മടുത്തു ഈ ഗൃഹാതുരത്വ വായാടിത്തം
ചന്ദ്രഹാസന്‍ ഓണം, വിഷു, അവധികാലം ഇതൊക്കെ നമുക്ക് ഗൃഹാതുരത്വത്തിന്റെ വായാടിക്കാലമാണ്. ഗൃഹാതുരത്വം നന്നാണ്. എന്നാല്‍ അത് വായാടിത്തമാകുന്നതാണ് പ്രശ്‌നം. തങ്ങളുടെ കാലം ഏറ്റവും ഉദാത്തവും മനോഹരവും. അന്നത്തെ ഓണവും വിഷവും അവധികാലവുമൊക്കെ എത്ര മനോഹരം. അതുമാത്രം പറയുകയാണെങ്കില്‍ കൊള്ളാം. അതിനുള്ള അവകാശം ആര്‍ക്കുമുണ്ടല്ലോ. എന്നാല്‍ കൂടെ കൂട്ടി ചേര്‍ക്കുന്ന മറ്റൊന്നുണ്ട്, പുതുകാലവും പുതിയ തലമുറയും വഴിതെറ്റിയവര്‍.. അല്ലെങ്കില്‍ നിര്‍ഭാഗ്യവാന്മാര്‍. ഇതാണ് നമ്മുടെ ഗൃഹാതുരത്വത്തിന്റെ കാപട്യം. വിഷുദിവസം പതിവുപോലെ മാധ്യമങ്ങളിലെല്ലാം ഗൃഹാതുരത്വവായാടിത്തങ്ങള്‍തന്നെ. ചരിത്രപരമായി യാതൊരു ന്യായീകരണവുമില്ലാതെ, സവര്‍ണ്ണ വേഷത്തെ […]
ഓണം, വിഷു, അവധികാലം ഇതൊക്കെ നമുക്ക് ഗൃഹാതുരത്വത്തിന്റെ വായാടിക്കാലമാണ്. ഗൃഹാതുരത്വം നന്നാണ്. എന്നാല്‍ അത് വായാടിത്തമാകുന്നതാണ് പ്രശ്‌നം. തങ്ങളുടെ കാലം ഏറ്റവും ഉദാത്തവും മനോഹരവും. അന്നത്തെ ഓണവും വിഷവും അവധികാലവുമൊക്കെ എത്ര മനോഹരം. അതുമാത്രം പറയുകയാണെങ്കില്‍ കൊള്ളാം. അതിനുള്ള അവകാശം ആര്‍ക്കുമുണ്ടല്ലോ. എന്നാല്‍ കൂടെ കൂട്ടി ചേര്‍ക്കുന്ന മറ്റൊന്നുണ്ട്, പുതുകാലവും പുതിയ തലമുറയും വഴിതെറ്റിയവര്‍.. അല്ലെങ്കില്‍ നിര്‍ഭാഗ്യവാന്മാര്‍. ഇതാണ് നമ്മുടെ ഗൃഹാതുരത്വത്തിന്റെ കാപട്യം.
വിഷുദിവസം പതിവുപോലെ മാധ്യമങ്ങളിലെല്ലാം ഗൃഹാതുരത്വവായാടിത്തങ്ങള്‍തന്നെ. ചരിത്രപരമായി യാതൊരു ന്യായീകരണവുമില്ലാതെ, സവര്‍ണ്ണ വേഷത്തെ കേരളീയമെന്നു വിശേഷിപ്പിച്ച് ധരിച്ചാണ് പതിവുപോലെ അവതാരകരെല്ലാം പ്രത്യക്ഷപ്പെട്ടത്. പിന്നെ ചര്‍ച്ചകള്‍.. വിഷുക്കണി, കൊന്നപ്പൂവ്, വിഷുകൈനീട്ടം…. ഇതെല്ലാം മുഴുവന്‍ മലയാളികളും എന്നും ആഘോഷിച്ചിരുന്നു എന്നാണ് അവകാശവാദം. സത്യമെന്താണെന്ന് ചരിത്രത്തോട് നീതി പുലര്‍ത്തുന്നവര്‍ക്കു മനസ്സിലാക്കാം. പിന്നെ പതിവുപോലെ ഇന്നെല്ലാം നഷ്ടപ്പെടുന്നു, പുതുതലമുറക്ക് അതൊക്കെ നഷ്ടപ്പെട്ടു എന്ന വിലാപങ്ങളും.
ഇതവധികാലമാണല്ലോ. അതുമായി ബന്ധപ്പെട്ടും കേള്‍ക്കാനിടയായി ഏറെ രോദനങ്ങള്‍. നമ്മുടെയൊക്കെ ബാല്യകാലത്തെ അവധി എ്ന്തായിരുന്നു, കളികളും ചിരികളും…. ഇപ്പോഴത്തെ കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍ ഗെയിമുകള്‍ മതി…. അങ്ങനെയാണെങ്കില്‍ തന്നെ അവരെ അങ്ങനെയാക്കിയത് ആരാണെന്നത് ഒരു ചോദ്യം. എല്ലാം മാറുന്ന പോലെ കളികളും മാറുമെന്നത് മറ്റൊന്ന്. അതിനുമുന്നത്തെ തലമുറയും അവരുടെ കളികളെ കുറിച്ച് പറഞ്ഞിരിക്കുമല്ലോ. ഇന്നത്തെ തലമുറയിലെ കുട്ടികള്‍ സ്വാഭാവികമായും കമ്പ്യൂട്ടര്‍ ഗെയിമുകളല്ലേ കളിക്കൂക. മറ്റൊരു രോദനം കൂടി അടുത്തയിടെ പത്രത്തില്‍ കണ്ടു. ഇപ്പോള്‍ കുട്ടികള്‍ക്ക് ഓട്ടോഗ്രാഫ് വേണ്ടത്രെ. ഫെയ്‌സ് ബുക്കും മറ്റും മതിയെന്ന്. സമാനമായ വാചകം മുമ്പ് കേട്ടിട്ടുണ്ട്. സ്‌നേഹം ഓട്ടോഗ്രാഫിലാണെന്നാണ് പുതുതലമുറ ധരിച്ചിരിക്കുന്നതെന്ന്. ആശംസാ കാര്‍ഡുകള്‍ വന്നപ്പോള്‍ അതിനെ അന്നത്തെ പഴയ തലമുറ കുറ്റപ്പെടുത്തിയിരുന്നു. ഇപ്പോള്‍ നാം പറയുന്നു പുതുതലമുറക്ക് ആശംസാകാര്‍ഡ് വേണ്ട, വാട്‌സ് അപ് മതിയെന്ന്…. ഇതെല്ലാം സ്വാഭാവികമാണെന്ന് എന്നാണ് നാം മനസ്സിലാക്കുക.
ഓണക്കാലമാണ് ഗൃഹാതുരത്വ വായാടിത്തത്തിന്റെ സുവര്‍ണ്ണകാലം. നമ്മുടെ ബാല്യകാലത്തെ ഓണം എത്ര മനോഹരം, പൂക്കളെപോലെ പാറിനടന്നിരുന്ന കുഞ്ഞുങ്ങള്‍ തറവാടുകളിലെ ഓണസദ്യ.. പൂക്കളങ്ങള്‍.. കൈകൊട്ടിക്കളികള്‍ എന്നിങ്ങനെ പോകുന്നു. ഇപ്പോഴോ, എല്ലാം പോയി, ഓണം ഇന്‍സ്റ്റന്റ് ആയി, ടിവിക്കുമുന്നിലായി ആഘോഷങ്ങള്‍.. അങ്ങനെ അങ്ങനെ.
കാലത്തിനു ഒരിക്കലും നിശ്ചലമാകാന്‍ കഴിയില്ലെന്ന സത്യം മറച്ചുവെച്ചാണ് തങ്ങളുടെ കാലത്തെ പോലെ എല്ലാ കാലവും ആകണമെന്ന് കരുതുന്നത്. തങ്ങളുടെ മുന്‍ തലമുറയേയോ വരും തലമുറയേയോ കുറിച്ച് വസ്തുനിഷ്ടമായി ആലോചിച്ചാല്‍ ഇങ്ങനെ പറയില്ല. ഇപ്പോഴത്തെ കുട്ടികള്‍ വര്‍ഷങ്ങള്‍ക്കുശേഷം അവരുടെ കുട്ടികളോട് ഓണത്തെ കുറിച്ചോ മറ്റെന്തിനേയും കുറിച്ചോ പറയുന്ന കാര്യങ്ങള്‍ വെറുതെ ഒന്നു സങ്കല്‍പ്പിച്ചാല്‍ നമ്മുടെ വീമ്പുപറച്ചിലുകളുടെ പൊള്ളത്തരം ബോധ്യപ്പെടും.
ഓണത്തിലും വിഷുവിലും മാത്രമല്ല, എല്ലാ വിഷയങ്ങളിലും ഇതുണ്ട്. കഅടുത്ത് ഒരു എഴുത്തുകാരന്‍ പ്രസംഗിച്ചതിന്റെ അന്തസാരമിങ്ങനെ പേനക്കു പകരം മൗസും കീ ബോര്‍ഡുമാകുന്ന കാലം എത്ര ആസുരം.. ഹാ കഷ്ടം എന്നല്ലാതെ എന്തുപറയാന്‍? പേനയേക്കാള്‍ എത്ര സൗകര്യമായി മൗസും കീ ബോര്‍ഡുമെല്ലാം ഉപയോഗിക്കാന്‍ കഴിയും? തങ്ങള്‍ക്കറിയാത്തതും മനസ്സിലാക്കാന്‍ കഴിയാത്തുമെല്ലാം മോശം. പുസ്തകത്തിനു പകരം ഇ – വായന വരുന്നതില്‍ രോഷാകുലരാകുന്നവരും കുറവല്ലല്ലോ. ഫേസ് ബുക്കിന്റെ ആദ്യഘട്ടത്തില്‍ അത് സൗഹൃദങ്ങളെ നശിപ്പിക്കുമെന്നു പറഞ്ഞവരെത്ര. സത്യത്തില്‍ സൗഹൃദത്തിന്റെ വ്യാപ്തി എത്രയോ വിപുലീകരിക്കുകയാണ് ഫേസ് ബുക്ക് ചെയ്തത്. പുതുതലമുറ മലയാളം പറയുന്നില്ല, പുതിയ സിനിമകളില്‍ കുടുംബ മൂല്യങ്ങളില്ല, പുതിയ എഴുത്തുകാര്‍ക്ക് കേരളീയതയില്ല, പുതിയ നേതാക്കള്‍ക്ക് ആദര്‍ശബോധമില്ല, ഗ്രാമീണര്‍ നല്ലവര്‍, നഗരവാസികള്‍ മോശം.. എന്നിങ്ങനെ ഈ ലിസ്റ്റ് നീളുന്നു..
അടുത്തുകേട്ട മറ്റൊരു പ്രസംഗ പരമ്പര കൂടി ഉദ്ധകരിക്കട്ടെ. എസ്എസ്എല്‍സി – പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള അനുമോദനയോഗമായിരുന്നു. പ്രാസംഗികര്‍ക്കു മുഴുവന്‍ ആ കുട്ടികളോടി പറയാനുണഅടായിരുന്നത് തങ്ങളുടെ മഹത്തായ ബാല്യ കൗമാരത്തെ കുറിച്ചും ഇപ്പോഴത്തെ നാശത്തെ കുറിച്ചും. കഴിഞ്ഞില്ല, എല്ലാവരും ആ കുട്ടികള്‍ക്കു നല്‍കിയ ഉപദേശം മാതാപിതാക്കളെ ശുശ്രൂഷിക്കണമെന്ന്. അതുകേട്ടാല്‍ തോന്നുക അതിനാണ് ഇവര്‍ മക്കള്‍ക്കു ജന്മം നല്‍കിയതെന്നാണ്.
സ്ഥാപനങ്ങളെ കുറിച്ചും ഇത്തരത്തിലുള്ള വിലാപങ്ങള്‍ കാണാം. അടുത്തയിടെ കൂടുതല്‍ കേള്‍ക്കുന്ന ഒന്നാണ് പോസ്റ്റ് ഓഫീസുകളെ കുറിച്ച്. പോസ്റ്റ് ഓഫീസിന്റെ പ്രതാപകാലം കഴിഞ്ഞു എന്നെല്ലാവര്‍ക്കുമറിയാം. എന്നാലും അവയെല്ലാം പഴയപോലെ നിലനില്‍ക്കണമെന്ന് വാദിച്ച് ഒരു മനുഷ്യചങ്ങല അടുത്തുകണ്ടു. അതില്‍ പങ്കെടുത്ത പലരും അടുത്തൊന്നും പോസ്റ്റ് ഓഫീസില്‍ പോയിട്ടില്ല. അതിന്റെ ആവശ്യം വരുന്നില്ല. കാലം മാറി. സാങ്കേതിക വിദ്യ മാറി. ഇനിയുള്ള കാലം പോസ്റ്റ് ഓഫീസുകളുടെ എണ്ണം കുറയുക സ്വാഭാവികം മാത്രം. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെ തങ്ങളുടെ ഗൃഹാതുരത്വത്തിനുവേണ്ടി അവയെല്ലാം പഴയപോലെ നിലനില്‍ക്കണമെന്ന് പറഞ്ഞാല്‍…?
നമ്മള്‍ പഠിച്ച കോളേജുകള്‍, അന്നത്തെ പോരാട്ടങ്ങള്‍, എഴുപതുകളിലെ ഉണര്‍വ്വ്, പഴയകാല നേതാക്കള്‍, പാരലല്‍ കോളേജുകള്‍, മഹാരാജാസ്, കേരളവര്‍മ്മ… എന്നിങ്ങനെ ഈ ലിസ്റ്റ് നീളുന്നു. എന്തുപറയുമ്പോഴും പുതുതലമുറയെ കുറ്റപ്പെടു്തതുകയും ചെയ്യും. പക്ഷെ ഒന്നു നാം മറക്കുന്നു. നമ്മുടെ കാലം നന്നായിരുന്നു എങ്കില്‍ അതു നമുക്കു നല്‍കിയ മുന്‍തലമുറയാണ് കാരണം. ഇപ്പോഴത്തെ തലമുറയുടേത് ചീത്തകാലമാണെങ്കില്‍ അതവര്‍ക്കു നല്‍കിയ നാമാണ് ഉത്തരവാദികള്‍… അതോര്‍ത്താല്‍ തീരുന്നതേയുള്ളു ഈ കപടമായ ഗൃഹാതുരത്വ വായാടിത്തം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in