മീനാകുമാരിയോ വുന്‍ഡ്രുവോ പ്രശ്‌നം?
എ.ജെ. വിജയന്‍ 2014 നവംബര്‍ 12ന് കേന്ദ്ര കൃഷി മന്ത്രാലയത്തിലെ ഫിഷറീസ് വിഭാഗം ജോയിന്റ് സെക്രട്ടറി ഡോ. രാജാശേഖര്‍ വുന്‍ഡ്രു ആഴക്കടല്‍ മത്സ്യബന്ധനത്തിനായുള്ള പുതിയ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ്. അതോടെ മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ടിന് പ്രസക്തി നഷ്ടമായിരിക്കുന്നു. ഡോ. വുന്‍ഡ്രുവിന്റെ നിര്‍ദ്ദേശങ്ങളാണ് ഇപ്പോള്‍ മുഖ്യമായും വിലയിരുത്തേണ്ടത്. ആഴക്കടല്‍ മത്സ്യബന്ധനനയം പുനഃപരിശോധിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് നിയോഗിക്കപ്പെട്ട കേന്ദ്ര ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. ബി. മീനാകുമാരി അദ്ധ്യക്ഷയായ വിദഗ്ദ്ധ സമിതി നല്‍കിയ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള സംവാദങ്ങള്‍ തുടരുകയാണ്. 2014 ആഗസ്റ്റ് […]
എ.ജെ. വിജയന്‍
2014 നവംബര്‍ 12ന് കേന്ദ്ര കൃഷി മന്ത്രാലയത്തിലെ ഫിഷറീസ് വിഭാഗം ജോയിന്റ് സെക്രട്ടറി ഡോ. രാജാശേഖര്‍ വുന്‍ഡ്രു ആഴക്കടല്‍ മത്സ്യബന്ധനത്തിനായുള്ള പുതിയ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ്. അതോടെ മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ടിന് പ്രസക്തി നഷ്ടമായിരിക്കുന്നു. ഡോ. വുന്‍ഡ്രുവിന്റെ നിര്‍ദ്ദേശങ്ങളാണ് ഇപ്പോള്‍ മുഖ്യമായും വിലയിരുത്തേണ്ടത്.
ആഴക്കടല്‍ മത്സ്യബന്ധനനയം പുനഃപരിശോധിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് നിയോഗിക്കപ്പെട്ട കേന്ദ്ര ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. ബി. മീനാകുമാരി അദ്ധ്യക്ഷയായ വിദഗ്ദ്ധ സമിതി നല്‍കിയ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള സംവാദങ്ങള്‍ തുടരുകയാണ്. 2014 ആഗസ്റ്റ് ആറിന് സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന മീനാകുമാരി സമിതിയുടെ ശുപാര്‍ശകള്‍ ആഴക്കടല്‍ മത്സ്യബന്ധനം വിദേശ കപ്പലുകള്‍ക്ക് അടിയറവയ്ക്കുന്ന തരത്തിലുള്ള നിര്‍ദ്ദേശങ്ങളാണ് മുന്നോട്ട് വച്ചിട്ടുള്ളത് എന്നതുകൊണ്ടാണ് പരമ്പരാഗത മത്സ്യബന്ധ മേഖലകളില്‍ നിന്നും റിപ്പോര്‍ട്ടിനെതിരെ വലിയ പ്രതിഷേധങ്ങള്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്. അതേസമയം 2014 നവംബര്‍ 12ന് കേന്ദ്ര കൃഷി മന്ത്രാലയത്തിലെ ഫിഷറീസ് വിഭാഗം കൈകാര്യം ചെയ്യുന്ന ഉന്നത ഉദ്യോഗസ്ഥനായ ജോയിന്റ് സെക്രട്ടറി ഡോ. രാജാശേഖര്‍ വുന്‍ഡ്രു ആഴക്കടല്‍ മത്സ്യബന്ധനത്തിനായി പുതിയ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കുകയുണ്ടായി. ആഴക്കടല്‍ മത്സ്യബന്ധനത്തെക്കുറിച്ചുള്ള പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറങ്ങിയതോടെ മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ടിന് പ്രസക്തിയില്ലാതെയായിരിക്കുകയാണ്. ഡോ. വുന്‍ഡ്രു മുന്നോട്ടുവച്ച ആഴക്കടല്‍ മത്സ്യബന്ധനത്തെക്കുറിച്ചുള്ള പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കുകയും വിശകലനം ചെയ്യുകയുമാണ് ഇപ്പോള്‍ പ്രധാനം. എന്താണ് വുന്‍ഡ്രുവിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ഉള്ളടക്കമെന്നോ മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണോ അത് തയ്യാറാക്കപ്പെട്ടിരിക്കുന്നതെന്നോ ചര്‍ച്ചകള്‍ ഒട്ടുമേ നടക്കുന്നില്ല. മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് മാത്രം നടക്കുന്ന ചര്‍ച്ചകള്‍ അടിയന്തരമായി ഈ മേഖലയില്‍ കൂടി ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. കാരണം ഒരു പഠന കമ്മീഷന്റെ ശുപാര്‍ശകളേക്കാള്‍ പ്രധാനമാണ് സര്‍ക്കാര്‍ ആ വിഷയത്തില്‍ എടുത്ത തീരുമാനങ്ങളും നടപടികളും. വുന്‍ഡ്രുവിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമാണെന്നും അത് മീനാകുമാരി കമ്മീഷന്‍ ശുപാര്‍ശകളുമായി എത്രമാത്രം പൊരുത്തപ്പെടുന്നെന്നും നോക്കാം.
വുന്‍ഡ്രുവിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
കേന്ദ്ര സര്‍ക്കാറിന്റെ അധികാര പരിധിയിലുള്ള കടലിലെ (12 മൈല്‍ തുടങ്ങി 200 മൈല്‍ വരെയുള്ള ഇ.ഇ.ഇസഡ്-എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണ്‍) മീന്‍പിടുത്തത്തിന് ബാധകമായ കാര്യങ്ങളാണ് വുന്‍ഡ്രു നിര്‍ദ്ദേശിക്കുന്നത്. തീരത്തുനിന്നും 12 നോട്ടിക്കല്‍ മൈലിന് അപ്പുറമുള്ള കടലിലെ മീന്‍പിടുത്തം എന്നാണ് അദ്ദേഹം ആഴക്കടല്‍ മത്സ്യബന്ധനത്തെ നിര്‍വചിക്കുന്നത്. ഇവിടെ മീന്‍പിടിക്കുന്ന 15 മീറ്ററില്‍ കൂടുതല്‍ നീളമുള്ള ഉരു ഉപയോഗിക്കുന്ന ഏതൊരു ഇന്ത്യന്‍ പൗരനും കമ്പനിക്കും 51 ശതമാനം ഇന്ത്യന്‍ ഓഹരിയുള്ള സംയുക്ത സംരംഭത്തിനും ഈ നിര്‍ദ്ദേശങ്ങള്‍ ബാധകമാണ്.
ഈ പറയുന്ന വ്യവസ്ഥകള്‍ പ്രകാരമുള്ള ഉരുവിന് ഇന്ത്യന്‍ സര്‍ക്കാറിന്റെ അധികാരപരിധിയിലുള്ള കടലില്‍ നിന്നും മീന്‍ പിടിക്കണമെങ്കില്‍ കേന്ദ്ര ഫിഷറീസ് വകുപ്പില്‍ നിന്നും രേഖാമൂലമുള്ള അനുമതി ആവശ്യമാണ്. ഈ ഉരുക്കള്‍ സംസ്ഥാന സര്‍ക്കാറിന്റെ അധികാരപരിധിയിലുള്ള കടലില്‍ (12 മൈല്‍ വരെ) മീന്‍പിടിക്കാന്‍ പാടില്ല. സര്‍ക്കാര്‍ നിരോധിക്കുന്ന കാലയളവില്‍ മീന്‍പിടുത്തം പാടില്ല. ബോട്ടം ട്രോളിംഗ്, പെയര്‍ ട്രോളിംഗ്, ബുള്‍ ട്രോളിംഗ് തുടങ്ങിയ നിയമേതര മീന്‍പിടുത്ത രീതികളും ഒഴിവാക്കണം. ഉരുവില്‍ വിദേശ തൊഴിലാളികളെ ജോലിക്ക് നിയമിച്ചാല്‍ ആ വിവരം വകുപ്പിനെ അറിയിക്കണം. മീന്‍പിടുത്തം തുടങ്ങുകയും തീരുകയും ചെയ്യുന്ന തീയതികള്‍ കോസ്റ്റ് ഗാര്‍ഡിനെ അറിയിക്കണം. 2014 നവംബര്‍ 28ന് ഇറങ്ങിയ പബ്ലിക് നോട്ടീസില്‍ പറയുന്നത്, മീന്‍പിടിക്കുന്നതിനുള്ള അപേക്ഷയോടൊപ്പം 10000 രൂപ പ്രോസസിംഗ് ഫീസും വേണമെന്നാണ്. യോഗ്യരായ അപേക്ഷകര്‍ക്ക് ഒരു വര്‍ഷത്തെ താത്കാലിക അനുമതിയും തുടര്‍ന്ന് അഞ്ച് വര്‍ഷത്തെ മത്സ്യബന്ധനാനുമതിയുമാണ് നല്‍കുന്നത്.
ആരെയാണ് ബാധിക്കുന്നത്?
വുന്‍ഡ്രു ഈ പറയുന്ന നിര്‍ദ്ദേശങ്ങള്‍ തീര്‍ച്ചയായും ചെറുകിട മത്സ്യബന്ധന മേഖലയെയാണ് ബാധിക്കാന്‍ പോകുന്നത്. അതെങ്ങനെ എന്ന് നോക്കാം. നിലവില്‍ സംസ്ഥാന സര്‍ക്കാറിന്റെ അധീനതയിലുള്ള 12 മൈല്‍ വരെയുള്ള കടലിലാണ് ചെറുകിട ഫിഷിംഗ് ബോട്ടുകള്‍ മത്സ്യബന്ധനം നടത്തുന്നത്. 12 മൈലിന് അപ്പുറം മത്സ്യബന്ധനം നടത്തണമെങ്കില്‍ കേന്ദ്രത്തിന്റെ അനുമതിയും ഉരുവിന് 15 മീറ്ററില്‍ കൂടുതല്‍ നീളവും വലിയ തുക ഫീസായി നല്‍കുകയും വേണം. ഇക്കാര്യങ്ങള്‍ പരിഗണിച്ചാല്‍, നിലവില്‍ ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകള്‍ മിക്കതും 12 മൈലിനുള്ളിലേക്ക് (തീരക്കടലില്‍) മീന്‍പിടിക്കാനെത്തിത്തുടങ്ങും.
എന്താണ് മീനാകുമാരി റിപ്പോര്‍ട്ട്?
കഴിഞ്ഞ യു.പി.എ സര്‍ക്കാറിന്റെ കാലത്താണ് (2013 ആഗസ്റ്റ് 1) ആഴക്കടല്‍ മത്സ്യബന്ധനനയം പുനരവലോകനം ചെയ്യാന്‍ മീനാകുമാരി കമ്മീഷനെ നിയോഗിക്കന്നത്. 2014 ആഗസ്റ്റ് 6ന് ആണ് അവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. നാല് പരിഗണനാവിഷയങ്ങളായിരുന്നു കമ്മീഷനുണ്ടായിരുന്നത്. 2004ലെ സമഗ്രമായ കടല്‍ മത്സ്യമേഖലാ നയം അവലോകനം ചെയ്യുക. പുതിയൊരു നയം നിര്‍ദ്ദേശിക്കുക എന്നതായിരുന്നു അതില്‍ മുഖ്യം. എന്നാല്‍ 2013 ല്‍ യു.പി.എ സര്‍ക്കാര്‍ ഇങ്ങനെയൊരു കമ്മീഷനെ നിയോഗിച്ചതിന്റെ സാഹചര്യം എന്തായിരുന്നു എന്നത് ഇപ്പോഴും വ്യക്തമല്ല. മത്സ്യനയത്തിന്റെ അവലോകനമായിരുന്നു മുഖ്യപരിഗണനാ വിഷയമെങ്കിലും ആഴക്കടല്‍ മത്സ്യബന്ധന നയവും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പുനരവലോകനം ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് കമ്മീഷന്റെ തലക്കെട്ടില്‍ നിന്നും വ്യക്തമാകുന്നു. എന്നാല്‍ നിലവിലുണ്ടായിരുന്ന ആഴക്കടല്‍ മത്സ്യബന്ധന നയം പുനരവലോകനം ചെയ്യുന്നതിനുള്ള സാഹചര്യം എന്തായിരുന്നു എന്ന് എവിടെയും പറയുന്നില്ല.
മീനാകുമാരിയുടെ പ്രധാന ശുപാര്‍ശകള്‍
കമ്മീഷന്റെ പ്രധാന നിര്‍ദ്ദേശങ്ങളെ ഈവിധം മൂന്നായി ചുരുക്കാം.
1. തീരത്തുനിന്നും 200 മീറ്റര്‍ വരെ ആഴമുള്ള കടലില്‍ പരമാവധിയും അമിതമായും മീന്‍പിടുത്തം നടക്കുന്നതിനാല്‍ പരിപാലന നിയന്ത്രണ നടപടികള്‍ വേണം. 2. 200 മീറ്റര്‍ മുതല്‍ 500 മീറ്റര്‍ വരെയുള്ള കടല്‍ ബഫര്‍ സോണ്‍ (ആര്‍ക്കും മീന്‍പിടിക്കാന്‍ അനുവാദമില്ലാത്ത സ്ഥലം) ആക്കണം. 3. 500 മീറ്ററില്‍ കൂടുതല്‍ ആഴമുള്ള കടലില്‍ മാത്രം മീന്‍ പിടിക്കാന്‍ 1178 ഉരുക്കള്‍ക്ക് ആകാം. ഇപ്പോഴുള്ളവ കൂടാതെ 270 കൂടി ഇവിടെ അനുവദിക്കാം.
മീനാകുമാരി കമ്മീഷന്‍ ആഴത്തിന്റെ അടിസ്ഥാനത്തിലാണ് ആഴക്കടല്‍ മത്സ്യബന്ധന ഉരുക്കള്‍ക്ക് പരിധി നിശ്ചയിച്ചത്. 500 മീറ്റര്‍ ആഴമുള്ള കടല്‍ കേരള തീരത്ത് 50 മുതല്‍ 100 മീറ്റര്‍ വരെ അകലെയാണ്. വുന്‍ഡ്രു തീരത്തുനിന്നുള്ള ദൂരത്തിന്റെ അടിസ്ഥാനത്തിലാണ് ആഴക്കടല്‍ ഉരുക്കള്‍ക്ക് പ്രവര്‍ത്തന മേഖല നിര്‍ദ്ദേശിച്ചിരിക്കുന്നത് എന്നതാണ് ഇവരുടെ നിര്‍ദ്ദേശങ്ങള്‍ തമ്മിലുള്ള പ്രധാന വ്യത്യാസം. മാത്രമല്ല വുന്‍ഡ്രു കേന്ദ്രസര്‍ക്കാറിന്റെ പരിധിയിലുള്ള കടല്‍ മേഖല ഏതാണ്ട് മുഴുവനും ആഴക്കടല്‍ ഉരുക്കള്‍ക്ക് തുറന്നുകൊടുക്കുന്നുണ്ട്.
എന്നാല്‍ മീനാകുമാരി കമ്മീഷന്റെ വിശകലനങ്ങളും ശുപാര്‍ശകളും തമ്മില്‍ ഒരുപാട് വൈരുദ്ധ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. നമ്മുടെ തദ്ദേശിയ ചെറുകിട മീന്‍പിടുത്തക്കാര്‍ ഇന്ത്യയുടെ അധികാരപരിധിയിലെ സമുദ്രത്തിലുള്ള പിടിച്ചെടുക്കാവുന്ന മത്സ്യസമ്പത്ത് ഏതാണ്ട് പൂര്‍ണ്ണമായും പിടിച്ചെടുക്കുന്നുണ്ട് എന്നാണ് മീനാകുമാരി കമ്മീഷന്റെ വിലയിരുത്തല്‍. ആ വിലയിരുത്തല്‍ നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ആഴക്കടല്‍ കപ്പലുകള്‍ക്ക് വീണ്ടും ഇവിടെ അനുമതി നല്‍കുന്നത്. 500 മീറ്റര്‍ ആഴത്തിനപ്പുറമുള്ള ചൂര, കണവ എന്നീ മത്സ്യങ്ങള്‍ പിടിച്ചെടുക്കാന്‍ 270 പുതിയ ഉരുക്കള്‍ക്ക് അനുമതി നല്‍കാനാണ് ശുപാര്‍ശ. നിലവില്‍ 908 ഉരുക്കള്‍ക്ക് അനുമതിയുണ്ടെന്നും അതിന്റെ കൂടെയാണ് 270 പുതിയവയ്ക്ക് നല്‍കണമെന്നും പറയുന്നത്. ഈ ശുപാര്‍ശയാണ് ഏറ്റവുമധികം ആക്ഷേപങ്ങള്‍ക്ക് കാരണമായിട്ടുള്ളതും. കമ്മീഷന്‍ നടത്തിയ വിശകലനം വായിച്ച ശേഷം ഈ ശുപാര്‍ശ കാണുന്നവര്‍ക്ക് ഇതില്‍ ഉറപ്പായും ആശ്ചര്യം തോന്നും. ഡോ. രാജാശേഖര്‍ വുന്‍ഡ്രു തന്നെയാണ് ഈ ശുപാര്‍ശ റിപ്പോര്‍ട്ടില്‍ ഉണ്ടാകണമെന്ന് നിര്‍ദ്ദേശിച്ചതെന്നാണ് മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ട് സൂക്ഷ്മമായി വായിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയുന്നത്. മീനാകുമാരി കമ്മീഷന്‍ ആകെ നടത്തിയ നാല് സിറ്റിംഗുകളുടെ മിനുട്ട്‌സ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത് സൂക്ഷ്മമായി വായിക്കുമ്പോഴാണ് വുന്‍ഡ്രുവിന്റെ ഇടപെടല്‍ നമുക്ക് വ്യക്തമാകുന്നത്. കമ്മീഷനെ നിയമിച്ച ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ഒന്നാമത്തെ യോഗത്തില്‍ ഇദ്ദേഹം പങ്കെടുക്കുകയും തന്റെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്നുള്ള യോഗങ്ങളുടെ മിനുട്ട്‌സില്‍ തദ്ദേശീയ മീന്‍പിടുത്ത ഉരുക്കളെ ആഴക്കടല്‍ മീന്‍പിടുത്തത്തിന് പര്യാപ്തമാക്കി വികസിപ്പിക്കണമെന്ന് നിര്‍ദ്ദേശങ്ങളുണ്ടായിരുന്നെങ്കിലും അന്തിമ റിപ്പോര്‍ട്ടില്‍ വന്‍കിട ഉരുക്കള്‍ക്ക് വേണ്ടിയുള്ള ശുപര്‍ശയാണ് ഇടംകണ്ടത്. കൃഷി മന്ത്രാലയത്തിലെ ഫിഷറീസ് വിഭാഗം ജോയിന്റ് സെക്രട്ടറി എന്ന നിലയിലുള്ള അധികാരം ഉപയോഗിച്ച് ഡോ. വുന്‍ഡ്രു ഉള്‍ച്ചേര്‍ത്ത നിര്‍ദ്ദേശമാണ് ഇതെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.
കേരളത്തെ എങ്ങനെ ബാധിക്കും?
വുന്‍ഡ്രുവിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എങ്ങനെയാണ് കേരളത്തെ ബാധിക്കാന്‍ പോകുന്നതെന്ന് പരിശോധിക്കാം. മറ്റ് സംസ്ഥാനങ്ങളില്‍ ഉള്ളതിനേക്കാള്‍ ഏറെ ചെറുകിട മത്സ്യബന്ധന ഉരുക്കളുള്ള സംസ്ഥാനമാണ് കേരളം. 12 മൈലിന് വെളിയിലുള്ള ആഴക്കടലില്‍ ഇവിടെ മത്സ്യമേഖല വളരെ സജീവവുമാണ്. പുതിയ ഉത്തരവ് കര്‍ശനമായി നടപ്പിലാക്കിയാല്‍ 12 മൈലിന് വെളിയിലുള്ള യന്ത്രബോട്ടുകളും, മോട്ടോര്‍വത്കൃത വള്ളങ്ങളും നാടന്‍ ഉരുക്കളുമെല്ലാം 12 മൈലിന് ഉള്ളിലുള്ള തീരത്തേക്ക് എത്തുകയും അത് സംഘര്‍ഷ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ചെറുകിട ഉരുക്കള്‍ 12 മൈലിന് അപ്പുറം പോയി മീന്‍പിടുത്തം നടത്തിയാല്‍ അത് നിയമലംഘനമായി മാറുകയും ചെയ്യും. ചെറുകിട മത്സ്യബന്ധന മേഖലയ്ക്ക് ഇക്കാര്യങ്ങള്‍ വലിയ തിരിച്ചടിയായി മാറും. മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ടിനേക്കാള്‍ മാരകമായ പ്രഹരമായി ഈ നിര്‍ദ്ദേശങ്ങള്‍ മാറുമെന്ന് ചുരുക്കം.
അതിനാല്‍ മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളണമെന്ന ആവശ്യമല്ല ഇപ്പോള്‍ ഉയര്‍ത്തേണ്ടത്. മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം പുറത്തുവന്നിരിക്കുന്ന ഡോ. വുന്‍ഡ്രുവിന്റെ ആഴക്കടല്‍ മത്സ്യബന്ധന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ റദ്ദാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള സമരമാണ് തീരദേശത്ത് നിന്നും ഇപ്പോള്‍ ഉയര്‍ന്നുവരേണ്ടത്.
കേരളീയം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in