വേണം നമുക്കൊരു സ്ത്രീ പ്രസ്ഥാനം.

സൂര്യനെല്ലി സംഭവം മുതലാണ് സ്ത്രീപീഡനങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകളും പ്രക്ഷോഭങ്ങളും മറ്റും കേരളത്തില്‍ സജീവമായത്. ഒരു വശത്ത് അവയെല്ലാം നടക്കുമ്പോഴും മറുവശത്ത് പീഡനപരമ്പരകളും വര്‍ദ്ധിച്ചുവന്നു. മുമ്പത്തേക്കാള്‍ കൂടുതലായി പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയാന്‍ തയ്യാറായി. പല ഭാഗത്തും സജീവമായ ചെറിയ ഫെമിനിസ്റ്റ് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം ഈ പ്രക്രിയയില്‍ പ്രധാന പങ്കു വഹിച്ചു. അവര്‍ക്കു പുറകെ വന്‍കിട രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പോഷകസംഘടനകളായ മഹിളാ സംഘടനകളും ഇഴയാന്‍ ആരംഭിച്ചു. അടുത്തയിടെ ഇത്തരം മൂന്നു സംഭവങ്ങളാണ് കേരളം അതീവഗൗരവത്തോടെ നോക്കികണ്ടതും ഇടപ്പെട്ടതും. […]

www

സൂര്യനെല്ലി സംഭവം മുതലാണ് സ്ത്രീപീഡനങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകളും പ്രക്ഷോഭങ്ങളും മറ്റും കേരളത്തില്‍ സജീവമായത്. ഒരു വശത്ത് അവയെല്ലാം നടക്കുമ്പോഴും മറുവശത്ത് പീഡനപരമ്പരകളും വര്‍ദ്ധിച്ചുവന്നു. മുമ്പത്തേക്കാള്‍ കൂടുതലായി പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയാന്‍ തയ്യാറായി. പല ഭാഗത്തും സജീവമായ ചെറിയ ഫെമിനിസ്റ്റ് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം ഈ പ്രക്രിയയില്‍ പ്രധാന പങ്കു വഹിച്ചു. അവര്‍ക്കു പുറകെ വന്‍കിട രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പോഷകസംഘടനകളായ മഹിളാ സംഘടനകളും ഇഴയാന്‍ ആരംഭിച്ചു.
അടുത്തയിടെ ഇത്തരം മൂന്നു സംഭവങ്ങളാണ് കേരളം അതീവഗൗരവത്തോടെ നോക്കികണ്ടതും ഇടപ്പെട്ടതും. അത് സൗമ്യ, ജിഷ എന്നിവരുടെ ഭയാനകമായ അന്ത്യവും ഇപ്പോഴത്തെ നടി നേരിട്ട പീഡനവുമാണ്. സിനിമാ മേഖലയായതിനാല്‍ നടിക്കെതിരായ അക്രമം കൂടുതല്‍ ശ്രദ്ധ നേടി. തുടക്കത്തില്‍ ഇഴഞ്ഞെങ്കിലും അവസാനം താരം അകത്തായി. കേരളജനത ഏറെക്കുറെ ഒന്നടങ്കം നടിക്കൊപ്പം നിന്നു. ഇന്നോളം ഗ്ലാമര്‍ ലോകത്തെ അടിമകളായിരുന്ന നടികളില്‍ ഒരു വിഭാഗം സംഘടിക്കുകയും ശക്തമായി രംഗത്തുവരികയും ചെയ്തു. അവസാനം ഏറെ വിമര്‍ശനമേറ്റ അമ്മയും താരത്തെ കൈവിട്ടു.
അതെല്ലാം നന്നായി. എന്നാല്‍ അതുപോര. സ്വാഭാവികമായും അധികം താമസിയാതെ ജനം എല്ലാം മറക്കും. കാര്യങ്ങള്‍ ഏറെക്കുറെ പഴയ നിലയിലാകും. സ്ത്രീപദവി ഉയരുക എന്ന അടിസ്ഥാന വിഷയത്തില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടാകില്ല. അത്തരമൊരവസ്ഥ സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ ഇടപെടലുകളാണ് ഉണ്ടാകേണ്ടത്. പക്ഷെ അതുണ്ടാകുമെന്ന് തോന്നുന്നില്ല.
സാമൂഹ്യ ജീവിതത്തിന്റെ സമസ്ത മേഖലകളിലും സാന്നിദ്ധ്യം ഉണ്ടെങ്കിലും അധികാര പങ്കാളിത്തം, ചലന സ്വാതന്ത്ര്യം, തൊഴില്‍ നീതി, സാമൂഹ്യ പരിഗണനകള്‍, വ്യവസ്ഥാപിത മതകുടുംബ വിദ്യാഭ്യാസ സദാചാര സ്ഥാപനങ്ങള്‍ തുടങ്ങി സര്‍വ്വ മേഖലകളിലും അടിസ്ഥാനപരമായി സ്ത്രീകള്‍ക്കെതിരെ (ഭിന്നലിംഗക്കാര്‍ക്കെതിരേയും) വലിയ രീതിയിലുള്ള വിവേചനം നിലനില്‍ക്കുന്നുണ്ട്. പക്ഷേ അത് തിരിച്ചറിയുന്നതില്‍ കേരള സമൂഹം ഏറെയൊന്നും മുന്നോട്ടുപോയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
പരിസ്ഥിതി, ആദിവാസി, ദളിത് സമര ചെറുത്തുനില്‍പുകള്‍ക്ക് കിട്ടുന്ന അംഗീകാരവും പിന്തുണയും ലിംഗനീതിക്കുവേണ്ടിയുള്ള ചെറുത്തുനില്‍പ്പുകള്‍ക്ക് പൊതുവേ കേരളത്തില്‍ ലഭിക്കുന്നില്ല എന്നത് അതിനുദാഹരണമാണ്. തൊഴില്‍ മേഖലകളില്‍ സ്ത്രീകളെ കൂടുതലായി കൊണ്ടുവരുന്നതിന്റെ മൂലധന താല്‍പര്യം അസംഘടിതര്‍ എന്ന സൗകര്യത്തില്‍ കൂടുതല്‍ തൊഴില്‍, കുറഞ്ഞ ശമ്പളം തുടങ്ങിയവയ്‌ക്കെതിരെ ഈ മേഖലയില്‍ ഉണ്ടാകുന്ന സമരങ്ങള്‍ക്ക് പൊതുസമൂഹത്തിന്റെ എന്തിന് സ്ത്രീ സമൂഹത്തിന്റെ പോലും പിന്തുണ ലഭിക്കുന്നില്ല എന്നത് ഇവിടങ്ങളില്‍ സ്ത്രീ സമൂഹം അനുഭവിക്കുന്ന ലിംഗപ്രശ്‌നങ്ങളുടെ യഥാര്‍ത്ഥ മുഖം തുറന്നിടുന്നുണ്ട്. സിനിമാരംഗത്തെ അവസ്ഥ ഇപ്പോള്‍ വളരെ സജീവമായി പുറത്തുവന്നിരിക്കുന്നു. ലിംഗനീതിക്കുവേണ്ടിയും സദാചാര പോലീസിങ്ങിനെതിരെയും കാമ്പസുകളില്‍ പെണ്‍കുട്ടികളുടെ നേതൃത്വത്തില്‍ ഉയര്‍ന്നുവരുന്ന സമരങ്ങളോടുള്ള പൊതു സമൂഹത്തിന്റെ നിലപാടുകളും ഇതിനോട് ചേര്‍ത്ത് വായിക്കാം. മതങ്ങളുടെ സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ കേരളത്തിന് പുറത്ത് സമരങ്ങളും ശബ്ദങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. എന്നാല്‍ ഇവിടെ സ്ത്രീ സംഘടനകള്‍ അടക്കം നിലപാട് വ്യക്തമാക്കാതെ നില്‍ക്കുകയാണ്.
ആര്‍ത്തവവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന ചര്‍ച്ചകള്‍. തെരഞ്ഞെടുപ്പിലെ സ്ത്രീകളുടെ സ്ഥാനാര്‍ത്ഥിത്വം എന്നിങ്ങനെയുള്ള വിഷയങ്ങള്‍ പൊതുവെ ആരും ഏറ്റെടുക്കാറില്ല. അതിനുള്ള അന്വേഷണങ്ങളും സ്ത്രീകളുടെ മുന്‍കയ്യില്‍ നടക്കുന്നില്ല. അടിസ്ഥാനപരമായി നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധത ഇവര്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല എന്നു തോന്നുന്നു. പുരുഷാധിപത്യം സൃഷ്ടിച്ച, സ്ത്രീയുടെയും പുരുഷന്റെയും തലയില്‍ കെട്ടിയേല്‍പ്പിച്ച മൂല്യങ്ങളെയും സങ്കല്‍പങ്ങളെയും സ്ത്രീപക്ഷത്തുനിന്നുകൊണ്ട് ചോദ്യം ചെയ്യേണ്ടതുണ്ടെങ്കിലും അതിനെ മറികടക്കാനുള്ള സംഘടിത ശേഷി ഇന്നും കേരളത്തിലെ സ്ത്രീകള്‍ കൈവരിച്ചിട്ടില്ല. പൊതുവേ ആണ്‍കോയ്മയുടെ കാഴ്ചപ്പാടിനനുസരിച്ചാണ് ലിംഗനീതിയുടെ പ്രശ്‌നം ചര്‍ച്ച ചെയ്യപ്പെടുന്നത്. ഭയപ്പെടുത്തി ഒതുക്കുക, എപ്പോഴും സംരക്ഷണം കൊടുക്കുക, സദാചാര പോലീസിങ്ങ് നടത്തുക എന്നതിനപ്പുറം മറ്റൊന്നും ഇവിടെ സംഭവിക്കുന്നില്ല. ലൈംഗിക പീഡനങ്ങളുമായി ബന്ധപ്പെടുത്തിയാണ് സ്ത്രീ പ്രശ്‌നങ്ങള്‍ എപ്പോഴും ചര്‍ച്ച ചെയ്യുന്നത്. അതുമാത്രം പോര. പൊതു ഇടങ്ങളും സഞ്ചാരങ്ങളും തൊഴില്‍ ഇടങ്ങളും സ്ത്രീ സൗഹൃദപരമാകണം, കായിക ശാക്തീകരണത്തിന് കൂടി ഉതകുന്ന വിനോദങ്ങള്‍ പ്രോത്സാഹിപ്പിക്കണം, പൊതു ടോയ്‌ലറ്റുകള്‍ ഒരുക്കുക, കുറ്റകൃത്യങ്ങളില്‍ എത്രയും പെട്ടെന്ന് നിയമശിക്ഷാ നടപടികള്‍ കൈക്കൊള്ളുക, ലിംഗനീതിക്ക് പ്രാധാന്യം നല്‍കി പാഠ്യപദ്ധതി പരിഷ്‌കരിച്ച് വ്യാപിപ്പിക്കുക, സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മാധ്യമങ്ങളുടെ സമീപനങ്ങളില്‍ മാറ്റം കൊണ്ടുവരിക, സ്ത്രീകളെ മാത്രം ബോധവല്‍ക്കരിച്ച് നന്നാക്കിയേക്കാം എന്ന പൊതുസമീപനം മാറ്റിവെച്ച് ബോധവല്‍ക്കരണത്തില്‍ രണ്ട് കൂട്ടര്‍ക്കും തുല്യപ്രാധാന്യം നല്‍കുക, വീടകങ്ങളിലായാലും പൊതു ഇടങ്ങളിലായാലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളെ ഗൗരവത്തോടെ കാണുക. ടെലിവിഷനുകളിലും പൊതുഇടങ്ങളിലും ഇവയെ ഒക്കെ സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുക. ഇത്തരത്തിലുള്ള അനവധി ചര്‍ച്ചകളിലൂടെയും ഇടപെടലുകളിലൂടെയും ലിംഗനീതി പ്രശ്‌നത്തെ ഉയര്‍ത്തിക്കൊണ്ട് വരലും പരിഹാരം തേടലും അടിയന്തിര പരിഗണന അര്‍ഹിക്കുന്ന ഒന്നായി അധികൃതരും പൊതുജനങ്ങളും കാണേണ്ടിയിരിക്കുന്നു. സാമൂഹ്യ രാഷ്ട്രീയ വൈയക്തിക മണ്ഡലങ്ങളില്‍ കാലാകാലങ്ങളായി അടിയുറച്ച സ്ത്രീവിരുദ്ധതയെ അത്ര എളുപ്പത്തില്‍ തുടച്ചുമാറ്റാനാവില്ല എന്നതുകൊണ്ടുതന്നെയാണ് നിരന്തരമായ ചര്‍ച്ചകളും കണിശമായ ഇടപെടലും വേണ്ടിവരുന്നത്. സ്ത്രീകള്‍ക്കുവേണ്ടി പ്രതേക വകുപ്പുണ്ടാക്കാനും സര്‍ക്കാര്‍ തയ്യാറാകണം.
തൊഴിലിലും വരുമാനത്തിലും പൊതുരംഗത്തും സുരക്ഷയിലും കേരളത്തിലെ സ്ത്രീകള്‍ വളരെ പുറകിലാണെന്ന വസ്തുത ചെറിയ കാര്യമല്ല. അതിനേക്കാള്‍ പ്രധാനം ഭൂരിഭാഗം സ്ത്രീകളും ഈ അടിമാവസ്ഥയെ അംഗീകരിക്കുന്നു എന്നതാണ്. എന്തുകൊണ്ട് ഈ അവസ്ഥ എന്നതിനെ കുറിച്ച് ഗൗരവപരമായി ആലോചിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഒന്നുറപ്പാണ്. ഏതൊരു വിഭാഗത്തിന്റേയും മോചനം സാധ്യമാകുക അവരുടെ സ്വന്തം പ്രസ്ഥാനങ്ങളിലൂടെയാണ്. സ്വാതന്ത്ര്യം ആരെങ്കിലും വാങ്ങിത്തരേണ്ടതല്ല. എന്നാല്‍ കേരളത്തില്‍ നിലനില്‍ക്കുന്ന പൊതുസമീപനം അതല്ല. സ്ത്രീകള്‍ക്ക് സ്വന്തം സംഘടനകളോ രാഷ്ട്രീയ പാര്‍ട്ടിയോ ആവശ്യമില്ല, അവരുടെ സ്വാതന്ത്ര്യം മറ്റുള്ളവര്‍ നേടിത്തരും, അവരുടെ സംഘടനകളില്‍ അണിനിരന്നാല്‍ മതി എന്ന ധാരണയാണ്. ആ സംഘടനകള്‍ എല്ലാം പുരുഷാധിപത്യ സംഘങ്ങളാണെന്ന് പ്രത്യേകിച്ച് പറയാനില്ലല്ലോ. സ്ത്രീകളുടെ സംഘടനകള്‍ ഉണ്ടെങ്കില്‍ തന്നെ അവയെല്ലാം പോഷകസംഘടനകളുമാണല്ലോ. ഈ സംഘടനകളും അവരുടെ നേതാക്കളും സ്ത്രീവിമോചനത്തിന്റെ രാഷ്ട്രീയം സ്വീകരിക്കില്ല എന്നുറപ്പ്. മറ്റു മിക്ക സംസ്ഥാനങ്ങളിലും പല രീതിയിലുമുള്ള സ്വതന്ത്ര സ്ത്രീ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അങ്ങനെയുള്ളയിടങ്ങളില്‍ സ്ത്രീ പദവി ഉയര്‍ന്നിട്ടുമുണ്ട്.
ഇനി കുറച്ചു കണക്കുകള്‍ നോക്കാം. 1957ല്‍ നിലവില്‍ വന്ന ഒന്നാം നിയമസഭയില്‍ 127 അംഗങ്ങളില്‍ ആറ് സത്രീകളാണുണ്ടായിരുന്നത്. കേവലം 4.7 ശതമാനം. അന്ന് മത്സരരംഗത്ത് ഉണ്ടായിരുന്നത് 90 സ്ത്രീകളായിരുന്നു. അരനൂറ്റാണ്ട് പിന്നിട്ട് 13ാം നിയമസഭയില്‍ എത്തുമ്പോള്‍ 140 അംഗങ്ങളില്‍ 7 സ്ത്രീകള്‍ മാത്രമാണുള്ളത്. വെറും 5 ശതമാനം. എല്‍ഡിഎഫിന്റെ 6 ഉം യുഡിഎഫിന്റെ 1 ഉം. 1957 മുതല്‍ 2011 വരെയുളള കേരള നിയമസഭയില്‍ ഒരിക്കല്‍ പോലും സ്ത്രീ പ്രാതിനിധ്യം 10 ശതമാനം എത്തിയിട്ടില്ല. മന്ത്രിസഭയില്‍ സ്ത്രീ പ്രാതിനിധ്യം ഇല്ലാത്ത രണ്ട് നിയമസഭകളും കേരള ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. ലോക സഭയിലേക്കാണെങ്കില്‍ ഇത്രയും കാലത്തിനിടയില്‍ കേരളം തെരഞ്ഞെടുത്തയച്ചത് 8 സ്ത്രീകളെ മാത്രം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു സ്ത്രീയെ പരിഗണിക്കാന്‍ പോലും ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇതുവരെ തയ്യാറായിട്ടില്ല. സബ് സഹാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലേക്കാള്‍ പിന്നോക്കമാണ് . ‘പ്രബുദ്ധ’ കേരളത്തിലെ സ്ത്രീകളുടെ നിയമസഭ പ്രാധിനിധ്യം. മത്സരിക്കാന്‍ സ്ത്രീകള്‍ തയ്യാറാകാത്തതുകൊണ്ടോ അനുഭവ പാരമ്പര്യവും കാര്യപ്രാപ്തിയുമുള്ള സ്ത്രീകള്‍ രാഷ്ട്രീയപാര്‍ട്ടികളില്‍ ഇല്ലാത്തതുകൊണ്ടോ അല്ല ഇത്. കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സ്ത്രീ പുരുഷ സമത്വം ലിംഗനീതിയും അംഗീകരിക്കാന്‍ തയ്യാറല്ലാത്ത പുരുഷാധിപത്യത്തിന്റെ നിയന്ത്രണത്തില്‍ തന്നെ നില്‍ക്കുന്നതുകൊണ്ടാണ്. ജയലളിത, മമതാ ബാനര്‍ജി, ഗൗരിയമ്മ, മായാവതി തുടങ്ങിയ എന്തിനുംപോന്ന സ്ത്രീകള്‍ രാഷ്ട്രീയ രംഗത്ത് കരുത്ത് കാട്ടുകയും ഇന്ദിരാഗാന്ധി ദുര്‍ഗ്ഗയായി വാഴുകയും ചെയ്ത നാട്ടിലാണ്, ഇപ്പോഴും സാമാന്യേന സ്ത്രീ രാഷ്ട്രീയക്കാര്‍ ചേട്ടന്മാരുടെ നിഴലില്‍ തന്നെ കഴിഞ്ഞുകൂടുന്നത് എന്നതില്‍ വൈരുദ്ധ്യമുണ്ട്. കേരളത്തില്‍ അനിവാര്യമായത് രക്ഷകരോട് സലാം പറഞ്ഞ്, സ്ത്രീകള്‍ സ്വന്തം പ്രസ്ഥാനങ്ങള്‍ – രാഷ്ട്രീയ പാര്‍ട്ടിയടക്കം – ഉണ്ടാക്കി രംഗത്തിറങ്ങുക മാത്രമാണ്.
ഈ സാഹചര്യത്തിലാണ് സ്ത്രീകളുടെ പാര്‍ട്ടികളുടെ പ്രസക്തി. അവരുടെ നേതൃത്വത്തില്‍ പാര്‍ട്ടികള്‍ രൂപം കൊള്ളട്ടെ. സ്വാതന്ത്ര്യസമരം മുതല്‍ എല്ലാം തുടക്കം മുതല്‍ ആവര്‍ത്തിക്കേണ്ട അവസ്ഥയിലാണല്ലോ സ്ത്രീകള്‍. അതവരുടെ മുന്‍കൈയില്‍തന്നെ വേണം. സ്വാതന്ത്ര്യം ആരും കൊണ്ടുതരില്ല. സ്ത്രീകളുടെ അത്തരം പ്രസ്ഥാനത്തോട് സഹകരിക്കുകയാണ് ജനാധിപത്യവിശ്വാസികളും ലിംഗനീതിയില്‍ വിശ്വസിക്കുന്നവരുമായ പുരുഷന്മാര്‍ ചെയ്യേണ്ടത്. ഇത്രയും കാലം എല്ലാ പ്രസ്ഥാനങ്ങള്‍ക്കും നേതൃത്വം കൊടുത്തത് പുരുഷന്മാരാണല്ലോ. എന്നിട്ട് ജനസംഖ്യയില്‍ പകുതി വരുന്നവര്‍ക്ക് സുരക്ഷിതബോധത്തോടെ ഒരു നിമിഷം പോലും കഴിയാനാവാത്ത അവസ്ഥയാണ് ഉണ്ടായത്. അതിനാല്‍ തന്നെ ഇനിയെങ്കിലും വിനയത്തോടെ മാറി നില്‍ക്കുക. അവസരം ലഭിച്ചാല്‍ ഏതു രംഗത്തും തങ്ങള്‍ക്ക് ശോഭിക്കാന്‍ കഴിയുമെന്ന് സ്ത്രീകള്‍ തെളിയിച്ചിട്ടുണ്ട്. അവരുടെ കൈകളില്‍ നാട് സുരക്ഷിതമായിരിക്കും എന്നതില്‍ സംശയം വേണ്ട. പ്രത്യക പരിഗണനകള്‍ക്കും സംവരണത്തിനുമുള്ള ആവശ്യത്തിനുമപ്പുറം സ്ത്രീകള്‍ അവകാശത്തിനായി സ്വന്തം പ്രസ്ഥാനം ഉണ്ടാക്കേണ്ട കാലഘട്ടമാണ് ആസന്നമായിരിക്കുന്നത്. സിനിമാമേഖലയിലെ പ്രശ്‌നങ്ങളുടെ ചര്‍ച്ചകള്‍ നടക്കട്ടെ. ഒപ്പം ഇത്തരം ദീര്‍ഘകാല ലക്ഷ്യങ്ങളും ഇനി ചര്‍ച്ച ചെയ്യണം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply