ഹരിതകേരളം തിരിച്ചുപിടിക്കണം

വലിയ പ്രതീക്ഷകളൊക്കെ ഉണ്ടായിരുന്നെങ്കിലും പ്രതീക്ഷിച്ച മഴ ഇതുവരേയും കേരളത്തില്‍ പെയ്തില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതുവരേയും മഴയില്‍ കാല്‍ഭാഗത്തോളം കുറവുണ്ട്. മലയോരജില്ലകളായ ഇടുക്കിയിലും വയനാട്ടിലും മഴ വളരെ കുറവാണ്. കൊല്ലത്തുമാത്രമേ ആവശ്യമുള്ള മഴ പെയ്തിട്ടുള്ളു. ഇത്തരമൊരു സാഹചര്യത്തില്‍ വലിയ ഉത്തരവാദിത്തമാണ് സര്‍ക്കാരിനുള്ളത്. പതിവുപോലെ വേനല്‍കാലമാകാന്‍ കാത്തുനില്‍ക്കാതെ ഇപ്പോള്‍ തന്നെ ജലസംരക്ഷണത്തിനായുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. ജലം സംരക്ഷിക്കുക എന്നാല്‍ ജലസ്രോതസ്സുകളെ സംരക്ഷിക്കലാണെന്ന് കൃഷിമണ്ണുസംരക്ഷണ വകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍ കഴിഞ്ഞ ദിവസം കൂടി പറയുകയുണ്ടായി. റോഡുകളും മിനാരങ്ങളും […]

hh

വലിയ പ്രതീക്ഷകളൊക്കെ ഉണ്ടായിരുന്നെങ്കിലും പ്രതീക്ഷിച്ച മഴ ഇതുവരേയും കേരളത്തില്‍ പെയ്തില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതുവരേയും മഴയില്‍ കാല്‍ഭാഗത്തോളം കുറവുണ്ട്. മലയോരജില്ലകളായ ഇടുക്കിയിലും വയനാട്ടിലും മഴ വളരെ കുറവാണ്. കൊല്ലത്തുമാത്രമേ ആവശ്യമുള്ള മഴ പെയ്തിട്ടുള്ളു. ഇത്തരമൊരു സാഹചര്യത്തില്‍ വലിയ ഉത്തരവാദിത്തമാണ് സര്‍ക്കാരിനുള്ളത്. പതിവുപോലെ വേനല്‍കാലമാകാന്‍ കാത്തുനില്‍ക്കാതെ ഇപ്പോള്‍ തന്നെ ജലസംരക്ഷണത്തിനായുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.
ജലം സംരക്ഷിക്കുക എന്നാല്‍ ജലസ്രോതസ്സുകളെ സംരക്ഷിക്കലാണെന്ന് കൃഷിമണ്ണുസംരക്ഷണ വകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍ കഴിഞ്ഞ ദിവസം കൂടി പറയുകയുണ്ടായി. റോഡുകളും മിനാരങ്ങളും ഫ്‌ലാറ്റുകളും കെട്ടിപ്പൊക്കിയിട്ട് കുടിക്കാന്‍ വെള്ളമില്ലെങ്കില്‍ എന്തു കാര്യം? തണ്ണീര്‍ത്തടങ്ങള്‍ നികത്തപ്പെടുകയോ മറ്റാവശ്യത്തിന് മാറ്റപ്പെടുകയോ ചെയ്തു. ഇത് നിര്‍ബാധം തുടരുന്നു. 44 നദികള്‍ ഒഴുകുന്ന കേരളത്തിലാണ് വേനല്‍കാലത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നത്. അണക്കെട്ടുകളില്‍ വെള്ളമില്ലാതാകുന്നു. കുളങ്ങളും കിണറുകളും വറ്റുന്നു. ഒപ്പം തോടുകളും കായലുകളും നമുക്ക് നഷ്ടപ്പെട്ടു. അവ മലീമസമായി. ജലസ്രോതസ്സുകളെ തണ്ണീര്‍ത്തടങ്ങളെ നീര്‍ത്തടങ്ങളെ ജനകീയ പരിപാടികളിലൂടെ തിരിച്ചു കൊണ്ടുവരികയാണ് ഹരിത കേരളം എന്ന പദ്ധതിയുടെ ലക്ഷ്യമെന്നും അത് ശക്തമായി തുടരുമെന്നും സുനില്‍ കുമാര്‍ പറഞ്ഞു. ചെയ്താല്‍ നന്ന്.
വേനല്‍കാലത്ത് ജലക്ഷാമം രൂക്ഷമായ സമയത്ത് സംസ്ഥാനത്ത് പലഭാഗത്തും മഴക്കുഴി നിര്‍മ്മാണവും ജലാശയങ്ങള്‍ തിരിച്ചുപിടിക്കലുമെല്ലാം ആരംഭിച്ചിരുന്നു. എന്നാല്‍ മഴയാരംഭിച്ചപ്പോള്‍ അത്തരം നീക്കങ്ങളുടെ വേഗത കുറഞ്ഞു. മഴ പെയ്യുമ്പോഴാണ് വെള്ളം സംഭരിക്കേണ്ടത്. ഭൂഗര്‍ഭജലത്തിന്റെ അളവുപോലും വളരെ കുറഞ്ഞിരിക്കുകയാണ്. ഇപ്പോഴത്തെ മഴ കണ്ട് ജലസംരക്ഷണ നടപടികള്‍ ഉദാസീനമാക്കിയാല്‍ രൂക്ഷമായ അവസ്ഥയായിരിക്കും വരും വര്‍ഷം സംഭവിക്കുക.
ഈ സാഹചര്യത്തില്‍ ജലസംരക്ഷണത്തിന്റഎ പ്രാധാന്യത്തെ കുറിച്ച് ഇനിയും ബോധവല്‍ക്കരണം അനിവാര്യമാണ്. ജലസാക്ഷരതയില്‍ നാം വളരെ പുറകിലാണ്. എല്ലാം അറിയുന്നവരാണെന്ന മലയാളിയുടെ അഹന്ത എത്രയോ പൊള്ളയാണെന്ന് ജലത്തോടുള്ള സമീപനത്തില്‍ നിന്നുതന്നെ വ്യക്തം. പ്രായമായവര്‍ ഇനി നന്നാകുമെന്ന് കരുതുക വയ്യ. കുട്ടികളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ഈ വിഷയം വളരെ പ്രാധാന്യത്തോടെ പാഠ്യപദ്ധതിയില്‍ തന്നെ ഉള്‍പ്പെടുത്തേണ്ടതാണ്. ജലമാണ് ജീവന്റെ അടിസ്ഥാനമെന്നും അമ്മയുടെ ഉദരത്തില്‍ നമ്മുടെ ആരംഭം ജലത്തിലാണെന്നും . ജലം ഇറക്കിത്തന്നെയാണ് നമ്മുടെ അവസാനമെന്നും ശരീരത്തിന്റെ 72% ജലമാണെന്നുഭക്ഷണമില്ലാതെ 30 ദിവസം കഴിയാമെങ്കില്‍ ജലമില്ലാതെ മൂന്നു ദിവസം പോലും കഴിയാന്‍ സാധ്യമല്ലെന്നും കുട്ടികളെ ബോധ്യപ്പെടുത്തണം.
198384 കാലത്തെ വരള്‍ച്ചയ്ക്കുശേഷം അതികഠിനമായ വരള്‍ച്ചയാണ് നാം, കഴിഞ്ഞ വര്‍ഷം അനുഭവിച്ചത്. വല്ല പുഴയിലെയോ തോട്ടിലെയോ മലിനജലം ലോറിയില്‍ വാങ്ങിയാണ് നാം പ്രശ്‌നം പരിഹരിച്ചത്. കഴിഞ്ഞ വര്‍ഷം നാസ കേരളത്തിലെ ജലസ്രോതസ്സുകളുടെ വിഭവ ഭൂപടം തയ്യാറാക്കിയപ്പോള്‍ മനസ്സിലായത് കണ്ടല്‍ കാടുകളുടെ നശീകരണം, കടല്‍ക്ഷോഭങ്ങള്‍, നീര്‍ത്തടങ്ങള്‍ നശിപ്പിക്കല്‍, നദീതിര കൈയേറ്റം, നദികളുടെ ശോച്യാവസ്ഥ, പശ്ചിമഘട്ട നശീകരണം, കുളങ്ങള്‍, കിണറുകള്‍ എന്നിവയുടെ തിരോധാനം എന്നിവ മൂലം ജലക്ഷാമം അപകടകരമാം വണ്ണം കൂടുന്നു എന്നായിരുന്നു.കേരളത്തിലെ ഭൂഗര്‍ഭ ജലനിരപ്പ് മഴക്കാലത്തുപോലും അപകടകരമായി താഴുന്നതായി കേന്ദ്ര ഭൂജലപഠനകേന്ദ്രം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. കേരളത്തിന്റെ ജലശേഷി 6840 ദശലക്ഷം ക്യുബിക് മീറ്ററാണ്. എന്നാല്‍ ഇപ്പോള്‍ 2219 ദശലക്ഷം ഘനമീറ്ററായി കുറഞ്ഞിരിക്കുന്നു. ഇതില്‍ ഉപയോഗിക്കപ്പെട്ടത് മഴക്കാലത്തുപോലും റീചാര്‍ജ്‌ചെയ്യപ്പെടുന്നില്ല. കേരളത്തിന്റെ ഭാവിയിലേക്ക് അവശേഷിച്ചിട്ടുള്ള ഭൂഗര്‍ഭ ജലം ഊറ്റുന്നത് കൂടുന്നു. ജലനിരപ്പ് കുറയുന്നു.. ജലത്തിന്റെ ക്രമരഹിതമായ വ്യാപനം, ശാസ്ത്രീയമായ ജലമാനേജ്‌മെന്റിന്റെ അപര്യാപ്തത, മലിനീകരണം, കാലാവസ്ഥാ വ്യതിയാനം, വന നശീകരണം. നീര്‍ത്തട നശീകരണം, ജലം അന്യസംസ്ഥാനങ്ങള്‍ക്ക് ഷെയര്‍ ചെയ്യുന്നതില്‍ അപാകത, ജലസാക്ഷരത ഇല്ലായ്മ,. ജലസ്രോതസ്സുകളുടെ സ്വകാര്യവത്കരണം തുടങ്ങിയവയൊക്കെ ഈ അവസ്ഥക്ക് കാരണമാണ്. മഴയുടെ ക്രമരഹിതമായ വ്യാപനം തടയുന്നതില്‍ നേരിട്ട് നമുക്ക് ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല. പക്ഷേ വിദഗ്ദ്ധമായ ജലമാനേജ്‌മെന്റിലൂടെ കേരളത്തിന്റെ ജലക്ഷാമം ഒരു പരിധിവരെ നിയന്ത്രിക്കാം. ഇതില്‍ ഏറ്റവും കാതലായ ഭാഗമാണ് മന്ത്രി പറഞ്ഞ പോലെ ജലസ്രോതസ്സുകളുടെ സംരക്ഷണം. അതായത് നമ്മുടെ നദികളെയും ചെറുതോടുകള്‍ മുതല്‍ വലിയ ഇടത്തോടുകളെയും കുളങ്ങള്‍, കിണറുകള്‍, ചിറകള്‍ എന്നിവയെയും വ്യക്തമായ പദ്ധതികളിലൂടെ സ്ഥിരമായി സംരക്ഷിക്കണം എന്നര്‍ത്ഥം. അത്തരം നടപടി ഹരിത കേരളത്തില്‍ വിഭാവനം ചെയ്തിട്ടുണ്ട്. നടപ്പാകണമെന്നു മാത്രം.
ജലക്ഷാമത്തിന്റെ മറ്റൊരു പ്രധാനകാരണം വര്‍ധിച്ച തോതിലുള്ള ജല മലിനീകരണമാണ്. അതാകട്ടെ നമ്മുടെ തെറ്റായ വികസന സങ്കല്‍പ്പത്തിന്റഎ ഭാഗമാണ്. പെരിയാര്‍ തന്നെ മികച്ച ഉദാഹരണം. സംസ്ഥാനത്തെ 80 ശതമാനം ജലസ്രോതസ്സുകളും ഓരോ വിധത്തില്‍ മലിനമാക്കപ്പെടുന്നു. എല്ലാ ജലസ്രോതസ്സുകളിലും മനുഷ്യവിസര്‍ജ്യം, മൃഗവിസര്‍ജ്യം, ആശുപത്രി മാലിന്യം, നഗരമാലിന്യം, ഹോട്ടല്‍, ഹോസ്റ്റല്‍, കല്യാണമണ്ഡപങ്ങള്‍, പൊതുസ്ഥലങ്ങള്‍, ഉത്സവങ്ങള്‍, ഫാക്ടറി മാലിന്യങ്ങള്‍ എന്നിവയിലെ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടി അഴുക്കുചാലിനു സമമായി തീര്‍ന്നിരിക്കുന്നു. കുടിവെള്ളം മുട്ടിക്കുന്നതില്‍ ഒന്നാം സ്ഥാനത്ത് കോളിഫോം ബാക്ടീരിയയാണ്. മനുഷ്യവിസര്‍ജ്യത്തില്‍ കാണപ്പെടുന്ന ബാക്ടീരിയയായതിനാല്‍ മറ്റു ജീവികള്‍ക്കെതിരെ നടപടിയെടുക്കാനും വയ്യ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ശേഖരിച്ച 40,439 സാമ്പ്‌ളുകളില്‍നിന്ന് തെരഞ്ഞെടുത്ത 4512 എണ്ണം പരിശോധിച്ചതില്‍ 51.66 ശതമാനത്തിലും കോളിഫോം ബാക്ടീരിയയെ കണ്ടത്തെി. നഗരങ്ങളില്‍ ഇത് 74 ശതമാനമാണ്. കിണറുകളും നമ്മുടെ ശൗചാലയങ്ങളുംവളരെ അടുത്താണ് സ്ഥിതി ചെയ്യുന്നതെന്നതുതന്നെ പ്രധാന കാരണം.
മഴവെള്ള സംഭരണത്തെ കുറിച്ച് വാ തോരാതെ പറയുമ്പോഴും അത് വേണ്ടത്ര നടപ്പാക്കപ്പെടുന്നുണ്ടോ എന്നു പരിശോധിക്കണം. 3000 മി.മി. മഴപെയ്യുന്ന കേരളത്തില്‍ ഒഴുകിയോടുന്ന ജലത്തെ, നടത്തി, ഇരുത്തി, കിടത്തി, ഉറക്കുന്ന പ്രക്രിയയാണ് മഴവെള്ളസംഭരണം. 400 മി.മീ. മുതല്‍ 600 മി.മീ. വരെ മഴ പെയ്യുന്ന രാജസ്ഥാനില്‍ ആളോഹരി ലഭ്യത 15 ലിറ്റര്‍, 3000 മി.മീ. മഴയുള്ള കേരളത്തില്‍ കേവലം 8 ലിറ്റര്‍. ഇവിടത്തെ മഴ കണക്കുകൂട്ടിയാല്‍ ഒരാള്‍ക്ക് 13,000 ലിറ്റര്‍ വെള്ളം കിട്ടും. പക്ഷേ മഴവെള്ളം സംഭരിച്ചുപയോഗിക്കാനോ, മണ്ണിലേക്ക് വിട്ട് ഭൂഗര്‍ഭ ജലത്തെ ഉയര്‍ത്തുവാനോ ആരും ശ്രദ്ധിക്കുന്നില്ല. പ്രതിവര്‍ഷം 77900 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ് നമ്മുടെ പുഴകളിലൂടെ ഒഴുകുന്നത്. ഇതില്‍ 42,700 ദശലക്ഷം ഘനമീറ്റര്‍ വെള്ളം മാത്രമേ നാം ഉപയോഗിക്കുന്നുള്ളൂ അതായത് ഒഴുകുന്നതിന്റെ 60% പാഴായിപ്പോകുന്നു.
44 നദികള്‍, 29 ശുദ്ധജല തടാകങ്ങള്‍, 70 ലക്ഷത്തിലധികം കിണറുകള്‍. കുഴല്‍ക്കിണറുകളും കൂടാതെ കുളങ്ങളും ചാലുകളും വേറെയും. നദികളില്‍നിന്ന് കിട്ടുന്ന വെള്ളത്തിന്റെ രണ്ടര ഇരട്ടി മഴയായും ലഭിക്കുന്നു. ഇവയെല്ലാംകൊണ്ട് സമ്പന്നമായ നാട്ടിലാണ് ഈ ദുരവസ്ഥ എന്നതാണ് കൗതുകകരം. മഴപെയ്ത് തുടങ്ങിയാല്‍ മുറ്റത്തും പറമ്പിലും നിറയുന്ന വെള്ളം പരമാവധി നേരത്തേതന്നെ ചാലുകീറി അടുത്ത പുരയിടത്തിലേക്കോ തോട്ടിലേക്കോ ഒഴുക്കിവിടുന്നപ്രവര്‍ത്തനമാണ് നമ്മള്‍ ഏറെയും ചെയ്യുന്നത്. എങ്ങും ടെല്‍സും കോണ്‍ക്രീറ്റും പതിക്കുമ്പോള്‍ നമ്മള്‍ ചെയ്യുന്നത് വെള്ളത്തിന് ഭൂമിയിലേക്കിറങ്ങാനുള്ള സാഹചര്യം തടയുകയാണ്. ഒരു ചെറിയ കുഴികുത്തി ആ വെള്ളം ഭൂമിയിലേക്ക് ഇറക്കിവിടാന്‍ നമ്മള്‍ ശ്രമിക്കാറില്ല. പിന്നെയെങ്ങനെ കിണറില്‍ വെള്ളം നിറയും.
മഴവെള്ള സംഭരണം, കിണര്‍ റീചാര്‍ജ്ജിങ്ങ്, മഴക്കുഴി നിര്‍മ്മാണം, വനവല്‍ക്കരണം, വയല്‍ കൃഷി, കിണറിന്റെ പൂരിത മേഖലകളുടെ സംരക്ഷണം തുടങ്ങിയവയെല്ലാം ജലസാക്ഷരതയുമായി ബന്ധപ്പെട്ടവയാണ്. മണ്ണില്‍ ജലാംശം നിലനിര്‍ത്താന്‍ മഴക്കുഴി നിര്‍മ്മാണം കൂടാതെ മണ്‍ കയ്യാലകള്‍, കല്ല് കയ്യാലകള്‍, എന്നിവയുടെ നിര്‍മ്മാണവും ചെക്ക് ഡാമുകള്‍ നിര്‍മ്മിക്കല്‍, ജലാശയങ്ങളുടെ സംരക്ഷണം, തലക്കുള സംരക്ഷണം, പുഴ, തോട് സംരക്ഷണം, കുളം നിര്‍മ്മിക്കല്‍ തുടങ്ങിയവ സഹായിക്കും. മണ്ണൊലിപ്പ് തടയുന്നതിനും, മണ്ണിന്റെ ജലസംഭരണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും, ജൈവ വൈവിധ്യം നിലനിര്‍ത്തുന്നതിനും, കാര്‍ഷിക വിളകളുടെ സംരക്ഷണത്തിനും മണ്ണില്‍ മഴവെള്ളം റീചാര്‍ജ്ജ് ചെയ്യുന്നതിലൂടെ സാധിക്കും. ഇക്കാര്യങ്ങളെല്ലാം കാര്യക്ഷമമായി നടപ്പായാല്‍ ഭൂഗര്‍ഭ ജലത്തിന്റെ തോത് വര്‍ദ്ധിക്കും. നദീതീര സംരക്ഷണവും പ്രധാന കാര്യമാണ്. നദികളുടെ ഉത്ഭവ സ്ഥാനം, നദീതീര സംരക്ഷണം, മണല്‍ തിട്ടകളുടെ സംരക്ഷണം, മണല്‍ വാരല്‍ നിയന്ത്രണം, നീരൊഴുക്ക് വര്‍ദ്ധിപ്പിക്കല്‍, ഉപരിതല ഭൂഗര്‍ഭ ജല ലഭ്യത വര്‍ദ്ധിപ്പിക്കല്‍, മാലിന്യ നിക്ഷേപം തടയല്‍, വ്യവസായ മാലിന്യങ്ങള്‍, ഗാര്‍ഹിക മാലിന്യങ്ങള്‍ എന്നിവ നിക്ഷേപിക്കുന്നത് ഒഴിവാക്കല്‍ തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണ്. ഹരിതകേരളത്തെ ബ്രൗണ്‍ കേരളമാക്കിയവരാണ് നാം. ഹരിതകേരളത്തെ തിരിച്ചുപിടിക്കലാണ് അടിയന്തിരമായി ചെയ്യേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply