം വരുമെന്നു തന്നെയാണ് അവര്‍ പ്രതീക്ഷിക്കുന്നത്. അ്പപോള്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നീട് മന്ത്രിയാകുക എളുപ്പമായിരിക്കില്ല എന്നുമവര്‍ കരുതുന്നു. മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്ന ശശി തരൂരടക്കമുള്ളവരാണ് ഈ പട്ടികയിലുള്ളത്. തീര്‍ച്ചയായും മന്ത്രിയാകാനുള്ള ഒരു രാഷ്ട്രീയനേതാവിന്റേയും ആഗ്രഹത്തെ കുറ്റപ്പെടുത്താനാവില്ല. ഈ എം പിമാരില്‍ പലരും അതിനര്‍ഹരുമാണ്. മാത്രമല്ല, ഈ ആഗ്രഹം കൊണ്ടുനടക്കുന്നവര്‍ എല്ലാ പാര്‍ട്ടികളിലുമുണ്ട്. കോണ്‍ഗ്രസ്സിലായതിനാല്‍ അതു തുറന്നു പറയാന്‍ കഴിയുന്നു എന്നു മാത്രം. പക്ഷെ കോണ്‍ഗ്രസ്സ് ഹൈക്കമാന്റ്‌പോലും ഇടപെട്ട് ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ പരസ്യമായി പറയരുതെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

രാജ്യം നേരിടുന്ന ഗുരുതരമായ രാഷ്ട്രീയവെല്ലുവിളികള്‍ തിരിച്ചറിയാതെയും അതേറ്റെടുക്കാതേയുമാണ് ഇത്തരത്തില്‍ അധികാരമോഹങ്ങള്‍ തുറന്നു പറഞ്ഞുള്ള ചര്‍ച്ചകള്‍ സജീവമാകുന്നത് എന്നതാണ് ഖേദകരം. എന്തു ധൈര്യത്തിലാണ് 2024ലെ ലോകസഭാ തെരഞ്ഞെടുപ്പിനുശേഷം 2026ല്‍ നിയമസഭയിലേക്ക് തെരഞ്ഞെടുപ്പു നടക്കുമെന്നും തങ്ങള്‍ മന്ത്രിമാരാകുമെന്നും ഇവര്‍ കിനാവു കാണുന്നത്? 2025ല്‍ രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുമെന്ന് ആര്‍ എസ് എസ് 1925ല്‍ തന്നെ പ്രഖ്യാപിച്ചിട്ടുള്ള കാര്യം ഇവരെല്ലാം മറന്നോ? പടിപടിയായി ആ ലക്ഷ്യത്തിലേക്കവര്‍ അടുക്കുന്ന കാഴ്ചയല്ലേ കഴിഞ്ഞ പതിറ്റാണ്ടുകളില്‍ കാണുന്നത്? എന്തിനേറെ, 2018 മെയ് മാസത്തില്‍ ആര്‍.എസ്.എസ്.തലവന്‍ മോഹന്‍ ഭഗവത്തിന്റെ സാന്നിദ്ധ്യത്തില്‍ 2025 ഓടെ ഇന്ത്യ ഹിന്ദു രാഷ്ട്രമാകുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് തന്നെ പ്രഖ്യാപിച്ചല്ലോ. പലപ്പോഴും പരസ്യമായി രംഗത്തുവരാത്ത മോഹന്‍ ഭാഗവത് അടുത്തയിടെ പരസ്യമായിതന്നെ വിദ്വേഷരാഷ്ട്രീയം പ്രസംഗിക്കുന്നതും നാം കേള്‍ക്കുന്നു. അതിന്റെ അവസാന ഉദാഹരണമാണല്ലോ, അടങ്ങിയൊതുങ്ങി കഴിഞ്ഞാല്‍ മുസ്ലിം വിഭാഗങ്ങള്‍ക്ക് ഇവിടെ ജീവിക്കാമെന്ന, കഴിഞ്ഞ ദിവസത്തെ അദ്ദേഹത്തിന്റെ പ്രസ്താവന. 2021 ല്‍ കാശിയില്‍ ചേര്‍ന്ന ഹിന്ദുത്വ സംഘടനകളുടെ ധരംസന്‍സദില്‍ 2025ലേക്കുള്ള ഹിന്ദുരാഷ്ട്രത്തിന്റെ ഭരണഘടന പോലും തയ്യാറാക്കിയ വാര്‍ത്തയുണ്ടായിരുന്നല്ലോ. 2022 ല്‍ പ്രയാഗില്‍ നടന്ന സമ്മേളനത്തില്‍ ഭരണഘടന പൂര്‍ണ്ണമാക്കുവാനും തീരുമാനിച്ചു. മുസ്ലീം, ക്രൈസ്തവ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഈ രാജ്യത്ത് കഴിയാമെങ്കിലും വോട്ടവകാശം ഉണ്ടായിരിക്കുകയില്ലെന്നും അവര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇത്തരമൊരു സാഹചര്യത്തിലാണ് കേരളത്തില്‍ എം പി വേണ്ട, എം എല്‍ എ മതി എന്ന ചര്‍ച്ച നടക്കുന്നത്. ഇന്നു രാജ്യത്തെ ജനാധിപത്യ – മതേതരവാദികള്‍ക്കുമുന്നില്‍ ഒറ്റ ലക്ഷ്യമേ ഉള്ളു, അഥവാ ഉണ്ടാകാന്‍ പാടൂ. അത് 2024ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ മോദിയുടെ തുടര്‍ഭരണത്തിന് അറുതി വരുത്തുക എന്നതായിരിക്കണം. അതിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കേണ്ട സമയമാണിത്. മറിച്ചായാല്‍ 2026ല്‍ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുപ്പു നടക്കുമെന്ന പ്രതീക്ഷയൊന്നും വേണ്ട. ഒറ്റ രാജ്യം, ഒറ്റ ഭാഷ, ഒറ്റ നികുതി, ഒറ്റ സംസ്‌കാരം, ഒറ്റ മതം, ഒറ്റ യൂണിഫോം തുടങ്ങി സംഘപരിവാര്‍ മുന്നോട്ടുവെക്കുന്ന നിരവധി മുദ്രാവാക്യങ്ങളില്‍ ഒന്നാണ് ഒറ്റ തെരഞ്ഞെടുപ്പ് എന്നത് മറക്കണ്ട. പ്രസിഡന്‍ഷ്യല്‍ ഭരണം ഏര്‍പ്പെടുത്തിയാലും അത്ഭുതപ്പെടാനില്ല. അതുമല്ല, ഇനി ന്യൂനപക്ഷങ്ങള്‍ക്ക് വോട്ടവകാശം നിഷേധിച്ചാല്‍ കേരളത്തിലെ തെരഞ്ഞെടുപ്പുരംഗത്തിന്റെ അവസ്ഥയെന്താകും? ഇതൊന്നും നടക്കില്ല എന്നു വിശ്വസിക്കുന്ന ശുദ്ധഹൃദയരുണ്ടാകും. എന്നാല്‍ ബാബറി മസ്ജിദ് തകര്‍ക്കുക, പൗരത്വ ഭേദഗതി നിയമം കൊണ്ടുവരുക, കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുക തുടങ്ങിയവയൊക്കെ നടക്കുമെന്ന് ഏതാനും വര്‍ഷം മുമ്പുവരെ ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ? ഫാസിസത്തെ ഒരിക്കലും അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യരുത്. ഇന്ത്യയുടെ ശക്തിയായ, എല്ലാ മേഖലയിലും നിലനില്‍ക്കുന്ന ബഹുസ്വരതയെ തകര്‍ത്ത് തങ്ങളുടെ മതരാഷ്ട്രം സ്ഥാപിക്കാന്‍ കച്ച കെട്ടിയിറങ്ങിയവരെ തടയുന്നതിനെ കുറിച്ചാലോചിക്കേണ്ട സമയത്താണ് പ്രബുദ്ധമെന്നഹങ്കരിക്കുന്ന കേരളത്തില്‍ എം എല്‍ എ വേണോ എം പി വേണോ എന്ന ചര്‍ച്ച നടക്കുന്നത്. അടിയന്തരാവസ്ഥയെ പിന്തുണച്ച് വോട്ടുചെയ്ത നമ്മള്‍ ഒരുപക്ഷെ അര്‍ഹിക്കുന്നത് അതായിരിക്കാം.

രാജ്യം ഒരിക്കലും കാണാത്ത രീതിയില്‍, രാഹുല്‍ ഗാന്ധി നയിക്കുന്ന ഒരു യാത്ര അതിന്റെ അന്തിമഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് ഈ തര്‍ക്കങ്ങള്‍ എന്നതും പ്രധാനമാണ്. ഫാസിസത്തെ ചെറുക്കാനായി പാര്‍ട്ടി രാഷ്ട്രീയത്തിനപ്പുറത്ത് സിവില്‍ സമൂഹത്തിന്റെ പ്രതിനിധികളുമായും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളുമായും സംവദിച്ചുകൊണ്ടാണ് രാഹുലിന്റെ യാത്ര. ഒപ്പം ദേശീയവും പ്രാദേശികവുമായ മിക്കവാറും പാര്‍ട്ടികളുമായി അദ്ദേഹം ബന്ധപ്പെടുന്നു. ‘കോണ്‍ഗ്രസ്സിന് മാത്രമാണ് ബിജെപിക്ക് ഒരു പ്രത്യയശാസ്ത്ര ബദല്‍ നല്‍കാന്‍ കഴിയുക. പ്രാദേശിക പാര്‍ട്ടികള്‍ക്ക് തങ്ങളുടെ പരിമിതവട്ടത്തിലെ രാഷ്ട്രീയത്തിനപ്പുറം ദേശീയ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിര്‍ണ്ണയിക്കാവുന്ന അളവില്‍ കാഴ്ചപ്പാടുകളില്ല’ എന്നു കൃത്യമായി പറയുന്ന രാഹുല്‍ പക്ഷെ അവരെയെല്ലാം ഐക്യപ്പെടുത്താനുള്ള ശ്രമത്തിലാണ്. യാത്രയോട് ഡിഎംകെ, ശിവസേന, സമാജ്വാദി പാര്‍ട്ടി നിതീഷ് കുമാര്‍, ആര്‍ജെഡി, രാഷ്ട്രീയ ലോക്ദള്‍, നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി എന്നിവയെല്ലാം സഹകരിക്കുന്നുണ്ട്. ആന്ധ്രാ തെലങ്കാനാ പാര്‍ട്ടികളും തൃണമൂലുമാണ് പ്രധാനമായും വിട്ടുനില്‍ക്കുന്നത്. തെരഞ്ഞെടുപ്പടക്കുന്തോറും അവയും വിശാലമായ ഫാസിസ്റ്റു വിരുദ്ധ വേദിയില്‍ വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും മാരിനില്‍്കകാനാവില്ല. ത്രിപുരയിലെ സിപിഎം – കോണ്‍ഗ്രസ്സ് ഐക്യശ്രമങ്ങള്‍ പ്രതീക്ഷ നല്‍കുന്നു. ഒരുപക്ഷെ കേരളത്തില്‍ ബിജെപി വലിയ ശക്തിയല്ല എന്നതിനാലായിരിക്കാം ഇവിടത്തെ കോണ്‍ഗ്രസ്സ് നേതാക്കള്‍ ലോകസഭാ തെരഞ്ഞെടുപ്പിനെ പ്രധാനമായി കാണാത്തത്. ഇവിടെ കോണ്‍ഗ്രസ്സിന്റേയും ബിജെപിയുടേയും മുഖ്യശത്രു ബിജെപിയല്ല എന്നതു ശരിയായിരിക്കാം. ഇവിടെ പതിവുപോലെ മത്സരം നടക്കട്ടെ. അപ്പോഴും ദേശീയനേതൃത്വത്തിനൊപ്പം നിന്ന് ഈ ഭഗീരഥയത്‌നത്തില്‍ പങ്കാളികളാകുകയാണ് ഇപ്പോഴത്തെ പ്രധാന രാഷ്ട്രീയ കടമ എന്നാണവര്‍ തിരിച്ചറിയേണ്ടത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വര്‍ഷങ്ങള്‍്ക്കുമുമ്പ് ഇന്ത്യയെ ഇളക്കിമറിച്ച ഒരു യാത്ര മറക്കാറായിട്ടില്ലല്ലോ. അദ്വാനിയുടെ രഥയാത്രതന്നെയാണ് ഉദ്ദേശിച്ചത്. വംശീയവിഷം ചീറ്റി നടന്ന ആ യാത്രയുടെ പര്യാവസാനം ബാബറി മസ്ജിദ് തകര്‍ക്കുന്നതായിരുന്നു. പിന്നീടും ആ യാത്ര അദൃശ്യമായി തുടരുകയായിരുന്നു. ഭീകരനിയമങ്ങളുടെ ഉപയോഗവും അന്യായമായി തുറുങ്കിലടക്കലുകളും ബീഫിന്റെ പേരിലും ശ്രീരാം വിളിയുടെ പേരിലുമുള്ള അറുംകൊലകളും ചരിത്ര – സാസ്‌കാരിക – വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കലും മറ്റും ആ യാത്രയുടെ ഭാഗമായിരുന്നു. അതിന്റെയെല്ലാം പരിണത ഫലമാണ് മോദി മന്ത്രിസഭ. അടുത്ത ലക്ഷ്യം മുകളില്‍ സൂചിപ്പിച്ചപോലെ മതരാഷ്ട്രം തന്നെ. അതിന്റെ ഭാഗമാണ് മുസ്ലിംവീഭാഗങ്ങള്‍ക്കതിരെ വീണ്ടും ശക്തമാക്കുന്ന വിദ്വേഷ പ്രചാരണം. കാരണം ഫാസിസത്തിനു വളരാന്‍ ഒരു ശത്രു ആവശ്യമാണല്ലോ. ഇന്ത്യന്‍ ഭരണഘടന ഉറപ്പുവരുത്തുന്ന മതസ്വാതന്ത്ര്യത്തെയാണ് ഇക്കുറിയവര്‍ ആയുധമാക്കുന്നത്. കൂടാതെ ഏകീകൃത സിവില്‍ നിയമവും കൊണ്ടുവരുമെന്നു പ്രഖ്യാപിക്കുന്നു. കാശിയിലെയും മഥുരയിലെയും നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന പള്ളികള്‍ നശിപ്പിക്കാനുള്ള ശ്രമവും നടക്കുന്നു. മുസ്ലീം ജനവിഭാഗങ്ങള്‍ തിങ്ങിപാര്‍ക്കുന്നിടങ്ങലിലെ വീടുകളും കടകളും സ്ഥാപനങ്ങളും ഇടിച്ചു നിരത്താനുള്ള നീക്കങ്ങള്‍ ഉപേക്ഷിച്ചിട്ടില്ല. അദാനിയുടെ വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെ രഥയാത്ര ഇപ്പോഴും തുടരുമ്പോള്‍ മറുവശത്ത് രാഹുലിന്റെ സ്‌നേഹത്തിന്റെ യാത്രക്ക് അതിനെ തടുക്കാനാവുമോ എന്നതാണ് രാജ്യം ഉറ്റുനോക്കുന്ന ചോദ്യം. അതിന്റെ മറുപടിയിലാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്‍രേയും മതേതരത്വത്തിന്റേയും ഭാവി എന്നതെങ്കിലും തിരിച്ചറിയാനായാല്‍ ഇത്തരത്തില്‍ അനവസരത്തിലുള്ള ചര്‍ച്ച കേരളത്തില്‍ നടക്കുമായിരുന്നില്ല. നമ്മുടെ രാഷ്ട്രീയ പ്രബുദ്ധത എന്നത് എത്രമാത്രം മിഥ്യയാണെന്നതിന്റെ മറ്റൊരു ഉദാഹരണമായി തന്നെ ഇതിനെ കാണണം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply