വധശിക്ഷ ഒഴിവാക്കപ്പെടേണ്ടതു തന്നെ
വധശിക്ഷക്കെതിരെ ഇന്ന് സംസാരിക്കുമ്പോള്‍ തീര്‍ച്ചയായും വന്‍തോതില്‍ പ്രതിഷേധം ഉയര്‍ന്നു വരുമെന്നുറപ്പ്. കാരണം വൈകാരികമായ ഒരു തലത്തിലാണ് ഇപ്പോള്‍ രാജ്യം. വധശിക്ഷക്കെതിരെ നിലപാടെടുത്തിട്ടുള്ള സിപിഎമ്മിന്റെ നേതാവു കൂടിയായ ടിഎന്‍ സീമപോലും ഡെല്‍ഹി സംഭവത്തില്‍ വധശിക്ഷ നല്‍കണമെന്ന അഭിപ്രായ പ്രകടനം നടത്തുന്നത് അതിന്റെ ഏറ്റവും നല്ല തെളിവ്. ഇപ്പോഴത്തെ ഈ വികാര പ്രകടനം അതുകൊണ്ടുതന്നെ മനസ്സിലാക്കാം. പക്ഷെ എംഎന്‍ വിജയന്‍ പറഞ്ഞപോലെ പറയേണ്ടത് പറയേണ്ട സമയത്ത് പറഞ്ഞില്ലെങ്കില്‍ എന്തുഗുണം? ഇന്ത്യയടക്കം ലോകത്തിന്റെ വിവിധ രാഷ്ട്രങ്ങളില്‍ വധശിക്ഷക്കെതിരെ വികാരമുയരുകയും പകുതിയിലധികം രാഷ്ട്രങ്ങള്‍ വധശിക്ഷ നിരോധിക്കുകയും […]
വധശിക്ഷക്കെതിരെ ഇന്ന് സംസാരിക്കുമ്പോള്‍ തീര്‍ച്ചയായും വന്‍തോതില്‍ പ്രതിഷേധം ഉയര്‍ന്നു വരുമെന്നുറപ്പ്. കാരണം വൈകാരികമായ ഒരു തലത്തിലാണ് ഇപ്പോള്‍ രാജ്യം. വധശിക്ഷക്കെതിരെ നിലപാടെടുത്തിട്ടുള്ള സിപിഎമ്മിന്റെ നേതാവു കൂടിയായ ടിഎന്‍ സീമപോലും ഡെല്‍ഹി സംഭവത്തില്‍ വധശിക്ഷ നല്‍കണമെന്ന അഭിപ്രായ പ്രകടനം നടത്തുന്നത് അതിന്റെ ഏറ്റവും നല്ല തെളിവ്. ഇപ്പോഴത്തെ ഈ വികാര പ്രകടനം അതുകൊണ്ടുതന്നെ മനസ്സിലാക്കാം. പക്ഷെ എംഎന്‍ വിജയന്‍ പറഞ്ഞപോലെ പറയേണ്ടത് പറയേണ്ട സമയത്ത് പറഞ്ഞില്ലെങ്കില്‍ എന്തുഗുണം?
ഇന്ത്യയടക്കം ലോകത്തിന്റെ വിവിധ രാഷ്ട്രങ്ങളില്‍ വധശിക്ഷക്കെതിരെ വികാരമുയരുകയും പകുതിയിലധികം രാഷ്ട്രങ്ങള്‍ വധശിക്ഷ നിരോധിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം അമേരിക്കയിലെ ടെക്‌സാസില്‍ നിന്നുള്ള ഒരു വാര്‍ത്ത സവിശേഷശ്രദ്ധ അര്‍ഹിക്കുന്നു. അന്ന് അവിടെ നടപ്പാക്കിയത് അഞ്ഞൂറാമത്തെ വധശിക്ഷയായിരുന്നു. അതുമായി ബന്ധപ്പെട്ട് വധശിക്ഷക്കു വിധേയരായവരുടെ അവസാന വാക്കുകള്‍ അവര്‍ പുറത്തു വിടുകയായിരുന്നു. അവരില്‍ വലിയൊരു വിഭാഗം പേര്‍ മരണത്തിനു തൊട്ടുമുമ്പും തങ്ങള്‍ കുറ്റവാളികളല്ല എന്നു ആണയിട്ടിരുന്നു എന്നാണ് പുറത്തു വന്നിരിക്കുന്നത്. എന്റെ വാക്കുകള്‍ വിശ്വസിക്കൂ, ഞാന്‍ കുറ്റവാളിയല്ല എന്നു അവസാന നിമിഷവും പറഞ്ഞവര്‍ നിരവധിയാണ്. അവസാന മൊഴി സത്യമായിരിക്കുമെന്ന വിശ്വാസം ലോകത്തെ മുഴുവന്‍ അന്വേഷണ ഏജന്‍സികളും പിന്തുടരുന്നുണ്ട് എന്നോര്‍ക്കുക. നമ്മുടെ നാട്ടിലും ജഡ്ജിമാര്‍ തന്നെ നേരിട്ടെത്തി മരണമൊഴി എടുക്കുന്നതും ആ വിശ്വാസത്തിലാണല്ലോ.
ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന നീതിന്യായ വ്യവസ്ഥയിലെ അടിസ്ഥാന തത്വമാണ് ഇവിടെ ബലി കഴിക്കപ്പെടുന്നത്. മറ്റേതു ശിക്ഷയാണെങ്കിലും പിന്നീട് നിരപരാധിയാണെങ്കില്‍ ഒരു പരിധിവരെ നഷ്ടപരിഹാരം നല്‍കാന്‍ കഴിഞ്ഞെന്നു വരാം. എന്നാല്‍ വധശിക്ഷയില്‍ അതു സാധ്യമല്ലല്ലോ. ഏതു രാജ്യത്തെ ഏതു കോടതിക്കും തെറ്റു പറ്റാമെന്നും യാഥാര്‍ത്ഥ്യം. ഇന്ത്യയിലും അങ്ങനെ സംഭവിച്ചിട്ടുണ്ട്. അതുകൊണ്ടാണല്ലോ അപ്പീല്‍ സംവിധാനവും മറ്റും നിലനില്‍ക്കുന്നത്. സുപ്രിം കോടതിക്കും പറ്റാമല്ലോ തെറ്റ്.
കണ്ണിനു കണ്ണ്, കാതിനു കാത്, തലക്കു തല തുടങ്ങിയവയൊക്കെ കാലഹരണപ്പെട്ട നീതിയാണ്. ഒരു ജനാധിപത്യ വ്യവസ്ഥയില്‍ അതു ഭൂഷണമല്ല. ഭീകരന്മാര്‍ ചെയ്യുന്നതിനു പകരം അതുമാകാം എന്ന ന്യായീകരണവും ശരിയല്ല. ഭീകരസംഘടനയല്ലല്ലോ ജനാധിപത്യ ഭരണ കൂടം. ഗോവിന്ദച്ചാമിയെ പോലുള്ളവരെയും ഡെല്‍ഹിയിലെ ഈ ക്രൂരതയുടെ പര്യായങ്ങളായവരേയും പിന്നെന്തു ചെയ്യും എന്ന ചോദ്യവും സ്വാഭാവികം. കോടതിനടപടികള്‍ അതിവേഗമാക്കി വധശിക്ഷ ഒഴികെയുള്ള കഠിന ശിക്ഷ നടപ്പാക്കുക മാത്രമാണ് ശരി. കാരണം നിയമം ഉണ്ടെങ്കില്‍ ചിലര്‍ക്കു മാത്രമായി നടപ്പാക്കാനാവില്ലല്ലോ. വധശിക്ഷ നിലവിലുണ്ടെങ്കില്‍ എപ്പോഴും അത് പ്രഖ്യാപിക്കാമല്ലോ. എപ്പോഴും തെറ്റുപറ്റാനുള്ള സാധ്യതയുമുണ്ട്. കുറ്റവാളിയെ മാറ്റിയെടുക്കലാണ് ഏതൊരു ശിക്ഷയുടേയും അടിസ്ഥാന ലക്ഷ്യം എന്നതും ഓര്‍ക്കേണ്ടതാണ്.
ഇന്ത്യയില്‍ തന്നെ നടപ്പാക്കിയ ചില വധശിക്ഷകളിലെങ്കിലും പ്രതികള്‍ അതര്‍ഹിക്കുന്നവരല്ല എന്ന ശക്തമായ വാദമുണ്ട്. പൊതുജനതാല്‍പ്പര്യാര്‍ത്ഥം വധശിക്ഷ നല്‍കുന്നു എന്നു കോടതി പ്രസ്താവിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് ഇന്ത്യയടക്കം മിക്ക രാജ്യങ്ങളും വധശിക്ഷ ഉപയോഗിച്ചിട്ടുണ്ട്. വധശിക്ഷക്കു വിധിക്കപ്പെട്ട രാഷ്ട്രതലവന്മാരുടെ നീണ്ട നിരതന്നെയുണ്ടല്ലോ. അവരില്‍ മിക്കവര്‍ക്കും ന്യായമായ രീതിയില്‍ കേസ് വാദിക്കാനുള്ള അവസരം പോലും ലഭിച്ചിട്ടില്ല. വധശിക്ഷ കൊണ്ട് കുറ്റകൃത്യങ്ങള്‍ കുറഞ്ഞതായും കണക്കുകളില്ല.
അമേരിക്ക, ചൈന, മതരാഷ്ട്രങ്ങള്‍ തുടങ്ങി ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഏകാധിപത്യം നിലനില്‍ക്കുന്ന രാഷ്ട്രങ്ങളാണ് മുഖ്യമായും ഇന്ന് വധശിക്ഷ നടപ്പാക്കുന്നത്. ഏതൊരു രാജ്യത്തേയും കടന്നാക്രമിക്കുന്ന അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ ജയിലുകള്‍ ഉള്ളത്. ഭീകരസംഘടനകളും വധശിക്ഷ നടപ്പാക്കാറുണ്ട്. ജനാധിപത്യ രാഷ്ട്രങ്ങള്‍ മിക്കവാറും അത് നിരോധിച്ചു കഴിഞ്ഞു. ഐക്യരാഷ്ട്രസഭയും ശക്തമായി ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഒരു മതവിശ്വാസവും കൊലയെ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാല്‍ അഹിംസയുടെ പ്രവാചകനെ രാഷ്ട്രപിതാവെന്നു വിളിക്കുന്ന, ബുദ്ധന്റെ നാടെന്ന് അഭിമാനിക്കുന്ന ഇന്ത്യയടക്കം പല രാഷ്ട്രങ്ങളും അത് ചെവികൊണ്ടിട്ടില്ല. ഇനിയെങ്കിലും ആ ദിശയില്‍ ചിന്തിച്ചില്ലെങ്കില്‍ ഏറ്റവംു വലിയ ജനാധിപത്യരാഷ്ട്രം എന്ന ങുങ്കിന് അര്‍ത്ഥമില്ലാതാകും.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
MKM Ashraff
September 12, 2013 at 11:07 am
ലേഖനത്തിലെ വിഷയത്തോട് യോജിപ്പാണെങ്കിലും, ‘വധശിക്ഷക്കെതിരെ നിലപാടെടുത്തിട്ടുള്ള സി പി എമ്മിന്റെ നേതാവ് കൂടിയായ ടി എൻ സീമപോലും ഡൽഹി സംഭവത്തിൽ വധശിക്ഷ നൽകണമെന്ന അഭിപ്രായ പ്രകടനം നടത്തുന്നത് അതിന്റെ ഏറ്റവും നല്ല തെളിവ്’ എന്ന വാചകം അരോചകമായി തോന്നി. അങ്ങിനെ ഒരു നിലപാടെടുക്കാൻ സി പി എം എത്രകാലമെടുത്തു? പാർട്ടി അധികാരത്തിലുള്ള ഏതെങ്കിലും രാജ്യത്ത് വധശിക്ഷ നിർത്തലാക്കിയിട്ടുണ്ടോ? വേണ്ട, നടപ്പാക്കാതിരിക്കുകയെങ്കിലും ചെയ്തിട്ടുണ്ടോ? വധശിക്ഷ നിരോധിക്കണം എന്ന് ആദ്യമായി നിലപാടെടുത്ത കമ്മ്യൂണിസ്റ്റ് പാർട്ടി അമേരിക്കയിലെതാണ്. അവർക്കി ധൈര്യമായി അങ്ങനെ ഒരു പരസ്യ നിലപാടെടുക്കാം, കാരണം അമെരിക്കയീൽ കമ്മ്യൂണിസ്റ്റ് പരിപ്പ് ഒരിക്കലും വേവില്ലെന്നു അവർക്കാണല്ലോ മറ്റുള്ളവരെക്കാൾ കൂടുതൽ അറിയുക? ഇതൊക്കെ ആലോചിച്ചപ്പോളാണ് ആ വാചകം അരോചകമായി തോന്നിയത്
santhosh
September 13, 2013 at 11:05 am
നിരപരാധികള്‍ ശിക്ഷിക്കപെടരുത് എന്നാഗ്രഹം ഉണ്ടെങ്കിലും ഡല്‍ഹിയില്‍ സംഭവിച്ചത് പോലെ ഉള്ള കാര്യങ്ങളില്‍ കുറ്റം തെളിഞ്ഞാല്‍ അവരെ തൂക്കി കൊല്ലാതെ ഇഞ്ചിഞ്ചായി കല്ലെറിഞ്ഞു കൊല്ലണം …