മി ടൂ – സര്‍ഗ്ഗാത്മകമായ സ്ത്രീപ്രതിരോധം
ഹരികുമാര്‍ അടുത്ത കാലത്തായി ലോകം കണ്ട ഏറ്റവും സര്‍ഗ്ഗാത്മകമായ സ്ത്രീപ്രതിരോധം മി ടൂ കാമ്പയിന്‍ ഇന്ത്യയിലും കേരളത്തിലും അലയൊലികള്‍ സൃഷ്ടിക്കുന്ന കാഴ്ചയാണ് ദിനംപ്രതി കാണുന്നത്. സ്ത്രീകള്‍ക്കു നേരേ നടക്കുന്ന കടന്നുകയറ്റങ്ങള്‍ക്കും മാനസികവും ശാരീരികവുമായ പീഢനങ്ങള്‍ക്കാക്കുമെതിരെ ലോകമെമ്പാടുമുള്ള സ്ത്രീകള്‍ ഒന്നിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ഏതു രാജ്യമായാലും അവിടെ ജീവിക്കുന്ന സ്ത്രീകള്‍ നേരിടേണ്ടിവരുന്ന ചൂഷണങ്ങളെയാണ് സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ അവര്‍ തുറന്നുപറയുന്നത്. ഏതു മേഖലയിലുള്ളവരായാലും സ്ത്രീകള്‍ നേരിടുന്ന പൊതുപ്രശ്‌നമാണെന്ന നിലപാടാണ് ഈ കാമ്പയിനിന്റെ ശക്തി. അലിസ്സ മിലാനോ എന്ന […]
ഹരികുമാര്‍
അടുത്ത കാലത്തായി ലോകം കണ്ട ഏറ്റവും സര്‍ഗ്ഗാത്മകമായ സ്ത്രീപ്രതിരോധം മി ടൂ കാമ്പയിന്‍ ഇന്ത്യയിലും കേരളത്തിലും അലയൊലികള്‍ സൃഷ്ടിക്കുന്ന കാഴ്ചയാണ് ദിനംപ്രതി കാണുന്നത്. സ്ത്രീകള്‍ക്കു നേരേ നടക്കുന്ന കടന്നുകയറ്റങ്ങള്‍ക്കും മാനസികവും ശാരീരികവുമായ പീഢനങ്ങള്‍ക്കാക്കുമെതിരെ ലോകമെമ്പാടുമുള്ള സ്ത്രീകള്‍ ഒന്നിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ഏതു രാജ്യമായാലും അവിടെ ജീവിക്കുന്ന സ്ത്രീകള്‍ നേരിടേണ്ടിവരുന്ന ചൂഷണങ്ങളെയാണ് സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ അവര്‍ തുറന്നുപറയുന്നത്. ഏതു മേഖലയിലുള്ളവരായാലും സ്ത്രീകള്‍ നേരിടുന്ന പൊതുപ്രശ്‌നമാണെന്ന നിലപാടാണ് ഈ കാമ്പയിനിന്റെ ശക്തി.
അലിസ്സ മിലാനോ എന്ന വനിത തന്റെ അനുഭവം ട്വിറ്ററിലൂടെ പങ്കുവെക്കുകയും മറ്റുള്ളവരകൊണ്ട് തങ്ങളുടെ അനുഭവങ്ങള്‍ മി ടൂ വിലൂടെ ഷെയര്‍ ചെയ്യാന്‍ പ്രോത്സാഹിപ്പിച്ചതിലൂടെയുമാണ് മി ടൂ ലോകശ്രദ്ധ നേടിയത്. നാളിത് വരെയുള്ള ജീവിതത്തില്‍ ഒരിക്കലെങ്കിലും നിങ്ങള്‍ ലൈംഗികമായി ആക്രമണമോ പീഡനമോ അനുഭവിച്ചിട്ടുണ്ടെങ്കില്‍ നിങ്ങളുടെ വാളില്‍ #metoo എന്ന ഹാഷ് ടാഗോടെ പോസ്റ്റ് ഇടാം, ഒപ്പം നിങ്ങള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയുമാകാം. ക്യാംമ്പെയ്ന്‍ തുടങ്ങി മണിക്കൂറുകള്‍ക്കകം നിരവധി പേര്‍ പോസ്റ്റിടുന്ന കാഴ്ച്ചയാണ് ഫേസ്ബുക്കില്‍ കണ്ടത്. ഇരയാകേണ്ടി വന്നതിലെ സഹതാപമോ അപകര്‍ഷതയോ അല്ല, സംഭവിച്ചത് വിളിച്ച് പറയാന്‍ കഴിയുന്ന ധൈര്യമാണ് എവിടെയും കണ്ടത്. ഇരയല്ല, മറിച്ച് പോരാളിയാണ് തങ്ങള്‍ എന്ന് ഉറക്കെ വിളിച്ച് പറയുകയാണ്. തങ്ങള്‍ക്കല്ല, ആക്രമിച്ചവനാണ് നാണക്കേട് എന്നും.
സമീപദിവസങ്ങളില്‍ ഇന്ത്യയിലും ഈ കാമ്പയിന്‍ ആളിപടരുകയാണ്. രാഷ്ട്രീയ – സിനിമ – മാധ്യമ – കായിക രംഗത്തുനിന്നെല്ലാം നിരവധി പേര്‍ മി ടൂ എന്നു പറഞ്ഞ് രംഗത്തെത്തികഴിഞ്ഞു. സമീപദിവസങ്ങളില്‍ കുടിങ്ങിയവരില്‍ പ്രമുഖര്‍ കേന്ദ്ര സഹമന്ത്രി എംജെ അക്ബറും നടന്‍ നാനാ പടേക്കറുമാണ്. നൈജീരിയയില്‍ വിദേശ പര്യടനം നടത്തുന്ന എംജെ അക്ബറിനോട് എല്ലാം മതിയാക്കി ഇന്ത്യയില്‍ തിരിച്ചെത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. നടി തനുശ്രീദത്തയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ നടന്‍ നാനാപടേക്കറിനെതിരേ മുംബൈയില്‍ പോലീസ് കേസെടുക്കുകയും ചെയ്തു.
നേരത്തെ മാധ്യമപ്രവര്‍ത്തകനായിരുന്ന അക്ബറിനെതിരേ മീടൂവില്‍ ഏഴു മാധ്യമപ്രവര്‍ത്തകരാണ് പീഡനാരോപണം നടത്തിയിരിക്കുന്നത്. ഇതില്‍ ഏഷ്യന്‍ ഏജിലെ മുന്‍ മാധ്യമപ്രവര്‍ത്തക ജസാലാ വഹാബ് ഉന്നയിച്ച ആരോപണത്തെ പിന്തുണച്ച് സീമാ മുസ്തഫ എന്ന മാധ്യമപ്രവര്‍ത്തക കൂടി രംഗത്ത് വന്നതോടെ സംഭവത്തിന് ചൂടു പിടിച്ചു. ഇത്രയും ആരോപണം നേരിടുന്ന ഒരാളെ പാര്‍ട്ടിയില്‍ വെച്ചു കൊണ്ടിരിക്കുന്നത് പ്രതിഛായ മോശമാക്കുമെന്ന വിമര്‍ശനമാണ് ബിജെപിയില്‍ ശക്തമായിരിക്കുന്നത്.
മറുവശത്ത് നാനാപടേക്കറിന് പുറമേ ചിത്രത്തിന്റെ നിര്‍മ്മാതാവ് സാമി സിദ്ദിഖ്വി, സംവിധായകന്‍ രാകേഷ് സാരംഗ്, നൃത്ത സംവിധായകന്‍ ഗണേശ് ആചാര്യ എന്നിവരേയും പ്രതികളാക്കിയാണ് കേസെടുക്കുന്നത്.. നേരത്തേ തനുശ്രീദത്ത എഴുതി നല്‍കിയ പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമായിരുന്നു ഇന്നലെ പോലീസ് നടിയെ വിളിച്ചു വരുത്തി മൊഴിയെടുത്തത്. 2008 മാര്‍ച്ചില്‍ ഗുര്‍ഗോണിലെ സെറ്റില്‍ വെച്ചായിരുന്നു നടിയോട് നാനാപടേക്കര്‍ മോശമായി പെരുമാറിയത്. സ്റ്റുഡിയോയില്‍ നിന്നും മടങ്ങുമ്പോള്‍ തന്റെ കാര്‍ ആക്രമിച്ച മഹാരാഷ്ട്രാ നവനിര്‍മ്മാണ്‍ സേനയിലെ അംഗങ്ങള്‍ക്കെതിരേയും ലൈംഗികാതിക്രമത്തിന് താരം കേസ് നല്‍കിയിട്ടുണ്ട്.
ക്യാംപയിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സൂപ്പര്‍താരമായ ആമീര്‍ഖാനും ഭാര്യ കിരണ്‍ റാവുവും. സുഭാഷ് കപൂറിന്റെ ചിത്രത്തില്‍ നിന്നും പിന്മാറുകയാണെന്നു ആമിര്‍ തന്റെ ട്വിറ്ററിലൂടെ അറിയിക്കുകയായികരുന്നു. സുഭാഷ് കപൂറിനെതിരെ നടി ഗീതിക ത്യാഗി ലൈംഗികാരോപണം നല്‍കിയതിന് പിന്നാലെയാണിത്. ലൈംഗീക അതിക്രമങ്ങള്‍ നേരിട്ടവര്‍ക്കൊപ്പമാണ് തങ്ങളെന്നും ആരോപണം നേരിടുന്നവരുമായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അമീര്‍ ഖാന്‍ തന്റെ ട്വിറ്ററിലൂടെ വ്യക്തമാക്കി. തങ്ങള്‍ ആരേയും കുറ്റക്കാരനാണെന്ന് വിധിക്കുന്നില്ല എന്നും കുറ്റം തെളിയുന്നതുവരെ ഞങ്ങള്‍ മാറി നില്‍ക്കുകയാണെന്നും അമീര്‍ ഖാന്‍ ട്വിറ്ററില്‍ കുറിച്ചു. പിന്നാലെ തെന്നിന്ത്യന്‍ സിനിമകളില്‍ നിന്നും നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞ് ധനുഷ് നായകനായ അനേകനിലെ നായിക അമെയ്രാ ദസ്തൂറും രംഗത്തുവന്നു. ഒരു സിനിമയിലെ ഇഴുകിചേര്‍ന്നുള്ള രംഗത്തിനിടെ നായകനും സംവിധായകനും മോശമായി പെരുമാറിയെന്നാണ് നടിയുടെ ആരോപണം. ഇവര്‍ പ്രബലരായതിനാല്‍ പേരു പറയാന്‍ വിസമ്മതിച്ചു കൊണ്ടാണ് നടിയുടെ വെളിപ്പെടുത്തല്‍.
അതിനിടെ ശ്രീലങ്കയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത നായകനും നിലവില്‍ പെട്രോളിയം മന്ത്രിയുമായ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ അര്‍ജുന രണതുംഗയ്ക്ക് എതിരേ മുന്‍ ഇന്ത്യന്‍ എയര്‍ഹോസ്റ്റസ് ലൈംഗികാരോപണം ഉന്നയിച്ചു. ഇന്ത്യാ പര്യടനത്തിനിടയില്‍ ഹോട്ടല്‍ മുറിയില്‍ വെച്ച് അര്‍ജുന രണതുംഗ തന്റെ അരക്കെട്ടില്‍ ചുറ്റിപ്പിടിച്ച് ചുംബിക്കാന്‍ ശ്രമിച്ചതായാണ് ആരോപിച്ചിരിക്കുന്നത്. മീ ടൂ ക്യാമ്പയിന്റെ ഭാഗമായി ക്രിക്കറ്റ് ലോകത്തു നിന്നുള്ള ആദ്യ ലൈംഗികാരോപണമാണ് പുറത്തു വന്നിരിക്കുന്നത്. താന്‍ നേരിട്ട അനേകം പീഡനാനുഭവങ്ങള്‍ക്കൊപ്പമാണ് അര്‍ജുന രണതുംഗയില്‍ നിന്നും നേരിട്ട ദുരനുഭവത്തെക്കുറിച്ചും യുവതി സൂചിപ്പിച്ചിരിക്കുന്നത്. ഫുട്‌ബോള്‍ ദൈവം സാക്ഷാല്‍ കൃസ്ത്യാനോ റൊണാള്‍ഡോക്കെതിരേയും ആരോപണമുണ്ട്. പ്രമുഖ നോവലിസ്റ്റ് ചേതന്‍ ഭഗത്, ഹോളിവുഡ് സംവിധായകന്‍ വികാസ് ബാഹ്ല്, ടൈംസ് ഓഫ് ഇന്ത്യ മുന്‍ എക്സിക്യൂട്ടീവ് എഡിറ്ററും ഡിഎന്‍എ എഡിറ്റര്‍ ഇന്‍ ചീഫുമായ ഗൗതം അധികാരി എന്നിവര്‍ക്കെതിരേയും ആരോപണമുണ്ട്. ഇതിനിടയില്‍ തന്നെയാണ് മലയാളനടനും എം എല്‍ എയുമായ മുകേഷിനെതിരേയും ആരോപണം ഉയര്‍ന്നത്. കോണ്‍ഗ്രസ്സില്‍ നിന്ന് അടുത്തയിടെ സിപിഎമ്മിലെത്തിയ ശോഭനാജോര്‍ജ്ജ് മി ടൂ എന്നു കുറിച്ചെങ്കിലും കൂടുതല്‍ പറഞ്ഞില്ല. പി കെ ശശി എം എല്‍ എക്കെതിരെ പാര്‍ട്ടിയില്‍ പരാതി നല്‍കിയ പെണ്‍കുട്ടി സോഷ്യല്‍ മീഡിയയിലല്ലെങ്കിലും പറഞ്ഞത് മി ടൂ എന്നു തന്നെയാണ്. ബിഷപ്പിനെതിരം പരാതി പറഞ്ഞ കന്യാസി്ത്രീയും.
തീര്‍ച്ചയായും മി ടൂവിനെതിരേയും വിമര്‍ശനങ്ങളുണ്ട്. എന്തുകൊണ്ട് അന്നു പറഞ്ഞില്ല, എതിര്‍ത്തില്ല എന്ന പലരും മറുപടി പറഞ്ഞതുതന്നെ ആദ്യചോദ്യം. രണ്ടിനും കഴിയാത്ത സാഹചര്യങ്ങളെ കുറിച്ച് അറിയാത്തതല്ല ഈ ചോദ്യത്തിനു പ്രചോദനം. ഇപ്പോള്‍ സാഹചര്യം മെച്ചപ്പെട്ടതിനാല്‍ പറയുന്നത് നേരത്തെ പറയാത്തതിന്റെ പേരില്‍ തെറ്റാവുന്നുമില്ല. സമ്മതത്തോടെയുള്ള ബന്ധങ്ങളെ പിന്നീട് പീഡനമാക്കുന്നു എന്നതാണ് മറ്റൊന്ന്. പലപ്പോഴും ഈ സമ്മതം സൃഷ്ടിക്കുന്നത് അധികാരവും ഭീഷണിയും കടപ്പാടുകളും പ്രലോഭനങ്ങളും മറ്റ് സാഹചര്യങ്ങളുമായിരിക്കും. അവ യഥാര്‍ത്ഥ സമ്മതങ്ങളാകില്ലല്ലോ. ചിലപ്പോള്‍ വിരലിലെണ്ണാവുന്ന സംഭവങ്ങള്‍ അങ്ങനേയുമുണ്ടാകാം. എല്ലാറ്റിനേയും ദുരുപയോഗം ചെയ്യുന്നവരുമുണ്ടാകാമല്ലോ. പലരും വെറുതെ പറയുന്നു, കേസ് കൊടുക്കുന്നില്ല എന്നും കുറ്റപ്പെടുത്തുന്നവരുണ്ട്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ് തന്നെ ഇത്തരത്തില്‍ പ്രതികരിച്ചിരുന്നു. ലൈംഗീകാരോപണങ്ങള്‍ ഉന്നയിക്കുന്ന സ്ത്രീകള്‍ തെളിവു നല്‍കുന്ന കാര്യത്തിലും ശ്രദ്ധിക്കണമെന്നാണ് മെലാനിയ ട്രംപ് പറയുന്നത്. വിവാദ വെളിപ്പെടുത്തലുകള്‍ നടത്തുന്നതില്‍ മാത്രമായി മീ ടൂ ക്യാമ്പയിന്‍ ചുരുങ്ങരുതെന്നാണ് മെലാനിയയുടെ വാദം. എന്നാല്‍ വര്‍ഷങ്ങള്‍ക്കുശേഷം ഇതുമായി ബന്ധപ്പെട്ട് കേസിനു പുറകെ നടക്കാന്‍ സമയവും സൗകര്യവും താല്‍പ്പര്യവും ഉണ്ടാകണമെന്നു വാശി പിടിക്കുന്നതില്‍ എന്തര്‍ത്ഥം? തുറന്നു പറയുക എന്നതുതന്നെ അതിനേക്കാള്‍ വലിയ കാര്യമാണ്. അതുവഴി ലഭിക്കുന്ന ആശ്വാസം ചെറുതായിരിക്കില്ല. അതിനേക്കാളുപരി വരുംതലമുറക്കെങ്കിലും ഇത്തരം അനുഭവങ്ങള്‍ ഇല്ലാതാകാന്‍ ഈ തുറന്നു പറച്ചിലുകള്‍ സഹായിക്കുമെങ്കില്‍ അതായിരിക്കും മി ടൂ കാമ്പയിനിന്റെ ചരിത്രത്തിലെ സ്ഥാനം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in