ഭൂമി പാര്‍പ്പിടം അധികാരം തുല്യനീതി
എം ഗീതാനന്ദന്‍ കേരളത്തില്‍ 332322 കുടുംബങ്ങള്‍ ഭൂരഹിതരായി പുറമ്പോക്കുകളിലും പ്രാന്തപ്രദേശങ്ങളിലും താമസിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. അനൗദ്യോഗികമായി നാലരലക്ഷം കുടുംബങ്ങളും. മൂന്നു സെന്റ് കോളനികളിലെ പുതുതലമുറ കുടുംബങ്ങളില്‍ മിക്കവയും ഇതുപോലെ വീട് വയ്ക്കാന്‍ സ്ഥലമില്ലാത്തവരോ പണമില്ലാത്തവരോ ആണ്. ഈ കോളനി /പുറംമ്പോക്ക് ജീവിതങ്ങളൊക്കെ പെരുമ്പാവൂരില്‍ കൊലചെയ്യപ്പെട്ട ജിഷ എന്ന പെണ്‍കുട്ടിയെപ്പോലെ അരക്ഷിതത്വത്തിലും അനിശ്ചിതത്വത്തിലും ജീവിതം തള്ളി നീക്കുന്നവരാണ്. ജിഷ എന്ന ദളിത് യുവതിയുടെ അനുഭവം ഒറ്റപ്പെട്ടൊരു സംഭവമല്ല. ഒന്നു മയങ്ങുവാന്‍ രാത്രി പീടികത്തിണ്ണകളില്‍ ആളൊഴിയുന്നതും കാത്ത് അനേകം പേര്‍ […]
കേരളത്തില്‍ 332322 കുടുംബങ്ങള്‍ ഭൂരഹിതരായി പുറമ്പോക്കുകളിലും പ്രാന്തപ്രദേശങ്ങളിലും താമസിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. അനൗദ്യോഗികമായി നാലരലക്ഷം കുടുംബങ്ങളും. മൂന്നു സെന്റ് കോളനികളിലെ പുതുതലമുറ കുടുംബങ്ങളില്‍ മിക്കവയും ഇതുപോലെ വീട് വയ്ക്കാന്‍ സ്ഥലമില്ലാത്തവരോ പണമില്ലാത്തവരോ ആണ്. ഈ കോളനി /പുറംമ്പോക്ക് ജീവിതങ്ങളൊക്കെ പെരുമ്പാവൂരില്‍ കൊലചെയ്യപ്പെട്ട ജിഷ എന്ന പെണ്‍കുട്ടിയെപ്പോലെ അരക്ഷിതത്വത്തിലും അനിശ്ചിതത്വത്തിലും ജീവിതം തള്ളി നീക്കുന്നവരാണ്. ജിഷ എന്ന ദളിത് യുവതിയുടെ അനുഭവം ഒറ്റപ്പെട്ടൊരു സംഭവമല്ല. ഒന്നു മയങ്ങുവാന്‍ രാത്രി പീടികത്തിണ്ണകളില്‍ ആളൊഴിയുന്നതും കാത്ത് അനേകം പേര്‍ നമുക്കിടയില്‍ ജീവിയ്ക്കുന്നുണ്ട്. കേരളം എത്രമാത്രം ‘പുരോഗതി’ നേടിയെന്ന് അഭിമാനിച്ചാലും വികസനത്തിന്റെ പുറമ്പോക്കുകളിലേയ്ക്ക് തള്ളി മാറ്റപ്പെടുന്ന ജനതയോട് നീതി പുലര്‍ത്താനാകുന്നില്ലെങ്കില്‍ നാമുയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയദര്‍ശനങ്ങളുടെയെല്ലാം വിഫലതയിലേയ്ക്കാണ് അത് വിരല്‍ ചൂണ്ടുന്നത്.
ഏകപക്ഷീയ ശരികള്‍ക്കപ്പുറമുള്ള വിശാല രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്കും സാമൂഹികരാഷ്ട്രീയ പരിഷ്‌കരണങ്ങള്‍ക്കുമായിരിക്കും ഈ രാഷ്ട്രീയ, സാമൂഹിക, വിഭവ അസമത്വത്തെ മറികടക്കാന്‍ കഴിയുന്നത്. ദളിത് ആദിവാസി പിന്നാക്ക ഇതര പാര്‍ശ്വവല്‍കൃത ജനസമൂഹങ്ങള്‍ക്ക് സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുന്നതിനും സാമൂഹിക മൂലധനം ആര്‍ജ്ജിക്കുന്നതിനും ഭൂമിയുള്‍പ്പടെയുളള വിഭവങ്ങളില്‍ അധികാരം/ ഉടമസ്ഥത ലഭിക്കേണ്ടത് അടിയന്തിരമാണ്.
പാട്ടക്കാലാവധി കഴിഞ്ഞതും നിയമ വിരുദ്ധമായി കൈവശപ്പെടുത്തിയതുമായ എട്ടുലക്ഷത്തിലധികം ഏക്കര്‍ ഭൂമി കോര്‍പ്പറേറ്റുകളും സ്വകാര്യ വ്യക്തികളും കൈവശം വയ്ക്കുന്നുണ്ട്. ഭൂമാഫിയകളിലൂടെയും ധനാഢ്യരിലൂടെയും ഭൂമിയുടെ കേന്ദ്രീകരണം മറ്റൊരു ഭാഗത്ത് നടന്നുകൊണ്ടെയിരിക്കുന്നു. ‘ശ്രീ പത്മനാഭസ്വാമി’യുടെ നിലവറകളില്‍ ജനങ്ങളില്‍ നിന്ന് സമാഹരിച്ച ലക്ഷക്കണക്കിന് കോടി രൂപയുടെ നിധിശേഖരങ്ങള്‍ ഉണ്ട്. നാം കൂട്ടായ് തീരുമാനിച്ചാല്‍ സാമൂഹികമായ ഇത്തരം ദുരവസ്ഥകള്‍ക്ക് രാഷ്ട്രീയപരമായി പരിഹാരം കാണാന്‍ കഴിയും.
ഏതെങ്കിലും കോളനികളിലേക്ക് പറിച്ചുനട്ട് സാമൂഹികമായി തളച്ചിടുന്നതിലോ വീടോ ഭൂമിയോ വായ്പയോ നല്‍കുന്നതിലോ മാത്രമല്ല സ്‌റ്റേറ്റിന്റെ പരിഹാരാന്വേഷണങ്ങള്‍ ഒതുങ്ങേണ്ടത്. പ്രതിസന്ധികളില്‍ അനാഥമാക്കപ്പെടാത്ത വിധം സാമൂഹിക സുരക്ഷയുടെ ശക്തമായ പിന്‍ബലം നല്‍കാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ട്.അന്തസ്സുറ്റ തൊഴിലുകളും ക്ഷേമപദ്ധതികളുടെ സുരക്ഷയും എല്ലാ മനുഷ്യര്‍ക്കും ലഭ്യമാകുന്ന ഒരു സാമൂഹികത ഒരുക്കുംവിധമുള്ള വികസനാസൂത്രണങ്ങളിലൂടെ മാത്രമേ ജനാധിപത്യം എന്നതിനെ നീതിയുക്തമായ ഒരു ജീവിതക്രമം ആക്കി മാറ്റാനാകൂ. എന്നാല്‍ ഈ പാര്‍ശ്വവല്‍കൃത ജനതയെ മൂന്ന് സെന്റ് ഭൂമി നല്‍കിക്കൊണ്ട് വീണ്ടും പാര്‍ശ്വവല്‍ക്കരിക്കാനും കോളനിവല്‍ക്കരിക്കാനുമുളള പദ്ധതിയാണ് കേരള സര്‍ക്കാറിനുളളത്. ഭരണ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് ഇക്കാര്യത്തില്‍ നടപടികള്‍ എടുക്കാന്‍ കഴിയാതെ മുന്നോട്ട് പോകാനാവാത്തവിധം കൂട്ടായ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ ഉയര്‍ത്തുന്നതിനെക്കുറിച്ചാണ് ആലോചിക്കേണ്ടത്.
പൊതുസമൂഹത്തിന്റെയും ഭരണസംവിധാനങ്ങളുടെയും മുന്‍പില്‍ ഇതിനെ ഒരു പ്രശ്‌നവിഷയമായ് ഉയര്‍ത്തിക്കൊണ്ടു വരുന്നതിന് ഇതു സംബന്ധിച്ച വിവരങ്ങള്‍ നാം സമാഹരിക്കേണ്ടതുണ്ട്. സംഖ്യാപരമായ വിവരങ്ങള്‍ക്കപ്പുറത്ത് അതിന്റെ അനുഭവപരമായ വിശദാംശങ്ങളും സമാഹരിക്കേണ്ടതുണ്ട്. പ്രായോഗികമായ എന്തൊക്കെ പ്രശ്‌നപരിഹാര സാധ്യതകളാണ് നമുക്ക് ആശ്രയിക്കാനാകുക? രാഷ്ട്രീയനീതിയുടെയും നമ്മുടെ തന്നെ സാമൂഹ്യാന്തസ്സിന്റെയും ഒരു പ്രശ്‌നമെന്ന നിലയില്‍ നാമെങ്ങിനെയായാണ് അത്തരം ഇടപെടലുകളെ വിഭാവനം ചെയ്യുക?
പൊതുസമീപന രേഖ എന്നത് കേരളീയ പൊതുസമൂഹത്തിന്റെ പൊതുകാഴ്ച്ചപ്പാടുകള്‍ രൂപപ്പെടുത്തുന്നതിനുള്ള ഒരു സംവാദ സംരംഭം എന്ന നിലയിലാണ് തയ്യാറാക്കുന്നത്. ഏതെങ്കിലും ഒരു സംഘടനയുടെയോ കൂട്ടായ്മയുടെയോ നിലപാടുകള്‍ എന്ന നിലയില്‍ അല്ല. താങ്കളുടെ കൂടി അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കണമെന്ന് അഭ്യര്‍തഥിയ്ക്കുന്നു. പ്രാദേശികമോ അല്ലാത്തതോ ആയ വിവരങ്ങള്‍ പങ്കുവയ്ക്കാനാകുമെങ്കില്‍ ഫേസ്ബുക്ക് കുറിപ്പുകളിലൂടെയോ ഇ മെയില്‍ വഴിയോ അവ നല്‍കണമെന്ന് അഭ്യര്‍തഥിയ്ക്കുന്നു.
അയച്ചു കിട്ടുന്ന കുറിപ്പുകള്‍ ക്രോഡീകരിച്ച് സമീപന രേഖയായി പൊതുചര്‍ച്ചക്ക്‌വെയ്ക്കണമെന്നാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ ആദ്യവാരം സംസ്ഥാനതല കണ്‍വെന്‍ഷനും ഭൂമിയുടെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ദ്വിദിന ക്യാമ്പും സംഘടിപ്പിക്കാനുദ്ദേശിക്കുന്നു. ഇതിന്റെ സംഘാടക സമിതി യോഗം ആഗസ്റ്റ് 7ന് കേരള സാഹിത്യ അക്കാദമിയിലെ ചങ്ങമ്പുഴ ഹാളില്‍ രാവിലെ 11 മണി മുതല്‍ നടത്തുന്നു.യോജിച്ച് പ്രവര്‍ത്തിക്കുവാന്‍ കഴിയുന്ന മുഴുവന്‍ സംഘടനകളും, സംഘടന പ്രതിനിധികളും രാഷ്ട്രീയ സമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരും യോഗത്തില്‍ പങ്കാളികള്‍ ആകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in