മരണവും അന്തസ്സുള്ളതാക്കണം
അന്തസ്സോടെ ജീവിക്കാനുള്ള അവകാശം നമ്മുടെ ഭരണഘടന 21-ാം അനുച്ഛേദത്തില്‍ ഉറപ്പാക്കുന്നുണ്ട്. എന്നാല്‍ ഒരാള്‍ രോഗിയാകുന്നതോടെ സംഭവിക്കുന്നതെന്താണ്? അതോടെ അയാളുടെ മാനുഷികമായ അന്തസ്സ് ഹനിക്കപ്പെടുന്നതാണ് പൊതുവായ അനുഭവം. രോഗം, ചികിത്സ, മരണം എന്നിവയെ കുറിച്ചുള്ള വികലമായ പൊതുധാരണകളാണ് അതിനുള്ള പ്രധാന കാരണം. അതോടൊപ്പം പ്രധാനമാണ് അന്ത്യകാല പരിചരണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇന്ത്യന്‍ നിയമ സഹിത വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നില്ല എന്നത്. ഫലത്തില്‍ സ്വകാര്യ ആശുപത്രികളുടേയും ഡോക്ടര്‍മാരുടേയും കച്ചവട ഉരുപ്പിടികളായി നാം മാറുന്നു. അന്തിമമായി കുടുംബത്തെ ഒന്നടങ്കം കടക്കെണിയിലേക്ക് തള്ളിയിട്ട്, […]
അന്തസ്സോടെ ജീവിക്കാനുള്ള അവകാശം നമ്മുടെ ഭരണഘടന 21-ാം അനുച്ഛേദത്തില്‍ ഉറപ്പാക്കുന്നുണ്ട്. എന്നാല്‍ ഒരാള്‍ രോഗിയാകുന്നതോടെ സംഭവിക്കുന്നതെന്താണ്? അതോടെ അയാളുടെ മാനുഷികമായ അന്തസ്സ് ഹനിക്കപ്പെടുന്നതാണ് പൊതുവായ അനുഭവം. രോഗം, ചികിത്സ, മരണം എന്നിവയെ കുറിച്ചുള്ള വികലമായ പൊതുധാരണകളാണ് അതിനുള്ള പ്രധാന കാരണം. അതോടൊപ്പം പ്രധാനമാണ് അന്ത്യകാല പരിചരണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇന്ത്യന്‍ നിയമ സഹിത വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നില്ല എന്നത്. ഫലത്തില്‍ സ്വകാര്യ ആശുപത്രികളുടേയും ഡോക്ടര്‍മാരുടേയും കച്ചവട ഉരുപ്പിടികളായി നാം മാറുന്നു. അന്തിമമായി കുടുംബത്തെ ഒന്നടങ്കം കടക്കെണിയിലേക്ക് തള്ളിയിട്ട്, ഉറ്റവരുടെ ആരുടേയും സാന്ത്വനം ലഭിക്കാതെ, ഐസിയുവിലെ ഏകാന്തതയില്‍, അനാഥരായി മരണത്തെ സ്വീകരിക്കേണ്ട അവസ്ഥയിലേക്ക് മാറുന്നു. ജീവിതവും മരണവും അങ്ങനെ അന്തസ്സിലാത്തതാകുന്നു.
ഇത്തരമൊരു അവസ്ഥക്ക് പരിഹാരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോ കമ്മീഷന്‍ അന്ത്യകാല പരിചരണവുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണത്തിനായി ഒരു കരടുബില്‍ തയ്യാറാക്കിയിരിക്കുന്നത്. ഈ ഉദ്ദേശം നല്ലതാണെങ്കിലും അതിനനുസൃതമായല്ല ബില്‍ തയ്യാറാക്കിയിട്ടുള്ളതെന്ന വിമര്‍ശനം വ്യാപകമായിരിക്കുകയാണ്. മുകളില്‍ സൂചിപ്പിച്ച അവസാനകാലത്ത് അന്തസ്സോടെയുള്ള ജീവിതവും മരണവും അതുറപ്പു വരുത്തുന്നില്ല. മൂന്നു പ്രധാന വിഷയങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ചൂണ്ടികാട്ടപ്പെടുന്നത്. ഒന്നാമതായി മരണം സുനിശ്ചിതമായിട്ടും നിഷ്ഫലമാണെന്നുറപ്പുള്ള ചികിത്സകള്‍ നല്‍കാതിരിക്കലും നല്‍കുന്നുണ്ടെങ്കില്‍ അവ നിര്‍ത്തലും കുറ്റകരമായിതന്നെയാണ് കാണുന്നത്. അത് തീര്‍ത്തും തെറ്റാണ്. അതുവഴി പലപ്പോഴും മുകളില്‍ പറഞ്ഞപോലെ സുതാര്യമല്ലാത്ത ഐസിയുവില്‍ അപമാനകരമായ മരണമാണ് ലഭിക്കുന്നത്. അതുപോലെതന്നെയാണ് സ്വയം തീരുമാനമെടുക്കാന്‍ കഴിയാത്ത അവസ്ഥയിലെത്തിയതും മരണം ആസന്നവുമായ രോഗിയുടെ കാര്യത്തില്‍ അയാളുടെ/അവളുടെ പൂര്‍വ്വനിശ്ചയപ്രകാരമോ ബന്ധുക്കളുടെ തീരുമാനപ്രകാരമോ ചികിത്സകള്‍ നിര്‍ത്താന്‍ അവകാശമില്ല എന്നത്. അത്തരം അവസ്ഥയില്‍ ഹൈക്കോടതിയുടെ അനുമതിക്കായി കാത്തുനില്‍ക്കണമെന്നാണ് കരട് ബില്ലില്‍ പറയുന്നത്. തീരുമാനമെടുക്കുന്നതിന് ഹൈക്കോടതിക്ക് ഒരു മാസം കാലാഴദിയും നല്‍കുന്നു. സംഭവിക്കുന്നത് എന്തായിരിക്കുമെന്നുറപ്പ്… അന്തസ്സില്ലാത്ത മരണം തന്നെ.
വളരെ പ്രധാനപ്പെട്ട മറ്റൊന്നു കൂടി. ഒരാള്‍ക്ക് ആരോഗ്യമുള്ളപ്പോള്‍, സ്വബോധത്തോടെ തന്റെ അവസാനകാലത്തെ കുറിച്ച് എഴുതിവെക്കാനും അത് നടപ്പാക്കപ്പെടാനുമുള്ള അവകാശം ബില്ലില്‍ അംഗീകരിച്ചിട്ടില്ല എന്നതാണ്. മാത്രമല്ല അത്തരത്തിലുള്ള ‘വില്‍’ അസാധുവാണെന്നും പറയുന്നു. തീര്‍ച്ചയായും ഇത് ഒരാളുടെ സ്വയംനിര്‍ണ്ണയാവകാശത്തിനുനേരെയുള്ള കയ്യേറ്റം തന്നെയാണ്. ഐസിയുവിലെ ഏകാന്തതക്കുപകരം വേണ്ടപ്പെട്ടവരുടെ തലോടലുകള്‍ക്കിടിയല്‍ കിടന്നു മരിക്കുക എന്ന അവകാശവും ലംഘിക്കപ്പെടുന്നു. എന്തായാലും ശീതികരിച്ച തീവ്രപരിചരണസെല്ലിലെ വെന്റിലേറ്റര്‍ കുഴലുകള്‍ ഘടിപ്പിച്ച പീഡിതമായ മരണത്തേക്കള്‍ ആരും തെരഞ്ഞെടുക്കുക കുടംബാംഗങ്ങളുടെ സ്‌നേഹപരിചരണങ്ങള്‍ക്കിടയില്‍ അന്ത്യശ്വാസം വലിക്കാനാണ്. അതു നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം മാത്രമല്ല, സാധാരണക്കാരെ ഏറ്റവുമധികം കൊള്ളയടിക്കുന്ന ആരോഗ്യകച്ചവടക്കാരെ സഹായിക്കുന്നതുമാണ്.
തീര്‍ച്ചയായും മറ്റെല്ലാ മേഖലയുംപോലെ ദുരുപയോഗം ചെയ്യപ്പെടുക എന്ന സാധ്യത ഈ വിഷയങ്ങളിലെല്ലാം നിലനില്‍ക്കുന്നുണ്ട്. ഇവിടെയത് ജീവിതം കൊണ്ടുള്ള കളിയായതിനാല്‍ കൂടുതല്‍ ഗൗരവപരവുമാണ്. അപ്പോഴും അതിനെല്ലാമുള്ള മുന്‍കരുതലുകളോടെ അവസാനകാലജീവിതവും മരണവും അന്തസ്സുള്ളതും രോഗിയുടെ ആഗ്രഹമനുസരിച്ചുള്ളതുമാക്കുക എന്നതാണ് ഭരണകൂടത്തിന്റെ കടമ.
(ഈ കുറിപ്പെഴുതുമ്പോഴാണ് സിവിക് ചന്ദ്രന്റെ ഒരു ഫെയ്‌സ് ബുക്ക് പോസ്റ്റ് കാണുന്നത്. കഴിഞ്ഞ ദിവസം അന്തരിച്ച ഫാര്‍മേഴ്‌സ് റിലീഫ് ഫോറം നേതാവ് എ സി വര്‍ക്കിയുടെ മരണത്തെ കുറിച്ചാണത്. ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ തന്നെ രക്ഷപ്പെടാനുള്ള സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞത്രെ. മൂന്നാം ദിവസം ഐസിയുവില്‍ കിടന്ന് മരിക്കുകയും ചെയ്തു. ബില്‍ വന്നത് ഏഴുലക്ഷം..!!)
അന്ത്യകാല പരിചരണവുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചു മാത്രമാണ് ഈ ബില്‍. അതുപോലെ തന്നെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ് ദയാവധവും ആത്മഹത്യയുമെല്ലാം കുറ്റകരമാണോ എന്ന വിഷയവും. അധികം താമസിയാതെ അവയും മുഖ്യധാരയില്‍ ചര്‍ച്ചചെയ്യപ്പെടുമെന്നുറപ്പ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in