വാഴച്ചാല്‍ ഊരിന്റെ ‘കാവല്‍ക്കാരി’ ഗീത പറയുന്നു : ഞങ്ങള്‍ക്ക് ഭൂമി വേണം
ധനേഷ്‌കൃഷ്ണ കേരളത്തിലെ 510 ആദിവാസി ഊരുകള്‍ക്കും തലവന്‍ മൂപ്പന്മാരാണ്. എന്നാല്‍ അതിരപ്പിള്ളി വാഴച്ചാല്‍ ആദിവാസി ഊരിനെ നയിക്കുന്നത് ഒരു പെണ്ണാണ്. പേര് ഗീത. ഊരിന്റെ സംരക്ഷണവും ചുമതലയും തന്നെ ഏല്‍പ്പിച്ചപ്പോള്‍ ഒരു പെണ്ണ് എന്ന നിലയ്ക്ക് വെല്ലുവിളികളേറെയുണ്ടെന്ന് ഈ ചെറുപ്പക്കാരി പറയുന്നു. കാരണം ഊരു നേരിടുന്ന ഏറ്റവും വലിയപ്രശ്‌നം ആദിവാസികള്‍ക്കു വീടുവയ്ക്കാനുള്ള ഭൂമിയില്ലായ്മയും തൊഴിലില്ലായ്മയുമാണ്. സര്‍ക്കാരില്‍നിന്നു തങ്ങള്‍ക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ ചോദിച്ചുവാങ്ങാന്‍ ഒരു കൂട്ടായ്മ ആവശ്യമായിരിക്കുന്നു. അതിനായി അതിരപ്പിള്ളി മേഖലയിലെ പതിമൂന്ന് ആദിവാസി കോളനികളിലെ നിവാസികളെ ഒരു […]
കേരളത്തിലെ 510 ആദിവാസി ഊരുകള്‍ക്കും തലവന്‍ മൂപ്പന്മാരാണ്. എന്നാല്‍ അതിരപ്പിള്ളി വാഴച്ചാല്‍ ആദിവാസി ഊരിനെ നയിക്കുന്നത് ഒരു പെണ്ണാണ്. പേര് ഗീത. ഊരിന്റെ സംരക്ഷണവും ചുമതലയും തന്നെ ഏല്‍പ്പിച്ചപ്പോള്‍ ഒരു പെണ്ണ് എന്ന നിലയ്ക്ക് വെല്ലുവിളികളേറെയുണ്ടെന്ന് ഈ ചെറുപ്പക്കാരി പറയുന്നു. കാരണം ഊരു നേരിടുന്ന ഏറ്റവും വലിയപ്രശ്‌നം ആദിവാസികള്‍ക്കു വീടുവയ്ക്കാനുള്ള ഭൂമിയില്ലായ്മയും തൊഴിലില്ലായ്മയുമാണ്.
സര്‍ക്കാരില്‍നിന്നു തങ്ങള്‍ക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ ചോദിച്ചുവാങ്ങാന്‍ ഒരു കൂട്ടായ്മ ആവശ്യമായിരിക്കുന്നു. അതിനായി അതിരപ്പിള്ളി മേഖലയിലെ പതിമൂന്ന് ആദിവാസി കോളനികളിലെ നിവാസികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഈ ഊരുകാവല്‍ക്കാരി. ഭൂമി നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ക്കായി പതിമൂന്നു കോളനികളെയും ഒരുമിപ്പിക്കുന്ന കൂട്ടായ്മയുടെ ആദ്യയോഗം ചേര്‍ന്നു. പതിമൂന്നു കോളനികള്‍ക്കായി പതിമൂന്നു മൂപ്പന്മാര്‍ ഉള്ളപ്പോള്‍ത്തന്നെ ഒരു പൊതുവായ ‘ മൂപ്പന്‍ ‘ എന്ന സങ്കല്‍പം വാര്‍ത്തെടുക്കാനുള്ള ശ്രമത്തിലാണെന്നും ഗീത പറയുന്നു.
എന്തുകൊണ്ട് മൂപ്പത്തി ?
അതിരപ്പിള്ളി മലക്കപ്പാറ വനമേഖലകളിലായി പരന്നുകിടക്കുന്ന പതിമൂന്നു ആദിവാസി കോളനികളിലെ വാഴച്ചാല്‍ ആദിവാസി കോളനിയിലെ മൂപ്പത്തിയാണ് ഞാന്‍. ഏഴുമാസമായി ഈ സ്ഥാനം വഹിച്ചുവരുന്നു. വയനാട്ടിലോ മറ്റോ വയസായ ഒരു സ്ത്രീ ഊരുമൂപ്പത്തി ആയിട്ടുണ്ടെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. കരിമ്പന്‍ ഗിരിജാ ദമ്പതികളുടെ നാലുമക്കളിലെ ഏറ്റവും താഴെയുള്ള മകളാണ് ഞാന്‍. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം കുറച്ചുവര്‍ഷം പ്ര?മോട്ടറായും അംഗനവാടി ടീച്ചറായും ജോലി ചെയ്തു. വാഴച്ചാലില്‍ ഉണ്ടായിരുന്ന രണ്ടാമത്തെ മൂപ്പന് വനം വകുപ്പില്‍ ജോലി കിട്ടിയപ്പോള്‍ കോളനിനിവാസികള്‍ പുതിയ മൂപ്പനെ തെരഞ്ഞെടുക്കാനുള്ള ശ്രമത്തിലായി. ഊരുകൂട്ടം ചേരുകയും അവര്‍ എന്റെ പേര് നിര്‍ദ്ദേശിക്കുകയും ചെയ്തു. അനുവദിച്ചിട്ടും സര്‍ക്കാരില്‍നിന്നു കിട്ടേണ്ട പല ധനസഹായവും ആനുകൂല്യങ്ങളും ഇപ്പോഴും കോളനിനിവാസികള്‍ക്കു കിട്ടിയിട്ടില്ല. ആദിവാസികള്‍ക്ക് അര്‍ഹതപ്പെട്ട സര്‍ക്കാര്‍ വിഹിതം പലപ്പോഴും കോളനിനിവാസികള്‍ അറിയാതെപോകുന്നു.
വീട് വയ്ക്കാനുള്ള തടസം, തൊഴിലില്ലായ്മ എന്നിവയ്ക്കു പുറമെ ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം ഇങ്ങനെയുള്ള മേഖലകളില്‍ ഇവിടത്തെ 13 കോളനികളും ഏറെ പിന്നിലാണ്. അതിരപ്പിള്ളി, വാഴച്ചാല്‍, പുകയിലപ്പാറ, ആനക്കയം, ഷോളയാര്‍, മലക്കപ്പാറ എന്നിവിടങ്ങളിലെ പതിമൂന്നു കോളനികളിലായി 1500 പേരാണുള്ളത്. പതിമൂന്ന് ഊരുകളിലുള്ളവരുമായി ഞാന്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. എന്റെ കോളനി നിവാസികള്‍ക്കുപുറമെ മറ്റു 12 കോളനി നിവാസികളുടെയും പ്രശ്‌നങ്ങളില്‍ ഞാന്‍ ഇടപെടാന്‍ ശ്രമിക്കുന്നു.
ഊരുകൂട്ടം വിളിക്കുമ്പോള്‍ വനം വകുപ്പില്‍നിന്നുള്ള അംഗങ്ങള്‍ പങ്കെടുക്കാറുണ്ട്. എന്നാല്‍ പഞ്ചായത്തില്‍നിന്നും പട്ടികജാതി വകുപ്പില്‍നിന്നുമുള്ള അധികൃതര്‍ പലപ്പോഴും എത്താറില്ല. അതിരപ്പിള്ളി പോലീസ് സ്‌റ്റേഷനിലെ ജനമൈത്രി പോലീസ് ഏതു രാത്രിയിലും വിളിച്ചാല്‍ സഹായത്തിന് എത്താറുണ്ട്. എല്ലാ മാസവും ഊരുകൂട്ടം ഞാന്‍ വിളിക്കാറുണ്ട്. ഈ മാസം നാല് ഊരുകൂട്ടമാണ് വിളിച്ചുചേര്‍ത്തത്. എന്റെ കോളനിനിവാസികള്‍ എന്നെ വിശ്വസിക്കുന്നു. അവരാണ് എനിക്ക് ധൈര്യം പകരുന്നത്.
ഇത് കാടാണ്, ഓര്‍മ വേണം
അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാന്‍ വിദേശികള്‍ ഉള്‍പ്പെടെ നിരവധി വിനോദസഞ്ചാരികള്‍ ഇവിടെ എത്തുന്നു. സിനിമാ ചിത്രീകരണവും നടക്കാറുണ്ട്. സര്‍വേകളുടെ പേരു പറഞ്ഞ് ഏറെപ്പേര്‍ എത്തുന്നുണ്ട്. എന്നാല്‍, ഇവര്‍ക്ക് കാട് എന്താണെന്ന് അറിയില്ല. കാട് ബഹളമുണ്ടാക്കാനുള്ള സ്ഥലമല്ല. ചിലര്‍ കാട്ടിലേക്ക് ഓടിക്കയറുന്നതും മൃഗങ്ങളെ കാണുമ്പോള്‍ ഓരിയിടുന്നതും പതിവാണ്. ചിലര്‍ കല്ലെടുത്ത് എറിയുന്നു. ഒച്ചയുണ്ടാക്കുന്നു. ആനക്കൂട്ടത്തെ കാണുമ്പോള്‍ ഫഌഷ് ഉപയോഗിച്ചു പടമെടുക്കുന്നു. ഇതൊക്കെ കാരണം മൃഗങ്ങള്‍ പേടിച്ചു പരക്കം പായും. ആദിവാസികള്‍ക്ക് കാട്ടില്‍ കഴിയാന്‍ പറ്റാതായിരിക്കുന്നു. ഇതുപോലുള്ള സ്ഥലങ്ങളില്‍ വരുമ്പോള്‍ കാട് എന്താണെന്നു പഠിച്ചിട്ടു വരണം. അല്ലെങ്കില്‍ കൂട്ടത്തില്‍ കാടിനെക്കുറിച്ച് അറിയുന്ന ഒരു ഗൈഡ് ഉണ്ടാകണം.
അതിരപ്പിള്ളി , വാഴച്ചാല്‍ മുതല്‍ മലക്കപ്പാറവരെ വനമേഖലകളിലായുള്ള പതിമൂന്നു കോളനികളില്‍ എട്ട് ഊരിലും കാടര്‍ സമുദായക്കാരാണ്. എന്റെ പൂര്‍വികര്‍ പറമ്പിക്കുളത്തുനിന്നു വന്നവരാണ്. കാടര്‍ സമുദായം ഇവിടെ കഴിഞ്ഞാല്‍ പിന്നുള്ളത് വെള്ളിക്കുളങ്ങര, അകമല എന്നിവിടങ്ങളിലാണ്. പറമ്പിക്കുളം ഡാംപണി വന്നപ്പോഴാണ് ഞങ്ങള്‍ ഇവിടെ എത്തിയത്. മലയന്‍, മുതുവാന്‍, മണ്ണാന്‍ എന്നീ വിഭാഗക്കാരാണ് മറ്റു കോളനികളിലുള്ളത്. എന്റെ കോളനിയില്‍ അറുപതോളം കുടുംബക്കാരുണ്ട്. 13 കോളനികളിലായി ആകെ 1500 ഓളം കോളനി നിവാസികളുണ്ട്. തമിഴ് ചെറുതായി കലര്‍ന്ന ലിപികളില്ലാത്ത ഭാഷയാണ് എല്ലാ കോളനികളിലും സംസാരിക്കുന്നത്. പുതുതലമുറയ്ക്കും ഈ ഭാഷ അറിയാം. ഞങ്ങള്‍ വീട്ടില്‍ സംസാരിക്കുന്നത് ഈ ഭാഷയാണ്. പുറമെ നിന്ന് ഒരു വ്യക്തി വരുകയാണെങ്കില്‍ മാത്രം മലയാളം സംസാരിക്കും.
ടൂറിസം പൊടിപൊടിക്കുന്നു, പക്ഷേ…
ടൂറിസം ഇവിടെ പൊടിപൊടിക്കുന്നുണ്ട്. ടൂറിസത്തില്‍നിന്ന് സര്‍ക്കാര്‍ ലാഭം കൊയ്ുന്നുണ്ട്. എന്നാല്‍, അതുകൊണ്ടുയള്ള നേട്ടം സമീപത്തെ ആദിവാസികള്‍ക്കില്ല. ടൂറിസം വകുപ്പിന്റെ ഔട്ട് ഹൗസുകളും കോട്ടേജുകളും ഇരിപ്പിടങ്ങളും ശൗചാലയങ്ങളും മോടിപിടിപ്പിക്കാന്‍ പണം വാരിക്കോരി ചെലവഴിക്കുന്നു. എന്നാല്‍ കാടു സംരക്ഷിച്ചുകൊണ്ടുജീവിക്കുന്ന ആദിവാസികള്‍ക്ക് ഒരു സഹായവുമില്ല. ആദിവാസികള്‍ക്കിടയില്‍ പഠിച്ച യുവാക്കളുണ്ട്. എന്നാല്‍ ടൂറിസം വകുപ്പിന്റെ ഉയര്‍ന്നതലത്തിലുള്ള ജോലിയില്‍ ആദിവാസികളെ ഉള്‍പ്പെടുത്തുന്നില്ല. പരമ്പരാഗതമായ
വിനോദങ്ങളായ ബാംബു റാഫ്റ്റിംഗ്, വില്ലേജ് ടൂറിസം എന്നിവ ഇവിടെ നടപ്പാക്കണം. ഇത് ആദിവാസികള്‍ക്കു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. അതിരപ്പിള്ളിയില്‍ ടൂറിസം പൊടിപൊടിക്കുന്നുണ്ട് പക്ഷേ ഞങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഇപ്പോഴും ഏറെ മോശം അവസ്ഥയിലാണ്. വാഴച്ചാല്‍ കോളനിയില്‍ പണി പൂര്‍ണമായ ഒരു വീട് പോലുമില്ല. അനുവദിച്ച പണം വേണ്ടസമയത്ത് കിട്ടാത്തതാണു കാരണം. പി.വി.ടി.ജി., െ്രെടബല്‍ ഡിപ്പാര്‍ട്ട്‌മെന്റ്, ബ്ലോക്ക് ഇങ്ങനെയുള്ള സംവിധാനങ്ങള്‍ക്കുപുറമെ ഒരു സ്ഥിരം സംവിധാനമില്ല. അതാണ് വേണ്ടത്. പണ്ടു ഞങ്ങള്‍ക്ക് പുഴയില്‍ എപ്പോള്‍ വേണമെങ്കിലും ഇറങ്ങാനും കുളിക്കാനും മീന്‍ പിടിക്കാനും കഴിയുമായിരുന്നു. കോളനിയുടെ പിന്നാമ്പുറം ടൂറിസ്റ്റ് മേഖലയായപ്പോള്‍ ആ സ്വാതന്ത്ര്യം നഷ്ടപ്പെട്ടു.
ഞങ്ങള്‍ക്കു ഭൂമി വേണം
ഭൂമിയില്ലായ്മയാണ് കോളനികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. വീടു പണിയാന്‍ ഭൂമിയില്ലാത്തതിനെത്തുടര്‍ന്ന് ഒരു വീട്ടില്‍ മൂന്നും നാലും കുടുംബങ്ങള്‍വരെ താമസിക്കുന്നുണ്ട്. ഒരു വീടിന്റെ മുറ്റത്താണ് അടുത്ത വീടിന്റെ മുറ്റം. വാഴച്ചാലില്‍ മൂന്നര ഹെക്ടര്‍ സ്ഥലമാണ് കോളനിക്കാര്‍ക്കായി അനുവദിച്ചിട്ടുള്ളത്. അതില്‍നിന്നാണ് സ്‌കൂളിനും അംഗനവാടിക്കും കൊടുത്തത്. ബാക്കിയുള്ളതിലാണ് അറുപതോളം കുടുംബക്കാര്‍ താമസിക്കുന്നത്.
ഞാന്‍ കൂടുതല്‍ സമരങ്ങളിലൊന്നും പങ്കെടുത്തിട്ടില്ല. വനവകാശനിയമവുമായി ബന്ധപ്പെട്ടു തിരുവനന്തപുരത്തേക്ക് പോയപ്പോള്‍ നില്‍പുസമരത്തില്‍ പങ്കെടുത്തിട്ടുണ്ട്. സി.കെ. ജാനുവിനെ കണ്ടിട്ടുണ്ട്. പരിചയമുണ്ട്. ഞങ്ങള്‍ പൂര്‍വികരായി താമസിച്ചുപോരുന്ന ഭൂമി ഞങ്ങള്‍ക്കു അവകാശപ്പെട്ടതാണ്. അതിനു ഞങ്ങളുടെ കൂട്ടായ്മ അത്യാവശ്യമാണ്. ഞങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമി ഞങ്ങള്‍ നേടിയെടുക്കും. അതിനുവേണ്ടിയാണു പതിമൂന്നു കോളനികളെയും കോര്‍ത്തിണക്കിക്കൊണ്ടുള്ള ഒരു മൂപ്പന്‍ എന്ന സങ്കല്പം ഓരോ നിവാസികളും ചിന്തിക്കുന്നത്. അതിന് ഉടന്‍ തീരുമാനമുണ്ടാകും. 2013 14ല്‍ അതിരപ്പിള്ളി പഞ്ചായത്തില്‍ കാടര്‍ സമുദായക്കാര്‍ക്കായി 123 കോടി രൂപയാണ് യുനെസ്‌കോവഴി ചെലവഴിച്ചത്. എന്നാല്‍ പല ഏജന്‍സികളിലൂടെ ഈ പണം വമ്പന്മാരുടെ പോക്കറ്റിലേക്ക് ഒഴുകുന്നത് ഞങ്ങള്‍ക്കു കണ്ടുനില്‍ക്കാനേ കഴിഞ്ഞുള്ളൂ.
മാവോയിസ്റ്റുകളെ വളര്‍ത്തിക്കൊണ്ടുവരുന്നതു സര്‍ക്കാരാണ്. ഇന്നേവരെ മാവോയിസ്റ്റ് എന്നു പറയുന്ന ഒരാളെയും ഇവിടെ ആരും കണ്ടിട്ടില്ല.
മാസങ്ങള്‍ക്കു മുമ്പ് ‘ഇവരെ സൂക്ഷിക്കുക’ എന്ന പേരില്‍ അഞ്ചു പേരുടെ ഫോട്ടോ ഉള്ള പോസ്റ്റര്‍ കോളനികളില്‍ പതിച്ചിരുന്നു.
മാവോയിസ്റ്റുകള്‍ക്ക് സര്‍ക്കാരില്‍നിന്ന് ഒരു സഹായവും ആദിവാസികള്‍ക്കു വാങ്ങിത്തരാന്‍ കഴിയില്ല. അതിനു ഞങ്ങള്‍തന്നെ പരിശ്രമിക്കണം. ഇവിടെ ഞങ്ങള്‍ക്ക് ഇപ്പോള്‍ ഊരുസഭയുണ്ട്. പരിചയമില്ലാത്തവരെ ഊരിലോ പരിസരത്തോ കണ്ടാല്‍ അറിയിക്കാന്‍ പറഞ്ഞിട്ടുണ്ട്. കോളജില്‍നിന്നു പല സര്‍വേകളെന്നും പറഞ്ഞ് നിരവധി വിദ്യാര്‍ഥികള്‍ വരാറുണ്ട്. കോളജ് മേധാവിയുടെ രേഖയില്ലാത്ത ഒരു സംഘത്തെയും ഇപ്പോള്‍ ഞങ്ങള്‍ ആശയവിനിമയം നടത്താന്‍ സമ്മതിക്കാറില്ല. കോളനി നിവാസികള്‍ക്കു ചതിയും വഞ്ചനയും അറിയില്ല. അതുകൊണ്ടുതന്നെ അവര്‍ മറ്റുള്ളവര്‍ പറയുന്നത് വിശ്വസിക്കും. അങ്ങനെ പല പ്രശ്‌നങ്ങളിലേക്കും ചെന്നുപെടാം. ഇപ്പോള്‍ അപരിചിതരായവരെ കണ്ടാല്‍ കോളനിനിവാസികള്‍ ‘മൂപ്പത്തി’ യോട് ചോദിക്കൂ എന്നുപറഞ്ഞ് എന്റെ അടുത്തേക്കു വിടാറുണ്ട്.
അതിരപ്പിള്ളിയില്‍ ആശുപത്രിയുണ്ടോ ?
നല്ല ചികില്‍സ തേടണമെങ്കില്‍ കോളനി നിവാസികള്‍ക്കു നാല്പത് കിലോമീറ്റര്‍ അകലെയുള്ള ചാലക്കുടി ഗവ. ആശുപത്രിയെ ആശ്രയിക്കണം. ആശുപത്രിയില്‍ ഇളവുണ്ട്. എന്നാല്‍, ഫണ്ടില്ലെന്നു പറഞ്ഞു മരുന്നു പുറത്തേക്കാണ് എഴുതുക. ആദിവാസികള്‍ക്ക് അനുവദിച്ചിട്ടുള്ള മെഡിക്കല്‍ സഹായം മരുന്നുലോബി കൈയടക്കിയിരിക്കുകയാണ്. ഭക്ഷണമാണം സൗജന്യമായി ലഭിക്കുന്നുണ്ട്. ചാലക്കുടിക്കും വാല്‍പ്പാറയ്ക്കുമിടയില്‍ വെറ്റിലപ്പാറയിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ മാത്രമാണ് ആംബുലന്‍സ് സൗകര്യമുള്ളത്.
വാഹനസൗകര്യമില്ലാത്തതിനാല്‍ രാത്രികാലങ്ങളില്‍ അസുഖം വന്നാല്‍ വലഞ്ഞതുതന്നെ. രാത്രികാലങ്ങളില്‍ കാട്ടാന ശല്യമുള്ളതിനാല്‍ വെറ്റിലപ്പാറയില്‍നിന്നു കാടിനുള്ളില്‍ കൂടി ആംബുലന്‍സിനു മലക്കപ്പാറയിലെത്താന്‍ കഴിയാറില്ല. വാഹന സൗകര്യമില്ലാത്തതിനാല്‍ പലപ്പോഴും രോഗികള്‍ക്കു മരണം വരെ സംഭവിച്ചിട്ടുണ്ട്. വാഴച്ചാല്‍ കോളനിയില്‍ ക്ഷയം വന്ന് മാസങ്ങള്‍ക്കു മുമ്പ് ഒരു സ്ത്രീ മരിച്ചിരുന്നു. പൊകലപ്പാറ, വാച്ചുമരം കോളനികളില്‍ ക്ഷയം പടര്‍ന്നിട്ടുള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോളനികളില്‍ വിളര്‍ച്ചയാണ് പൊതുവെ കാണുന്ന രോഗമെന്ന് എല്ലാവരും പറയുന്നു.
പണ്ടൊന്നും ആശുപത്രിയിലേക്ക് ആരും പോകാറല്ലായിരുന്നു. എന്തെങ്കിലും അസുഖം വന്നാല്‍ ഇവിടെയുള്ള പച്ചമരുന്നുകള്‍, ഒറ്റമൂലികളാണ് കഴിച്ചിരുന്നത്. കോളനിയിലെ മിക്കവര്‍ക്കും ഒറ്റമൂലിയെക്കുറിച്ച് അറിയാം. എന്നാല്‍ പുതുതലമുറയിലുള്ളവര്‍ക്ക് അറിയില്ല. ഞാന്‍ ഇപ്പോഴും ഒറ്റമൂലി കഴിക്കുന്ന ആളാണ്. പിന്നെ സഹിക്കാന്‍ പറ്റാത്ത അസുഖം വന്നാല്‍ ഹോമിയോ ഡോക്ടറെയോ ആയുര്‍വേദ ഡോക്ടറെയോ കാണിച്ച് രോഗം എന്തെന്നു മനസിലാക്കി വീട്ടില്‍ വന്ന് ഒറ്റമൂലി പ്രയോഗിക്കും. കാട്ടിലെ കിഴങ്ങുവര്‍ഗങ്ങള്‍, ചീരവര്‍ഗങ്ങള്‍, തേന്‍ എന്നിവയാണ് എന്റെ ചെറുപ്പത്തില്‍ കഴിച്ചിരുന്നത്. അത്തരം പോഷകാഹാരങ്ങള്‍ ഇന്ന് കുറവാണ്. അതുകൊണ്ടുതന്നെ ആരോഗ്യമുള്ളവര്‍ ഇപ്പോള്‍ കുറവാണ്.
ഊരുകളില്‍ രാഷ്ട്രീയമില്ല
കോളനി നിവാസികള്‍ക്ക് രാഷ്ട്രീയമില്ല. ഇവിടത്തെ മാത്രം കാര്യമല്ല. കേരളത്തിലെ ഒരു ആദിവാസി ഊരുകളിലും പ്രത്യേകരാഷ്ട്രീയമില്ല. അവരെ സഹായിക്കുന്നവരുടെ കൂടെ അവര്‍ നില്‍ക്കും. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇവിടെ വന്നുപോകാറുണ്ട്. ആരെയും വെറുപ്പിക്കാറില്ല. എന്നാല്‍ അടുത്ത തവണ ഞങ്ങള്‍ വോട്ടു ചെയ്യുന്നില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ്. ഞങ്ങളുടെ ഊരുകളെക്കുറിച്ച് അറിയാത്തവര്‍ക്ക് എന്തിന് ഞങ്ങള്‍ വോട്ട് ചെയ്യണം. അതിരപ്പിള്ളിയില്‍ വാഴച്ചാല്‍ ഊര് ഉണ്ടെന്നുതന്നെ ചില രാഷ്ട്രീയ നേതാക്കള്‍ക്കു അറിയില്ല. തെരഞ്ഞെടുപ്പിനു മുമ്പു രണ്ടുതവണ എം.പി. വന്നിരുന്നു. ജയിച്ചതിനുശേഷം വന്നതായി അറിവില്ല. ഇപ്പോഴും ആദിവാസി മേഖലയില്‍ ജന്മി കുടിയാന്‍ തട്ടുകള്‍ തന്നെയാണെന്നാണ് നിലനില്‍ക്കുന്നത് എന്നാണു തോന്നുന്നത്. ഊരുകളിലെ മറ്റൊരു പ്രതിസന്ധി മദ്യം ഉള്‍പ്പെടെയുള്ള ലഹരി പദാര്‍ഥങ്ങളുടെ അമിത ഉപയോഗമാണ്. ചെറുപ്രായത്തില്‍ത്തന്നെയുള്ള മദ്യപാനം സ്‌കൂളിലേക്കുപോകാനുള്ള കുട്ടികളുടെ ആവേശം ഇല്ലാതാക്കുന്നു. എക്‌സൈസ് പോലീസ് സംഘം പരിശോധന ശക്തമാക്കുന്നുണ്ടെന്ന് പറയുന്നു. എന്നാല്‍ ചാലക്കുടിയില്‍നിന്ന് ചെക്ക്‌പോസ്റ്റുകള്‍ വഴി വ്യാജമദ്യം കോളനികളിലെത്തുന്നുണ്ട്.
കുട്ടികളെ പിടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
സ്‌കൂള്‍ തുറക്കുന്ന സമയത്ത് കുട്ടികളെ പിടിക്കാന്‍ കോളനികളിലേക്ക് കന്യാസ്ത്രീകള്‍ വരാറുണ്ട്. ഇവര്‍ പല വാഗ്ദാനങ്ങളും പറഞ്ഞാണ് കുട്ടികളെ കൊണ്ടുപോകുന്നത്. കോളനികളിലെ കുട്ടികളെ അവരുടെ കൂടെ വിടുന്നതില്‍ എനിക്ക് യോജിപ്പില്ല. അപ്പോള്‍ കാണുന്ന സ്‌നേഹം മാത്രമേ അവര്‍ക്കുള്ളൂ. സ്‌കൂളുകള്‍ നിലനിര്‍ത്താന്‍വേണ്ടിയാണ് കുട്ടികളെ കൊണ്ടുപോകുന്നത്. അവര്‍ കുട്ടികളെ വേണ്ടരീതിയില്‍ പരിചരിക്കാറില്ല. അസുഖം വന്നാല്‍ നമ്മളെ അറിയിക്കുകയാണ് അവര്‍ ചെയ്യുന്നത്. അതേസമയം, െ്രെടബല്‍ സ്‌കൂളുകളിലെ ടീച്ചര്‍മാര്‍ കുട്ടികളുടെ എല്ലാകാര്യങ്ങളിലും ഇടപെടുന്നു. വിദ്യാഭ്യാസംകൊണ്ടു മാത്രമേ കോളനിയുടെ പുതുതലമുറ പുരോഗതി നേടൂ.
കോളനികളിലെ കുട്ടികള്‍ക്കു പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാനുള്ള വിദ്യാഭ്യാസസ്ഥാപനം ഇവിടെയില്ല. പതിമൂന്നു കോളനികളിലായി 1500 ഓളം പേരുണ്ട്. അതിരപ്പിള്ളി മുതല്‍ വാഴച്ചാല്‍ വരെയുള്ള ആദിവാസിക്കുട്ടികള്‍ കിലോമീറ്ററുകള്‍ യാത്രചെയ്താണു പ്രാഥമിക വിദ്യാഭ്യാസംപോലും നേടുന്നത്.വാഴച്ചാലിലുള്ള എല്‍.പി. സ്‌കൂള്‍ യു.പി. സ്‌കൂളായി ഉയര്‍ത്താന്‍ ഞങ്ങള്‍ വര്‍ഷങ്ങളായി ആവശ്യപ്പെടുന്നു. വാഴച്ചാലിനും മലക്കപ്പാറയ്ക്കുമിടയില്‍ യു.പി. സ്‌കൂളുകള്‍ ഇല്ലാത്തത് ഇവരുടെ പ്രാഥമികവിദ്യാഭ്യാസ വളര്‍ച്ചയെ ബാധിക്കുന്നു. ചെറുപ്രായത്തില്‍ കുട്ടികള്‍ക്കു മാതാപിതാക്കളില്‍നിന്നകന്ന് ഹോസ്റ്റലില്‍ നിന്നുപഠിക്കേണ്ട അവസ്ഥയാണ്. ഇതു കുട്ടികളില്‍ മാനസികസംഘര്‍ഷങ്ങള്‍ സൃഷ്ടിക്കും. ഊരുകളിലെ കുട്ടികള്‍ക്കായി വാഴച്ചാലിനും മലക്കപ്പാറയ്ക്കുമിടയില്‍ ഹൈസ്‌കൂള്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
മംഗളം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in