‘മനുസങ്കട’ – ഒരു ദളിത് പോരാട്ട ചലച്ചിത്രം
കെ.സി. സെബാസ്റ്റിന്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മുഖത്തേക്കുള്ള കാര്‍ക്കിച്ചു തുപ്പാണ് ‘മനുസങ്കട’ (മനുഷ്യരാണട) എന്ന തമിഴ് ചലച്ചിത്രം. ഉന്മൂലനം ചെയ്യപ്പെട്ടുവെന്നു പറയുന്ന ‘അയിത്തം’ ഇന്ത്യന്‍ ഭരണകൂട പിന്തുണയോടു കൂടി തന്നെ ഇപ്പോഴും സജീവമാണെന്ന ദൃശ്യസാക്ഷ്യം.ഇതോടൊപ്പം ദളിതന്റെ തുല്യനീതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടത്തിന്റെ നേര്‍ചിത്രവും കൂടിയാണ് ‘മനുസങ്കട’ (cry humanity). അകാലത്തില്‍ മരിച്ച അച്ഛന് ന്യായാവകാശപ്രകാരമുള്ള ശവസംസ്‌കാരം നടത്താനായി ഒരു ദളിത് യുവാവിന്റെ പോരാട്ടവും അതേ തുടര്‍ന്നുള്ള പ്രക്ഷുബ്ധതയും നിറഞ്ഞ ചലച്ചിത്രം ഒരു സംഭവ കഥയാണ്. യഥാര്‍ത്ഥത്തില്‍ നടന്ന ഗ്രാമത്തിന്റെയും […]
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മുഖത്തേക്കുള്ള കാര്‍ക്കിച്ചു തുപ്പാണ് ‘മനുസങ്കട’ (മനുഷ്യരാണട) എന്ന തമിഴ് ചലച്ചിത്രം. ഉന്മൂലനം ചെയ്യപ്പെട്ടുവെന്നു പറയുന്ന ‘അയിത്തം’ ഇന്ത്യന്‍ ഭരണകൂട പിന്തുണയോടു കൂടി തന്നെ ഇപ്പോഴും സജീവമാണെന്ന ദൃശ്യസാക്ഷ്യം.ഇതോടൊപ്പം ദളിതന്റെ തുല്യനീതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടത്തിന്റെ നേര്‍ചിത്രവും കൂടിയാണ് ‘മനുസങ്കട’ (cry humanity).
അകാലത്തില്‍ മരിച്ച അച്ഛന് ന്യായാവകാശപ്രകാരമുള്ള ശവസംസ്‌കാരം നടത്താനായി ഒരു ദളിത് യുവാവിന്റെ പോരാട്ടവും അതേ തുടര്‍ന്നുള്ള പ്രക്ഷുബ്ധതയും നിറഞ്ഞ ചലച്ചിത്രം ഒരു സംഭവ കഥയാണ്. യഥാര്‍ത്ഥത്തില്‍ നടന്ന ഗ്രാമത്തിന്റെയും സംഭവത്തിലെ മനുഷ്യരുടെയും പേരുകള്‍ വേറെയായാണ് ചിത്രത്തില്‍ ദൃശ്യവത്കരിച്ചിരിക്കുന്നത്. മേല്‍ജാതിക്കാര്‍ ആരാണെന്ന് വെളിപ്പെടുത്തുന്നുമില്ല. പക്ഷേ ജാതീയത തിമിര്‍ത്തുനില്‍ക്കുന്ന തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തില്‍ നടന്ന ഈ സംഭവം അറിയാവുന്നവര്‍ക്ക് സിനിമ കാണുമ്പോള്‍ യഥാര്‍ത്ഥ ചിത്രം മനസ്സില്‍ തെളിയുന്നു. ഇന്ത്യന്‍ ആനുകാലികതയില്‍ ചലച്ചിത്രങ്ങള്‍ക്ക് എതിരെ നടക്കുന്ന നിരോധനങ്ങളും പ്രതിഷേധങ്ങളുമെല്ലാം തങ്ങളുടെ ചിത്രത്തിനു നേരെയും ഉണ്ടായേക്കാവുന്നതിനെ ഭാവിയില്‍ കണ്ടുകൊണ്ടായിരിക്കാം ഒരു മുന്‍കൂര്‍ജാമ്യം കണക്കെ ഇത്തരത്തില്‍ ചിത്രം നിര്‍മിക്കാന്‍ ഇതിന്റെ അണിയറശില്പികള്‍ തീരുമാനിച്ചതെന്ന് അനുമാനിക്കാം. അതേ സമയം ഇതൊരു യഥാര്‍ത്ഥ ജീവിതകഥയാണെന്ന് ചിത്രാരംഭത്തില്‍ എഴുതി കാണിക്കുന്നുമുണ്ട്.
അച്ഛന്‍ മരിച്ച വിവരത്തെ തുടര്‍ന്ന് നാട്ടിലെത്തുകയാണ് ചെന്നൈയില്‍ സ്റ്റീല്‍ കമ്പനിയിലെ തൊഴിലാളിയായ കോലപ്പന്‍. ചിദംബരത്തിനു സമീപമുള്ള അമ്മിയപ്പന്‍ എന്ന ഈ ഗ്രാമത്തില്‍ രണ്ടു ശ്മശാനങ്ങളുണ്ട്. ഒന്ന് അധീശ ജാതിക്കാര്‍ക്കും മറ്റേത് അധമ ജാതിക്കാര്‍ക്കും. ദളിതരായ ഇവര്‍ക്ക് ശവം കൊണ്ടുപോകാനും പ്രത്യേക വഴിയുണ്ട്. ഈ വഴി മുള്ളും പൊന്തയും നിറഞ്ഞുകിടക്കുന്നതിനാല്‍ ഇതിലെ ശ്മശാനത്തിലേക്കു പോവുക അസാധ്യമാണ്. പകരം ഇവിടെയുള്ള പൊതുവഴിയിലൂടെ മൃതദേഹവും കൊണ്ടുപോകാന്‍ കോലപ്പനും കൂട്ടരും തീരുമാനിക്കുന്നു. അനുവദിക്കുകയില്ലെന്നു മേല്‍ജാതിക്കാരും. ഇവിടെ ദളിതന്റെ ശവവുംകൊണ്ട് പൊതുവഴിയിലൂടെ നടക്കാന്‍ ഉയര്‍ന്ന ജാതിക്കാരായ സവര്‍ണര്‍ അനുവദിക്കാത്തത് തലമുറകളായി നിലനില്‍ക്കുന്ന ‘അയിത്തം’ നിമിത്തമാണ്. ഇതുമാത്രമല്ല, അവരുടെ കിണറുകളില്‍നിന്ന് വെള്ളം കോരാന്‍ പാടില്ല. അമ്പലത്തില്‍ കര്‍മങ്ങളും കലാപരിപാടികളും നടത്താനും പാടില്ല.
ഇവിടെ ഈ അനീതിയെയും സാമൂഹിക ഉച്ചനീചത്വത്തെയും ചോദ്യംചെയ്ത് ഈ ഗ്രാമത്തിലെ ജനങ്ങള്‍ പോരാട്ടത്തിനിറങ്ങുന്നു. പൊലീസും ഉദ്യോഗസ്ഥരും മേല്‍ജാതിക്കാര്‍ പറയുന്നപോലെ നിലനില്‍ക്കുന്ന രീതിതന്നെ പിന്തുടരാന്‍ കോലപ്പനോടും കൂട്ടരോടും ആവശ്യപ്പെടുന്നു. പക്ഷേ, കോലപ്പന്‍ ചെന്നൈ ഹൈകോടതിയില്‍നിന്ന് പൊതുവഴിയിലൂടെ ശവം കൊണ്ടുപോകാന്‍ ഉത്തരവുനേടുന്നു. പൊലീസും ഉദ്യോഗസ്ഥരും സംസ്‌കാരം സമാധാനപരമായി നടത്താന്‍ വേണ്ട സംരക്ഷണം നല്‍കണമെന്ന് ഹൈകോടതി ഈ ഉത്തരവില്‍ പ്രത്യേകം പറയുന്നുണ്ട്. എന്നാല്‍ പൊലീസും ആര്‍.ഡി.ഒയും പറയുന്നത് ഇവിടത്തെ കാര്യങ്ങള്‍ കോടതിക്കറിയില്ലെന്നും ഇവിടെ ചോരപ്പുഴ ഒഴുകുന്നത് അനുവദിക്കാനാവില്ലെന്നും പറഞ്ഞ് മൂന്ന് ദിവസമായി മൊബൈല്‍ മോര്‍ച്ചറിയില്‍ വെച്ചിരിക്കുന്ന മൃതശരീരം എടുത്തുകൊണ്ടുപോകാന്‍ ഒരുങ്ങുന്നു. ഇതേതുടര്‍ന്നു അവിടെയുള്ള സ്ത്രീകളും പുരുഷന്മാരും ചേര്‍ന്ന് മൃതശരീരവുമെടുത്തു കോലപ്പന്റെ വീട്ടിലേക്കു കയറി വാതിലടക്കുന്നു.പൊലീസ് പലവട്ടം ഭീഷണിപ്പെടുത്തി കതകു തുറപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കഴിയാതെ ഒടുവില്‍ മടങ്ങുന്നു.
മൂന്നു മണിക്കൂര്‍ കഴിഞ്ഞിട്ടും ശവവുമായി അകത്തു കയറിയവര്‍ പുറത്തിറങ്ങാതെ ആ ഒറ്റമുറി വീട്ടില്‍ തിങ്ങിനിറഞ്ഞു നില്‍ക്കുന്നു.വീണ്ടും പൊലീസെത്തി വാതില്‍ ചവുട്ടി പൊളിച്ച് അകത്തു കയറുമെന്ന് പറഞ്ഞു കതകില്‍ തട്ടാന്‍ തുടങ്ങുന്നു.ഇതോടെ കോലപ്പനും കൂട്ടരും കന്നാസിലുള്ള മണ്ണെണ്ണയെടുത്ത് തലയിലൂടെ ഒഴിക്കുന്നു.ഒപ്പം തന്നെ സ്ത്രീകളുടെയും മറ്റും കൂട്ടകരച്ചില്‍ ഉയരുന്നു.ഏതു നിമിഷവും കൂട്ട ആത്മാഹൂതി നടന്നേക്കാമെന്ന സംഭ്രമജനകമായ ഒരന്തരീക്ഷം.അപകടം ബോധ്യമായ പൊലീസ് തന്ത്രപൂര്‍വം വീണ്ടും പിന്‍വാങ്ങുന്നു.
ഇതിനിടയില്‍ കോലപ്പന്‍ വൈകാരിക മൂര്‍ച്ഛയില്‍ ഒറ്റക്ക് മേല്‍ ജാതിക്കാരുടെ വഴിയിലേക്ക് നടന്നു ചെന്ന് ഉറക്കെ ചോദിക്കുന്നുണ്ട്,’നിങ്ങളുടെ വയലിലും പറമ്പിലും വീട്ടിലും പണിചെയ്യാനും നിങ്ങളുടെ ശവക്കുഴി തിരയാനും മൂടാനും തീട്ടം കോരാനുമെല്ലാം ഞങ്ങള്‍വേണം.കന്നുകാലികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ഈ വഴിയേ നടക്കാം.പിന്നെ ഞങ്ങള്‍ മരിച്ചു കഴിഞ്ഞാല്‍ ഇതിലെ പോകാന്‍ കഴിയില്ലെന്ന് പറയുന്നതെന്തു കൊണ്ട്? കന്നുകാലികള്‍ക്ക് നല്‍കുന്ന പരിഗണനയെങ്കിലും ഞങ്ങള്‍ക്ക് നല്കിക്കൂടെ?’ എന്നാണ്.ഈ സമസ്യകള്‍ അനാവരണം ചെയ്യുന്നത് ഇപ്പോഴും ഫ്യൂഡല്‍ അധികാരങ്ങള്‍ നിലനിര്‍ത്തുന്ന ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കപടമുഖമാണ്.
അല്പം കഴിയുമ്പോള്‍ ഉദ്യോഗസ്ഥരും പൊലീസുകാരുമടങ്ങുന്ന സംഘം വീണ്ടുമെത്തുകയും കോടതി ഉത്തരവു പ്രകാരം ശവം മറവു ചെയ്യാമെന്നും കര്‍മങ്ങള്‍ തുടങ്ങാനും ആര്‍. ഡി. ഒ. പറയുന്നു.ദളിതരായ ഈ മനുഷ്യര്‍ തങ്ങളുടെ നീതിക്കു വേണ്ടിയുള്ള പോരാട്ടം വിജയിച്ചുവെന്ന വിശ്വാസത്തില്‍ ശവസംസ്‌കാരത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നു.
തപ്പും കൊട്ടി ശവമഞ്ചവുമായി നീങ്ങുന്ന ആളുകള്‍ മേല്‍ജാതിക്കാര്‍ താമസിക്കുന്ന വഴിയിലേക്ക് തിരിയുന്ന ഭാഗത്ത് അവിടെ കാത്തുനിന്നിരുന്ന ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന പൊലീസ് സംഘം തടയുന്നു.അപ്പോഴാണ് ഇവര്‍ നേരത്തെ പറഞ്ഞതെല്ലാം കള്ളമായിരുന്നെന്നും തങ്ങള്‍ വഞ്ചിക്കപ്പെട്ടുവെന്നും ദളിതരായ ഈ മനുഷ്യര്‍ക്ക് ബോധ്യപ്പെടുന്നത്. അപ്പോള്‍ തന്നെ പൊലീസുകാര്‍ ബലപ്രയോഗത്തിലൂടെ ശവമഞ്ചം പിടിച്ചെടുക്കുകയും പ്രതിരോധിക്കാന്‍ ശ്രമിച്ച സ്ത്രീകളടക്കമുള്ള കോലപ്പനെയും സംഘത്തെയും മര്‍ദ്ദിക്കുകയും ലാത്തിയടിച്ച് ഓടിക്കുവാനും ശ്രമിക്കുന്നു.ഇതിനിടയില്‍ ശവമഞ്ചവും കൊണ്ട് ഒരു സംഘം പൊലീസുകാര്‍ ദളിതര്‍ക്കു വേണ്ടിയുള്ള പാതയിലൂടെ ശ്മശാനത്തിലേക്ക് ഓടുന്നു.കോലപ്പനെയും അമ്മയെയും ഭാവിവധുവിനെയും അടുത്ത ബന്ധുക്കളെയുമെല്ലാം പൊലീസുകാര്‍ ബലം പ്രയോഗിച്ച് വാനില്‍ കയറ്റുന്നു.
സ്വന്തം അച്ഛന്റെ മൃതദേഹം മറവു ചെയ്യാനുള്ള,ഭാര്യക്ക് ഭര്‍ത്താവിന്റെ മൃതദേഹം മറവു ചെയ്യാനുള്ള മാനുഷികവും ധാര്‍മ്മികവുമായ അവകാശം നഷ്ടപ്പെട്ട് അധികാരികളുടെ കാട്ടുനീതിയില്‍ ചങ്കുതകര്‍ന്ന് പൊലീസ് വാനിലിരിക്കുന്ന നിസ്സഹായരായ ഈ മനുഷ്യരെ സ്റ്റേഷനിലേക്കു കൊണ്ടുപോകുമ്പോള്‍ മേല്‍ജാതിയില്‍ പെട്ടവര്‍ കല്ലെറിയുകയും ചീത്തവിളിക്കുകയും ചെയ്യുന്നു.ഇതൊന്നും പൊലീസുകാര്‍ തടയുകയോ അവരെ അറസ്റ്റു ചെയ്യുകയോ ചെയ്യുന്നില്ല.ഒടുവില്‍ മേല്‍ജാതിക്കാര്‍ നിശ്ചയിച്ച പ്രകാരം പൊലീസുകാര്‍ ശവം മറവു ചെയ്തു.ദൂരെ എവിടെയോ ഉള്ള സ്റ്റേഷനില്‍ നിന്ന് വളരെ വൈകി കോലപ്പനെയും കൂട്ടരെയും പൊലീസ് വിട്ടയക്കുന്നു.
ചലച്ചിത്രം മറ്റൊരു ഗൗരവമേറിയ പ്രശ്‌നം കൂടി ഉയര്‍ത്തുന്നു. സവര്‍ണനും അവര്‍ണനും ഒരു ജനാധിപത്യ രാജ്യത്ത് വെവ്വേറെ ശ്മശാനങ്ങള്‍ എന്തിനാണ്? പൊതുശ്മശാനത്തില്‍ എല്ലാവരെയും സംസ്‌കരിക്കാമല്ലോ? പിന്നെ അവിടെ ദളിതര്‍ക്ക് പ്രവേശനം നിഷേധിക്കുന്നതെന്തിന്? ഇതിനെതിരെയും പോരാടേണ്ടതുണ്ട് എന്ന പ്രശ്‌നം കോലപ്പന്‍തന്നെ ചിത്രത്തില്‍ ഉന്നയിക്കുന്നു. ഈ കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിയാതെ പോയതിനെക്കുറിച്ചുള്ള സങ്കടം ഹൈകോടതിയില്‍നിന്ന് ഉത്തരവു വാങ്ങി നാട്ടിലേക്കുള്ള യാത്രയില്‍, അരികുവത്കരിക്കപ്പെട്ട ഈ മനുഷ്യരോടൊപ്പം നിലകൊള്ളുന്ന അണ്ണനുമായി കോലപ്പന്‍ പങ്കുവെക്കുന്നുണ്ട്. ഇത് മറ്റൊരു പോരാട്ടത്തിന്റെ വെടിമരുന്നായി കാണാം.
ദളിതരുടെ നീതിനിഷേധത്തിന്റെ പരിച്ഛേദമാകുന്ന ഈ ചലച്ചിത്രം അനീതിക്കു കീഴടങ്ങാന്‍ വിസമ്മതിക്കുന്ന ജാതി മേല്‍ക്കോയ്മക്കെതിരെയുള്ള ദളിതരുടെ ചെറുത്തുനില്‍പിന്റെയും പോരാട്ടത്തിന്റെയും പ്രതിബിംബംകൂടിയാണ്.
യഥാതഥമായ ആവിഷ്‌കാരമാണ് പൊതുവെ ചിത്രത്തിനുള്ളത്. എന്നാല്‍ ഒരു രേഖീയ ചിത്രമെന്ന ആസ്വാദനത്തില്‍നിന്നും സങ്കല്‍പപരമായ ഫീച്ചര്‍ ചലച്ചിത്രത്തിലേക്ക് പ്രേക്ഷകനെ തട്ടിയുണര്‍ത്തുന്ന രണ്ടു ഓര്‍മരംഗങ്ങള്‍ സംവിധായകന്റെ ബോധപൂര്‍വ്വമായ ഇടപെടലായി തോന്നാം.
ചിത്രാന്ത്യത്തില്‍ ഒരു സമാധാന അന്തരീക്ഷം സംജാതമാകുന്നപോലെ ഒരു മഴപെയ്തു തോരുന്നു.തുടര്‍ന്ന് മറ്റൊരു ദിവസം മരണാനന്തര കര്‍മം ചെയ്യാന്‍ ശ്മശാനത്തിലെത്തുന്ന കോലപ്പന് ശവം മറവു ചെയ്ത വേറെയും രണ്ടു കുഴികള്‍ കാണാന്‍ കഴിയുന്നു.ഇതില്‍ ഏതു കുഴിയിലാണ് തന്റെ അച്ഛനെ അടക്കിയതെന്നറിയാതെ മണ്ണില്‍ കിടന്നു വിലപിക്കുന്ന കോലപ്പന്റെ മുഖവുമായാണ് ‘മനുസങ്കട’ സമാപിക്കുന്നത്.അപ്പോള്‍ പ്രത്യക്ഷമാകുന്ന അണിയറക്കാരുടെ നാമങ്ങള്‍ക്കൊപ്പം ഉയര്‍ന്നു കേള്‍ക്കുന്ന ആലാപനം,ഇന്‍ക്വിലാബ് എന്ന തമിഴ് കവിയുടെ കവിതയാണ്.’ഞങ്ങളും മനുഷ്യരാണെടാ’ എന്നുള്ള ഈ കവിതയുടെ വരികള്‍ മനസാക്ഷി മരവിക്കാത്ത ആരെയും ത്രസിപ്പിക്കുന്നതാണ്.
സ്വാഭാവികമായ വെളിച്ചത്തില്‍ ക്യാമറയുടെ കയ്യില്‍ വെച്ചുള്ള ചിത്രീകരണവും ലളിതമായ ആഖ്യാനവും പ്രമേയത്തിന്റെ കരുത്തും ഈ ചലച്ചിത്രത്തെ ശ്രദ്ധേയവും ഗൗരവവുമുള്ള ഒരു ദൃശ്യാനുഭവമാക്കുന്നു.
അംഷന്‍ കുമാറാണ് തിരക്കഥ രചിച്ച് ‘മനുസങ്കട’ സാക്ഷാത്കരിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ആദ്യ ഫീച്ചര്‍ ചിത്രം ‘ഒരുത്തി’യും ‘യാഴ്പണം തെട്ച്ചിനമൂര്‍ത്തി’ എന്ന ഡോക്യുമെന്ററിയും ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ളതാണ്. ചൂഷണത്തിനെതിരെ പൊരുതുന്ന ഒരു ദളിത് പെണ്‍കുട്ടിയുടെ ദുരിതങ്ങളാണ് ‘ഒരുത്തി’.
ഹൈകോടതി ഒഴിച്ചുള്ള രംഗങ്ങളിലെല്ലാം ക്യാമറ കൈയില്‍ വെച്ചുള്ള ജര്‍ക്കിങ് ചിത്രീകരണവും പശ്ചാത്തലത്തില്‍ അരോചകമായ ശബ്ദങ്ങളുമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിനു കാരണമായി സംവിധായകനായ അംഷന്‍ കുമാര്‍ പറയുന്നത് ”എനിക്ക് അവരുടെ എല്ലാ പ്രവര്‍ത്തികളും ക്യാമറ ചലനങ്ങളിലൂടെ കാണിക്കേണ്ടിയിരുന്നു. പിന്നെ ഇത്തരം ചിത്രീകരണ സങ്കല്പത്തിനു പിന്നില്‍ കഥാപാത്രങ്ങള്‍ക്ക് ചുറ്റുമുള്ള അനിശ്ചിതത്വമാണ്. അല്‍പം നിശ്ചിതമെന്നു പറയാവുന്നത് ഹൈകോടതിയിലെ രംഗമാണ്. അവിടെ മാത്രം മുക്കാലി പീഠത്തില്‍ ക്യാമറ വെച്ച് ചിത്രീകരിച്ചിരിക്കുന്നു” എന്നാണ്. ഡോക്യുമെന്ററി റിയലിസമാണ് ചിത്രത്തിന്റെ അവലംബമെന്നും തമിഴ് ചലച്ചിത്രങ്ങളില്‍ ദളിതരെ അധമനായി കാണുന്ന സവര്‍ണ കാഴ്ചപ്പാടിലാണ് ചിത്രീകരിക്കുന്നതെന്നും അതുകൊണ്ടുതന്നെ ദളിതരുടെ വീക്ഷണത്തിലാണ് ‘മനസങ്കട’ എന്ന ചിത്രത്തിന്റെ നിര്‍മ്മിതിയെന്നും അംഷന്‍ കുമാര്‍ പറയുന്നു.ഈ ചിത്രത്തിന്റെ ഒടുക്കത്തില്‍ പരാജയപ്പെടുന്ന ദളിതരുടെ അന്ത്യം ചലച്ചിത്രത്തെ നിഷേധാത്മകമാക്കുന്നില്ലേ എന്ന് ചിന്തിപ്പിക്കാം. പക്ഷേ, അംഷന്‍ കുമാര്‍ അങ്ങനെ വിചാരിക്കുന്നില്ല, ”യഥാര്‍ത്ഥത്തില്‍ അവര്‍ മുഖ്യധാരാ സിനിമയിലെപോലെ വിജയിക്കുന്നില്ല. പോരാട്ടം കഠിനവും അനുസ്യൂതവുമാണ്. ഈ അങ്കം നഷ്ടപ്പെട്ടു. എന്നാല്‍ ഈ യുദ്ധം വിജയിക്കുമെന്ന് പ്രത്യാശിക്കാം.”
‘ജാതീയത ഒരു യാഥാര്‍ത്ഥ്യമായ ഇന്ത്യയില്‍ ദളിതര്‍ പീഡിപ്പിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ വിഷയുവുമായി ബന്ധമുള്ള സമാന്തരങ്ങള്‍ ഇന്ത്യയില്‍ പ്രത്യക്ഷമാണ്’,അംഷന്‍ കുമാര്‍ ഇതു പറയുമ്പോള്‍ തികച്ചും സത്യമാണെന്ന് ബോധ്യപ്പെടുത്തുന്ന ഉത്തമ ദൃഷ്ടാന്തമാണ് അശാന്തന്റെ പ്രശ്‌നം. ചലച്ചിത്രത്തില്‍ പൊതുവഴിയിലൂടെ മൃതദേഹവുമായി പോകുന്നതിനെയാണ് ഉയര്‍ന്നജാതിക്കാര്‍ എതിര്‍ത്തതെങ്കില്‍ അതേ പ്രശ്‌നം തന്നെയാണ് ദളിതനായ അശാന്തന്റെ മൃതദേഹവുമായി ദര്‍ബാര്‍ഹാള്‍ ആര്‍ട് ഗാലറിയിലേക്ക് പോകുന്നതിനെയും സവര്‍ണ ജാതിക്കാര്‍ തടഞ്ഞത്.തമിഴ്‌നാടിനേക്കാള്‍ സാക്ഷരവും പുരോഗമനപരവും, ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുന്നതുമായ കേരളത്തിലാണ് സമീപകാലത്ത് ഇതു സംഭവിച്ചത്.’മനസങ്കട’യില്‍ പശ്ചാത്തലം മേല്‍ജാതിക്കാരുടെ വാസസ്ഥലമാണെങ്കില്‍ ഇവിടെ ക്ഷേത്രമാണെന്നു മാത്രം.പക്ഷെ വിഷയം ജാതീയത മൂലമുള്ള ‘അയിത്തം’ തന്നെ.
ശക്തവും കാലികവുമായ ജാതീയത പ്രമേയമാക്കിയ ‘മനുസങ്കട’ ഗോവയില്‍ നടന്ന കഴിഞ്ഞ അന്താരാഷ്ട്ര ചലച്ചിത്രമേള (IFFI)യില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. തമിഴില്‍നിന്ന് ഇന്ത്യന്‍ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ചിത്രം. നിറഞ്ഞ സദസ്സായിരുന്നെങ്കിലും ലേഖകന്‍ ഒഴിച്ച് മറ്റു മലയാളികളാരും ഈ ചിത്രം കണ്ടില്ല. മാത്രമല്ല, നമ്മുടെ മാധ്യമങ്ങള്‍ക്ക് ഒരു വാര്‍ത്തപോലുമായില്ല. കാരണം മറ്റൊന്നുമായിരിക്കില്ല, ”ജാതീയത കേരളത്തില്‍ ഒരു വിഷയമല്ലല്ലോ” എന്ന മൂഢ വിശ്വാസം. ഇതിനേറ്റ കനത്ത പ്രഹരമാണല്ലോ കലാകാരന്‍കൂടിയായ അശാന്തന്റെ സംസ്‌കാരവും വടയമ്പാടിയിലെ ജാതിമതിലും.
ആരുടെയും ശ്രദ്ധയില്‍ പെടാതെ പോയ മറ്റൊരു ഗൗരവപ്രശ്‌നം ‘മനുസങ്കട’ എന്ന ചലച്ചിത്രം തിരുവനന്തപുരത്തു നടന്ന രാജ്യാന്തര ചലച്ചിത്രോത്സവ(IFFK)ത്തിലേക്ക് അയച്ചുകൊടുത്തിരുന്നു. തിരഞ്ഞെടുക്കപ്പെട്ടില്ല. എന്താണ് കാരണമെന്ന് അറിയില്ലെന്ന് സംവിധായകനായ അംഷന്‍ കുമാര്‍ പറഞ്ഞു. അശാന്തന്‍ മരിക്കുന്നതിന് ഒന്നരമാസം മുമ്പായിരുന്നു ചിലച്ചിത്രോത്സവം. ചലച്ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന കമ്മിറ്റിയിലെ സവര്‍ണ മേധാവിത്വംകൊണ്ടായിരിക്കുമോ ദേശീയ അന്തര്‍ദേശീയ ചലച്ചിത്ര മേളകളില്‍ പങ്കെടുത്ത സര്‍ഗാത്മക രചനയായ ‘മനുസങ്കട’ എന്ന ചലച്ചിത്രം തഴയപ്പെട്ടത്?! മാര്‍ച്ച് ആദ്യവാരം നടന്ന തൃശൂര്‍ അന്താരാഷ്ട്ര ചലച്ചിത്ര മേള(IFFT)യില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in