വരുന്നു വെജ് ടെററിസം

ഷഹീദ് ഇഷ്ടപ്പെട്ട മതം സ്വീകരിക്കാനും അറിയുന്ന ഭാഷയില്‍ സംസാരിക്കുവാനും താല്പര്യമനുസരിച്ച് വേഷം ധരിക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യം പോലെത്തന്നെ പ്രധാനമാണ് ജനാധിപത്യ വ്യവസ്ഥയില്‍ നാവിന്നിണങ്ങുന്ന ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യവും. നിങ്ങള്‍ക്ക് ചോറോ ചപ്പാത്തിയോ തെരഞ്ഞെടുക്കാം, വെജിറ്റേറിയനോ നോണ്‍ വെജിറ്റേറിയനോ ആവാം. അത് നിങ്ങളുടെ ഇഷ്ടം. എന്നാല്‍ ഈ ഇഷ്ടത്തിനു മേല്‍ കത്രികപ്പൂട്ടിടുന്ന വെജിറ്റേറിയന്‍ ടെററിസമിതാ, സസ്യാഹാരഭീകരവാദമിതാ പതുക്കെപ്പതുക്കെ തലയുയര്‍ത്തി തുടങ്ങുന്നു. അത് സാത്വികമായ ആഹാരം കഴിക്കുകയെന്ന ആര്‍ഷപ്രോക്ത മൂല്യങ്ങളുടെ പിന്തുണയോടെയുള്ള, നിഷ്‌ക്കളങ്കമായ ഒരു മുന്‍കൈ മാത്രമാണെങ്കില്‍ നമുക്ക് വിട്ടുകളയാമായിരുന്നു; അതിലപ്പുറത്തേക്ക് […]

vegഷഹീദ്

ഇഷ്ടപ്പെട്ട മതം സ്വീകരിക്കാനും അറിയുന്ന ഭാഷയില്‍ സംസാരിക്കുവാനും താല്പര്യമനുസരിച്ച് വേഷം ധരിക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യം പോലെത്തന്നെ പ്രധാനമാണ് ജനാധിപത്യ വ്യവസ്ഥയില്‍ നാവിന്നിണങ്ങുന്ന ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യവും. നിങ്ങള്‍ക്ക് ചോറോ ചപ്പാത്തിയോ തെരഞ്ഞെടുക്കാം, വെജിറ്റേറിയനോ നോണ്‍ വെജിറ്റേറിയനോ ആവാം. അത് നിങ്ങളുടെ ഇഷ്ടം. എന്നാല്‍ ഈ ഇഷ്ടത്തിനു മേല്‍ കത്രികപ്പൂട്ടിടുന്ന വെജിറ്റേറിയന്‍ ടെററിസമിതാ, സസ്യാഹാരഭീകരവാദമിതാ പതുക്കെപ്പതുക്കെ തലയുയര്‍ത്തി തുടങ്ങുന്നു. അത് സാത്വികമായ ആഹാരം കഴിക്കുകയെന്ന ആര്‍ഷപ്രോക്ത മൂല്യങ്ങളുടെ പിന്തുണയോടെയുള്ള, നിഷ്‌ക്കളങ്കമായ ഒരു മുന്‍കൈ മാത്രമാണെങ്കില്‍ നമുക്ക് വിട്ടുകളയാമായിരുന്നു; അതിലപ്പുറത്തേക്ക് കടന്ന്, പത്തി വിടര്‍ത്തിച്ചീറ്റുന്ന, ഒരുതരം മൂര്‍ഖത്വം അതിനുണ്ട്, അസഹിഷ്ണുതയിലധിഷ്ഠിതമായ അതിന്റെ ഫിലോസഫി കുറേക്കൂടി ആഴത്തില്‍ ചിന്തിച്ചാല്‍ അന്യ മതങ്ങളോടും സംസ്‌കാരങ്ങളോടുമുള്ള സ്പര്‍ദ്ധ; ആട്ടിന്‍തോലണിഞ്ഞാവാം ഈ ചെന്നായ പതുങ്ങിയെത്തുന്നത് എന്നുമാത്രം.
ഹിന്ദുവര്‍ഗീയത അതിന്റെ പരീക്ഷണങ്ങളില്‍ മിക്കവയും തുടങ്ങി വെക്കാറുള്ളത് ഗുജറാത്തിലും മഹാരാഷ്ട്രയിലുമാണ്. വെജിറ്റേറിയന്‍ ടെററിസവും അങ്ങനെ തന്നെ. അഹമ്മദാബാദിലും പൂനെയിലും ഈയിടെയായി തികഞ്ഞ പച്ചക്കറി മേഖലകളുണ്ട്. ഈ മേഖലകളില്‍ സസ്യഭുക്കുകള്‍ക്ക് മാത്രമേ ജീവിക്കാനാവൂ, ആരെങ്കിലുമൊന്ന് മുട്ട പൊരിക്കുകയോ മീന്‍ മുളകിടുകയോ ചെയ്താല്‍ മണം പിടിച്ചുവന്ന് നിര്‍ത്തിപ്പൊരിക്കാന്‍ വളണ്ടിയര്‍മാര്‍ നിരവധി. പിന്നീട് ആ പ്രദേശത്തുനിന്ന് മാറിത്താമസിക്കുകയേ വഴിയുള്ളു. ഏറെക്കുറെ സസ്യഭക്ഷണ ശീലക്കാരായ മാര്‍വാടികളും ജൈനരും താമസിക്കുന്ന മുംബൈയിലേയും പൂനെയിലേയും ഫ്‌ളാറ്റ് സമുച്ചയങ്ങളിലും അപ്പാര്‍ട്‌മെന്റു കോംപ്ലക്‌സുകളിലും, ഇറച്ചിയും മീനും കഴിക്കുകയെന്നത് കടുത്ത സദാചാര ലംഘനമാണ്. അതിനാല്‍, മാംസഭുക്കുകള്‍ ഇരട്ട ജീവിതം നയിക്കേണ്ടി വരുന്നു. ‘അവിശുദ്ധമായ മാംസ ഭക്ഷണം’ പാകം ചെയ്യുന്നത് അതീവ രഹസ്യമായി വാതിലും ജനാലകളും അടച്ചു പൂട്ടിയാണ്. തൊട്ടടുത്ത നോണ്‍ വെജിറ്റേറിയന്‍ റസ്റ്റോറന്റുകളില്‍ നിന്നോ ഇറച്ചി-മീന്‍ കടകളില്‍ നിന്നോ അവര്‍ മാംസമോ മുട്ടയോ വാങ്ങുകയില്ല. വളരെ ദൂരെയുള്ള കടകളില്‍ നിന്ന് സാധനം വാങ്ങി വീട്ടില്‍ കൊണ്ടു വരികയാണ് പതിവ്. പാകം ചെയ്യുമ്പോള്‍ മണം പുറത്തേക്ക് വരാതിരിക്കാന്‍ ചന്ദനവും കര്‍പ്പൂരവും മറ്റും പുകയ്ക്കുന്നു. അത്രയൊന്നും മതഭക്തരല്ലാത്ത തങ്ങള്‍ എന്തുകൊണ്ട് ചന്ദനത്തിരി പുകയ്ക്കുന്നു എന്നതിശയിച്ച് വാതിലില്‍ മുട്ടിയ അനുഭവങ്ങള്‍ ധാരാളമുണ്ടെന്ന് പറയുന്നു ഒരു വീട്ടമ്മ. സസ്യാഹാര ഭീകരവാദികള്‍, ഫ്‌ളാറ്റുകളില്‍ നിന്നും മറ്റും പുറത്തു കളയുന്ന ആഹാരാവശിഷ്ടങ്ങള്‍ ചികഞ്ഞു മാംസഭുക്കുകളെ പിടികൂടാറുമുണ്ട്. മാംസാവശിഷ്ടങ്ങളും മുട്ടത്തോടുകളും മറ്റും സഞ്ചികളില്‍ കുത്തി നിറച്ച് കിലോമീറ്ററുകളോളം യാത്ര ചെയ്ത് ചവറു കൂനകളില്‍ ഉപേക്ഷിക്കുക മാത്രമാണ് മാംസാഹാരികളുടെ മുമ്പാകെയുള്ള ഏക പോംവഴി. അല്ലാഞ്ഞാല്‍ പിടിക്കപ്പെടും. പിടിക്കപ്പെട്ടാല്‍ ‘നാടു കടത്തല്‍’ തന്നെ വിധി.
വെജിറ്റേറിയന്‍ സോണ്‍ ആയി രൂപാന്തരപ്പെടുന്ന ദേശങ്ങളുടെ എണ്ണം ഈയിടെയായി വര്‍ദ്ധിച്ചു വരികയുമാണ്. അക്കൂട്ടത്തിലൊരു പ്രദേശമാണ് ഗുജറാത്തിലെ പാലിത്താന. ജൈന സന്യാസിമാരാണ് അവിടം പച്ചക്കറി മേഖലയാക്കാന്‍ ഒരുമ്പെട്ടിറങ്ങിയിട്ടുള്ളത്. സസ്യാഹാരികളായ ജൈനര്‍ മാത്രമല്ല അവിടെ താമസിക്കുന്നത്. 65000 വരുന്ന ജനസംഖ്യയില്‍ ഏറ്റവും ചുരുങ്ങിയത് 17000 പേര്‍ മുസ്ലിംകളാണ്; കശാപ്പ് തൊഴിലാക്കിയവരും അവര്‍ക്കിടയില്‍ ധാരാളം. ഈയിടെ 200 ജൈന സന്യാസിമാര്‍, പാലിത്താനാ ടൗണ്‍, മാംസാഹാര വിമുക്തമാക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് അനിശ്ചിതകാല നിരാഹാരം നടത്തുകയുണ്ടായി. ബി.ജെ.പിക്കാരനായ പാര്‍ലമെന്റംഗം മന്‍സുഖ് മണ്ടാവിയും ഗുജറാത്തിലെ സഹമന്ത്രി താരാചന്ദ് ഛേസയും, സ്ഥലം സന്ദര്‍ശിച്ച് ഉറപ്പു നല്‍കിയ ശേഷമാണ് അവര്‍  നിരാഹാരം നിര്‍ത്തിയത്. മുസ്ലിംകളെ പാലിത്താനയില്‍ നിന്ന് കുടിയൊഴിപ്പിച്ച് വേറെയെവിടെയെങ്കിലും പുനരധിവസിപ്പിക്കുക വഴി സ്ഥലം സസ്യാഹാര മേഖലയാക്കാനാണ്, സന്യാസിമാരുടെ നീക്കം. മുസ്ലിംകള്‍ അതിനെ എതിര്‍ക്കുന്നു. സസ്യാഹാര ശീലം ജൈനര്‍ക്ക് എത്രകണ്ട് പ്രധാനമാണോ അത്രകണ്ട് പ്രധാനമാണ് തങ്ങള്‍ക്ക് ഖുര്‍ബാനി (മൃഗബലി)യുമെന്നാണ് മുസ്ലിം മറുവാക്ക്. മതപരമായ അകല്‍ച്ചക്ക് പോലും ഇത് വഴിവെച്ചിട്ടുണ്ട്.
സസ്യാഹാര ഭീകരവാദം ഒറ്റപ്പെട്ട സംഭവമല്ല. മുംബൈയില്‍ സസ്യാഹാരികള്‍ക്ക് മാത്രം താമസിക്കാന്‍ കഴിയുന്ന നിരവധി സ്ഥലങ്ങള്‍ വളര്‍ന്നു വരുന്നു. അഭിജാത വര്‍ഗം താമസിക്കുന്ന മലബാര്‍ഹില്‍ തൊട്ട് ഇടത്തരക്കാരുടെ മേഖലകളായ മാട്ടുംഗയിലും സയണിലും ഘാട്‌കോപ്പറിലുമെല്ലാം ഹൗസിംഗ് കോംപ്ലക്‌സുകള്‍ സസ്യാഹാര മേഖലകളായി മാറുകയാണ്. കേരളത്തിലുമുണ്ട് ഇതിന്റെ നിഴലനക്കങ്ങള്‍; മാംസാഹാരികള്‍ക്ക് വീട് വാടകക്ക് കൊടുക്കുകയില്ലെന്ന് ശഠിക്കുന്നവര്‍ തിരുവനന്തപുരത്തും തൃശൂരും കോഴിക്കോട്ടുമുണ്ട്. നഗരങ്ങളില്‍ ചില മേഖലകളിലെ ഫ്‌ളാറ്റ് സമുച്ചയങ്ങളില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്‍ക്കും ബ്രാഹ്മണരല്ലാത്തവര്‍ക്കും വീടുകള്‍ വാടകയ്ക്ക് നല്‍കാത്തതിന്റെ കാരണം മാംസാഹാരപ്പേടി തന്നെ. വര്‍ഗീയമായ അകല്‍ച്ചക്ക് പരിഹാരമായി ഫ്‌ളാറ്റുകളില്‍ എല്ലാ മതക്കാരും ജാതിക്കാരും പാര്‍ക്കണമെന്ന സാമൂഹ്യ ശാസ്ത്രജ്ഞരുടെ നിര്‍ദ്ദേശം, ഇതാ ആഹാരത്തിന്റെ പേരില്‍ തോറ്റു തുന്നം പാടുന്നു.
വെജിറ്റേറിയനിസം പ്രചരിപ്പിക്കാന്‍ സംഘടനകളും ധാരാളമുണ്ട്. മഹാരാഷ്ട്ര ഗോപാലന സമിതി, പലപ്പോഴും മാംസാഹാരം വില്‍പന നടത്തുന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് മുമ്പാകെ സമരം നടത്തുന്നത് തങ്ങളേറ്റെടുത്ത ദൗത്യത്തിന്റെ ഭാഗമായാണ്. ആദിത്യ ബിര്‍ളയുടെ ഷോപ്പിംഗ് മാളുകള്‍ക്ക് മുമ്പില്‍ അവര്‍ സമരം നടത്തിയത് മാര്‍വാറിയായിട്ടും അദ്ദേഹം മാംസാഹാര വസ്തുക്കള്‍ വില്‍ക്കുന്നതിന്റെ പേരിലാണ് പോലും. ഗോത്ര വര്‍ഗക്കാര്‍ക്കിടയില്‍ സസ്യാഹാര ശീലം വളര്‍ത്താനും സംഘടന ശ്രമിക്കുന്നു. ദല്‍ഹിയില്‍ രാഷ്ട്രീയ ഗോ രക്ഷണ സേനയാണ് ഈ ദൗത്യം ഏറ്റെടുത്തിട്ടുള്ളത്. ഇത്തരം സംഘടനകളുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും അക്രമാസക്തമാവുന്നതാണനുഭവം. രണ്ടു കൊല്ലം മുമ്പ് ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ദലിത് വിദ്യാര്‍ത്ഥികള്‍ നടത്തിയ ബീഫ് ഫെസ്റ്റിവലില്‍ എബിവിപിക്കാരും മറ്റും ഇരച്ചുകയറി കുഴപ്പമുണ്ടാക്കിയത് ഉദാഹരണം. ജെ.എന്‍.യു.വിലുമുണ്ടായി ഒരിക്കല്‍ ബീഫ് ആന്‍ഡ് പോര്‍ക്ക് ഫെസ്റ്റിവലിന്നെതിരായി പ്രതിഷേധം. തങ്ങള്‍ തെരഞ്ഞെടുക്കുന്ന ആഹാരം കഴിക്കാന്‍ വ്യത്യസ്ത മത സമൂഹങ്ങള്‍ക്കുള്ള സ്വാതന്ത്ര്യം ഹനിക്കുന്ന തലത്തിലേക്കാണ് വെജിറ്റേറിയന്‍ ടെററിസത്തിന്റെ പോക്ക്.
സസ്യാഹാരമാണ് നല്ലത് എന്നതിനു പിന്നിലൊരു ഫിലോസഫിയുണ്ട്. മൃഗങ്ങളെ കൊന്നൊടുക്കുന്നതിന്നെതിരായുള്ള ഉദാത്തമായ മുഖവും അതിനുണ്ട്. മാത്രവുമല്ല ആരോഗ്യകരമായ കാരണങ്ങളാലും സസ്യാഹാരം തന്നെയാണ് മനുഷ്യര്‍ക്ക് ഉചിതം എന്നു കരുതാന്‍ ന്യായങ്ങളേറെയാണ്. പക്ഷേ സസ്യാഹാര ശീലം മറ്റുള്ളവരുടെ അവകാശങ്ങളുടെ മേല്‍ നടത്തുന്ന കയ്യേറ്റത്തിന് നിമിത്തമാകുമ്പോള്‍ അത് സമ്മതിച്ചു കൊടുക്കാമോ എന്നതാണ് ചോദ്യം. എന്താണ് തങ്ങള്‍ കഴിക്കേണ്ടതെന്ന കാര്യം അതാത് വ്യക്തിയെ ആശ്രയിച്ചു നില്‍ക്കുന്നു. ഞങ്ങള്‍ക്ക് ഞങ്ങളുടെ ഭക്ഷണം, നിങ്ങള്‍ക്ക് നിങ്ങളുടേതും. ഒരു ഭീകരവാദത്തിനും ആ സ്വാതന്ത്ര്യം ഹനിക്കാന്‍ അര്‍ഹതയില്ല. എറുമ്പിനെപ്പോലും നോവിക്കാത്ത ജൈനമത വിശ്വാസികള്‍, സസ്യാഹാര ഭീകരവാദത്തിലേക്ക് തിരിയുമ്പോള്‍, അതോര്‍മ്മിപ്പിക്കുന്നത് കടമ്മനിട്ട രാമകൃഷ്ണന്റെ ഗുജറാത്ത് എന്ന കവിതയെയാണ്. തികഞ്ഞ സാത്വികനായ ബ്രാഹ്മണ സ്വരൂപത്തിന് പൊടുന്നനെ തേറ്റ മുളയ്ക്കുന്ന അനുഭവം, പെട്ടെന്ന് ഇങ്ങനെ മുരളുന്നതായി കവി കേള്‍ക്കുന്നു: ക്യാ?

പാഠഭേദം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply