സോളാര്‍ വിവാദത്തിന്റെ ബാക്കിപത്രം

ടി പി ചന്ദ്രശേഖരന്‍ വധത്തിനുശേഷം കേരളം ഏറ്റവുമധികം ചര്‍ച്ച ചെയ്ത വിഷയമായി സോളാര്‍ വിവാദം മാറിയിരിക്കുന്നു. ടി പി വധത്തില്‍ പ്രതിസ്ഥാനത്ത് സിപിഎം ആണെങ്കില്‍ സോളാറില്‍ കോണ്‍ഗ്രസ്സാണ്. മാധ്യമങ്ങള്‍ തങ്ങള്‍ക്കെതിരെ സിന്‍ഡിക്കേറ്റ് ഉണ്ടാക്കിയെന്നു ആരോപിച്ചിരുന്ന സിപിഎം ഇപ്പോള്‍ ഹാപ്പിയാണ്. പല മാധ്യമങ്ങളും അവര്‍ക്കിപ്പോള്‍ മാനസപുത്രന്മാരാണ്. മറുവശത്ത് കോണ്‍ഗ്രസ്സ് നേതാക്കളാകട്ടെ, സിപിഎം നേതാക്കള്‍ പറയുന്നതുപോലെയല്ലെങ്കിലും മാധ്യമങ്ങളെ വിമര്‍ശിക്കാനും ആരംഭിച്ചു. രാഷ്ട്രീയവിവാദം തുടരട്ടെ. മുഖ്യമന്ത്രി മാറുകയോ മാറാതിരിക്കുകയോ ചെയ്യട്ടെ. മാണിയുടെ ആഗ്രഹം സാധിക്കുകയോ സാധിക്കാതിരിക്കുകയോ ചെയ്യട്ടെ. കേരളത്തില്‍ അതൊന്നും പുതിയ […]

images

ടി പി ചന്ദ്രശേഖരന്‍ വധത്തിനുശേഷം കേരളം ഏറ്റവുമധികം ചര്‍ച്ച ചെയ്ത വിഷയമായി സോളാര്‍ വിവാദം മാറിയിരിക്കുന്നു. ടി പി വധത്തില്‍ പ്രതിസ്ഥാനത്ത് സിപിഎം ആണെങ്കില്‍ സോളാറില്‍ കോണ്‍ഗ്രസ്സാണ്. മാധ്യമങ്ങള്‍ തങ്ങള്‍ക്കെതിരെ സിന്‍ഡിക്കേറ്റ് ഉണ്ടാക്കിയെന്നു ആരോപിച്ചിരുന്ന സിപിഎം ഇപ്പോള്‍ ഹാപ്പിയാണ്. പല മാധ്യമങ്ങളും അവര്‍ക്കിപ്പോള്‍ മാനസപുത്രന്മാരാണ്. മറുവശത്ത് കോണ്‍ഗ്രസ്സ് നേതാക്കളാകട്ടെ, സിപിഎം നേതാക്കള്‍ പറയുന്നതുപോലെയല്ലെങ്കിലും മാധ്യമങ്ങളെ വിമര്‍ശിക്കാനും ആരംഭിച്ചു.
രാഷ്ട്രീയവിവാദം തുടരട്ടെ. മുഖ്യമന്ത്രി മാറുകയോ മാറാതിരിക്കുകയോ ചെയ്യട്ടെ. മാണിയുടെ ആഗ്രഹം സാധിക്കുകയോ സാധിക്കാതിരിക്കുകയോ ചെയ്യട്ടെ. കേരളത്തില്‍ അതൊന്നും പുതിയ കാര്യമല്ല. എന്നാല്‍ വളരെ മോശപ്പെട്ട ഒരു ഫലമാണ് ഈ വിവാദം മൂലം ഉണ്ടായിരിക്കുന്നത്. ടി പി വധവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ചെറിയ തോതിലെങ്കിലും രാഷ്ട്രീയ ഏറ്റുമുട്ടലുകളെ കുറക്കാന്‍ സഹായിച്ചു. എന്നാല്‍ സോളാര്‍ വിവാദത്തിന്റെ ഫലം വളരെ നിഷേധാത്മകമാമെന്നു പറയാതെ വയ്യ.
സോളാര്‍ പാനലുകളുടെ വിപണനത്തെ വിവാദം വളരെ പ്രതികൂലമായി ബാധിച്ചു എന്ന വസ്തുതയാണ് ചൂണ്ടികാട്ടുന്നത്. ഈ മേഖലയിലേക്കിറങ്ങിയ വ്യാപാരികളെല്ലാം പ്രതിസന്ധിയിലാണ്. ഏറെകാലമായി സൗരോര്‍ജ്ജത്തെ കുറിച്ച് നാം വാ തോരാതെ പ്രസംഗിക്കാറുണ്ടെങ്കിലും പ്രായോഗികമാകാന്‍ തുടങ്ങി അധികകാലമായിട്ടില്ല. തത്വത്തില്‍ സോളാര്‍ എനര്‍ജിയുടെ പ്രാധാന്യം അംഗീകരിക്കുമ്പോഴും പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള ചിലവ് കൂടുതലായതിനാലാണ് ഇത് വ്യാപകമായി പ്രചാരത്തിലാകാത്തത്. എന്നാല്‍ അടുത്തയിടെ അതില്‍ കാര്യമായ മാറ്റം ആരംഭിച്ചിരുന്നു. നിരവധി സംരംഭകര്‍ ഈ മേഖലയിലേക്ക് പ്രവേശിച്ചു. ഏറെ കൊട്ടിഘോഷിക്കുന്ന അനര്‍ട്ട് സബ്‌സിഡി കഴിച്ച് നല്‍കുന്ന വിലയേക്കാള്‍ കുറഞ്ഞ വിലക്ക് സോളാര്‍ പാനലുകള്‍ മാര്‍ക്കറ്റിലെത്തി. വളരെ കുറഞ്ഞ വിലക്ക് ചൈനീസ് ഉല്‍പ്പനങ്ങളും സജീവമായി രംഗത്തുണ്ട്. വീടോ സ്ഥാപനങ്ങളോ മുഴുവനായി കഴിഞ്ഞില്ലെങ്കിലും ഭാഗികമായി സോളാര്‍വല്‍ക്കരിക്കാനുള്ള സാധ്യതകളും വര്‍ദ്ധിച്ചു. പുതിയതായി വലിയ വീടുകള്‍ നിര്‍മ്മിക്കുന്നവര്‍ സോളാര്‍ പാനല്‍ സ്ഥാപിക്കണെമന്ന നിയമം കൊണ്ടുവരുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ചിന്തിച്ചുതുടങ്ങി. ഈ സാഹചര്യത്തില്‍ സ്വാഭാവികമായും അഴിമതിക്കാരും രംഗത്തെത്തി. ഉദ്യേഗസ്ഥരേയും നേതാക്കളേയുമെല്ലാം സ്വാധീനിച്ച് തങ്ങള്‍ക്കനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടാക്കാനും മറുവശത്ത് അതേകുറിച്ച് പറഞ്ഞ് പലരില്‍ നിന്നും പണം തട്ടാനും അവരാരംഭിച്ചു. പതിവുപോലെ എത്ര അനുഭവമുണ്ടെങ്കിലും എത്രതല്ലിയാലും ഞാന്‍ നന്നാവില്ല അമ്മാവാ എന്നു ചൊല്ലുപോലെ പലരും അവര്‍ക്കു പണം കൊടുത്തു. മുഖ്യമന്ത്രിയുടെ ഓഫീസിനുപോലും ഇതില്‍ പങ്കുണ്ടെന്ന വസ്തുതയാണ് മറ്റു തട്ടിപ്പുകളേക്കാള്‍ സോളാര്‍ തട്ടിപ്പിനെ വ്യത്യസ്ഥമാക്കുന്നത്. തീര്‍ച്ചയായും സത്യസന്ധമായ അന്വേഷണം നടക്കണം. കുറ്റക്കാര്‍ എത്ര ഉന്നതരായാലും പിടിക്കപ്പെടണം. ആരോപണവിധേയരായ മുഖ്യമന്ത്രിയടക്കമുള്ളവര്‍ മാറി നിന്ന് അന്വേഷണത്തെ നേരിടുന്നതുതന്നെയാണ് ഉചിതം. അതിലൊന്നും സംശയമില്ല.എന്നാല്‍ ഏറെ ദിവസമായി നടക്കുന്ന ഈ വിഴുപ്പലക്കലില്‍ സോളാര്‍ ഊര്‍ജ്ജം തന്നെ തട്ടിപ്പാണ് എന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. സരിതോര്‍ജ്ജം എന്ന പ്രയോഗം തന്നെ നോക്കുക. നേതാക്കളില്‍ വി എസ് മാത്രമാണ് ഈ വിഷയം ചൂണ്ടികാട്ടിയത്. ഒരു വശത്ത് അപകടകരമായ കൂടംകുളം പോലുള്ള പദ്ധതികള്‍ കമ്മീഷന്‍ ചെയ്യുകയും മറുവശത്ത് കാടിനേയും പുഴയേയും തകര്‍ക്കുന്ന അതിരപ്പിള്ളി പോലുള്ള പദ്ധതികള്‍ക്കായി മുറവിളി വര്‍ദ്ധിക്കുകയും ചെയ്യുമ്പോഴാണ് ഇതു സംഭവിക്കുന്നത് എന്നതാണ് ദുഖകരം. വൈദ്യുത കമ്മിയുടെ പേരില്‍ അവ ന്യായീകരിക്കപ്പെടുന്നു. മറുവശത്ത് അനന്തമായ സൗരോര്‍ജ്ജ സ്രോതസ്സാകട്ടെ ഇത്തരത്തില്‍ തകര്‍ക്കപ്പെടുന്നു. പരിധി വിട്ടുള്ള വിവാദങ്ങളുടെ അവസാനം ഇങ്ങനെയൊക്കെതന്നെ. രണ്ടുവര്‍ഷംമുമ്പ് ഇതുപോലെ മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്നാവശ്യപ്പെട്ടുണ്ടാക്കിയ വിവാദം ഓര്‍മ്മയുണ്ടല്ലോ. അതേ അവസ്ഥയായിരിക്കും ഈ വിവാദത്തിനും ഉണ്ടാകുക എന്നതില്‍ സംശയം വേണ്ട.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “സോളാര്‍ വിവാദത്തിന്റെ ബാക്കിപത്രം

  1. പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകളെ പ്രോത്സാഹിപ്പിക്കേണ്ടതുതന്നെ. എന്നാല്‍ എസ്-വേസ്റ്റ് (സോളാര്‍ വേസ്റ്റ്) നാളത്തെ ഭാരമാകാതിരിക്കാനുള്ള നടപടികളും ഉണ്ടാവേണ്ടതാണ്. ബാറ്ററി മാത്രമെ റീപ്രയിസ് ചെയ്യുന്നുള്ളു. സോളാര്‍ പനല്‍ സ്ഥപിക്കുന്നതില്‍ ഞാനും ഉള്‍പ്പെടുന്നു. അതിനാലാണ് വേസ്റ്റിനെപ്പറ്റിയും ചിന്തിക്കുന്നത്.

Leave a Reply