ഹാദിയ : കോടതിവിധി ‘പൊതുബോധ’ നിര്‍മ്മിതിയോ?
ഹാദിയ കേസ് എന്‍ ഐ എ യെക്കൊണ്ട് അന്വേഷിപ്പിക്കാനുള്ള സുപ്രീംകോടതി വിധിയും അതിനെ പിന്തുണച്ച കേരള സര്‍ക്കാരിന്റെ നിലപാടും ഒരു ജനാധിപത്യ – മതേതരസമൂഹത്തിന് അഭികാമ്യമാണെന്നു കരുതാനാവില്ല. കേസില്‍ അന്തിമ തീരുമാനം എടുക്കുന്നതിന് മുന്‍പ് ഹാദിയയുടെ ഭാഗം കൂടി കേള്‍ക്കണമെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്.കെഹാര്‍ അദ്ധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും അതില്‍ അമിതമായ പ്രതീക്ഷവേണ്ട എന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. ഇസ്‌ലാം മതം സ്വീകരിച്ച വൈക്കം സ്വദേശി ഡോ. ഹാദിയയുടെ വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഭര്‍ത്താവ് ഷഫീന്‍ ജഹാനാണ് […]
ഹാദിയ കേസ് എന്‍ ഐ എ യെക്കൊണ്ട് അന്വേഷിപ്പിക്കാനുള്ള സുപ്രീംകോടതി വിധിയും അതിനെ പിന്തുണച്ച കേരള സര്‍ക്കാരിന്റെ നിലപാടും ഒരു ജനാധിപത്യ – മതേതരസമൂഹത്തിന് അഭികാമ്യമാണെന്നു കരുതാനാവില്ല. കേസില്‍ അന്തിമ തീരുമാനം എടുക്കുന്നതിന് മുന്‍പ് ഹാദിയയുടെ ഭാഗം കൂടി കേള്‍ക്കണമെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്.കെഹാര്‍ അദ്ധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും അതില്‍ അമിതമായ പ്രതീക്ഷവേണ്ട എന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. ഇസ്‌ലാം മതം സ്വീകരിച്ച വൈക്കം സ്വദേശി ഡോ. ഹാദിയയുടെ വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഭര്‍ത്താവ് ഷഫീന്‍ ജഹാനാണ് സുപ്രീം കോടതിയെ സമീപിച്ചത്. 23 കാരിയായ ഹാദിയയും ഷഫീനും തമ്മിലുള്ള വിവാഹം മേയ് 24നു കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതോടൊപ്പം യുവതിയെ മാതാപിതാക്കള്‍ക്കൊപ്പം വിടുകയും ചെയ്തിരുന്നു. ഹൈക്കോടതി ഉത്തരവനുസരിച്ച് പൊലിസ് കാവലില്‍ വൈക്കം ടിവി പുരത്തെ വീട്ടിലാണ് ഹാദിയ ഇപ്പോഴുള്ളത്. ഹാദിയ എന്ന പേരിനു പകരം അവരുടെ പഴയ പേരായ അഖില എന്ന പേരാണ് കോടതി ഉപയോഗിച്ചത്. ഹാദിയയുടെ മതപരിവര്‍ത്തനം പോലും കോടതി അംഗീകരിക്കുന്നില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഹാദിയയുടെ മതം മാറ്റവും വിവാഹവും എന്‍ ഐ എ അന്വേഷിക്കുന്നതിന് വിരോധമില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാടെടുത്ത കേരള സര്‍ക്കാര്‍ ആര്‍.എസ്.എസ് അജണ്ടക്ക് കൂട്ടുനില്‍ക്കുകയാണെന്ന ആരോപണം ശക്തമായിട്ടുണ്ട്.
വിധി പറയുന്നതിനുമുമ്പ് ഹാദിയയോട് വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കും എന്നാണ് കോടതി പറഞ്ഞത്. ഹാദിയയെ കോടതി വിശ്വാസത്തിലെടുക്കുന്നു എങ്കില്‍ അവസാന നിമിഷം സംസാരിക്കുന്നതില്‍ കാര്യമില്ല. ആദ്യമാണ് സംസാരിക്കേണ്ടത്. സ്വന്തം വിവാഹത്തെ കുറിച്ച് അവര്‍ക്കല്ലാതെ മറ്റാര്‍ക്കാണ് വ്യക്തമാി പറയാനാകുക? ഹാദിയ വീട്ടുതടങ്കലില്‍ ആണെന്നും കോടതി അവരോട് ഉടനെ സംസാരിക്കണമെന്നുമുള്ള കപില്‍ സിബലിന്റെ ആവര്‍ത്തിച്ചുള്ള ആവശ്യം ചെവിക്കൊള്ളാതിരുന്നതും, ബ്ലൂ വെയ്ല്‍ ഗെയിമിനെ ഉദാഹരിച്ച് 25 വയസ്സുള്ളവരും സ്വാധീനിക്കപ്പെടാം എന്ന് കോടതി പറഞ്ഞതും ഹാദിയ സ്വാധീനത്തിന് അടിമപ്പെട്ട് തീരുമാനങ്ങള്‍ എടുത്തതാണ് എന്നാണ് കോടതി വിശ്വസിക്കുന്നത് എന്നാണ് കാണിക്കുന്നത്. പിന്നെ എന്തിനാണ് ഈ അന്വേഷണ പ്രഹസനം എന്ന ചോദ്യം ന്യായം.
ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് ഹൈക്കോടതി വിവാഹത്തിന്റെ ന്യായാന്യായങ്ങള്‍ പരിശോധിച്ചത് വിധിപുറപ്പെടുവിച്ചത് എന്നതുതന്നെ അസാധാരണമാണ്. ഏകവിഷയം തടങ്ങലില്‍ ആയിരുന്നോ എന്നതായിരുന്നു. തന്റെ ഇഷ്ടപ്രകാരമാണ് എന്ന പറഞ്ഞുകഴിഞ്ഞാല്‍ പ്രഥമദൃഷ്ട്യാല്‍ അത് ബോധ്യപ്പെടുന്നതോടെ തുടര്‍ അന്വേഷണങ്ങള്‍ അപ്രസക്തമാണ്. ഇനി വിവാഹം നിലനില്‍ക്കില്ലെങ്കില്‍ത്തന്നെ പ്രായപൂര്‍ത്തിയായ വിദ്യാസമ്പന്നരോ അല്ലാത്തവര്‍ക്കോ സ്വബുദ്ധി ഉള്ള ആര്‍ക്കും സ്വമേധയാ ഒരുമിച്ച് താമസിക്കാനുള്ള അവകാശം ഇവിടെയില്ലേ? അഖില എന്ന ഹാദിയയുടെ മതംമാറ്റത്തിന് നിയമസാധുത്വം ഉണ്ടോയെന്നു ഇത്തരം ഹര്‍ജികളില്‍ അന്വേഷിക്കേണ്ടതുണ്ടോ എന്ന സംശയത്തിന് ഇപ്പോഴും നിവാരണമുണ്ടായിട്ടില്ല. സ്വന്തം ഇഷ്ടത്തിനാണ് മതം മാറിയതെന്ന് അവരെത്ര തവണ ആവര്‍ത്തിച്ചു. പരസ്യം നല്‍കിയാണ് വിവാഹം കഴിച്ചതും. എന്നിട്ടും ലൗ ജിഹാദ്, സിറിയ എന്നിങ്ങനെ അടിസ്ഥാനരഹിതമായാണ് പലരും ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. പാസ്‌പോര്ട്ട് പോലുമില്ലാത്ത സ്ത്രീയെ വിദേശത്തേക്ക് കടത്തും എന്നൊക്കെയാണ് ആരോപണം. നിര്‍ഭാഗ്യവശാല്‍ സര്‍ക്കാരും കോടതികളും ഹാദിയയുടെ വാക്കുകളേക്കാള്‍ വിശ്വസിക്കുന്നത് അതാണ്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലും ലോക നിലവാരത്തിലും ഇത്തരം വിഷയങ്ങളില്‍ കോടതികള്‍ പൊതുവേ സ്വീകരിക്കുന്ന നിലപാട് വ്യക്തിയുടെ സ്വയം നിര്‍ണ്ണയാവകാശവും സ്വാതന്ത്രവും പരമപ്രധാനമാണ് എന്നതാണ്. ചില അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ വ്യക്തികള്‍ സ്വന്തം ശരീരത്തിന് ദോഷകരമാകുന്നതോ (നിരോധിച്ച മയക്കുമരുന്നുപയോഗം) ശരീരത്തെതന്നെ ഇല്ലാതാക്കുന്നതോ(ആത്മഹതൃ) ആയ സന്ദര്‍ഭങ്ങളില്‍ മാത്രം കോടതി വ്യക്തിസ്വാതന്ത്രത്തിനുമേല്‍ ക്ഷേമത്തെ പ്രതിഷ്ടിക്കും. ഒരു വ്യക്തി പ്രായപൂര്‍ത്തിയാവുകയും എന്നാല്‍ സ്വയം തീരുമാനമെടുക്കാനുള്ള കഴിവ് ആ വ്യക്തിക്കില്ലായെന്ന് കോടതിക്കു ബോധ്യപ്പെടുകയും ചെയ്താല്‍, ആ വ്യക്തിയുടെ ക്ഷേമത്തിന് ഏറ്റവും അനുഗുണമായി പ്രവര്‍ത്തിക്കാന്‍ സാധ്യതയുള്ള വ്യക്തിയെ കണ്ടെത്തി അവരെ തീരുമാനമെടുക്കാന്‍ ചുമതലപ്പെടുത്തും. ഇത്തരത്തില്‍ ഒരു വ്യക്തിക്ക് സ്വയം തീരുമാനമെടുക്കാനുള്ള കപ്പാസിറ്റിയില്ലായെന്ന അനുമാനത്തിലെത്തിച്ചേരാന്‍ കോടതിക്ക് ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ സാധ്യമല്ല. വ്യക്തിയുടെ മാനസികക്ഷമത ഒരു മെഡിക്കല്‍ ബോര്‍ഡിന്റെ നേരിട്ടുള്ള നിരീക്ഷണ സംവിധാനത്തിലൂടെ അളന്ന് അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് കോടതി തിരുമാനത്തിലെത്തേണ്ടത്. ഇവിടെ അതൊന്നും സംഭവിച്ചിട്ടില്ല. ഞടട ഉം ചിലമാധ്യമങ്ങളുംപ്രചരിപ്പിച്ച ലൗജിഹാദ് വേട്ടയും മലയാളികളുടെ കട ബന്ധകഥകളും മലപ്പുറവും മുസ്ലിം സമൂഹവും ഭീകരന്മാരുടെതാണ് എന്നതുമെല്ലാം മലയാളിയുടെ സാമൂഹികജീവിതത്തിന്റെ നാഡി ഞരമ്പുകളിലേക്ക് ആഴ്ന്നിറങ്ങി ‘ഭൂരിപക്ഷ പൊതുബോധ നിര്‍മ്മിതി’ സമ്പൂര്‍ണ്ണമാക്കി എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ കോടതി വിധികള്‍. അതൊരിക്കലും ജുഡീഷ്യറിയുടെ അന്തസ്സിന് അനുയോജ്യമല്ല.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in