ശബരിമലയുടെ അവകാശം ആദിവാസികള്‍ക്ക് തിരിച്ചു നല്‍കുക – ആദിവാസി സംഘടനകള്‍
കേരളത്തിലെ ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് സമീപകാലത്തുയര്‍ന്നു വന്നിട്ടുള്ള സംഭവവികാസങ്ങളിലും വിവാദങ്ങളിലും ഞങ്ങള്‍, ആദിവാസി സംഘടനകള്‍ ആശങ്ക പ്രകടിപ്പിക്കുന്നു. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉന്നതജാതി സമുദായങ്ങളുടെ സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക താല്‍പര്യങ്ങള്‍ വളരെ പ്രകടമാണ്. അതേസമയം തലമുറകളായി നിലനിന്നിരുന്ന ഞങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടിരിക്കുകയാണ്. അവ തിരിച്ചുപിടിക്കാനായി രംഗത്തിറങ്ങാനാണ് ഞങ്ങളുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഞങ്ങളുന്നയിക്കുന്ന ആവശ്യങ്ങളിതാ. 1. ഇന്ത്യയിലുടനീളം ആദിവാസികളുടേതായിരുന്ന നിരവധി ആത്മീയ കേന്ദ്രങ്ങള്‍ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. അവിടെ നിന്നെല്ലാം ആദിവാസികളായ ആത്മീയ നേതാക്കളെ നീക്കം ചെയത് ബ്രാഹ്മണ […]
കേരളത്തിലെ ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് സമീപകാലത്തുയര്‍ന്നു വന്നിട്ടുള്ള സംഭവവികാസങ്ങളിലും വിവാദങ്ങളിലും ഞങ്ങള്‍, ആദിവാസി സംഘടനകള്‍ ആശങ്ക പ്രകടിപ്പിക്കുന്നു. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉന്നതജാതി സമുദായങ്ങളുടെ സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക താല്‍പര്യങ്ങള്‍ വളരെ പ്രകടമാണ്. അതേസമയം തലമുറകളായി നിലനിന്നിരുന്ന ഞങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടിരിക്കുകയാണ്. അവ തിരിച്ചുപിടിക്കാനായി രംഗത്തിറങ്ങാനാണ് ഞങ്ങളുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഞങ്ങളുന്നയിക്കുന്ന ആവശ്യങ്ങളിതാ.
1. ഇന്ത്യയിലുടനീളം ആദിവാസികളുടേതായിരുന്ന നിരവധി ആത്മീയ കേന്ദ്രങ്ങള്‍ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. അവിടെ നിന്നെല്ലാം ആദിവാസികളായ ആത്മീയ നേതാക്കളെ നീക്കം ചെയത് ബ്രാഹ്മണ പുരോഹിതന്മാരെ കുടിയിരുത്തുകയായിരുന്നു. ഒരു തരത്തിലുള്ള ബ്രാഹ്മണിക്കല്‍ കോളനീകരണമാണ് നടന്നത്. ശബരിമലയും ഇതിനപവാദമല്ല. ഇത്തരം ആത്മീയ ആരാധനാലയങ്ങളുടെ ഉടമസ്ഥാവകാശം ആദിവാസികള്‍ക്ക് തിരികെ നല്‍കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.
2. വനാവകാശ നിയമമനുസരിച്ച് ആദിവാസികള്‍ക്കാണ് വനമേഖലകളിലെ ആരാധനാലയങ്ങളുടെ ഉടമസ്ഥാവകാശം. ശബരിമലയിലെ ബ്രാഹ്മണ പുരോഹിതന്മാരുടെ ആധിപത്യം ആദിവാസികളുടെ ഈ അവകാശങ്ങളെ പൂര്‍ണ്ണമായും നിഷധിക്കുന്നു. അതിനാല്‍തന്നെ ശബരിമല ക്ഷേത്രം ആദിവാസികളിലേക്ക് തിരികെ നല്‍കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.
3. ചരിത്രപരമായി തന്നെ ശബരിമല ഒരു ആദിവാസി ആരാധനാലയമാണ്. 1902 ലാണ് ബ്രാഹ്മണ തന്ത്രിമാര്‍ ഈ ആരാധനാലയം പിടിച്ചെടുത്തത്. അതിനു മുന്‍പു ആദിവാസി പുരോഹിതരായിരുന്നു ഇവിടെ ആത്മീയകാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നതെന്നതിന് ചരിത്രപരമായ തെളിവുകളുണ്ട്. ശബരിമലയിലെ പാരമ്പര്യത്തെക്കുറിച്ചോ ആചാരാനുഷ്ഠാനങ്ങളെ കുറിച്ചോ സംസാരിക്കണമെങ്കില്‍ ആദിവാസികളുടെ ഈ അവകാശത്തെ അഭിസംബോധന ചെയ്യാതെ സാധ്യമാകുന്നതെങ്ങിനെയാണ്? ബ്രാഹ്മണ്യ ശക്തികള്‍ ശബരിമലയെ കോളനിവല്‍ക്കരിച്ച തിയതി മുതലല്ലല്ലോ പാരമ്പര്യവും ചരിത്രവും ആചാരാനുഷ്ഠാനങ്ങളും ആരംഭിക്കുന്നത്.
4. ആദിവാസി പാരമ്പര്യമനുസരിച്ച് സ്ത്രീകള്‍ക്ക് ആരാധനാലയങ്ങളില്‍ പ്രവേശിക്കാനാവില്ലെന്ന് ഞങ്ങള്‍ക്ക് പറയാനാവില്ല. സ്ത്രീകള്‍ക്ക് മാത്രമല്ല, എല്ലാ മതങ്ങളിലും വിശ്വാസങ്ങളിലും നിന്നുള്ള ആര്‍ക്കും ഞങ്ങളുടെ ദൈവങ്ങള്‍ക്കു മുന്നില്‍ ആരാധനയര്‍പ്പിക്കാം. ഞങ്ങളുടെ ദൈവം ഒരു വിഭാഗത്തിന്റേയും സ്വാര്‍ത്ഥമായ സാമ്പത്തിക, സാമൂഹ്യ, രാഷ്ട്രീയ താല്പര്യങ്ങള്‍ക്കായി നിലകൊള്ളുന്നില്ല. ലിംഗസമത്വത്തെ സംബന്ധിച്ചിടത്തോളം ഞങ്ങള്‍ മുഖ്യധാര ജാതി, മധ്യവര്‍ഗ സമൂഹങ്ങളേക്കാള്‍ ഏറെ മുന്നിലാണ്. ശബരിമല ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള കേരളത്തിലെ സ്ത്രീകളുടെ അവകാശത്തെ ഞങ്ങള്‍ പിന്തുണക്കുന്നു.
5. ദൈവത്തിന്റെ പേരു പറഞ്ഞ് സംഘപരിവാര്‍ ശക്തികളും മൃദുസംഘപരിവാര്‍ ശക്തികളും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി നടത്തുന്ന അഭ്യാസങ്ങള്‍ തിരിച്ചറിയണമെന്നും അവരെ ഒറ്റപ്പെടുത്തണമെന്നും ഞങ്ങള്‍ സിവില്‍ സൊസൈറ്റിയിലെ എല്ലാ വിഭാഗങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു. മുഖ്യധാരാസമൂഹം ഞങ്ങളുടെ ദൈവങ്ങളെ നൂറ്റാണ്ടുകളായി കോളനീകരിച്ചിരിക്കുകയാണ്. ഞങ്ങളുടെ ദൈവങ്ങളുടെ പേരു പറഞ്ഞ് അതേ മുഖ്യധാരാ സമൂഹം വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നത് ഖേദകരമാണ്. അതംഗീകരിക്കാന്‍ ഞങ്ങള്‍ക്കാവില്ല.
6. ഞങ്ങളുടെ പാരമ്പര്യമനുസരിച്ച് ആത്മീയത എല്ലാ മനുഷ്യരുടെയും അവകാശമാണ്. ആ അവകാശം ആര്‍ക്കും നിഷേധിക്കരുത്. ഞങ്ങളുടെ ആത്മീയ പാരമ്പര്യത്തയും ചരിത്രത്തേയും വികലമായ രൂപത്തില്‍ ഉപയോഗിച്ച് സമൂഹത്തില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്ന എല്ലാ ശക്തികളേയും ഞങ്ങള്‍ അപലപിക്കുന്നു.
7. ഞങ്ങള്‍ വനത്തിന്റെ മക്കളാണ്. വനങ്ങളും നദികളുമൊക്കെയാണ് ഞങ്ങളുടെ ജീവിതത്തിന്റെ അടിസ്ഥാനം. ശബരിമലയിലെ വനങ്ങള്‍ ഇതിനകം ഏറെക്കുറെ നശിച്ചിരിക്കുന്നു. പശ്ചിമഘട്ടത്തില്‍ നിന്നുത്ഭവിക്കുന്ന പമ്പനദി ഇതിനകം രൂക്ഷമായി മലിനമായിരിക്കുന്നു. ദൈവത്തിന്റെ പേരുപറഞ്ഞ് വനങ്ങളും നദികളും ഇനിയും നശിക്കരുത്. അത്തരം വിനാശകരമായ പ്രവര്‍ത്തനങ്ങള്‍ ആദിവാസികള്‍ ഒരിക്കലും ചെയ്തിട്ടില്ല. ചെയ്യുകയുമില്ല. ശബരിമല ക്ഷേത്രം ഇപ്പോള്‍ കയ്യടക്കി വെച്ചിട്ടുള്ളവരും ഈ ഉത്തരവാദിത്തം ഏറ്റെടുക്കണം. ഞങ്ങളുടെ ദൈവങ്ങളുടെ അനുഗ്രഹമായ, ജീവന്റെ ഉറവിടങ്ങളായ വനങ്ങളും നദികളും മുഖ്യധാര താല്‍പര്യങ്ങള്‍ക്കനുസരിച്ച് നശിപ്പിക്കാന്‍ ഇനിയും ഞങ്ങള്‍ അനുവദിക്കില്ല. വളരെ ഗുരുതരമായ ഈ വിഷയത്തിലിടപെട്ട് പരിഹാരം കാണാന്‍ കേരള സര്‍ക്കാരിനോട് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു.
8. സവര്‍ണ്ണതാല്‍പ്പര്യങ്ങളില്‍ നിന്നു മോചിപ്പിച്ച് മനുഷ്യത്വം, ലിംഗനീതി, പരിസ്ഥിതി, സമത്വം എന്നിവയെല്ലാം സംരക്ഷിക്കാനുള്ള പോരാട്ടങ്ങളെ പിന്തുണക്കാന്‍ നീതിയില്‍ വിശ്വസിക്കുന്ന എല്ലാവരോടും ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു.
National Adivasi Andolana(NAA), Rajya Moola Adivasi Vedike, Budakattu Krishikara Sangha Kodagu, Budakattu Krishikara Sangha Mysore, Budakkatu Krishikara Sangha Periyapatna Taluk Mysore, Budakattu Krishikara Sangha Chickmagalore, Rajya Soliga Abhivruddi Sangha, Hassan Jilla Adivasi Hasalara Sangha, Iruliga Kshemabhivruddi Sangha (IAKS), Bettakurubara Paramparika Sangha.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in