മാന്ദ്യത്തിന്റെ ട്രാക്കില്‍ ചില കാറോട്ടങ്ങള്‍
പ്രമോദ് നീലാംബരി സാമ്പത്തിക മാന്ദ്യത്തിന്റെ ശൈത്യാവസ്ഥയില്‍ വിറച്ചുവിറങ്ങലിച്ചുനിന്ന അമേരിക്കയിലേയും യൂറോപ്പിലേയും വാഹനനിര്‍മ്മാതാക്കള്‍ക്ക്, പ്രത്യേകിച്ച് കാര്‍നിര്‍മ്മാതാക്കള്‍ക്ക്, ലഭിച്ച കച്ചിത്തുരുമ്പായിരുന്നു ഇന്ത്യയിലെ (ചൈനയിലേയും) വാഹന വിപണി, മാന്ദ്യത്തിന്റെ അസ്‌കിത കാര്യമായി ഏശാതിരുന്ന ഇവിടുത്തെ വിപണിയിലേക്ക് പുത്തന്‍കാറുകള്‍ ഒന്നിനുപിറകെ ഒന്നായി ചിറകുവിരിച്ചു. അതിനുമുമ്പുതന്നെ സാധ്യതകള്‍ മനസ്സിലാക്കി ഇവിടെ വേരുറപ്പിച്ചിരുന്നവരും കച്ചമുറുക്കി. നിരത്തുകള്‍ കാറുകളാല്‍ സമൃദ്ധം. പാലങ്ങളുടേയും സൂപ്പര്‍ഹൈവേകളുടെയും സാധ്യത മുന്നില്‍ക്കണ്ട രാഷ്ട്രീയക്കാരും കോര്‍പ്പറേറ്റുകളും ആര്‍ത്തിപൂണ്ടു. ഒരുപക്ഷേ, താല്‍ക്കാലികമായിട്ടാണെങ്കിലും കാര്യങ്ങള്‍ തകിടം മറിഞ്ഞ അവസ്ഥയാണിപ്പോള്‍. കഴിഞ്ഞ ഏഴെട്ടുമാസമായി വാഹന വിപണിയുടെ വളര്‍ച്ച പുറകോട്ടാണ്. […]
പ്രമോദ് നീലാംബരി
സാമ്പത്തിക മാന്ദ്യത്തിന്റെ ശൈത്യാവസ്ഥയില്‍ വിറച്ചുവിറങ്ങലിച്ചുനിന്ന അമേരിക്കയിലേയും യൂറോപ്പിലേയും വാഹനനിര്‍മ്മാതാക്കള്‍ക്ക്, പ്രത്യേകിച്ച് കാര്‍നിര്‍മ്മാതാക്കള്‍ക്ക്, ലഭിച്ച കച്ചിത്തുരുമ്പായിരുന്നു ഇന്ത്യയിലെ (ചൈനയിലേയും) വാഹന വിപണി, മാന്ദ്യത്തിന്റെ അസ്‌കിത കാര്യമായി ഏശാതിരുന്ന ഇവിടുത്തെ വിപണിയിലേക്ക് പുത്തന്‍കാറുകള്‍ ഒന്നിനുപിറകെ ഒന്നായി ചിറകുവിരിച്ചു. അതിനുമുമ്പുതന്നെ സാധ്യതകള്‍ മനസ്സിലാക്കി ഇവിടെ വേരുറപ്പിച്ചിരുന്നവരും കച്ചമുറുക്കി. നിരത്തുകള്‍ കാറുകളാല്‍ സമൃദ്ധം. പാലങ്ങളുടേയും സൂപ്പര്‍ഹൈവേകളുടെയും സാധ്യത മുന്നില്‍ക്കണ്ട രാഷ്ട്രീയക്കാരും കോര്‍പ്പറേറ്റുകളും ആര്‍ത്തിപൂണ്ടു.
ഒരുപക്ഷേ, താല്‍ക്കാലികമായിട്ടാണെങ്കിലും കാര്യങ്ങള്‍ തകിടം മറിഞ്ഞ അവസ്ഥയാണിപ്പോള്‍. കഴിഞ്ഞ ഏഴെട്ടുമാസമായി വാഹന വിപണിയുടെ വളര്‍ച്ച പുറകോട്ടാണ്. കാറുകളുടെ മാന്ദ്യമത്രെ ഏറ്റവും പരിതാപകരം. മാരുതി സുസുകി, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര മഹീന്ദ്ര തുടങ്ങിയ പല കമ്പനികളും തങ്ങളുടെ ഫാക്ടറികള്‍ കഴിഞ്ഞ മാസങ്ങളില്‍ ദിവസങ്ങളോളം ‘പ്ലാന്‍ഡ് മെയിന്റനന്‍സി’നായി അടച്ചിടുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നു.
പൊടുന്നനെയുള്ള ഈ പിന്നോട്ടുപോക്കിന് കാരണമെന്താണ്?
– വര്‍ദ്ധിച്ചുവരുന്ന ഇന്ധനവില
– ഉയര്‍ന്ന വാഹനവായ്പാനിരക്ക്
– രൂപയുടെ മൂല്യം ഇടിഞ്ഞതിന്റെ ഫലമായി ഇറക്കുമതി ചെയ്യുന്ന വാഹനഭാഗങ്ങള്‍ക്കുണ്ടായ വിലവര്‍ദ്ധന
– പണപ്പെരുപ്പത്തിന് ആനുപാതികമായി ആളുകളുടെ വരുമാനത്തിലുണ്ടാകാതിരുന്ന ഉയര്‍ച്ച
ഇപ്പറഞ്ഞ സ്ഥിതിവിശേഷങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും മാറ്റം സംഭവിക്കാം. ഇതുകൊണ്ടുതന്നെയാണ് ഇപ്പോഴത്തെ മാന്ദ്യം വെറും താല്‍ക്കാലികം മാത്രമാണെന്ന് പറയുന്നത്. ഇവിടുത്ത വാഹനപ്പെരുപ്പത്തിന് അറുതിവരുമെന്ന് സ്വപ്നം കാണുന്നവര്‍ക്ക് ആശിക്കാനോ വിപണി നഷ്ടപ്പെട്ട് കമ്പനികള്‍ അടച്ചുപൂട്ടേണ്ടിവരുമെന്ന് ശങ്കിക്കുന്നവര്‍ക്ക് വ്യാകുലപ്പെടാനോ യാതൊരു കാരണവുമില്ല.
എന്നാല്‍ ഈ സാഹചര്യത്തില്‍ ഉയര്‍ന്നുവന്നിരിക്കുന്ന ചില തെറ്റായ പ്രവണകളും സമീപനങ്ങളും കണ്ടുകൂടെന്നുവയ്ക്കുക വയ്യ.
പുതിയ മോഡലുകളുടേയും വേരിയന്റ്‌സിന്റെയും ഒരു ലോകം തന്നെയാണ് ഇപ്പോള്‍ ഉപഭോക്താക്കളുടെ മുന്നിലേക്ക് കാര്‍കമ്പനികള്‍ തുറന്നിടുന്നത്. ഓഫറുകളുടെ ചാകരക്കാലമാണ്. പലമാനദണ്ഡങ്ങളും ശരിയായവിധം നോക്കാതെ തിരക്കുപിടിച്ചാണ് മിക്കവയും വിപണിയിലെത്തുന്നതത്രെ. റിനോള്‍ട്ടിന്റെ ‘ഡസ്റ്ററി’ന് വെല്ലുവിളിയുമായി എത്തിയ ഫോര്‍ഡിന്റെ ‘ഇക്കോ സ്‌പോര്‍ട്ട്’ ഡീസല്‍ കാറുകള്‍ ഉപഭോക്താക്കളിലെത്തി ഒരു മാസത്തിനുള്ളില്‍ത്തന്നെ തിരിച്ചുവിളിക്കപ്പെട്ടത് ഈ വസ്തുത ശരിവയ്ക്കുന്നു.
പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി അവതരിപ്പിക്കുന്നതും പഴയ കുപ്പിയില്‍ പുതിയ വീഞ്ഞൊഴിച്ച് ആവിഷ്‌ക്കരിക്കുന്നതുമൊക്കെ തകൃതിയായി നടന്നുകൊണ്ടിരിക്കുന്നു. ടാറ്റ മോട്ടോഴ്‌സ് കൊല്‍ക്കത്ത ടാക്‌സി സര്‍വ്വീസിനുമാത്രമായി കറുപ്പും മഞ്ഞയും നിറത്തോടുകൂടിയ ‘ഇന്റിഗോ’ നിരത്തിലെത്തിച്ചിരിക്കുന്നു. എണ്‍പതുകളുടെ ഉത്തരാര്‍ദ്ധത്തില്‍ ഉത്പാദനം നിര്‍ത്തിവച്ച ‘ഡാറ്റ്‌സണ്‍’ എന്ന ബ്രാന്റിനെ പുനരവതരിപ്പിച്ചുകൊണ്ടാണ് റിനോ-നിസ്സാന്‍ സംയുക്തസംരംഭം മാര്‍ക്കറ്റില്‍ ഓളങ്ങളുണ്ടാക്കിയിരിക്കുന്നത്.
‘ക്വാണ്ട്രി സൈക്കിള്‍’ എന്ന പേരില്‍ എന്‍ജിന്‍ കപ്പാസിറ്റി കുറഞ്ഞ കാറിനു സമാനമായ വാഹനം പുറത്തിറക്കുന്നതിനുള്ള തയ്യാറെടുപ്പ് ബജാജ് പൂര്‍ത്തീകരിച്ചുകഴിഞ്ഞു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഒട്ടേറെ ആശങ്കകളുള്ള ഈ വാഹനത്തിന് ഗവണ്‍മെന്റ് താത്വികമായ അംഗീകാരം കൊടുത്തുകഴിഞ്ഞു. മഹീന്ദ്ര & മഹീന്ദ്ര ഇലക്ട്രിക് കാറുകളുമായാണ് കടന്നുവരുന്നത്. ഡല്‍ഹി പോലെയുള്ള നഗരങ്ങളില്‍ സര്‍ക്കാരിന്റെ പൂര്‍ണ്ണപിന്‍ബലത്തോടെ ഈ വാഹനങ്ങള്‍ ഏറെ താമസിയാതെ ഓടിത്തുടങ്ങും. നഗരാനുയോജ്യം എന്നും പരിസ്ഥിതി സൗഹൃദം എന്നും ഉള്ള മേമ്പൊടിയോടെ ഡ്യൂട്ടിയിലും ടാക്‌സിലുമൊക്കെ ഇളവുകളുണ്ടാകും. മുമ്പേ ഗമിക്കുന്നവര്‍ക്ക് പിറകെ കുതിക്കുവാന്‍ മറ്റുള്ളവരും തയ്യാറെടുത്തു കഴിഞ്ഞു.
കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനെന്നവണ്ണം ചില പുതിയ പദ്ധതികളും തലയുയര്‍ത്തിയിട്ടുണ്ട്. പൂണ ആസ്ഥാനമായ ‘ഡ്രീമേഴ്‌സ് മീഡിയ’ എന്ന കമ്പനിയുടെ ബ്രെയിനാണ് ഇതില്‍ എടുത്തുപറയേണ്ടത്. ആറുലക്ഷത്തില്‍ താഴെയുള്ള കാറ് 25ശതമാനം ഡൗണ്‍പെയ്‌മെന്റോടെ ഉപഭോക്താവ് അഞ്ചുവര്‍ഷത്തേക്ക് ധനകാര്യസ്ഥാപനങ്ങളില്‍നിന്നും വായ്പയെടുത്ത് വാങ്ങുകയാണെങ്കില്‍ ആദ്യ മൂന്നുവര്‍ഷത്തെ ഇഎംഐയെക്കുറിച്ച് അയാള്‍ തലപുകയ്‌ക്കേണ്ടതില്ല. ഇതിനുപകരമായി കമ്പനി കാറിന്റെ അറുപതുശതമാനത്തോളം ഭാഗം പരസ്യത്തിനായി ഉപയോഗിക്കും. വാഹനം പ്രതിമാസം ആയിരത്തിഅഞ്ഞൂറ് കിലോമീറ്റര്‍. ഏകദേശം ഓടണമെന്ന ഒരു നിബന്ധനകൂടി ഇതിനൊപ്പമുണ്ട്. പരസ്യ ഏജന്‍സികളും കാര്‍നിര്‍മ്മാതാക്കളും ബാങ്കുകളും ചേര്‍ന്നുള്ള ഈ ജോയിന്റ് വെഞ്ച്വര്‍, വിപണിക്ക് അനുകൂലമായിരിക്കാമെങ്കിലും നിരത്തിന് അത്ര ആശാസ്യമല്ല, ആവശ്യമില്ലെങ്കില്‍ കൂടി ഇന്ധനച്ചെലവ് വരുമെന്നതിനാല്‍ ഉപഭോക്താവിനും.
മാന്ദ്യകാലത്ത് എക്‌സൈസ് തീരുവ കുറയ്ക്കുന്നതുള്‍പ്പെടെയുള്ള ഉത്തേകജ പാക്കേജ് സര്‍ക്കാരില്‍നിന്നും ലഭ്യമാക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ് ഓട്ടോസെക്ടര്‍. ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റേയുമൊക്കെ വില പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലും ‘അവശ്യവിഭാഗമായ’ മോട്ടോര്‍ വാഹനവ്യവസായം നേരിടുന്ന ‘പ്രതിസന്ധി’ക്ക് പരിഹാരം കണ്ടെത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കയാണ്. ഇതിന്റെ ആദ്യഘട്ടമാണ് മാരുതിയുടെ ഃെ4, ടൊയോട്ടയുടെ കൊരോള ആള്‍ട്ടിസ്, ഹോണ്ടയുടെ സിവിക് എന്നീ വണ്ടികള്‍ ൗെ് അല്ല മറിച്ച് സെഡാന്‍ ടൈപ്പാണെന്ന പെട്ടെന്നുള്ള വെളിപാടും തുടര്‍ന്ന് ഇവയ്ക്ക് എക്‌സൈസ് ഡ്യൂട്ടി കുറച്ചുകൊണ്ടുള്ള നടപടിയും 1500സിസിക്കുമേലുള്ള എഞ്ചിന്‍, 4000 എംഎംലേറെ നീളം, 170 എം.എംലേറെ ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവയുള്ള വണ്ടികളാണ് ൗെ്കളായി പരിഗണിക്കപ്പെടുന്നത്. നേരത്തെ സൂചിപ്പിച്ച മൂന്നുവണ്ടികളും ഈ സ്വഭാവവിശേഷം എല്ലാം കൂടി ഉള്ളതാണെന്നോര്‍ക്കുക. ഇളവുകള്‍ ഇവിടെ അവസാനിക്കാനിടയില്ല.
ജീവനക്കാരെ ചൂഷണം ചെയ്തിട്ടാണെങ്കില്‍പ്പോലും പ്രതിസന്ധി തരണം ചെയ്യുന്നതിനുള്ള തത്രപ്പാടിലാണ് ചില വമ്പന്മാര്‍. മൂല്യങ്ങള്‍ക്ക് എന്നും ഒരു പണത്തൂക്കം മുന്നിലെന്ന് വീമ്പിളക്കുന്ന ‘ടാറ്റ’ യാണ് ഇതിലൊന്ന്. ഒരുവര്‍ഷത്തിനിടയില്‍ 30 ശതമാനത്തിലേറെ വില്‍പന കുറഞ്ഞ് വിറളിപിടിച്ചിരിക്കുമ്പോള്‍ ധാര്‍മ്മികതക്ക് എന്ത് സ്ഥാനം? ടാറ്റയുടേതല്ലാത്ത കാറുകള്‍ ഉപയോഗിക്കുന്ന ജീവനക്കാര്‍ക്ക് ജോലി സ്ഥലത്ത് പാര്‍ക്കിംഗ് നിഷേധിച്ചുകൊണ്ടുള്ള ഉത്തരവാണ് ടാറ്റഗ്രൂപ്പ് ഇറക്കിയിട്ടുള്ളത്. ഒരു വ്യക്തി എന്ന നിലയിലും ഉപഭോക്താവ് എന്ന വിധത്തിലും ഉള്ള ജീവനക്കാരന്റെ സ്വാതന്ത്ര്യത്തിനുമേലാണ് ഇതുവഴി കടിഞ്ഞാണിടപ്പെടുന്നത്. തങ്ങളുടെ കാറുകള്‍ പെരുവഴിയില്‍ കിടക്കുന്ന അവസ്ഥ തരണം ചെയ്യുന്നതിനായി നാലരലക്ഷത്തിലേറെ വരുന്ന ‘ടാറ്റ സണ്‍സി’ ലെ ചെറിയ ഒരു വിഭാഗമെങ്കിലും ടാറ്റ കാര്‍ വാങ്ങിക്കുകയാണെങ്കില്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലികമായെങ്കിലും ശമനം ഉണ്ടാകും എന്ന വിപണന ബുദ്ധിതന്നെയാണ് ഇവിടെ നടന്നിരിക്കുന്നത്.
പ്രതിസന്ധിക്ക് പോംവഴിയായി പല ഓട്ടോമോബൈല്‍ പ്ലാന്റുകളിലും ആസൂത്രിത അടച്ചിടലിനെപ്പോലെ തന്നെ ആസൂത്രിത സമരങ്ങള്‍ക്കും വേദിയാകുന്നതായി പറയുന്നു. ഇതിന് രണ്ടുവശങ്ങളാണുള്ളത്. തൊഴില്‍ നഷ്ടപ്പെടുന്ന തൊഴിലാളികളെ പ്രത്യേകിച്ച് കരാര്‍ തൊഴിലാളികളെ മുന്നില്‍നിര്‍ത്തി സര്‍ക്കാരിന്റെയടുത്ത് പാക്കേജിനായി വില പേശുക. മറ്റൊന്ന് ഉല്‍പാദനം വേണ്ടിവരാത്ത സാഹചര്യത്തില്‍ ശമ്പളമുള്‍പ്പെടെയുള്ള ചിലവുകളില്‍ നിന്നും വിടുതി നേടുക. ബജാജിന്റെ ചക്കന്‍പ്ലാന്റില്‍ അരങ്ങേറിയ സമരത്തിന്റെ മുഖ്യ ആവശ്യം കമ്പനിയുടെ ഷെയര്‍ ജീവനക്കാര്‍ക്ക് നല്‍കണമെന്നതാണ്!!
ആയിരം ആളുകള്‍ക്ക് 15 കാര്‍മാത്രം ഉള്ള നമ്മുടെ രാജ്യം സാന്ദ്രതയുടെ കാര്യത്തില്‍ വളരെ ഏറെ പുറകിലാണ്. ഇത് കാര്‍നിര്‍മ്മാതാക്കള്‍ക്കുമുന്നില്‍ ഏറെ വിശാലമായ സാധ്യതകള്‍ തുറന്നിടുന്നു. വാഹന ബാഹുല്യത്തെക്കുറിച്ച് വ്യാകുലപ്പെടുന്നില്ല എന്ന യാഥാര്‍ത്ഥ്യത്തോടൊപ്പം തന്നെ ഓട്ടോമോബൈല്‍ മേഖലയില്‍ കടന്നുവരുന്ന അസ്വീകാര്യമായ രീതികളും മത്സരവും നിയന്ത്രിക്കാനുതകുന്ന ഒരു സംവിധാനം പോലും സര്‍ക്കാര്‍ തലത്തിലില്ല എന്നത് ഖേദകരമാണ്. സ്വദേശിയും വിദേശിയുമായ പ്രമുഖ വാഹനനിര്‍മ്മാതാക്കള്‍ ഇനിയും അരങ്ങ് കൊഴുപ്പിക്കും. തന്ത്രങ്ങള്‍ പലതും പയറ്റും. ഒടുവില്‍ പൊടിയും തട്ടി പോയെന്നും വരും. കാര്‍വ്യവസായത്തിന്റെ തകര്‍ച്ച ഒരുകാലത്ത് സമ്പന്നമായിരുന്ന അമേരിക്കയിലെ ഡിട്രോയിറ്റ് നഗരത്തെ പാപ്പരാക്കിയത് ഇവിടെ പ്രസ്താവ്യമാണ്. ഫോര്‍ഡും ജനറല്‍ മോട്ടോഴ്‌സും ക്രിസ്‌ലറുമൊക്കെ ഇവിടുത്തെ പല ഫാക്ടറികളും അടച്ചുപൂട്ടി മറ്റിടങ്ങളിലേക്ക് പറിച്ചുനട്ടു. കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ മൂന്നുലക്ഷം ആളുകള്‍ ഡിട്രോയിറ്റിനോട് വിടപറഞ്ഞു. നഗരത്തിന്റെ ബഡ്ജറ്റ് കമ്മിറ്റി 380 ദശലക്ഷം ഡോളറായി ഉയര്‍ന്നു.
നാളെ നമ്മുടെ നാട്ടിലും ഡിട്രോയിറ്റുകള്‍ ആവര്‍ത്തിച്ചുകൂടെന്നില്ല. പെരുംപുത്തൂരും ചക്കനും ഗുര്‍ണഗോണുമൊക്കെ എന്തും സംഭവിക്കാം. ജീവനക്കാരും ഉപഭോക്താവും പൊതുസമൂഹവും ചൂഷണത്തിനു വിധേയമായി എന്നുവരാം. കയ്യൂക്കുള്ളവന്‍ കാര്യക്കാരനുമാകാം. ഇതെല്ലാം കൊണ്ടുതന്നെ ഓട്ടോമോബൈല്‍ സെക്ടറിലും നോക്കുകുത്തിയല്ലാത്ത ഒരു റെഗുലേറ്ററി അതോറിട്ടി കൊണ്ടുവരേണ്ടത് കാലത്തിന്റെ ആവശ്യമായിരിക്കുന്നു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in