മാറണം വ്യക്തിപൂജയുടെ രാഷ്ട്രീയം ; വ്യക്തിഹത്യയുടെയും
ഡോ ആസാദ് വ്യക്തിപൂജയുടെ രാഷ്ട്രീയമാണ് തമിഴ്‌നാടിന്റെ ശക്തിയും ദൗര്‍ബല്യവും. ജനാധിപത്യക്രമത്തിനു താങ്ങാവുന്നതിന്റെ പരിധിക്കപ്പുറമാകുന്നു പലപ്പോഴും ജനങ്ങളുടെ പ്രതികരണം. ആദരിക്കുന്നവര്‍ക്കു പ്രാണന്‍ നല്‍കുന്ന സമര്‍പ്പണം. നാമൊക്കെ എത്ര നിസാരരാണ് എന്ന വിനീതവിധേയത്വം. നേരേ വിപരീതമാണു കേരളത്തിന്റെ സ്ഥിതി. വ്യക്തിഹത്യയുടെ രാഷ്ട്രീയമാണു നാട്ടുനടപ്പ്. എതിരഭിപ്രായം പുലര്‍ത്തുന്നവരെ ഒറ്റപ്പെടുത്തുക, ആശയംകൊണ്ടും ആയുധംകൊണ്ടും നിഷ്‌കരുണം ആക്രമിക്കുക, കഴിയുംവിധം നിസാരരാക്കുകയും ഇകഴ്ത്തുകയും ചെയ്യുക, എന്നോളം കേമനാര് എന്നു ഭാവിക്കുക… ഇങ്ങനെയൊക്കെയാണു ശീലം. രണ്ടിടത്തും ജനാധിപത്യശീലങ്ങളുടെ അഭാവം പ്രകടമാണ്. വ്യക്തിപൂജയും വ്യക്തിഹത്യയും അതിന്റെ ഫലമാണ്. അറിഞ്ഞാദരിക്കാനും […]
വ്യക്തിപൂജയുടെ രാഷ്ട്രീയമാണ് തമിഴ്‌നാടിന്റെ ശക്തിയും ദൗര്‍ബല്യവും. ജനാധിപത്യക്രമത്തിനു താങ്ങാവുന്നതിന്റെ പരിധിക്കപ്പുറമാകുന്നു പലപ്പോഴും ജനങ്ങളുടെ പ്രതികരണം. ആദരിക്കുന്നവര്‍ക്കു പ്രാണന്‍ നല്‍കുന്ന സമര്‍പ്പണം. നാമൊക്കെ എത്ര നിസാരരാണ് എന്ന വിനീതവിധേയത്വം.
നേരേ വിപരീതമാണു കേരളത്തിന്റെ സ്ഥിതി. വ്യക്തിഹത്യയുടെ രാഷ്ട്രീയമാണു നാട്ടുനടപ്പ്. എതിരഭിപ്രായം പുലര്‍ത്തുന്നവരെ ഒറ്റപ്പെടുത്തുക, ആശയംകൊണ്ടും ആയുധംകൊണ്ടും നിഷ്‌കരുണം ആക്രമിക്കുക, കഴിയുംവിധം നിസാരരാക്കുകയും ഇകഴ്ത്തുകയും ചെയ്യുക, എന്നോളം കേമനാര് എന്നു ഭാവിക്കുക… ഇങ്ങനെയൊക്കെയാണു ശീലം.
രണ്ടിടത്തും ജനാധിപത്യശീലങ്ങളുടെ അഭാവം പ്രകടമാണ്. വ്യക്തിപൂജയും വ്യക്തിഹത്യയും അതിന്റെ ഫലമാണ്. അറിഞ്ഞാദരിക്കാനും സ്‌നേഹാദരങ്ങളോടെ വിയോജിക്കാനും കഴിയുംവിധം സാമൂഹികബന്ധങ്ങളെ പുതുക്കിയെടുക്കാന്‍ മതാത്മക ജീവിതത്തിന്റെ ഭൂതബാധകളില്‍നിന്നു മുക്തി നേടണം.
അതിനു സാധ്യമല്ലാത്തവിധം അധികാരഘടന സാമൂഹികബന്ധങ്ങളെ നിശ്ചലമാക്കിയിരിക്കുന്നു. ഫ്യൂഡല്‍ ധാര്‍മ്മികതയുടെയും മൂല്യധാരകളുടെയും പിന്‍മുറുക്കത്തിലിരുന്നേ മാറുന്ന ലോകത്തെ അറിയാവൂ എന്ന നിര്‍ബന്ധമാണത്. അനുഷ്ഠാന പരമ്പരകള്‍ മുതല്‍ ആധുനിക സ്മാരകങ്ങള്‍വരെ നമ്മെ കെട്ടിവരിയുന്ന ഭൂതപാശങ്ങളാകുന്നു. ജയലളിതയെ സമാധാനത്തോടെ യാത്രയയയ്ക്കാന്‍ നമുക്കു സാധിക്കുന്നില്ല. അവരോടുള്ള ആദരവ് അവരുടെ തടവാകുന്നു. അവരുടെ വിയോഗത്തില്‍ അവരുടെ നന്മകളുടെ ഉജ്ജീവനത്തിനാണ് കൈകളുയരേണ്ടത്. സ്‌നേഹാന്ധത പക്ഷേ, അവരില്ലാത്ത ലോകമേ വേണ്ട എന്ന ഭ്രാന്തന്‍ നിശ്ചയങ്ങളിലേക്കു നീളുന്നു. ശീലിച്ചുപോന്ന ജനാധിപത്യത്തിന്റെ വൈകല്യങ്ങളാണ് ഒരു ജനതയെ ഈ വിധം വിഭ്രമങ്ങളിലേക്ക് എടുത്തെറിയുന്നത്.
പത്തു നാള്‍മുമ്പ് മറ്റൊരു വേര്‍പാടുണ്ടായി. ഏഴരപ്പതിറ്റാണ്ടോളം ഒരു രാഷ്ട്രത്തെ പണിതുകൊണ്ടിരുന്ന നേതൃജീവിതമാണ് അവസാനിച്ചത്. ഹവാനയില്‍നിന്നു സാന്റിയാഗോവിലേക്കു നിശബ്ദമായി പടര്‍ന്ന ജനലക്ഷങ്ങളെ നാം കണ്ടു.
ഫിഡല്‍, ഫിഡല്‍ താങ്കള്‍ വിട്ടുപോകുന്നില്ല എന്ന സൗമ്യവചനത്തിന്റെ ആവര്‍ത്തനംമാത്രം. ഫിഡല്‍ പറഞ്ഞതെന്തെന്നു സാന്റിയാഗോവില്‍ റൗള്‍ കാസ്‌ട്രോ പ്രഖ്യാപിച്ചു. അതു ചരിത്രത്തിലെ ഉജ്വലമായ ഓര്‍മ്മപ്പെടുത്തലായി. ഫിഡലിന് സ്മാരകങ്ങളുണ്ടാവില്ല. അത് അദ്ദേഹത്തിന്റെ നിര്‍ദ്ദേശമാണ്. നാം അനുസരിക്കുന്നു. പാതകള്‍ക്കോ തെരുവുകള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ സംഘടനകള്‍ക്കോ ഫിഡലിന്റെ പേരിടുകയില്ല. വ്യക്തിപൂജ ഒഴിവാക്കപ്പെടണമെന്നു ഫിഡല്‍ ആഗ്രഹിക്കുന്നു.
വ്യക്തിപൂജയ്ക്കും വ്യക്തിഹത്യക്കുമെതിരേ സര്‍ഗാത്മകമായ ഒരു രാഷ്ട്രീയജീവിതമുണ്ടെന്ന് ക്യൂബ നമ്മെ പഠിപ്പിക്കുന്നു. ജീവിതം രാഷ്ട്രനിര്‍മ്മാണമാക്കിയ ഒരാള്‍ക്കും രാഷ്ട്രത്തെക്കാള്‍ വലിയ സ്മാരകമില്ല. എന്തിനും മീതെ തന്നെ പ്രതിഷ്ഠിക്കുന്ന, എല്ലാ ശിലകളിലും തന്റെ പേരുകൊത്തുന്ന ചെറിയ ജീവിതങ്ങളെ ക്യൂബ അഴിച്ചുപണിയുകയാണ്. അതു പ്രചോദിപ്പിക്കുന്നുണ്ട്. വലിയ കര്‍മ്മങ്ങളുണ്ട് ചെയ്യാനെന്ന്. ചരിത്രനിര്‍മ്മിതി കേവലം വ്യക്തിനിഷ്ഠമല്ലെന്നു റൗള്‍, ഫിഡലിന്റെ വാക്കുകളുരുവിടുന്നു. അന്യോന്യാദരവുകളാണു ജനാധിപത്യത്തിന്റെ ശക്തി.
ഭിന്നാദര്‍ശങ്ങളോടെയും വിയോജിപ്പുകളോടെയും ഐക്യപ്പെടാനാകണം. ജനങ്ങളാണ് ഏറ്റവും വലിയ പ്രതിരോധശക്തിയെന്ന് ഏത് അപകടത്തിലും ഉറച്ചുനിന്നിട്ടുണ്ട് കാസ്‌ട്രോ.
ക്യൂബയുടെ ഭാവി അവിടത്തെ ജനങ്ങളില്‍ ഭദ്രമാണെന്ന് അവസാനപ്രസംഗത്തിലും അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. ജനങ്ങളെ വിശ്വസിക്കുന്ന നേതാക്കള്‍ ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകരുന്നു. അവര്‍ ആരുടെയും അടിമകളാകുകയില്ല. ആരെയും അടിമകളാക്കുകയുമില്ല.
പറഞ്ഞുവന്നത് നമ്മുടെ ചുറ്റുവട്ടങ്ങളെക്കുറിച്ചായിരുന്നു. അതിനിടെ ഫിഡലനുഭവം ഓര്‍ത്തുപോയതാണ്. നാമെപ്പോഴാണ് വ്യക്തിപൂജയുടെയും വ്യക്തിഹത്യയുടെയും ഇരുണ്ട കാലത്തെ പിന്നിടുക? നമ്മുടെ രാഷ്ട്രീയജീവിതം അവ്വിധം പക്വമാകുന്നത് എപ്പോഴായിരിക്കും?
പുരോഗമനപ്രസ്ഥാനങ്ങള്‍പോലും ഇവിടെ ജനാധിപത്യക്രമങ്ങളെ വേണ്ടവിധം പിന്തുടരുന്നില്ല. വ്യക്തിപൂജയുടെയും വ്യക്തിഹത്യയുടെയും ദൂഷ്യങ്ങളില്‍നിന്നു മുക്തരാകാന്‍ ജനങ്ങളെ പ്രേരിപ്പിക്കേണ്ടതു രാഷ്ട്രീയ മുന്നേറ്റങ്ങളാണ്. നമ്മുടെ രാജ്യത്ത് അന്ധവും മത്സരാധിഷ്ഠിതവുമായ രാഷ്ട്രീയം അതു മൂലധനമാക്കുകയാണ്.
മുന്നോട്ടുകുതിപ്പിക്കുന്ന അനുഭവങ്ങളും ഓര്‍മ്മകളുമാണ് നമുക്കുവേണ്ടത്. ചുരുങ്ങിയപക്ഷം നാമല്ല നമ്മുടെ ശത്രു എന്നു തിരിച്ചറിയണം. ഓരോരുത്തരും വേറിട്ടു നില്‍ക്കുന്നത് സമാനമെങ്കിലും ഭിന്നദര്‍ശനങ്ങള്‍കൊണ്ടാണ്.
അതെല്ലാം സാമൂഹിക അനുഭവങ്ങളില്‍നിന്നു രൂപപ്പെട്ടതാണ്. ശരിമാത്രമുള്ളതോ പിശകുമാത്രമുള്ളതോ ഇല്ല. നിരന്തരമുള്ള സാമൂഹിക സമ്പര്‍ക്കങ്ങളിലും സംവാദങ്ങളിലും അതു പരുവപ്പെട്ടു വരികയാണു ചെയ്യുക.
തന്റെ ശരികളെ നിത്യവാസ്തവമായി കൊണ്ടാടുന്നതും ഇതു ശരിയേയല്ല എന്നു തലകുനിച്ചു നിരാശപ്പെടുന്നതും അമിതമായ വ്യക്തികേന്ദ്രിതബോധത്തിന്റെ ഫലമാണ്.
നന്മകളും തിന്മകളും സാമൂഹികോല്‍പ്പന്നങ്ങളാണ്. അതു തിരുത്തപ്പെടുന്നതും സാമൂഹികമായാണ്. സാമൂഹികമായ എല്ലാം എല്ലാവരിലും കാണാം. സന്ദര്‍ഭത്തിന്റെ സവിശേഷതയാണ് അതു വെളിപ്പെടുത്തുന്നത്. നമ്മിലെ ദര്‍ശനങ്ങളുടെ പ്രകാശം വേറിട്ട വഴികളിലേക്കു വിരല്‍ചൂണ്ടുന്നുണ്ട്.
ദര്‍ശനങ്ങളുടെ ആരോഗ്യകരമായ സംവാദങ്ങളിലൂടെമാത്രമേ ഏതു വഴിയെന്നു ലോകത്തിനു തെളിഞ്ഞുകിട്ടുകയുള്ളു. അങ്ങനെയല്ലാത്ത ബലപ്രയോഗം താല്‍ക്കാലിക വിജയങ്ങളുടെ അഹന്തമാത്രമേ നല്‍കൂ. അത് ആശയങ്ങള്‍കൊണ്ടായാലും ആയുധം കൊണ്ടായാലും.
പുരോഗമന പ്രസ്ഥാനങ്ങളുടെ മുഖ്യനേതൃനിരയില്‍ സ്ത്രീകള്‍ കടന്നെത്താന്‍ പതിറ്റാണ്ടുകളെടുത്തു. അങ്ങനെയൊരു പശ്ചാത്തലമില്ലാതിരുന്നിട്ടും ജയലളിതയെപ്പോലെയൊരാള്‍ തമിഴ്‌നാടിന്റെ നേതൃത്വത്തിലും തമിഴ്ജനതയുടെ മനസിലും ശക്തമായ സാന്നിദ്ധ്യമായി.
പഠിക്കാനുണ്ട് കാര്യങ്ങള്‍. ജയലളിത കടന്നുവന്ന വഴികള്‍, തിരസ്‌കാരത്തിന്റെ നോവുകള്‍, തിരിച്ചുവരവുകള്‍, തെറ്റായ സമീപനങ്ങള്‍, തിരുത്തുകള്‍. ഒരു ജനതയെ അവരെങ്ങനെ മാറ്റി എന്നതും അവരെ ഒരു ജനത എങ്ങനെ പരിവര്‍ത്തിപ്പിച്ചുവെന്നതും ചരിത്രം. നാളെയുടെ പാഠപുസ്തകം.
മംഗളം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in