സിപിഎം – കോണ്‍ഗ്രസ്സ് സഖ്യം : വൈവിധ്യങ്ങളുടെ രാഷ്ട്രീയം അംഗീകരിച്ചാല്‍ തീരുന്ന പ്രശ്‌നം.

ബംഗാളില്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുമായി ഐക്യമുണ്ടാക്കണമെന്ന സംസ്ഥാനഘടകത്തിലെ ഭൂരിപക്ഷാഭിപ്രായം സിപിഎമ്മില്‍ വലിയ പൊട്ടിത്തെറിക്ക് സാഹചര്യമൊരുക്കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇന്നത്തെ അവസ്ഥയില്‍ അത് സ്വാഭാവികമാണ്. എന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ വസ്തുനിഷ്ഠമായി വിലയിരുത്താന്‍ തയ്യാറായാല്‍ അത്തരമൊരു പ്രതിസന്ധി പാര്‍ട്ടിക്ക് നേരിടേണ്ടിവരില്ല. നാനാത്വത്തില്‍ ഏകത്വമെന്നാണല്ലോ ഇന്ത്യയെ കുറിച്ച് കൊട്ടിഘോഷിക്കുന്നത്. സത്യത്തില്‍ നാനാത്വവും ഏകത്വവും തമ്മിലുള്ള ഐക്യമല്ല, ഇവ തമ്മിലുള്ള ഏറ്റുമുട്ടലുകളാണ് ഇന്ത്യന്‍ രാഷ്ട്രീയം. ഇന്ത്യയിലെ വൈവിധ്യങ്ങളെ ഇല്ലാതാക്കാനുള്ള നീ്ക്കമാണ് കാലങ്ങളായി നടക്കുന്നത്. അതിനടിത്തറയായി കൃത്രിമമായ ഹിന്ദുത്വം സൃഷ്ടിക്കാനുള്ള നീക്കം ശക്തമായതോടെ വലിയ […]

ccc

ബംഗാളില്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുമായി ഐക്യമുണ്ടാക്കണമെന്ന സംസ്ഥാനഘടകത്തിലെ ഭൂരിപക്ഷാഭിപ്രായം സിപിഎമ്മില്‍ വലിയ പൊട്ടിത്തെറിക്ക് സാഹചര്യമൊരുക്കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇന്നത്തെ അവസ്ഥയില്‍ അത് സ്വാഭാവികമാണ്. എന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ വസ്തുനിഷ്ഠമായി വിലയിരുത്താന്‍ തയ്യാറായാല്‍ അത്തരമൊരു പ്രതിസന്ധി പാര്‍ട്ടിക്ക് നേരിടേണ്ടിവരില്ല.
നാനാത്വത്തില്‍ ഏകത്വമെന്നാണല്ലോ ഇന്ത്യയെ കുറിച്ച് കൊട്ടിഘോഷിക്കുന്നത്. സത്യത്തില്‍ നാനാത്വവും ഏകത്വവും തമ്മിലുള്ള ഐക്യമല്ല, ഇവ തമ്മിലുള്ള ഏറ്റുമുട്ടലുകളാണ് ഇന്ത്യന്‍ രാഷ്ട്രീയം. ഇന്ത്യയിലെ വൈവിധ്യങ്ങളെ ഇല്ലാതാക്കാനുള്ള നീ്ക്കമാണ് കാലങ്ങളായി നടക്കുന്നത്. അതിനടിത്തറയായി കൃത്രിമമായ ഹിന്ദുത്വം സൃഷ്ടിക്കാനുള്ള നീക്കം ശക്തമായതോടെ വലിയ ഊര്‍ജ്ജമാണ് ലഭിച്ചിരിക്കുന്നത്. ഇന്ത്യക്കൊരു ദേശീയതയുണ്ടെന്നും അത് ഹിന്ദുത്വമാണെന്നും സ്ഥാപിക്കാനുള്ള നീക്കമാണല്ലോ സജീവമാകുന്നത്. എന്നാല്‍ ഇന്ത്യയുടെ മുഖം വൈവിധ്യങ്ങളുടേതാണെന്ന് അംഗീകരിച്ചാല്‍ പ്രശ്‌നം പരിഹരിക്കപ്പെടും. ആ വൈവിധ്യങ്ങള്‍ക്കനുസരിച്ച് വിവിധ പ്രദേശങ്ങളില്‍ നിലപാട് സ്വീകരിക്കാനാകും. അതിനു തയ്യാറാകാത്തതാണ് സിപിഎം മാത്രമല്ല, മറ്റു പ്രസ്ഥാനങ്ങളും നേരിടുന്ന യഥാര്‍ത്ഥ പ്രതിസന്ധി.
പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസുമായി സഖ്യംവേണമെന്നാണ് സംസ്ഥാന സമിതിയില്‍ ഭൂരിപക്ഷാഭിപ്രായം . എന്നാല്‍ ഇത് കേരളം പോലെയുള്ള സംസ്ഥാനങ്ങളെ ബാധിക്കുമെന്ന് എതിര്‍വാദം ഉയര്‍ന്നു. കേരളത്തില്‍ മാത്രമല്ല പാര്‍ട്ടിയുള്ളതെന്നും കേരളത്തിനുവേണ്ടി പാര്‍ട്ടി നേതൃത്വം ബംഗാളിനെ മറക്കരുതെന്നും ബംഗാളിലെ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
കേരളം പോലെതന്നെ പ്രധാനപ്പെട്ടതാണ് ബംഗാള്‍ എന്നും അത് കൈവിട്ടുപോയാല്‍ സി.പി.എമ്മിന് ദേശീയ തലത്തില്‍ തന്നെ നാണക്കേടായിരിക്കുമെന്നുമാണ് ഭൂരിപക്ഷ അംഗങ്ങളുടെയും അഭിപ്രായം.
മമതാ ബാനര്‍ജിയെ പുറത്താക്കാന്‍ ലഭിക്കുന്ന അവസരം നഷ്ടമാക്കരുതെന്നും ജനാധിപത്യ വിശ്വാസികള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണെന്നും അതിനാല്‍ സഖ്യം ആവശ്യമാണെന്നും റിപ്പോര്‍ട്ട് അവതരിപ്പിച്ചുകൊണ്ട് സംസ്ഥാന സെക്രട്ടറിയും പ്രതിപക്ഷ നേതാവുമായ സൂര്യകാന്ത് മിശ്ര പറഞ്ഞു. ചരിത്രപരമായി വിഡ്ഢിത്തം ആവര്‍ത്തിക്കരുതെന്ന് നേതാക്കള്‍ മുന്നറിയിപ്പും നല്‍കി. കോണ്‍ഗ്രസ് മുന്‍കൈയെടുത്താല്‍ സഖ്യചര്‍ച്ചയാകാമെന്നു കഴിഞ്ഞ ദിവസം ചേര്‍ന്ന ഇടതുമുന്നണി യോഗവും തീരുമാനിച്ചിരുന്നു.
ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി ബംഗാള്‍ ഘടകത്തെ അനുകൂലിക്കുമ്പോള്‍ പ്രകാശ് കാരാട്ടും എസ്.രാമചന്ദ്രന്‍പിള്ളയുമടക്കമുള്ള പി.ബി അംഗങ്ങള്‍ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിലെ തീരുമാനവുമായി മുന്നോട്ടുപോകണമെന്ന നിലപാടിലാണ്.
ബംഗാള്‍ ഘടക്തതിനെതിരെ കേരളത്തിലെ സിപിഎം നേതാക്കളായ പിണറായിയും കോടിയേരിയും പരസ്യമായി തന്നെ രംഗത്തെത്തുകയും ചെയ്തു. വര്‍ഗീയതയെ ചെറുക്കാന്‍ നവഉദാരവത്കരണനയങ്ങളുമായി സിപിഎം കൂട്ടുകൂടില്ല.കോണ്‍ഗ്രസ് എന്നും ജനദ്രോഹപാര്‍ട്ടിയാണെന്നും പിണറായി പറഞ്ഞു. സിപിഎം കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച് യാതൊരു ആലോചനയും നടന്നിട്ടില്ലെന്നും ഇത്തരത്തില്‍ തീരുമാനമെടുക്കുന്നതിന് മുന്‍പ് കേന്ദ്രക്കമ്മിറ്റി ആലോചിക്കേണ്ടതുണ്ടെ്‌നും കോടിയേരിയും പറഞ്ഞു. ണ്ട്. ഇത്തരത്തിലുള്ള യാതൊരു ആലോചനയും നടന്നിട്ടില്ലെന്നും കോടിയേരി പറഞ്ഞു. അടുത്തയാഴ്ച നടക്കുന്ന സിപിഎം പിബിസിസി യോഗങ്ങള്‍ കടുത്ത തര്‍ക്കത്തിന് വേദിയാകുമെന്ന് ഉറപ്പായി. കോണ്‍ഗ്രസുമായുള്ള സഖ്യത്തെ പിന്തുണച്ചുകൊണ്ട് ബംഗാളില്‍ നിന്നുള്ള പിബി അംഗം ബിമന്‍ബസു ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. ബംഗാളിലെ സഖ്യം കേരളത്തില്‍ ബിജെപി പ്രചരണായുധമാക്കുന്നുവെന്ന് കണ്ടാണ്, പരസ്യമായ എതിര്‍പ്പുമായി കേരളത്തിലെ നേതാക്കള്‍ രംഗത്തെത്തിയത്.
ഒരു കാലത്ത് ഇന്ദിരാഗാന്ധിയെ സ്വേച്ഛാധിപതിയെന്നും രാജീവ് ഗാന്ധിയെ ബോഫോഴ്‌സ് ഗാന്ധിയെന്നും വിളിച്ചിരുന്നവര്‍ ഇന്ന് കോണ്‍ഗ്രസ്സിനോട് സഖ്യത്തിന് അപേക്ഷിക്കുകയാണെന്നാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രതികരണം. . ‘ഡല്‍ഹിക്കുള്ള വഴി ഞങ്ങള്‍ക്കറിയില്ല, അതുകൊണ്ട് കൈ പിടിച്ച് കൂട്ടിക്കൊണ്ടുപോകൂ എന്ന് അഭ്യര്‍ത്ഥിക്കുകയാണ് സി.പി.എം എന്നും അവര്‍ കളിയാക്കി.
കോണ്‍ഗ്രസ്സ് – സിപിഎം സഖ്യത്തോട് കേരള ഘടകത്തിന്റെ എതിര്‍പ്പിന്റെ കാരണം ഏവര്‍ക്കുമറിയാം. ഇവിടെ അത് പ്രതികൂലമായി ബാധിക്കുമെന്നതുതന്നെ. രാഷ്ട്രീയമെന്നത് തെരഞ്ഞെടുപ്പു രാഷ്ട്രീയം മാത്രമാണെന്ന കാലാകാലങ്ങളായി നമ്മുടെ പാര്‍ട്ടികള്‍ പുലര്‍ത്തുന്ന നിലപാടാണ് ഈ ഭയത്തിന്റെ അടിസ്ഥാനം. ആരംഭത്തില്‍ സൂചി്പ്പിച്ചപോലെ ഇന്ത്യയുടെ അനന്തമായ വൈവിധ്യങ്ങളെ കുഴിച്ചുമൂടാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെ ശക്തമായ നിലപാടെടുക്കാനും അതിനനുസൃതമായ രാഷ്ട്രീയനിലപാടുകള്‍ സ്വീകരിക്കാനും പാര്‍ട്ടി തയ്യാറാകുകയാണ് വേണ്ടത്. അപ്പോള്‍ കേരളത്തിലും ബംഗാളിലും വ്യത്യസ്ഥ നിലപാടുകള്‍ ന്യായീകരിക്കപ്പെടും. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബംഗാള്‍ എന്നീ പാര്‍ട്ടികളായ പ്രവര്‍ത്തിച്ചാല്‍ എത്രയോ ഉചിതമായി. കേരളത്തില്‍ സിപിഎം – കോണ്‍ഗ്രസ്സ് ഐക്യം ബിജെപിക്കു ഗുണം ചെയ്യും. അതേസമയം കായികമായി ബിജെപിയെ നേരിടുന്നതും ഫലവത്താകില്ല. ബംഗാളില്‍ ഇപ്പോള്‍ സ്വാഭാവികമായും തൃണമൂലാണ് കേണ്‍ഗ്രസ്സിന്റേയും സിപിഎമ്മിന്റേയും മുഖ്യശത്രു. എന്നാല്‍ ആ നിലപാട് ബിജെപിയെ വളര്‍ത്താന്‍ സഹായിക്കാതിരിക്കാനുള്ള രാഷ്ട്രീയവിവേകമാണ് വേണ്ടത്. ബിജെപിേയയും കോണ്‍ഗ്രസ്സിനേയും ഒരുപോലെ ശത്രുവായി കാണുന്ന നിലപാടിന്റെ അര്‍ത്ഥശൂന്യത പിണറായിക്കുതന്നെ അധികം താമസിയാതെ ബോധ്യപ്പെടാനാണിട.
സത്യത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഇത്തരമൊരു നിലപാട് പുതിയതല്ല. സ്വാതന്ത്ര്യസമരകാലത്തുതന്നെ ദേശീയതയെകുറിച്ചുള്ള ലെനിന്റെ നിലപാടുകളിലൂന്നി ഇന്ത്യയെ 17 ദേശീയതകളുടെ സമുച്ചയമായി വിലയിരുത്തിയവരാണ് കമ്യൂണിസ്റ്റുകാര്‍. അതിന്റെ ഭാഗമായിരുന്നു ഇ എം എസിന്റെ കേരളം മലയാളികളുടെ മാതൃഭൂമി എന്ന പുസ്തകം. എന്നാല്‍ പിന്നീട് ആ നിലപാട് കൈയൊഴിയുകയായിരുന്നു. ഇന്ത്യയുടെ പല ഭാഗത്തും പ്രാദേശിക പ്രസ്ഥാനങ്ങള്‍ സജീവമായപ്പോള്‍ എല്ലാ ദേശീയപാര്‍ട്ടികളും പോലെ സിപിഎമ്മും അവയോട് മുഖം തിരിച്ചു. ആസാമിലും പഞ്ചാബിലും കാശ്മീരിലുമൊക്കെ വലിയ കലാപങ്ങളായി അതു മാറിയെങ്കില്‍ മറ്റനവധി സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പിലൂടെ തന്നെ അത്തരം പാര്‍ട്ടികള്‍ അധികാരത്തിലെത്തി. വൈവിധ്യങ്ങളുടെതായ ഈ രാഷ്ട്രീയം കോണ്‍ഗ്രസ്സിനെ ദുര്‍ബ്ബലമാക്കി. അവിടെയാണ് ഹൈന്ദവരാഷ്ട്രീയം ശക്തമാകുന്നതും ബിജെപി അധികാരത്തിലെത്തിയതും. അപ്പോഴും അതിനെതിരെ ദളിത് – പിന്നോക്ക – ന്യൂനപക്ഷ പ്രസ്ഥാനങ്ങള്‍ ശക്തിപ്പെടുകയും പല സംസ്ഥാനങ്ങളിലും അധികാരത്തിലെത്തുകയും ചെയ്തു. നാനാത്വവും ഏകത്വവും തമ്മിലുള്ള ഈ സംഘര്‍ഷം ഇപ്പോഴും തുടരുകയാണ്. എന്നാല്‍ മിക്കപ്പോഴും കാഴ്ചക്കാരുടെ റോളിലാണ് സിപിഎം എന്നതാണ് യാഥാര്‍ത്ഥ്യം. അതിനാല്‍ തന്നെ പാര്‍ട്ടി ഏതാനും പോക്കറ്റുകൡലൊതുങ്ങുകയും അഖിലേന്ത്യാപാര്‍്ട്ടിയെന്ന് അവകാശപ്പെടുകയും ചെയ്തു. ഒപ്പം ജ്യോതിബാസുവിനെ പ്രധാനമന്ത്രിയാക്കാതിരുന്നതുമുതല്‍ കഴി്ഞ്ഞ ബീഹാര്‍ തെരഞ്ഞെടുപ്പിലെടുത്ത നിലപാടുപോലെ ചരിത്രപരമായ വിഡ്ഢിത്തങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തു. അത്തരം വിഡ്ഢിത്തങ്ങള്‍ ഇനിയും ആവര്‍ത്തിച്ചാല്‍ നഷ്ടം സിപിഎമ്മിനുമാത്രമായിരിക്കും. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അതു വലിയ. മാറ്റമൊന്നും ഉണ്ടാക്കാന്‍ പോകുന്നില്ല.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply