വെട്ടില്‍വീണ് പ്രതിപക്ഷകക്ഷികള്‍

ജിനേഷ് പൂനത്ത് പിന്നിട്ട മൂന്നു വര്‍ഷക്കാലവും അപ്രതീക്ഷിത തീരുമാനങ്ങളിലൂടെ ശ്രദ്ധനേടിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇത്തവണ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലൂടെയാണ് പ്രതിപക്ഷത്തെ ഞെട്ടിച്ചത്. ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവതില്‍ തുടങ്ങി സുഷമാ സ്വരാജിലൂടെ നീണ്ട സാധ്യതാ പട്ടികയില്‍ ഏതുപേരും ഉടനടി വെട്ടാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കു സാധിക്കുമായിരുന്നെങ്കിലും രാംനാഥ് കോവിന്ദിന്റേത് അങ്ങനെയല്ല. ആര്‍.എസ്.എസ്. കളരിയിലൂടെ വളര്‍ന്ന നേതാവാണെങ്കിലും ദളിത് വിഭാഗത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ആ വിഭാഗത്തില്‍നിന്നുതന്നെയുള്ള നേതാവെന്നതും സംശുദ്ധ രാഷ്ട്രീയ പ്രതിഛായയും കോവിന്ദിന് മുതല്‍കൂട്ടാണ്. കോവിന്ദിനെതിരേ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നവരായിരിക്കും […]

rrജിനേഷ് പൂനത്ത്

പിന്നിട്ട മൂന്നു വര്‍ഷക്കാലവും അപ്രതീക്ഷിത തീരുമാനങ്ങളിലൂടെ ശ്രദ്ധനേടിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇത്തവണ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലൂടെയാണ് പ്രതിപക്ഷത്തെ ഞെട്ടിച്ചത്. ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവതില്‍ തുടങ്ങി സുഷമാ സ്വരാജിലൂടെ നീണ്ട സാധ്യതാ പട്ടികയില്‍ ഏതുപേരും ഉടനടി വെട്ടാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കു സാധിക്കുമായിരുന്നെങ്കിലും രാംനാഥ് കോവിന്ദിന്റേത് അങ്ങനെയല്ല. ആര്‍.എസ്.എസ്. കളരിയിലൂടെ വളര്‍ന്ന നേതാവാണെങ്കിലും ദളിത് വിഭാഗത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ആ വിഭാഗത്തില്‍നിന്നുതന്നെയുള്ള നേതാവെന്നതും സംശുദ്ധ രാഷ്ട്രീയ പ്രതിഛായയും കോവിന്ദിന് മുതല്‍കൂട്ടാണ്. കോവിന്ദിനെതിരേ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നവരായിരിക്കും യഥാര്‍ത്ഥ ദളിത് വിരുദ്ധരെന്ന് രാംവിലാസ് പസ്വാന്‍ വ്യക്തമാക്കിയതും ഈ സാഹചര്യത്തില്‍തന്നെ.
എന്‍.ഡി.എ. പക്ഷത്ത് രാഷ്ട്രപതി സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുള്ളവരുടെ വലിയൊരു പട്ടിക ആഴ്ചകളായി ചര്‍ച്ചചെയ്യപ്പെട്ടെങ്കിലും രാംനാഥ് കോവിന്ദിന് വിദൂരസാധ്യത പോലും കല്‍പ്പിക്കപ്പെട്ടില്ല. സംഘപരിവാര്‍ സവര്‍ണ മേധാവിത്വ സംഘടനയാണെന്ന എതിരാളികളുടെ പ്രചാരണത്തിനുള്ള മറുപടിയായി ആ വിഭാഗത്തില്‍നിന്നുള്ള നേതാവായിരിക്കണം രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെന്ന് ആര്‍.എസ്.എസ്. നിര്‍ദേശം നല്‍കിയിരുന്നു. വ്യക്തമായ ഭൂരിപക്ഷമുള്ള സാഹചര്യത്തിലും തുടര്‍ഭരണം ലക്ഷ്യമിടുന്നതിനാലും ബി.ജെ.പിയില്‍നിന്നുതന്നെയുള്ള നേതാവായിരിക്കണം രാഷ്ട്രപതിയാകേണ്ടതെന്ന നിലപാടായിരുന്നു മോഡിക്കുമുണ്ടായിരുന്നത്. ഈ രണ്ട് നിലപാടുകളും കൂടിച്ചേര്‍ന്നപ്പോഴാണ് രാംനാഥ് കോവിന്ദ് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായത്. പ്രഖ്യാപനത്തിന്റെ തൊട്ടുമുമ്പുവരേയും ഈ പേര് ചര്‍ച്ച ചെയ്യപ്പെട്ടില്ലെന്നത് ബി.ജെ.പിയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതിന്റെ അവസാനവാക്ക് മോഡി അമിത്ഷാ കൂട്ടുകെട്ടാണെന്ന് ഒരിക്കല്‍ കൂടി അരക്കിട്ടുറപ്പിക്കുന്നതായി.
വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും പ്രതിപക്ഷത്തിന്റെ സഹകരണവും പിന്തുണയും തേടി അമിത്ഷാ നിയോഗിച്ച കേന്ദ്ര മന്ത്രിമാരുടെ സമിതി പ്രതിപക്ഷ നേതാക്കളുമായി കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ച നടത്തിയിരുന്നു. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ അധ്യക്ഷ സോണിയയുമായി മാത്രമല്ല രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കേവലം മൂന്ന് ശതമാനം വോട്ട് മാത്രമുള്ള സി.പി.എം, സി.പി.ഐ നേതാക്കളുമായും പാര്‍ട്ടി ഓഫീസിലെത്തി കേന്ദ്ര മന്ത്രിമാര്‍ ചര്‍ച്ച നടത്തി. ഭക്ഷണകാര്യത്തിലടക്കം ഇടപെടല്‍ നടത്തുന്ന തരത്തില്‍ ഏകാധിപത്യ നിലപാടുകളാണ് മോഡി സര്‍ക്കാരിന്റേതെന്ന വിമര്‍ശനത്തെ പ്രതിരോധിക്കാനുള്ള തന്ത്രപരമായ നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്. ബിഹാര്‍ ഗവര്‍ണറായ രാംനാഥ് കോവിന്ദ് മികച്ച പിന്തുണയാണ് ഭരണപരമായ മേഖലയില്‍ നല്‍കിയതെന്നാണ് മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ ഇന്നലെ പ്രതികരിച്ചത്. നിതീഷ്‌കുമാര്‍ സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കാന്‍ ഒരുങ്ങിയപ്പോള്‍ തട്ടിപ്പ് പരിപാടിയെന്ന ആരോപണം ഉയര്‍ന്നെങ്കിലും ബില്ലില്‍ ഒപ്പുവച്ച് ഗവര്‍ണറായ രാംനാഥ് കോവിന്ദ് പിന്തുണ നല്‍കി. സര്‍ക്കാര്‍ തീരുമാനത്തെ പ്രശംസിച്ച് മോഡിയും നിതീഷുമായി കൈകോര്‍ത്തു. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പുവരെ ബി.ജെ.പിയുടെ സഖ്യകക്ഷി നേതാവായിരുന്ന നിതീഷ്, മോഡിയെ ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി പ്രഖ്യാപിച്ചതോടെ സഖ്യം ഉപേക്ഷിക്കുകയും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യ എതിരാളിയായ ലാലു പ്രസാദ് യാദവിനൊപ്പം ചേര്‍ന്ന് ബി.ജെ.പിയെ പ്രതിരോധിക്കുകയും ചെയ്തു. എന്നാല്‍ സമീപകാലത്തായി ലാലു നിതീഷ് ബന്ധം അത്ര സുഖകരമല്ല. ഈ സാഹചര്യത്തില്‍ ബി.ജെ.പി പക്ഷത്തേക്ക് ചായാനൊരുങ്ങുന്ന നിതീഷിന് ഇതിനുള്ള അവസരമൊരുങ്ങുന്നതായി നടക്കാന്‍ പോകുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പും. ബി.ജെ.പി ഏത് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാലും ശരി എതിര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന് പ്രതിപക്ഷ ഐക്യയോഗത്തില്‍ ശക്താമയ ആവശ്യപ്പെട്ടത് ലാലു പ്രസാദ് യാദവാണ്.
ഈ സാഹചര്യത്തില്‍ കോവിന്ദിന് നീതീഷിന്റെ പിന്തുണ ഉറപ്പാക്കാന്‍ സാധിച്ചാല്‍ പ്രതിപക്ഷ ഐക്യനിരയില്‍ വലിയ വിള്ളല്‍ വീഴ്ത്താന്‍ സാധിക്കുമെന്നും ബി.ജെ.പി കണക്കുകൂട്ടുന്നു. ഇതേകുറിച്ചാലോചിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ വിളിച്ചുചേര്‍ത്ത ഉച്ചവിരുന്നില്‍ സംസ്ഥാനതലത്തില്‍ എതിരിട്ട്‌നില്‍ക്കുന്നവരുള്‍പ്പെടെ 18 പ്രതിപക്ഷ പാര്‍ട്ടികളായിരുന്നു പങ്കെടുത്തിരുന്നത്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍നിന്ന് സീറ്റുകള്‍ തൂത്തുവാരിയതാണ് ബി.ജെ.പിയ്ക്ക് കേന്ദ്രത്തില്‍ ഭൂരിപക്ഷം ലഭിക്കുന്നതിനിടയാക്കിയത്. 2019 ലെ പൊതു തെരഞ്ഞെടുപ്പില്‍ ഇതാവര്‍ത്തിക്കാന്‍ ഇടയില്ലെന്ന ആശങ്ക അമിത്ഷായ്ക്കുണ്ട്. ഉത്തര്‍പ്രദേശില്‍ അപ്രതീക്ഷിതമായി യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയതോടെ തീവ്രഹിന്ദുത്വവാദികളുടെ വോട്ട് ഉറപ്പാക്കാനായെങ്കിലും ദളിതുകള്‍ക്ക് നേരെയുള്ള ആക്രമണം വര്‍ധിച്ചത് നേതൃത്വത്തെ അസ്വസ്ഥരാക്കി. ഇതിനെ മറികടക്കാനുള്ള നീക്കമാണ് ദളിത് വിഭാഗത്തില്‍നിന്നുള്ള ഉത്തര്‍പ്രദേശ് കാണ്‍പൂര്‍ സ്വദേശികൂടിയായ രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാത്ഥിയാക്കിയതിനു പിന്നില്‍.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഒഡിഷയില്‍ ഭൂരിപക്ഷം ഉറപ്പിക്കാനുള്ള തന്ത്രമാണ് ബി.ജെ.പി പയറ്റുന്നത്. ആദിവാസി ഗോത്ര വിഭാഗങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള ഒഡിഷയിലും ദളിത് നേതാവിനെ രാഷ്ട്രപതിയാക്കുന്നത് ഗുണം ചെയ്യുമെന്ന് ബി.ജെ.പി വിലയിരുത്തുന്നു. മോഡി കേന്ദ്ര ഭരണത്തിലേക്ക് മാറിയതോടെ പതറിയ ഗുജറാത്തിലും ദളിത് സമരം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ പുതിയ നീക്കം അനുകൂല ഘടകമാകുമെന്ന് കരുതുന്നു. കഴിഞ്ഞ രാഷ്ട്രപതി തെരഞ്ഞെടുപ്പിലടക്കം കോണ്‍ഗ്രസിന് വോട്ട് ചെയ്ത ശിവസേനയുടെ പിന്തുണ ബി.ജെ.പി കാര്യമാക്കുന്നില്ല. ആന്ധ്രാ പ്രദേശിലെ വൈ.എസ്.ആര്‍. കോണ്‍ഗ്രസ്, തെലങ്കാനയിലെ ടി.ആര്‍.എസ്, തമിഴ്‌നാട്ടിലെ അണ്ണാ എ.ഡി.എം.കെ എന്നീ പാര്‍ട്ടികളുടെ പിന്തുണ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഉറപ്പാക്കുകവഴി അടുത്ത തെരഞ്ഞെടുപ്പിലെ പുതു സഖ്യംകൂടിയാണ് ബി.ജെ.പി മുന്നില്‍ കാണുന്നത്. ദളിത് സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ കോവിന്ദിനെ പ്രതിപക്ഷത്തെ മറ്റ് പാര്‍ട്ടികളും പിന്തുണയ്ക്കാന്‍ തയാറായാല്‍ അടുത്ത പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉയര്‍ന്നുവരുന്ന പ്രതിപക്ഷ ഐക്യനിരയെ ശിഥിലീകരിക്കാന്‍ സാധിക്കുമെന്നും ബി.ജെ.പി കണക്കുകൂട്ടുന്നു. ഈയൊരു അപകട സാധ്യത തിരിച്ചറിഞ്ഞുതന്നെയാണ് കോവിന്ദ് ദളിത് നേതാവെങ്കിലും അദേഹത്തിന്റെ രാഷ്ട്രീയം സംഘപരിവാറിന്റേതാണെന്നും പിന്തുണയ്ക്കാനാവില്ലെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചതിന് പിന്നിലെ പ്രധാന കാരണവും.
പ്രധാനമന്ത്രി പദം കൈവിട്ടതില്‍ പിന്നെ രാഷ്ട്രപതി മോഹവുമായി കഴിഞ്ഞ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയ്ക്കും മറ്റൊരു നേതാവ് മുരളീ മനോഹര്‍ ജോഷിയ്ക്കും ഈ തീരുമാനം രാഷ്ട്രീയപരമായി തിരിച്ചടി തന്നെയാണ്. അദ്വാനി ക്യാമ്പില്‍നിന്നെത്തിയ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ രാഷ്ട്രപതിയാക്കി, തനിക്ക് വഴങ്ങാത്ത മന്ത്രാലയത്തെ കൈപ്പിടിയിലൊതുക്കാനുള്ള ഒരു നീക്കം മോഡി നേരത്തെ നടത്തിയെങ്കിലും സുഷമ തയാറായില്ല. കേരളാ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവവും മെട്രോമാന്‍ ഇ. ശ്രീധരനുമടക്കമുള്ളവരുടെ പേരുകളും ഉയര്‍ന്നിരുന്നു. അതേസമയം പ്രതിപക്ഷത്ത് നിന്ന് മഹാത്മാഗാന്ധിയുടെ ചെറുമകന്‍ ഗോപാലകൃഷ്ണ ഗാന്ധിയുടേയും കോണ്‍ഗ്രസ് നേതാവും മുന്‍ ലോക്‌സഭാ സ്പീക്കറുമായ മീരാ കുമാറിന്റേയും പേരുകള്‍ മാത്രമാണ് ചര്‍ച്ച ചെയ്യപ്പെട്ടത്.

മംഗളം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply