മലയാളിയുടെ മഴകള്‍

വി.എച്ച്.ദിരാര്‍ മിഴിക്ക് നീലാഞ്ജന പുഞ്ജമായും ചെവിക്ക് സംഗീതകസാരമായും മെയ്യിന്ന് കര്‍പ്പൂരകപൂരമായും പുലര്‍ന്നുവല്ലോ പുതുവര്‍ഷകാലം. (വര്‍ഷാഗമം, വൈലോപ്പിള്ളി ശ്രീധരമേനോന്‍) പതിവുപ്പോലെ സ്‌കൂളിനൊപ്പം കാലവര്‍ഷവും തുറന്നു. തീപിടിച്ച രാപകലുകള്‍ക്ക് സലാം. പൊതുടാപ്പിന് കീഴിലെ പാത്രതീവണ്ടികള്‍ ഇനി കുറെ കാലത്തേക്ക് നിരത്തിലുണ്ടാവില്ല. പഞ്ചായത്ത് വെള്ളത്തിനൊ കോര്‍പ്പറേഷന്‍ വെള്ളത്തിനൊ കാത്ത്‌നിന്ന് കാലില്‍ നീര് വെച്ചവരുടെ കഥയുമായി ചാനലുകള്‍ തൊണ്ട കീറില്ല. വാണംപ്പോലെ പൊങ്ങുന്ന വിറ്റുവരവ് കണ്ട് പൊട്ടിചിരിച്ച കുപ്പിവെള്ള വണിക്കുകള്‍ക്ക് അല്പം വിശ്രമം. വെള്ളകള്ളന്മാരുടെ വാര്‍ത്തകളില്ല. സൂര്യാഘാതങ്ങളില്ല. ചൂട് ചൂട് എന്ന മുറവിളിയില്ല. […]

rain
വി.എച്ച്.ദിരാര്‍
മിഴിക്ക് നീലാഞ്ജന പുഞ്ജമായും ചെവിക്ക് സംഗീതകസാരമായും മെയ്യിന്ന് കര്‍പ്പൂരകപൂരമായും പുലര്‍ന്നുവല്ലോ പുതുവര്‍ഷകാലം. (വര്‍ഷാഗമം, വൈലോപ്പിള്ളി ശ്രീധരമേനോന്‍)
പതിവുപ്പോലെ സ്‌കൂളിനൊപ്പം കാലവര്‍ഷവും തുറന്നു. തീപിടിച്ച രാപകലുകള്‍ക്ക് സലാം. പൊതുടാപ്പിന് കീഴിലെ പാത്രതീവണ്ടികള്‍ ഇനി കുറെ കാലത്തേക്ക് നിരത്തിലുണ്ടാവില്ല. പഞ്ചായത്ത് വെള്ളത്തിനൊ കോര്‍പ്പറേഷന്‍ വെള്ളത്തിനൊ കാത്ത്‌നിന്ന് കാലില്‍ നീര് വെച്ചവരുടെ കഥയുമായി ചാനലുകള്‍ തൊണ്ട കീറില്ല. വാണംപ്പോലെ പൊങ്ങുന്ന വിറ്റുവരവ് കണ്ട് പൊട്ടിചിരിച്ച കുപ്പിവെള്ള വണിക്കുകള്‍ക്ക് അല്പം വിശ്രമം. വെള്ളകള്ളന്മാരുടെ വാര്‍ത്തകളില്ല. സൂര്യാഘാതങ്ങളില്ല. ചൂട് ചൂട് എന്ന മുറവിളിയില്ല. കൊടും വരള്‍ച്ചയുടെ ഓര്‍മ്മകള്‍ എത്രവേഗത്തില്‍ സ്ഥലംവിട്ടു. മണ്‍സൂണിന്റെ തുടക്കം ഗംഭീരമായി. ബൈബിളിന്റെ ഭാഷയില്‍( ഉല്‍പ്പത്തി 7:11) ആകാശത്തിലെ ജാലകങ്ങള്‍ തുറന്നു. കഴിഞ്ഞ ആണ്ടിലെ മഴക്കാലത്തിനുള്ള കടംകൂടി വീട്ടി. ഇടവപ്പാതിയില്‍ മാത്രം 40% ത്തോളം മഴ അധികം കിട്ടിയെന്ന് മഴമാപിനികള്‍. ഒരു മഴ പെയ്‌തെങ്കിലെന്ന് കൊതിയോടെ കാത്തിരുന്ന മലയാളി ഇപ്പോള്‍ മഴയെ ശപിക്കാന്‍ തുടങ്ങി. മഴയേക്കാള്‍ സാന്ദ്രതയില്‍ പെയ്യുന്നുണ്ട് മഴപേടികള്‍. മണ്‍ത്തരിയിലും മഴത്തുള്ളിയിലും പനിചൂട്. സര്‍ക്കാരും ഡോക്ടര്‍മാരും മാതാപിതാക്കളും ഒരുപ്പോലെ പറയുന്നു മഴക്കൊള്ളരുതെന്നും മണ്ണില്‍ കളിക്കരുതെന്നും. അതുക്കൊണ്ട് മഴക്കൊള്ളാത്ത മഴക്കാലത്തിലൂടെ കടന്നുപോകുന്നു നമ്മുടെ ബാല്യം. ചെളിയില്‍ കളിച്ച് മഴയില്‍ കുളിച്ച് വളര്‍ന്ന മലയാളത്തിന് വിട. ഇപ്പോള്‍ പനിപേടിയില്ലാതെ എല്ലാവരും കൊള്ളുന്നത് ഫേസ്ബുക്കിലെ മഴയാണ്. മഴയുടെ കാവ്യനീതികള്‍. പ്രതീതിമഴകള്‍.
മലയാളിയുടെ ഭൂപ്രകൃതിയിലും മനസ്സിലും മഴക്ക് വലിയ സ്ഥാനമുണ്ട്. വളരെ പണ്ട് മലയാളിയുടെ ദേശം ഒരു കരയായിരുന്നില്ല, ആയിരം കരയായിരുന്നു. കുന്നും കുഴിയുമായി കിടക്കുന്ന കേരളത്തെ മഴ അക്കാലത്ത് ഒറ്റപ്പെട്ട നിരവധി ദ്വീപുകളാക്കി തീര്‍ത്തു. മഴക്കാലത്ത് ജനപഥങ്ങള്‍ക്കിടയില്‍ മഹാവിസ്തൃതിയില്‍ കായല്‍ പരപ്പുകള്‍. വഞ്ചിയായിരുന്നു അന്ന് മലയാളിയുടെ വാഹനം. (അക്കരെ എന്ന പ്രയോഗം കേരളത്തില്‍ അടുത്തകാലം വരെ വളരെ വ്യാപകമായിരുന്നു.) പല മലയാളത്തേയും സംസ്‌ക്കാരത്തിന്റെ പ്രാദേശിക വൈവിദ്ധ്യത്തേയും സൃഷ്ടിച്ചത് ഈ ഭൂപ്രകൃതിയാണ്. കേരളത്തിന്റെ ജാതി വ്യവസ്ഥയെ അത് വളരെ സ്വാധീനിച്ചിട്ടുണ്ട്. ഇവിടെ എത്ര തരം നായന്മാര്‍, ഈഴവന്മാര്‍, പുലയര്‍.. അതേസമയം കടല്‍ എന്ന അറ്റമില്ലാത്ത ജലപരപ്പും മലയാളിക്ക് കിട്ടി. ലോകത്തിലേക്ക് സദാ തുറന്നിരിക്കുന്ന മലയാളിയുടെ മൂന്നാംകണ്ണ്. കേരളത്തിന് ഉള്ളില്‍ ഇടുങ്ങി വളര്‍ന്ന മലയാളിയെ ലോകത്തോളം വളര്‍ത്തിയത് ഈ കടലാണ്. ആദ്യമാദ്യം ഈ കടലിലൂടെ ലോകം കേരളത്തിലേക്കൊഴുകി. പിന്നെ കേരളം ലോകത്തിലേക്കും. അന്ന് പ്രകൃതി വിഭവങ്ങളായിരുന്നു കേരളം ലോകത്തിന് നല്‍കിയ ക്ഷണകത്ത്, ഇന്ന് മനുഷ്യവിഭവങ്ങളും. മഴയുടെ കാര്യത്തില്‍ കേരളം പഴയ കാനോന്‍ ദേശമാണ്. വാഗ്ദത്തഭൂമിയിലേക്ക് പ്രവേശിക്കാന്‍ കാത്ത് നിന്ന ജനതക്ക് മോശ നല്‍കുന്ന വിവരണം കേട്ടാല്‍ ഇത് കേരളത്തെപ്പറ്റിയല്ലേയെന്ന് ഏത് മലയാളിക്കും തോന്നും. നിങ്ങള്‍ കൈവശമാക്കാന്‍ പോകുന്ന ദേശം ധാരാളം മഴ കിട്ടുന്ന കുന്നുകളും താഴ് വരകളും നിറഞ്ഞതാണ്. നിങ്ങളുടെ ദൈവമായ കര്‍ത്താവ് സദാ പരിപാലിക്കുന്ന ദേശമാണത്.” പ്രകൃത്യാ കേരളം ദൈവത്തിന്റെ സ്വന്തം നാടുതന്നെയാണ്. പ്രകൃതിയിലെ എല്ലാ ഭംഗികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. വരണ്ട ഇലപൊഴിയും കാടുകള്‍ മുതല്‍ മഴക്കാടുകള്‍ വരെ,സമുദ്രനിരപ്പിന് താഴെ സ്ഥതിചെയ്യുന്ന ആലപ്പുഴ ജില്ല മുതല്‍ ഇടുക്കിയിലെ ആനമുടി വരെ പിന്നെ കായലുകള്‍, പുഴകള്‍, വയലേലകള്‍……ഏകദേശം 3000 മില്ലിമീറ്റര്‍ വര്‍ഷപാതം കേരളത്തില്‍ ലഭിക്കുന്നുണ്ട്. സൈലന്റ് വാലിയില്‍ 5500 ഓളം മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്നുണ്ട്. ലക്കിടിയല്ല ഇപ്പോള്‍ കേരളത്തിന്റെ ചിറാപുഞ്ചി, സൈലന്റ് വാലിയാണ്. ചില മരങ്ങള്‍ക്കടിയില്‍ മാത്രം പെയ്യുന്ന കുഞ്ഞുമഴകള്‍ ഈ മഴക്കാടിന്റെ പ്രത്യേകതയാണ്. ഭാരതപുഴയില്‍ തൊടുമ്പോള്‍ സൈലന്റ് വാലിയില്‍ വീണ മഴത്തുള്ളികളുടെ കിലുക്കം കേള്‍ക്കാം.
കേരളത്തില്‍ മൂന്ന് തരം മഴകളാണ് കിട്ടുന്നത്. ജൂണ്‍ മാസം ഒന്നാം തിയ്യതി മുതല്‍ സെപ്തംബര്‍ മാസം മുപ്പത്തിയൊന്നാം തിയ്യതി വരെ നീണ്ടുനില്‍ക്കുന്ന തെക്ക്-പടിഞ്ഞാറന്‍ കാലവര്‍ഷം. ഇതില്‍ നിന്നാണ് 60% മഴ കിട്ടുന്നത്. തുലാവര്‍ഷം അതായത് വടക്ക്- കിഴക്ക് കാലവര്‍ഷമാണ് അടുത്തത്. ഒക്‌ടോബര്‍ 1 മുതല്‍ ഡീസംബര്‍ 31 വരെയാണ് ഇതിന്റെ ദൈര്‍ഘ്യം. തുലാവര്‍ഷത്തില്‍ നിന്നാണ് 30% മഴ ലഭിക്കുന്നത്. മാര്‍ച്ച്- മേയ് മാസങ്ങളില്‍ കേരളത്തെ വേനല്‍മഴ നനക്കുന്നു. ഇതില്‍ നിന്ന് 9% മഴ ലഭിക്കുന്നു.1% മഴ ശൈത്യമാസങ്ങളായ ജനുവരി-ഫെമ്പ്രുവരിയിലും ലഭിക്കും.
മണ്‍സൂണ്‍ എന്ന വാക്ക് അറബികളുടെ സംഭാവനയാണെന്ന് ചരിത്രം. അതി പ്രാചീനകാലം മുതല്‍ കേരളവുമായി കച്ചവടബന്ധത്തിലേര്‍പ്പെട്ടിരുന്നവരാണ് അറബികള്‍. ഒരു പ്രത്യേക കാലത്ത് ഇന്‍ഡ്യന്‍ സമുദ്രത്തില്‍ ശക്തമായ കാറ്റുവീശുമെന്ന് അവര്‍ കണ്ടെത്തി. “കാലികമായ കാറ്റ്” എന്ന അര്‍ത്ഥത്തില്‍ അറബികള്‍ അതിനെ മൗസം എന്ന് വിളിച്ചു. പിന്നീട് ഈ വാക്ക് ഇംഗ്ലീഷിലേക്ക് മതം മാറിയപ്പോള്‍ മണ്‍സൂണ്‍ എന്നായിതീര്‍ന്നു. മണ്‍സൂണിനെപ്പറ്റി കേരളത്തിലെത്തിയ എല്ലാ പ്രാചീനസഞ്ചാരികളും പരാമര്‍ശിച്ചിട്ടുണ്ട്. ‘പെരിപ്ലസ് ഓഫ് എറിത്രിയന്‍ സീ ‘എന്ന കൃതിയാണ് കേരളത്തിലെ മണ്‍സൂണിനെപ്പറ്റി ആദ്യം പരാമര്‍ശിച്ചിട്ടുള്ളത്.ഒന്നാം ന്തൂറ്റാണ്ടില്‍ ഇവിടെയെത്തിയ ഒരു സഞ്ചാരിയുടേതാണ് ആ കൃതി. ഒന്‍പതാം ന്തൂറ്റാണ്ടില്‍ കേരളത്തിലെത്തിയ ഇബ്‌ന് ഖുര്‍ദാദ്‌ബെ ഇങ്ങനെ എഴുതുന്നു.’ കേരളത്തില്‍ ശക്തിയായി മഴയുണ്ടാകുന്ന അവസരത്തില്‍ ഇലകള്‍ കുരുമുളക് കുലകളുടെ മേല്‍ ചാഞ്ഞിട്ട് അതിനെ മറച്ച് പിടിച്ച് മഴ നനയാതെ നോക്കും. മഴ മാറിയാല്‍ ഇല പൂര്‍വ്വസ്ഥാനത്ത് വന്ന് നില്‍ക്കും.’പതിമൂന്നാം ന്തൂറ്റാണ്ടില്‍ കേരളം സന്ദര്‍ശിച്ച യൂറോപ്പ്യന്‍ സഞ്ചാരി ജോണ്‍ ഓഫ് മോണ്ടികോര്‍വിനൊ, അതേ ന്തൂറ്റാണ്ടില്‍ ഇവിടെയെത്തിയ മാര്‍ക്കൊപ്പോളോ, പതിനാലാം ന്തൂറ്റാണ്ടിലെത്തിയ അറബി സഞ്ചാരി അബുല്‍ഫിദ, അതേ ന്തൂറ്റാണ്ടിലെത്തിയ ഇബനുബത്തൂത്ത, ചൈനീസ് സഞ്ചാരിയായ വാങ്-താ-യൂണ്‍,പതിനഞ്ചാം ന്തൂറ്റാണ്ടിലെത്തിയ മാഹ്വാന്‍, പതിനെട്ടാം ന്തൂറ്റാണ്ടിലെത്തിയ ഫ്രാന്‍സീസ് ബുക്കാനന്‍ തൂടങ്ങി നിരവധി സഞ്ചാരികള്‍ കേരളത്തിലെ മഴയെപ്പറ്റി എഴുതിയിട്ടുണ്ട്.
മലയാളിയുടെ ചരിത്രത്തിലും സംസ്‌ക്കാരത്തിലും മഴ പ്രധാനകഥാപാത്രമാണ്. മഴകുതിര്‍ന്ന എത്രയോ പഴമ്പാട്ടുകള്‍, പഴമൊഴികള്‍, പുരാവൃത്തങ്ങള്‍…. മഴയെ അടിസ്ഥാനമാക്കിയ ഞാറ്റുവേലകളാണ് കേരളത്തിന്റെ കൃഷികലണ്ടര്‍. കേരളത്തിന്റെ കാലഗണനയനുസരിച്ച് 27 നാളുകളുണ്ട്.ഓരോ നാളിനും 13-14 ദിവസങ്ങള്‍ നീളുന്ന ഞാറ്റുവേലകളുണ്ട്. എല്ലാ വര്‍ഷവും മേടം ഒന്നിന് അശ്വതി ഞാറ്റുവേല തുടങ്ങുന്നു. അപ്രകാരം വിഷു കാര്‍ഷികവര്‍ഷത്തിന്റെ സമാരംഭമാകുന്നു. ഈ കാലക്രമമനുസരിച്ചാണ് മലയാളികള്‍ കാര്‍ഷികപ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തിയിരുന്നത്.അത്ര കൃത്യമായിരുന്നു മലയാളിയുടെ മഴയറിവുകള്‍. ചിങ്ങത്തില്‍ ചിനുങ്ങി ചിനുങ്ങി/കന്നിയില്‍ കനിഞ്ഞ് കനിഞ്ഞ്/തുലാവത്തില്‍ തൂങ്ങി തൂങ്ങി/ഇടവത്തില്‍ ഇടതടവില്ലാതെ/കര്‍ക്കടകത്തില്‍ കറുത്ത് കറുത്ത്’ എന്ന ചൊല്ലില്‍ ഈ മഴയറിവുണ്ട്.താളം പിഴച്ച മഴകള്‍ ഉണ്ടാക്കുന്ന ദുഷ്ഫലങ്ങളെപ്പറ്റിയും മലയാളി ബോധവാനായിരുന്നു.’ കുംഭത്തില്‍ മഴപെയ്താല്‍ കുപ്പയിലും ചോറ്/ മകരത്തില്‍ മഴപെയ്താല്‍ മരുന്നിനും കിട്ടില്ല./കര്‍ക്കടകത്തില്‍ മഴപെയ്താല്‍ പോത്തിന്‍ പുറത്ത് പുല്ലുമുളക്കും.’ തുടങ്ങിയ ചൊല്ലുകള്‍ അതിന് ഉദാഹരണങ്ങളാണ്.
മലയാളസാഹിത്യത്തിലും മഴയെഴുത്തുകളുണ്ട്. മഴയെപ്പറ്റി എഴുതാത്ത ഏതെങ്കിലും കവി ഉണ്ടാകുമോയെന്ന് സംശയമാണ്. ഇക്കൊടും വറുതിച്ചൂടിലിന്നീ മിഥുനരാത്രിയില്‍/ നീ തന്ന മുത്തുമാലക്കു കൂപ്പുകൈ കാലവര്‍ഷമേ എന്ന് പി. കുഞ്ഞിരാമന്‍ നായര്‍ കാലവര്‍ഷമേ നന്ദി’എന്ന കവിതയില്‍. രാത്രിമഴ ചുമ്മാതെ കേണും ചിരിച്ചും/വിതുമ്പിയും നിര്‍ത്താതെ പിറുപിറുത്തും നീണ്ട മുടിയിട്ടുലച്ചും/കുനിഞ്ഞിക്കുന്നോരു യുവതിയാം ഭ്രാന്തിയെപ്പോലെ’ എന്ന് രാത്രിമഴ എന്ന കവിതയില്‍ സുഗതകുമാരി. മഴയുടെ സ്വരഭേദങ്ങള്‍ക്കൊണ്ട് നിര്‍മ്മിച്ച ഒരു ശില്പമാണ് ഈ കവിത. ഇടശ്ശേരി, വൈലോപ്പിള്ളി, അയ്യപ്പപണിക്കര്‍, കക്കാട്, ഡി. വിനയചന്ദ്രന്‍. ഒ.എന്‍.വി.കറുപ്പ്, കെ.ജി.ശങ്കരപ്പിള്ള തുടങ്ങി ഏത് കവിയിലും പെയ്തിട്ടുണ്ട് കേരളത്തിന്റെ മഴകള്‍.
ഇതോടൊപ്പം നമ്മുടെ ഉറക്കം കെടുത്തുന്ന ഒരു കര്‍ക്കിടക മഴയുണ്ട്, അന്തരിച്ച പ്രൊഫസര്‍.ടി.വി. ഈച്ചരവാര്യര്‍ എഴുതിയ ‘ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍’ എന്ന പുസ്തകത്തില്‍. ഒരച്ഛന്‍ തന്റെ നെഞ്ചിലെ ചോരക്കൊണ്ടെഴുതിയ പുസ്തകം. മകനുവേണ്ടി (രാജന്‍) ഒരുരുള ചോറുമായി ജീവിതാവസാനം വരെ ഉറക്കമൊഴിച്ച് കാത്തിരുന്ന ഒരമ്മയുടേയും അച്ഛന്റേയും കണ്ണീരാണ് അതിലെ മഴകള്‍. മലയാളിക്കൊണ്ട ഏറ്റവും കദനഭാരമുള്ള മഴകള്‍. പുസ്തകം ഇങ്ങനെയാണ് അദ്ദേഹം അവസാനിപ്പിക്കുന്നത്. ഈ കര്‍ക്കടകത്തില്‍ മഴ തകര്‍ത്ത് പെയ്യുന്നു. െപരുമഴ ശ്രീവിഹാറിന് മുകളില്‍ പെയ്ത് വീഴുമ്പോഴൊക്കെ ഞാന്‍ മോനെ ഓര്‍ക്കുന്നു. മഴ പൊഴിയുന്ന ഈ രാത്രിയില്‍ ഞാന്‍ അവന്റെ കാസറ്റിലാക്കിയ പാട്ട് വെക്കുന്നു. മൂളുന്ന ടേപ്പ്‌റെക്കോര്‍ഡിന് ഒപ്പം കളഞ്ഞുപ്പോയ ഒരു ശബ്ദവീചിയെ ഞാന്‍ തൊട്ടെടുക്കാന്‍ ശ്രമിക്കുകയാണ്. പരുക്കനായ ഒരച്ഛനായതുക്കൊണ്ട് മാത്രം ഞാന്‍ കേള്‍ക്കാതെപ്പോയ പാട്ടുകള്‍ക്കൊണ്ട് എന്റെ ഭൂമി നിറയുകയാണ്. പുറത്ത് മഴ നനഞ്ഞ് എന്റെ മകന്‍ നില്‍ക്കുന്നു. അതേ അച്ഛന്റെ കഥ പറഞ്ഞ,ഷാജി. എന്‍.കരുണ്‍ സംവിധാനം ചെയ്ത, പിറവി എന്ന സിനിമയുടെ കേന്ദ്ര കഥാപാത്രം തന്നെ മഴയാണ്. മലയാളത്തിലെ എക്കലത്തേയും നല്ല സിനിമകളില്‍ ഒന്നാണ് പിറവി.കമലിന്റെ പെരുമഴക്കാലം, ഭരതന്‍ സംവിധാനം ചെയ്ത വൈശാലി, ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മഴ, പത്മരാജന്റെ തൂവാനതുമ്പികള്‍ തുടങ്ങിയ നിരവധിസിനിമകളിലും മഴ പ്രധാനമായുണ്ട്.
മലയാളിയുടെ മണ്ണിലും മനസ്സിലും മഴക്ക് വലിയ ഭൂപടങ്ങളുണ്ട്. എന്നിട്ടും നീരറ്റുപോകുന്നു മലയാളിയുടെ മണ്ണും മനസ്സും. കഴിഞ്ഞ വേനലില്‍ ജലക്ഷാമം ഉച്ചസ്ഥായിയിലെത്തി. ചൂടും കൊതുകും ചേര്‍ന്ന ് മലയാളിയുടെ രാത്രികള്‍ കാളരാത്രികളാക്കി. വേനല്‍ചൂട് നെഞ്ചിലും തീപകര്‍ത്തുന്നുണ്ടെന്ന് വേണം സംശയിക്കാന്‍. കുറ്റകൃത്യങ്ങളുടെ പെരുക്കത്തില്‍ അത്യുഷ്ണത്തിന് പങ്കുണ്ടോയെന്ന് പഠിക്കേണ്ടതാണ്.
ഓരോ മരവും ഭൂമി മഴമേഘങ്ങള്‍ക്ക് നല്‍കുന്ന ക്ഷണകത്താണ്. അതുക്കൊണ്ടാണ് ഭുമിയില്‍ ഒരു തൈ നടുമ്പോള്‍ ഒരു മഴ നടുന്നു എന്ന് പറയുന്നത്. മഴയെ ഭൂമിയില്ക്ക് എത്തിക്കുക മാത്രമല്ല, പാതാളം എന്ന ജലസംഭരണിയിലേക്ക് മഴയെ എത്തിക്കാനുള്ള മാധ്യമവും മരമാണ്. ‘മരമൊന്ന് പെയ്താല്‍ മരമേഴ് പെയ്യും’എന്ന് പഴമക്കാര്‍ പറയുന്നത് അതുകൊണ്ടാണ്. മരങ്ങളില്‍ ഒരു നീര്‍കണം വീഴുമ്പോള്‍ ആയിരം ഇലകളില്‍ നടന്നാണ് അത് ഭൂമിയില്‍ തൊടുന്നത്. എത്ര വലിയ മഴയും നല്ല കാട്ടില്‍ ഒരു തലോടല്‍പോലെ മൃദുലമാവുന്നു. ഭൂഗര്‍ഭം ജലപൂരിതമാകാന്‍ പ്രകൃതി ഒരുക്കിയ ദിവ്യമാര്‍ഗ്ഗം. മഴയെ ശപിക്കുന്ന മലയാളിക്ക് ഈ സത്യം പ്രചോദനമാകണം. ഇപ്പോള്‍ കഴിഞ്ഞ വരള്‍ച്ചയെപ്പറ്റിയുള്ള ഓര്‍മ്മകളാണ് ഉണ്ടാവേണ്ടത്. ഭൂമിക്ക് കൂടുതല്‍ മരങ്ങള്‍ നല്‍കുക. അതോടൊപ്പം മഴക്കുഴികളും തടയണകളും നിര്‍മ്മിച്ച് ഒഴുകിപോകുന്ന വെള്ളത്തെ തടയുകയും ചെയ്യുക.കേരളത്തിന്റെ പടിഞ്ഞാട്ടുള്ള ചെരിവ് മൂലം മഴവെള്ളം അതിവേഗം കടലില്‍ ചെന്ന് ചേരുന്നു. പ്രതിവര്‍ഷം ഏകദേശം 77900 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ് കേരളത്തിലെ നദികളിലൂടെ ഒഴുകിപോവുന്നത്. അതില്‍ 60% മാത്രമാണ് നമുക്ക് ഉപയോഗിക്കാന്‍ പറ്റുന്നത്. അതുക്കൊണ്ട് ഓടുന്ന വെള്ളത്തെ നടത്തുക, നടക്കുന്ന വെള്ളത്തെ ഇരുത്തുക, ഇരിക്കുന്ന വെള്ളത്തെ കിടത്തുക, കിടക്കുന്ന വെള്ളത്തെ ഉറക്കുക. മഴക്കൊയ്തിന്റെ ഈ മന്ത്രമാകണം മഴക്കാലത്ത് മലയാളിക്ക് വഴിക്കാട്ടി. മരങ്ങളും മഴക്കുഴികളും തടയണകളുമാണ് (ശിശൌേലഃശൌേ ംമലേൃ രീിലെൃ്മശേീി) അതിന്റെ സങ്കേതങ്ങള്‍. മലയാളിക്ക് തന്റെ മണ്ണും മനസ്സും നനവോടെ സൂക്ഷിക്കാന്‍ ഇതല്ലാടെ മറ്റു വഴികളില്ല.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: malayali | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply