മാധ്യമനൈതികതയും രാഷ്ട്രീയ അതിക്രമവും

കൊഴുപ്പുകൂട്ടാനായി കൃത്രിമദൃശ്യങ്ങള്‍ സൃഷ്ടിച്ച് ഏഷ്യാനെറ്റ് വാര്‍ത്തനല്‍കിയെന്ന ആരോപണവും അതിനെതിരെ സ്ഥാപനത്തിന്റെ കൊച്ചി ഓഫീസില്‍ അതിക്രമിച്ചു കയറി ബാനര്‍ വെച്ച എസ്എഫ്‌ഐയുടെ നടപടിയും തുടര്‍ന്ന് കോഴിക്കോട് ഓഫീസില്‍ പോലീസ് നടത്തിയ നാലുമണിക്കൂറോളം നീണ്ട പോലീസ് റെയ്ഡുമാണല്ലോ ഇപ്പോഴത്തെ വിവാദം. സത്യത്തില്‍ ഇതിലൊരു വിവാദത്തിനും സാധ്യതയില്ല. സാമാന്യ രാഷ്ട്രീയ ബോധമുള്ള ആര്‍ക്കും ഏറ്റവും ലളിതമായി നിലപാടെടുക്കാവുന്ന വിഷയമാണിത്. ഈ മൂന്നു സംഭവങ്ങളും നൈതികമായോ രാഷ്ട്രീയമായോ ശരിയല്ല എന്നതാണത്. മൂന്നും ന്യായീകരണമില്ലാത്ത പ്രവര്‍ത്തനങ്ങളാണ്.

നിയമസഭയില്‍ പോലും വലിയ ഏറ്റുമുട്ടലുകള്‍ക്ക് കാരണമായ ഏഷ്യാനെറ്റ് ഒരുവശത്തും സിപിഎമ്മും സര്‍ക്കാരും മറുവശത്തുമായുള്ള അങ്കം തുടങ്ങി കുറച്ചുകാലമായി. അതിന്റെ ഭാഗമായിട്ടായിരുന്നു കഴിഞ്ഞ ആഴ്ച സീനിയര്‍ മാധ്യമപ്രവര്‍ത്തകന്‍ വിനു വി ജോണിനെ സ്‌റ്റേഷനിലേക്ക് വിളിച്ച് പോലീസ് ചോദ്യം ചെയ്തത്. ഒരു കാരണവശാലും അംഗീകരിക്കാവുന്ന നടപടിയായിരുന്നില്ല അത്. സീനിയര്‍ പാര്‍ട്ടി നേതാവ് എളമരം കരിമിനെ അക്രമിക്കാന്‍ വിനു ആഹ്വാനം ചെയ്തു എന്നാരോപിച്ചുള്ള കേസിലായിരുന്നു ചോദ്യം ചെയ്യല്‍. പണിമുടക്കു ദിവസം നടന്ന വ്യാപകമായ അക്രമങ്ങളെ പിച്ചലും മാന്തലുമായി എളമരം കരിം വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ട ന്യൂസ് അവര്‍ ചര്‍ച്ചയിലെ വിനുവിന്റെ ഒരു ചോദ്യമായിരുന്നു കേസെടുക്കാന്‍ കാരണമായത്. അതിങ്ങനെയായിരുന്നു. ‘ഹര്‍ത്താല്‍ ദിവസം നടന്നപോലെ, എളമരം കരീം പോകുന്ന വണ്ടിയൊന്ന് അടിച്ചുപൊട്ടിക്കണമായിരുന്നു. എളമരം കരീം കുടുംബസമേതമായിരുന്നുവെങ്കില്‍ അവരെയൊക്കെ ഒന്നിറക്കി വിടണമായിരുന്നു. എളമരം കരീം പോയ ഒരു വണ്ടിയുടെ കാറ്റഴിച്ചു വിടണമായിരുന്നു. എളമരം കരീമിനെ യാസിറിനെപ്പോലെ മുഖത്തടിച്ചു മൂക്കില്‍ നിന്നു ചോര വരുത്തണമായിരുന്നു. അപ്പോള്‍ അതു മാന്തുകയാണോ പിച്ചുകയാണോ അപമാനിക്കുകയാണോ എന്നു മനസിലാകുമായിരുന്നു. നോവണം. മനുഷ്യനു നോവണം. അല്ലാതെ ഒരു പൗരനെ ആക്രമിച്ചതു റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാന്തി എന്നൊക്കെ പറഞ്ഞാല്‍ ഇവരുടെയൊക്കെ ദേഹത്ത് ഇങ്ങനെയൊക്കെ ആളുകള്‍ ചെയ്താല്‍ ഇവര്‍ മിണ്ടാതിരിക്കുമോ? എന്തൊരു ജനവിരുദ്ധ പ്രസ്താവനയാണിത്? സമരം ചെയ്യാന്‍ അവകാശമുള്ളപ്പോള്‍ തന്നെ ഇന്ത്യന്‍ ഭരണഘടന സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കുന്നുണ്ട്, ആര്‍ട്ടിക്കിള്‍ 19 ഡി ഇന്ത്യയിലെവിടെയും. ജീവിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്, ആര്‍ട്ടിക്കിള്‍ 21. ഇതൊന്നും അറിയാത്തവരല്ല രാജ്യസഭംഗമായ എളമരം കരീമും ഈ സമരത്തിനു നേതൃത്വം നല്‍കുന്നവരും.’ വിനുവിന്റെ ഈ വാക്കുകളെയാണ് എളമരം കരിമിനെ അക്രമിക്കാനുള്ള ആഹ്വാനം എന്നു വ്യാഖ്യാനിച്ച് കേസെടുത്തത്. ഈ സംഭവത്തിനുമുമ്പ് സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ തങ്ങള്‍ക്കും സര്‍ക്കാരിനുമെതിരെ ഗൂഢാലോചനപരമായി നിലപാടെടുക്കുകയും സംഘടിതമായി അക്രമിക്കുകയും തെറ്റായ വിവരങ്ങള്‍ സംപ്രേഷണ ചെയ്യുകയും ചെയ്യുന്നു എന്ന ആരോപണമുന്നയിച്ച് ഏഷ്യാനെറ്റ് ബഹിഷ്‌കരിക്കാന്‍ സിപിഎം തീരുമാനിച്ചിരു്‌നനു. കുറെകാലം അത് നടപ്പിലാക്കുകയും ചെയ്തു.

ഒരു ജനാധിപത്യ സംവിധാനത്തിലെ അവിഭാജ്യഘടകങ്ങളാണ് അല്ലെങ്കില്‍ ആകേണ്ടതാണ് രാഷ്ട്രീയവും മാധ്യമങ്ങളും അഥവാ രാഷ്ട്രീയപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും. തീര്‍ച്ചയായും ഇവര്‍ തന്നില്‍ സ്നേഹത്തോടെയുള്ള ഒരു ബന്ധം ഉണ്ടാകാനിടയില്ല. കാരണം ജനാധിപത്യത്തെ മുന്നോട്ടു നയിക്കുന്നത്, നയിക്കേണ്ടത് രാഷ്ട്രീയ പ്രവര്‍ത്തകരാണെങ്കില്‍ ആ പ്രക്രിയയെ നിരന്തരമായി വീക്ഷിക്കുകയും വിമര്‍ശനവിധേയമാക്കുക.യും ജനങ്ങളെ അരിയിക്കുകയും ചെയ്യേണ്ടത് മാധ്യമങ്ങളാണ്. അതിനാല്‍ ഇവര്‍ക്കിടയില്‍ എന്നും പ്രശ്നങ്ങളുണ്ടാകും. പ്രത്യേകിച്ച് ഭരണത്തെ നിയന്ത്രിക്കുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളും മാധ്യമങ്ങളും തമ്മില്‍. ഇക്കാരണം കൊണ്ടാണല്ലോ ഭരണകൂടത്തിന്റെ ഭാഗമല്ലെങ്കില്‍ കൂടി മാധ്യമങ്ങള്‍ക്ക് ജനാധിപത്യത്തിന്റെ നാലാം തൂണ്‍, ഫോര്‍ത്ത് എസ്‌റ്റേറ്റ് എന്ന പേരുവീണതുതന്നെ.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

എന്നാല്‍ ഇപ്പോള്‍ കാലം മാറിയിരിക്കുന്നു. രാഷ്ട്രീയപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും പരസ്പരം കാത്തുസൂക്ഷിച്ചിരുന്ന ബഹുമാനത്തിന്റെ കാലമൊക്കെ അസ്തമിച്ചിരിക്കുന്നു. പകരം വലിയ ശത്രുക്കളായി തന്നെ അവര്‍ മാറുന്ന കാഴ്ചയാണ് കാണുന്നത്. കക്ഷിരാഷ്ട്രീയത്തിന്റേതായ പക്ഷം പിടിക്കാതെ, അതേ സമയം രാഷ്ട്രീയപക്ഷം പിടിച്ച്, ഭരണകൂടത്തിന്റെ തെറ്റായ നടപടികള്‍ക്കെതിരെ നിരന്തരവിമര്‍ശനമുന്നയിക്കുക എന്നതിനു പകരം പലപ്പോഴും കക്ഷിരാഷ്ട്രീയത്തിന്റേയും മറ്റു പല ഘടകങ്ങളുടേയും നിയന്ത്രണത്തിലാണ് ഇന്ന് മാധ്യമങ്ങള്‍. അവ മിക്കതും കോര്‍പ്പറേറ്റുകളുടെ നിയന്ത്രണത്തിലുമാണ്. പലതും ഭരണകൂടത്തിന്റെ മെഗാഫോണുകളുമാണ്. മാത്രമല്ല ഇന്നവ വാര്‍ത്തകള്‍ വിപണനം ചെയ്യുന്ന വാണിജ്യസ്ഥാപനങ്ങള്‍ മാത്രമാണ്. സ്വാഭാവികമായും മറ്റേതൊരു വാണിജ്യസ്ഥാപനവും പോലെ മാധ്യമങ്ങളും ജനങ്ങള്‍ക്കു താല്‍പ്പര്യമുള്ള വാര്‍ത്തകള്‍ ഉല്‍പ്പാദിപ്പിക്കും. അതിനായി ഇപ്പോള്‍ ചെയ്തപോലെ മാധ്യമനൈതികതക്കു യോജിക്കാത്ത രീതിയില്‍ വാര്‍ത്തകള്‍ ഉല്‍പ്പാദിപ്പിക്കും. ജനങ്ങള്‍ക്ക് താല്‍പ്പര്യമില്ലെങ്കില്‍ അവ ഉപേക്ഷിക്കും. മറുവശത്ത് രാഷ്ട്രീയപ്രസ്ഥാനങ്ങളാകട്ടെ അനുദിനം ജനാധിപത്യവിരുദ്ധരായി മാറുകയാണ്. വിമര്‍ശനങ്ങളെ രാഷ്ട്രീയമായി നേരിടാതെ കായികമായി നേരിടുന്ന അവസ്ഥയിലേക്ക് അവ മാറിയിരിക്കുന്നു. അതിനനുസൃതമായി തില്ലങ്കേരിമാരെ അവര്‍ വളര്‍ത്തിയെടുക്കുന്നു. മാധ്യമങ്ങളായിരിക്കുന്നു അവരുടെ മുഖ്യശത്രു. ഭരണകൂടങ്ങള്‍ക്ക് കയ്യടിച്ച് പട്ടും വളയും വാങ്ങലല്ല, തെറ്റായ നയങ്ങളെ നിരന്തരമായി വീക്ഷിക്കുകയും വിമര്‍ശിക്കുകയും ചെയ്യുകയാണ്് മാധ്യമങ്ങളുടെ ഉത്തരവാദിത്തമെന്നത് അവര്‍ മറക്കുന്നു. അതിനാല്‍ തന്നെ അവയുടെ വായടപ്പിക്കാനുള്ള ശ്രമവും തകൃതിയായി നടക്കുന്നു. എന്തൊക്കെ പ്രശ്നങ്ങളുണ്ടെങ്കിലും മാധ്യമങ്ങളുടെ വാ മൂടുക എന്നത് ജനങ്ങളുടെ വാ മൂടുന്നതിനു തുല്ല്യമാണ്. അടിയന്തരാവസ്ഥകാലത്ത് അതിന്റെ ഭീകരത രാജ്യം കണ്ടതാണ്.

ഗുജറാത്ത് വംശഹത്യയെ പ്രമേയമാക്കിയ ഡോക്യുമെന്ററി വിവാദവുമായി ബന്ധപ്പെട്ട് ബിബിസിയില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ റെയ്ഡിനെതിരെ വ്യാപകപ്രതിഷേധമുയരുകയും പ്രതിഷേധത്തില്‍ ഇടതുപക്ഷം മുന്നില്‍ തന്നെ നില്‍ക്കുകയും മുഖ്യമന്ത്രിയടക്കം പ്രതിഷേധിക്കുകയും ചെയ്ത് ദിവസങ്ങള്‍ക്കുള്ളിലാണ് ഈ സംഭവങ്ങള്‍ എന്നതാണ് ഖേദകരം. ഏഷ്യാനെറ്റിനെതിരെ കിട്ടിയ പരാതിയില്‍ പോലീസ് നടപടിയെടുക്കുന്നു എന്നു മുഖ്യമന്ത്രി തന്നെ നിയമസഭയില്‍ മറുപടി നല്‍കിയതിനു ശേഷമാണ് എസ്എഫ്‌ഐയുടെ അതിക്രമം അരങ്ങേറിയത് എന്നതില്‍ നിന്നുതന്നെ അത് ഉന്നതതലത്തില്‍ ആസൂത്രണം ചെയ്തതാണെന്നു വ്യക്തം. തുടര്‍ന്നു നടന്ന മണിക്കൂറുകള്‍ നീണ്ട റെയ്ഡും അതിനെ ശരിവെക്കുന്നു. ഇപ്പോള്‍ ബിജിപി നേതാവാണ് ഏഷ്യാനെറ്റ് ഉടമ എന്നതുമാത്രമാണ് ഈ സംഭവങ്ങള്‍ക്കു കാരണമെന്നു കരുതുക വയ്യ. മാധ്യമങ്ങള്‍ക്ക് ഭരണകൂടം നല്‍കുന്ന മുന്നറിയിപ്പുതന്നെയാണിത്. കടക്ക് പുറത്ത് എന്നതുതന്നെയാണ് ഇതിലൂടെ പറയുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആവര്‍ത്തിക്കുന്ന ഇത്തരം സംഭവങ്ങളെ തുടര്‍ന്ന് പൊതുജനങ്ങള്‍ക്കിടയിലും ഇപ്പോള്‍ മാധ്യമങ്ങള്‍ക്കെതിരെ പൊതുബോധം രൂപപ്പെട്ടിട്ടുണ്ട്. വാസ്തവത്തില്‍ ഇല്ലാത്ത മഹത്വം മാധ്യമങ്ങള്‍ക്ക് കല്‍പ്പിച്ചു കൊടുത്ത്, അപ്രകാരം പ്രതീക്ഷിച്ച്, അതില്ലാ എന്നു കണ്ടാണ് നമ്മുടെ വിമര്‍ശനങ്ങള്‍. അതിനാലാണ് ജനങ്ങള്‍ തെരഞ്ഞെടുത്ത ഭരണകൂടത്തേയും ജനപ്രതിനിധികളേയുമൊക്കെ വിമര്‍ശിക്കുന്നതിനേക്കാള്‍ ആവേശത്തോടെ സ്വകാര്യ മാധ്യമങ്ങളെ വിമര്‍ശിക്കുന്നത്. ഏതൊരു ഉല്‍പ്പന്നവും പോലെ ഏതൊരു മാധ്യമ സ്ഥാപനത്തിന്റേയും വാര്‍ത്ത എന്ന ഉല്‍പ്പന്നവും നമുക്ക് വാങ്ങാതിരിക്കാം. അതിനാണല്ലോ റിമോട്ട് കണ്‍ട്രോള്‍. ഇപ്പോഴും ജനാധിപത്യം നിലനില്‍ക്കുന്നതിനാല്‍ ഒരു മാധ്യമത്തിനും വാര്‍ത്തകള്‍ തമസ്‌കരിക്കാനാവില്ല. ഏതൊരു മേഖലയിലേയും പോലെ ഈ രംഗത്തും മത്സരം കൊണ്ട് കുറെ ദോഷങ്ങളുണ്ടെങ്കിലും ഗുണങ്ങളുമുണ്ട്… അതിലൊന്നാണ് വാര്‍ത്തകള്‍ തമസ്‌കരിക്കാനാവാത്തത്. വന്‍പരസ്യം നല്‍കുന്ന ബിസിനസുകാരുടേതൊഴികെയുള്ള ഒരു വാര്‍ത്തയും എല്ലാ മാധ്യമങ്ങളും പൂഴ്ത്തിവെക്കില്ല. അതുപോലും സാമൂഹ്യമാധ്യമങ്ങളുടെ കാലത്ത് സാധ്യമല്ലല്ലോ. ഈ സാഹചര്യത്തില്‍ ഇത്തരത്തില്‍ സംഘടിത പ്രചാരണത്തില്‍ എന്തര്‍ത്ഥം? മാത്രമല്ല, മാധ്യമങ്ങള്‍ പറയുന്നതുകേട്ട് പൂര്‍ണ്ണമായും വിശ്വസിക്കുന്നവരാണോ ജനങ്ങള്‍? അത്രമോശമാണോ മലയാളികള്‍? എങ്കില്‍ മിക്കവാറും എല്ലാ മാധ്യമങ്ങളും തങ്ങള്‍ക്കെതിരാണെന്നു ആരോപിക്കുന്ന സിപിഎം തകരുന്നുണ്ടോ? മറുവശത്ത് ഏറ്റവും വലിയ പാര്‍ട്ടിയായ സിപിഎമ്മിന്റെ പത്രവും ചാനലും റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തു വരുമായിരുന്നില്ലേ? മാധ്യമങ്ങളില്‍ തൊഴില്‍ ചെയ്യുന്നവരേയും അമിതമായി ആക്ഷേപിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? സ്വകാര്യമേഖലയിലെ ഏതു ജീവനക്കാരേയും പോലെയാണ് അവരും. അതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നതാണ് തകരാറ്. ഇന്നത് ഒരുപാട് പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ഒരു വാണിജ്യമേഖലയാണ്. എല്ലാ വാണിജ്യസ്ഥാപനങ്ങള്‍ക്കും ബാധകമായ നിയമങ്ങള്‍ അവിടേയും ബാധകമാണ്. അതിനേക്കാള്‍ കൂടുതലോ കുറവോ ആയി ഒന്നുമില്ല. ‘നേരോടെ, നിര്‍ഭയം, നിരന്തരം’ എന്നതൊക്കെ ഏതു കമ്പനിയും ഏതൊരു ഉല്‍പ്പന്നം ഉണ്ടാക്കുമ്പോഴും പുറത്തിറക്കുന്ന പരസ്യങ്ങള്‍ പോലൊരു പരസ്യം മാത്രം. അതുവിശ്വസിച്ച്, അങ്ങനെ ചെയ്യുന്നില്ല എന്നു മുറവിളി കൂട്ടുന്നതില്‍ എന്തര്‍ത്ഥം? അപ്പോഴും ഏതു തൊഴിലും ചെയ്യാനുള്ള അവകാശം പോലെ മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും അതുണ്ട്. അതു നിഷേധിച്ചാല്‍ നഷ്ടപ്പെടുന്നത് ജനങ്ങളുടെ അറിയാനുള്ള അവകാശം കൂടിയാണ്. അതിനാല്‍ തന്നെ അത്തരം നടപടികള്‍ ജനാധിപത്യത്തിനു നേരെയുള്ള വെല്ലുവിളിയാണ്. ഇപ്പോഴത്തെ സംഭവത്തില്‍ ലഭിച്ച പരാതിയില്‍ നിയമനടപടികള്‍ എടുക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അണികളെ തെരുവിലിറക്കുകയോ അമിതമായ പോലീസ് നടപടികളോ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിപരീതഫലമാണുണ്ടാക്കുക.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply