മറ്റൊരു കരുണാകരനെ ആവശ്യമില്ല സഖാവേ
സിവിക് ചന്ദ്രന്‍ ഈ അടുത്ത നാളുകളില്‍ ഒരു സുഹൃത്തിന്റെ കുടുംബം പത്ത് ദിവസം കല്‍ക്കത്തയില്‍ ഉണ്ടായിരുന്നു. മകളുടെ ഇന്റര്‍വ്യൂവിനു വേണ്ടി പോയതാണ്. മകളെ ഇന്റര്‍വ്യൂ സ്ഥലത്ത് എത്തിച്ചതിനുശേഷം അവര്‍ തലങ്ങും വിലങ്ങും കല്‍ക്കത്ത കാണാന്‍ തുടങ്ങി. ഈ യാത്രക്കിടയില്‍ ഒന്‍പതാം ദിവസമാണ് ആദ്യത്തെ ചെങ്കൊടി കണ്ടത്. നാല് പതിറ്റാണ്ടോളം ബംഗാള്‍ ഭരിച്ച പാര്‍ട്ടിയുടെ ചെങ്കൊടിയാണ് അവര്‍ അന്വേഷിച്ചത്! ഒന്‍പതാം ദിനം ചെങ്കൊടി കണ്ട ആഹ്ലാദത്തില്‍ ടാക്‌സി നിര്‍ത്താന്‍ അവര്‍ പറഞ്ഞു. ഡ്രൈവര്‍ ഓരം ചേര്‍ത്ത് വണ്ടി നിര്‍ത്തിയിട്ട് […]
സിവിക് ചന്ദ്രന്‍
ഈ അടുത്ത നാളുകളില്‍ ഒരു സുഹൃത്തിന്റെ കുടുംബം പത്ത് ദിവസം കല്‍ക്കത്തയില്‍ ഉണ്ടായിരുന്നു. മകളുടെ ഇന്റര്‍വ്യൂവിനു വേണ്ടി പോയതാണ്. മകളെ ഇന്റര്‍വ്യൂ സ്ഥലത്ത് എത്തിച്ചതിനുശേഷം അവര്‍ തലങ്ങും വിലങ്ങും കല്‍ക്കത്ത കാണാന്‍ തുടങ്ങി. ഈ യാത്രക്കിടയില്‍ ഒന്‍പതാം ദിവസമാണ് ആദ്യത്തെ ചെങ്കൊടി കണ്ടത്.
നാല് പതിറ്റാണ്ടോളം ബംഗാള്‍ ഭരിച്ച പാര്‍ട്ടിയുടെ ചെങ്കൊടിയാണ് അവര്‍ അന്വേഷിച്ചത്! ഒന്‍പതാം ദിനം ചെങ്കൊടി കണ്ട ആഹ്ലാദത്തില്‍ ടാക്‌സി നിര്‍ത്താന്‍ അവര്‍ പറഞ്ഞു. ഡ്രൈവര്‍ ഓരം ചേര്‍ത്ത് വണ്ടി നിര്‍ത്തിയിട്ട് ഇങ്ങനെ പറഞ്ഞു: ഓ, യു ആര്‍ ഫ്രം കേരള!
ഈ സംഭവം ഇവിടെ ഓര്‍മ്മിക്കാന്‍ കാരണം ബംഗാളിലെ ബുദ്ധദേവ് ഭട്ടാചാര്യയുടെ ഗതി കേരളത്തിലെ പിണറായി വിജയനെയും കാത്തിരിക്കുന്നുണ്ടോ എന്ന ആശങ്ക പടരുന്നതിനാലാണ്. യഥാര്‍ത്ഥത്തില്‍, കിഴക്കന്‍ യൂറോപ്പിലെ, സോവിയറ്റ് റഷ്യയിലെ, ക്യൂബയിലെ, കൊറിയയിലെ ഒക്കെ കമ്മ്യൂണിസ്റ്റ് ഭരണാധികാരികളെപ്പോലെ ഭരിക്കാനാണ് ബുദ്ധദേവ് ഭട്ടാചാര്യ ബംഗാളില്‍ ശ്രമിച്ചത്.
റഷ്യയില്‍ അധികാരം പിടിച്ചെടുത്തതു പോലെയോ ക്യൂബയില്‍ തോക്കിന്‍ മുനയില്‍ നേടിയതുപോലെയോ, കിഴക്കന്‍ യൂറോപ്പില്‍ അധികാരം വെള്ളിത്തളികയില്‍ നീട്ടിക്കിട്ടിയതുപോലെയോ അല്ല ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് അധികാരം ലഭിച്ചത്. അറുപതുവര്‍ഷം മുന്‍പ് സാധാരണ ജനാധിപത്യ രീതിയില്‍തന്നെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണ് ഇവിടുത്തെ ഗവണ്‍മെന്റ്. ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ അറുപതാം വാര്‍ഷികമാഘോഷിക്കുന്ന ഈ സമയത്ത് ഒരു തിരിഞ്ഞുനോട്ടം കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നല്ലതാണ്.
യഥാര്‍ത്ഥത്തില്‍, തെരഞ്ഞെടുക്കപ്പെട്ട ഒരു ഗവണ്‍മെന്റിന് ബ്ലാങ്ക് ചെക്കല്ല നല്‍കിയതെന്ന മുന്നറിയിപ്പ് നല്‍കിയതും കേരളത്തില്‍ തന്നെയാണ്. ‘വിമോചന സമരം’ എന്ന് പ്രശസ്തിയാര്‍ജിച്ച ഈ പ്രക്ഷോഭം യഥാര്‍ത്ഥത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ സര്‍വ്വാധിപത്യ സര്‍ക്കാരുകളായി മാറുന്നതിനെതിരെ നല്‍കിയ മുന്നറിയിപ്പായിരുന്നു.
ഇ.എം.എസ്. നമ്പൂതിരിപ്പാട് സ്വര്‍ഗ്ഗത്തിലോ നരകത്തിലോ ദൈവത്തിലോ വിശ്വസിച്ചിരുന്നില്ല. എങ്കിലും മരണാനന്തരം സ്വര്‍ഗ്ഗമോ നരകമോ ഉണ്ടെങ്കില്‍ അതിനിടയിലെ വിചാരണവേളയില്‍ അദ്ദേഹം നേരിട്ടിരിക്കാനിടയുള്ള ചോദ്യം എന്തായിരിക്കും? അര നൂറ്റാണ്ടോളം കാലം ജനാധിപത്യ വ്യവസ്ഥയില്‍ ഭരിക്കാന്‍ അവസരം ഉണ്ടായിട്ടും എന്തേ ആ അനുഭവങ്ങളെ സിദ്ധാന്തവല്‍ക്കരിച്ചില്ല എന്ന ചോദ്യമായിരിക്കാം ഇ.എം.എസ്സിനെ ബുദ്ധിമുട്ടിച്ചിരിക്കുക. യഥാര്‍ത്ഥത്തില്‍, ചരിത്രപരമായി ഒരു അസുലഭ അവസരമാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ക്ക് ലഭിച്ചത്. വേണ്ടത്ര ഒരുക്കത്തോടു കൂടിയല്ല അവര്‍ അധികാരത്തിലെത്തിയത്. പക്ഷേ, പ്രതിപക്ഷത്തും ഭരണപക്ഷത്തുമായി ആറ് പതിറ്റാണ്ടുകള്‍ അവര്‍ തുടര്‍ച്ചയായി അധികാരത്തിലുണ്ടായിരുന്നു. എന്നിട്ടും ആ അനുഭവത്തെ സിദ്ധാന്തവല്‍ക്കരിക്കാനും, ഈ അധികാരം എങ്ങനെയാണ് കിഴക്കന്‍ യൂറോപ്പില്‍ നിന്നും റഷ്യയില്‍ നിന്നും കൊറിയയില്‍ നിന്നും ക്യൂബയില്‍ നിന്നും വ്യത്യസ്തമാകുന്നതെന്ന് സ്വയം ബോധ്യപ്പെടുത്തുവാനും കമ്മ്യൂണിസ്റ്റുകള്‍ക്കു കഴിഞ്ഞില്ല. അവര്‍ ഇപ്പോഴും കരുതിവെച്ചിരിക്കുന്നത് തങ്ങളൊരു തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം സ്ഥാപിച്ചുവെന്നും അതിന്റെ പട്ടാള ജനറലാണ് തങ്ങളെന്നുമാണ്. യഥാര്‍ത്ഥത്തില്‍, മൂന്നരക്കോടി ജനങ്ങള്‍ ഏകകണ്ഠമായി തിരഞ്ഞെടുത്ത നേതാവൊന്നുമല്ല പിണറായി വിജയന്‍. ജനാധിപത്യ വ്യവസ്ഥയില്‍ സഹജമായതു പോലെ നിയമസഭക്കകത്തും നിയമസഭക്ക് പുറത്തും പ്രതിപക്ഷമുണ്ട്. ആ പ്രതിപക്ഷത്തെ പരിഗണിക്കാതെ, ജന വികാരങ്ങളെ കണക്കിലെടുക്കാതെ ഒരു സര്‍ക്കാരിനും മുന്നോട്ടു പോകാനാകില്ല. നിര്‍ഭാഗ്യവശാല്‍, ഏതാണ്ട് ഒരു വര്‍ഷം തികയുന്ന പിണറായി സര്‍ക്കാര്‍ അടിസ്ഥാനപരമായ ജനാധിപത്യ മര്യാദകളെയാണ് തുടര്‍ച്ചയായി ലംഘിച്ചു കൊണ്ടിരിക്കുന്നത്. അദ്ദേഹം അദ്ദേഹത്തിന്റെ സഹമന്ത്രിമാരോട് ജനാധിപത്യപരമായ ഉത്തരവാദിതം പാലിക്കുന്നില്ല. സ്വന്തം നിയമസഭാ കക്ഷിയോട് ഉത്തരവാദിത്തം നിറവേറ്റുന്നില്ല. നിയമസഭയോടും നിയമസഭക്കു പുറത്തുള്ള ജനങ്ങളോടും ഉത്തരവാദിത്തം പുലര്‍ത്തുന്നില്ല. ജനാധിപത്യ മര്യാദകളെ മാനദണ്ഡമായി എടുത്താല്‍ ബംഗാളിന്റെ വഴിയേയാണ് കേരളം പോകുന്നതെന്ന് സംശയിക്കേണ്ടി വരും.
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ നേപ്പാളിലെ കമ്മ്യൂണിസ്റ്റുകളില്‍ നിന്നെങ്കിലും ചിലത് പഠിക്കേണ്ടിയിരുന്നു. നേപ്പാള്‍ പ്രധാനമന്ത്രി പ്രചണ്ഡ തുടര്‍ച്ചയായി പത്തുവര്‍ഷം സായുധ സമരത്തിന് നേതൃത്വം നല്‍കിയ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവാണ്. ആയിരക്കണക്കിന് സഖാക്കളെയാണ് ദീര്‍ഘകാലത്തെ സായുധ സമരത്തിനിടയില്‍ നേപ്പാളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ബലി കൊടുക്കേണ്ടി വന്നത്. ഈ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് സായുധ സമരത്തില്‍ നിന്നും പിന്മാറാനും ജനാധിപത്യത്തിന്റെ മുഖ്യ ധാരയിലെത്താനും പ്രചണ്ഡയും അനുയായികളും തീരുമാനിച്ചത്. ജനാധിപത്യത്തിലേക്കുള്ള മാറ്റം എത്ര കഠിനമായിരുന്നാലും അവര്‍ ആ മാറ്റത്തിലാണ്. ഇന്ത്യയിലെ കമ്യൂണിസ്റ്റുകള്‍ക്ക് നേപ്പാളിലെ കമ്മ്യൂണിസ്റ്റുകളുമായി അടുത്ത ബന്ധമുണ്ട്. നേപ്പാളിലെ കമ്യൂണിസ്റ്റുകള്‍ക്ക് ഇന്ത്യയിലെ കമ്യൂണിസ്റ്റുകളില്‍ നിന്നും യാതൊന്നും പഠിക്കാനില്ല. എന്നാല്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് നേപ്പാളിലെ കമ്യൂണിസ്റ്റുകളില്‍ നിന്നും പ്രാഥമികമായി ചില കാര്യങ്ങള്‍ പോലും പഠിക്കാനുണ്ട്. അതിലൊന്ന് ഒരു പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി എങ്ങനെ പ്രവര്‍ത്തിക്കണം എന്നതാണ്. ഇന്ത്യയിലെ കമ്യൂണിസ്റ്റുകള്‍ക്ക് ഒരു സ്ഥല-ജല വിഭ്രാന്തിയുണ്ട്. യഥാര്‍ത്ഥത്തില്‍ ഇപ്പോഴുമവര്‍ തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യമെന്ന ദുരാഗ്രഹം ഉപേക്ഷിച്ചിട്ടില്ല എന്നതാണ് വാസ്തവം. മാവോയിസ്റ്റുകള്‍ പോലും വിപ്ലവം നടത്തുമെന്ന് പ്രതീക്ഷയില്ലാത്ത ഒരു കാലത്ത് സി.പി.എം. പോലെയുള്ള ഒരു കക്ഷി വിപ്ലവം നടത്തുമെന്ന് ആരും വ്യാമോഹിക്കുന്നില്ല; ഒരു പക്ഷേ അവര്‍ പോലും. അതുകൊണ്ട്, ഇന്ത്യന്‍ ജനാധിപത്യത്തെ അട്ടിമറിക്കാമെന്നും അതിനുവേണ്ടി പാര്‍ലമെന്ററി ജനാധിപത്യത്തെ ഉപയോഗിക്കാം എന്നുമൊക്കെയുള്ള വ്യാമോഹം മാറ്റി വെയ്ക്കുകയാണ് നല്ലത്. ഇന്ത്യന്‍ ജനാധിപത്യത്തില്‍ വിശ്വസിക്കാതിരിക്കാന്‍ മാവോയിസ്റ്റുകളെപ്പോലെ കമ്യൂണിസ്റ്റുകള്‍ക്കും അവകാശമുണ്ട്. അങ്ങനെയെങ്കില്‍ പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥ കമ്യൂണിസ്റ്റുകള്‍ ബഹിഷ്‌കരിക്കയാണ് വേണ്ടത്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ജനങ്ങളുടെ വോട്ട് അഭ്യര്‍ത്ഥിക്കുകയും അധികാരത്തില്‍ എത്തുകയും ഭരണപക്ഷത്തോ പ്രതിപക്ഷത്തോ ഇരിക്കുകയും ചെയ്യുന്ന ഒരു പാര്‍ട്ടിയെ സംബന്ധിച്ച് പ്രാഥമിക ജനാധിപത്യ മര്യാദകള്‍ പാലിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്. ആ അര്‍ത്ഥത്തില്‍ കേരളാ കോണ്‍ഗ്രസുകളെപ്പോലെയോ, ആര്‍.എസ്.പി.കളെപ്പോലെയോ കോണ്‍ഗ്രസിനെപ്പോലെയോ മറ്റൊരു ജനാധിപത്യപാര്‍ട്ടി ആകുക എന്നതാണ് സി.പി.എം. ചെയ്യേണ്ടത്. കമ്യൂണിസ്റ്റ് പാര്‍ട്ടി ആകുമ്പോള്‍ സാമൂഹിക നീതിയുടെ മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കുക തന്നെ വേണം. ജനാധിപത്യത്തില്‍ സാമൂഹിക നീതി നിലനിര്‍ത്തുന്ന സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയാകണം അവര്‍. ഇപ്പോഴും തങ്ങള്‍ ഒരു വിപ്ലവ പാര്‍ട്ടിയാണെന്ന വ്യാമോഹം അവര്‍ ഉപേക്ഷിക്കുകയും സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ആകാനുള്ള ജനവിധി അംഗീകരിക്കുകയുമാണ് വേണ്ടത്.
സൈദ്ധാന്തിക തലത്തില്‍ തന്നെ വലിയ അഴിച്ചു പണിയലുകള്‍ ഇതിന് ആവശ്യമുണ്ട്. ഇ.എം.എസ് പോലും പരാജയപ്പെട്ട ഒരു കാര്യം ചെയ്യാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അകത്തോ പുറത്തോ ഏതെങ്കിലും ബുദ്ധിജീവികള്‍ ഇല്ലാത്തത് നിര്‍ഭാഗ്യം. എം.പി.പരമേശ്വരനെപ്പോലെ ഒരാള്‍ മുന്നോട്ടു വെച്ച നാലാം ലോകസിദ്ധാന്തം പ്രാഥമികമായ ചര്‍ച്ചയ്ക്കുപോലും എടുക്കാത്ത ഒരു പാര്‍ട്ടിയാണ് സി.പി.എം. പക്ഷേ പാര്‍ട്ടിക്ക് അകത്തും പുറത്തുമായി എം.പി.പരമേശ്വരന്‍, കെ.എന്‍.പണിക്കര്‍, ബി.ഇക്ബാല്‍, തോമസ് ഐസക്ക്, എം.എ.ബേബി തുടങ്ങി ധാരാളം ബുദ്ധിജീവികളുണ്ട്. ഇവര്‍ക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയിലേക്കുള്ള പരിണാമം പൂര്‍ത്തിയാക്കാന്‍ തുടക്കമിടാനെങ്കിലും കഴിയും. കേരളത്തിന് ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയെയല്ല ഇപ്പോള്‍ ആവശ്യം. ഒരു സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയെയാണ്- ഈയൊരു വെല്ലുവിളി ഏറ്റെടുക്കാന്‍ കഴിയുമോ എന്നതാണ് പിണറായിയും കോടിയേരിയും നേരിടുന്ന പ്രതിസന്ധി.
പിണറായി നയിക്കുന്ന മന്ത്രിസഭയുടെ പിറന്നാളാഘോഷം ആരാധകര്‍ തിരുതകൃതി നടത്തുമ്പോള്‍ അദ്ദേഹത്തിന്റെ വിമര്‍ശകര്‍ പഴയ പ്രധാനമന്തി നെഹ്‌റു ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയെ ചൂണ്ടി ചോദിച്ചതുപോലെ മൂക്കത്ത് വിരല്‍ വെച്ചു പോകുന്നു: ഇത്രയും ചെറിയ കാലത്തിനുള്ളില്‍ ഇതയധികം വിമര്‍ശകരെ എങ്ങനെയുണ്ടാക്കി, സഖാവേ?
അദ്ദേഹത്തിന്റെ ആരാധകര്‍, പ്രധാനമായും സ്വന്തം പാര്‍ട്ടിയിലെ സ്വന്തം ഗ്രൂപ്പുകാര്‍ അദ്ദേഹത്തില്‍ കാണുന്ന ഗുണവും മികവും കാര്യങ്ങള്‍ ചെയ്‌തെടുക്കാനുള്ള അദ്ദേഹത്തിന്റെ ശേഷിയാണ്. പറയുന്നത് ചെയ്യുന്നയാളും ചെയ്യുന്നതില്‍ നിന്ന് പിന്മാറാത്തയാളുമാണ് അദ്ദേഹം. 1957 മുതല്‍ 2017 വരെ ഓരോ പത്തു വര്‍ഷത്തിനിടയിലും ഓരോ ഊഴമാണിതുവരെ ഇടതുപക്ഷത്തിന് ലഭിച്ചിട്ടുള്ളത്. മലയാളി വോട്ടര്‍മാരുടെ അഭിമാനം ഈ രാഷ്ട്രീയ വിവേകത്തെ പ്രതിയാണ്. അല്ലെങ്കില്‍ കേരളം എപ്പോഴേ മറ്റൊരു ബംഗാളാകുമായിരുന്നു. ഈ വിവേകത്തെ അട്ടിമറിക്കാമെന്നും ബംഗാളിന്റെ ദുര്‍വിധിയിലേക്ക് കേരളത്തെ നയിക്കാമെന്നുമാണ് പിണറായിയുടെ വ്യാമോഹം. ആ വ്യാമോഹത്തിന് ആശ്രയിക്കുന്നത് പക്ഷേ കണ്ണും മൂക്കും നോക്കാതെ കാര്യങ്ങള്‍ ചെയ്‌തെടുക്കാനുള്ള സ്വന്തം സാമര്‍ത്ഥ്യവും!
ഈ സമാര്‍ഥ്യം വലതുപക്ഷത്തെ പലരിലും നാം മുമ്പ് കണ്ടിട്ടുണ്ടല്ലോ. അതെ, അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാഗാന്ധിയില്‍ ഈ മികവുണ്ടായിരുന്നു. അടിയന്തിരാവസ്ഥക്കാലത്ത് കേരളത്തില്‍ ആഭ്യന്തരമന്ത്രിയും പിന്നീട് മുഖ്യമന്ത്രിയുമായ കരുണാകാരനിലും ഈ മികവുണ്ടായിരുന്നു. ഇവര്‍ ആശ്രിത വത്സരരുമായിരുന്നു. പഴയ ആശ്രിതരല്ലാതെ മറ്റാരിവരെ സ്‌നേഹത്തോടെ, ബഹുമാനത്തോടെ ഓര്‍ക്കുന്നു ഇപ്പോള്‍ എന്നു കൂടി ആലോചിക്കുക. ഇടതുപക്ഷം ഇടതുപക്ഷമായിരുന്നു കൊണ്ടാണ്, അല്ലാതെ നയിക്കാന്‍ മറ്റൊരു കരുണാകരനെ സൃഷ്ടിച്ചു കൊണ്ടല്ല ഇടതുപക്ഷമാവേണ്ടത്. ഇന്ദിരാഗാന്ധി മുതല്‍ കരുണാകരന്‍ വരെ പ്രതിനിധീകരിക്കുന്ന വലതുപക്ഷ മികവിനേയും ശേമുഷിയേയും അട്ടിമറിച്ചുകൊണ്ട് പുതിയൊരു ഇടതുപക്ഷ നൈതികത സൃഷ്ടിച്ചു കൊണ്ടാണ് ഇടതുപക്ഷം ഇടതുപക്ഷമാവേണ്ടത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും ഈ മാനദണ്ഡം ബാധകമാണ്. അതെ, കേരളത്തിന് മറ്റൊരു കരുണാകരനെ ആവശ്യമില്ല സഖാവേ.
പാഠഭേദം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in