വി എസിനുമുന്നില്‍ ആദിവാസിനേതാക്കള്‍….
ബഹുമാനപ്പെട്ട കേരളസംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ മുമ്പാകെ, ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോര്‍ഡിനേറ്റര്‍ എം ഗീതാനന്ദനും, മറ്റ് ആദിവാസി നേതാക്കളും സമര്‍പ്പിക്കുന്ന നിര്‍ദ്ദേശങ്ങള്‍. സര്‍, ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 244 ന്റെയും പട്ടികവര്‍ഗ്ഗക്കാര്‍ക്ക് സാമൂഹ്യനീതി ഉറപ്പാക്കാനുള്ള മറ്റ് വകുപ്പുകളുടെയും ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ടി താഴെപറയുന്ന നിര്‍ദ്ദേശങ്ങള്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ പരിഗണിക്കണമെന്നും ആവശ്യമായ നിയമനിര്‍മാണങ്ങളും ചട്ടങ്ങളും മറ്റ് സാധ്യമായ ഭരണപരിഷ്‌കാര നടപടികളും ആവിഷ്‌കരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും അപേക്ഷിക്കുന്നു. 1) ഭൂമി, വനം തുടങ്ങിയവയുമായി ബന്ധപ്പെട്ട് സവിശേഷമായ […]
ബഹുമാനപ്പെട്ട കേരളസംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ മുമ്പാകെ, ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോര്‍ഡിനേറ്റര്‍ എം ഗീതാനന്ദനും, മറ്റ് ആദിവാസി നേതാക്കളും സമര്‍പ്പിക്കുന്ന നിര്‍ദ്ദേശങ്ങള്‍.
സര്‍,
ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 244 ന്റെയും പട്ടികവര്‍ഗ്ഗക്കാര്‍ക്ക് സാമൂഹ്യനീതി ഉറപ്പാക്കാനുള്ള മറ്റ് വകുപ്പുകളുടെയും ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ടി താഴെപറയുന്ന നിര്‍ദ്ദേശങ്ങള്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ പരിഗണിക്കണമെന്നും ആവശ്യമായ നിയമനിര്‍മാണങ്ങളും ചട്ടങ്ങളും മറ്റ് സാധ്യമായ ഭരണപരിഷ്‌കാര നടപടികളും ആവിഷ്‌കരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും അപേക്ഷിക്കുന്നു.
1) ഭൂമി, വനം തുടങ്ങിയവയുമായി ബന്ധപ്പെട്ട് സവിശേഷമായ സംസ്‌കാരമുള്ളവരെന്ന നിലയിലും, പരമ്പരാഗതമായി സ്വയംഭരണ ഗ്രാമസഭകളായി ജീവിച്ചുവന്നവരെന്ന നിലയിലും ഇന്ത്യന്‍ ഭരണഘടന പട്ടികവര്‍ഗ്ഗക്കാര്‍ക്ക് പ്രത്യേക പരിരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.
പരമ്പരാഗതമായി ആദിവാസി സമൂഹം തുടര്‍ന്നുവന്ന സ്വയം ഭരണ രൂപങ്ങളെ ഭരണഘടന അംഗീകരിക്കുന്ന( Recognise) സമീപനമാണ് സ്വീകരിച്ചിരുന്നത്. ഭൂമിയുമായി ബന്ധപ്പെട്ട ഒട്ടേറെ പുരോഗമനപരമായ നിയമങ്ങള്‍ കേരളത്തില്‍ ആവിഷ്‌കരിച്ചിട്ടു ണ്ടെങ്കിലും ആദിവാസികളുടെ സാമൂഹിക പരിരക്ഷയെ ഈ നിലയില്‍ സമീപിച്ചിട്ടില്ല. ഭരണഘടന നിലവില്‍ വന്നതിനുശേഷം, പട്ടികവര്‍ഗ്ഗ പ്രദേശങ്ങള്‍ക്ക് ( 5ാം പട്ടികയും, 6ാം പട്ടികയിലും പെടുന്ന പ്രത്യേക ഭരണ രൂപമെന്ന നിലയില്‍ 1996ല്‍ ‘പഞ്ചായത്ത് രാജ് വ്യവസ്ഥകള്‍ (പട്ടികവര്‍ഗ്ഗ മേഖലയിലേക്ക് വ്യാപിപ്പിക്കല്‍) നിയമം'(Provisions of Panchayats-Extension to the Scheduled Areas-Act 1996) എന്ന നിയമത്തിന് രൂപം നല്‍കിയിട്ടുമുണ്ട്. ആദിവാസി ഊരിന് അല്ലെങ്കില്‍ ഊരു കള്‍ക്ക് ഗ്രാമസഭയായി പ്രവര്‍ത്തിക്കുന്നതിനും, അവരുടെ സമൂഹത്തിന്റെ (കമ്മ്യൂണിറ്റി) ക്ഷേമപ്രവര്‍ത്തനങ്ങള്‍ പരിപാലിക്കുന്നതിനുമുള്ള അവകാശം അംഗീകരിച്ചുകൊണ്ടുള്ള പ്രത്യേക ആദിവാസി പഞ്ചായത്തുകളാണ് നിയമംമൂലം അംഗീകരിക്കപ്പെട്ടത്. 2006ല്‍ പാര്‍ലമെന്റ് പാസാക്കിയ വനാവകാശനിയമം(The Scheduled Tribes and Other Forest Dwellers-Rights Recognition – Act 2006) ആദിവാസി വനാവകാശ അംഗീകരിക്കാനുള്ള അധികാരം മേല്‍പ്പറഞ്ഞ ഗ്രാമസഭകള്‍ക്ക് നല്‍കിയിട്ടുമുണ്ട്. ഇന്ത്യയിലെ പട്ടികവര്‍ഗ്ഗക്കാരുടെ ഭരണഘടന അവകാശവുമായി ബന്ധപ്പെട്ട് മേല്‍പറഞ്ഞ നിയമങ്ങളിലൂടെ ഏറെ മുന്നോട്ടുപോയിട്ടുണ്ടെങ്കിലും കേരളത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ഭൂമി അന്യാധീനപ്പെടാ തിരിക്കാനും നഷ്ടപ്പെട്ട ഭൂമി തിരിച്ചെടുക്കാനുമുള്ള ഒരു നിയമം( KLT Act 1999 -1975ന്റെ നിയമത്തിന്റെ
ഭേദഗതി) മാത്രമാണ് നിലവിലുള്ളത്. മേല്‍പ്പറഞ്ഞ നിയമം, ഭരണഘടന കണക്കിലെടുത്ത താല്‍പര്യങ്ങള്‍ക്ക് പര്യാപ്തമല്ല. ആദിവാസി പ്രക്ഷോഭങ്ങളെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഇത് അംഗീകരിച്ചിട്ടുണ്ടെങ്കിലും(PESA നിയമത്തിനുള്ള നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാരിനു മുമ്പില്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും) ചില സാങ്കേതികകാരണങ്ങളാല്‍ അംഗീകാരം നീണ്ടുപോവുകയാണ്. പഞ്ചായത്തീരാജ് നിയമം നടപ്പിലാക്കുമ്പോള്‍ തന്നെ പ്രസ്തുത നിയമവും നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യത ഉണ്ടെങ്കിലും വേണ്ട പ്രാധാന്യം നല്‍കിയിട്ടില്ല. ആയതിനാല്‍ കേരളത്തിന് അനുയോജ്യമായ നിലയില്‍ നിയമനിര്‍മ്മാണത്തിന് വേഗത കൂട്ടാന്‍ സംസ്ഥാന സര്‍ക്കാരിനോടും കേന്ദ്രസര്‍ക്കാറിനോടും ആവശ്യപ്പെടേണ്ടതാണ്.
2)ഭൂമിയും വനാവകാശവും വിഭവങ്ങളില്‍ മേലുള്ള നിയന്ത്രണവും നഷ്ടപ്പെട്ടതാണ് ആദിവാസികളുടെ ദാരിദ്ര്യത്തിനും പിന്നോക്കാവസ്ഥയ് ക്കും പ്രധാന കാരണമെന്ന് പൊതുവില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട് .സ്വയം തീരുമാനമെടുക്കാനുള്ള അധികാരവും അവകാശവും കവര്‍ന്നെടുക്കപ്പെട്ട തും പിന്നോക്കാവസ്ഥയ്ക്ക് കാരണമാണ്. കോടിക്കണക്കിന് രൂപ ബഡ്ജറ്റില്‍ പട്ടികവര്‍ഗ ക്ഷേമത്തിന് വകയിരുത്തുന്നുണ്ടെങ്കിലും ആദിവാസി ഗ്രാമസഭകള്‍ക്ക് / ഊരു കൂട്ടങ്ങള്‍ക്ക് സ്വയം തീരുമാനമെടുക്കാനുള്ള അധികാരം തദ്ദേശസ്വയംഭരണവകുപ്പ് ,പട്ടികവര്‍ഗ്ഗ വകുപ്പ് തുടങ്ങിയ സംവിധാനങ്ങളിലെ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്. ത്രിതല പഞ്ചായത്തീരാജ് നിയമം വന്നതിനുശേഷം ‘ഗുണഭോക്താക്കളെ’ കണ്ടെത്താനുള്ള ഒരു വേദിയായി മാത്രം ആദിവാസി ഗ്രാമസഭകളെ/ഊരു കൂട്ടങ്ങളെ ചുരുക്കി യതായും 1999-ലെ ചില സര്‍ക്കാര്‍ ഉത്തരവുകളില്‍ കാണാം. പ്രസ്തുത ഉത്തരവിന്റെ മറവില്‍ പഞ്ചായത്ത് അധികൃതര്‍, പട്ടികവര്‍ഗ വകുപ്പ് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ അവരുടെ ആവശ്യാര്‍ത്ഥം ഗ്രാമസഭ /ഊരു കൂട്ടങ്ങള്‍ വിളിച്ചുചേര്‍ക്കുകയും ആവശ്യമായ രീതിയില്‍ മിനിട്‌സുകള്‍ രേഖപ്പെടുത്തി, പ്രസ്തുത രേഖകള്‍ (മിനിട്‌സുകള്‍) ദുരുപയോഗം ചെയ്തു വരികയുമാണ്. ഫലത്തില്‍ ഊരു
കൂട്ടത്തിന്റെ/ ഗ്രാമസഭയുടെ അധിപന്മാര്‍ പഞ്ചായത്ത് അധികൃതര്‍/ പട്ടികവര്‍ഗ വകുപ്പ് ഉദ്യോഗസ്ഥര്‍/ പ്രമോട്ടര്‍മാര്‍/ കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവരായി മാറിയിരിക്കുന്നു. വികസന ഫണ്ടിന്റെ വിനിയോഗത്തില്‍ അഴിമതി നടക്കുന്നതിന് ഒരു പ്രധാന കാരണം ഗ്രാമസഭയുടെ അധികാരം കവര്‍ന്നെടുത്തതാണ്.PESA നിയമത്തിന് അംഗീകാരം ലഭിച്ചാല്‍ ഇത് മറികടക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ PESA നിയമം പ്രാബല്യത്തിലില്ലെങ്കിലും ആദിവാസി ഊരുകളുകളുടെ ജനാധിപത്യം അംഗീകരിക്കേണ്ടതുണ്ട്. ആയതിനാല്‍ ഊരു കൂട്ടങ്ങള്‍ക്ക് അല്ലെങ്കില്‍ ഒന്നോ
ഒന്നിലധികമോ ഊരുകളുടെ കൂട്ടായ്മയ്ക്ക് ഗ്രാമസഭ പദവി അംഗീകരിക്കുന്ന( Recognise) ഒരു സംസ്ഥാന നിയമത്തിന് രൂപം നല്‍കാന്‍ നിര്‍ദേശം നല്‍കണമെന്ന് അപേക്ഷിക്കുന്നു. ഗ്രാമസഭകളുടെ അധികാരത്തില്‍ കൈകടത്തുന്നത് കുറ്റകരമാക്കുകയും വേണം. ത്രിതല പഞ്ചായത്ത് രാജ് നിയമം നിലവില്‍ വന്നപ്പോള്‍, പട്ടികജാതി-പട്ടികവര്‍ഗക്കാരുടെ വികസനകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക ഗ്രാമസഭകള്‍(സ്‌പെഷ്യല്‍ ഗ്രാമസഭകള്‍)ക്ക് അംഗീകാരം നല്‍കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നെങ്കിലും പഞ്ചായത്ത് രാജ് നിയമത്തില്‍ ഭേദഗതി വരുത്തിയില്ല.
3) മേല്‍പറഞ്ഞവ യാഥാര്‍ഥ്യമാകണമെങ്കില്‍ നിലവിലുള്ള ഭരണ സംവിധാനങ്ങളില്‍ ആവശ്യമായ പരിഷ്‌കരണം വേണം.
പട്ടികവര്‍ഗ വകുപ്പിന് പ്രത്യേക പദവി നല്‍കുകയും പ്രത്യേക മന്ത്രാലയം നിലവില്‍ വരികയും വേണം. ആവശ്യമെങ്കില്‍ തദനുസൃതമായ മാറ്റം ബിസിനസ് റൂള്‍സില്‍ വരുത്താന്‍ നിര്‍ദ്ദേശം നല്‍കണം.
4) പട്ടികവര്‍ഗ ക്ഷേമത്തിന് വേണ്ടി കേന്ദ്രതലത്തില്‍ ഐ.ടി.ഡി.പി(ITDP-Integrated Tribal Development Programme) നിലവിലുണ്ട്.ഗ്രാമസഭ ഭരണരീതിക്ക് വേണ്ടിയുള്ള നിയമനിര്‍മ്മാണങ്ങള്‍ നടന്ന സ്ഥിതിക്ക് ITDP ക്ക് പ്രസക്തിയില്ല. മാത്രവുമല്ല, ഇന്ത്യയിലെ വിപുലമായ മേഖലകളിലേക്ക് പട്ടികവര്‍ഗ പ്രദേശങ്ങള്‍ വ്യാപിപ്പിക്കുന്നതിനുള്ള മുന്നൊരുക്കം നിലയിലാണ് ഐ.ടി.ഡി.പി എന്ന സങ്കല്‍പ്പം കൊണ്ടുവന്നത്. സാമ്പത്തിക വികസനമാണ് അതില്‍ ഊന്നല്‍ നല്‍കിയത്. അനുഭവങ്ങള്‍ വ്യക്തമാക്കുന്നത് പട്ടികവര്‍ഗ്ഗ ക്ഷേമത്തിനായി കോടികള്‍ മാറ്റി വെക്കാത്തതല്ല പ്രശ്‌നമെന്നാണ്.( SCP/TSP വേറെയും നിലവിലുള്ളതാണല്ലോ. ഭരണ രീതിയിലുള്ള മാറ്റമാണ് (ഗവേര്‍ണന്‍സ്) പ്രധാനം. നേരത്തെ സൂചിപ്പിച്ചതുപോലെ, സംസ്ഥാന ഭരണ തലത്തിലും, പഞ്ചായത്ത് ഭരണ തലത്തിലും ആദിവാസികളുടെ വ്യതിരിക്തമായ സാമൂഹികപദവി അംഗീകരിച്ചുകൊണ്ടുള്ള ഭരണ രൂപം ആവിഷ്‌കരിക്കപ്പെടണം.
5) അധികാരം മുഴുവന്‍ സംസ്ഥാന ഭരണസിരാകേന്ദ്രത്തില്‍ ഒതുക്കുന്ന തരത്തിലാണ് ഇപ്പോഴുള്ള ഭരണസംവിധാനം. പട്ടികവര്‍ഗ്ഗ ജനസംഖ്യയില്‍ ആധിക്യമുള്ള മേഖലകളിലേക്ക് (വയനാട്, കാസര്‍ഗോഡ്, അട്ടപ്പാടി, ഇടുക്കി) ഇത് വികേന്ദ്രീകരിക്കപ്പെടണം.
6) പഞ്ചായത്ത് രാജ് നിയമം നിലവില്‍ വന്നതിനെത്തുടര്‍ന്ന് ആദ്യഘട്ടത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് കൈമാറ്റം ചെയ്ത വകുപ്പാണ് പട്ടികജാതി- പട്ടികവര്‍ഗക്ഷേമം. ഈ മാറ്റമാവട്ടെ മേല്‍പ്പറഞ്ഞ നിലയില്‍ ദേശീയതല മാറ്റങ്ങള്‍ പരിഗണിച്ചുകൊണ്ടു മായിരുന്നില്ല. 67-ഓളം താലൂക്ക് ഓഫീസുകള്‍ ഇല്ലാതാക്കുകയും, മേല്‍ത്തട്ടിലുള്ള ചില ഡയറക്ടര്‍ തസ്തിക കളും ഇതോടെ ഇല്ലാതാക്കപ്പെട്ടു.
വകുപ്പുകളും ആദിവാസികളും തമ്മിലുള്ള ഇടനിലക്കാരായി പട്ടികജാതി/വര്‍ഗ്ഗ പ്രമോട്ടര്‍മാര്‍ എന്ന വോളണ്ടിയേഴ്‌സിനെ 1999 മുതല്‍ നിയമിക്കുകയും ചെയ്തു. ഈ രീതി പുന പരിശോധിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു . പട്ടികവര്‍ഗ്ഗ ക്ഷേമം മുന്‍നിര്‍ത്തിയുള്ള ഗവേര്‍ണന്‍സിന് ഇത് ഗുണകരമല്ലെന്ന് മാത്രമല്ല, ആദിവാസികളുടെ ഭരണത്തിനുള്ള പ്രാതിനിധ്യം ഇല്ലാതാക്കുകയും ചെയ്തു. ആദിവാസികളുടെ ഗ്രാമസഭകളുടെ സ്വയംഭരണാവകാശവും വനാവകാശ നിയമത്തിന്റെ പ്രാധാന്യവും കണക്കിലെടുത്ത് നിലവിലുള്ള സംവിധാനം അഴിച്ചുപണിയണം. ആദിവാസി
ഊരുകളോട് / ഗ്രാമസഭ കളോട് ഉത്തരം പറയാന്‍ (അക്കൗണ്ടബില്‍ ആയി) ബാധ്യതയുള്ളവരായി ഊരിന്റെ/ഊരു കൂട്ടങ്ങളുടെ പ്രതിനിധികള്‍/അല്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ എന്ന നിലയില്‍ ഇവര്‍ നിയമിക്കപ്പെടണം. ഉയര്‍ന്ന ശമ്പളം ലഭിക്കുന്നവരും,വനാ വകാശം, പട്ടികവര്‍ഗ ക്ഷേമം , ആരോഗ്യം തുടങ്ങിയ നിയതമായ ദൗത്യം നിര്‍വഹിക്കുന്ന വരായി ഇവരെ ചുമതലപ്പെടുത്തുകയും പട്ടികവര്‍ഗക്ഷേമ ഉദ്യോഗസ്ഥരായി കണക്കാക്കുകയും വേണം. ഭാവിയില്‍ ആദിവാസി ഗ്രാമപഞ്ചായത്തിന്റെ(PESA പഞ്ചായത്തിന്റെ)
നിയന്ത്രണത്തിലുള്ള ഉദ്യോഗസ്ഥന്മാരായി ഇവരെ പരിവര്‍ത്തനപ്പെടുത്താം. നിലവിലുള്ള പ്രമോട്ടര്‍മാര്‍ പ്രത്യേകിച്ച് പ്രയോജനം ചെയ്യുന്നില്ല. കോടിക്കണക്കിന് രൂപ ഇതുവഴി പാഴാകുന്നു.
7) പട്ടികവര്‍ഗ്ഗ വകുപ്പില്‍, ഒരു നിശ്ചിതശതമാനം ഉദ്യോഗസ്ഥര്‍ (അത് വികേന്ദ്രീകരിക്കപ്പെടുന്ന ഡയറക്ടറേറ്റ് ) ഉണ്ടാകാന്‍ വ്യവസ്ഥകള്‍ ഉണ്ടാവണം .
പട്ടികജാതി — വര്‍ഗ്ഗ വകുപ്പില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥരില്‍ പലരും
(പ്രത്യേകിച്ചും തിരുവനന്തപുരം ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍)
പ്രസ്തുത വകുപ്പില്‍ ജോലി ചെയ്യുന്നത് അപമാനമായി കരുതുന്നവരുണ്ട്.
8 ) പട്ടികവര്‍ഗ്ഗ ഫണ്ട് ലാപ്‌സാവുന്നത് കുറ്റകരമാക്കുന്ന നിയമം നിര്‍ദ്ദേശിക്കപെടുകയും, പട്ടികവര്‍ഗ്ഗ വകുപ്പിന്റെ
ഫണ്ട് വിനിയോഗത്തെ കുറിച്ചുള്ള ആക്ഷേപങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക വിജിലന്‍സ് വിഭാഗത്തിന് രൂപം നല്‍കണം. തദ്ദേശസ്വയംഭരണവകുപ്പില്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റിനു പുറമേ വിജിലന്‍സ് സംവിധാനത്തിനും രൂപം നല്‍കണം.
9) അഭ്യസ്തവിദ്യരായ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് തൊഴില്‍ ലഭ്യമല്ല. പ്രത്യേക റിക്രൂട്ട്‌മെന്റ് നിര്‍ദ്ദേശിക്കണം. അതോടൊപ്പം, പട്ടികവര്‍ഗ്ഗക്കാരില്‍ പിന്നോക്കം നില്ക്കുന്ന ഗോത്ര വര്‍ഗ്ഗക്കാര്‍ക്ക് പ്രത്യേക റിക്രൂട്ട്‌മെന്റ് സംവിധാനവും നിര്‍ദ്ദേശിക്കണം.
10) കൃഷിഭൂമിയും, വനാവകാശവുമുള്ള ആദിവാസികള്‍ക്ക് കരം അടക്കുന്ന രേഖകളില്ലാത്തതിനാല്‍ ബാങ്കുകള്‍ വായ്പ നല്‍കില്ല. സ്വകാര്യ വായ്പ ഏജന്‍സികളില്‍ ചെല്ലാനും കടക്കെണിയില്‍ പെടാനും, അതുവഴി ഭൂമി നഷ്ടപ്പെടാനും കാരണമാകുന്നു. അത് തടയാന്‍ ആദിവാസികള്‍ക്ക് പ്രത്യേക ഭൂപണയ ബാങ്ക് രൂപം നല്‍കാനുള്ള നിയമനിര്‍മാണം വേണം. സര്‍ക്കാര്‍ ഗ്യാരണ്ടറാകുന്ന ഒരു സംവിധാനമാകണം ഇത്തരം ധനകാര്യ സംവിധാനങ്ങള്‍.
11) എസ് .ടി വിഭാഗങ്ങളുടെ സാമ്പത്തിക വികസനത്തിന് പ്രത്യേക കോര്‍പ്പറേഷന് രൂപം നല്‍കണം.
12) എസ് .ടി വിഭാഗങ്ങള്‍ക്ക് വേണ്ടി പ്രത്യേക പദവിയുള്ള കമ്മീഷന് രൂപം നല്‍കണം.
13) ഗോത്രവര്‍ഗ്ഗത്തിന്റെ ഭൂമി, വനാവകാശം തുടങ്ങിയവ തട്ടിയെടുക്കപ്പെടുന്ന തോടൊപ്പം അവരുടെ വിശ്വാസ / ആചാരാ നുഷ്ടാന കേന്ദ്രങ്ങളും ക്ഷേത്ര വല്‍ക്കരണത്തിന്റെ ഭാഗമായി നഷ്ടപ്പെടുന്നുണ്ട് . ഇത് തടയാന്‍ പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ പരമ്പരാഗത കാവുകള്‍/പതികള്‍ തുടങ്ങിയവയുടെ ക്ഷേമം ഉറപ്പാക്കാന്‍ മേഖലാ തലങ്ങളില്‍ പ്രത്യേക ക്ഷേമ ബോര്‍ഡ് സ്ഥാപിക്കണം. കൂടാതെ ആദിവാസികളുടെ പൊതുഇടങ്ങള്‍/ ശ്മശാനങ്ങള്‍ തുടങ്ങിയവ സംരക്ഷിക്കാനുള്ള നിയമവും നിര്‍ദേശിക്കപ്പെടണം. ഇത്തരം പൊതുസ്ഥാപനങ്ങള്‍ കൈവശമുള്ള ആദിവാസികള്‍ക്ക് രേഖകളില്ല. ഭൂമി കച്ചവട വസ്തു ആയതോടെ മറ്റുള്ളവര്‍ വ്യാപകമായി ഇത് പിടിച്ചെടുക്കുന്നുണ്ട്. ഇത് തടയുകയെന്നതും മേല്‍പ്പറഞ്ഞ നിയമത്തിന്റെ ലക്ഷ്യ മാകേണ്ടതുണ്ട്.
14) കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘കിര്‍ത്താഡ്‌സ് ‘എന്ന സ്ഥാപനം ഗോത്രവര്‍ഗ്ഗ പഠനങ്ങള്‍ക്കു വേണ്ടിയാണ് ഉദ്ദേശിക്കുന്നതെങ്കിലും അത് ലക്ഷ്യം കണ്ടിട്ടില്ല. പട്ടികവര്‍ഗ്ഗ വകുപ്പിന്റെ ഭാഗമെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനത്തെ ഒരു സ്വയംഭരണ സ്ഥാപനമായി പരിവര്‍ത്തനപ്പെടുത്താനുള്ള നിര്‍ദ്ദേശം ഉണ്ടാകണം. അതോടൊപ്പം തന്നെ വ്യത്യസ്തമായ ഭാഷയും സംസ്‌കാരവുമുള്ള നാല്‍പതോളം വരുന്ന ഗോത്ര വര്‍ഗ വിഭാഗങ്ങളുടെ ഭാഷകളെ പരിപോഷിപ്പിക്കാന്‍ ഒരു ഗോത്ര ഭാഷ ന്യൂനപക്ഷ കമ്മീഷനു രൂപം കൊടുക്കാനുള്ള നിര്‍ദേശം ഉണ്ടാകണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
15) വന്‍കിട കുത്തക കമ്പനികള്‍ അനധികൃതമായി കൈവശം വെക്കുന്ന ഭൂമി ഏറ്റെടുത്ത് ആദിവാസികള്‍ക്കും മറ്റു ഭൂരഹിതര്‍ക്കും നല്‍കാനുള്ള നിയമവും നിര്‍ദ്ദേശിക്കണമെന്ന് അപേക്ഷിക്കുന്നു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in