ഹിന്ദുത്വത്തെ മറികടന്ന ഒരു രാഷ്ട്രീയധാരയും നമുക്കില്ല.

സണ്ണി എം കപിക്കാട് ഫാസിസം ഇന്ത്യയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല, അത് വന്നുകൊണ്ടിരിക്കുന്നതേയുള്ളൂ എന്നു പറയുന്നത് ഇന്ത്യന്‍സമൂഹത്തിന്റെ യഥാര്‍ത്ഥ മെക്കാനിസം മനസ്സിലാകാത്തതുകൊണ്ടാണ് എന്നാണു എന്റെ ദൃഢമായ വിശ്വാസം. ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ഫാസിസ്റ്റായുള്ളൊരു സാമൂഹ്യക്രമമുള്ള ഒരേയൊരു രാജ്യം ഇന്ത്യയാണ് എന്ന് നമ്മളറിയണം. ഇത്ര ഭീകരമായ, ഒരു മനുഷ്യന്റെ ചിന്തയും അവന്റെ ബോഡിയും അവന്റെ ചലനങ്ങളും അവന്റെ വികാരങ്ങളും എന്തായിരിക്കണമെന്നു അപരന്‍ തീരുമാനിക്കുന്ന ജാതിവ്യവസ്ഥയുടെ ഹിംസാത്മകതയുള്ള ഇന്ത്യന്‍ സമൂഹത്തെ നമ്മളറിയണം. അവിടുന്നേ തുടങ്ങാന്‍ പറ്റൂ. മോഡിയാണ് ഇന്ത്യയില്‍ ഫാസിസം കൊണ്ടുവന്നത് […]

sssസണ്ണി എം കപിക്കാട്

ഫാസിസം ഇന്ത്യയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല, അത് വന്നുകൊണ്ടിരിക്കുന്നതേയുള്ളൂ എന്നു പറയുന്നത് ഇന്ത്യന്‍സമൂഹത്തിന്റെ യഥാര്‍ത്ഥ മെക്കാനിസം മനസ്സിലാകാത്തതുകൊണ്ടാണ് എന്നാണു എന്റെ ദൃഢമായ വിശ്വാസം. ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ഫാസിസ്റ്റായുള്ളൊരു സാമൂഹ്യക്രമമുള്ള ഒരേയൊരു രാജ്യം ഇന്ത്യയാണ് എന്ന് നമ്മളറിയണം. ഇത്ര ഭീകരമായ, ഒരു മനുഷ്യന്റെ ചിന്തയും അവന്റെ ബോഡിയും അവന്റെ ചലനങ്ങളും അവന്റെ വികാരങ്ങളും എന്തായിരിക്കണമെന്നു അപരന്‍ തീരുമാനിക്കുന്ന ജാതിവ്യവസ്ഥയുടെ ഹിംസാത്മകതയുള്ള ഇന്ത്യന്‍ സമൂഹത്തെ നമ്മളറിയണം. അവിടുന്നേ തുടങ്ങാന്‍ പറ്റൂ.
മോഡിയാണ് ഇന്ത്യയില്‍ ഫാസിസം കൊണ്ടുവന്നത് എന്ന് പറഞ്ഞാല്‍ അതൊരു നുണയാണ് എന്നു ഞാന്‍ പറയും. അതൊരു നുണയാണ്. മറിച്ച്, ഇന്ത്യന്‍ സമൂഹമാണ് യഥാര്‍ത്ഥത്തില്‍ ഫാസിസത്തിന്റെ കേന്ദ്രമായിരിക്കുന്നത്. മനുഷ്യന്റെ ചില ചിന്തകള്‍, ആഗ്രഹങ്ങള്‍ – അതുകൊണ്ടാണ് മനുഷ്യത്വത്തിന്റെ കാര്യത്തില്‍ എനിക്കു സംശയമുള്ളത്. ഇന്ത്യയിലെ സവര്‍ണ്ണനായ ഒരു മനുഷ്യന്റെ ആഗ്രഹം അവര്‍ണ്ണനോട് അയിത്തം പാലിക്കണമെന്നാണ്. അതവന്റെ ധാര്‍മ്മികബാധ്യതയായിട്ടാണ് അവന്‍ മനസ്സിലാക്കുന്നത്. അവന്റെ ധര്‍മ്മബോധത്തെയാണ് നമ്മള്‍ ചോദ്യം ചെയ്യേണ്ടത്. വെറുതെ നമ്മളെല്ലാം മനുഷ്യരാണ് എന്ന് പറയരുത്. അങ്ങനെയല്ല. ഇനി നമ്മള്‍ മനുഷ്യരായിത്തീരേണ്ടിവരും.
ഡോ. ബി. ആര്‍. അംബേദ്കറിന്റെ പ്രസിദ്ധമായൊരു വാക്യമുണ്ട് ‘ഇന്ത്യയിലെ മുഴുവന്‍ മഹാന്മാരും ഇന്ത്യയിലെ അയിത്തജാതിക്കാര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാലിവരാരും, ഇന്ത്യയിലെ സവര്‍ണ്ണര്‍ക്കുവേവേണ്ടി എന്തെങ്കിലും ചെയ്യണമെന്നാഗ്രഹിക്കുന്നില്ല. സവര്‍ണ്ണര്‍ എന്താ എല്ലാം തികഞ്ഞവരാണോ’ എന്നാണാ ചോദ്യം. ഇതാണ് ഇന്ത്യന്‍ ഹിസ്റ്ററിയിലെ ഏറ്റവും വലിയ ചോദ്യം. സവര്‍ണ്ണന്‍ പരിഷ്‌കരിക്കപ്പെടണം എന്ന് നമ്മള്‍ പറയണം. പട്ടികജാതിക്കാരല്ല, ആദിവാസികളല്ല. ഇന്ത്യയിലെ ബ്രാഹ്മണര്‍, അവര്‍ പരിഷ്‌കരിക്കപ്പെടണം എന്ന് നമ്മള്‍ പറയണം.
നമ്മള്‍ ഫാസിസ്റ്റ് വിരുദ്ധ മുന്നണിയാണ് ഉണ്ടാക്കുന്നതെങ്കില്‍, ഇന്ത്യന്‍സമൂഹത്തെ പരിഷ്‌കരിക്കാന്‍ ശ്രമിച്ച സാമൂഹികധാരകളുടെ അര്‍ത്ഥം തേടേണ്ടി വരും. തിരിച്ചുപിടിക്കുന്ന കാര്യമല്ല. അതിവിടെ ഉള്ളതാണ്. അയ്യങ്കാളിയേയും ശ്രീനാരായണഗുരുവിനേയുമൊന്നും ആരും തിരിച്ചുപിടിക്കുകയൊന്നും വേണ്ട. നാരായണഗുരുവിനേയും അയ്യങ്കാളിയേയും കേരളചരിത്രത്തില്‍ സ്ഥാപിച്ച സാമൂഹിക ധാരയുണ്ട്. അതിലൊന്നാണ് കേരളത്തിലെ ദളിത് ധാര. അതിനെ പ്രതിനിധീകരിച്ചാണ് ഞാനിവിടെ വന്നിരിക്കുന്നത്. അല്ലാതെ കേവലമായ മനുഷ്യന്‍ എന്ന നിലക്കല്ല.
ഫാസിസത്തിന്റെ വലിയ പൊട്ടിത്തെറിയൊന്നും ഇല്ലാത്തകാലത്ത് ചരിത്രത്തിനു ആവശ്യമുള്ള ബിംബങ്ങളാണ് അയ്യങ്കാളിയും അംബേദ്കറും പൊയ്കയില്‍ അപ്പച്ചനും ശ്രീനാരായണഗുരുവും സഹോദരന്‍ അയ്യപ്പനുമെന്നു തിരിച്ചറിഞ്ഞ ചരിത്രത്തിലെ ഒരു ധാരയുണ്ട്. നമ്മുടെ സമൂഹത്തെ പരിഷ്‌കരിക്കാന്‍വേണ്ടി നടന്നിട്ടുള്ള അനേകായിരം തീവ്രമായ ശ്രമങ്ങളുടെ ആശയമണ്ഡലത്തില്‍നിന്നുവേണം നമുക്കൊരു ഫാസിസ്റ്റ് വിരുദ്ധ പ്രത്യയശാസ്ത്രമുണ്ടാക്കാന്‍, ഫാസിസ്റ്റ് വിരുദ്ധ നിലപാടുണ്ടാക്കാന്‍.
ഇതേതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയെ കോര്‍ണര്‍ ചെയ്യുന്നതേയല്ല. ഇന്ത്യയിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളിലും ഹിന്ദുത്വമുണ്ടെന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. തെളിയിച്ചു തരാന്‍ പറ്റും. ഈ വേദി അതിനുള്ളതല്ല. ഹിന്ദുത്വമെന്ന സാമൂഹികബോധ്യത്തെ, രാഷ്ട്രീയബോധ്യത്തെ, എത്തിക്കല്‍ ഫിലോസഫിയെ മറികടന്ന ഒരു രാഷ്ട്രീയധാരയും ഇല്ല. ഇന്ത്യയിലെ ദേശീയപ്രസ്ഥാനമോ ഇടതുപക്ഷപ്രസ്ഥാനമോ അതിനെ മറികടന്നു പോയവരല്ല. അതുകൊണ്ടാണ് കാസ്റ്റ് എന്ന വളരെ നിര്‍ണായകമായകാര്യത്തില്‍ വലിയ അഭിപ്രായമൊന്നും ഉണ്ടാക്കാന്‍ കഴിയാതെപോയത്. അതുകൊണ്ട് ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയെ കോര്‍ണര്‍ ചെയ്താല്‍ ഹിന്ദുത്വം അവസാനിക്കും എന്നു നമ്മള്‍ വിചാരിക്കുന്നെങ്കില്‍ അതൊരു മിഥ്യയായിരിക്കും. അതിനപ്പുറം ഇന്ത്യന്‍സമൂഹത്തെ നവീകരിച്ച ധാരകളിലേക്ക് കണ്ണയക്കുകയും അവയില്‍നിന്നുള്ള ധാര്‍മ്മികമായ മൂല്യത്തെ തിരിച്ചുപിടിക്കുകയും ചെയ്താല്‍ ഒരുപക്ഷേ ഫാസിസ്റ്റ് വിരുദ്ധമായ ഒരു മുന്നേറ്റം നമുക്ക് സാധ്യമാവും.
ഇതില്‍ ഏറ്റവും പ്രധാനമായി എനിക്ക് തോന്നുന്ന ഒരുകാര്യം സാഹോദര്യം എന്ന മൂല്യമാണ്. എല്ലാ കീഴാളമുന്നേറ്റങ്ങളും ഇന്ത്യക്ക് സംഭാവന ചെയ്ത ഏറ്റവും മര്‍മ്മപ്രധാനമായ ഒരുകാര്യം സാഹോദര്യമാണ്. ഗുരുപോലും കേരളത്തോട് പറഞ്ഞത് എല്ലാവരും ആത്മസഹോദരരായിരിക്കണം എന്നാണ്. ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെസര്‍വരും സോദരത്വേന വാഴുന്ന’ – സമത്വേന എന്നല്ല പറഞ്ഞത്. അതങ്ങനെത്തന്നെ അടിവരയിട്ടു മനസ്സിലാക്കണം. സഹോദരതുല്യരായി ജീവിക്കണം. ഇത്രയും ജാതിവിഭജനങ്ങളുള്ള ഈ സമൂഹത്തില്‍ സഹോദരതുല്യരായി ജീവിക്കണമെന്നു കേരളത്തെ പഠിപ്പിച്ചത് ഗുരുവാണ്. ഈ പാരമ്പര്യത്തെയാണ് നമ്മള്‍ ചരിത്രത്തിലേക്ക്, രാഷ്ട്രീയദര്‍ശനത്തിന്റെ ആണിക്കല്ലായി കൊണ്ടുവരേണ്ടിവരിക. ഗുരുവിന്റെ ഏറ്റവും പ്രസിദ്ധനായ ശിഷ്യന്റെ പേര് സഹോദരന്‍ അയ്യപ്പന്‍ എന്നാണു. സമത്വ അയ്യപ്പന്‍ എന്നല്ല. ഇത് വേര്‍തിരിച്ചു മനസ്സിലാക്കാന്‍ നമുക്ക് സാധിക്കുന്നില്ലെങ്കില്‍ ചരിത്രത്തിന്റെ ചതിക്കുഴിയില്‍ വീഴാന്‍ സാധ്യതയുണ്ട്.
ഫാസിസ്റ്റ് വിരുദ്ധ മനുഷ്യക്കൂട്ടായ്മ എന്നുപറയുമ്പോള്‍ മനുഷ്യന്‍ എന്ന സങ്കല്പത്തെ പ്രശ്‌നവല്‍ക്കരിക്കാനുള്ള ധൈര്യം നമുക്കു വേണം. കേരളത്തിലങ്ങനെ വലിയ മാന്യന്മാരായ മനുഷ്യരുണ്ടെന്ന് ഞാനെന്തായാലും വിചാരിക്കുന്നില്ല. ആദിവാസിക്കുട്ടികള്‍ നൂറുപേര്‍ പിടഞ്ഞു മരിച്ചാലും കരയാത്തവര്‍ മനുഷ്യരാണെന്നൊന്നും കരുതാന്‍ എനിക്ക് കഴിയില്ല. രണ്ടാമതൊരു കാര്യം ഞാനൊരു ദളിതനായിരിക്കുന്നത് മനുഷ്യനേക്കാള്‍ കുറഞ്ഞ പദവിയായി ഞാന്‍ വിചാരിക്കുന്നേയില്ല. മറിച്ചു, ഇന്ത്യയിലെ മനുഷ്യരെ, മനുഷ്യരാക്കാന്‍ വേണ്ടി യുദ്ധം ചെയ്യുന്ന ഒരാളായിട്ടാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഞാനൊരു കുറഞ്ഞ മനുഷ്യനാണ്, അതുകൊണ്ട് ദളിതനാണ്, ദളിതരല്ലാത്തവരൊക്കെ എന്തോ കൂടിയ മനുഷ്യരാണ്, ഇത്തരം യാതൊരു തെറ്റിദ്ധാരണയും എനിക്കില്ല. ഞങ്ങളേക്കാള്‍ വലിയ മാന്യന്മാരായ മനുഷ്യരൊന്നും കേരളത്തിലുണ്ടെന്ന് ഞാന്‍ വിചാരിക്കുന്നില്ല. ഈ മാനവികതയെ തിരിച്ചുപിടിക്കാനുള്ള ആലോചന കിടക്കേണ്ടത്, ബ്രാഹ്മണ്യത്തില്‍ അധിഷ്ഠിതമായ ഇന്ത്യയെന്ന സമൂഹത്തെ നവീകരിക്കാന്‍ നടത്തിയ ധീരമായ ശ്രമങ്ങളിലാണ്. അല്ലാതെ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെ തലയില്‍ ഇത് കെട്ടിവെക്കരുത് എന്ന് എനിക്കൊരഭിപ്രായമുണ്ട്.
ഇന്ത്യയില്‍ ബ്രാഹ്മണ്യത്തെ യഥാര്‍ത്ഥത്തില്‍ അഡ്രസ് ചെയ്യുകയും പരിശോധിക്കുകയും ചെയ്തത് ഡോ. ബി. ആര്‍. അംബേദ്കറാണ്. ഒരു രാഷ്ട്രത്തിന്റേയും പിന്തുണയില്ലാതെ നൂറുവര്‍ഷത്തിനുശേഷം ഡോ. ബി. ആര്‍. അംബേദ്കര്‍ ചരിത്രത്തിലേക്ക് തിരിച്ചുവരുന്നത് എന്തുകൊണ്ടാണ് എന്ന് നമ്മള്‍ മനസ്സിലാക്കണം. കാരണം ഡോ. ബി. ആര്‍. അംബേദ്കറിലൂടെ മാത്രമേ നമുക്കിത് കണ്ടുപിടിക്കാന്‍ സാധിക്കുകയുള്ളൂ. മാര്‍ക്‌സിനെപ്പോലെ വലിയ മനുഷ്യരുണ്ടായാലും നമുക്കിത് കണ്ടുപിടിക്കാന്‍ പറ്റിക്കൊള്ളണമെന്നില്ല. അംബേദ്കറിലൂടെ തന്നെ വേണ്ടിവരും. അതില്‍ ഖേദിക്കേണ്ട കാര്യമൊന്നുമില്ല.
രണ്ടാമതൊരുകാര്യം, സിദ്ധാന്തത്തിലെവിടെയെങ്കിലും സര്‍വാധിപത്യത്തെക്കുറിച്ചാലോചിക്കുന്നവര്‍ ഒരു ഫാസിസ്റ്റ് വിരുദ്ധസമ്മേളനം നടത്താന്‍ യോഗ്യരല്ല എന്നുഞാന്‍ പറയും. അതായത് എനിക്ക് സര്‍വാധിപത്യം നടത്താന്‍വേണ്ടി തല്‍ക്കാലം ഈ സര്‍വാധിപത്യം വേണ്ട എന്നുപറയുന്ന പണി നിര്‍ത്തിവെക്കണം എന്നാണ് ഞാന്‍ പറയുന്നത്. സര്‍വാധിപത്യമേ പാടില്ല എന്നതുതന്നെ ആയിരിക്കണം നമ്മുടെ നിലപാട്. അത്തരത്തിലുള്ള ഒരു നിലപാടില്ലാതെ ഭാവിയില്‍ ഒരു സര്‍വാധിപത്യം ഉണ്ടാക്കാന്‍ വേണ്ടി നടക്കുന്ന രാഷ്ട്രീയധാരകള്‍ക്ക് യഥാര്‍ത്ഥത്തില്‍ ഈ പറയുന്ന ഹിന്ദു ഫാസിസത്തെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ കഴിയില്ല. അവരൊരുപക്ഷേ കൂടുതല്‍ പരിഷ്‌കരിച്ചു മുന്നോട്ടു വന്നാല്‍ ഒരുപക്ഷേ സാധ്യമായേക്കാം, അത്ര പ്രതീക്ഷയേ എനിക്കുള്ളൂ.
ഇതൊരു മതേതര, ജനാധിപത്യ, പുരോഗമന ഇടമായിട്ടൊന്നും നമ്മള്‍ തെറ്റിദ്ധരിക്കരുത്, നമ്മള്‍ വളരെ പ്രാചീനമായ, പ്രാകൃതമായ, സ്ഥലത്താണ് ജീവിക്കുന്നത് എന്ന് നമ്മളറിയണം. അതുകൊണ്ട് ഗുരുവിലേക്കോ, അംബേദ്കറിലേക്കോ, സഹോദരന്‍ അയ്യപ്പനിലേക്കോ തിരിഞ്ഞിരിക്കുന്ന ഒരു യുക്തിയെ കണ്ടെടുക്കാന്‍ നമുക്ക് പറ്റണം, അതിന്റെ അടിസ്ഥാനത്തിലൊരു ഭാവി കേരളത്തെ ഭാവനചെയ്യാന്‍ പറ്റണം. ആ ഭാവി കേരളത്തില്‍ നമുക്കൊക്കെ മനുഷ്യരായി ജീവിക്കാന്‍ പറ്റണം എന്ന പ്രതീക്ഷ മാത്രമാണ് ഈ സമ്മേളനത്തില്‍ പങ്കെടുക്കുമ്പോള്‍ എനിക്കുള്ളത്.
ഒരു കാര്യം കൂടെ പറഞ്ഞുകൊണ്ട് ഞാന്‍ അവസാനിപ്പിക്കാം. കേരളത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്ന ഒരു മുദ്രാവാക്യമുണ്ട്. എന്നെ കൊല്ലാം, പക്ഷേ പരാജയപ്പെടുത്താന്‍ കഴിയില്ല എന്ന്. ഞാനീ സദസ്സിനോട് പറയുന്നത് – ‘നിങ്ങളെന്നെ കൊല്ലരുത് ഞാന്‍ പരാജയപ്പെടാന്‍ തയ്യാറാണ്’ എന്നാണ്. പരാജയപ്പെട്ടവര്‍ക്കുകൂടി ജീവിക്കാനുള്ള സ്ഥലമാണ് ഭൂമി എന്നു പ്രഖ്യാപിക്കുമ്പോഴാണ് ജനാധിപത്യം ഉദയം ചെയ്യുന്നത്. നമ്മളത് തിരിച്ചറിയണം. കേവലമായ വീരവാദങ്ങളല്ല, യാഥാര്‍ത്ഥ്യബോധത്തിലേക്ക് നമുക്ക് വരാന്‍ കഴിയണം, അതിനു ഈ കൂട്ടായ്മ ഒരു തുറവിയാകട്ടെ, വിയോജിപ്പുകള്‍ ഉയര്‍ത്തുമ്പോഴും, ഇതില്‍ മഹത്തായ പ്രതീക്ഷ പുലര്‍ത്തിക്കൊണ്ടുതന്നെ ഞാന്‍ നിര്‍ത്തുന്നു.

(മനുഷ്യസംഗമത്തില്‍ ചെയ്ത പ്രസംഗം. കടപ്പാട്: അബ്ദുല്‍കരീം ഉത്തല്‍ക്കണ്ടിയില്‍, സുദേഷ് എം. രഘു)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 2 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

2 thoughts on “ഹിന്ദുത്വത്തെ മറികടന്ന ഒരു രാഷ്ട്രീയധാരയും നമുക്കില്ല.

  1. Avatar for Critic Editor

    സുദേഷ് എം രഘു

    ഈ പ്രസംഗത്തിന്റെ ശബ്ദരേഖ മാത്രമേ ഞാന്‍ ഫെയ്സ് ബുക്കിലിട്ടുള്ളൂ. അത് ട്രാന്‍സ്ക്രൈബ് ചെയ്ത് ബ്ലോഗിലിട്ടത് അബ്ദുല്‍കരീം ഉത്തല്‍ക്കണ്ടിയില്‍ ആണ്. കടപ്പാട് വയ്ക്കേണ്ടത് അദ്ദേഹത്തിന്റെ പേരാണ്. http://www.abdulkareem.net/blog/sunnyspeech1/ ഈ ബ്ലോഗില്‍നിന്നല്ലേ ഇത് കോപ്പി പെയ്സ്റ്റ് ചെയ്തത്? എന്നിട്ടും കരീമിനു കടപ്പാട് വയ്ക്കാതിരുന്നത് എന്തുകൊണ്ടാണ്?

Leave a Reply