വിഴിഞ്ഞം : മത്സ്യത്തൊഴിലാളികള്‍ പോരാട്ടത്തില്‍.

ഏറെ വിവാദങ്ങള്‍ക്കിശേഷം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന വിഴിഞ്ഞം തുറമുഖ പദ്ധതി നാട്ടുകാരായ മത്സ്യത്തൊഴിലാളികളുടെ ഉപരോധം മൂലം പ്രതിസന്ധിയിലായിരിക്കുകയാണ്. എവിടേയും സംഭവിക്കുന്ന പോലെ മാന്യമായ നഷ്ടപരിഹാരം നല്‍കാത്തതുതന്നെയാണ് ഇവിടേയും പ്രധാന പ്രശ്‌നം. വികസനപദ്ധതികളെ എതിര്‍ക്കുന്നവര്‍ക്കെതിരെ ഗുണ്ടാനിയമം ചുമത്തുമെന്ന മുഖ്യമന്ത്രിയുടെ ഭാഷണി നിലനില്‍ക്കുമ്പോഴാണ് ഉപരോധസമരം നടക്കുന്നതെന്നത് ശ്രദ്ധേയമാണ്. വിഴിഞ്ഞത്തെ ലത്തീന്‍ കത്തോലിക്കരായ മീന്‍പിടുത്തക്കാര്‍ക്ക് ആകെ നിശ്ചയിച്ചിരുന്ന നഷ്ടപരിഹാരം അവിടത്തെ വിരലിലെണ്ണാവുന്ന കരമടി (കമ്പവല) മീന്‍പിടുത്തക്കാര്‍ക്ക് മാത്രമാണ്. അവിടെ വാണിജ്യ തുറമുഖം നിര്‍മ്മിക്കുന്നതോടെ ഫിഷിംഗ് ഹാര്‍ബറിലെ പരമ്പരാഗത മീന്‍പിടുത്ത ഉരുക്കള്‍ അപകടത്തില്‍ പെടുമെന്ന് […]

v

ഏറെ വിവാദങ്ങള്‍ക്കിശേഷം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന വിഴിഞ്ഞം തുറമുഖ പദ്ധതി നാട്ടുകാരായ മത്സ്യത്തൊഴിലാളികളുടെ ഉപരോധം മൂലം പ്രതിസന്ധിയിലായിരിക്കുകയാണ്. എവിടേയും സംഭവിക്കുന്ന പോലെ മാന്യമായ നഷ്ടപരിഹാരം നല്‍കാത്തതുതന്നെയാണ് ഇവിടേയും പ്രധാന പ്രശ്‌നം. വികസനപദ്ധതികളെ എതിര്‍ക്കുന്നവര്‍ക്കെതിരെ ഗുണ്ടാനിയമം ചുമത്തുമെന്ന മുഖ്യമന്ത്രിയുടെ ഭാഷണി നിലനില്‍ക്കുമ്പോഴാണ് ഉപരോധസമരം നടക്കുന്നതെന്നത് ശ്രദ്ധേയമാണ്.
വിഴിഞ്ഞത്തെ ലത്തീന്‍ കത്തോലിക്കരായ മീന്‍പിടുത്തക്കാര്‍ക്ക് ആകെ നിശ്ചയിച്ചിരുന്ന നഷ്ടപരിഹാരം അവിടത്തെ വിരലിലെണ്ണാവുന്ന കരമടി (കമ്പവല) മീന്‍പിടുത്തക്കാര്‍ക്ക് മാത്രമാണ്. അവിടെ വാണിജ്യ തുറമുഖം നിര്‍മ്മിക്കുന്നതോടെ ഫിഷിംഗ് ഹാര്‍ബറിലെ പരമ്പരാഗത മീന്‍പിടുത്ത ഉരുക്കള്‍ അപകടത്തില്‍ പെടുമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ പരിസ്ഥിതി മന്ത്രാലയത്തിലെ വിദഗ്ദ്ധസമിതി പോലും നേരത്തേ ചൂണ്ടിക്കാണിച്ചിരുന്നതാണ്. അതുകൊണ്ട് ഫിഷിംഗ് ഹാര്‍ബറില്‍ നിന്നും ഏറെ അകലെയായി മാത്രമേ വാണിജ്യ തുറമുഖം നിര്‍മ്മിക്കാവൂ എന്നു പോലും അവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇക്കാര്യം ഉദ്ധരിച്ചുകൊണ്ട് ഒരു ലഘുലേഖ തീരദേശ സംരക്ഷണ സമിതി ഇറക്കുക പോലും ചെയ്തിരുന്നു. ഇതിനകം നൂറോളം വള്ളങ്ങള്‍ക്ക് അപകടങ്ങളില്‍ പെട്ട് കേടുപാടുകള്‍ സംഭവിച്ചതായി നാട്ടുകാര്‍ പറയുന്നു, പത്രവാര്‍ത്തകളും അത് സ്ഥിരീകരിക്കുന്നു. എന്നാല്‍ ഇവര്‍ക്കൊന്നും നഷ്ടപരിഹാരം നല്‍കാന്‍ പണം നീക്കിവച്ചിട്ടില്ല. മാത്രമല്ല, ഈ പ്രശ്‌നം എല്ലായ്‌പോഴും നടക്കുമെന്നതിനാല്‍ നഷ്ടപരിഹാരം കണക്കാക്കാനും കഴിയില്ല എന്നും ചൂണ്ടികാട്ടപ്പെടുന്നു. വാണിജ്യ തുറമുഖത്തിനായുള്ള ബ്രേക്ക് വാട്ടറിന്റെ വെറും 500 മീറ്റര്‍ മാത്രമാണ് പൂര്‍ത്തിയായപ്പോഴുള്ള അവസ്ഥയാണിത്. ഇനിയും ഒരു കിലോമീറ്ററിലേറെ കടലിലേക്ക് ഇത് നീളുകയും പിന്നീടു തെക്കോട്ട് വളഞ്ഞ് വീണ്ടും രണ്ട് കിലോമീറ്ററിലധികം പണിയാനുമുണ്ട്. ആ പണി നടക്കുമ്പോള്‍ വള്ളങ്ങള്‍ക്ക് കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കും എന്നുറപ്പാണ്. വിഴിഞ്ഞത്തേക്ക് വര്‍ഷകാല മീന്‍പിടുത്തത്തിന് വെളിയില്‍ നിന്നും വള്ളങ്ങള്‍ വരുന്നതും ഈ അപകടഭീഷണി കാരണം ഇല്ലാതാകും.
കൂടാതെ ബെര്‍ത്ത് നിര്‍മ്മിക്കുന്നതിന് പൈലിംഗ് പണി ആരംഭിച്ചതോടെ സമീപത്ത് തിങ്ങിപ്പാര്‍ക്കുന്ന ആളുകളുടെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നു, ചുവരുകള്‍ പിളരുന്നു .ഇതും ആരും മുന്‍കൂട്ടി കണ്ടിരുന്നതല്ലത്രെ. വീടുകള്‍ക്കുണ്ടായിരിക്കുന്ന കേടുപാടുകള്‍ പൈലിംഗ് പണി മൂലമല്ലെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം. പൈലിംഗ് പണി പുരോഗമിക്കുന്തോറും കൂടുതല്‍ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാനാണ് സാധ്യത.
2015 ല്‍ പദ്ധതിക്കെതിരെ സമരം ശക്തി പ്രാപിച്ചപ്പോള്‍ രൂപതയുടെ നേതൃത്വത്തില്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തി, 475 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. അങ്ങനെയായിരുന്നു അന്ന് സമരം അവസാനിച്ചത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനു മുന്‍പുള്ള ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ തന്ത്രം മാത്രമായിരുന്നു അത്. തുറമുഖ പദ്ധതിയുടെ ദുരന്തംമൂലം തീരശോഷണം സംഭവിക്കുന്നതും ഉപജീവനം നഷ്ടപ്പെടുന്നതും ഭൂരിഭാഗവും പൂന്തുറ, വലിയതുറ, ശംഖുമുഖം, ഭീമാപള്ളി തുടങ്ങിയ തീരപ്രദേശങ്ങളെയാണ്. ഇവിടുത്തെ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളോ സാമൂഹികവും പാരിസ്ഥികവും സാമ്പത്തികവുമായ വിഷയങ്ങളോ ഒന്നും തന്നെ പാക്കേജില്‍ പരിഗണനാവിഷയമായി വന്നതേയില്ല. എന്നുമാത്രമല്ല ഈ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള തുകയില്‍ പകുതിയും മത്സ്യത്തൊഴിലാളികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ബഡ്ജടില്‍ വകയിരുത്തിയ തുകയും ആയിരുന്നു.
വിഴിഞ്ഞം തുറമുഖ പദ്ധതിയെ കേരളത്തിലെ ഏറ്റവും വലിയ വികസന പദ്ധതിയായിട്ടാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചിട്ടുള്ളത്. പദ്ധതി യാഥാര്‍ത്ഥ്യം ആകുന്നതോടുകൂടി പതിനായിരക്കണക്കിന് ആളുകള്‍ക്ക് ജോലി ലഭിക്കുമെന്നും ആയിരക്കണക്കിന് കോടി രൂപ നികുതിയായി സര്‍ക്കാര്‍ ഖജനാവിലേക്ക് ഒഴുകിയെത്തുമെന്നും കേരളം വന്‍ വികസന കുതിച്ചുചാട്ടം നടത്തുമെന്നുമെല്ലാം ആണ് സര്‍ക്കാരിന്റെയും വിഴിഞ്ഞം പദ്ധതി പക്ഷക്കാരുടെയും വാദം. വസ്തുതകളും പഠനങ്ങളും സ്ഥിതിവിവരക്കണക്കുകളും മുന്‍നിര്‍ത്തി പരിശോധിച്ചാല്‍ ഈ വാദങ്ങളെല്ലാം അടിസ്ഥാനവിരുദ്ധവും വഞ്ചനാപരവും ജനാധിപത്യ വിരുദ്ധവും ആണെന്ന് കാണാന്‍ കഴിയും. പദ്ധതി യാഥാര്‍ഥ്യം ആകുന്നതോടുകൂടി പതിനായിരക്കണക്കിന് മത്സ്യത്തോഴിലാളികള്‍ക്ക് തൊഴിലും തൊഴിലിടവും നഷ്ടപ്പെടുമെന്നതാണ് യാഥാര്‍ത്ഥ്യം. പശ്ചിമഘട്ടത്തിന്റെയും തീരത്തിന്റെയും നഷ്ടം സങ്കല്പിക്കുന്നതിനും അപ്പുറമായിരിക്കും.
പദ്ധതിയുടെ മൊത്തം ചിലവ് 7525 കോടി രൂപയാണ്. അതില്‍ 5071 കോടി മുടക്കേണ്ടത് സര്‍ക്കാര്‍ ആണ്. അദാനി 2454 കോടി രൂപ മുടക്കിയാല്‍ മതിയാകും. ചുരുക്കിപ്പറഞ്ഞാല്‍ 70 ശതമാനവും മുടക്കേണ്ടത് സര്‍ക്കാര്‍. ലാഭം അദാനിക്കും. പദ്ധതിയ്ക്ക് ആവശ്യമായ തുകയുടെ ഇരട്ടിയോളം ആണു പദ്ധതി തുകയായി വകയിരുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ലഭിക്കുന്ന ഗ്രാന്റും കൂടുതല്‍ അണ്. 1685 കോടി രൂപ ( 817.8 കേന്ദ്രവും 817.2 കേരളവും നല്‍കും ) നല്‍കും. യഥാര്‍ത്ഥത്തില്‍ ഈ തുക മതിയാകും അദാനിക്ക് ആദ്യഘട്ട നിര്‍മ്മണം നടത്തുവാന്‍. ഈ 1685 കോടി രൂപ ഗ്രാന്റ് അല്ല. പോര്‍ട്ട് ലാഭകരം ആകുമ്പോള്‍ കേരള സര്‍ക്കാര്‍ ഈ തുക തിരിച്ച് അടക്കണം. ചുരുക്കിപ്പറഞ്ഞാല്‍ സംസ്ഥാനത്തിന്റെ ബാധ്യത.
പോര്‍ട്ട് നിര്‍മ്മാണം കഴിഞ്ഞ് ( നിര്‍മ്മാണ കാലയളവ് 4 വര്‍ഷമാണു ) 15 വര്‍ഷം കഴിയുമ്പോള്‍ സര്‍ക്കാരിന് 1% ലാഭിക്കുമെന്നതാണ്. അതായത് 19 വര്‍ഷം കഴിയുമ്പോള്‍ പോര്‍ട്ട് വരുമാനത്തിന്റെ 1% അല്ല ലഭിക്കുന്നത് ലാഭത്തിന്റെ 1% ആണ്. സര്‍ക്കാര്‍ നടത്തിയ 3 ഫീസിബിലിറ്റി റിപ്പോര്‍ട്ടും പറയുന്നത് പോര്‍ട്ട് ലാഭകരം ആയിരിക്കില്ല എന്നായിരുന്നു. ലാഭക്ഷമത പഠനം (Feasibility Report ) നടത്തിയ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ കമ്മീഷന്‍ (2010), എയിക്കോം (2013 ), ഒടുവില്‍ ഏണസ്റ്റ് ആന്റ് യംഗ് ( 2015 ) എന്നീ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കിയത് പോര്‍ട്ട് വലിയ നഷ്ടമായിരിന്നുമെന്നാണ്. അങ്ങനെയെങ്കില്‍ ഏത് ലാഭത്തിന്റെ വിഹിതമാണു ലഭിക്കുന്നതെന്ന് ആര്‍ക്കും അറിയില്ല. ലാഭകരം ആണെങ്കില്‍ തന്നെ ഇതിനെ ഓഡിറ്റ് ചെയ്യുവനുള്ള ഒരു ഏജന്‍സിയെക്കുറിച്ചും കരാറില്‍ പറയുന്നില്ല.
പദ്ധതിയുടെ പാരിസ്ഥിതിക അനുമതിക്കായ് 2011 ല്‍ കേരളം അപേക്ഷ നല്‍കിയപ്പോള്‍ കേന്ദ്രം ഒരു വിദഗ്ദ കമ്മറ്റിയെ പഠിക്കാന്‍ നിയോഗിച്ചു. ഈ പഠന സമതി നല്കിയ റിപ്പോര്‍ട്ടില്‍ അതീവ പാരിസ്ഥിതിക ലോലപ്രദേശമായ ഇവിടെ ഒരു രീതിയിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്താന്‍ പാടില്ല എന്ന് വ്യക്തമായി നിഷ്‌കര്‍ഷിച്ചിരുന്നു. എന്ന് മാത്രമല്ല തുറമുഖ പദ്ധതിക്കായി മറ്റൊരു പ്രദേശം കണ്ടെത്തണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. 1970 ല്‍ വിഴിഞ്ഞത്ത് ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മാണത്തിനായി 400 മീറ്റര്‍ പുലിമുട്ട് നിര്‍മ്മിച്ചപ്പോള്‍ വിഴിഞ്ഞത്തിനു വടക്ക് പൂന്തുറ, വലിയതുറ, ഭീമാപ്പള്ളി, പനത്തറ തുടങ്ങിയ സ്ഥലങ്ങളില്‍ 300 മീറ്ററില്‍ അധികം സ്വാഭാവിക തീരമാണു കടലെടുത്ത് പോയത്. 1000ല്‍ അധികം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നു. ഫലമോ 5 ല്‍ അധികം കോളനികള്‍ രൂപം കൊണ്ടു. ഇവരുടെ പുനരധിവാസം ഇന്നും പൂര്‍ത്തീകരിച്ചിട്ടില്ല. ഈ പാരിസ്ഥിതിക ദുരന്തത്തെയൊന്നും മുഖവിലക്കെടുക്കതെ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ധിഷ്ട പ്രദേശത്തു തന്നെ പദ്ധതിയ്ക്ക് അനുമതി നല്കുകയായിരുന്നു.
CRZ 1 ല്‍ പെടുന്ന വിഴിഞ്ഞം അതീവ പരിസ്ഥിതി ലോലപ്രദേശമാണ്. High Erosion മേഖലയായ ഇവിടെ ഒരു രീതിയിലുള്ള നിര്‍മ്മാണവും പാടില്ലെന്നാണു നിയമം. സെഡിമന്റ് ട്രാന്‍സ്‌പോര്‍ട്ട് എന്ന പ്രതിഭാസം ആണ് ഇതിനു കാരണം. മണ്‍സൂണ്‍ കാലത്ത് അതിശക്തമായ ഒഴുക്ക് തെക്കോട്ടുണ്ടാകുകയും തീരം മണല്‍ തെക്ക് അടിയുകയും ചെയ്യും. എന്നാല്‍ സെപ്റ്റംമ്പര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ ഈ ഒഴുക്ക് വടക്കോട്ടയിരിക്കും. തീരം എടുത്തു പോകുന്ന മണ്ണു തിരികെ എത്തുകയും ചെയ്യും. പ്രകൃതിയുടെ സ്വാഭാവികമായ ഈ പ്രതിഭാസമാണ് പുലിമുട്ടുകള്‍ തടയുന്നതും തീരം നശിക്കുന്നതിനു കാരണമാകുന്നതും. കേന്ദ്ര വിദഗ്ദ സമതി, സെന്റര്‍ ഫോര്‍ സസ്റ്റെയിനബിള്‍ കോസ്റ്റല്‍ മാനേജ്മന്റ് തുടങ്ങിയ ഗവര്‍മ്മെന്റ് റിപ്പോര്‍ട്ടുകളും ഒട്ടനവധി പ്രൈവറ്റ് പഠനങ്ങളും ഇത് വിശദമായി പറയുന്നുണ്ട്. ഇവിടെയാണു 3800 മീറ്റര്‍ നീളത്തില്‍ 66 ഹെക്ടര്‍ കടല്‍ നികത്തി 70 ലക്ഷം ( ബ്രേക്ക് വാള്‍ / പുലിമുട്ട് നിര്‍മ്മാണനത്തിനു മാത്രം ) ടണ്‍ പാറയിട്ട് ബ്രേക്ക് വാള്‍ നിര്‍മ്മിക്കാന്‍ പോകുന്നത്.
വിഴിഞ്ഞം തുറമുഖ കരാര്‍ ഒപ്പിട്ടിരിക്കുന്നത് ‘വിഴിഞ്ഞം അദാനി പോര്‍ട്ട്സ്’ എന്നൊരു പുതിയ കമ്പനി ഉണ്ടാക്കി അതിന്റെ പേരിലാണ് . രഷ്ട്രീയക്കാര്‍ പറയുന്നത് പോലെ അദാനി പോര്‍ട്ട്സിന്റെ പേരില്‍ അല്ല. ഈ കമ്പനിക്കാണു പദ്ധതിക്ക് നല്‍കിയിരിക്കുന്ന 351 ഏക്കറിന്റെ ഈടിന്മേല്‍ എസ് ബി ടി ബാങ്ക് 3000 കോടി രൂപ ലോണ്‍ നല്‍കുന്നത്. ഈ തുക മതിയാകും പോര്‍ട്ട് ഏസ്റ്റേറ്റ് ഡെവലപ്മെന്റ് എന്ന പേരില്‍ നടക്കുന്ന കണ്‍സ്ട്രക്ഷന്‍ തീര്‍ക്കുവാന്‍. പോര്‍ട്ട് നഷ്ടത്തില്‍ ആയി തുക അദാനി ബാങ്കിനു അടക്കാതിരുന്നലും ഒന്നും ചെയ്യാന്‍ കഴിയില്ല. കാരണം ആ കമ്പനിക്ക് മറ്റ് ആസ്തികള്‍ ഒന്നും തന്നെയില്ല. അതുകൊണ്ട് കണ്ടുകെട്ടാനും കഴിയില്ല. ചുരുക്കിപ്പറഞ്ഞാല്‍ അദാനി സേഫ് ആണു. അദാനിക്ക് ഒരു രൂപ പോലും മുടക്ക് വരുന്നില്ല.
പദ്ധതി നട്പ്പിലാക്കിക്കഴിയുമ്പോള്‍ 650 പേര്‍ക്ക് നേരിട്ടും (ടെക്നീഷ്യന്‍സിനെ മാത്രം) 2000 പേര്‍ക്കും പരോക്ഷമായും ( ട്രക്ക് ഡ്രൈവര്‍, ഹോട്ടല്‍ ജീവനക്കാര്‍, അങ്ങനെ ) ലഭിക്കുമെന്നാണു പദ്ധതി രേഖയില്‍ പറയുന്നത്. 20518 മത്സ്യത്തൊഴിലാളികളെയും 18929 കുടുംബങ്ങളേയും പദ്ധതി ബാധിക്കുമെന്നു സെന്റര്‍ ഫോര്‍ ഫിഷറീസ് സ്റ്റഡീസ് വ്യകതമാക്കുന്നു. 650 പേര്‍ക്ക് നേരിട്ടും 2000 പേര്‍ക്ക് പരോക്ഷമായും മാത്രം തൊഴില്‍ ലഭിച്ചാല്‍ എങ്ങനെയാണ് തൊഴില്‍ നഷ്ടപ്പെടുന്ന ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കുന്നത്.
ഈ ചോദ്യങ്ങള്‍ക്കൊന്നും മറുപടിയില്ലാതെയാണ് യുഡിഎഫ് ഗവണ്മന്റിന്റെ പദ്ധതിയുമായി എല്‍ഡിഎഫും മുന്നോട്ടുപോകുന്നത്. ഇപ്പോളില്ലെങ്കില്‍ പിന്നെയുണ്ടാവില്ല എ്ന്നതാണ് സര്‍ക്കാരിന്റെ ന്യായീകരണം. അതിനായി മാന്യമായ പരിഹാരം പോലും നല്‍കാനുള്ള ജനാധിപത്യമര്യാദയും ജനാധിപത്യസര്‍ക്കാരിനില്ല എന്നതാണ് പദ്ധതിയേക്കാള്‍ വലിയ ദുരന്തം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply