മലയാള സിനിമയിലെ ജാതി
വിനീത വിജയന്‍ മലയാള സിനിമയില്‍ മുന്‍പില്ലാത്ത വിധം ജാതീയത ചോദ്യം ചെയ്യപ്പെടുന്നുണ്ട്. മാതൃഭൂമിയോ മലയാളമോ പോലുള്ള മുഖ്യധാരാ മാസികകളോ സവര്‍ണ്ണ ചലച്ചിത്ര സമ്മേളനങ്ങളിലെ സ്ഥിരം ക്ഷണിതാക്കളയാം സി.എസ്.വെങ്കിടേഷിനെ പോലെയുള്ള അവാര്‍ഡു ജേതാക്കളോ അല്ല ഇത്തരത്തിലുള്ള ഒരു പ്രതിരോധത്തിന് നേതൃത്വം നല്‍കിയത് .അരികു വല്‍ക്കരിക്കപ്പെട്ടവരുടെ സാംസ്‌കാരിക കൂട്ടായ്മകളും ഓണ്‍ലൈന്‍ മാസികകളും വ്യത്യസ്തങ്ങളായ ദലിത് ബഹുജന്‍ പ്രസ്ഥാനങ്ങളുമാണ്. വിഗതകുമാരന്‍ എന്ന ആദ്യ ചലച്ചിത്രത്തിന്റെ കഥ സെല്ലുലോയ്ഡ് എന്ന സിനിമയിലൂടെ കണ്ടതിനു ശേഷമായിരിക്കണം കേരളീയ സമൂഹം വലിയ ഒരളവില്‍ എങ്കിലും പി.കെ.റോസി […]
മലയാള സിനിമയില്‍ മുന്‍പില്ലാത്ത വിധം ജാതീയത ചോദ്യം ചെയ്യപ്പെടുന്നുണ്ട്. മാതൃഭൂമിയോ മലയാളമോ പോലുള്ള മുഖ്യധാരാ മാസികകളോ സവര്‍ണ്ണ ചലച്ചിത്ര സമ്മേളനങ്ങളിലെ സ്ഥിരം ക്ഷണിതാക്കളയാം സി.എസ്.വെങ്കിടേഷിനെ പോലെയുള്ള അവാര്‍ഡു ജേതാക്കളോ അല്ല ഇത്തരത്തിലുള്ള ഒരു പ്രതിരോധത്തിന് നേതൃത്വം നല്‍കിയത് .അരികു വല്‍ക്കരിക്കപ്പെട്ടവരുടെ സാംസ്‌കാരിക കൂട്ടായ്മകളും ഓണ്‍ലൈന്‍ മാസികകളും വ്യത്യസ്തങ്ങളായ ദലിത് ബഹുജന്‍ പ്രസ്ഥാനങ്ങളുമാണ്.
വിഗതകുമാരന്‍ എന്ന ആദ്യ ചലച്ചിത്രത്തിന്റെ കഥ സെല്ലുലോയ്ഡ് എന്ന സിനിമയിലൂടെ കണ്ടതിനു ശേഷമായിരിക്കണം കേരളീയ സമൂഹം വലിയ ഒരളവില്‍ എങ്കിലും പി.കെ.റോസി എന്ന സ്ത്രീ ദലിത് സ്ത്രീയെന്ന നിലയില്‍ നിന്ന് അഭിനേത്രിയെന്ന തലത്തിലേക്ക് കടന്നു വന്നപ്പോള്‍ നേരിടേണ്ടി വന്ന ദുരന്തങ്ങളെ കുറിച്ച് അറിയാനും പറയാനും തുടങ്ങിയത്. വളരെ പണ്ടെന്നോ ഉണ്ടായിരുന്ന ഒരു ദുഷിച്ച വ്യവസ്ഥയുടെ ഇരയെന്ന് റോസിയെ വ്യാഖ്യാനിക്കുമ്പോള്‍ ഈ സിനിമയുടെ നിര്‍മ്മിതിയില്‍ പോലും പ്രവര്‍ത്തിച്ച,അന്നത്തേക്കാളെന്നോണം ആഴത്തില്‍ വേരോടിയിട്ടുള്ള സവര്‍ണ്ണ ജാതി ബോധത്തിന്റെ മറച്ചു പിടിക്കല്‍ കൂടിയാണ് സംഭവിച്ചത്
ദലിത് സൈദ്ധാന്തികനും എഴുത്തുകാരനും ആയ ഏ.എസ് അജിത് കുമാര്‍ Ajith Kumar A Sസാമൂഹ്യ വ്യവസ്ഥയിലെ കൃത്രിമമായി രൂപപ്പെടുത്തപ്പെട്ട കപട ജാതി നിരപേക്ഷതയെ പരിഹസിക്കുന്നത് കാണുക ‘ജാതി എന്നത് നായര്‍ മാടമ്പിമാരുടെയും ഭൂപ്രഭുക്കന്‍മാരുടെയും മാത്രം ഉള്ളിലുള്ള കാര്യമാണല്ലോ? നായന്മാരൊക്കെ ആധുനികയിരായിത്തീര്‍ന്നാല്‍ അവിടെ തീര്‍ന്നു പോകുന്ന ഒന്നാണല്ലോ ഈ ജാതി വ്യവസ്ഥ എന്നു പറയപ്പെടുന്ന സംഗതി! ആദ്യ കാലങ്ങളില്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ ഒക്കെയെങ്കിലും നായന്മാര്‍ അവരുടെ വേഷം കെട്ടാനെങ്കിലും ദലിതരെ അനുവദിച്ചിരുന്നു. ഇപ്പോളിപ്പോളായിട്ട് കറുത്ത തൊലിയുള്ള ഒരു കഥാപാത്രത്തിന് ചേര്‍ന്ന നായിക വേണ്ടിവരുമ്പോള്‍ സവര്‍ണ്ണ നായികയെ കറുത്ത നിറമടിച്ചിട്ടാണെങ്കിലും അവര്‍ തൃപ്തരാവുന്നുണ്ട് ‘… ദലിത് സൈദ്ധാന്തികനും ചലച്ചിത്രകാരനും ആയ രൂപേഷ് കുമാര്‍ Rupesh Kumarസെല്ലുലോയ്ഡ് എന്ന ചലച്ചിത്രം കണ്ടതിനു ശേഷം അഭിപ്രായപ്പെട്ടത്.
‘1930 കളില്‍ സവര്‍ണ്ണഹൈന്ദവരുടെ അക്രമം കൊണ്ട് തമിഴ് നാട്ടിലേക്ക് ഓടിപ്പോയ റോസിയെ തിരികെ തിരശ്ശീലയില്‍ എത്തിച്ച് കൊല ചെയ്യുകയാണ് സെല്ലുലോയ്ഡ് എന്ന ചലച്ചിത്രം ‘ എന്നാണ്.അജിത്കുമാറിനെയും രൂപേഷിനെയും ഇത്തരത്തില്‍ ചിന്തിപ്പിക്കുന്ന ഘടകം എന്താണ്?
സെല്ലുലോയ്ഡ് എന്ന ചലച്ചിത്രത്തിന് ആധാരമായ Vinu Abrahamവിനു എബ്രഹാമിന്റെ നഷ്ടനായിക എന്ന നോവലിലടക്കം പി.കെ റോസി എന്ന നായികാ കഥാപാത്രത്തെ മറന്ന് ജെ.സി.ദാനിയലിനെ ഹൈലൈറ്റ്‌ചെയ്യാന്‍ നോവലിസ്റ്റും ദാനിയലിന്റെ കഥാപാത്രത്തിലൂടെ പൃഥ്വിരാജ് എന്ന നായകനെ ഹൈലൈറ്റ് ചെയ്യാന്‍ കമലും കാണിച്ച അതിവ്യഗ്രതയില്‍ സവര്‍ണ്ണ നിര്‍ദ്ദേശങ്ങള്‍ക്ക് സവിനയം വഴങ്ങുക മാത്രം ചെയ്യുന്ന ആര്‍ജ്ജവമില്ലാത്ത കഥാപാത്രമായി ഒതുക്കപ്പെടുകയായിരുന്നു പി.കെ റോസി എന്ന യഥാര്‍ത്ഥ നായിക എന്ന തിരിച്ചറിവുതന്നെയാണ് ഈ പ്രതികരണങ്ങളുടെ കാതല്‍.ഈ തിരിച്ചറിവില്‍ നിന്നു കൊണ്ടാണ് സമകാല മലയാള സിനിമയില്‍ ഒരു നായര്‍ നായികയെ അവതരിപ്പിക്കാനുള്ള അവസരം ഒരു ദലിത് സ്ത്രീക്ക് ഇന്നുണ്ടോ ?എന്ന ചോദ്യം ഉയരേണ്ടതും
ഈ ചോദ്യത്തിന് ഉത്തരം തേടുന്നതിന് മുന്‍പ് മലയാള സിനിമയിലെ ജാതി ലിംഗ ഘടനകളെ സൂക്ഷ്മനിരീക്ഷണത്തിന് വിധേയമാക്കേണ്ടതുണ്ട്. ഒപ്പം പി.കെ.റോസിയെ കുറിച്ചുള്ള സിനിമ, നോവല്‍, ഡോക്യുമെന്ററികള്‍, ലേഖനങ്ങള്‍, പoനങ്ങള്‍ തുടങ്ങിയ സമകാലിക ആഖ്യാനങ്ങളില്‍ അവര്‍ ഏതു രീതിയിലാണ് സ്ഥാപിക്കപ്പെടുന്നത് എന്നും നിരീക്ഷിക്കേണ്ടതുണ്ട്.
ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍, കുന്നുകുഴി എസ് മണി, ബേബി തോമസ്,K K Babu Rajകെ.കെ.ബാബുരാജ് തുടങ്ങിയവരുടെ അന്വേഷണങ്ങളുടെയും പഠനങ്ങളുടെയും ശ്രമഫലമായാണ് മലയാള സിനിമാ ചരിത്രത്തിലും കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിലും, അര്‍ഹിക്കുന്ന വിധത്തില്‍ അല്ലെങ്കില്‍ കൂടി പി.കെ റോസി എന്ന പേര് അടയാളപ്പെടുത്തപ്പെട്ടത്. പി.കെ റോസിയെക്കുറിച്ച് ഉണ്ടായ ആദ്യ ലേഖനം ഒരുചലച്ചിത്രമാസികയുടേതായിരുന്നു.മലയാള സിനിമയുടെ ആദ്യ നായിക തിരുവനന്തപുരത്തെ പുല്ലു കച്ചവടക്കാരി – എന്നതായിരുന്നു ആ ലേഖനത്തിന്റെ തലക്കെട്ട്.ലേഖനത്തില്‍ വിവരിക്കപ്പെട്ടിരിക്കുന്ന റോസിയുടെ ജീവചരിത്രം ഇങ്ങനെ ചുരുക്കി വായിക്കാം’ കൂലിവേല ചെയ്ത് ജീവിച്ചിരുന്ന റോസി എന്ന ദലിത് സ്ത്രീയെ ജേസി ദാനിയല്‍ തന്റെ ചലച്ചിത്രത്തില്‍ നായര്‍നായികാ വേഷത്തില്‍ അഭിനയിപ്പിക്കുന്നു. അതില്‍ അസ്വസ്ഥരായ തിരുവനന്തപുരത്തെ നായന്മാര്‍ ചിത്രം പ്രദര്‍ശിപ്പിച്ച തീയറ്റര്‍ നശിപ്പിക്കുന്നു.. റോസിയുടെ വീടിന് തീവയ്ക്കുന്നു. പ്രാണഭയത്താല്‍ തമിഴ്‌നാട്ടിലേക്ക് നാടുവിട്ടോടുന്ന റോസിക്ക് അയ്യങ്കാര്‍ സമുദായത്തില്‍ പെട്ട ഒരു ലോറി ഡ്രൈവര്‍ തുണയാകുന്നു. തുടര്‍ന്ന് അഗ്രഹാര കോലായില്‍ കോലം വരച്ചുകൊണ്ടിരിക്കുന്ന മാമിയാര്‍ പരിവേഷത്തിലേക്ക് റോസി എത്തുന്നു; ലേഖനം അവസാനിക്കുന്നു.
ജെ.സി.ദാനിയലിന്റെ സിനിമയില്‍ അഭിനയിക്കുന്നതിന്നു മുന്‍പു തന്നെ ധാരാളം തമിഴ്‌നാടകങ്ങളിലും കാക്കാരിശ്ശി നാടകങ്ങളിലും അഭിനയിച്ച് കഴിവ് തെളിയിച്ച നടിയായിരുന്നു പി.കെ.റോസി എന്നും അതുകൊണ്ട് കൂടിയാണ് ദാനിയല്‍ തന്റെ സിനിമയില്‍ അവരെ നായികയാക്കിയതെന്നും ഉള്ള യാഥാര്‍ത്ഥ്യം ലേഖനത്തിന്റെ രചനാകാലത്ത് തന്നെ എല്ലാവര്‍ക്കും അറിയാമായിരുന്നു .അതു മറച്ചുവയ്ക്കുകയും ഒപ്പം സവര്‍ണ്ണ സ്ത്രീയെന്ന വ്യാജ സ്വത്വത്തില്‍ അഭിരമിച്ചു ജീവിച്ചു മരിച്ചു പി.കെ റോസി എന്നത് ആഘോഷപൂര്‍വ്വം സ്ഥാപിച്ചു തൃപ്തനാവുകയാണ് ടി.ലേഖകന്‍.
കാക്കാരിശ്ശി നാടകങ്ങള്‍ നൃത്ത പ്രധാനമായ നാടോടി കലാരൂപമാണ്. പുരുഷന്മാര്‍ തന്നെയാണ് അക്കാലം വരേക്ക്അവയില്‍ സ്ത്രീ വേഷവും കൈകാര്യം ചെയ്തിരുന്നത്. അത്തരത്തില്‍ നിലനിന്നു വന്ന പരമ്പരാഗത കലാരൂപത്തില്‍ പോലും സ്ത്രീ വേഷം ചെയ്യാന്‍ തന്റേടവും കഴിവും ഉണ്ടായിരുന്ന പി.കെ റോസി കാക്കാരിശ്ശി നാടകങ്ങളില്‍ സ്ത്രീ വേഷം ചെയ്ത ആദ്യ സ്ത്രീ എന്നുകൂടി കേരളത്തിന്റെ കലാചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ടതുണ്ട്. എന്നാല്‍ റോസിയെ കുറിച്ച് ഇന്നു വരെ വന്നിട്ടുള്ള സിനിമയും നോവലും ഡോക്യുമെന്ററിയും ഉള്‍പ്പടെ ഉള്ള മുഖ്യധാരാ ആഖ്യാനങ്ങള്‍ മുഴുവന്‍ കാക്കാരിശ്ശി നാടകങ്ങളില്‍ തിളങ്ങിയ
പുല്ലുകച്ചവടക്കാരി റോസിയായിരുന്നു മലയാള സിനിമയിലെ ആദ്യ നായിക എന്ന് പറയാന്‍ മടിച്ച് പുല്ലു വില്‍പ്പനക്കാരി എന്ന നിലക്ക് ഒരു ദലിത് സ്ത്രീയുടെ തൊഴില്‍ ശരീരം മാത്രമായി പരിമിതപ്പെടുത്തി.അതിനപ്പുറമുള്ള ഒരന്തസ്സിനും അവര്‍ക്ക് അര്‍ഹതയില്ല എന്നുള്ള സവര്‍ണ്ണ ബോധത്തിന്റെ അധീശ മനോഭാവമാണ് അത്തരത്തിലുള്ള ആഖ്യാനങ്ങളില്‍ വെളിപ്പെടുന്നത്. പി.കെ റോസി എന്ന സ്ത്രീയെ വ്യക്തി എന്ന നിലയില്‍, നടി എന്ന നിലയില്‍ ഇല്ലായ്മ ചെയ്യുകയും തങ്ങളുടെ അപാരമായ സഹതാപം വാരിച്ചെലുത്താന്‍ പാകത്തിലുള്ള ഒരു ഇര എന്ന രീതിയില്‍ പരിണാമപ്പെടുത്തുകയായിരുന്നു കമലും വിനു എബ്രഹാമും ഉള്‍പ്പെടെയുള്ള ആഖ്യാതാക്കള്‍ ചെയ്തത്.
ജാതീയമാനങ്ങള്‍ മുഴുവനായും മറച്ചു വച്ചു കൊണ്ട് കേവലമൊരു സദാചാര പ്രശ്‌നമായോസ്ത്രീയുടെ സിനിമയിലേക്കുള്ള കടന്നുവരവിനെ തടയുന്നതിനുള്ള ശ്രമമായോ മാത്രം റോസിക്കെതിരായുണ്ടായ അക്രമങ്ങളെ ലഘുവായി കാണുന്ന മറ്റൊരുതരം വ്യാഖ്യാനവും ഉണ്ടായി.ആ വാദത്തിന്റെ വക്താക്കളുടെ വാദം ശരിയാണെങ്കില്‍ വിഗതകുമാരന് അഞ്ചു കൊല്ലം കഴിഞ്ഞ് ഇറങ്ങിയ മാര്‍ത്താണ്ഡവര്‍മ്മ എന്ന ചലച്ചിത്രത്തില്‍ സവര്‍ണ്ണ സ്ത്രീ കഥാപാത്രങ്ങളെ സവര്‍ണ്ണ സ്ത്രീകള്‍ തന്നെ അവതരിപ്പിച്ചപ്പോളും അത്തരം അതിക്രമങ്ങളും പ്രതിഷേധങ്ങളും ഉണ്ടാവേണ്ടിയിരുന്നില്ലേ ? ഒന്നും ഉണ്ടായില്ലല്ലോ? സവര്‍ണ്ണ ചലച്ചിത്ര പ്രവര്‍ത്തകരും നിരൂപകരും എഴുത്തുകാരും പോസ്റ്റ് കൊളോണിയല്‍ നിയോ മാര്‍ക്‌സിസ്റ്റ് ബുദ്ധിജീവികളും ചേര്‍ന്ന് തനത് സാംസ്‌കാരിക രാഷ്ട്രീയത്തില്‍ നിന്ന് വേറിട്ട ഒരു പാശ്ചാത്യ സാങ്കേതികവിദ്യയായി മാത്രം സിനിമയെ പൊതു ഇടത്തില്‍ സ്ഥാപിക്കുകയും മറ്റേതു മേഖലയിലും എന്നതുപോലെ ഘട്ടം ഘട്ടമായി അവിടെ സവര്‍ണ്ണാധികാരം സ്ഥാപിച്ചെടുക്കുകയുമായിരുന്നു മലയാള സിനിമയിലും .ഭക്ഷണം, വസ്ത്രം, ശരീരം, കല, ബൗദ്ധിക ത തുടങ്ങി എന്തിലും പൊതുബോധമായി പരിണാമപ്പെട്ട സവരണ്ണബോധം മാര്‍ത്താണ്ഡവര്‍മ്മ മുതല്‍ക്കിങ്ങോട്ട് ഇന്നോളവും നിലനില്‍ക്കുന്നു എന്നത് തന്നെയാണ് യാഥാര്‍ത്ഥ്യം
റോസിതുടച്ചു നീക്കപ്പെട്ടതിനു ശേഷമുള്ള മലയാള സിനിമാ ചരിത്രത്തിലൊരേടത്തും മറ്റൊരു ദലിത് നായിക പ്രത്യക്ഷപ്പെടുന്നില്ല. ഉന്നതകുലജാതരായ ഹൈന്ദവ – ക്രൈസ്തവ നടികള്‍ മാത്രം! നായര്‍ നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ആദ്യകാലങ്ങളില്‍ തമിഴില്‍ നിന്ന് മിസ് കുമാരിയെയും ഷീലയെയും പോലുള്ള സിറിയന്‍ ക്രിസ്ത്യന്‍ നായികമാരെയാണ് ഇറക്കുമതി ചെയ്തിരുന്നത് എങ്കില്‍ പത്മിനി രാഗിണി നായര്‍ സഹോദരികളിലേക്കും ജയഭാരതി, സീമ, ജയഭാരതി നമ്പ്യാര്‍ നടികളിലേക്കും ആയി അതിന്റെ തുടര്‍ച്ച.സീമയ്ക്കു ശേഷം സവര്‍ണ്ണ നായികമാരുടെ കുത്തൊഴുക്കായിരുന്നു മലയാള സിനിമയില്‍.അംബിക, ശോഭന, രേവതി, ഉര്‍വ്വശി, കാര്‍ത്തിക,പാര്‍വ്വതി, തുടങ്ങി എത്രയോ നായികമാര്‍! (ജാത്യുന്നതി അവകാശപ്പെടാനില്ലാത്ത സരിതയെപ്പോലുള്ള നായികമാര്‍ സ്വീകരിക്കപ്പെട്ടില്ല എന്നല്ല, അവര്‍ മലയാളിയല്ലായ്കയാല്‍ മാത്രം സ്വീകരിക്കപ്പെട്ടു എന്നതാണ് കൗതുകകരമായ സത്യം ) .ഇക്കഴിഞ്ഞ ദശകങ്ങളില്‍ മലയാള സിനിമയിലെ നായികാ നടിമാര്‍ക്കുണ്ടായ മറ്റൊരു ശ്രദ്ധേയമായ മാറ്റം തങ്ങളുടെ പേരിനൊപ്പം ജാതി വാലുകൂട്ടിച്ചേര്‍ത്തുപയോഗിക്കുന്ന രീതിയില്‍ ഉണ്ടായ ‘പുരോഗമന ‘മാണ്. മഞ്ജു വാര്യര്‍, സംയുക്താ വര്‍മ്മ ,നവ്യാ നായര്‍, ശ്വേതാ മേനോന്‍ ,പ്രിയാ പിള്ള, നിത്യാ മേനോന്‍,കാര്‍ത്തികാ നായര്‍ തുടങ്ങി എത്രയോ ‘ജാതി നായികമാര്‍ ‘! ദലിത്, കീഴാള സ്ത്രീ കഥാപാത്രങ്ങളെ തിരശ്ശീലയില്‍ അവതരിപ്പിക്കുമ്പോള്‍ പോലും തങ്ങള്‍ ആരെന്നും എവിടെ നില്‍ക്കുന്നുവെന്നും അവര്‍ തങ്ങളുടെ പേരിലൂടെ വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കുന്നു.
മുക്കാല്‍ നൂറ്റാണ്ടിനിപ്പുറവും സവര്‍ണ്ണ ഹിന്ദു / സിറിയന്‍ ക്രിസ്ത്യന്‍ നടിമാര്‍ക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ടിരുന്ന മലയാളത്തിലെ നായികാ പദവിയിലേക്ക് ഈഴവരോ മറ്റു പിന്നോക്ക സമുദായ അംഗങ്ങളോ ആയ നടിമാര്‍ക്ക് പോലും പ്രവേശനം കിട്ടുന്നത് ഈ അടുത്ത കാലത്താണ്. സവര്‍ണ്ണ ആചാരാനുഷ്ഠാനങ്ങള്‍ നിഷ്ഠയോടെ പിന്തുടരുന്ന പിന്നോക്കക്കാരിലെ ഉന്നത വിഭാഗം എന്നു പറയാവുന്ന വിഭാഗമാണ് ചാലിയാര്‍ സമുദായം കാവ്യാ മാധവന്‍ ആ സമുദായാംഗമാണ്. എന്നാല്‍ നായരേക്കാള്‍ നായര്‍ സാദൃശ്യമുള്ള രൂപമാകയാല്‍ കൂടിയാണ് കാവ്യ സ്വീകരിക്കപ്പെട്ടത്. കൃത്യമായ നായര്‍ രൂപം ഉണ്ടായിട്ടു പോലും സംവൃതാ സുനിലിനെ പോലെ ഒരു ഈഴവ പെണ്‍കുട്ടിക്ക് അര്‍ഹമായ വേഷങ്ങള്‍ കിട്ടുന്നില്ല എന്നതും പാതി ദലിത് എന്നു പറയാവുന്ന റിമാ കല്ലിങ്കല്‍, ലൈംഗിക സദാചാരമില്ലാത്തവരായ വില്ലത്തി പരിവേഷമുള്ള വേഷങ്ങളില്‍ തളച്ചിടപ്പെടുന്നതിന്റെ കാരണം മറ്റൊന്നല്ല
സമാനമായ തരത്തില്‍ മലയാള സിനിമയിലെ മുസ്ലീം സ്ത്രീ പ്രതിനിധാനങ്ങള്‍ പരിശോധിച്ചാല്‍ ഒരു നദിയാ മൊയ്തുവിനെയോ സുരേഖയെയോ (തകരഫെയിം ) കണ്ടു കിട്ടിയേക്കാം. എങ്കില്‍ പോലും അവരിരുവരും ഒരു കാലത്തും ആഘോഷിക്കപ്പെടുന്ന തരത്തിലുള്ള ഒരു നായികാ താരപദവിയിലേക്ക് പരിഗണിക്കപ്പെട്ടിരുന്നില്ല.മലയാള സിനിമയില്‍ ഇന്നു നാം കാണുന്ന മുസ്ലീം സ്ത്രീ കഥാപാത്രങ്ങളൊക്കെയും അവതരിപ്പിക്കുന്നത് മുസ്ലീം ഇതര നടിമാരാണ്.തട്ടത്തിന്‍ മറയത്ത് പോലുള്ള സിനിമകളില്‍ അതിസുന്ദരികളായ അന്യഭാഷാ നടിയാണ് മലയാളി മുസ്ലീം പെണ്‍കുട്ടിയെ അവതരിപ്പിച്ചത്.മുസ്ലീം സ്ത്രീകളുടെ അവസ്ഥ ഇതായിരിക്കേ ആദിവാസി / ദലിത്സമൂഹത്തില്‍ നിന്നുംഭിനേത്രി എന്നത് എത്ര വിദൂരമായ സ്വപ്നമാണ് എന്നതില്‍ സംശയിക്കേണ്ടതില്ലല്ലോ.
മലയാള സിനിമയില്‍ ചിത്രീകരിക്കപ്പെട്ടിട്ടുള്ള ദലിത് സ്ത്രീകഥാപാത്രങ്ങളെയെല്ലാം അവതരിപ്പിച്ചിട്ടുള്ളത് അതി ലൈംഗികത കുത്തിച്ചെലുത്തിയ രൂപ വേഷഭൂഷാദികളോട് കൂടിയ സവര്‍ണ്ണ സ്ത്രീകള്‍ തന്നെയായിരുന്നു. സിനിമ കളിലെ ദലിത് സ്ത്രീ കഥാപാത്രങ്ങളാവട്ടേ സദാചാര നിഷ്ഠയില്ലാത്ത വിവാഹപൂര്‍വ്വ വിവാഹേതര ബന്ധങ്ങള്‍ സൂക്ഷിക്കുന്നവരായാണ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്.ചെമ്മീനിലെ കറുത്തമ്മ,കള്ളിച്ചെല്ലമ്മയിലെ ചെല്ലമ്മ, അനുഭവങ്ങള്‍ പാളിച്ചകളിലെ നായികയായ ദലിത് സ്ത്രീ കഥാപാത്രം കുട്ടിക്കുപ്പായത്തിലെ മുസ്ലീം സ്ത്രീ തുടങ്ങി ഷീല എന്ന നടി അവതരിപ്പിച്ചിട്ടുള്ള കീഴാള സ്ത്രീകഥാപാത്രങ്ങള്‍ മാത്രം ഒന്നെടുത്തു നോക്കൂ.. 22 ഫീമെയില്‍ കോട്ടയത്തിലും ചാപ്പാ കുരിശിലും ഡയമണ്ട് നെക് ലേസിലും അന്നയിലും റസൂലിലും വിഭിന്ന രൂപങ്ങളില്‍ ഇതേ കഥകള്‍ ആവര്‍ത്തിക്കപ്പെട്ടു കൊണ്ടേ യിരിക്കുന്നു.
ഏതുതരം തൊഴില്‍ സാഹചര്യങ്ങളില്‍ നിന്നുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സ്ത്രീകളും ആവട്ടേ വെളുത്ത അഴകളവുകള്‍ ഒത്ത, അവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളോട് ഒരുതരത്തിലും നീതി പുലര്‍ത്താനാവാത്ത ശരീരങ്ങളോടെയാണ് തിരശ്ശീലയില്‍ പ്രത്യക്ഷപ്പെടുന്നത്.അന്നയും റസൂലും എന്ന ചലച്ചിത്രത്തിലെ അന്ന തുണിക്കടയിലെ സെയില്‍സ് ഗേളാണ്, ഉടലും നിറവും മോഡലിന്റേതും.! ഇരുണ്ട നിറമുള്ള ഒന്നിലധികം സെയില്‍സ് ഗേളുകള്‍ ചിത്രത്തില്‍ പലയിടങ്ങളിലും ദൃശ്യരാണ്. എന്നാല്‍ അവര്‍ക്കാര്‍ക്കും ചിത്രത്തില്‍ പേരോ ശബ്ദമോ ഇല്ല തന്നെ !പാപ്പിലിയോ ബുദ്ധ പോലെ ചുരുക്കം ചില സിനിമകള്‍ ദലിത് സ്ത്രീ സ്വത്വാ വിഷ്‌കാരത്തിന്റെ സവര്‍ണ്ണ നിര്‍മ്മിത പരിമിതികളെ വിജയകരമായി മറികടക്കുന്നുണ്ട്. എന്നാല്‍ മുഖ്യധാരയില്‍ ആ ചിത്രത്തിത്തിന് പ്രവേശനം നിഷേധിക്കപ്പെട്ടതും നാം കണ്ടു കഴിഞ്ഞിരിക്കുന്നു. പി.കെ റോസിക്കു മുന്നില്‍ വലിച്ചു കീറപ്പെട്ട തിരശ്ശീല ഇന്നും അതുപോലെ അവശേഷിച്ചിരിക്കുന്നു, മലയാള സിനിമയില്‍ എന്നു പറയാതെ വയ്യ!
[ പി.കെ റോസി അവാര്‍ഡ് കെ.പി.എസി.ലളിതക്ക് സമ്മാനിച്ച വേദിയില്‍ ജെനി റൊ വിനോ ഇംഗ്ലീഷില്‍ നടത്തിയ പ്രസംഗത്തിന് കടപ്പാട് ]
ഫേസ് ബുക്ക് പോസ്റ്റ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in