വയലുകള്‍ സംരക്ഷിക്കണം. കര്‍ഷകര്‍ക്ക് ഗ്രീന്‍ റോയല്‍റ്റി നല്‍കണം

നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കാനാവശ്യപ്പെട്ട് കേരളം ഒരിക്കല്‍ കൂടി പ്രക്ഷോഭരംഗ ത്തേക്കിറങ്ങുകയാണ്.  ഇവയുടെ  സംരക്ഷണത്തിനായി 2008 ല്‍  വി എസ് സര്‍ക്കാര്‍ രൂപം നല്‍കിയ, ഏറക്കുറെ മാതൃകാപരമായ കേരള നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം പിണറായി സര്‍ക്കാര്‍ ഭേദഗതി ചെയ്തതിനെതിരെയാണ് പ്രക്ഷോഭം. ഭൂമാഫിയകള്‍ക്കും കോര്‍പ്പറേറ്റ് കുത്തകകള്‍ക്കും ഭൂമി യഥേഷ്ടം കൈകാര്യം ചെയ്യാവുന്ന രീതിയിലാണ് ഭേദഗതിയെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരും കര്‍ഷകരും ആരോപിക്കുന്നത്. സേലം – ചെന്നൈ എട്ടുവരിപാതക്കായി നെല്‍വയലുകള്‍ നികത്തുന്നതിനെതിരെ സിപിഎം ശക്തമായ പ്രക്ഷോഭം നടത്തുന്ന സാഹചര്യത്തിലാണ് ദേശീയപാതക്കും മറ്റാവശ്യങ്ങള്‍ക്കും […]

NELVAYAL

നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കാനാവശ്യപ്പെട്ട് കേരളം ഒരിക്കല്‍ കൂടി പ്രക്ഷോഭരംഗ ത്തേക്കിറങ്ങുകയാണ്.  ഇവയുടെ  സംരക്ഷണത്തിനായി 2008 ല്‍  വി എസ് സര്‍ക്കാര്‍ രൂപം നല്‍കിയ, ഏറക്കുറെ മാതൃകാപരമായ കേരള നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം പിണറായി സര്‍ക്കാര്‍ ഭേദഗതി ചെയ്തതിനെതിരെയാണ് പ്രക്ഷോഭം. ഭൂമാഫിയകള്‍ക്കും കോര്‍പ്പറേറ്റ് കുത്തകകള്‍ക്കും ഭൂമി യഥേഷ്ടം കൈകാര്യം ചെയ്യാവുന്ന രീതിയിലാണ് ഭേദഗതിയെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരും കര്‍ഷകരും ആരോപിക്കുന്നത്. സേലം – ചെന്നൈ എട്ടുവരിപാതക്കായി നെല്‍വയലുകള്‍ നികത്തുന്നതിനെതിരെ സിപിഎം ശക്തമായ പ്രക്ഷോഭം നടത്തുന്ന സാഹചര്യത്തിലാണ് ദേശീയപാതക്കും മറ്റാവശ്യങ്ങള്‍ക്കും സുഗമമായി വയലുകള്‍ നികത്താന്‍ സൗകര്യം ലഭിക്കത്തക്ക വിധത്തില്‍ നിയമം ഭേദഗതി ചെയ്തിരിക്കുന്നത്. ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനു തുടക്കം കുറിക്കാനായി 10വര്‍ഷം മുമ്പ് ഈ നിയമം പാസ്സാക്കിയ ആഗസ്റ്റ് 12നുതന്നെ തൃശൂരില്‍ വിപുലമായ കണ്‍വെന്‍ഷന്‍ നടക്കുന്നുണ്ട്.
നെല്‍വയലുകള്‍ സംരക്ഷിക്കാനുള്ള നിരവധി പ്രക്ഷോഭങ്ങളുടെ ഭാഗമായിട്ടായിരുന്നു 2008ല്‍ സംരക്ഷണനിയമം പാസായത്. വി എസും കെ പി രാജേന്ദ്രനുമായിരുന്നു അതില്‍ പ്രധാന പങ്കുവഹിച്ചവര്‍. എന്നാലിതാ ഇന്ന് ഇവരുടെ പിന്‍ഗാമികളായ പിണറായിയും വി എസ് സുനില്‍ കുമാറുംതന്നെ പ്രസ്തുതനിയമത്തിനു മരണ മണിയടിക്കാന്‍ രംഗത്തിറങ്ങി എന്നതാണ് ചരിത്രത്തിന്റെ കൗതുകം എന്നു പറയുന്നത്. കര്‍ഷകരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും വിവിധ സംഘടനകളുടെയും ഭരണ-പ്രതിപക്ഷ അംഗങ്ങളുടെയും അഭിപ്രായങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ടാണ് വികസനത്തിന്റെ പേരില്‍ ഇത്തരമൊരു നിയമ ഭേദഗതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ‘പൊതു ആവശ്യം’ എന്ന പേരില്‍ സര്‍ക്കാര്‍/സ്വകാര്യ പദ്ധതികള്‍ക്ക് വയല്‍ നികത്താന്‍ അവസരം നല്‍കുക, 2008ന് മുമ്പ് നികത്തിയ വയലുകള്‍ കരഭൂമിയായി പ്രഖ്യാപിക്കുക, ഡാറ്റ ബാങ്കില്‍ വിഞ്ജാപനം ചെയ്യപ്പെടാത്ത വയലുകളെ നെല്‍വയലായി കണക്കാക്കാക്കാതിരിക്കുക, പ്രാദേശിക നിരീക്ഷണ സമിതികളുടെ അധികാരം എടുത്തുകളയുക തുടങ്ങിയ അപകടകരമായ തിരുത്തലുകളാണ് ഭേദഗതിയിലൂടെ കൊണ്ടുവന്നിരിക്കുന്നത്.
കേരളത്തില്‍ നഷ്ടപ്പെടുന്ന വയലുകളുടെ കണക്കുകള്‍ ആരേയും ഞെട്ടിപ്പിക്കുന്നതാണ്. കേരള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്‌ണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിറ്റിക്‌സിന്റെ കണക്കനുസരിച്ച് 1975-76 കാലഘട്ടത്തില്‍ നെല്‍കൃഷി ചെയ്യുന്ന വയലുകളുടെ അളവ് 8.76 ലക്ഷം ഹെക്ടറായിരുന്നു. 2007-08 കാലഘട്ടത്തിലെത്തിയപ്പോഴേക്കും അത് 2.29 ലക്ഷമായി കുറഞ്ഞു. 2016 -17 എത്തിയപ്പോഴേക്കും 1,71,398 ഹെക്ടറായി മാറി. കഴിഞ്ഞ 40 വര്‍ഷം കൊണ്ട് 80 ശതമാനം നെല്‍കൃഷി കുറഞ്ഞെങ്കില്‍ വരുന്ന 20 വര്‍ഷം കൊണ്ട് കേരളത്തില്‍ നെല്‍കൃഷി തന്നെ ഇല്ലാതാകാന്‍ ഇടയുണ്ട്. വേനല്‍ക്കാലത്ത് വരള്‍ച്ചയും വര്‍ഷകാലത്ത് പ്രളയവും കാരണം പൊറുതിമുട്ടുകയാണ് കേരളം. ഇത്തരം ഒട്ടേറെ പാരിസ്ഥിതികമായ പ്രതിസന്ധികള്‍ അഭിമുഖീകരിക്കുമ്പോഴാണ് സര്‍ക്കാര്‍ നിയമഭേദഗതിയിലൂടെ നിലവിലുള്ള നിയമം അട്ടിമറിക്കുന്നതെന്ന് കണ്‍വെന്‍ഷന്‍ ഭാരവാഹികള്‍ ചൂണ്ടികാട്ടുന്നു. നെല്‍വയല്‍ സംരക്ഷിക്കണം എന്നത് കേവലം ഭക്ഷ്യസുരക്ഷയുടെ പ്രശ്‌നം മാത്രമല്ല, ജല സുരക്ഷയ്ക്കും കാര്‍ഷിക ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിനും അത് അത്യന്താപേക്ഷിതമാണെന്ന് അനുദിനം തെളിയുകയാണ്. വിവിധ തരം പക്ഷികള്‍, ശലഭങ്ങള്‍, തുമ്പികള്‍, എട്ടുകാലികള്‍, തവളകള്‍, ഞണ്ടുകള്‍, ഇങ്ങനെ അനേകം ജീവികളെ ഉള്‍ക്കൊള്ളുന്ന ജൈവ ആവാസവ്യവസ്ഥ കൂടിയാണ് വയലുകള്‍. അവയില്ലാതാകുന്നതോടെ ഉള്‍നാടന്‍ മത്സ്യസമ്പത്ത് ഇല്ലാതാകും. വിസ്തൃതമായ പാടശേഖരങ്ങളിലെ ജലശേഖരം നിരവധി തോടുകളിലൂടെ ഒഴുകി കോടിക്കണക്കിന് ജീവജാലങ്ങള്‍ക്ക് ഭക്ഷണവും നിലനില്‍പ്പും പ്രദാനം ചെയ്യുന്നുണ്ട്. ഭൂഗര്‍ഭ ജലസ്രോതസ്സിന്റെ വര്‍ദ്ധനവിനും സംരക്ഷണത്തിനും പാടശേഖരങ്ങളുടെയും തണ്ണീര്‍ തടങ്ങളുടെയും നിലനില്‍പ്പ് അത്യന്താപേക്ഷിതമാണ്. കാട് സംരക്ഷിക്കുന്നതുപോലെ സുശക്തകമായ നിയമങ്ങളുണ്ടാക്കി സംരക്ഷിക്കേണ്ട പ്രദേശങ്ങളാണ് നെല്‍വയലുകള്‍. എന്നാല്‍ വികസനത്തിനെന്നു പറഞ്ഞ് കാടും വയലുകളും കടലും തകര്‍ക്കാനാണ് നമ്മള്‍ ശ്രമിക്കുന്നത്. വിവിധ ജില്ലകളിലെ കര്‍ഷക സംഘടനകളും കൂട്ടായ്മകളും പാടശേഖര സമിതികളും പരിസ്ഥിതി സംഘടനകളും ഇതിനകം തന്നെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ഭേദഗതി നിയമത്തിനെതിരെ വിവിധ സമരപരിപാടികളുമായി മുന്നോട്ടു വന്നു കഴിഞ്ഞു. അതിന്റെ ഭാഗമായാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്. നിയമഭേദഗതിയുമായി ബന്ധപ്പെട്ട് കര്‍ഷകരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും ശക്തമായ പ്രതിഷേധം സര്‍ക്കാരിനെ അറിയിക്കുക, നിയമത്തിലെ ജനവിരുദ്ധ കര്‍ഷകവിരുദ്ധ നിലപാടുകള്‍ തള്ളിക്കളയുന്നതിനായുള്ള നിയമപരമായ ഇടപെടലുകള്‍ എത്രയും പെട്ടെന്ന് നടത്തുക, യുദ്ധകാലാടിസ്ഥാനത്തില്‍ ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിക്കുക, എല്ലാവിധ സമ്മര്‍ദ്ദങ്ങളും സഹിച്ചും നെല്‍വയല്‍ സംരക്ഷിക്കുന്ന കര്‍ഷകര്‍ക്ക് റോയല്‍റ്റിയും ശമ്പളവും ഉള്‍പ്പെടെ നല്‍കണമെന്നും അവശേഷിക്കുന്ന നെല്‍വയലുകള്‍ ‘പാഡി റിസര്‍വ്’ ആയി പ്രഖ്യാപിക്കണമെന്നും കൃഷി തത്പരരായി മുന്നോട്ടുവരുന്ന യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെടുക എന്നിവയാണ് കണ്‍വെന്‍ഷന്റെ പ്രധാന ലക്ഷ്യങ്ങള്‍.
തീര്‍ച്ചയായും വയലുകള്‍ സംരക്ഷിക്കുക എന്നത് കര്‍ഷകരുടെ മാത്രം ഉത്തരവാദിത്തമല്ല. ഭൂമി ഏറ്റവും വിലയേറിയ ചരക്കായി മാറിയ സാഹചര്യത്തില്‍ വയലുകള്‍ സംരക്ഷിക്കേണ്ടത് അവര്‍ തനിച്ചല്ല താനും. കൃഷി ലാഭകരമായി നടത്തുക അത്ര എളുപ്പമല്ല എന്ന് എല്ലാവര്‍ക്കുമറിയാം. അതിനാല്‍തന്നെ മൊത്തം സമൂഹത്തിനും സര്‍ക്കാരിനും അതിലുത്തരവാദിത്തമുണ്ട്. നെല്‍വയല്‍ സംരക്ഷിക്കുന്ന കര്‍ഷകര്‍ക്ക് റോയല്‍റ്റിയും ശമ്പളവും നല്‍കുക എന്ന ആവശ്യത്തിന്റെ പ്രസക്തി അവിടെയാണ്. പൊന്നാനി നഗരസഭ ഇക്കാര്യത്തില്‍ ഒരു തുടക്കമിട്ടിട്ടുണ്ട്. ഭൂമിയുടെ പച്ചപ്പ് കാക്കുന്നവര്‍ക്ക് ഗ്രീന്‍ റോയല്‍റ്റി എന്ന നൂതന ജനകീയാസൂത്രണ പദ്ധതിക്കാണ് അവര്‍ രൂപം നല്‍കിയിട്ടുള്ളത്. റിയല്‍ എസ്റ്റേറ്റ് സമ്മര്‍ദ്ദത്തിലും വയല്‍, കുളം, കാവ് എന്നിവ നികത്തി വിറ്റ് പണമുണ്ടാക്കാം എന്ന ചിന്തയെ അതിജീവിച്ച് അതേ പടി സംരക്ഷിച്ചവര്‍ക്കാണ് സമൂഹത്തിന്റെ ആദരം എന്ന നിലക്ക് ഗ്രീന്‍ റോയല്‍റ്റി നല്‍കുന്നത്. നെല്‍കൃഷിയുടെയും കാവ് -കുളങ്ങളുടെയും കണ്ടലുകളുടേയും ഭൗതികവും സാംസ്‌കാരികവും പാരിസ്ഥിതികവുമായ മൂല്യത്തെ അറിയുവാനും പ്രചരിപ്പിക്കുവാനും ആദരിക്കുവാനും കൂടിയാണ് പദ്ധതിയെന്ന് നഗരസഭാധികൃതര്‍ പറയുന്നു. തീര്‍ച്ചയായും ഈ മാതൃക എല്ലാവരും പിന്തുടരേണ്ടതാണ്. മറ്റൊന്നുകൂടി. റോഡിന്റെ വശങ്ങളിലെ പുല്ലുചെത്തിക്കളയുക എന്ന അനാവശ്യപരിപാടിയിലൊതുങ്ങുന്ന തൊിലുറപ്പുപദ്ധതി പൂര്‍ണ്ണമായും കാര്‍ഷികമേഖലയിലേക്കു തിരിച്ചുവിടാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. തരിശായികിടക്കുന്ന പാടശേഖരങ്ങള്‍ ഈ പദ്ധതിയിലൂടെ ഫലഭൂയിഷ്ടമാക്കാനാകും. പച്ചക്കറിമേഖലയിലേക്കും പദ്ധതി തിരിച്ചുവിടണം. എന്നാലിതൊന്നും മനസ്സിലാക്കാനുള്ള വിവേകം നമ്മുടെ ഭരണാധികാരികള്‍ക്കില്ല എന്നതാണ് ദയനീയം. ഒരു വശത്ത് വികസനമെന്നാല്‍ റോഡും കെട്ടിടങ്ങളും മറ്റുമാണെന്ന ധാരണയില്‍ അവശേഷിക്കുന്ന പാടങ്ങള്‍ നികത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ബദല്‍ മാര്‍ഗ്ഗങ്ങള്‍ ആരായാമെന്ന കേന്ദ്രതീരുമാനത്തെ പോലും അംഗീകിരിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. മറുവശത്ത് കൃഷി സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം കര്‍ഷകരുടേതു മാത്രമാണെന്നു ധരിക്കുന്നു. വൈകിയ വേളയിലെങ്കിലും ഈ ധാരണ തിരുത്തി, ക്രിയാത്മകമായ നടപടികളിലേക്കാണ് സര്‍ക്കാര്‍ നീങ്ങേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply