മംഗളം മറുപടി പറയണം

ഷെഹ്‌ല  റാഷിദ് ഷോറ ഡി. രാജയുടെ മകള്‍ അപരാജിതക്ക് ഐ.എസ് അനുയായികളുമായി ഉറ്റബന്ധമെന്നാരോപിച്ച് 20.02.2016ന് മംഗളം പത്രം പ്രസിദ്ധീകരിച്ച വാര്‍ത്തക്കെതിരെ ജെ.എന്‍.യു. സ്റ്റുഡന്റ്‌സ് യൂണിയന്‍ വൈസ് പ്രസിഡന്റ് ഷെഹ്‌ല റാഷിദ് ഷോറ എഴുതിയ തുറന്ന കത്ത് ബഹുമാനപ്പെട്ട ചീഫ് എഡിറ്റര്‍, ‘ഡി. രാജയുടെ മകള്‍ക്ക് ഐ.എസ് അനുയായികളുമായി ഉറ്റബന്ധം’ എന്ന തലക്കെട്ടില്‍ 20.02.2016ന് മംഗളം പ്രസിദ്ധീകരിച്ച വാര്‍ത്ത തീര്‍ത്തും അപലപനീയവും ജെ.എന്‍.യു വിദ്യാര്‍ഥികളായ അപരാജിത രാജ, ഉമര്‍ ഖാലിദ് എന്നിവര്‍ക്കെതിരെയുള്ള മാധ്യമവിചാരണ അപകീര്‍ത്തികരവുമാണ്. മംഗളത്തിന് അറിവില്ലാത്ത കാര്യം ഈ രീതിയില്‍ […]

mmm

ഷെഹ്‌ല  റാഷിദ് ഷോറ

ഡി. രാജയുടെ മകള്‍ അപരാജിതക്ക് ഐ.എസ് അനുയായികളുമായി ഉറ്റബന്ധമെന്നാരോപിച്ച് 20.02.2016ന് മംഗളം പത്രം പ്രസിദ്ധീകരിച്ച വാര്‍ത്തക്കെതിരെ ജെ.എന്‍.യു. സ്റ്റുഡന്റ്‌സ് യൂണിയന്‍ വൈസ് പ്രസിഡന്റ് ഷെഹ്‌ല റാഷിദ് ഷോറ എഴുതിയ തുറന്ന കത്ത്

ബഹുമാനപ്പെട്ട ചീഫ് എഡിറ്റര്‍,

‘ഡി. രാജയുടെ മകള്‍ക്ക് ഐ.എസ് അനുയായികളുമായി ഉറ്റബന്ധം’ എന്ന തലക്കെട്ടില്‍ 20.02.2016ന് മംഗളം പ്രസിദ്ധീകരിച്ച വാര്‍ത്ത തീര്‍ത്തും അപലപനീയവും ജെ.എന്‍.യു വിദ്യാര്‍ഥികളായ അപരാജിത രാജ, ഉമര്‍ ഖാലിദ് എന്നിവര്‍ക്കെതിരെയുള്ള മാധ്യമവിചാരണ അപകീര്‍ത്തികരവുമാണ്. മംഗളത്തിന് അറിവില്ലാത്ത കാര്യം ഈ രീതിയില്‍ സെന്‍സേഷണലിസ്റ്റ് റിപ്പോര്‍ട്ട് ചെയ്തതിനെ ജെ.എന്‍.യു വിദ്യാര്‍ഥികളെ പ്രതിനിധീകരിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട സംഘടനയെന്ന നിലയില്‍ ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ അപലപിക്കുന്നു. ഇത് ‘മഞ്ഞ മാധ്യമപ്രവര്‍ത്തനം’ എന്നറിയപ്പെടുന്നവയുടെ ഗണത്തില്‍പ്പെടുത്താവുന്ന ഒന്നാണ്. ഉദാഹരണമായി അടുത്തിടെ ജെ.എന്‍.യുവില്‍ നടന്ന സംഭവങ്ങളെ ചില വന്‍മാധ്യമ സ്ഥാപനങ്ങള്‍ കൈകാര്യം ചെയ്തതുപോലെ.
നിങ്ങള്‍ മനസിലാക്കിയതുപോലെ ഇത്തരം സെന്‍സേഷണലിസ്റ്റ് റിപ്പോര്‍ട്ടിങ്ങുകള്‍ പലപ്പോഴും എതിര്‍ക്കപ്പെടാറില്ല. യുവ ജീവിതം ദുരിതത്തിലാക്കുകയും നിഷ്‌കളങ്കരായ വിദ്യാര്‍ഥികളുടെ സുരക്ഷിതത്വം അപകടത്തിലാക്കുകയും ചെയ്യുന്ന ഇത്തരം റിപ്പോര്‍ട്ടിങ്ങില്‍ പ്രതിഷേധിച്ച് ഹിന്ദി ന്യൂസ് ചാനല്‍ പ്രധാന അവതാരകന്‍ ഒരു മണിക്കൂര്‍ ബ്ലാങ്ക് പ്രംടൈം ഷോ ചെയ്തിരുന്നു.
നിരപരാധികള്‍ എന്നു ഞാന്‍ പറയുന്നു, കാരണം കുറ്റക്കാരെന്നു തെളിയിക്കപ്പെടുന്നതുവരെ ഇന്ത്യയിലെ എല്ലാ പൗരന്മാരെയും നിരപരാധികളായാണ് കണക്കാക്കേണ്ടത്. ഇരുഭാഗങ്ങളും റിപ്പോര്‍ട്ടു ചെയ്യുകയെന്നതാണ് മാധ്യമ ധര്‍മ്മം. അല്ലാതെ ഒരു വിഭാഗത്തിനൊപ്പം നിന്ന് മറ്റൊന്നിനെ ക്രൂരമായി ആക്രമിക്കലല്ല.
ജെ.എന്‍.യു ക്യാമ്പസില്‍ ‘ദേശവിരുദ്ധ ശക്തികള്‍’ നുഴഞ്ഞു കയറിയിട്ടുണ്ട് എന്ന് എന്തിന്റെ അടിസ്ഥാനത്തിലാണ് ഈ ലേഖനം എഴുതിയ ആള്‍ പറഞ്ഞിരിക്കുന്നതെന്ന് നിങ്ങള്‍ വിശദീകരിക്കണം. ഉമര്‍ ഖാലിദ് തീവ്രവാദിയാണെന്നും ഇയാള്‍ക്ക് നിരവധി ദേശവിരുദ്ധ, നിയമവിരുദ്ധ സംഘടനകളുമായി ബന്ധമുണ്ടെന്നും ഏതു ഗവേഷണത്തിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ടര്‍ എഴുതിയിരിക്കുന്നത്?
സംഘം ചേര്‍ന്ന് ഒരാളെ അപരാധിയായി മുദ്രകുത്തുന്നതും, ഒരാള്‍ ചെയ്യുന്ന കുറ്റകൃത്യത്തിനു പകരം ആശയങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയും കുറ്റവാളിയാക്കുന്നതും നീതിക്കു നിരക്കാത്തതാണ്. കുറ്റകൃത്യം കോടതിയില്‍ തെളിയിക്കപ്പെടുന്നതുവരെ ഏതെങ്കിലും ജെ.എന്‍.യു വിദ്യാര്‍ഥിയെ അരികുവത്കരിക്കുന്നതും ബ്രാന്റു ചെയ്യുന്നതും ഫ്രേയിം ചെയ്യുന്നതും ജെ.എന്‍.യു.എസ്.യു വെച്ചുപൊറുപ്പിക്കില്ല. ഒരു വ്യക്തി വെറും സര്‍നെയിമിന്റെ പേരില്‍ മാത്രം അപരാധിയാക്കപ്പെടുന്ന ഇസ്‌ലാമോഫോബിക് വേട്ടയുടെ ഭാഗമാണ് ഉമര്‍ ഖാലിദിനെ ഒറ്റപ്പെടുത്തുന്ന സമീപനം.
നിങ്ങളുടെ പത്രം മാത്രമല്ല ഈ അജണ്ട പിന്തുടരുന്നത്. പക്ഷെ നിങ്ങള്‍ക്ക് ഈ എഴുത്ത് എഴുതാന്‍ പല കാരണങ്ങളുണ്ട്. നിഷ്പക്ഷമായി സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ മംഗളം ശ്രദ്ധപാലിക്കാറുണ്ടായിരുന്നു. രണ്ടാമതായി നിങ്ങളുടെ വായനക്കാരില്‍ വലിയൊരു വിഭാഗം ന്യൂനപക്ഷ സമുദായത്തില്‍പ്പെടുന്നവരാണ്. നിങ്ങളുടെ ഈ ഇസ്‌ലാമോഫോബിക് ഭ്രാന്തിനെ അനുവദിക്കുകയാണെങ്കില്‍ ശരിയായ റിപ്പോര്‍ട്ടുകള്‍ക്ക് ആളുകള്‍ ആരെ ആശ്രയിക്കും?
ഐഡന്റിറ്റിയുടെ അടിസ്ഥാനത്തില്‍ ഇതിനകം തന്നെ ഇരയാക്കപ്പെട്ട ന്യൂനപക്ഷങ്ങള്‍ക്ക് കുറേക്കൂടി അസുരക്ഷിതത്വം ഇതു സൃഷ്ടിക്കില്ലേ? നിരപരാധികളായ മുസ്‌ലീങ്ങളെ ദശാബ്ദങ്ങളോളം തടവിലിടുകയും പിന്നീട് വെറുതെ വിടുകയും ചെയ്ത അക്ഷാര്‍ദം ക്ഷേത്ര ആക്രമണം പോലുള്ള കേസുകള്‍ നമ്മള്‍ കണ്ടതാണ്.
ഡോ. മനീഷ സേതിയുടെ ‘ആരോപിക്കുക, ശിക്ഷിക്കുക, വെറുതെവിടുക’ എന്ന റിപ്പോര്‍ട്ടില്‍ എങ്ങനെയാണ് ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട പൗരന്മാര്‍ക്കെതിരെ തീവ്രവാദ കുറ്റങ്ങള്‍ ആരോപിക്കപ്പെടുന്നതെന്നും പിന്നീട് വെറുതെ വിടുന്നതെന്നും പറയുന്നുണ്ട്. എന്നായാലും ഈ സാഹചര്യങ്ങള്‍ മാധ്യമ വിചാരണ അവരുടെ ജീവിതത്തെയും കരിയറിനെയും നശിപ്പിക്കുകയും കുടുംബങ്ങളെ കളങ്കപ്പെടുത്തുകയും ചെയ്യും. ഭാവിയില്‍ നിങ്ങള്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ നിങ്ങള്‍ ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഞങ്ങളുടെ യൂണിവേഴ്‌സിറ്റിയിലെ അപരാജിത രാജ എന്ന പെണ്‍കുട്ടിയെ ഒരാവശ്യവുമില്ലാതെ തീവ്രവാദി സംഘടനകളുമായി ബന്ധിപ്പിച്ചത് ഞെട്ടിലുണ്ടാക്കുന്നതാണ്, അത് ജ്ജാകരവും അത്യന്തം വിലകുറഞ്ഞ കാര്യവുമായിപ്പോയി. ഒരു വനിതാ അക്ടിവിസ്റ്റിനെ ഇത്തരത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്നതിന്റെ പ്രത്യാഘാതത്തെക്കുറിച്ച് എഡിറ്റോറിയല്‍ ടീം ചിന്തിച്ചിരുന്നോ എന്നു ഞങ്ങള്‍ അത്ഭുതപ്പെടുന്നു.
നമ്മുടെ രാജ്യത്ത് സ്ത്രീകള്‍ക്കുള്ള സ്ഥാനം വളരെ ചുരുങ്ങിയതാണ്. രാഷ്ട്രീയ രംഗത്ത് സ്ത്രീകള്‍ ഫലത്തില്‍ ഇല്ലെന്നു പറയാം. സമൂഹത്തിന്റെ ഉന്നമനത്തിന് എന്തു സംഭാവനകളാണ് ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നത് എന്നാണ് ഞങ്ങള്‍ക്ക് നിങ്ങളോട് ചോദിക്കാനുള്ളത്. അവളുടെ അനുമതിയില്ലാതെ അവരുടെ ഫോട്ടോ പ്രിന്റു ചെയ്തു. പേരുവിവരങ്ങള്‍ പ്രസിദ്ധീകരിച്ചു.
ജെ.എന്‍.യു ക്യാമ്പസിലെ അക്ടിവിസ്റ്റുകള്‍ വേട്ടയാടപ്പെടുന്നത് ഇതിനകം തന്നെ ഒരു ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു റിപ്പോര്‍ട്ടു വന്നത്. ഇത് നല്ല മാധ്യമപ്രവര്‍ത്തനമാണെന്നു കരുതുന്നുണ്ടോ?
അവളുടെ കുടുംബത്തിന് സി.പി.ഐയുമായി ബന്ധമുണ്ട് എന്നതുകൊണ്ട് ഒരു മാധ്യമപ്രവര്‍ത്തകന് അല്ലെങ്കില്‍ പത്രത്തിന് അവളിലൂടെ രാഷ്ട്രീയ പകതീര്‍ക്കാമെന്നു നിങ്ങള്‍ കരുതിയോ? സി.പി.ഐ നേതാവിന്റെ മകള്‍ക്കെതിരായ അടിസ്ഥാനപരമായ ആരോപണങ്ങളിലൂടെ നിങ്ങള്‍ പാര്‍ട്ടിയെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്നത് ഞങ്ങളെ സംഭ്രമിപ്പിച്ചിരിക്കുകയാണ്. കാരണം ഇതു വന്നിരിക്കുന്നത് ഏതെങ്കിലും പ്രസിദ്ധീകരണത്തിലല്ല, ഏറെ ആദരവുനേടിയ, ഏറെ പ്രചാരമുള്ള, അത്യാവശ്യം യശസ്സുള്ള മാധ്യമസ്ഥാപനത്തില്‍ നിന്നാണ്.
ജെ.എന്‍.യുവിലെ ഉള്‍പ്പെടെ വിവിധ ക്യാമ്പസുകളില്‍ നിന്നും വരുന്ന പ്രതിഷേധങ്ങളെയും ഭിന്നാഭിപ്രായങ്ങെളയും അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന മറ്റു ചില മാധ്യമസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടി ഞങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. പക്ഷെ മംഗളം അവര്‍ക്കു സംഭവിച്ച പിഴവു തിരുത്തുമെന്ന് ഞങ്ങള്‍ കരുതുന്നു. ഇത്തരം നിരുത്തരവാദപരമായ മാധ്യമപ്രവര്‍ത്തനത്തിനു ഉത്തരവാദിയായവര്‍ക്കെതിരെ തക്കതായ നടപടിയെടുക്കുമെന്നും പ്രതീക്ഷിക്കുന്നു.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Media | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply