മണ്ഡലും ‘കമണ്ഡലും’ ഏറ്റുമുട്ടുമ്പോള്‍
എന്‍.പി. ആഷ്‌ലി ഇക്കഴിഞ്ഞ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പും നടന്നുകൊണ്ടിരിക്കുന്ന ബിഹാര്‍ തെരഞ്ഞെടുപ്പും തമ്മില്‍ കൗതുകകരമായ സാമ്യതകളും അടിസ്ഥാനപരമായ ചില വ്യത്യാസങ്ങളുമുണ്ട്. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ‘മഹാസഖ്യ’വും ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യവുമായുള്ള ഇരുപക്ഷ മത്സരമാണ് ബിഹാറില്‍ നടക്കുന്നത്. മറ്റുള്ളവര്‍ അപ്രസക്തരാണെന്നാണ് വിലയിരുത്തല്‍. ഡല്‍ഹിയിലെപ്പോലെ, നരേന്ദ്രമോഡി വ്യക്തിപ്രഭാവമുള്ള പ്രാദേശിക നേതാക്കള്‍ക്കെതിരെയാണ് പ്രചാരണം നടത്തുന്നത്. ആദ്യഘട്ടങ്ങളില്‍ ബി.ജെ.പി. അനായാസം ജയിക്കുമെന്ന് പറഞ്ഞുകൊണ്ടിരുന്ന എല്ലാ മാധ്യമങ്ങളും മഹാസഖ്യത്തിനനുകൂലമായി നിലപാട് മാറ്റുകയോ ബി.ജെ.പി.യുടെ നില ഭദ്രമല്ലെന്ന് എഴുതുകയോ ചെയ്തു. ബിഹാര്‍ ഡല്‍ഹിയില്‍നിന്നു […]
എന്‍.പി. ആഷ്‌ലി
ഇക്കഴിഞ്ഞ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പും നടന്നുകൊണ്ടിരിക്കുന്ന ബിഹാര്‍ തെരഞ്ഞെടുപ്പും തമ്മില്‍ കൗതുകകരമായ സാമ്യതകളും അടിസ്ഥാനപരമായ ചില വ്യത്യാസങ്ങളുമുണ്ട്. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ‘മഹാസഖ്യ’വും ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യവുമായുള്ള ഇരുപക്ഷ മത്സരമാണ് ബിഹാറില്‍ നടക്കുന്നത്. മറ്റുള്ളവര്‍ അപ്രസക്തരാണെന്നാണ് വിലയിരുത്തല്‍. ഡല്‍ഹിയിലെപ്പോലെ, നരേന്ദ്രമോഡി വ്യക്തിപ്രഭാവമുള്ള പ്രാദേശിക നേതാക്കള്‍ക്കെതിരെയാണ് പ്രചാരണം നടത്തുന്നത്. ആദ്യഘട്ടങ്ങളില്‍ ബി.ജെ.പി. അനായാസം ജയിക്കുമെന്ന് പറഞ്ഞുകൊണ്ടിരുന്ന എല്ലാ മാധ്യമങ്ങളും മഹാസഖ്യത്തിനനുകൂലമായി നിലപാട് മാറ്റുകയോ ബി.ജെ.പി.യുടെ നില ഭദ്രമല്ലെന്ന് എഴുതുകയോ ചെയ്തു.
ബിഹാര്‍ ഡല്‍ഹിയില്‍നിന്നു വ്യത്യസ്തമായിരിക്കുന്നത് ഡല്‍ഹിയിലെ നാഗരിക നിര്‍ധനരെപ്പോലെ രാഷ്ട്രീയ പ്രസക്തി കൈവരിച്ച പുതിയ സാമ്പത്തികസാമൂഹ്യ വര്‍ഗത്തിന്റെ അസാന്നിധ്യം കൊണ്ടും പുതിയ രാഷ്ട്രീയ ഭാഷയുടെയും പ്രചാരണ രീതികളുടെയും അഭാവം കൊണ്ടുമാണ്. ഡല്‍ഹിയിലുണ്ടായതുപോലെ ജോലിയോ സാമ്പത്തിക നിലയോ നോക്കി ഏതു പാര്‍ട്ടിയെ പിന്തുണയ്ക്കുന്നുവെന്ന് ഊഹിക്കാന്‍ പോലും ബിഹാറിന്റെ നഗരങ്ങളുടെ കാര്യത്തില്‍ സാധ്യമല്ല; ഇവിടെ കൂറ് ജാത്യാധിഷ്ഠിതം തന്നെയാണ്.
പഴകിയ വിഷയങ്ങളും പരിചിതമായ വ്യക്തികളും നിറഞ്ഞ പഴമകളുടെ മടുപ്പിക്കുന്ന ആവര്‍ത്തനം മാത്രമാണോ ബിഹാര്‍ തെരഞ്ഞെടുപ്പ്? ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മഹാ പ്രതിസന്ധികളെ പരിഹരിച്ചു എന്ന് കൊണ്ടാടപ്പെടുന്ന ഗംഗാതടത്തിലെ സാധാരണക്കാരുടെ രാഷ്ട്രീയത്തില്‍ ബിഹാറിനെ എങ്ങനെയാണ് മനസിലാക്കേണ്ടത്?
ഒര്‍ഥത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയം മാറ്റിയതു ബിഹാറാണ്. ബ്രിട്ടീഷുകാരില്‍നിന്ന് ദേശീയതയുടെ പേരില്‍ അധികാരം നേടിയ സ്വദേശിവരേണ്യരുടെ രാഷ്ട്രീയ മുഖമായിരുന്ന കോണ്‍ഗ്രസ് അതിന്റെ ജന്മിത്വ താല്‍പര്യങ്ങള്‍ കൊളോണിയല്‍ പോലീസ് സംവിധാനമുപയോഗിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്നതിനെതിരെ ഏറ്റവും ശക്തമായ ജനകീയ പ്രക്ഷോഭം ഉയര്‍ന്നുവന്നത് ബിഹാറിലാണ്. രാം മനോഹര്‍ ലോഹ്യയുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ തട്ടകം എന്ന നിലയില്‍ ജാതിയെന്ന സാമൂഹ്യചരിത്ര യാഥാര്‍ഥ്യത്തിന്നെതിരില്‍ ഇന്ത്യയില്‍ മറ്റു പലയിടങ്ങളിലും നിലനിന്നിരുന്ന സിദ്ധാന്തശാഠ്യം അവിടെ ഉണ്ടായിരുന്നില്ല. സവര്‍ണഫ്യൂഡല്‍ സംവിധാനത്തിന്റെ അധാര്‍മികതകളെ സധൈര്യം ചോദ്യം ചെയ്തു തുടങ്ങിയ അവര്‍ണ യുവാക്കളുടെ സംഘം ജയപ്രകാശ് നാരായണന്റെ അഴിമതി വിരുദ്ധമായ സമര പൈതൃകത്തെ മുമ്പില്‍ നിര്‍ത്തിയാണു പ്രവര്‍ത്തിച്ചത്. അഴിമതിയിലൂടെയും ക്രൂരമായ അടിച്ചമര്‍ത്തലുകളിലൂടെയും ദുഃസഹമായിക്കഴിഞ്ഞ ദേശീയ വരേണ്യരുടെ പാര്‍ട്ടി താല്‍പര്യങ്ങളെ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ ദേശീയാടിസ്ഥാനത്തില്‍ പരാജയപ്പെടുത്തിയതിന്റെ ന്യൂക്ലിയസ് ബിഹാറിലാണെന്നു പറയാം. അങ്ങനെ നിലവില്‍ വന്ന മൊറാര്‍ജി ദേശായിയുടെ സര്‍ക്കാര്‍ നിയമിച്ച, ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയെ പില്‍ക്കാലത്തു നിയന്ത്രിച്ച കമ്മീഷന്റെ ചെയര്‍മാന്‍ ബി.പി. മണ്ഡല്‍ മുഖ്യമന്ത്രി പദം വരെയെത്തിയ ബിഹാറിലെ പിന്നാക്ക വിഭാഗത്തില്‍ പെട്ട നേതാവായിരുന്നു.
സാമൂഹികാടിത്തറ എത്ര ശക്തമായിരുന്നപ്പോഴും രാഷ്ട്രീയാധികാരത്തിന്റെ സൂത്രവാക്യങ്ങള്‍ മണ്ഡല്‍ രാഷ്ട്രീയത്തെ നിര്‍ണായകാര്‍ഥത്തില്‍ ബീഹാറിലെത്തിക്കാന്‍ വീണ്ടും 13 കൊല്ലമെടുത്തു. 1989ല്‍ മറ്റൊരു കോണ്‍ഗ്രസിതര സര്‍ക്കാര്‍ വി.പി. സിങ്ങിന്റെ നേതൃത്വത്തില്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ തീരുമാനിച്ചതുമായി ബന്ധപ്പെട്ടുണ്ടായ കലുഷിതമായ ചര്‍ച്ചകളിലൂടെ തെളിഞ്ഞുവന്ന ജാത്യാവബോധത്തെ രാഷ്ട്രീയമായ സംഘാടനത്തിനായി ഉപയോഗിച്ച ലാലു പ്രസാദ് യാദവിലൂടെയാണ് ആ മാറ്റം വന്നത്. യാദവരോടൊപ്പം മുസ്ലിംകളെയും ചേര്‍ക്കാന്‍ ലാലുവിനു സാധിച്ചത് അധികാരം നിലനിര്‍ത്താന്‍ വേണ്ടി ഹിന്ദുത്വ ശക്തികളെ മൗനാനുവാദത്തിലൂടെ പ്രോത്സാഹിപ്പിച്ചുവന്ന കോണ്‍ഗ്രസിന്റെ ഭരണത്തിനു കീഴില്‍ നടന്ന 1989ലെ ഭഗല്‍പൂര്‍ കൂട്ടക്കൊലകളാണ്. തൊള്ളായിരം മുസ്ലിംകള്‍ക്കും നൂറു ഹിന്ദുക്കള്‍ക്കും ജീവന്‍ നഷ്ടപ്പെട്ട സംഭവം കോണ്‍ഗ്രസ് കൈകാര്യം ചെയ്ത രീതി കണ്ട് അവരില്‍ വിശ്വാസം നഷ്ടപ്പെട്ട ദളിത് മുസ്ലിംകള്‍ (മേല്‍ജാതി മുസ്ലിംകളില്‍ നിന്നുള്ള ചൂഷണങ്ങള്‍ക്കെതിരില്‍ ദളിത് മുസ്ലിംകള്‍ പസ്മന്ദ പ്രസ്ഥാനമെന്ന പേരില്‍ സംഘടിച്ചിട്ടുണ്ട്). കൂട്ടത്തോടെ ലാലു പ്രസാദ് യാദവിന്റെ പാര്‍ട്ടിയിലേക്കു മാറി. ഈ വിപുലമായ സാമുദായിക പിന്തുണയാണ് ലാലു ഉപയോഗപ്പെടുത്തിയത്.
ഇന്ന് ”ജംഗിള്‍രാജ്’ എന്നു മാത്രം വിശേഷിപ്പിക്കപ്പെടുന്ന ലാലുവിന്റെ ഭരണത്തിന് ചില ഗുണവശങ്ങളും പല ദോഷഫലങ്ങളും ഉണ്ടായിരുന്നു. ബീഹാറിനെ ആഴത്തില്‍ മനസിലാക്കുകയും അതിസ്‌നേഹത്തോടെ വിശദീകരിക്കുകയും ചെയ്തിട്ടുള്ള എന്‍.എസ്. മാധവന്റെ പ്രയോഗം കടമെടുത്തു പറഞ്ഞാല്‍ അമര്‍ത്തിപ്പിടിച്ചിരുന്ന സാമൂഹ്യ ശക്തി ബീര്‍ കുപ്പി തുറന്നാലെന്നപോലെ നുരഞ്ഞു പതഞ്ഞുയര്‍ന്നുവരികയായിരുന്നു ലാലുവിന്റെ ആദ്യകാലങ്ങളില്‍. മേല്‍ജാതിക്കാരായ കായസ്തര്‍ക്കും ഭൂമിഹാറുകള്‍ക്കും യാദവരെ തോന്നിയപോലെ പേടിപ്പിക്കാമെന്നും അടക്കി ഭരിക്കാമെന്നുമുള്ള അവസ്ഥ മാറി. ഏതു വര്‍ഗീയ കലാപവും ഭൂരിപക്ഷ വര്‍ഗീയതയെ ഫാഷിസമായി വളരാന്‍ അനുവദിക്കുന്ന രാസത്വരകമാണെന്നു മനസിലാക്കിയ ലാലു കലാപം നടക്കാന്‍ അനുവദിച്ചാല്‍ കനത്ത ശിക്ഷ നേരിടേണ്ടി വരുമെന്നു മുന്നറിയിപ്പു നല്‍കി. 1989ലെ ഭീകര സംഭവത്തിനു ശേഷം ബീഹാറില്‍ ഒറ്റ വര്‍ഗീയ കലാപവും നടന്നിട്ടില്ലെങ്കില്‍ അതിന്റെ ക്രെഡിറ്റ് ലാലുവിനു തന്നെയാണ് (റെയില്‍വേ മന്ത്രിയായിരിക്കെ ലാലുവിന് പേരു നേടിക്കൊടുത്ത പരിഷ്‌ക്കരണങ്ങളുടെ അടിത്തറ നിതീഷ് തയാറാക്കിയതായിരുന്നു എന്നതുപോലെ ബീഹാറിന്റെ സാമുദായിക സമാധാനത്തിന്റെ അടിത്തറ ലാലുവിന്റേതാണ്). 29ാം വയസില്‍ പാര്‍ലമെന്ററിലെത്തിയ ജെ.പി. പ്രസ്ഥാനത്തിന്റെ ഈ തീപ്പൊരി നേതാവ് അന്നത്തെ സാമൂഹികരാഷ്ട്രീയ ചുറ്റുപാടില്‍ അനിവാര്യം തന്നെ ആയിരുന്നു.
15 വര്‍ഷത്തെ ലാലുഭരണം ബീഹാറിനുണ്ടാക്കിയ ഏറ്റവും വലിയ തകര്‍ച്ച നിയമ സംവിധാനത്തിന്റേതും സാമൂഹ്യ സുരക്ഷയുടേതുമാണ്. പതുക്കെപ്പതുക്കെ യാദവപുരുഷ ഗുണ്ടായിസവും അതിന്റെ ക്രിമിനല്‍ കൂട്ടങ്ങളും ദളിതരെ പീഡിപ്പിക്കുന്നതിലും പേടിപ്പിക്കുന്നതിലും രാഷ്ട്രീയ ശക്തി ഉപയോഗപ്പെടുത്തിത്തുടങ്ങി. എന്തിന്റെ പേരിലായാലും ഗുണ്ടാവിളയാട്ടം പാവപ്പെട്ടവരെയും സ്ത്രീകളെയും ദളിതരെയുമാണ് ഉന്നം വയ്ക്കുക. യാദവരുടെ ഈ അഴിഞ്ഞാട്ടത്തെ അഴിമതിയിലും സ്വകുടുംബ പക്ഷപാതത്തിലും മുങ്ങിയ ലാലു തടഞ്ഞതേ ഇല്ല. ഈ ധാര്‍മികച്യുതിക്ക് പക്ഷേ ജെ.പി. പ്രസ്ഥാനത്തില്‍ നിന്നുതന്നെ ഒരു മറുപടിയുണ്ടായി. നിതീഷ് കുമാര്‍. ഒരുകാലത്ത് അതേ പ്രസ്ഥാനത്തില്‍ സജീവമായിരുന്ന സുശീല്‍ കുമാര്‍ മോഡിയുടെ ബി.ജെ.പി.യുമായി ഒരു പൊതു മിനിമം പരിപാടി ഉണ്ടാക്കേണ്ടത് അന്നത്തെ സാഹചര്യത്തില്‍ രാഷ്ട്രീയമായി അനിവാര്യവുമായിരുന്നു.
നിയമവാഴ്ചയെ തിരിച്ചു കൊണ്ടുവന്നു എന്നതാണ് നിതീഷിന്റെ ഏറ്റവും വലിയ നേട്ടം. പത്തുവര്‍ഷം ഭരിച്ചിട്ടും ഒട്ടും ഭരണവിരുദ്ധ വികാരമില്ലാത്തതും ബീഹാറിനുണ്ടായ ഏറ്റവും നല്ല മുഖ്യമന്ത്രി എന്ന പേര് നേടാനായതും സൗമ്യനും ധിഷണാശാലിയുമായ ഈ നേതാവിന്റെ ”സോഷ്യലിസ്റ്റ് ഭരണരീതി”യുടെ വിജയത്തിന്റെ തെളിവാണ്. ഉല്‍പാദനത്തിലോ വ്യാവസായികവല്‍ക്കരണത്തിലോ അല്ല; അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്ക് കാരണമാവുന്ന സാമൂഹ്യനീതി മുന്‍നിര്‍ത്തിയുള്ള ചുവടുകളെടുക്കുന്നതിലായിരുന്നു നിതീഷിന്റെ ശ്രദ്ധ. വികസനവും സാമൂഹ്യനീതിയും ഒരുമിച്ചു കൊണ്ടുപോയി എന്ന അനുമോദനമായിരിക്കില്ല, വികസനത്തെ സാമൂഹ്യനീതിയുടെ വളര്‍ച്ചയായി മനസിലാക്കി എന്ന വിശദീകരണമായിരിക്കും നിതീഷിനു ചേരുക. ബി.ജെ.പി.യുമായി ചേര്‍ന്നു ഭരിച്ചപ്പോള്‍ പോലും ഭഗല്‍പൂര്‍ കലാപത്തിലെ കുറ്റവാളികള്‍ക്ക് ഏറ്റവും കൂടുതല്‍ ശിക്ഷ കിട്ടിയത് നിതീഷിന്റെ കാലത്താണ്; ലാലുവിന്റെ കാലത്തല്ല എന്നു കാണുന്നത് നിയമ സംവിധാനത്തോടുള്ള പ്രതിബദ്ധത തന്നെയാണ് കാണിക്കുന്നത്. പഠിക്കാന്‍ പോകുന്ന പെണ്‍കുട്ടികള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം ഉറപ്പു നല്‍കുന്ന സൈക്കിള്‍ യോജനയും പുരുഷന്മാരും സവര്‍ണരും കയ്യടക്കിവച്ചിരുന്ന തദ്ദേശ സ്വയംഭരണ കേന്ദ്രങ്ങളില്‍ 50 ശതമാനം സ്ത്രീകള്‍ക്കും 20 ശതമാനം ഏറ്റവും പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സംവരണം നല്‍കിയ നിയമവും ജാതിയുടെയും സാമൂഹ്യാധികാരത്തിന്റെയും തലത്തില്‍ നടത്തിയ മാറ്റം വിപ്ലവകരമാണ്. കേരളത്തിലേതുപോലെ തന്നെ, വ്യാവസായിക രംഗത്തോ വിജ്ഞാന സമ്പദ് വ്യവസ്ഥയിലോ യാതൊരു മുന്നേറ്റവുമില്ലാതെ കാര്‍ഷിക പ്രതിസന്ധിയും ജാതി വിവേചനവും കാരണം രക്ഷ കിട്ടാതെ ഗ്രാമീണ നിര്‍ധന പുരുഷന്മാര്‍ വന്‍ നഗരങ്ങളിലേക്കു വണ്ടി കയറേണ്ടി വരുന്ന ഈ സംസ്ഥാനത്തില്‍ സമ്പത്തിന്റെയും വിജ്ഞാനത്തിന്റെയും അധികാരത്തിന്റെയും നിയമാനുസൃതമായ പുനര്‍ വിതരണമാണ് രാഷ്ട്രീയക്കാരന്റെ ഒരു കടമയെന്നു മനസിലാക്കി നിതീഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇതൊക്കെയാണെങ്കിലും കഴിഞ്ഞ 10 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രം മാത്രം ചൂണ്ടിക്കാട്ടി ഒറ്റയ്ക്കു നിന്നാല്‍ നിതീഷ് തെരഞ്ഞെടുപ്പു ജയിക്കുന്ന പ്രശ്‌നമേയില്ല എന്നത് ജാതി ഗ്രൂപ്പുകളുടെ ശക്തി വ്യക്തമാക്കുന്നു. ബി.ജെ.പി. ഭരണകക്ഷിയായിരുന്ന കാലത്തെ സൗകര്യമുപയോഗിച്ച് ചില മേഖലകളില്‍ ആര്‍.എസ്.എസ്. നേടിയ പ്രത്യയശാസ്ത്ര അടിത്തറയും സ്ഥാപന പിന്തുണയും നിതീഷിനിപ്പോള്‍ ഭാരമാവുകയും ചെയ്യും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനു ശേഷം മേല്‍ജാതിയില്‍ പെട്ട നേതാക്കള്‍ തന്റെ പാര്‍ട്ടി ഉപേക്ഷിച്ചുപോയി എന്നത് നിതീഷിന്റെ ലാലുവുമായുള്ള യോജിക്കാനുള്ള തീരുമാനത്തിനു കാരണമായിരിക്കാം.
വാജ്‌പേയിയുടെ ബി.ജെ.പി.യായിരിക്കില്ല മോഡിയുടെ ബി.ജെ.പി. എന്ന നിതീഷിന്റെ ധാരണയുടെ ശരിതെറ്റുകള്‍ വേറെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെങ്കിലും തന്റെ ഭരണകാലത്തെ ഏറ്റവും വലിയ അക്രമസംഭവം പിന്നാക്ക ജാതിക്കാരെ അക്രമിക്കാന്‍ ഉണ്ടാക്കിയ സവര്‍ണ ഗ്രൂപ്പായ രണ്‍വീര്‍ സേനയുടെ സ്ഥാപകന്‍ ബ്രഹ്‌മേശ്വര്‍ മുഖ്യ 2012ല്‍ വധിക്കപ്പെട്ട ശേഷം മേല്‍ജാതിക്കാര്‍ നടത്തിയതാണ് എന്നതും യാതൊരു കാരണവശാലും മേല്‍ജാതി വോട്ടുകള്‍ ബി.ജെ.പി.യില്‍ നിന്നു മാറില്ല എന്നതും നിതീഷിനെ മാറ്റി ചിന്തിപ്പിച്ചിട്ടുണ്ടാവാം എന്ന് നിരീക്ഷിക്കപ്പെടുന്നു. ആത്യന്തികമായി ഒട്ടും ചേര്‍ച്ചയില്ലാത്ത രാഷ്ട്രീയങ്ങളായിട്ടും അവ താല്‍ക്കാലികമായി യോജിക്കേണ്ട അവസ്ഥ ബീഹാറിനുണ്ടായി എന്നത് ആലോചിക്കേണ്ട വിഷയമാണ്.
നിതീഷിന്റെയും ലാലുവിന്റെയും പാര്‍ട്ടിക്കാര്‍ തമ്മില്‍ 18 വര്‍ഷത്തോളമായി നിലനിന്നിരുന്ന രാഷ്ട്രീയ വൈരം മഹാസഖ്യത്തെ ദുര്‍ബലമാക്കും എന്ന തോന്നലിനെ മോഡിയുടെ ഹൈ പ്ര?ഫൈല്‍ കാമ്പെയ്ന്‍ അസാധുവാക്കി. തങ്ങളുടെ രാഷ്ട്രീയ നിലനില്‍പ്പിന് ഒരുമിച്ചു നില്‍ക്കേണ്ടത് അത്യന്താപേക്ഷിതമാണ് എന്ന തിരിച്ചറിവ് കൂട്ടുകെട്ടിനെ താഴെത്തട്ടില്‍ ഫലപ്രദമാക്കുന്നു എന്നാണ് വിചാരിക്കേണ്ടത്. എങ്കിലും നിരക്ഷരരായ ഒരുപാട് ആളുകളുള്ള ബീഹാറില്‍ ഓരോ മണ്ഡലത്തിലും ജനതാദള്‍ യുണൈറ്റഡിന്റെ അമ്പും രാഷ്ട്രീയ ജനതാദളിന്റെ വിളക്കും കോണ്‍ഗ്രസിന്റെ കൈപ്പത്തിയും ഒരുമിച്ചു വരുന്നതിന്റെ ആശയക്കുഴപ്പം പ്രശ്‌നമല്ലെന്നു പറയാനാവില്ല.
ആദ്യഘട്ടത്തില്‍ മോഡിയെന്ന വികസന പുരുഷനിലും ജാതി സമവാക്യങ്ങള്‍ തങ്ങള്‍ക്കനുകൂലമാക്കുന്നതിലും ശ്രദ്ധിച്ച ബി.ജെ.പി. മതത്തെ തൊട്ടതേയില്ല. ഗുജറാത്തില്‍ ഹാര്‍ദ്ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ പടര്‍ന്നുപിടിച്ച പട്ടേല്‍ സമുദായത്തിന്റെ സംവരണ പ്രക്ഷോഭത്തോടുള്ള പ്രതികരണമായി മോഹന്‍ ഭഗവത്ത് സംവരണം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത് ഈ പദ്ധതിയെ തകിടം മറിച്ചു. ഗോള്‍വാള്‍ക്കറുടെ ”വിചാരധാര”യില്‍ സംവരണത്തിനെതിരെയുള്ള വാദങ്ങളെക്കൂടി അവതരിപ്പിച്ച് തെരഞ്ഞെടുപ്പിനെ ‘മണ്ഡല്‍ 2” ആയി സ്ഥാനപ്പെടുത്താന്‍ ലാലു പ്രസാദ് യാദവിനായത് ബി.ജെ.പി.യെ നിരായുധരാക്കി. മണ്ഡലും ‘കമണ്ഡലും’ ഏറ്റുമുട്ടിയാല്‍ ബീഹാറില്‍ മണ്ഡല്‍ വലിയ വിജയം നേടും.
മണ്ഡല്‍ രാഷ്ട്രീയവും രഥയാത്രാ രാഷ്ട്രീയവും തമ്മിലുള്ള വൈരുധ്യങ്ങളെ അദൃശ്യമാക്കുക എന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഫോര്‍മുലയിലേക്ക് തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തോടെ മാത്രം മോഡി എത്തിയതങ്ങിനെയാണ്. അനുകൂലിച്ചാല്‍ സവര്‍ണരും എതിര്‍ത്താല്‍ അവര്‍ണരും തള്ളിപ്പറയും എന്നതിനാല്‍ മോഡി ഒരു നിലപാടെടുക്കാതിരുന്നിരുന്ന സംവരണത്തെ പിന്തുണച്ചുകൊണ്ട് മുന്നോട്ടു വരേണ്ടി വന്നു. ദളിതരുടെയും പിന്നാക്കക്കാരുടെയും അവകാശ സംരക്ഷകനായി പ്രധാനമന്ത്രി സ്വയം അവരോധിച്ചത് ”മുസ്ലീം” എന്ന ശത്രുവിനെ സൃഷ്ടിച്ചുകൊണ്ടായിരുന്നു. ഈ തെരഞ്ഞെടുപ്പു വിജയിച്ചാല്‍ വിഭജിപ്പിച്ച് ജനങ്ങളെ പരസ്പരം ശത്രുക്കളായി അവതരിപ്പിച്ചതുകൊണ്ടു മാത്രമുള്ള വിജയമായി അതു മനസിലാക്കപ്പെടും. പിന്നീടുള്ള റൂട്ട് മാപ്പ് അവര്‍ക്കു വ്യക്തമാണ്. അത് അപകടകരവുമാവും.
ആരു ജയിക്കുമെന്ന് ആര്‍ക്കും പറയാനാകാത്ത ഈ തെരഞ്ഞെടുപ്പിലെ സന്ദിഗ്ധത ഒരു രാജ്യത്തിന്റെ മുമ്പിലെ രണ്ടു വഴികളുടെ കൂടി സൂചകമാണ്. ഒന്ന്, ഒറ്റ ബിംബത്തിനു കീഴില്‍ രാജ്യത്തെ ഒരു സമുദായത്തെ യോജിപ്പിച്ച് അധികാരം നേടുന്ന രീതി. രണ്ട്, സാമൂഹ്യ യാഥാര്‍ഥ്യങ്ങളെയും പ്രാദേശിക ധാരകളെയും അഭിമുഖീകരിച്ച്, സംവദിച്ചും മാറിയും മറഞ്ഞും തട്ടിത്തടഞ്ഞ് റിപ്പബ്ലിക്കിന്റെ വാഗ്ദാനങ്ങളെ നിറവേറ്റാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ബീഹാര്‍ മോഡല്‍. അതുകൊണ്ടുതന്നെ ബീഹാറിന്റെ ഉത്തരം രാജ്യത്തിന് എന്തുത്തരം നല്‍കാനുള്ള പ്രാപ്തിയുണ്ടെന്നു കൂടി കാണിച്ചുതരും.
മംഗളം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in