ലൈഫ് പദ്ധതി – കയ്യടിക്കാന്‍ വരട്ടെ.

തന്റെ സര്‍ക്കാര്‍ നടപ്പാക്കുന്ന സമ്പൂര്‍ണ്ണ പാര്‍പ്പിട നിര്‍മ്മാണ പദ്ധതിയെ കുറിച്ച് അമിതാവേശത്തോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നത്. കേരളത്തിലെ ഭൂരഹിതരും ഭവനരഹിതരുമായ 4,72,000 കുടുംബങ്ങള്‍ക്ക് 5 വര്‍ഷത്തിനുള്ളില്‍ വീട് നിര്‍മ്മിച്ച് നല്‍കുവാനാണ് ലൈഫ് എന്നു പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. സ്വാഭാവികമായും ഇവരില്‍ കൂടുതലും ദളിതരും ആദിവാസികളും തന്നെ. പിന്നെ മത്സ്യത്തൊഴിലാളികളും തോട്ടം തൊഴിലാളികളുമാണ് കൂടുതല്‍. വിവിധപദ്ധതികളില്‍ നിര്‍മാണം തുടങ്ങി പൂര്‍ത്തിയാക്കാനാവാത്ത എഴുപതിനായിരത്തോളം വീടുകള്‍ അടുത്ത മാര്‍ച്ച് 31ന് മുമ്പ് പൂര്‍ത്തിയാക്കാന്‍ ലൈഫ് മിഷനിലൂടെ കഴിയണമെന്ന് മുഖ്യമന്ത്രി […]

ll

തന്റെ സര്‍ക്കാര്‍ നടപ്പാക്കുന്ന സമ്പൂര്‍ണ്ണ പാര്‍പ്പിട നിര്‍മ്മാണ പദ്ധതിയെ കുറിച്ച് അമിതാവേശത്തോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നത്. കേരളത്തിലെ ഭൂരഹിതരും ഭവനരഹിതരുമായ 4,72,000 കുടുംബങ്ങള്‍ക്ക് 5 വര്‍ഷത്തിനുള്ളില്‍ വീട് നിര്‍മ്മിച്ച് നല്‍കുവാനാണ് ലൈഫ് എന്നു പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. സ്വാഭാവികമായും ഇവരില്‍ കൂടുതലും ദളിതരും ആദിവാസികളും തന്നെ. പിന്നെ മത്സ്യത്തൊഴിലാളികളും തോട്ടം തൊഴിലാളികളുമാണ് കൂടുതല്‍. വിവിധപദ്ധതികളില്‍ നിര്‍മാണം തുടങ്ങി പൂര്‍ത്തിയാക്കാനാവാത്ത എഴുപതിനായിരത്തോളം വീടുകള്‍ അടുത്ത മാര്‍ച്ച് 31ന് മുമ്പ് പൂര്‍ത്തിയാക്കാന്‍ ലൈഫ് മിഷനിലൂടെ കഴിയണമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റും ഇട്ടിട്ടുണ്ട്. അര്‍ഹരായവര്‍ പുറത്തുപോകാതിരിക്കാനും അനര്‍ഹര്‍ കടന്നുകൂടാതിരിക്കാനും തദ്ദേശസ്ഥാപനങ്ങള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. നിര്‍മാണം തുടങ്ങി പൂര്‍ത്തിയാക്കാനാവാത്ത വീടുകളുടെ കാര്യത്തില്‍ ഇനി സ്ഥലമോ, ഗുണഭോക്താവിനെയോ കണ്ടെത്തേണ്ട ആവശ്യമില്ലെ്ന്നും പൂര്‍ത്തിയാക്കാന്‍ ആവശ്യമായ സഹായം ഉണ്ടായാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. 2016 മാര്‍ച്ച് 31 ന് മുമ്പ് വിവിധ ഭവനപദ്ധതികളില്‍ സഹായം ലഭിച്ച് വീടുപണി നിലച്ചുപോയവര്‍ക്ക് ഇത്തരത്തില്‍ സഹായം നല്‍കി 2018 മാര്‍ച്ച് 31 ന് മുമ്പായി പൂര്‍ത്തിയാക്കാനാവണം. ഇപ്പോഴത്തെ യൂനിറ്റ് കോസ്റ്റ്, ഏതു പദ്ധതിയില്‍ തുടങ്ങിയതാണെങ്കിലും ഇന്നത്തെ നിലയിലുള്ള നിര്‍മാണചെലവ് പ്രകാരം കണക്കാക്കും.
വിവിധ വകുപ്പുകള്‍ വീടുനിര്‍മാണത്തിന് ചെലവാക്കുന്ന തുക ഒന്നായി സമാഹരിച്ച് വീട് നിര്‍മിച്ചുനല്‍കാനാണ് ലൈഫ് പദ്ധതി ലക്ഷ്യമിടുന്നത്. ഗുണഭോക്തൃപട്ടിക അന്തിമഘട്ടമാകുന്നതോടെ ഉള്‍പ്പെട്ട എല്ലാവര്‍ക്കും വീട് ലഭിക്കുന്ന സാഹചര്യമുണ്ടാവുെമന്നാണ് സര്‍ക്കാര്‍ അവകാശാവാദം. വീടുകള്‍ക്കുപകരം ഫഌറ്റുകളടങ്ങിയ കെട്ടിടസമുച്ചയമാണ് നിര്‍മിക്കുന്നതെങ്കില്‍ നിശ്ചിത സ്ഥലത്തുതന്നെ ഒരു കുടുംബത്തിന് നാന്നൂറ് ചതുരശ്രയടി സ്ഥലത്ത് താമസസൗകര്യമൊരുക്കാനാണ് ഉദ്ദേശിക്കുന്നത്. കുട്ടികള്‍ക്ക് അങ്കണവാടി, പൊതുആരോഗ്യ, പാലിയേറ്റീവ് സൗകര്യങ്ങള്‍, വൃദ്ധര്‍ക്കുള്ള സൗകര്യങ്ങള്‍, യോഗങ്ങള്‍ക്ക് ഹാള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതായിരിക്കണം ഇത്തരം കെട്ടിട സമുച്ചയങ്ങള്‍. പലയിടങ്ങളിലും സമുച്ചയങ്ങള്‍ക്കായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്.
തീര്‍ച്ചയായും കയ്യടിക്കേണ്ട പദ്ധതി തന്നെ. മുമ്പ് ഇടതുപക്ഷ സര്‍ക്കാര്‍ തന്നെ കൊണ്ടുവന്ന ഇ എം എസ് ഭവന നിര്‍്മ്മാണ പദ്ധതിയും കുറെ കയ്യടി നേടിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ആ അവസ്ഥ ഈ പദ്ധതിക്കുണ്ടാകില്ല എന്നു കരുതാം. കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടും പദ്ധതിക്കായി ഉപയോഗിക്കുന്നതായി അറിയുന്നു. എന്നാല്‍ കേരളത്തിലെ ഭൂരഹിതരില്‍ വലിയ വിഭാഗം വരുന്ന ദളിത് ജനവിഭാഗത്തെ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ വാക്കുകള്‍ കേട്ട് കയ്യടിക്കാനാവുമോ എന്നു സംശയമുണ്ട്. കാരണം കാലങ്ങളായി അവര്‍ നടത്തു്‌നന ഭൂമിക്കും വിഭവാധികാരത്തിനുമായുള്ള പോരാട്ടങ്ങളെ അവഗണിക്കുന്നതാണ് ഈ പദ്ധതിയെന്നതുതന്നെ. സംസ്ഥാനത്തെ ഭൂരഹിതര്‍ക്ക് നല്‍കാന്‍ വേണ്ടത്ര ഭൂമിയുണ്ടായിട്ടും അതിനു ശ്രമിക്കാതെ, ഒരു തുണ്ട് ഭൂമി പോലും നല്‍കാതെ നാനൂറ് ചതുരശ്ര അടിയില്‍ അവരുടെ ജീവിതം തളക്കുന്നതാണ് ഉഈ പദ്ധതി എന്നതുതന്നെ. ഫഌറ്റുകളുടെ രൂപത്തില്‍ നടപ്പാക്കുന്നത് പഴയ ജാതിക്കോളനികളുടെ പുതിയ രൂപം തന്നെയായിരിക്കും എന്നു കരുതേണഅടിവരും. മുമ്പാ മൂന്നും നാലും സെന്ഞറ് ഭൂമിയെങ്കിലും കിട്ടിയെങ്കില്‍ ഇപ്പോള്‍ ഒരു തുണഅടുപോലുമില്ലെന്ന വ്യത്യാസത്തോടെ.
നീണ്ട മുപ്പത് വര്‍ഷക്കാലം ഭൂമിക്കു വേണ്ടി സമരം ചെയ്തിട്ടും കേരളത്തിലെ ഭൂരഹിതര്‍ക്ക് ഒരുതുണ്ട് ഭൂമി പോലും നല്‍കാതെ അവരെല്ലാം 400 ചതുരശ്ര അടി ഫഌറ്റ് / പാര്‍പ്പിട സമുച്ചയം എന്ന പുതുകോളനിയിലേക്ക് തള്ളിമാറ്റുക വഴി ഭൂരഹിതര്‍ക്ക് വിഭവാധികാരത്തിനും സാമൂഹിക നീതിക്കും ഭൂമി എന്ന മര്‍മ്മപ്രധാനമായ ആവശ്യത്തില്‍ നിന്ന് സര്‍ക്കാര്‍ തന്ത്രപരമായി രക്ഷപ്പെട്ടിരിക്കുന്നു. ടാറ്റ, ഹാരിസണ്‍ ഉള്‍പ്പടെയുള്ള കുത്തകള്‍ വ്യാജ ആധാരത്തിലൂടെയും നിയമവിരുദ്ധമായും കൈവശം വെയ്ക്കുന്ന 5 ലക്ഷത്തിലധികം വരുന്ന തോട്ടം ഭൂമി നിയമനിര്‍മ്മാണത്തിലൂടെ ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്ന ഡോ. രാജമാണിക്യം റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ പറയുന്നതും അതിനെതിരെ പ്രക്ഷോഭം നടത്തുന്നതും കേരളത്തിലെ ഭൂരഹിതരാണ്. പ്രതേകിച്ച് ദളിതര്‍. അവര്‍ക്ക് ഫഌറ്റ് കിട്ടി ഭൂരഹിതരല്ലാതെയായാല്‍ പിന്നെ എന്ത് ഭൂപ്രശ്‌നം ? അതായിരിക്കും സര്‍ക്കാര്‍ ചിന്തിക്കുന്നത്. ചുരുക്കത്തില്‍ സ്വകാര്യ കുത്തകളുടെയും കോര്‍പറേറ്റുകളുടെയും ഒരു സെന്റ് ഭൂമി പോലും സര്‍ക്കാരിന് ഏറ്റെടുക്കേണ്ടി വരില്ല. ടാറ്റ ഹാരിസണ്‍ ഉള്‍പ്പടെയുള്ള കുത്തകള്‍ അഞ്ച് ലക്ഷത്തിലധികം ഭൂമി കയ്യടക്കി വെച്ചിട്ടുണ്ടെന്നും ഇത് ഏറ്റെടുക്കണമെന്നും ആറോളം കമ്മീഷന്‍ റിപ്പോര്‍ട്ടുകളും ഹൈക്കോടതി വിധിയും സുപ്രീം കോടതി വിധിയും സര്‍ക്കാരിന്റെ മുമ്പിലുണ്ട്. ‘ഭൂരഹിതര്‍ ഇല്ലാതാകുന്നതോട് കൂടി ഭൂമി ഏറ്റെടുക്കല്‍ എന്ന രാഷ്ട്രീയ ആവശ്യത്തില്‍ നിന്ന് രക്ഷപെടാം എന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്നുവേണം കരുതാന്‍. ഈ റിപ്പോര്‍ട്ടുകളോടുള്ള പ്രതികരണം അതിന്റെ സൂചനയാണ്. ഈ റിപ്പോര്‍ട്ടുകള്‍ക്ക് നിയമമന്ത്രാലയം പാരവെച്ചിരിക്കുകയാണ്. ചുരുക്കത്തില്‍ അടിസ്ഥാന ജനതയുടെ സാമൂഹികാവസ്ഥ അതേപടി തുടരുകയും അധീശ്വത്വ സമൂഹങ്ങള്‍ക്ക് തങ്ങളുടെ അധികാരങ്ങള്‍ ഒരു കോട്ടവും തട്ടാതെ ഊട്ടിയുറപ്പിക്കപ്പെടുകയും ചെയ്യും . ജാതിയുടെ ഘടനാപരമായ അധികാര ബന്ധങ്ങളാല്‍ ഭൂമിയും വിഭവാധികാരങ്ങളും നഷ്ടപ്പെട്ട് സാമൂഹിക രാഷ്ട്രീയാധികാരത്തിന് പുറത്ത് നില്‍ക്കേണ്ടിവന്നവര്‍ അതിനെ മറികടക്കാന്‍ ഭൂ ഉടമസ്ഥതയും വിഭവങ്ങളുടെ തുല്യമായ പുനര്‍വിതരണവും ആവശ്യപ്പെടുമ്പോള്‍ അവരെ വീണ്ടും കോളനിവല്‍ക്കരിക്കുകയാണ്. അങ്ങനെ എക്കാലവും സാമൂഹിക രാഷ്ട്രീയ അധികാരങ്ങളില്‍ നിന്ന് അവരെ അകറ്റി നിര്‍ത്തുക എന്ന ജാതീയബോധമാണ് സര്‍ക്കാര്‍ ഫഌറ്റ്/പാര്‍പ്പിട സമുച്ചയ പദ്ധതിയിലൂടെ നടപ്പിലാക്കുന്നതെന്നു പറയേണ്ടിവരും. .കൊട്ടിഘോഷിക്കപ്പെട്ട ഒന്നാം ഭൂപരിഷ്‌കരണത്തില്‍ നിന്ന് ഒഴിവാക്കിയതും കാലാവധി കഴിഞ്ഞതുമായ കുത്തകകളുടെ ലക്ഷകണക്കിനു ഏക്കര്‍ ഭൂമി പിടച്ചെടുത്ത്, ഭൂമിയും വികസനത്തിന്റെ അര്‍ഹമായ വിഹിതവും ലഭിക്കാതിരുന്ന ദളിതര്‍, ആദിവാസികള്‍, മത്സ്യത്തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് വിതരണം ചെയ്യുകയാണ് സാമൂഹ്യനീതിയില്‍ വിശ്വസിക്കുന്ന സര്‍ക്കാര്‍ ചെയ്യേണ്ടത്.
ഇനി 400 ചതുരശ്ര അടിയില്‍ ഒരു കുടുംബം കഴിയുന്ന അവസ്ഥ ആലോചിച്ചുനോക്കൂ. കാലങ്ങളായി മെട്രോ നഗരങ്ങളില്‍ ജീവിക്കുന്നവരുടെ ഫഌറ്റ് ജീവിതം പോലെയാകില്ലല്ലോ അത്. മാത്രമല്ല, 15 വര്‍ഷത്തേയ്ക്ക് കുടുംബങ്ങള്‍ക്ക് ഈ ഫഌറ്റ്് സ്വന്തമല്ല. പിന്നീടും വില്‍ക്കാനോ വാടകയ്ക്ക് കൊടുക്കാനോ സാധ്യമല്ല. അതായത് ഈ ഫ്‌ളാറ്റിന് യാതൊരു ക്രയവിക്രയ മൂല്യവുമില്ല. ഒരു ലോണെടുക്കാന്‍ പോലും കഴിയില്ല. ബഹുഭൂരിപക്ഷം മലയാളി കുടുംബങ്ങളും വ്യവസായത്തിനും, കച്ചവടം തുടങ്ങുന്നതിനും, മക്കളെ പഠിപ്പിക്കുന്നതിനും, വാഹനം വാങ്ങുന്നതിനും, മകളെ വിവാഹം കഴിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള തങ്ങളുടെ സാമ്പത്തിക അവശ്യം നിറവേറ്റാന്‍ വീടും വസ്തുവും ‘വിഭവം’ എന്ന നിലയില്‍ ഉപയോഗിക്കുന്നുണ്ട്. ഈ പുതുകോളനി പദ്ധതിയിലൂടെ അതാണ് നിഷേധിക്കുന്നത്. അങ്ങനെ ഒരിക്കല്‍ കൂടി കേരളത്തിലെ കീഴാള ജനത വഞ്ചിക്കപ്പെടുകയാണ് എന്നു പറയാതെ വയ്യ. അതാകട്ടെ പണ്ടത്തെ ഭൂപരിഷ്‌കരണനിയമം പോലെ കൊട്ടിഘോഷിക്കപ്പെടുന്ന ളൈഫ് പദ്ധതിയിലൂടെ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply