മരങ്ങള്‍ക്കുമുണ്ട് ജീവിക്കാനുള്ള അവകാശം

ചെറിയ കോലോത്ത് ഷാജി അജന്ത തണല്‍ നടുന്നവരുടെ ദക്ഷിണേന്ത്യന്‍ സമ്മേളനം ഡിസംബര്‍ 10ന് കോയമ്പത്തൂരില്‍ നടക്കുന്ന പശ്ചാത്തലത്തില്‍ ശ്രദ്ധേയമായ കുറിപ്പ് ജീവിക്കാനുള്ള അവകാശം മനുഷ്യനും മറ്റു ജീവികള്‍ക്കുമുള്ളതുപോലെ മരങ്ങള്‍ക്കുമുണ്ട് എന്ന ജൈവവിവേകം മുതിര്‍ന്നവരേക്കാള്‍ നമ്മുടെ കുട്ടികള്‍ക്കുണ്ടെന്ന് മരങ്ങളില്‍ ആണിയടിക്കുന്നതിനെതിരേ തിങ്കളാഴ്ച ഹൈക്കോടതി നല്‍കിയ നിര്‍ദേശം വ്യക്തമാക്കുന്നു. പരസ്യങ്ങള്‍ തൂക്കുന്നതിനുവേണ്ടി ആണിയടിച്ച് പാതയോരത്തെ മരങ്ങള്‍ ഉണക്കിക്കളയുന്നതിനെതിരേ ഒരു സംഘം വിദ്യാര്‍ഥിനികള്‍ അയച്ച കത്താണ് ഉത്തരവിന് പ്രേരകമായത്. പരിസ്ഥിതിയെപ്പറ്റി പുതുതലമുറയിലുള്ള ഈ അവബോധം കേരളത്തിന്റെ ഹരിതഭാവിയെ പ്രത്യാശാഭരിതമാക്കുന്നു. കേരളത്തിന്റെ മുഴുവന്‍ […]

maram3ചെറിയ കോലോത്ത് ഷാജി അജന്ത

തണല്‍ നടുന്നവരുടെ ദക്ഷിണേന്ത്യന്‍ സമ്മേളനം ഡിസംബര്‍ 10ന് കോയമ്പത്തൂരില്‍ നടക്കുന്ന പശ്ചാത്തലത്തില്‍ ശ്രദ്ധേയമായ കുറിപ്പ്

ജീവിക്കാനുള്ള അവകാശം മനുഷ്യനും മറ്റു ജീവികള്‍ക്കുമുള്ളതുപോലെ മരങ്ങള്‍ക്കുമുണ്ട് എന്ന ജൈവവിവേകം മുതിര്‍ന്നവരേക്കാള്‍ നമ്മുടെ കുട്ടികള്‍ക്കുണ്ടെന്ന് മരങ്ങളില്‍ ആണിയടിക്കുന്നതിനെതിരേ തിങ്കളാഴ്ച ഹൈക്കോടതി നല്‍കിയ നിര്‍ദേശം വ്യക്തമാക്കുന്നു. പരസ്യങ്ങള്‍ തൂക്കുന്നതിനുവേണ്ടി ആണിയടിച്ച് പാതയോരത്തെ മരങ്ങള്‍ ഉണക്കിക്കളയുന്നതിനെതിരേ ഒരു സംഘം വിദ്യാര്‍ഥിനികള്‍ അയച്ച കത്താണ് ഉത്തരവിന് പ്രേരകമായത്. പരിസ്ഥിതിയെപ്പറ്റി പുതുതലമുറയിലുള്ള ഈ അവബോധം കേരളത്തിന്റെ ഹരിതഭാവിയെ പ്രത്യാശാഭരിതമാക്കുന്നു. കേരളത്തിന്റെ മുഴുവന്‍ അഭിനന്ദനമര്‍ഹിക്കുന്നു ആ വിദ്യാര്‍ഥിനികള്‍. അവരെപ്പോലുള്ള കുട്ടികളാണ് ഇനി കേരളത്തിന്റെ പച്ചയുടെ കാവല്‍ക്കാര്‍. മൂവാറ്റുപുഴ സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനികളയച്ച കത്ത് ഹര്‍ജിയായി പരിഗണിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് എ.എം. ഷഫീക്കുമുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വൃക്ഷരക്ഷയ്ക്കുള്ള ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. ‘മാതൃഭൂമി’ നടപ്പാക്കുന്ന, വിദ്യാര്‍ഥികളുടെ പരിസ്ഥിതി അവബോധപദ്ധതിയായ സീഡിന്റെ പ്രവര്‍ത്തകരാണ് കത്തയച്ച ആ വിദ്യാര്‍ഥിനികള്‍. ആണിയടിച്ച് കുരിശേറ്റിയ പത്ത് മരങ്ങളുടെ ചിത്രങ്ങള്‍ സഹിതമാണ് കുട്ടികള്‍ നീതിപീഠത്തിന് കത്തയച്ചത്.
അനിവാര്യമായ ആവശ്യങ്ങള്‍ക്കല്ലാതെ മരം വെട്ടിമാറ്റുക മാത്രമല്ല, അത് വികസനത്തിനുവേണ്ടിയാണെന്ന് വെറുതേ വാദിക്കുകയും അരുതെന്ന് വിലക്കുന്നവരെ പരിഹസിക്കുകയും ചെയ്യുന്നതാണ് നമ്മുടെ ഔദ്യോഗിക മുഖ്യധാരാശീലം. നഗരങ്ങളിലെ തണല്‍മരങ്ങള്‍ വെട്ടിമാറ്റുന്നതിനെ ചെറുത്തുനില്ക്കാന്‍പോലും നമുക്ക് കഴിയാറില്ല. ഇതിനുപുറമേയാണ് മരങ്ങളില്‍ ആണിയടിച്ചും ഇരുമ്പുകമ്പി ചുറ്റിവരിഞ്ഞും പരസ്യങ്ങള്‍ തൂക്കുന്നതിലെ ക്രൂരത. വൃക്ഷത്തെ വൃക്ഷപിതാമഹനെന്നു സംബോധനചെയ്തു ശീലിച്ച, മരച്ചുവട്ടില്‍ ധ്യാനവും അധ്യയനവും ശീലിച്ച ഭാരതീയപാരമ്പര്യത്തിന് വിരുദ്ധമായാണ് ആധുനികകാലത്തിന്റെ പോക്ക്. ഈ അവിവേകത്തോട് രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് ഹൈക്കോടതി. പാതയോരങ്ങളിലെ മരങ്ങളില്‍ പരസ്യം തൂക്കുകയോ ആണിയടിച്ചുതറയ്ക്കുകയോ ചെയ്യരുതെന്നാണ് തിങ്കളാഴ്ച ഹൈക്കോടതി ഉത്തരവിട്ടത്. സംസ്ഥാനത്തെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുള്‍പ്പെടെ ബന്ധപ്പെട്ട എല്ലാ അധികാരികള്‍ക്കും ഇക്കാര്യം കാണിച്ച് ഉത്തരവുനല്‍കണമെന്നും ന്യായാസനം നിര്‍ദേശിച്ചു. മാനവികമായ ഈ പരിസ്ഥിതിനീതിനിര്‍ദേശം ഉടനടി നടപ്പാക്കേണ്ടതുമാത്രമല്ല, അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരുടെ പേരില്‍ നടപടി സ്വീകരിക്കേണ്ടതുമാണ്.
കോടതിക്ക് കത്തയച്ച, ദുര്‍ബലരെങ്കിലും പ്രകൃതിസ്‌നേഹികളും ഭാവിബോധമുള്ളവരുമായ ആ വിദ്യാര്‍ഥിനികള്‍ വികസനമെന്നാല്‍ പ്രകൃതിയെ നശിപ്പിക്കലാണെന്ന് വിചാരിക്കുന്നവരോട് ഭാരതീയപാരമ്പര്യത്തെപ്പറ്റി ഓര്‍മിപ്പിക്കുകയാണ് ചെയ്തത്. പത്ത് കിണറുകള്‍ ഒരു കുളത്തിനും പത്ത് കുളം ഒരു തടാകത്തിനും പത്ത് തടാകം ഒരു പുത്രനും പത്ത് പുത്രന്മാര്‍ ഒരു മരത്തിനും തുല്യമാണെന്നാണ് വൃക്ഷായുര്‍വേദത്തിലെ വചനം.
ഛായാമന്യസ്യ കുര്‍വന്തി
സ്വയം തിഷ്ടന്തിചാദതേ
ഫലന്ത്യതി പരാര്‍ഥായ
വൃക്ഷാഃ സത്പുരുഷാ ഇവ
എന്നുമുണ്ട് സംസ്‌കൃതത്തില്‍. സ്വയം ചൂടുസഹിച്ചുകൊണ്ട് മറ്റുള്ളവര്‍ക്ക് തണല്‍ നല്‍കുകയും അന്യരുടെ നന്മയ്ക്കായി പഴങ്ങള്‍ നല്‍കുകയും ചെയ്യുന്ന മരങ്ങളും നല്ല മനുഷ്യരും തുല്യരാണെന്ന് അര്‍ഥമാക്കുന്ന ഈ ശ്ലോകം നമ്മുടെ പ്രാചീനമായ വൃക്ഷവിവേകത്തെ ഉദാഹരിക്കുന്നു. ആധുനികരായ നാമാകട്ടെ സ്വയം വെന്തുരുകി നമുക്കു തണലേകുന്ന വൃക്ഷത്തെ, ഇരിക്കുന്ന കൊമ്പുവെട്ടുന്ന അവിവേകിയായ മരംവെട്ടിയെപ്പോലെ മുറിച്ചുതള്ളി ലാഭേച്ഛയ്ക്കുപിന്നാലെ പായുന്നു. ആ ഭ്രാന്തിനെയും ബോധശൂന്യതയെയുമാണ് നീതിപീഠം തിരുത്തിയത്. നൈതികതയുടെ ആ ഉത്തരവ് അലസരുടെ കൈകളില്‍ച്ചെന്നുവീണ് വിസ്മരിക്കപ്പെടരുത്.
മരത്തോടുള്ള പരാക്രമങ്ങള്‍ കേരളത്തിലെ ഏത് പട്ടണത്തിലും കാണാം. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ മുതല്‍ കച്ചവടസ്ഥാപനങ്ങളുടെ വരെ പരിസ്ഥിതിവിരുദ്ധമായ ഫഌ്‌സ് ബോര്‍ഡുകള്‍ അവയില്‍ തറച്ചുവെച്ചിട്ടുണ്ട്. തലസ്ഥാനനഗരമായ തിരുവനന്തപുരമാണ് തണല്‍മരങ്ങള്‍ വെട്ടുന്നതില്‍ ഏറ്റവും മുന്നില്‍. മധ്യകേരളത്തില്‍ കൊച്ചിനഗരത്തില്‍ വൈറ്റില ബൈപ്പാസില്‍ മരങ്ങളില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ കരാറെടുത്തവര്‍ രസം കുത്തിവച്ചും കൊമ്പുകള്‍ വെട്ടിയും വൃക്ഷഹത്യ നിറവേറ്റി. വടക്കേയറ്റത്ത് കണ്ണൂരില്‍ ഒരു തൊഴിലാളിസംഘടനയുടെ ദേശീയസമ്മേളനം നടന്നപ്പോള്‍ പാതയോരത്തെ തണല്‍മരങ്ങളുടെ തടിമുഴുവന്‍ ചുവന്ന തുണികൊണ്ടു മൂടി. സമ്മേളനം കഴിഞ്ഞ് മാസങ്ങളായിട്ടും അവ മാറ്റിയിട്ടില്ല. അനേകകോടി ഷഡ്പദങ്ങള്‍ക്ക്, അവകാശബോധവും സംഘശക്തിയുമുള്ള മനുഷ്യര്‍ക്ക് നിസ്സാരമെന്ന് തോന്നുന്ന ആ ഭൂമിയുടെ അവകാശികള്‍ക്ക്, പാര്‍പ്പിടവും ഈറ്റില്ലവുമാണു നഷ്ടപ്പെട്ടത്. നീതിപീഠം ആ കൗമാരസ്വരങ്ങള്‍ക്ക് കാതോര്‍ക്കുന്നു. പത്തു മക്കള്‍ക്കു തുല്യമായ ഒരു മരത്തെ രക്ഷിക്കാനുള്ള, അങ്ങനെ ശതകോടിവൃക്ഷങ്ങളെ രക്ഷിക്കാനുള്ള ആ ആഹ്വാനം ശ്രവിക്കാന്‍ സര്‍ക്കാറിനും ഉദ്യോഗസ്ഥവൃന്ദത്തിനും ജനശതത്തിനും ബാധ്യതയുണ്ട്; മനുഷ്യരാശിയുടെ അതിജീവനത്തിനുവേണ്ടിയുള്ള ജൈവബാധ്യത.

ഫേസ് ബുക്ക് പോസ്റ്റ്‌

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply