ലളിതകല അക്കാദമിയെ വിമര്‍ശിക്കുമ്പോള്‍

ആന്റോ ജോര്‍ജ്ജ് കലയില്‍ അക്കാദമിക് രീതികളുടെവിമര്‍ശനങ്ങള്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പുതന്നെ നിലവിലുണ്ട്. അതില്‍ പ്രധാനമാണ് പതിനേഴാം നൂറ്റാണ്ടിന്റെ പകുതിയില്‍ സ്ഥാപിതമായ ഫ്രഞ്ച് അക്കാഡമിയുടെ ചരിത്രം. ലൂയി പതിനാലാമന്റെ കാലത്തു സ്ഥാപിതമായ അതിന്റെ ഔദ്യോഗിക പ്രദര്‍ശനങ്ങള്‍ നടന്നിരുന്ന സംവിധാനംത്തെ വിളിച്ചിരുന്നത് സലൂണ്‍ എന്നാണ്. അന്ന് അക്കാദമി കലാകാരര്‍ക്കു മാത്രമേ സലൂണില്‍ കലാസൃഷ്ടി പ്രദര്ശിപ്പിക്കുവാന്‍ അവകാശം ഉണ്ടായിരുന്നുള്ളു. അക്കാദമി കലാകാരര്‍ ആയിത്തീരാന്‍ കലാസൃഷ്ടികള്‍ ജൂറിയുടെ മുന്നില്‍ സമര്‍പ്പിച്ചു അംഗീകാരം നേടണമായിരുന്നു. ഇന്നത്തെ പോലെ സ്വകാര്യ ഗ്യാലറി സംവിധാനങ്ങള്‍ അന്നുണ്ടായിരുന്നില്ല. അതിനാല്‍ത്തന്നെ ഭരണകൂടപ്രത്യയശാസ്ത്രം […]

lllആന്റോ ജോര്‍ജ്ജ്

കലയില്‍ അക്കാദമിക് രീതികളുടെവിമര്‍ശനങ്ങള്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പുതന്നെ നിലവിലുണ്ട്. അതില്‍ പ്രധാനമാണ് പതിനേഴാം നൂറ്റാണ്ടിന്റെ പകുതിയില്‍ സ്ഥാപിതമായ ഫ്രഞ്ച് അക്കാഡമിയുടെ ചരിത്രം. ലൂയി പതിനാലാമന്റെ കാലത്തു സ്ഥാപിതമായ അതിന്റെ ഔദ്യോഗിക പ്രദര്‍ശനങ്ങള്‍ നടന്നിരുന്ന സംവിധാനംത്തെ വിളിച്ചിരുന്നത് സലൂണ്‍ എന്നാണ്. അന്ന് അക്കാദമി കലാകാരര്‍ക്കു മാത്രമേ സലൂണില്‍ കലാസൃഷ്ടി പ്രദര്ശിപ്പിക്കുവാന്‍ അവകാശം ഉണ്ടായിരുന്നുള്ളു. അക്കാദമി കലാകാരര്‍ ആയിത്തീരാന്‍ കലാസൃഷ്ടികള്‍ ജൂറിയുടെ മുന്നില്‍ സമര്‍പ്പിച്ചു അംഗീകാരം നേടണമായിരുന്നു. ഇന്നത്തെ പോലെ സ്വകാര്യ ഗ്യാലറി സംവിധാനങ്ങള്‍ അന്നുണ്ടായിരുന്നില്ല. അതിനാല്‍ത്തന്നെ ഭരണകൂടപ്രത്യയശാസ്ത്രം പുനരുല്പാദിപ്പിക്കുന്ന കലാസൃഷ്ടികള്‍ മാത്രമേ സലൂണ്‍ പ്രദര്ശനങ്ങളില്‍ വരുമായിരുന്നുള്ളു. അങ്ങനെ കുലീനരോ സമ്പന്നരോ അല്ലാത്തവരും ഭരണകൂടവിമര്ശകരും കലയില്‍ പരീക്ഷണല്മകമായി ഇടപെടുന്നവരും അക്കാദമിയുടെ അധികാരത്തെ വിമര്ശിക്കുന്നവരും സലൂണ്‍ പ്രദര്‍ശങ്ങളില്‍നിന്നും പുറത്തായി. അക്കാദമി അധികാരത്തെ തിരിച്ചങ്ങോട്ടും നിലനിര്‍ത്തുന്ന ഒരു സമ്മര്‍ദ്ദഗ്രൂപ്പ് അയിട്ടായിരുന്നു ഫ്രഞ്ച് അക്കാദമി അംഗീകരിച്ചിരുന്ന കലാകാരരും അന്ന് വര്‍ത്തിച്ചിരുന്നത്. അത് പിന്നീട് ജനാധിപത്യ വിപ്ലവങ്ങളുടെ പശ്ചാത്തലത്തില്‍ പത്തൊന്‍പതാം നൂറ്റാണ്ടോടുകൂടി അക്കാദമിയുടെ അധികാരം ദുര്‍ബലമാക്കപ്പെടുകയും ഭരണം കലാകാരരുടെ ഒരു പൊതു സമിതിക്ക് കൈവരികയും ചെയ്തു. എന്നിട്ടും പുരോഗമനചിന്തയും ആധുനികതയും അക്കാദമികളുടെ പുറത്തുതന്നെയാണ് സംഭവിച്ചത് എന്ന് കാണാം. കാരണം അവയൊന്നും ബഹുമാന്യജനസാമാന്യത്തിനു സ്വീകാര്യമാവില്ല എന്ന വിലയിരുത്തല്‍ ആയിരുന്നു ഫ്രഞ്ച് അക്കാദമിയുടെ ഭരണതലത്തില്‍ നടന്നത്. അക്കാദമിയെ വിമര്‍ശിക്കാനുള്ള അവകാശം അക്കാദമിയുടെ ഉള്ളില്‍ തന്നെ നേടിയെടുക്കാന്‍ കഴിഞ്ഞതിന്റെ ഫലമായിട്ടാണ് അക്കാലത്തു തിരസ്‌കൃത കലാസൃഷ്ടികളുടെ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ഇന്നു നമ്മള്‍ പഠിക്കുന്ന പല മഹാകലാകാരന്മാരും അങ്ങനെ തിരസ്‌കൃതരാക്കപെട്ടവരാണ്. സലൂണ്‍ സംവിധാനത്തിനു പുറത്തു അങ്ങനെയാണ് ആദ്യമായി കലാ പ്രദര്‍ശനങ്ങള്‍ ആരംഭിക്കുന്നതും ഔദ്യോഗികമാവുന്നതും. കലയിലെ ആധുനിക പരീക്ഷണങ്ങളുടെ നാഴികകല്ലുകളായ ഇംപ്രഷണിസ്‌റ് പ്രദര്‍ശനങ്ങള്‍ ചരിത്രപരമായി സംഭവിക്കുന്നത് അങ്ങനെയാണ്. അക്കാദമികളുടെ ആധുനികവല്‍ക്കരണത്തിന്റെയും ജനാധിപത്യവല്‍ക്കരണത്തിന്റെയും ചരിത്രമാണ് പറഞ്ഞുവരുന്നത്. ലോകം മുഴുവന്‍ ഉണ്ടായ എല്ലാ അക്കാദമികളുടെയും അടിസ്ഥാന മാതൃക ഈ ഫ്രഞ്ച് അക്കാദമിയാണ്. കലയിലെ പുതിയ പരീക്ഷണങ്ങള്‍ എക്കാലവും അക്കാദമികള്‍ക്ക് പുറത്താണ് സംഭവിക്കുന്നത് എന്ന് കാണാവുന്നതാണ്. അതായത് കലയില്‍ പുതിയ കാര്യങ്ങള്‍ അക്കാദമിയിലൂടെ ഉല്പാദിപ്പിക്കപ്പെടുകയല്ല തിരിച്ചു പുറത്തുസംഭവിക്കുന്നവയെ സാംശീകരിച്ചു കൂടുതല്‍ കൂടുതല്‍ ജനകീയമാവുകയാണ് ചെയ്യുന്നത്. സമൂഹത്തിന്റെ ജനാധിപത്യപ്രക്രിയയുടെ ഭാഗമാണ് ഈ മാറ്റങ്ങള്‍. അക്കാദമികള്‍ കലയിലെ ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ഉള്ള വേദിയായി പിന്നീട് മാറുകയാണ് ചെയ്യുന്നത്. കേരളത്തിലെ സാഹിത്യ അക്കാദമിയുടെയും സംഗീതനാടക അക്കാദമിയുടെയും ചരിത്രം പരിശോധിച്ചാല്‍ ഇത് വെക്തമായി മനസിലാക്കാം. സാഹിത്യഅക്കാദമിയുടെ ചുമരില്‍ തൂങ്ങുന്ന ഛായാചിത്രങ്ങള്‍ എഴുത്തുകാരുടേതാണ്. അവരുടെ ജീവചരിത്രം വായിച്ചാല്‍ അവരുടെ പ്രവര്‍ത്തനങ്ങളാണ് ആ അക്കാദമിയെ നിര്ണയിച്ചിട്ടുള്ളത് എന്നുകാണാം. അതെല്ലാം അവിടെ ലഭ്യമാണ്. നിരന്തരമായ വിമര്ശനാല്മക ഇടപെടലുകളിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ ആണ് അതില്‍ കാണുന്നത്. സാഹിത്യ അക്കാദമിയുടെ തലപ്പത്ത് എഴുത്തിന്റെ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ തന്നെ വേണമെന്ന് അവരെ നിയോഗിക്കുന്ന മാറി അധികാരത്തില്‍ വരുന്ന രാഷ്ട്രീയ മുന്നണികള്‍ക്ക് വെക്തമായി അറിയാം. അതിനുകാരണം എഴുത്ത് നമ്മുടെ സമൂഹത്തിലെ ജനകീയ മുന്നേറ്റങ്ങളുടെയും രാഷ്ട്രീയ ജനാധിപത്യ മാറ്റങ്ങളുടെയും അവിഭാജ്യ ഘടകമായി വളര്‍ന്നതുകൊണ്ടാണ്. സംഗീതനാടക അക്കാദമിയുടെയും സ്ഥിതി വ്യത്യസ്തമല്ല. നാടകക്കാരുടെ പേരാണ് ഓരോ അക്കാദമി വേദിക്കും കൊടുത്തിട്ടുള്ളത്. പരിമിതികളിലൂടെ ആണെങ്കിലും ഒരു ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ നടത്താന്‍ അക്കാദമിക്ക് കഴിയുന്നുണ്ട്. അക്കാദമി പ്രവര്‍ത്തനങ്ങള്‍ നാടകക്കാരുടെ മുന്‍കൈയില്‍ തന്നെയാണ് മിക്കവാറും നടക്കുന്നത്. പുതുതലമുറയില്‍നിന്ന് നാടകത്തില്‍ പുതിയ പ്രവണതകള്‍ കൊണ്ടുവന്നവരില്‍ ശ്രെദ്ധ ആകര്‍ഷിച്ച ദീപന്‍ ശിവരാമനും ശങ്കര്‍ വെങ്കിട്ടരാമനും ഫെസ്റ്റിവല്‍ ക്യൂറേറ്റ് ചെയ്തിട്ടുള്ളത് ഉദാഹരണമായി എടുക്കുക. നാടകഅക്കാദമിയുടെ പാളിച്ചകള്‍ പൊതുസമക്ഷത്തു നാടകക്കാര്‍ അപ്പപ്പോള്‍ തന്നെ വെക്കുന്നത് കാണാന്‍ കഴിയും. മുകളില്‍ സൂചിപ്പിച്ച രാഷ്ട്രീയ ജനാധിപത്യമാറ്റങ്ങള്‍ക്ക് സമാന്തരമായി സമൂഹത്തില്‍ ഉയര്‍ന്നുവന്ന സാമൂഹിക സംഗീതനാടകങ്ങളുടെയും പ്രൊഫഷണല്‍ നാടകങ്ങളുടെയും അമേച്ചര്‍ നാടകങ്ങളുടെയും മറ്റു പാരമ്പര്യ കലകളുടെയും ചരിത്രത്തെ ആവാഹിക്കാന്‍ സംഗീത നാടക അക്കാദമിക്ക് ഒരു പരിധി വരെ സാധിച്ചിട്ടുണ്ട്. ഇതൊന്നും ഔദാര്യമായി കിട്ടിയതല്ല എന്നും കേവലമായ ഭരണനേട്ടങ്ങളൊന്നുമല്ലെന്നും ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാവും. എല്ലാം വിമര്ശനാല്മകമായി ഇടപെടുന്നതിന്റ ഗുണമായി വരുന്നതാണ്. ലളിതകലാ അക്കാദമിയിലും ഇത്തരം മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. പക്ഷെ അത് ഏറെ ദുര്‍ബലമാണ്. മേല്‍ സൂചിപ്പിച്ച അതേ സാമൂഹിക രാഷ്ട്രീയ ജനാധിപത്യ പ്രക്രിയകളുടെ ഗുണങ്ങള്‍ ലളിതകലാ അക്കാദമിയിലും കാണാം. കലാകാരന്‍മാരായ രാമവര്‍മ്മ രാജയും, എ. രാമചന്ദ്രനും, നമ്പൂതിരിയും, എം. വി. ദേവനും, കാനായി കുഞ്ഞിരാമനും സി. എന്‍. കരുണാകരനും, അജയകുമാറും അക്കാദമിയില്‍ അധികാരത്തില്‍ വന്നിട്ടുണ്ട്. അതില്‍ ടി. കെ.രാമകൃഷ്ണന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രിയും അജയകുമാര്‍ അക്കാദമി നേതൃത്വത്തിലും വന്നതായിരുന്നു അക്കാദമിയുടെ നല്ലകാലം എന്ന് പറയാം. പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ചതും ഗ്യാലറി നവീകരണവും ലൈബ്രറി വികസനവും എല്ലാം സംഭവിച്ചത് അപ്പോഴാണ്. അക്കാദമി ഒരു കലാഗവേഷണത്തിനുതകുന്ന തലത്തില്‍ കുറച്ചു വികസിച്ചു. പല ജില്ലകളിലും ആസ്ഥാനങ്ങള്‍ ഉണ്ടായി. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറിയിരിക്കുന്നു. അര്‍ഹത ഇല്ലാത്തവര്‍ മുന്‍ഗണനാക്രമം മറികടന്നു അധികാരത്തില്‍ വരുന്നു. അക്കാദമിയുടെ പ്രവര്‍ത്തനം ഇപ്പോഴും പഴയ പതിനേഴാം നൂറ്റാണ്ടിലെ സലൂണ്‍ പ്രവര്‍ത്തനം പോലെയാണ് നടക്കുന്നത്. അതിനു ഉദാഹരണം ആണ് അപേക്ഷ വാങ്ങി അവാര്‍ഡ് കൊടുക്കല്‍. അപേക്ഷ കൊടുക്കാത്തവര്‍ അവാര്‍ഡ് കിട്ടാന്‍ അവകാശമില്ലാത്തവര്‍ ആണ് എന്ന മട്ടാണ്. അക്കാദമിക്ക് ദുര്‍ബലരായ ജൂറികള്‍ മാത്രമേ ഇപ്പോഴും ഉള്ളു. ക്യൂറേറ്റ് ചെയ്തു അവിടെ ഒരിക്കലും പ്രദര്‍ശനങ്ങള്‍ നടക്കാറില്ല. കലാകാരര്‍ എക്കാലവും വ്യത്യസ്ത പാതയില്‍ ആണ് സങ്കല്പങ്ങളുടെ തലത്തിലും സൗന്ദര്യബോധത്തിലും സഞ്ചരിക്കുന്നത്. പ്രത്യയ ശാസ്ത്രങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമല്ല ആവിഷ്‌കാരമാധ്യങ്ങളുടെ തലത്തിലും ആ പാതകള്‍ വൈവിദ്ധ്യമുള്ളതാണ്. കലയില്‍ ഇടപെടുന്ന ഒരു വ്യക്തിയുടെ വഴിയും രീതികളും മറ്റൊരാളുടേതുമായി മാറ്റുരക്കാന്‍ കഴിയാത്തതാണ്. അതുകൊണ്ടാണ് വ്യത്യസ്ത സങ്കല്‍പ്പങ്ങളും മാനദണ്ഡങ്ങളും ഉള്ള അവതാരകര്‍ അല്ലെങ്കില്‍ ക്യൂറേറ്റര്‍ രംഗത്ത് വരുന്നത്. അവരുടെ സങ്കല്പങ്ങളും കലാസൃഷ്ടികള്‍ തെരഞ്ഞെക്കുന്നതിന്റെ മാനദണ്ഡങ്ങളും പൊതുവായി വെളിപ്പെടുത്തിയാണ് ഷോ നടത്തുന്നത്. കലയില്‍ അത്തരത്തില്‍ അനേകം ജനാധിപത്യ രീതികള്‍ ചരിത്രപരമായി വികസിച്ചുവന്നിട്ടുണ്ട്. ലളിതകലാ അക്കാദമി അതൊന്നും കലാകാലങ്ങള്‍ അയി സ്വീകരിച്ചുകാണുന്നില്ല. പഴയ സലൂണ്‍ അക്കാദമിയുടെ ചരിത്രത്തിലെന്നപോലെ ഭരണകൂടപ്രത്യയശാസ്ത്രം വിളംബരം ചെയ്യാനേ ഇപ്പോഴത്തെ അവസ്ഥയില്‍ അക്കാദമിക്ക് കഴിയുകയുള്ളൂ. അതുകൊണ്ടാണ് മാറി വരുന്ന രാഷ്ട്രീയ മുന്നണികളുടെ പരസ്യപരിപാടികള്‍ പോലെ അക്കാദമി പ്രവര്‍ത്തനങ്ങള്‍ ചുരുങ്ങിപോകുന്നത്. അതിലുപരി കലയില്‍ വളരെ കാലം പ്രവര്‍ത്തിച്ച ആളുകളെയും മുഖ്യ ധാരയിലുള്ളവരെയും അക്കാദമി പരിഗണിക്കാറില്ല. സംസ്ഥാന പ്രദര്‍ശനവും ക്യാമ്പുകളും ആണ് മുഖ്യമായി ചെയ്യുന്നത്. അതുതന്നെ ഏറ്റവും നിലവാരം കുറഞ്ഞ തലത്തിലാണ് നടക്കുന്നത്. കലയില്‍ അനുഭവ സമ്പത്തില്ലാത്തവര്‍ ആണ് പങ്കെടുക്കുന്നത് എന്നതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. മഹാഭാരതം കേമ്പും സമന്വയ കേമ്പും ജനശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും അപ്രധാനകാര്യങ്ങളിലുള്ള ധനവിനിയോഗവും ധൂര്‍ത്തും പ്രകടമായി കാണാമായിരുന്നു. ലളിത കലാ അക്കാദമി കലയിലെ വികസനത്തിന് എന്താണ് ചെയ്യേണ്ടത് എന്ന കാര്യത്തിലുള്ള അജ്ഞതയാണ് വെളിവാകുന്നത്. ലളിത കലാ അക്കാദമി ഇപ്പോഴും സാഹിത്യ അക്കാദമിയെ പോലെ കലയില്‍ ഗവേഷണം നടത്താന്‍ കഴിയുന്ന വേദിയായി വളര്‍ന്നിട്ടില്ല. അക്കാദമിയുടെ മറ്റു ജില്ലകളിലെ സ്ഥാപനങ്ങളില്‍ എന്താണ് നടക്കുന്നത് എന്നത് അവ്യക്തമാണ്. ചിത്രവാര്‍ത്ത എന്ന അക്കാദമി പ്രസിദ്ധീകരണം കേമ്പ് വര്‍ത്തകള്‍ക്കുവേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്. അതിലുപരി കലാസംബന്ധിയായ ഒന്നും ഇല്ലെന്നു കാണാം. കലയിലെ പുതിയ പ്രവണതകളായ ന്യൂ മീഡിയ ആര്‍ട്ടിനെ അക്കാദമി ശ്രെദ്ധിക്കുന്നില്ല. കൊച്ചിയില്‍ നടന്നുവരുന്ന മറ്റൊരു സര്‍ക്കാര്‍ പങ്കാളിത്ത സംരംഭമായ ബിനാലെയോട് അക്കാദമി ശത്രുത വച്ചുപുലര്‍ത്തുന്നത് കാണാം. റെസിഡന്‍സി പ്രോഗ്രാമുകള്‍ സെമിനാറുകള്‍ ഫെസ്ടിവലുകള്‍ സോളോ ഗ്രൂപ്പ് പ്രൊജെക്ടുകള്‍ കലാ വിദ്യാഭ്യാസപദ്ധതികള്‍ തുടങ്ങി കലയില്‍ ചെയ്യാവുന്ന അനേകം കാര്യങ്ങളില്‍ അക്കാദമി നിഷ്‌ക്രിയമാണ്. ഈ വര്‍ഷം നടത്തേണ്ടിയിരുന്ന സോളോ ഗ്രൂപ്പ് പ്രദര്ശനങ്ങള്‍ക്കു അപേക്ഷ സമര്‍പ്പിച്ചവര്‍ക്കു തെരഞ്ഞെടുപ്പ് നടത്തി മറുപടി അയച്ചിട്ടില്ല എന്ന പരാതിയുണ്ട്. ഇത്തരത്തില്‍ കെടുകാര്യസ്ഥതയുടെ അനേകം ഉദാഹരണങ്ങള്‍ ചൂണ്ടികാണിക്കാനാവും. കലയില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടില്ലാത്ത ഒരു ഉപജാപക സംഘം ഈ അടുത്ത കാലത്തു തങ്ങള്‍ ആണ് കേരളത്തിലെ കലാകാരര്‍ എന്ന് അവകാശപ്പെട്ടുകൊണ്ടു അക്കാദമിക്ക് ചുറ്റും ഉയര്‍ന്നുവന്നിട്ടുണ്ട്. പതിനേഴാം നൂറ്റാണ്ടില്‍ ഉണ്ടായിരുന്ന രീതിയിലുള്ള ഒരു തരം സലൂണ്‍ സമ്മര്‍ദ്ദ ഗ്രൂപ്പ് ആണ് അത്. മാറിവരുന്ന മുന്നണികളുടെ രീതികള്‍ക്കനുസരിച്ചു അവരുടെ രാഷ്ട്രീയവും മാറുന്നത് സൂഷ്മമായി പരിശോദിച്ചാല്‍ കാണാം. അക്കാദമിയുടെ മിക്കവാറും ആനുകൂല്യങ്ങള്‍ അവര്‍ക്കാണ് കിട്ടുന്നത്. അധികാരത്തെ ദുഷിപ്പിക്കുന്നത് വാസ്തവത്തില്‍ അവരാണ്. ലളിതകലാ അക്കാദമി നേരിടുന്ന ഏറ്റവും ഗുരുതരമായ അവസ്ഥയാണ് ഇത്. അക്കാദമി ചെയര്‍മാന് എതിരായി ഭരണ സംവിധാനത്തിനുള്ളിലും സ്ത്രീകളുടെ ഭാഗത്തുനിന്നും അനേകം പരാതികള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ ഈ സലൂണ്‍ സമ്മര്‍ദ്ദഗ്രൂപ്പ് പ്രതിരോധം സൃഷ്ടിച്ചു രംഗത്ത് വരുന്നുണ്ട്. ഇപ്പോഴത്തെ അവരുടെ സേവ് അക്കാദമി ഒപ്പുശേഖരണം അതിന്റെ ഭാഗമാണ്. അവര്‍ക്കു സേവ് ചെയ്യേണ്ടത് വാസ്തവത്തില്‍ അക്കാദമിയെ അല്ല. ഭരിക്കുന്ന പാര്‍ട്ടിയെക്കൊണ്ട് ചെയര്‍മാനെ അധികാരത്തില്‍ നിലനിര്‍ത്തി തങ്ങളുടെ താല്പര്യങ്ങളെ സംരക്ഷിക്കുക വിമര്‍ശനങ്ങള്‍ ഇല്ലാതാക്കുക, പരാതിക്കാരെ നിശ്ശബ്ദരാക്കുക തുടങ്ങയവ മാത്രമാണ്. കലാരംഗത്ത് മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്ക് വിപണിസംബന്ധമായും പേട്രണ്‍ഷിപ്പായും അവസരങ്ങള്‍ ധാരാളം ഉണ്ടെന്നും അതില്ലാത്തവരെ ആണ് അക്കാഡമി കേന്ദ്രീകരിക്കുന്നത് എന്നൊരു വാദം ഈ സലൂണ്‍ സമ്മര്‍ദ്ദഗ്രൂപ്പ് ഉയര്‍ത്തുന്നുണ്ട്. അക്കാദമിക്ക് അത്തരം ആവശ്യങ്ങള്‍ കണക്കിലെടുത്തു വ്യത്യസ്ത ശീര്ഷകങ്ങള്‍ക്കു കീഴില്‍ പദ്ധതികള്‍ കൊണ്ടുവരാന്‍ കഴിയുമെങ്കിലും കലയുടെ പൊതുവായ ഉന്നമനം ആണ് മുഖ്യമായ ലക്ഷ്യമായി പറയാനുള്ള ധാര്‍മിക അവകാശം ഉള്ളു. കലയിലെ ഒരു ചെറു ന്യൂനപക്ഷത്തിനു മാത്രമാണ് അത്തരം മറ്റു അവസരങ്ങള്‍ സ്ഥിരമായി ഉള്ളത്. അവരുടെ കലയുടെ മൂല്യം അപ്പോഴും സമൂഹത്തിനും കലയുടെ ചരിത്രത്തിനും അതുകൊണ്ട് മാത്രം ആവശ്യമില്ലാതാകുന്നില്ല. ബാക്കി ബഹുഭൂരിപക്ഷവും കഷ്ടപ്പെട്ടും കലയുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ ജോലികള്‍ ചെയ്തും ആണ് നിലനില്‍ക്കുന്നത്. തുറന്നെതിര്‍ത്താല്‍ തങ്ങളുടെ അക്കാദമി അവസരങ്ങളും നഷ്ടപ്പെടും എന്നവര്‍ ഭയപ്പെടുന്നുണ്ട്. സലൂണ്‍ സമ്മര്‍ദ ഗ്രുപ്പിനു അവരില്‍ ചിലരെ വരുതിയിലാക്കാനും അങ്ങനെ ആണ് കഴിയുന്നത്. എല്ലാവര്‍ക്കും അവസരങ്ങള്‍ ഇല്ലാത്തതുകൊണ്ട് ചിലരെ വിപണിയിലെ മോഹങ്ങള്‍ സ്വപ്നം കണ്ടു കഴിയുന്ന അരാഷ്ട്രീയരായ കരിയറിസ്റ്റുകളായി തരം താഴ്ത്തിയിരിക്കുന്നതും ഒരു പ്രശ്‌നമാണ്. കലാരംഗത്തെ വലിയൊരു വിഭാഗം അങ്ങനെ ഇപ്പോഴും മൗനത്തിലാണ്. എങ്കിലും അവരില്‍ ചിലര്‍ സംഘം ചേരാനും വിമര്‍ശനങ്ങള്‍ ഉന്നയിക്കാനും തുടങ്ങിയിട്ടുണ്ട്. അക്കദമിക്ക് മാര്‍ഗനിര്‍ദേശം കലാകാരര്‍ ആണ് കൊടുക്കേണ്ടത്. ദൃശ്യ കലയില്‍ പുതിയ അനേകം മാറ്റങ്ങള്‍ ഉണ്ടാവുന്ന ഈ കാലത്ത് അക്കാദമിയെ നവീകരിക്കാന്‍ എല്ലാവരും ഉണര്‍ന്നു പ്രവര്‍ത്തിക്കും എന്ന് പ്രത്യാശിക്കാം.

ഫേസ് ബുക്ക് പോസ്റ്റ്

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Arts | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply