മൃതദേഹങ്ങള്‍ക്കുമില്ലേ അവകാശങ്ങള്‍…?

ഏറെകാലം നമ്മെപോലെ തന്നെ ഈ മണ്ണിന്റെ ഭാഗമായി ജീവിച്ച്, മരിച്ചവരുടെ മൃതദേഹങ്ങളുടെ മാന്യമായി സംസ്‌കരിക്കപ്പെടുക എന്ന അവകാശം ഇനിയും കേരളീയ സമൂഹം ഗൗരവമായി കാണുന്നില്ല എന്നത് വ്യക്തമാക്കുന്ന വാര്‍ത്തകള്‍ പെരുകുകയാണ്. യുദ്ധത്തില്‍ മരിക്കുന്ന ശത്രുപക്ഷത്തുള്ളവരുടെപോലും മൃതദേഹങ്ങളോട് ആദരവ് കാണിക്കണമെന്ന് ലോകം മുഴുവന്‍ അംഗീകരിക്കുമ്പോഴാണ് നാം ഈ വിഷയത്തെ ക്രൂരമായി അവഗണിക്കുന്നത്. തൃശൂര്‍ ജില്ലയില്‍ വാക സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയുടെ ചേലൂരിലുള്ള സെമിത്തേരിപ്പറമ്പില്‍ മൃതദേഹം സംസ്‌കരിക്കുന്നതിനെച്ചൊല്ലി കഴിഞ്ഞ ദിവസമുണ്ടായ തര്‍ക്കമാണ് അവസാനത്തെ ഉദാഹരണം. മൃതദേഹം സെമിത്തേരിപ്പറമ്പില്‍ കുഴി കുഴിച്ച് […]

dead

ഏറെകാലം നമ്മെപോലെ തന്നെ ഈ മണ്ണിന്റെ ഭാഗമായി ജീവിച്ച്, മരിച്ചവരുടെ മൃതദേഹങ്ങളുടെ മാന്യമായി സംസ്‌കരിക്കപ്പെടുക എന്ന അവകാശം ഇനിയും കേരളീയ സമൂഹം ഗൗരവമായി കാണുന്നില്ല എന്നത് വ്യക്തമാക്കുന്ന വാര്‍ത്തകള്‍ പെരുകുകയാണ്. യുദ്ധത്തില്‍ മരിക്കുന്ന ശത്രുപക്ഷത്തുള്ളവരുടെപോലും മൃതദേഹങ്ങളോട് ആദരവ് കാണിക്കണമെന്ന് ലോകം മുഴുവന്‍ അംഗീകരിക്കുമ്പോഴാണ് നാം ഈ വിഷയത്തെ ക്രൂരമായി അവഗണിക്കുന്നത്.
തൃശൂര്‍ ജില്ലയില്‍ വാക സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയുടെ ചേലൂരിലുള്ള സെമിത്തേരിപ്പറമ്പില്‍ മൃതദേഹം സംസ്‌കരിക്കുന്നതിനെച്ചൊല്ലി കഴിഞ്ഞ ദിവസമുണ്ടായ തര്‍ക്കമാണ് അവസാനത്തെ ഉദാഹരണം. മൃതദേഹം സെമിത്തേരിപ്പറമ്പില്‍ കുഴി കുഴിച്ച് സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു പ്രദേശവാസികള്‍. കുന്നിന്‍പ്രദേശമായ ഇഞ്ചിക്കുന്നിലാണ് സെമിത്തേരിപ്പറമ്പ്. 1968ലാണ് സെമിത്തേരിക്കായി കളക്ടര്‍ അനുമതി നല്‍കിയത്. കുന്നിന്‍പ്രദേശത്ത് കുന്നിടിച്ചതുമൂലം മഴവെള്ളം ചളി നിറഞ്ഞാണ് സമീപത്തെ വീടുകളിലെ കിണറുകളിലെത്തുന്നത്. 40 വര്‍ഷത്തോളമായി ഉപയോഗിക്കാതെ കിടന്നിരുന്ന സെമിത്തേരിപ്പറമ്പില്‍ മൃതദേഹം കുഴിച്ചിട്ടാല്‍ കുന്നിന്‍പ്രദേശത്തുനിന്ന് വരുന്ന മഴവെള്ളം കിണറുകളിലെത്തിയാല്‍ വെള്ളം മലിനപ്പെടുമെന്ന് നാട്ടുകാര്‍ ചൂണ്ടികാട്ടുകയായിരുന്നു.
പ്രതിഷേധത്തെതുടര്‍ന്ന് രാവിലെ എട്ടിന് നടത്താനിരുന്ന സംസ്‌കാരച്ചടങ്ങ് വൈകി. തുടര്‍ന്ന് ഗുരുവായൂര്‍ സിഐ സി.ആര്‍. സന്തോഷ്, പാവറട്ടി എസ്‌ഐ എസ്. അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് എത്തി പള്ളിവികാരി, ജനകീയ കൂട്ടായ്മ എന്നിവരുമായും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളുമായും ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്ന് വിഷയം ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് കളക്ടറുടെ അധ്യക്ഷതയില്‍ ചര്‍ച്ച നടന്നു. സംസ്‌കാരച്ചടങ്ങ് വൈകിയതുമൂലം വീട്ടില്‍നിന്നു മൃതദേഹം പള്ളിയിലെത്തിച്ച് ഫ്രീസറിലാക്കി സൂക്ഷിച്ചു. ഇതിനിടെ ജനകീയ കൂട്ടായ്മ കോടതിയില്‍നിന്നും സ്‌റ്റേ സമ്പാദിച്ചു. തുടര്‍ന്ന് മണിക്കൂറുകള്‍ വൈകിയ സംസ്‌കാരച്ചടങ്ങ് രാത്രി എട്ടോടെ മറ്റം സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയില്‍ നടന്നു.
ഈ സംഭവത്തില്‍ ശരി ആരുടെ ഭാഗത്തുമാകട്ടെ, കാതലായ വിഷയം അവിടെ നില്‍ക്കുകയാണ്. എത്രയും വേഗം മാന്യമായി സംസ്‌കരിക്കപ്പെടുക എന്നത് ഒരു മൃതദേഹത്തിന്റെ അവകാശമാണ്. അതു ചെയ്യേണ്ടത് നാളെ മൃതമാകാന്‍ പോകുന്ന ദേഹങ്ങളാണ്. ചോദിക്കാന്‍ മൃതദേഹം എണീറ്റുവരില്ല എന്ന ധൈര്യത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് സംസ്‌കാരസമ്പന്നമായ സമൂഹത്തിനു ചേര്‍ന്നതല്ല.
അടുത്തയിടെ ട്രെയിന്‍ തട്ടിമരിച്ച കോന്നി സ്വദേശി ആര്യയുടെ മൃതദേഹം വീടിന്റെ അടുക്കള പൊളിച്ച് ഒരുക്കിയ ചിതയില്‍ സംസ്‌കരിക്കേണ്ടിവന്ന സംഭവം ചര്‍ച്ചയായിരുന്നു. മൃതദേഹസംസ്‌കരണം എന്നത് ഒരു കുടുംബത്തിന്റെയോ മതവിഭാഗത്തിന്റേയോ മാത്രമല്ല, സമൂഹത്തിന്റെ തന്നെ ഉത്തരവാദിത്തമാണെന്ന ബോധ്യം ഇല്ലാത്തതായിരുന്നു അതിനു കാരണം. .
പുരയിടത്തിന്റെ സ്ഥലപരിമിതി മൂലമാണു ചിത അടുക്കള പൊളിച്ച് ഒരുക്കേണ്ടിവന്നത്. ആ കുടുംബത്തിനു നാലു സെന്റ് സ്ഥലം മാത്രമാണുള്ളത്. അതിനാല്‍ സംസ്‌കാരം എവിടെ നടത്തണമെന്നറിയാതെ ബന്ധുക്കളും നാട്ടുകാരും ആശങ്കയിലായിരുന്നു. ആര്യയുടെ അമ്മ തങ്കമ്മയുടെ കണ്ണീരില്‍ കുതിര്‍ന്ന നിര്‍ദേശ പ്രകാരമാണ് അടുക്കളപൊളിച്ചു ചിതയൊരുക്കിയത്. മന്ത്രി അടൂര്‍ പ്രകാശും സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. എന്നാല്‍ വളരെ ഗൗരവപരമായ ഈ വിഷയം ഇപ്പോഴും ഉന്നയിക്കപ്പെടുന്നില്ല.
അടുത്തയിടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അനാട്ടമി വിഭാഗത്തില്‍ പഠനത്തിനുശേഷം ആവശ്യംകഴിഞ്ഞ മൃതദേഹങ്ങള്‍ സംസ്‌കരിക്കാതെ വലിച്ചെറിഞ്ഞ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വിദ്യാര്‍ഥികള്‍ക്ക് പഠിക്കുന്നതിനായി സ്പിരിറ്റിലിട്ട് സൂക്ഷിച്ച മൃതദേഹങ്ങളാണ് ആവശ്യം കഴിഞ്ഞപ്പോള്‍ വലിച്ചെറിഞ്ഞത്. എത്രമാത്രം ക്രൂരമാണിത്. വര്‍ഷങ്ങള്‍ക്കുമുമ്പ് കേരളത്തിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന യുവതിയുടെ നഗ്‌നമായ മതദേഹം അവിടത്തെ ജീവനക്കാര്‍ പണം വാങ്ങി ആളുകള്‍ക്ക് കാണിച്ചുകൊടുത്ത ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നിരുന്നു. മനുഷ്യാവകാശങ്ങളെ കുറിച്ച് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന കാലഘട്ടമാണല്ലോ ഇത്. അതുപോലെ പ്രധാനമാണ് മൃതദേഹങ്ങളുടെ അവകാശങ്ങളും. മൃതദേഹത്തിന്റെ മാന്യമായ സംസ്‌കരണത്തോടേയേ സത്യത്തില്‍ മനുഷ്യാവകാശങ്ങള്‍ പൂര്‍ത്തിയാകുന്നുള്ളു എന്നതാണ് നാം മറക്കുന്നത്.
തീര്‍ച്ചയായും മൃതദേഹങ്ങളുടെ സംസ്‌കരണം കേരളം നേരിടുന്ന വലിയൊരു വെല്ലുവിളിയായി മാറുകയാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെല്ലാം ആധുനിക രീതിയിലുള്ള ശ്മശാനങ്ങള്‍ നിര്‍മ്മിക്കണമെന്ന നിയമം നിലനില്‍ക്കുന്നുണ്ട്. (നേരത്തെയുള്ള ശ്മശാനങ്ങളില്‍ പലതിലും മൃതദേഹം പകുതി പോലും കത്തിതീരാറില്ല എന്നത് വേറെ കാര്യം) എന്നാല്‍ എത്ര സ്ഥലത്ത് അത് നടക്കുന്നുണ്ട്? അതിനാല്‍ മറ്റു ശ്മശാനങ്ങളിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുപോകേണ്ടിവരുന്നു. അത് സംഘര്‍ഷങ്ങള്‍ക്കുപോലും കാരണമാകുന്നു. തൃശൂര്‍ ജില്ലയില്‍ പാമ്പൂരിലും കൂര്‍ക്കഞ്ചേരിയിലും ഇത്തരം സംഭവങ്ങള്‍ സംഘട്ടനങ്ങളിലേക്കും വഴി തെളിയിച്ചിരുന്നു. പൊതുശ്മാശാനങ്ങളില്ലാതെ താമസിക്കുന്ന രണ്ടോ മൂന്നോ സെന്റിലെ കുടിലില്‍ മുറിക്കകത്ത് മൃതദേഹം കുഴിച്ചിടേണ്ടിവന്ന നിരവധി ദളിത് കുടുംബങ്ങളും കേരളത്തിലുണ്ടല്ലോ. പ്രശസ്ത വിനോദ സഞ്ചാരകേന്ദ്രമായ കോവളത്തുപോലും അത്തരം സംഭവങ്ങളുണ്ടായി. അതേസമയം പൊതുശ്മശാനങ്ങള്‍ നിര്‍മ്മിക്കാന്‍ അധികൃതര്‍ തയ്യാറായാല്‍ പാരിസ്ഥിതിക പ്രശ്‌നമുന്നയിച്ച് പലരുമത് തടയാന്‍ വരും. ഒരുപക്ഷെ അവിടെതന്നെ മൊബൈല്‍ ടവറോ അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുന്ന ഫാക്‌റികളോ ഉണ്ടാകും. ചീറിപായുന്ന വാഹനങ്ങള്‍ ഉണ്ടാക്കുന്ന മലിനീകരണം കുറക്കാന്‍ അവക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ നാം തയ്യാറില്ലല്ലോ. എന്നാലും അനിവാര്യമായ ശ്മശാനം അനുവദിക്കില്ല. മറുവശത്ത് കോടികള്‍ ചിലവഴിച്ച് നിര്‍മ്മിക്കുന്ന ഫഌറ്റ് സമുച്ചയങ്ങളിലും വില്ലകളിലും എന്തിന് ഒറ്റപ്പെട്ട വീടുകള്‍ പണിയുമ്പോഴും നമ്മുടെ അജണ്ടയില്‍ ഈ വിഷയം മാത്രം വരില്ല. നാളെ നമ്മുടെ ശരീരവും മാന്യമായ സംസ്‌കരണം ലഭിക്കാതെ പോകുന്ന അവസ്ഥയെങ്കിലും ആലോചിച്ചാല്‍….
മൃതദേഹ സംസ്‌കരണത്തിലും നാം ജാതി നോക്കുന്നു. തൃശൂര്‍ നഗരത്തില്‍ സവര്‍ണ്ണവിഭാഗങ്ങളുടെ മൃതദാഹങ്ങള്‍ മിക്കവാറും സംസ്‌കരിക്കുന്നത് പാറമേക്കാവ് ദേവസ്വത്തിന്റെ ശ്മശാനത്തിലാണെങ്കില്‍ മറ്റുള്ളവര്‍ കൂടുതലും എസ്എന്‍ഡിപിയുടെ ശ്മശാനത്തെ ആശ്രയിക്കുന്നു. അവയേക്കാള്‍ ആധുനികമായി കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച ലാലൂരിലെ പൊതുശ്മശാനത്തില്‍ മൃതദേഹങ്ങള്‍ ലഭിക്കാത്ത അവസ്ഥയാണ്.
കൃസ്ത്യാനികള്‍ക്കും മുസ്ലിമുകള്‍ക്കും പള്ളിയുമായി ബന്ധപ്പെട്ടാണല്ലോ സംസ്‌കരണം. പലയിടത്തും അവയുടെ അവസ്ഥ പരമ ദയനീയമാണ്. ചാലക്കുടിയിലെ പാടങ്ങളോടുള്ള ചേര്‍ന്നുള്ള ഒരു ശ്മശാനത്തില്‍ വര്‍ഷകാലത്ത് വെള്ളം കയറുകയും സമീപത്തെ ജലസംഭരണികളെല്ലാം മലിനപ്പെടുകയും ചെയ്തു. മിക്കപള്ളികളിലും ശ്മശാനത്തോട് വലിയ അവഗണനയാണ്. പണം കൂടുതല്‍ നല്‍കിയാല്‍ മാത്രമാണ് മൃതദേഹങ്ങള്‍ക്ക് മാന്യമായ പരിഗണന ലഭിക്കുന്നത്. മൃതദേഹങ്ങല്‍ ഒന്നിനു മകളില്‍ ഒന്നായി വലിയ ഗര്‍ത്തങ്ങളില്‍ തള്ളിയിടുന്ന രീതി തന്നെ മാറേണ്ടകാലം കഴിഞ്ഞു. പകരം വൈദ്യുതിയിലോ ഗ്യാസിലോ പ്രവര്‍ത്തിക്കുന്ന ശ്മശാനത്തില്‍ ദഹിപ്പിക്കുന്ന രീതി ഉപയോഗിക്കണം. അതിനു തടസ്സം നില്‍ക്കുന്ന വിശ്വാസങ്ങളെല്ലാം മാറണം. എത്രയോ വിശ്വാസങ്ങള്‍ സൗകര്യത്തിനനുസരിച്ച് നാം മാറ്റുന്നു. എന്തുകൊണ്ട് ഇതുമായികൂടാ? അമാനുഷമായി ശക്തിക്കായി മൃതദേഹങ്ങള്‍ ഭക്ഷിക്കുന്നതും അവയുമായി ഇണചേരുന്നതും വിശ്വാസത്തിന്റെ ഭാഗമായി സംരക്ഷിക്കാനാവില്ലല്ലോ.
ഭരണാധികാരികള്‍ തന്നെ മൃതദേഹങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന സന്ദര്‍ഭങ്ങളും കുറവല്ല. സ്വന്തം മകന്‍ രാജന്റെ മൃതദേഹമെങ്കിവും എന്തുചെയ്‌തെന്ന ചോദ്യത്തിനു മറുപടി ലഭിക്കാതെയാണല്ലോ പ്രൊഫ ഈച്ചരവാര്യരും ഭാര്യയും മരിച്ചത്.
മൃതദേഹ സംസ്‌കരണം സമൂഹത്തിന്റെ ബാധ്യതയായി മാറണം. എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും പാര്‍ക്കിംഗ്, മഴവെള്ള സംഭരണം, മാലിന്യ സംസ്‌കരണം, സോളാര്‍ പാനല്‍ തുടങ്ങിയവയോടൊപ്പം മൃതദേഹസംസ്‌കരണത്തിനുള്ള സജ്ജീകരണവും നിര്‍ബന്ധമാക്കണം. കൂടാതെ വ്യാപകമായി ആധുനിക രീതിയിലുള്ള പൊതുശ്മശാനങ്ങള്‍ വേണം. കൂടാതെ മുഖ്യമായും നഗരപ്രദേശങ്ങളില്‍ നഗരസഭകള്‍ തന്നെ മൊബൈല്‍ ശ്മശാനങ്ങള്‍ വ്യാപകമാക്കണം. മനുഷ്യാവകാശങ്ങളോടൊപ്പം മൃതദേഹങ്ങളുടെ അവകാശങ്ങളും അംഗീകരിക്കപ്പെടണം. തീര്‍ച്ചയായും മനുഷ്യര്‍ക്കുമാത്രമല്ല, മറ്റു ജീവജാലങ്ങള്‍ക്കും അതിനവകാശമുണ്ടെന്നും അംഗീകരിക്കണം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply