സിവില്‍ നിയമത്തെ ക്രിമിനലാക്കുമ്പോള്‍

ലിംഗനീതി എന്നത് ആധുനിക കാലത്തിന്റെ മുഖമുദ്രയാണ്. എന്ത് ആചാരത്തിന്റെ പേരിലും പാരമ്പര്യത്തിന്റ പേരിലും അതില്‍ ഒരിളവും അനുവദിച്ചുകൂടാ. ശബരിമലയിലെ യുവതീപ്രവേശനം അനിവാര്യമാകുന്നത് അങ്ങനെയാണ്. ഇപ്പോളിതാ ലോകസഭ പാസ്സാക്കിയ മുത്‌ലാഖ് വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചയും പോകുന്നത് ആ ദിശയിലേക്കാണ്. അതേസമയം മറ്റൊരു സമുദായത്തിനും ബാധകമല്ലാത്ത രീതിയില്‍ സിവില്‍ നിയമത്തിനകത്തു ക്രിമിനല്‍ നിയമം കൊണ്ടുവരാനുള്ള നീക്കവും അപരിഷ്‌കൃതമാണ്. പുറംവാതിലിലൂടെ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കവും ചെറുക്കപ്പെടണം. മൂന്നു തലാഖും ഒന്നിച്ചു ചൊല്ലി വിവാഹമോചനം നേടാനാവുന്ന സംവിധാനം ലിംഗനീതിയുടെ നിഷേധം […]

t

ലിംഗനീതി എന്നത് ആധുനിക കാലത്തിന്റെ മുഖമുദ്രയാണ്. എന്ത് ആചാരത്തിന്റെ പേരിലും പാരമ്പര്യത്തിന്റ പേരിലും അതില്‍ ഒരിളവും അനുവദിച്ചുകൂടാ. ശബരിമലയിലെ യുവതീപ്രവേശനം അനിവാര്യമാകുന്നത് അങ്ങനെയാണ്. ഇപ്പോളിതാ ലോകസഭ പാസ്സാക്കിയ മുത്‌ലാഖ് വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചയും പോകുന്നത് ആ ദിശയിലേക്കാണ്. അതേസമയം മറ്റൊരു സമുദായത്തിനും ബാധകമല്ലാത്ത രീതിയില്‍ സിവില്‍ നിയമത്തിനകത്തു ക്രിമിനല്‍ നിയമം കൊണ്ടുവരാനുള്ള നീക്കവും അപരിഷ്‌കൃതമാണ്. പുറംവാതിലിലൂടെ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കവും ചെറുക്കപ്പെടണം.
മൂന്നു തലാഖും ഒന്നിച്ചു ചൊല്ലി വിവാഹമോചനം നേടാനാവുന്ന സംവിധാനം ലിംഗനീതിയുടെ നിഷേധം തന്നെയാണ്. അത് നിയമവിരുദ്ധവുമാണെന്ന് സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് തന്നെ ചൂണ്ടിക്കാട്ടിയതുമാണ്. തികച്ചും ഏകപക്ഷീയമായ അടിച്ചേല്‍പ്പിക്കലാണ്. അതിനു കാലാനുസൃതമായ മാറ്റും വന്നേ തീരു. മറുവശത്ത് സ്ത്രീക്ക് സമാനരീതിയില്‍ വിവാഹമോചനം നുവദിക്കുന്നു എന്നവകാശപ്പെടുന്ന ഫസക് നടപ്പാക്കപ്പെടുന്നില്ല എ്ന്ന യാഥാര്‍ത്ഥ്യവും നിിലനില്‍ക്കുന്നു. ബന്ധമൊഴിയാന്‍ വിവാഹ ബന്ധത്തിലേര്‍പ്പെട്ട രണ്ടുപേര്‍ക്കും തുല്യാവകാശം ലഭിക്കണം എന്നതില്‍ ഒരിളവും അനുവദിക്കാനാവില്ല.
മിക്കവാറും മുസ്ലിംരാജ്യങ്ങളിലും മുത്‌ലാഖ് നിലവിലില്ല എന്നാണറിവ്. തലാഖാണ് നിലവിലുള്ളത്. അതാകട്ടെ കര്‍ശനമായ നിബന്ധനകള്‍ക്ക് വിധേയമാണ്. രാജ്യത്ത് നിലനില്‍ക്കുന്ന വിവാഹമോചന നിയമം പോലെ ഇരുകൂട്ടരേയും ദാമ്പത്യജീവിതത്തില്‍ തുടരാന്‍ പരമാവധി അവസരം നല്‍കുകയും ശ്രമിക്കുകയും ചെയ്ത ശേഷം പരാജയപ്പെട്ടാലാണ് വിവാഹമോചനം സാധ്യമാകുന്നത്. അവിടേയും ലിംഗനീതി നിലവിലുണ്ടോ എന്നതില# സംശയമുണ്ട്്. അപ്പോളും തുടര്‍ന്നുപോകാനാവാത്ത ബന്ധങ്ങള്‍ അവസാനിപ്പിക്കുക തന്നെയാണ് വേണ്ടത്. മറ്റു പല മതങ്ങളും ഒരു തരത്തിലുള്ള വിവാഹമോചനവും അനുവദിക്കാത്തതുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ പുരോഗമനപരമാണത്. പക്ഷെ അതിന്റെ പേരില്‍ പലപ്പോളും നടപ്പാക്കപ്പെടുന്നത് മുതലാഖാണ്. മേല്‍സൂചിപ്പിച്ച പോലെ അത് ആധുനിക കാലത്തിനു അനുയോജ്യമാണെന്നു പറയാനാവില്ല. അതേസമയം ദാമ്പത്യം തുടരാനാവത്തത് ജാമ്യമില്ലാതെ ജയിലില്‍ കിടക്കുന്ന കുറ്റമായി മാറുന്നതും ആധുനിക കാലത്തിന് യോജിച്ചതല്ല എന്നും പറയാതെ വയ്യ. ഒരുവിഭാഗത്തിനട് മാത്രം അതു നടപ്പാക്കുന്നതിന്റെ ഉദ്ദേശവും വ്യക്തമാണ്.
ഏകീകൃത സിവില്‍ കോഡ് ലക്ഷ്യമാക്കിയാണ് കേന്ദ്രസര്‍ക്കാര്‍ നീങ്ങുന്നതെന്നത് വ്യക്തം. ഏകീകൃത സിവില്‍ കോഡ് ശരിയായാലും തെറ്റായാലും അതു നടപ്പാക്കാവുന്ന ഒരു രാഷ്ട്രീയ സാഹചര്യമല്ല രാജ്യത്ത് നിലനില്‍ക്കുന്നതെന്നു വ്യക്തം. ഇപ്പോളത് നടപ്പാക്കിയാല്‍ ഭൂരിപക്ഷ സിവില്‍ കോഡായിരിക്കും ഉണ്ടാകുക. സമൂഹത്തിലെ മുഖ്യധാരയില്‍ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളും അംഗീകരിക്കപ്പെടുകയാണ് ആദ്യം വേണ്ടത്. അതംഗീകരിക്കാത്ത ഭരണകൂടത്തിനുമുന്നില്‍ ഏകീകൃത സിവില്‍ കോഡ് ന്യൂനപക്ഷങ്ങളുടെ അസ്തിത്വം നിഷേധിക്കുമെന്നതില്‍ സംശയമില്ല. മതേതര ജനാധിപത്യ ഭരണഘടനയും അതനുവദിക്കുന്ന ജീവിതവും ഏവര്‍ക്കും പ്രധാനമാണ്. മതവിശ്വാസം ആത്മീയമായ സ്വാതന്ത്ര്യമാണ്. അതു വ്യക്തിയുടെ സ്വകാര്യ ലോകമാണ്. അതംഗീകരിക്കണം. അവിടെ അയിത്തമോ ഏതെങ്കിലും വിഭാഗത്തോടുള്ള അനീതിയോ നിലനില്‍ക്കുന്നെങ്കില്‍ അതു തുടച്ചുനീക്കുക മാത്രമാണ് അനിവാര്യം. അതാകട്ടെ ഭരണഘടന വിഭാവനം ചെയ്യുന്ന ന്യൂനപക്ഷാവകാശങ്ങള്‍ അംഗീകരിച്ചുമാവണം.
സുപ്രിംകോടതിവിധിയുടെ അടിസ്ഥാനത്തിലാണല്ലോ ഇപ്പോളത്തെ നിയമം. വിവാഹമോചനം ക്രിമിനല്‍ കുറ്റമാക്കാന്‍ സുപ്രിം കോടതി പറഞ്ഞിട്ടുണ്ടോ? വിധിയുടെ പേരില്‍ തങ്ങളുടെ അജണ്ടയാണ് കേന്ദ്രം നടപ്പാക്കുന്നതെന്നുവേണം കരുതാന്‍. ശബരിമലയുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധി നടപ്പാക്കാന്‍ കേന്ദ്രം ഒരു ശ്രമവും നടപ്പാക്കുന്നില്ല എന്നതും ചേര്‍ത്തുവായിക്കണം. ന്യൂനപക്ഷാവകാശങ്ങളില്‍ ജാതിഹിന്ദുത്വ ശക്തികളുടെ കടന്നുകയറ്റമാണ് ഇത്തരത്തിലുള്ള നിയമ നിര്‍മ്മാണം എന്നു പറയാതെ വയ്യ. സ്ത്രീയും പുരുഷനും തമ്മിലുള്ള സിവില്‍ കരാറാണ് നിയമപ്രകാരം വിവാഹമെന്നിരിക്കെ ഈ കരാര്‍ ലംഘനത്തിന്റെ പേരില്‍ പുരുഷന് മൂന്നുവര്‍ഷം തടവുശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്‍ വിവേചനപരമാണെന്ന പ്രതിപക്ഷ നിലപാട് ശരിയുമാണ്. ഹിന്ദു, ക്രൈസ്തവ വിവാഹനിയമങ്ങളില്‍ കരാര്‍ലംഘനത്തിന് ക്രിമിനല്‍ചട്ടപ്രകാരമുള്ള ശിക്ഷ നിലനില്‍ക്കുന്നില്ല. സുപ്രീംകോടതി വിധിയില്‍ തന്നെ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കണമെന്ന് പറഞ്ഞിട്ടില്ല എന്നും ചൂണ്ടി കാട്ടപ്പെടുന്നു. ജീവനാംശം നല്‍കണമെന്ന് പറയുന്നതല്ലാതെ അതിന് കൃത്യമായ വ്യവസ്ഥ ബില്ലില്‍ ചേര്‍ത്തിട്ടില്ല എന്നതും വൈരുദ്ധ്യമാണ്. അതിനാല്‍ തന്നെ ന്യായീകരണങ്ങള്‍ എന്തുതന്നെയുണ്ടെങ്കിലും ലിംഗനീതിയല്ല, മുസ്ലിംവിരുദ്ധതയാണ് ഈ ബില്ലിനു പുറകിലെന്ന വാദം തള്ളിക്കളയാനാവില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply