രണ്ടാമൂഴം ഭീമന്, ഒന്നാമൂഴം സ്ത്രീ വിരുദ്ധതക്ക് : എം ടി കൃതികളിലെ സ്ത്രീകള്‍
കൃഷ്ണപ്രിയ എം ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തെ ചുറ്റിപ്പറ്റി ഒരുപാട് ചര്‍ച്ചകള്‍ ഇതിനകം നടന്നു കഴിഞ്ഞതാണ് … . മൂലകൃതിയുമായൊരുതരത്തിലും നീതി പുലര്‍ത്താത്ത സന്ദര്‍ഭങ്ങളും ആശയങ്ങളുമാണ് രണ്ടാമൂഴത്തിലുടനീളമെന്നു മനസ്സിലാക്കുവാന്‍ മഹാഭാരതവും രണ്ടാമൂഴവും വേവ്വേറെ വായിക്കുക്കുന്നതിനോടൊപ്പം സാഹിത്യ കുലപതിയുടെ ആരാധനാ വലയത്തില്‍ നിന്നും പുറത്തു കടക്കുകയും കൂടി വേണം. രണ്ടാമൂഴത്തിന്റെ ഒരു സ്ത്രീപക്ഷ വായന ഇന്നേവരെ ഉണ്ടായിട്ടില്ലെന്ന് തോന്നുന്നു. ഒരു വ്യക്തിയുടെ മനസ്സിലെ ഭ്രമകല്പനകളും സങ്കല്പങ്ങളുമാണവരുടെ സാഹിത്യ സൃഷ്ടിയായി പുറത്തേക്കു വരുന്നത്. .. ആ നിലയ്ക്ക് സാഹിത്യ കുലപതിയുടെ […]
എം ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തെ ചുറ്റിപ്പറ്റി ഒരുപാട് ചര്‍ച്ചകള്‍ ഇതിനകം നടന്നു കഴിഞ്ഞതാണ് … . മൂലകൃതിയുമായൊരുതരത്തിലും നീതി പുലര്‍ത്താത്ത സന്ദര്‍ഭങ്ങളും ആശയങ്ങളുമാണ് രണ്ടാമൂഴത്തിലുടനീളമെന്നു മനസ്സിലാക്കുവാന്‍ മഹാഭാരതവും രണ്ടാമൂഴവും വേവ്വേറെ വായിക്കുക്കുന്നതിനോടൊപ്പം സാഹിത്യ കുലപതിയുടെ ആരാധനാ വലയത്തില്‍ നിന്നും പുറത്തു കടക്കുകയും കൂടി വേണം. രണ്ടാമൂഴത്തിന്റെ ഒരു സ്ത്രീപക്ഷ വായന ഇന്നേവരെ ഉണ്ടായിട്ടില്ലെന്ന് തോന്നുന്നു. ഒരു വ്യക്തിയുടെ മനസ്സിലെ ഭ്രമകല്പനകളും സങ്കല്പങ്ങളുമാണവരുടെ സാഹിത്യ സൃഷ്ടിയായി പുറത്തേക്കു വരുന്നത്. .. ആ നിലയ്ക്ക് സാഹിത്യ കുലപതിയുടെ സ്ത്രീപക്ഷ ധാരണകള്‍ ഒരു വടക്കന്‍ വീരഗാഥയിലെ ‘ നീയടക്കമുള്ള പെണ്‍വര്‍ഗം മറ്റാരും കാണാത്തത് കാണും. നിങ്ങള്‍ ശപിച്ചുകൊണ്ട് കൊഞ്ചും, ചിരിച്ചുകൊണ്ട് കരയും, മോഹിച്ചുകൊണ്ട് വെറുക്കും\’ എന്ന സാമാന്യവല്‍ക്കരണത്തിലൂടെ വ്യക്തമാക്കിയതാണ്. അതദ്ദേഹത്തിന്റെ ധാരണയാണെന്നോ അനുഭവമാണെന്നോ സങ്കല്പമായിരുന്നുവെന്നോ ആവിഷ്‌കാര സ്വാതന്ത്രമാണെന്നോ ന്യായീകരണങ്ങളേറെ കാണുമായിരിക്കും.. എന്നാല്‍ അതിനോടൊപ്പം തന്നെ ശ്രീ. എംടി വാസുദേവന്‍ നായരടക്കമുള്ള ആണ്‍വര്‍ഗം മറ്റാരും കാണാത്തതു കാണുന്നത് കൊണ്ടാണ് ഒരു വടക്കന്‍ വീരഗാഥയും രണ്ടാമൂഴവും മൂലകൃതികളില്‍ നിന്നും ഇത്രയേറെ ഭേദപ്പെട്ടിരിക്കുന്നത് എന്ന് കൂടി നമുക്ക് കൂട്ടത്തിലോര്‍ക്കാം.
‘ആദ്യം വീഴുന്ന മൃഗം, ആദ്യം വീഴുന്ന ശത്രു , ആദ്യം അനുഭവിക്കുന്ന പെണ്ണ് ഇവയെല്ലാം ആണിന് എന്നും ഓര്‍മ്മിക്കാനുള്ളതാണ് ‘ വെറും പതിനൊന്നു വയസ്സുമാത്രമുള്ള ദുര്യോധനനും ഭീമനും തമ്മിലുള്ള ഈ സംഭാഷണത്തിലാരംഭിക്കുന്നു രണ്ടാമൂഴത്തിലെ സ്ത്രീ വിരുദ്ധത. പെണ്ണിനെ വെറുമൊരു ഉപഭോഗ വസ്തുവാക്കി തരം താഴ്ത്തിയ മനസ്സില്‍ നിന്നെ ഇത്തരത്തിലൊരു വാചകമുണ്ടാകൂ.. പില്ക്കാലാനുഭവങ്ങളിലെ സ്ത്രീശരീരങ്ങള്‍ക്കു ഓര്‍മ്മിക്കത്തക്ക മുഖങ്ങള്‍ വേണമെന്നില്ലെന്നോ അതോ, ചുറ്റും എണ്ണമറ്റ സ്ത്രീ ശരീരങ്ങളുള്ളതിനാല്‍ അവയോരോന്നും ഓര്‍ക്കാന്‍ കഴിയില്ലെന്നോ എന്തായിരിക്കാം വെറും പതിനൊന്നുകാരനായ ദുര്യോധനനിലൂടെ അദ്ദേഹം പറഞ്ഞു വെക്കാന്‍ ശ്രമിച്ചിട്ടുണ്ടാകുക?
രണ്ടാമൂഴത്തില്‍ പ്രധാനമായും നാല് സ്ത്രീകഥാപാത്രങ്ങളാണുള്ളത്. ഗാന്ധാരി, കുന്തി, ഹിഡുംബി, ദ്രൗപദി.
തന്റെ മുഖമാകെ കറുത്ത തുണി കൊണ്ട് മൂടിയ ഗാന്ധാരി ശാന്തശീലയും യുദ്ധമാഗ്രഹിക്കാത്തവളുമായിരുന്നു. എങ്കിലും മുഖമാകെ കറുത്ത തുണികൊണ്ടു മൂടിയ ഒരു സ്ത്രീ രൂപമായിരുന്നില്ല വ്യാസന്റെ ഗാന്ധാരി. അവര്‍ മുഖമല്ല , തന്റെ കണ്ണാണ് മൂടിയത്. വഴിപിഴച്ചു പോകുന്ന തന്റെ മക്കളെക്കാണാന്‍ കണ്ണില്ലാതെ പോയ ആ അച്ഛനമ്മമാരുടെ ചിത്രീകരണത്തെ കുറിച്ചുകൂടിയോര്‍ക്കുമ്പോഴേ വ്യാസന്റെ അതിമനോഹരമായ ആ ആധ്യാത്മിക രൂപകാലങ്കാര (metaphor ) ഭംഗി പൂര്‍ണ്ണമായും നമുക്ക് ബോധ്യമാകുകയുള്ളൂ..
അടുത്ത കഥാപാത്രം ഹിഡുംബിയാണ്.. കളിച്ചും ചിരിച്ചും ഭീമസേനനെ കാമിച്ച രാക്ഷസസ്ത്രീ . പുത്രനുണ്ടാകുന്നത് വരെ രമിക്കുമെന്നു തുടക്കത്തിലേ ചെയ്ത കരാറിന്റെ സമ്മത പ്രകാരമാണ് വ്യാസന്റെ ഭീമന്‍ ഹിഡുംബിയുമായിടപഴകുന്നത്. അവളെക്കൊല്ലാന്‍ തുനിഞ്ഞ ഭീമനെ യുധിഷ്ഠിരനാണ് തടുത്തകറ്റുന്നതും. എല്ലാറ്റിനുമുപരിയായ് പുത്രജനനത്തോടെ പിരിയാന്‍ സമയമായെന്നുണര്‍ത്തിക്കുന്നതും ഹിഡുംബിയാണ്.. എന്നാല്‍ രണ്ടാമൂഴത്തില്‍ ഈ സന്ദര്‍ഭത്തെ അനുവാചകരില്‍ ഹിഡുംബിയോട് സഹതാപ തരംഗമുണര്‍ത്തും വഴിയവതരിപ്പിച്ചിരിക്കുന്നത് എന്തുകൊണ്ടാവാം? ഒരു പ്രത്യേക വഴി മാത്രമാണ് നല്ലതെന്നു ചിന്തിക്കുന്ന , ബ്‌ളാക്ക് ആന്‍ഡ് വൈറ്റ് ദ്വന്ദങ്ങളിലൊതുങ്ങി നില്‍ക്കുന്ന പാശ്ചാത്യ നോവലെഴുത്തുകാരുടെ പാത്രസൃഷ്ടികള്‍ മനസ്സിലുണ്ടാക്കിയ സ്വാധീനം കൊണ്ടാകുമോ? എന്ത് തന്നെയായാലും വ്യാസന്റെ ഹിഡുംബിക്ക് ഭീമനൊരു അവിഭാജ്യഘടകമായിരുന്നില്ല. അങ്ങനെയാക്കിയെടുത്തതിലൂടെ യുധിഷ്ഠിരന്‍ മുതല്‍ കുന്തി വരെയുള്ളവരില്‍ വ്യാസന്‍ കാണാത്ത, പറയാത്ത, ജാതീയത ആരോപിക്കാനുള്ള ഒരവസരം കൂടിയാണ് എംടി നേടിയെടുക്കുന്നത്. ഒരുപക്ഷെ ഇത് തന്നെ ആയിരിക്കണം അദ്ദേഹത്തിന്റെ ഉദ്ദേശവും.
തുടര്‍ന്നുള്ളത് കുന്തിയാണ്.. ഭീമസേനനോടുള്ള സ്‌നേഹമെങ്ങാനും പുറത്തു കാണിച്ചാല്‍ അത് കഥാഗതിയെ തന്നെ മാറ്റി മറിച്ചാലോ എന്ന ഭയത്തോടെയാണ് എംടി തന്റെ കുന്തിയെ സൃഷ്ടിച്ചിരിക്കുന്നത് എന്നനുവാചകന് തോന്നിപ്പോകും . എന്തെങ്കിലുമൊരു വഴിയുണ്ടായിരുന്നെങ്കില്‍ ഭീമന്‍ തന്റെ മകനല്ലെന്നു കുന്തിയെക്കൊണ്ട് അദ്ദേഹം പറയിപ്പിച്ചേനെ. തന്റെ നായകന്‍ മാദ്രിയുടെ പുത്രയായിരുന്നെങ്കിലെത്ര നന്നായിരുന്നുവെന്നു അദ്ദേഹം ഒരിക്കലെങ്കിലും സങ്കല്പിച്ചിട്ടുണ്ടാകുമെന്നുറപ്പ്. തന്റെ മക്കളെപ്പോലെതന്നെ മാദ്രിയുടെ മക്കളെയും സ്‌നേഹിച്ചിരുന്ന വ്യാസന്റെ കുന്തിയെന്ന അമ്മ, ഭീമനെ അത്രകണ്ട് സ്‌നേഹിക്കുന്നില്ലെന്നു തരം കിട്ടുന്ന എല്ലാ സന്ദര്‍ഭങ്ങളിലും തെളിയിക്കാന്‍ എംടി ശ്രമിക്കുന്നുണ്ട്. തനിക്കൊരിക്കലും കുന്തിയുടെ പുത്രന്മാരെ നിഷ്പക്ഷയായ് സ്‌നേഹിക്കുവാന്‍ കഴിയില്ലായെന്നും കുന്തിക്കതിനു കഴിയുമെന്നും ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് മാദ്രി ദേഹത്യാഗം ചെയ്യുന്നത്. എന്റെ മകന്‍ ബകനെ വധിക്കുമെന്നുറപ്പിച്ചു പറയുന്ന വ്യാസന്റെ കുന്തിയുടെ ആത്മവിശ്വാസത്തില്‍ പൊതിഞ്ഞ പുത്ര സ്‌നേഹം തന്റെ കുന്തിക്കില്ലാതിരിക്കാന്‍ അദ്ദേഹം നടത്തുന്ന ശ്രമം തീര്‍ത്തും ബോധപൂര്‍വം തന്നെയാണ് .. വ്യാസന്റെ കുന്തി അസാമാന്യ വ്യക്തിത്വ പ്രഭാവം വെച്ച് പുലര്‍ത്തിയിരുന്ന സ്ത്രീയാണ്. തന്റെ ഭര്‍ത്താവ് പാണ്ഡു നിര്‍ബന്ധിച്ചിട്ടു കൂടി നിയോഗത്തിന്റെ (പുത്രലബ്ധിക്കു വേണ്ടി അന്യ പുരുഷന്മാരെ സ്വീകരിക്കുന്ന ചടങ്ങു) നിയമവശങ്ങളെ കര്‍ക്കശമായി തന്നെ പാലിച്ച, ഇനിയാരെയും വിളിക്കാനെനിക്ക് വയ്യ എന്ന് ഉറപ്പിച്ചു പറഞ്ഞ , അവരെയാണ് സൂതന്‍ മുതല്‍ കാട്ടാളനെ വരെ പ്രാപിച്ചവളെന്നു വിധിയെഴുതി വേശ്യയാക്കി മാറ്റുന്നത്. കുന്തിയെ ഇന്നാളുകള്‍ മോശമായാക്ഷേപിക്കുന്നുണ്ടെങ്കില്‍ അതിന്റെ പ്രധാന കാരണക്കാരന്‍ എംടി തന്നെയാണ്.
ദ്രൗപദിയാണ് അടുത്ത കഥാപാത്രം. സ്വയംവരത്തിനു ഞാനില്ലെന്നു പുറമേക്ക് പറഞ്ഞു കൊണ്ട് ദ്രൗപദിയുടെ സൗന്ദര്യത്തെ ദൂരെ നിന്നും നോക്കി നിന്നാഗ്രഹിക്കുന്ന ഭീരുവായ ഒരു ഭീമനെയൊരിക്കലും വ്യാസന്റെ തൂലിക സൃഷ്ടിക്കുകയില്ല. എംടിയുടെ ഭീമന്‍ ആദ്യകാഴ്ചയില്‍ തന്നെ ദ്രൗപദിയെ കാമക്കണ്ണുകളോടെ നോക്കിയതിനു ശേഷം അവയെ മറച്ചു വെച്ച് അഭിനയിക്കാന്‍ ശീലിച്ചവനായിരുന്നു. വ്യാസന്റെ ഭീമനാകട്ടെ പാണിഗ്രഹണമുറച്ച ശേഷം മാത്രം ദ്രൗപദിയില്‍ മനസ്സുവെച്ചവനും. ഇവ രണ്ടും തമ്മിലൊരുപാട് വ്യത്യാസമുണ്ട്. അര്‍ജ്ജുനന്റെ അസാന്നിധ്യത്തില്‍ തന്നെക്കുറിച്ചവള്‍ കൂടുതലായി ചിന്തിക്കുമെന്ന വന്യമായ സങ്കല്‍പ്പവും എംടിയുടെ ഭീമന് ദ്രൗപദിയെക്കുറിച്ചുണ്ടാകുന്നുണ്ട്.
തീജ്വാലക്കു സമാനമായ വ്യക്തിത്വമുള്ള ദ്രൗപദിയെ വെറും യുദ്ധക്കൊതിയുള്ളവളും സപത്‌നീ വൈരമുള്ളവളും അസൂയാലുവുമാക്കി തീര്‍ത്തു കൊണ്ടാണ് എംടി തുടക്കത്തിലേ സമീപിക്കുന്നത്. എന്തോ മുന്‍ വൈരാഗ്യമുള്ളതു പോലെ ദ്രൗപദി യുദ്ധത്തെക്കുറിച്ചു മാത്രം ചിന്തിക്കുന്നവളാണെന്നു എംടി മനപ്പൂര്‍വം തന്നെ വരുത്തി തീര്‍ക്കുന്നുണ്ട്. ഭര്‍ത്താവുമൊത്തുള്ള ശയ്യാ സമയങ്ങളില്‍ പോലും യുദ്ധകഥകള്‍ കേട്ട് കിടപ്പറയില്‍ ഉത്തേജിതയാകുന്ന അങ്ങേയറ്റം മോശമായ ഒരു സ്ത്രീത്വമായാണ് എംടി തന്റെ ദ്രൗപദിയെ അവതരിപ്പിച്ചിരിക്കുന്നത്.. എന്നാല്‍ സഭയില്‍ വെച്ച് വേശ്യയെന്നാപമാനിക്കപ്പെട്ട അവര്‍ തീക്ഷണമായ നിരവധി അപമാനാനുഭവങ്ങളിലൂടെയുള്ള കടന്നുപോക്കിനു ശേഷം മാത്രമാണ് യുദ്ധത്തെക്കുറിച്ചു യഥാര്‍ത്ഥത്തില്‍ ചിന്തിച്ച് തുടങ്ങുന്നത് .അപമാനിക്കപ്പെട്ട സ്ത്രീത്വത്തിന്റെ പകവീട്ടലിനായിരുന്നു ആ യുദ്ധം.. അല്ലാതെ അവരൊരിക്കലും യുദ്ധത്തെ മാത്രം ധ്യാനിച്ച് കഴിഞ്ഞ, യുദ്ധക്കഥകള്‍ കേള്‍ക്കുമ്പോള്‍ ഉത്തേജിതയാകുന്ന ഒരു സ്ത്രീ ആയിരുന്നില്ല
രണ്ടാമൂഴത്തില്‍ അപ്രധാനയായ മറ്റൊരു സ്ത്രീ വ്യക്തിത്വം കൂടിയുണ്ട്. ഭീമസേനന് തന്റെ ശയ്യാസമയങ്ങളില്‍ മാത്രമാവശ്യമുള്ള പത്‌നി ബലന്ധര. .. ഇതില്‍ കവിഞ്ഞൊരു ധര്‍മ്മവും അവര്‍ക്കായി നായകനായ ഭീമസേനന്‍ പോലും കല്‍പ്പിച്ചു കൊടുക്കുന്നില്ല. കൂടാതെ തികച്ചും ഇതിഹാസ കല്‍പ്പനയ്ക്ക് വിരുദ്ധമെന്ന് പറയാവുന്നൊരു സന്ദര്‍ഭം എംടിയുടെ സങ്കല്പം സൃഷ്ടിച്ചിട്ടുണ്ട്. ഇതിഹാസത്തിന്റെ നിലനില്പിനെത്തന്നെ ബാധിക്കുന്ന ഒരു സന്ദര്‍ഭമാണത് .. പരാശരന്‍ സത്യവതിയെ ബലാല്‍സംഗം ചെയ്തു പ്രാപിച്ചുവെന്നതാണത്. കൃഷ്ണദ്വൈപായനന്‍, സാക്ഷാല്‍ വ്യാസന്‍ ബലാത്സംഗത്തിലുണ്ടായ പുത്രനാണെന്നാണ് എംടി പറഞ്ഞു വെക്കുന്നത് . എന്നാല്‍ ‘ തോണിത്തട്ടില്‍ വീണേടത്തു കിടന്നെതിര്‍ക്കുന്ന മുക്കുവപ്പെണ്ണ’ ല്ല വ്യാസന്റെ സത്യവതി.. പൂര്‍ണ്ണ സമ്മതത്തോടെ പരാശരനുമായി ബന്ധപ്പെട്ടു, ഒരു പുത്രന് ജന്മം നല്കിയവളാണ്. ബലാത്സംഗത്തിലൂടെ പുത്രനെയുണ്ടാക്കി കടന്നു കളഞ്ഞ അച്ഛനായിരുന്നില്ല പരാശരന്‍ . കൃഷ്ണദ്വൈപായനന്‍ അദ്ദേഹത്തിന് സര്‍വഥാ സ്വീകാര്യനായിരുന്നു അതുകൊണ്ടായിരിക്കാം വേദവ്യാസന്‍ തപോനിഷ്ഠനായി തന്റെയച്ഛന്റെ കൂടെ പോയതും. മല്‍സ്യഗന്ധി പെറ്റു വളര്‍ത്തിയ ആ മഹാമനീഷിയുടെ, മുക്കുവകുലജാതന്റെ പിന്തലമുറക്കാരുടെ, ചരിത്രമാണ് മഹാഭാരതം. എത്രയാലോചിച്ചിട്ടും പരാശരന്‍ ബലാല്‍സംഗത്തിലൂടെ സത്യവതിയെ പ്രാപിച്ചുവെന്നു പറഞ്ഞു വെച്ചതിന്റെ അര്‍ഥം മനസ്സിലാക്കാന്‍ സാധിക്കുന്നതേയില്ല . അങ്ങനെയൊരു സാധ്യതയുടെ യാതൊരാവശ്യവുമില്ലാതിരുന്നിട്ടും ആ സന്ദര്‍ഭമവിടെ കുത്തിക്കയറ്റിയത് എന്തിനായിരിക്കും? പിതൃത്വമാവകാശപ്പെടാനില്ലാത്തവനായിരുന്നു വേദവ്യാസനെന്നു പറയുവാനാണോ? അതോ മഹര്‍ഷിമാര്‍ നാടൊട്ടുക്കും കന്യകമാരെ ബലാല്‍സംഗം ചെയ്തിരുന്നുവെന്ന് വരുത്തിതീര്‍ക്കുകയായിരുന്നോ? അറിയില്ല.
ഇവയെല്ലാം കൂട്ടി വായിക്കുമ്പോള്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ എത്രതന്നെ ഭാഷാപരമായ സവിശേഷതകളില്‍ മൂടി വെച്ചാലും ഒരു പുരുഷന്റെ കാമപൂരണ സഹായിയായ് മാത്രം നിലനിന്നു പോരുന്നവരാണ് രണ്ടാമൂഴത്തിലെ സ്ത്രീകളെന്നും അവര്‍ക്ക് കിടപ്പറകളില്‍ മാത്രമാണ് പൂര്‍ണ്ണതയുണ്ടാകുന്നതെന്നും സംശയിക്കുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു. അതുകൊണ്ടു തന്നെ താന്‍ ജിതേന്ദ്രിയനല്ലന്നൊരു കുറ്റസമ്മതം നോവലിന്റെയവസാനം ഭീമസേനന്‍ നടത്തുന്നുണ്ടെന്നത് ഒരാശ്വാസം തന്നെയാണ്..
എപ്പോഴാണ് പാഞ്ചാലിയുമൊത്തുള്ള തന്റെ ഊഴം സമാഗതമാകുക എന്ന ചിന്തയിലാണ് എംടിയുടെ ഭീമന്റെ ദിനരാത്രങ്ങള്‍ ഉദിച്ചുയരുന്നതും കൊഴിഞ്ഞു വീഴുന്നതും . ഒരാവശ്യവുമില്ലെങ്കില്‍ കൂടി, അമ്മയുടെ വാക്കുപാലിക്കുകയെന്നെ ഉദ്ദേശത്തോടെ , സ്വയം മൂന്നാം ഊഴക്കാരനായി ഒതുങ്ങി നിന്ന അര്‍ജ്ജുനനില്ലാത്ത എന്ത് ഊഴ മഹിമയാണ് ഭീമനവകാശപ്പെടാനുള്ളത് ?
എംടിയുടെ ഭീമസേനന് ധര്‍മ്മിഷ്ഠനാകണമെങ്കില്‍ അവിടെ ധര്‍മ്മത്തിന്റെ പ്രതിരൂപമെന്ന പേരില്‍ ലോകമറിയുന്ന യുധിഷ്ടിരന്റെയോ, അര്‍ജ്ജുനനന്റെയോ , കൃഷ്ണന്റെയോ , കൃഷ്ണയുടെയോ പേരിലൊരു ധര്‍മ്മച്യുതി ഉണ്ടായേ തീരൂ.. അവരുടെ അധാര്‍മികതയെന്ന പേരില്‍ , വ്യാസന്‍ പറഞ്ഞതില്‍ നിന്നും വിപരീതമായി പലതും പറഞ്ഞൊപ്പിച്ചാണ് എംടിയുടെ ഭീമന്‍ ധര്മിഷ്ഠനാകുന്നത്. ഒന്നുകൂടി വിശദമാക്കിയാല്‍ വ്യാസ മഹാഭാരതത്തില്‍ ധര്‍മ്മത്തിന്റെ പ്രതിരൂപമായാണ് യുധിഷ്ഠിരനെ അവതരിപ്പിക്കുന്നത് . ആ വ്യക്തിത്വത്തിന്റെ മാറ്റ് കുറച്ചെടുക്കുവാന്‍ വേണ്ടി മനപ്പൂര്‍വം സന്ദര്‍ഭങ്ങളെ കീഴ്‌മേല്‍ മറിച്ചു കൊണ്ടാണ് എംടിയുടെ ഭീമസേനന്‍ ധര്‍മ്മിഷ്ഠനാകുന്നത് . പക്ഷെ വ്യാസന്റെ ഭീമന് ശ്രേഷ്ടനാകാന്‍ അവിടെ കുന്തിക്കോ ദ്രൗപദിക്കോ മോശക്കാരാകേണ്ടി വരികയോ ഹിഡുംബിക്കു സഹതാപ തരംഗമുണര്‍ത്തേണ്ടി വരികയോ ചെയ്യുന്നില്ല. എന്നാല്‍ എംടിയുടെ ഭീമന് കേമനാകുവാന്‍ കൃഷ്ണനും, യുധിഷ്ഠിരനും ദ്രൗപദിയും മോശക്കാരായെ തീരൂ .
ചൈതന്യ വിഗ്രഹങ്ങളായി ഭാരതീയന്റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രങ്ങളെ ചൈതന്യരഹിതമാക്കുകയെന്നുദ്ദേശത്തോടെ, അതി ഗംഭീരമായ ഭാഷാ ഭംഗിയുടെ സഹായത്തോടെ, കപോലകല്പിതങ്ങളായ അപകര്‍ഷതാ ബോധത്തിന്റെ മേമ്പൊടി ചേര്‍ത്ത് വിളമ്പിയ ഒരു മസാലക്കൂട്ടെന്നതില്‍ കവിഞ്ഞെന്താണ് രണ്ടാമൂഴം?
കൃഷ്ണദ്വൈപായനനെന്ന മഹാമനീഷിയുടെ പുരുഷാര്‍ത്ഥ സാധകമായ മഹാഭാരതത്തിന്റെ വികലമാക്കിയൊരു അപകര്‍ഷതക്കാഴ്ച മാത്രമാണ് രണ്ടാമൂഴം. ഇവിടെ വ്യാസനുമായൊരു താരതമ്യത്തിന് മുതിരുകയല്ല. ഈ ലോകം തന്നെ ആ മഹാജ്ഞാനിയുടെ ഉച്ചിഷ്ടമായ നിലയ്ക്ക് അത്തരമൊരു താരതമ്യത്തിന് അര്‍ഹരായവരാരുമില്ല.. എങ്കിലും മൂലകൃതിയില്‍ നിന്നും അമ്പേ വ്യത്യാസപ്പെട്ടിരിക്കുന്ന ഒരു സ്വതന്ത്ര സാഹിത്യ സൃഷ്ടിക്ക് അതെ പേര് നല്‍കുന്നതിനുള്ള ആശങ്ക പങ്കുവെച്ചുവെന്നു മാത്രം. ഒരെഴുത്തുകാരന്റെ കൃതിയെങ്ങനെ എഴുതണമെന്നുള്ള സ്വാതന്ത്രം അയാളില്‍ മാത്രം നിക്ഷിപ്തമാണ്. എന്നാല്‍ ആ കൃതിയെ വെച്ച് മൂലകൃതിയെ അളന്നു തൂക്കി അഭിപ്രായപ്രകടനങ്ങള്‍ വരുമ്പോള്‍ സാഹിത്യകുലപതിയുടെ രണ്ടാമൂഴക്കാഴ്ചകളെ അതിനര്‍ഹതയില്ലെങ്കില്‍ കൂടി നിശിതമായി തന്നെ വിമര്‍ശിക്കേണ്ടി വരും..
എന്റെ നമ്പര്‍ എപ്പോള്‍ വരും എന്ന് സദാസമയവും ചിന്തിച്ചിരിക്കുന്ന ഒരു വ്യക്തിത്വത്തെ നായകനാക്കിയ കൃതിക്ക് രണ്ടാമൂഴമെന്ന പേര് മാത്രമേ ചേരൂ .. പുരുഷാര്‍ത്ഥ സാധകമായ മഹാഭാരതവുമായതിനൊരു ബന്ധവുമില്ല. ഉണ്ടാകാന്‍ പാടില്ല. മഹാഭാരതമെന്ന പേരിന്റെ വിപണനമൂല്യത്തിനാണിവിടെ പ്രസക്തി. അതുകൊണ്ടു തന്നെ മഹാഭാരതമെന്ന ഭാരതേതിഹാസത്തെ ഒരു നോവലിലെ കാമപൂര്‍ത്തീകരണ മാര്‍ഗാന്വേഷണത്തിലും അപകര്‍ഷതാ ബോധങ്ങളിലും മാത്രമൊതുക്കുന്നത് ആ മഹാമനീഷിയോടു ചെയ്യുന്ന കടുത്ത ദ്രോഹമാണ്. മഹാഭാരതം ഒരു ജനതയുടെ ഇതിഹാസമാണ്. ദീപ്തമായ ചരിത്രത്തിന്റെ ,വ്യക്തിത്വം തുളുമ്പുന്ന കഥാപാത്രങ്ങളുടെ , നന്മതിന്മ ദ്വന്ദങ്ങളില്‍ കുടുങ്ങാതെ അവയ്ക്കുമപ്പുറത്തേക്കു വളരാന്‍ സാധിച്ച ഒരു ഋഷിമനസ്സിന്റെ ഉള്‍ക്കാഴ്ചയാണ് .. ആ മഹാഭാരതത്തെ തന്റെ ഊഴക്കാഴ്ച്ചക്കായ് കാത്തിരിക്കുന്നവന്റെ കഥയില്ലായ്മയിലേക്കൊതുക്കുവാനുള്ള ശ്രമം അത്യന്തം ജുഗുപ്‌സാവഹമാണെന്ന് പറയാതെ വയ്യ. ആ പ്രവര്‍ത്തിയുടെ ഘോരതയേറിയണമെങ്കില്‍ ഓരോ ഭാരതീയനും ആ മഹാഗുരുവിന്റെ മഹദ് ഇതിഹാസം വായിച്ചിരിക്കണം
പിന്‍കുറിപ്പു: ഇതെഴുതാന്‍ തുടങ്ങിയപ്പോള്‍ ഒന്നാലോചിക്കാതിരുന്നില്ല. സാഹിത്യ കുലപതിയാണ് ഭാഷാ ഭംഗിയുടെ മറുകര കണ്ടയാള്‍….. ആ വ്യക്തിത്വത്തെ വിമര്‍ശിക്കുവാനെന്തു യോഗ്യതയാണീയുള്ളവള്‍ക്കുള്ളത്? എന്നാല്‍ അതോടൊപ്പം തന്നെ മനസ്സില്‍ മറ്റൊരു ചിന്ത കൂടി കയറി വന്നു. വ്യാസ മൗനങ്ങളെന്നൊരു മുന്‍കൂര്‍ജാമ്യത്തിന്റെ ആനുകൂല്യത്തില്‍ ശ്രീ എംടി വാസുദേവന്‍ നായര്‍ക്കിത്രയും പറയാമെങ്കില്‍, ജഗത്ത് തന്നെ ഉച്ഛിഷ്ടമാക്കിയ ആ ഋഷിവര്യന്റെ മൗനങ്ങളെ തികച്ചും ലൗകീകമായ രീതിയില്‍ അദ്ദേഹത്തിന് വളച്ചൊടിക്കാമെങ്കില്‍ ഇത്തരത്തിലൊരു വിമര്‍ശനമെഴുതുന്നതിലശേഷം ചിന്താഭാരത്തിന്റെ ആവശ്യമില്ലെന്നതായിരുന്നു അത് .. പിന്നെയൊന്നുമോര്‍ത്തില്ല.
വ്യാസോച്ഛിഷ്ടം ജഗദ് സര്‍വം !!!
വാട്‌സ് ആപ്പ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in