മാവേലിയെ തിരിച്ചുപിടിക്കേണ്ട കാലം
സമത്വത്തിന്റേയും സാഹോദര്യത്തിന്റേയും പ്രതീകമായി മലയാളി കാണുന്ന മഹാബലിക്കെതിരെ അടുത്ത കാലത്തായി സംഘപരിവാര്‍ ശക്തികള്‍ സജീവമായി രംഗത്തുവരുന്ന കാഴ്ചയാണ് കാണുന്നത്. മഹാബലിയെ ഒരു വശത്ത് സവര്‍ണ്ണനും മറുവശത്ത് കോമാളിയുമായി ചിത്രീകരിച്ചിരുന്ന രീതിക്കെതിരെ അദ്ദേഹത്തിന്റെ അസുരസ്വത്വം ഉയര്‍ത്തിപിടിക്കുന്ന ചര്‍ച്ചകള്‍ അടുത്ത കാലത്തായി കേരളത്തില്‍ സജീവമായിട്ടുണ്ട്. അത്തരത്തിലുള്ള മാവേലിയുടെ ചിത്രങ്ങളും പ്രചാരത്തിലായിട്ടുണ്ട്. മഹാബലിയുടെ രൂപത്തെ വികൃതമാക്കിയ നടപടിക്കെതിരേ നടപടി വേണമെന്നും അസുര ചക്രവര്‍ത്തിക്കു ചേര്‍ന്ന രൂപം നല്‍കാന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് ചില ദലിതു സംഘടനകള്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനവും നല്‍കിയിരുന്നു. ഈ […]
സമത്വത്തിന്റേയും സാഹോദര്യത്തിന്റേയും പ്രതീകമായി മലയാളി കാണുന്ന മഹാബലിക്കെതിരെ അടുത്ത കാലത്തായി സംഘപരിവാര്‍ ശക്തികള്‍ സജീവമായി രംഗത്തുവരുന്ന കാഴ്ചയാണ് കാണുന്നത്. മഹാബലിയെ ഒരു വശത്ത് സവര്‍ണ്ണനും മറുവശത്ത് കോമാളിയുമായി ചിത്രീകരിച്ചിരുന്ന രീതിക്കെതിരെ അദ്ദേഹത്തിന്റെ അസുരസ്വത്വം ഉയര്‍ത്തിപിടിക്കുന്ന ചര്‍ച്ചകള്‍ അടുത്ത കാലത്തായി കേരളത്തില്‍ സജീവമായിട്ടുണ്ട്. അത്തരത്തിലുള്ള മാവേലിയുടെ ചിത്രങ്ങളും പ്രചാരത്തിലായിട്ടുണ്ട്. മഹാബലിയുടെ രൂപത്തെ വികൃതമാക്കിയ നടപടിക്കെതിരേ നടപടി വേണമെന്നും അസുര ചക്രവര്‍ത്തിക്കു ചേര്‍ന്ന രൂപം നല്‍കാന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് ചില ദലിതു സംഘടനകള്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനവും നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് സംഘപരിവാര്‍ ശക്തികള്‍ രംഗത്തുവരാനാരംഭിച്ചതെന്നത് കേവലം യാദൃച്ഛികമല്ല. കഴിഞ്ഞ വര്‍ഷം ഓണം മാവേലി സ്മരണയല്ല, വാമന സ്മരണയാണെന്ന വാദം ഉയര്‍ത്തി കൊണ്ടുവന്നിരുന്നു. സാക്ഷാല്‍ അമിത് ഷാ തന്നെ അത്തരത്തില്‍ അഭിപ്രായപ്പെട്ടു. ആര്‍.എസ്.എസിന്റെ മുഖമാസികയായ കേസരിയില്‍ ഓണം വാമനജയന്തിയാണെന്നു ലേഖനവും പ്രസിദ്ധീകരിച്ചു.അതിന്റെ തുടര്‍ച്ചയായ ഒരു സംഭവമാണ് ഇപ്പോള്‍ തൃക്കാക്കരയില്‍ അരങ്ങേറുന്നത്.
തൃക്കാക്കര വാമനക്ഷേത്രത്തില്‍ മഹാബലിയുടെ സ്മൃതിമണ്ഡപം സ്ഥാപിക്കുന്നതിനെതിരേ ഹിന്ദു ഐക്യവേദി രംഗത്തെത്തിയിരിക്കുകയാണ്. ക്ഷേത്രത്തില്‍ മഹാബലിയുടെ സ്മൃതിമണ്ഡപം സ്ഥാപിക്കുന്നത് നിര്‍ത്തിവയ്ക്കണമെന്നാണ് അവരുടെ ആവശ്യം. കാരണം മറ്റൊന്നുമല്ല, അസുര ഗണത്തില്‍പ്പെടുന്നമാവേലി ദേവഗണത്തില്‍ പെടുന്ന വാമനമൂര്‍ത്തിയുടെ ക്ഷേത്രത്തില്‍ പാടില്ല !! ഈയാവശ്യമുന്നയിച്ച് ഹിന്ദു ഐക്യവേദി കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. കോടതിയാകട്ടെ കൊച്ചി ദേവസ്വം ബോര്‍ഡിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
വാസ്തവത്തില്‍ ആരായിരുന്നു മഹാബലി? മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ… എന്ന വരികള്‍ പാടാത്ത മുതിര്‍ന്ന മലയാളികള്‍ ആരുമുണ്ടാവില്ല. എന്നാല്‍ സഹോദരന്‍ അയ്യപ്പന്‍ രചിച്ച ഈ ഓണപ്പാട്ടിന്റെ ബാക്കി വരികള്‍ ആരും പാടാറില്ല. ആ വരികള്‍ ആരാണ് മാവേലി എന്നു വ്യക്തമാക്കും.
ബ്രാഹ്മണര്‍ക്കീര്‍ഷ്യ വളര്‍ന്നു വന്നി
ഭൂതി കെടുക്കാനവര്‍ തുനിഞ്ഞു
കൗശല മാര്‍ന്നൊരു വാമനനെ
വിട്ടു ചതിച്ചവര്‍ മാബലിയെ
ദാനം കൊടുത്ത സുമതി തന്റെ
ശീര്‍ഷം ചവിട്ടിയായാചകനും
അന്നുതൊട്ടിന്ത്യയധ: പതിച്ചു
മന്നിലധര്‍മ്മം സ്ഥലം പിടിച്ചു.
അന്ന് തൊട്ട് ഇന്ത്യ അധപതിച്ചെന്നും മന്നിലധര്‍മ്മം സ്ഥലം പിടിച്ചു എന്നുമാണ് കവി പറയുന്നത്. കൂടാതെ തുടര്‍ന്ന് ശക്തമായ, ചാതുര്‍വര്‍ണ്ണ്യത്തിലധിഷ്ഠിതമായ മതത്തെ കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ.
ദല്ലാള്‍ മതങ്ങള്‍ നിറഞ്ഞു കഷ്ടം
കൊല്ലുന്ന ക്രൂര മതവുമെത്തി
വര്‍ണ്ണവിഭാഗ വ്യവസ്ഥ വന്നു
മന്നിടം തന്നെ നരകമാക്കി
മര്‍ത്യനെ മര്‍ത്യനശുദ്ധനാക്കും
മയ്ത്തപ്പിശാചും കടന്നുകൂടി
തന്നിലശക്തന്റെ മേലില്‍കേറി
തന്നില്‍ ലിഷ്ടന്റെ ാലുതാങ്ങും
സ്നേഹവും നാണവും കെട്ടരീതി
മാനവര്‍ക്കേകമാം ധര്‍മ്മമായി…
ബ്രാഹ്മണോപജ്ഞമാം കെട്ട മതം
സേവിപ്പവരെ ചവിട്ടും മതം
ഇത്തരമൊരു മതത്തെ വെടിയണമെന്നും പറയുന്ന സഹോദരന്‍ അയ്യപ്പന്‍ യഥാര്‍ത്ഥ മതത്തെ കുറിച്ചും ചൂണ്ടികാട്ടുന്നു.
നമ്മളെ ത്തമ്മിലകറ്റും മതം
നമ്മള്‍ വെടിയണം നന്മ വരാന്‍
സത്യവും ധര്‍മ്മവും മാത്രമല്ലൊ
സിദ്ധി വരുത്തുന്ന ശുദ്ധമതം
ധ്യാനത്തിനാലെ പ്രബുദ്ധരായ
ദിവ്യരാല്‍ നിര്‍ദ്ദിഷ്ടമായ മതം.
ആ മതത്തിന്നായ് ശ്രമിച്ചിടേണം
ആ മതത്തിന്നു നാം ചത്തിടേണം
വാമനാദര്‍ശം വെടിഞ്ഞിടേണം
മാബലി വാഴ്ചവരുത്തിടേണം…
മാവേലി യാഥാര്‍ത്ഥ്യമായിരുന്നിരിക്കാം, മിത്തായിരുന്നിരിക്കാം. പക്ഷെ അക്കാലം മുന്നോട്ടുവെച്ച മനോഹരമായ സമത്വസങ്കല്‍പ്പമാണ് വാമനന്റെ വരവോടെ തകര്‍ന്നടിഞ്ഞത് എന്നര്‍ത്ഥം. വാസ്തവത്തില്‍ ഓണത്തിനു നാം പൂജിക്കുന്ന തൃക്കാക്കരയപ്പന്‍ വാമനസങ്കല്‍പ്പം തന്നെയാണെന്നു പറയാറുണ്ട്. തൃപ്പൂണുത്തറയിലെ ഗംഭീരമായ ഓണാഘോഷത്തിലേയും നായകന്‍ വാമനന്‍ തന്നെ. അപ്പോഴും മാവേലിയുടെ അപദാനങ്ങള്‍ തന്നെയാണ് നാം പാടാറുള്ളത്. അതാണ് ഇപ്പോള്‍ മാറ്റാന്‍ ശ്രമിക്കുന്നത്. ഓണം മാവേലിയില്‍ നിന്ന് വാമനിലേക്ക് ഹൈജാക്ക് ചെയ്യപ്പെടുകയാണ് എന്നര്‍ത്ഥം.
ഓണം മലയാളികളുടെ മൊത്തം ആഘോഷമായിരുന്നു എന്നതില്‍ സംശയമില്ല. വിവിധ സമൂഹങ്ങളില്‍ ആഘോഷരീതികളില്‍ വലിയ അന്തരങ്ങള്‍ ഉണ്ടായിരുന്നെങ്കിലും. കാര്‍ഷിക ജീവിതവും പ്രാദേശിക പുതുവര്‍ഷവും ഒക്കെയാണു അതിനെ ആഘോഷമാക്കി മാറ്റിയിട്ടുള്ളത്. കാലാവസ്ഥയുടേയും ഭൂമിശാസ്ത്രത്തിന്റെയും കാര്‍ഷികവൃത്തിയുടേയും പ്രാദേശിക മിത്തിന്റെയുമൊക്കെ സ്വാധീനം ഓണത്തിനുണ്ട്. ആ മിത്തിനെ രാഷ്ട്രീയ താല്പര്യത്തിനായി വികലമാക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. മാവേലി കേരളരാജാവായിരുന്നില്ലെന്നും വടക്കുനിന്ന് അക്രമിച്ചുവരികയാണുണ്ടായതാണെന്നും അത്തരത്തിലുള്ള വിദേശരാജാവില്‍ നിന്ന് നാടിനെ രക്ഷിക്കുകയാണ് വാമനന്‍ ചെയ്തതെന്നുവരെ പോലും വാദങ്ങള്‍ എത്തിയിരിക്കുന്നു.
തീര്‍ച്ചയായും മാവേലി ഒരു അവര്‍ണ്ണരാജാവാണെന്നു അനുമാനിക്കാം. അതാണല്ലോ മാവേലി ഭരണത്തില്‍ അസൂയാലുക്കളായ ദേവന്മാര്‍ ആ ഭരണത്തെ തകര്‍ക്കാന്‍ തീരുമാനിക്കുന്നത്. ആദ്യകാലങ്ങളിലെ ഓണാഘോഷങ്ങളിലെ പ്രകടമായ അവര്‍ണ്ണ ആധിപത്യം ഇതേകുറിച്ചു പഠിച്ചവര്‍ ചൂണ്ടികാട്ടുന്നുമുണ്ട്. ഇതേകുറിച്ച് ഗവേഷണം നടത്തിയ ഡോ പി രണ്‍ജിത് രചിച്ച മലയാളിയുടെ ഭൂതകാലങ്ങള്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നതിങ്ങനെ. ‘പാണര്‍, കുറിച്യര്‍ തുടങ്ങിയ പഴം തമിഴ് വംശക്കാരുടെ കലാപ്രകടനങ്ങളിലും പില്ക്കാലത്ത് ഹൈന്ദവസമൂഹത്തിലെ സവര്‍ണ്ണരും അവര്‍ണ്ണരുമായ പല ജാതി സമുദായക്കാരുടെ അനുഷ്ഠാനങ്ങളിലും ആരാധനകളിലും പ്രത്യക്ഷപ്പെട്ട് ആധുനിക ദശയില്‍ കേരളീയരുടെ ദേശീയാഘോഷമായി മാറിയതാണ് ഓണമെന്ന പ്രതിഭാസം.’ പാണരുടേയും വേലരുടേയും മലയരുടേയും മറ്റും സമാഹരിക്കപ്പെട്ട ഫോക്ലോറിന്റെ പുനര്‍വായനയിലൂടെ കോളനി പൂര്‍വ്വ സമൂഹത്തില്‍ അവര്‍ രേഖപ്പെടുത്തുന്ന വ്യത്യസ്ഥത മനസ്സിലാക്കാന്‍ രണ്‍ജിത് ശ്രമിക്കുന്നു. അദ്ദേഹം പറയുന്നു. ‘പാണന്‍, വണ്ണാന്‍, മണ്ണാന്‍, വേലന്‍, പറയര്‍, പുലയര്‍, കണക്കര്‍, ചെറുമര്‍ തുടങ്ങിയ ദളിത് വിഭാഗങ്ങളാണ് ഓണപ്പാട്ടുകളില്‍ വലിയ പങ്കും പാടി നടന്നിരുന്നത്. ഇവര്‍ക്കൊന്നും ഓണത്തിനു കാര്യമായ അനുഷ്ഠാന ചടങ്ങുകളില്ലായിരുന്നു. എന്നാല്‍ അതിസമ്പന്നമായ ഇവരുടെ ആഖ്യാനപാരമ്പര്യം വ്യക്തമാക്കുന്നത് ഓണം അവരുടെ ജീവിതത്തെ ഏറെ സ്വാധീനിച്ചിരുന്നു എന്നു തന്നെയാണ്. ഇവരുടെ പാട്ടുകളിലെല്ലാം ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മാവേലിയുണ്ട്. കുറിച്യരുടെ മരമായപാട്ടില്‍ അത് മാവോതിയാണ്. പാക്കനാര്‍ പാട്ടിലും ഭദ്രകാളിപ്പാട്ടിലുമെല്ലാം മാവേലി കടന്നു വരുന്നു. ഓണം ദളിതരും ആഘോഷിച്ചിരുന്നു. 1810-1821 കാലഘട്ടത്തില്‍ കേരളത്തില്‍ സര്‍വ്വേ നടത്തിയ വാര്‍ഡും കോണറും രേഖപ്പെടുത്തിയത് ഓണക്കാലം, ഏറ്റവും നികൃഷ്ടരായി പരിഗണിച്ചിരുന്ന പുലയര്‍ക്കുപോലും വിശ്രമത്തിന്റേയും സന്തോഷത്തിന്റേയും കാലമായിരുന്നു എന്നാണ്. അതവര്‍ക്ക് ജന്മിയുടെ ഔദാര്യമായിരുന്നില്ല, അവകാശമായിരുന്നു.എന്നാലവ അനുഷ്ഠാനങ്ങള്‍ വളരെ കുറഞ്ഞ വൈവിധ്യങ്ങള്‍ നിറഞ്ഞ ‘ഓണങ്ങള്‍’ ആയിരുന്നു.’
ഈയൊരവസ്ഥയുടെ ഓര്‍മ്മകള്‍ പോലും മാച്ചു കളയാനാണ് ഇപ്പോള്‍ സംഘടിതശ്രമം നടക്കുന്നത്. ്അതിന്റെ പ്രകടമായ തെളിവാണ് തൃക്കാക്കരയില്‍ മഹാബലിയെ കോടതിയില്‍ കയറ്റിയിരിക്കുന്ന സംഭവം. അതിനതിരെ ജാഗ്രരൂകരാകേണ്ട കാലാമാണ് ഈ ഓണക്കാലം. അല്ലാതെ അര്‍ത്ഥരഹിതമായ ഗൃഹാതുരത്വം ആഘോഷി്ക്കുകയല്ല.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in