വിദ്യാര്‍ത്ഥികള്‍ തടവറകളിലേക്ക്
സംസ്ഥാനത്തെ കോളജ് കാമ്പസുകളുടെയും ഹോസ്റ്റലുകളുടെയും സുഗമമായ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ പുറപ്പെടുവിപ്പിച്ച മാര്‍ഗനിര്‍ദേശങ്ങളും നിയന്ത്രണങ്ങളും വിദ്യാര്‍ത്ഥികളെ അക്ഷരാര്‍ത്ഥത്തില്‍ തടവറയിലാക്കു്‌നനതാണ്. അതേസമയം ഇത്തരത്തിലൊരവസ്ഥ സംജാതമായതില്‍ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ സംഘടനകള്‍ക്കം ഉത്തരവാദിത്തമുണ്ടുതാനും. യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ക്യാമ്പസിലെ എല്ലാ ആഘോഷങ്ങള്‍ക്കും ഇനിമുതല്‍ സ്ഥാപനമേധാവിയുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. പരിപാടിയുടെ വിശദാംശങ്ങള്‍, ഫണ്ടിന്റെ സ്രോതസ്, പ്രതീക്ഷിക്കുന്ന ചെലവ്, പങ്കെടുക്കുന്ന അതിഥികള്‍ തുടങ്ങിയവ പരിപാടിക്ക് അഞ്ച് പ്രവൃത്തിദിവസം മുന്‍പ് ബന്ധപ്പെട്ട സ്റ്റാഫ് അഡൈ്വസര്‍ മുഖാന്തിരം സ്ഥാപന മേധാവിയെ അറിയിക്കണം. കോളജുകളിലെ ആഘോഷങ്ങള്‍ക്ക് അച്ചടക്കസമിതി മേല്‍നോട്ടവും […]
സംസ്ഥാനത്തെ കോളജ് കാമ്പസുകളുടെയും ഹോസ്റ്റലുകളുടെയും സുഗമമായ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ പുറപ്പെടുവിപ്പിച്ച മാര്‍ഗനിര്‍ദേശങ്ങളും നിയന്ത്രണങ്ങളും വിദ്യാര്‍ത്ഥികളെ അക്ഷരാര്‍ത്ഥത്തില്‍ തടവറയിലാക്കു്‌നനതാണ്. അതേസമയം ഇത്തരത്തിലൊരവസ്ഥ സംജാതമായതില്‍ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ സംഘടനകള്‍ക്കം ഉത്തരവാദിത്തമുണ്ടുതാനും.
യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ക്യാമ്പസിലെ എല്ലാ ആഘോഷങ്ങള്‍ക്കും ഇനിമുതല്‍ സ്ഥാപനമേധാവിയുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. പരിപാടിയുടെ വിശദാംശങ്ങള്‍, ഫണ്ടിന്റെ സ്രോതസ്, പ്രതീക്ഷിക്കുന്ന ചെലവ്, പങ്കെടുക്കുന്ന അതിഥികള്‍ തുടങ്ങിയവ പരിപാടിക്ക് അഞ്ച് പ്രവൃത്തിദിവസം മുന്‍പ് ബന്ധപ്പെട്ട സ്റ്റാഫ് അഡൈ്വസര്‍ മുഖാന്തിരം സ്ഥാപന മേധാവിയെ അറിയിക്കണം. കോളജുകളിലെ ആഘോഷങ്ങള്‍ക്ക് അച്ചടക്കസമിതി മേല്‍നോട്ടവും നിരീക്ഷണവും നിര്‍വഹിക്കും. സ്ഥാപനമേധാവി അധ്യക്ഷനായും സ്റ്റാഫ് അഡൈ്വസര്‍, വകുപ്പ് അധ്യക്ഷന്മാര്‍, അച്ചടക്ക സമിതി അംഗങ്ങള്‍ എന്നിവരും ഉള്‍പ്പെട്ട സമിതി യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കണമെന്നും മാര്‍ഗനിര്‍ദ്ദേശത്തിലുണ്ട്.
കോളജില്‍ എല്ലാ വിദ്യാര്‍ഥികളും തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കണം. കോളജ് യൂണിയന്‍ ഓഫീസുകളുടെ പ്രവൃത്തിസമയം അധ്യയനദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ വൈകുന്നേരം ആറു വരെയായിരിക്കും. ആഘോഷദിവസങ്ങളില്‍ പ്രവര്‍ത്തനം രാത്രി ഒന്‍പതുവരെ ദീര്‍ഘിപ്പിക്കാന്‍ സ്ഥാപന മേധാവിക്ക് അധികാരമുണ്ടായിരിക്കും. മധ്യവേനലവധിക്കാലത്തു യൂണിയന്‍ ഓഫീസിന്റെ താക്കോല്‍ സ്ഥാപനമേധാവിയുടെ അധീനതയില്‍ സൂക്ഷിക്കണം. സ്ഥാപനമേധാവിയോ കോളജ് കൗണ്‍സില്‍ നിയോഗിക്കുന്ന സമിതിയോ യൂണിയന്‍ ഓഫീസ് ഇടയ്ക്കിടെ സന്ദര്‍ശിക്കും.
ആഘോഷസമയത്ത് കോളജ് കാമ്പസിലും ഹോസ്റ്റലിലും യാതൊരുവിധ വാഹനങ്ങളും ഉപയോഗിക്കാന്‍ അനുവദിക്കില്ല. വിദ്യാര്‍ത്ഥികളുടെ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സ്ഥലം വരെ പ്രവേശനം അനുവദിക്കും. അതിനപ്പുറത്തേക്ക് പ്രവേശനം കര്‍ശനമായി നിയന്ത്രിക്കും. പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് കോളജ് അധികൃതര്‍ സുരക്ഷ ഒരുക്കണം.ഇതിനുള്ള ചെലവ് പി.ടി.എ. ഫണ്ടില്‍നിന്നോ കോളജ് ഫണ്ടില്‍നിന്നോ കണ്ടെത്തണം.
കോളജ് ക്യാമ്പസിന്റെയും ഹോസ്റ്റലിന്റെയും സുരക്ഷാ ചുമതലയ്ക്ക് കഴിയുന്നത്ര വിമുക്തഭടന്‍മാരെ ഏര്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഹോസ്റ്റലുകള്‍ നിരീക്ഷിക്കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനുമായി അഞ്ച് അംഗങ്ങളുള്ള പ്രത്യേക സമിതികളെ കോളജ് കൗണ്‍സില്‍ നിയോഗിക്കണം. ഹോസ്റ്റല്‍ വാര്‍ഡനും ഉള്‍പ്പെടുന്ന ഈ സമിതിയുടെ അധ്യക്ഷന്‍ സ്ഥാപനമേധാവിയായിരിക്കും. ഹോസ്റ്റലുകളില്‍ ആയുധം സൂക്ഷിക്കുക, ഹോസ്റ്റലിലും ക്യാമ്പസിലും മദ്യവും ലഹരി മരുന്നും ഉപയോഗിക്കുക, തുടങ്ങിയ പരാതികള്‍ അന്തേവാസികളില്‍നിന്നോ പൊതുജനങ്ങളില്‍നിന്നോ ലഭിച്ചാല്‍ നിലവിലുള്ള ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കും. ഹോസ്റ്റലുകള്‍ക്കായുള്ള സമിതി ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണം. പ്രവേശന കവാടത്തിന് അടുത്തായി സുരക്ഷാ ജീവനക്കാര്‍ക്കുള്ള മുറി ഒരുക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോളജ് ഹോസ്റ്റലിന്റെയും പ്രവേശന കവാടത്തിലും, പുറത്തേക്കുള്ള വഴിയിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണം.
യഥാര്‍ഥ ആവശ്യങ്ങള്‍ക്ക് മാത്രമേ പൂര്‍വവിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് കോളജ് ക്യാമ്പസില്‍ പ്രവേശനം അനുവദിക്കൂ. യാതൊരു കാരണവശാലും ഇവരെ ക്ലാസ് മുറികളിലും, ഹോസ്റ്റലിലും കയറാന്‍ അനുവദിക്കില്ല.
ഡി.ജെ, സംഗീത പരിപാടികള്‍ തുടങ്ങിയ പുറം ഏജന്‍സികളുടെയും, പ്രഷണല്‍ സംഘങ്ങളുടെയും പരിപാടികള്‍ ക്യാമ്പസില്‍ അനുവദിക്കില്ല. ഫണ്ട് ദുര്‍വിനിയോഗത്തിലേക്ക് നയിക്കുമെന്നതിനാല്‍ ഇത്തരം പരിപാടികള്‍ക്കായി വിദ്യാര്‍ഥികളില്‍നിന്ന് ധനസമാഹരണവും അനുവദിക്കില്ല. ടെക്‌നിക്കല്‍ ഫെസ്റ്റിവലുകള്‍ സാങ്കേതികപ്രവര്‍ത്തനങ്ങളില്‍ ഒതുക്കി നിര്‍ത്തണം. വിദ്യാര്‍ഥികളുടെ പരിപാടികള്‍ക്കു നിയന്ത്രണമില്ല.
വിദ്യാര്‍ഥികളുടെ റേസ്, കാര്‍ റേസ്, ആനയെ ഉപയോഗിച്ച് ഘോഷയാത്ര തുടങ്ങിയവ ക്യാമ്പസിലും ഹോസ്റ്റലിലും അനുവദിക്കില്ല. വിദ്യാര്‍ഥികളുടെ സുരക്ഷയെ മുന്‍നിര്‍ത്തി എല്ലാ ആഘോഷങ്ങളും മുന്‍കൂട്ടി പോലീസിനെ അറിയിക്കണം. വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി പരിഹരിക്കാന്‍ കൗണ്‍സലിങ്/സോഷ്യല്‍ വര്‍ക്ക് സര്‍വീസ് തുടങ്ങിയവ ഏര്‍പ്പെടുത്തണം. വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കും കൗണ്‍സലിങ് സംഘടിപ്പിക്കാം. റാഗിങ് വിരുദ്ധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കണം. എന്‍.എസ്.എസ്, എന്‍.സി.സി, യോഗ, കായികമത്സരങ്ങള്‍ തുടങ്ങിയവ പ്രോത്സാഹിപ്പിക്കണം. ക്യാമ്പസില്‍ വിദ്യാര്‍ഥികള്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് അധ്യാപകരുടെ സാന്നിധ്യം നിര്‍ബന്ധമാണ്. പരിപാടികള്‍ രാത്രി ഒമ്പത് മണിക്കപ്പുറം ദീര്‍ഘിപ്പിക്കരുത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് മെന്‍സ് ഹോസ്റ്റലിന്റെ മാതൃകയില്‍ മറ്റ് കോളജുകളിലെ ഹോസ്റ്റലുകളുടെ പ്രവര്‍ത്തനം പരിഷ്‌കരിക്കാനും മാര്‍ഗനിര്‍ദ്ദേശമുണ്ട്.
ബദല്‍മാര്‍ഗമെന്ന നിലയില്‍ ഹോസ്റ്റല്‍ മെസ് കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കാം. എല്ലാ കോളജുകളിലും പരാതിപരിഹാര സെല്‍ നിര്‍ബന്ധമായും രൂപീകരിച്ചിരിക്കണം. കോളജുകളില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിക്കണം. ഇതില്‍ ഒരു പെട്ടി പോലീസിനുള്ള പരാതികള്‍ നിക്ഷേപിക്കാനുള്ളതാകണം.
ജില്ലാതലത്തിലുള്ള പോലീസ് ഉദ്യോഗസ്ഥന്റെ മൊബൈല്‍ നമ്പര്‍ ഈ പെട്ടിയില്‍ രേഖപ്പെടുത്തിയിരിക്കണം. ഹോസ്റ്റല്‍ നയം സംബന്ധിച്ച് സര്‍ക്കാര്‍ പ്രത്യേക മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിക്കും. ഓണാഘോഷത്തെത്തുടര്‍ന്ന് സി ഇ ടിയടക്കം ചില കോളജുകളിലും ഹോസ്റ്റലുകളിലുമുണ്ടായ സംഭവങ്ങളെ തുടര്‍ന്നാണ് സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ഒരര്‍ത്ഥത്തില്‍ ഇതെല്ലാം നമ്മുടെ വിദ്യാര്‍ത്ഥി സംഘടനകള്‍ ക്ഷണിച്ചുവരുത്തിയതാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയം ഗുണ്ടായിസമായി മാറുന്നതിന്റെ പ്രതികരണമാണ് ഈ തീരുമാനങ്ങള്‍.
ദശകങ്ങള്‍ക്ക് മുമ്പ് നിരവധി പോരാട്ടങ്ങളിലൂടെ വിദ്യാര്‍ത്ഥി സംഘടനകള്‍ നേടിയെടുത്ത അവകാശങ്ങളാണ് ഇതുവഴി നഷ്ടപ്പെടുന്നത്. അത്തരത്തില്‍ കാര്യങ്ങലെത്തിച്ചതിന് വരുംതലമുറയോട് ഇവര്‍ മറുപടി പറയേണ്ടിവരും.
കേരളത്തിലെ കലാലയങ്ങളില്‍ പലതിലും കണ്ണൂരിലെ രാഷ്ട്രീയാവസ്ഥയാണ് നിലനില്‍ക്കുന്നത്. കോളേജുകള്‍ മിക്കവയും ചില വിദ്യാര്‍ത്ഥി സംഘടനകളുടെ കോട്ടകളാണ്. മറ്റു സംഘടനകള്‍ക്ക പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കാതിരിക്കലടക്കമുള്ള ഗുണ്ടായിസവും ജനാധിപത്യവിരുദ്ധതയുമാണ് അവിടങ്ങളില്‍ നടക്കുന്നത്. ഹോസ്റ്റലുകളും യൂണിയന്‍ ഓഫീസും മറ്റുമാണ് ഇവരുടെ കേളീരംഗം. ഒരു ശക്തിക്കും അവരെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. പണ്ട് ഗുണ്ടായിസങ്ങള്‍്‌ക്കെതിരെ പോരാടിയ ചരിത്രമുള്ള സംഘടനകളാണ് ഇവ എന്നതും മറക്കാതിരിക്കുക.
വിദ്യാര്‍ത്ഥികള്‍ നേരിടുന്ന അടിസ്ഥാന ആവശ്യങ്ങളില്‍ ഈ വിദ്യാര്‍ത്ഥിസംഘടനകള്‍ കാര്യമായി ഇടപെടുന്നില്ല. സി ഇ ടിയില്‍ തന്നെ തങ്ങള്‍ അടിമകളല്ല എന്നു പ്രഖ്യാപിച്ച് രാത്രി ലൈബ്രറി ഉപയോഗിക്കാനംു ഹോസ്റ്റലുകളിലെ അടിമത്തം അവസാനിപ്പിക്കാനും വേണ്ടി പോരാടുന്ന വിദ്യാര്‍ത്ഥിനികളുടെ സമരം വിജയിപ്പിക്കാന്‍ ഇവര്‍ക്കാവുന്നുണ്ടോ? വിദ്യാര്‍ത്ഥി രാഷ്ട്രീയം കക്ഷിരാഷ്ട്രീയത്തിലേക്കുള്ള ചവിട്ടുപടി മാത്രമായി മാറിയിരിക്കുന്നു എന്നതാണ് വാസ്തവം. അതിനാല്‍തന്നെയാണ് ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികളും രാഷ്ട്രീയത്തോട് വിരക്തിയുള്ളവരാകുന്നത്. അതിനവരെ അരാഷ്ട്രീയവാദികളെന്ന് ആക്ഷേപിക്കുന്നതിനു പകരം സ്വയംവിമര്‍ശനത്തിനാണ് വിദ്യാര്‍ത്ഥി നേതാക്കള്‍ തയ്യാറാകേണ്ടത്. വിദ്യാര്‍ത്ഥി രാഷ്ട്രിയം കൊണ്ട് സമീപകാലങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എന്തെങ്കിലും നേട്ടമുണ്ടോ? ഒരു ഉദാഹരണം പറായം. തങ്ങളുടെ ഏറ്റവും വലിയ നേട്ടമായി സംഘടനകള്‍ അവകാശപ്പെടുന്നതാണല്ലോ ബസുകളിലെ സൗജന്യനിരക്ക്. അതിന്റെ ഇന്നത്തെ അവസ്ഥയെന്താണ്? ഈ സൗജന്യത്തിന്റെ പേരില്‍ നമ്മുടെ ബസുകളില്‍ കുട്ടികള്‍ അവഹേളിക്കപ്പെടുമ്പോള്‍ എന്തുചെയ്യാന്‍ കഴിയുന്നു? കേരളത്തിലെ കൂടുതല്‍ വിദ്യാര്‍ത്ഥികളും ഇന്ന് യാത്ര ചെയ്യുന്നത് മുതിര്‍ന്നവരേക്കാള്‍ എത്രയോ ഇരട്ടി പണം കൊടുത്ത് സ്വകാര്യ വാഹനങ്ങളിലാണെന്നത് എത്രമാത്രം വൈരുദ്ധമാണ്. മറുവശത്ത് നിരവധി പോരാട്ടങ്ങളിലൂടെ പൊതുവിദ്യാഭ്യാസം സൗജന്യമാക്കി എന്നു പറയുന്നു. എന്നാല്‍ വലിയൊരു ഭാഗം കുട്ടികളും വന്‍തുക ഫീസ് കൊടുത്താണ് പഠിക്കുന്നത്. അതില്‍ സാധാരണക്കാരും പാവപ്പെട്ടവരും ഉള്‍പ്പെടും. പിന്നെ ട്യൂഷനും നിര്‍ബന്ധം. എന്തുകൊണ്ട് ഇത്തരത്തില്‍ കാര്യങ്ങള്‍ തകിടം മറയുന്നു?
ഇനി നമ്മുടെ ഉന്നതവിദ്യാഭ്യാസത്തിന്റെ അവസ്ഥയോ? ഉന്നതവിദ്യാഭ്യാസത്തില്‍ നമ്മള്‍ ബീഹാറിനേക്കാള്‍ പുറകിലാണ്. അഖിലേന്ത്യാതലത്തില്‍ മികച്ചതെന്നു പറയാവുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമോ യൂണിവേഴ്‌സിറ്റിയോ നമുക്കില്ല. സിഇടി തന്നെ എത്രയോ പുറകിലാണ്. ആരോഗ്യത്തെ പോലെ ഏറ്റവും വലിയ കച്ചവടമായി വിദ്യാഭ്യാസവും മാറി. കക്ഷിരാഷ്ട്രീയത്തിനുവേണ്ടിമാത്രം സമരം ചെയ്യുന്ന വിദ്യാര്‍ത്ഥി സംഘടനകള്‍ക്കോ ശബളവര്‍ദ്ധനവിനുമാത്രം സമരം ചെയ്യുന്ന അധ്യാപക സംഘടനകള്‍ക്കോ ഈ രംഗത്ത് എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞോ? മികച്ച ഒരു ശാസ്ത്രജ്ഞനേയോ ഡോക്ടറേയോ അധ്യാപകനേയോ ഗവേഷകനേയോ സംഭാവന ചെയ്യാന്‍ അടുത്ത കാലത്ത് നമുക്ക് കഴിയുന്നുണ്ടോ? എന്തിന്.. മികച്ച ഒരു രാഷ്ട്രീയക്കാരനെ?
മറ്റെല്ലാ മേഖലയുമെന്ന പോലെ പെണ്‍കുട്ടികളോടുള്ള വിവേചനം വിദ്യാഭ്യാസരംഗത്ത് ഇപ്പോഴും തുടരുന്നതായി സ്ത്രീ സംഘടനകള്‍ ചൂണ്ടികാട്ടുന്നു. സര്‍ക്കാര്‍ നിയോഗിച്ച് സമിതി പോലും അതംഗീകരിച്ചല്ലോ. ലിംഗനീതിയെന്നത് നമ്മുടെ വിദ്യാര്‍ത്ഥി സംഘടനകളുടെ അജണ്ടയില്‍പോലുമില്ല.
തീര്‍ച്ചയായും ലോകം കണ്ട വളരെ ഗുണകരമായ മാറ്റങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ വഹിച്ച പങ്ക് പ്രധാനമാണ്. ഫ്രഞ്ചുവിപ്ലവമായാലും ടിയാന്‍മെന്‍സ്‌ക്വയര്‍ സമരമായാലും ഇന്ത്യയില്‍ സ്വാതന്ത്ര്യസമരം, ജെ പി പ്രസ്ഥാനം, നക്‌സല്‍ പ്രസ്ഥാനം തുടങ്ങിയവയായാലും ഇത് വ്യക്തമാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയം അനിവാര്യമാണ്. അതു നിരോധിക്കാനുള്ള ശ്രമങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതുമാണ്. അതിനര്‍ത്ഥം ഇപ്പോള്‍ ഇവിടെ നടക്കുന്ന ആഭാസങ്ങളല്ല.
ഇന്ത്യയില്‍തന്നെ മികച്ച രീതിയിലുള്ള വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം നടക്കുന്ന സ്ഥാപനങ്ങളുണ്ട്. ജെ എന്‍ യുവും ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയും മറ്റും ഉദാഹരണം. സംഘട്ടനങ്ങളോ ഗുണ്ടായിസമോ ഫാസിസമോ അവരെ അജണ്ടയില്ലില്ല. വ്യക്തമായ ആശയസമരമാണ് അവിടെ നടക്കുന്നത്. ആ മാതൃകയെങ്കിലും സ്വീകരിക്കാന്‍ നമുക്ക് കഴിയാത്തതെന്തേ? അല്ലെങ്കില്‍ ഇനിയും അടിമച്ചങ്ങലകള്‍ മുറുകി കൊണ്ടിരിക്കും…..
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in