ബോണ്‍ നത്താലെ : ലോകറെക്കോഡിനായി നഗരം സ്തംഭിപ്പിക്കണോ?

ശനിയാഴ്ച തൃശൂര്‍ നഗരത്തില്‍ നടക്കുന്ന ക്രിസ്മസ് കരോള്‍ ഘോഷയാത്ര ബോണ്‍ നത്താലെ ലോകചരിത്രത്തില്‍ ഇടംനേടുമെന്നാണ് സംഘാടകരുടെ അവകാശവാദം. സാന്താക്ലോസിന്റെ വേഷം ധരിച്ച് ഏറ്റവുമധികം പേര്‍ പങ്കെടുക്കുന്ന കരോള്‍ ഘോഷയാത്ര എന്ന നിലയിലാണ് ബോണ്‍ നത്താലെ ലോക റെക്കോഡാകാന്‍ ഒരുങ്ങുന്നത്. ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിക്കുന്ന കരോള്‍ തൃശൂരിന് അഭിമാനമുഹൂര്‍ത്തമാകുമെന്നും അവകാശപ്പെടുന്നു. എന്നാല്‍ അതുവഴി സ്തംഭിക്കാന്‍ പോകുന്നത് ഒരു ദിവസത്തെ നഗരജീവിതമാണ്. പോര്‍ച്ചുഗലില്‍ സാന്താക്ലോസ് വേഷധാരികളായ പതിനാറായിരത്തോളം പേരുടെ കരോള്‍ ഘോഷയാത്രയുടെ റെക്കോര്‍ഡാണ് തൃശൂര്‍ ഘോഷയാത്രയോടെ തകരുന്നതത്രെ. ശനിയാഴ്ച […]

download

ശനിയാഴ്ച തൃശൂര്‍ നഗരത്തില്‍ നടക്കുന്ന ക്രിസ്മസ് കരോള്‍ ഘോഷയാത്ര ബോണ്‍ നത്താലെ ലോകചരിത്രത്തില്‍ ഇടംനേടുമെന്നാണ് സംഘാടകരുടെ അവകാശവാദം. സാന്താക്ലോസിന്റെ വേഷം ധരിച്ച് ഏറ്റവുമധികം പേര്‍ പങ്കെടുക്കുന്ന കരോള്‍ ഘോഷയാത്ര എന്ന നിലയിലാണ് ബോണ്‍ നത്താലെ ലോക റെക്കോഡാകാന്‍ ഒരുങ്ങുന്നത്. ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിക്കുന്ന കരോള്‍ തൃശൂരിന് അഭിമാനമുഹൂര്‍ത്തമാകുമെന്നും അവകാശപ്പെടുന്നു. എന്നാല്‍ അതുവഴി സ്തംഭിക്കാന്‍ പോകുന്നത് ഒരു ദിവസത്തെ നഗരജീവിതമാണ്.
പോര്‍ച്ചുഗലില്‍ സാന്താക്ലോസ് വേഷധാരികളായ പതിനാറായിരത്തോളം പേരുടെ കരോള്‍ ഘോഷയാത്രയുടെ റെക്കോര്‍ഡാണ് തൃശൂര്‍ ഘോഷയാത്രയോടെ തകരുന്നതത്രെ. ശനിയാഴ്ച ഉച്ചയ്ക്കുശേഷം തൃശൂര്‍ ശക്തന്‍ നഗറില്‍ നടക്കുന്ന സംഗമത്തില്‍ ഇരുപത്താറായിരത്തോളം സാന്താക്ലോസ് അണിനിരക്കും. ആയിരത്തിലേറെ കുട്ടികള്‍ മാലാഖച്ചിറകുകളുമായി പങ്കെടുക്കുന്ന ഘോഷയാത്രയില്‍ അമ്പത് കള്‍ച്ചറല്‍ ബാന്‍ഡുമേളങ്ങളും 18 ഫ്‌ളോട്ടുകളും ഉണ്ടാകും. രണ്ടിന് ശക്തന്‍ നഗറിലെ സംഗമവേദിയിലേക്ക് മുപ്പത് പ്രവേശന കവാടങ്ങളിലൂടെയാണ് ക്രിസ്മസ് പാപ്പമാര്‍ പ്രവേശിക്കുക.
എല്ലാ കവാടത്തിലും ഗിന്നസ് റിക്കോര്‍ഡ് അധികാരികള്‍ പരിശോധിച്ച് ഇലക്ട്രോണിക് ഡിജിറ്റല്‍ കൗണ്ടിങ് യന്ത്രങ്ങള്‍ സ്ഥാപിക്കും. ഓരോ പാപ്പമാര്‍ പ്രവേശിക്കുമ്പോഴും ഈ യന്ത്രം എണ്ണം തിട്ടപ്പെടുത്തുന്നത് ബാര്‍കോഡു സഹിതമാണ്. മൂന്നരയോടെ ലോകറെക്കോഡ് പ്രഖ്യാപനം നടത്തും.പകല്‍ നാലിന് കരോള്‍ ഘോഷയാത്ര ആരംഭിക്കും. തുടര്‍ന്ന് പൊതുസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.
ഇത്രമാത്രം വിപുലമായല്ല എങ്കിലും കഴിഞ്ഞ വര്‍ഷവും ബോണ്‍ നത്താലെ നടന്നിരുന്നു. നഗരത്തില്‍ അത്യാവശ്യകാര്യങ്ങള്‍ക്കെത്തിയവര്‍ അന്നനുഭവിച്ച ദുരിതങ്ങള്‍ക്ക് കയ്യും കണക്കുമുണ്ടായിരുന്നില്ല. ശനിയാഴ്ച പ്രവര്‍ത്തിദിവസമാണ്. നഗരം കൊട്ടിയടക്കപ്പെടുമ്പോള്‍ യാത്രാക്ലേശം അതിരൂക്ഷമായിരിക്കും.
നിലനില്‍ക്കുന്ന കുറെ ആചാരങ്ങളുണ്ട്. പൂരങ്ങളും പെരുന്നാളുകളും നബിദിന റാലികളും മറ്റും മറ്റും. പിന്നെ പാര്‍ട്ടികളുടെ ശക്തിപ്രകടനങ്ങള്‍, സമരങ്ങള്‍. നിലനില്‍ക്കുന്നവ ്‌വസാനിപ്പിക്കുക എളുപ്പമല്ല. എങ്കിലും ചില പാര്‍ട്ടികള്‍ ശക്തിപ്രകടനങ്ങള്‍ കുറച്ചു. തൃശൂരിലെ സഭതന്നെ പുത്തന്‍ പള്ളി പെരുന്നാളിന് ഗതാഗതക്കുരുക്കുണ്ടാക്കുന്ന പന്തല്‍ ഉപേക്ഷിച്ചു. എന്നാല്‍ ജനജീവിതം ദുരിതമാക്കുന്ന പുതിയ ചടങ്ങുകള്‍ ആരംഭിക്കേണ്ടതുണ്ടോ എന്നാണ് ചിന്തിക്കേണ്ടത്. ജനങ്ങളെ ബുദ്ധിമുട്ടിച്ച് പൊതുനിരത്തുകളില്‍ പ്രകടനങ്ങളും ആഘോഷങ്ങളും നടത്തുന്നതിനെതിരായ വികാരം ശക്തമാകുകയും കോടതികള്‍ പോലും അക്കാര്യത്തില്‍ ഇടപെടുകയും ചെയ്യുമ്പോഴാണ് ഇതുവരെ ഇല്ലാത്ത ആഘോഷങ്ങളും ആചാരങ്ങളും തുടങ്ങിവെക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേദിവസം ആശുപത്രിയിലെത്താനാകാതെ ബുദ്ധിമുട്ടിയ ആംബുലന്‍സുകളുടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ലോകറെക്കോഡാണോ ജീവനാണോ വലുത്? പിന്നെ ഇതിനായി ചിലവഴിക്കുന്ന കോടിക്കണക്കിനു രൂപയോ? എത്രയോ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് അതുപയോഗിക്കാം.. ബോണ്‍ മത്താലെ പോലുള്ള പരിപാടികള്‍ക്ക് ക്രൈസ്തവവിശ്വാസവുമായി ഒരു ബന്ധവുമില്ലെന്ന വാദിക്കുന്ന പുരോഹിതര്‍ പോലുമുണ്ട്.
ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് എന്തെങ്കിലും ബദല്‍ മാര്‍ഗ്ഗം കണ്ടെത്താതെ നഗരം കൊട്ടിയടക്കുകയാണ് അധികാരികള്‍ ചെയ്യുന്നത്. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യമാണ് അതു സംരക്ഷിക്കേണ്ട പോലീസ് തടയുന്നത്. മുഖ്യമന്ത്രിയും ഈ പരിപാടിയില്‍ പങ്കെടുക്കുന്നു എന്നു വരുമ്പോള്‍ ആരോടു പരാതി പറയാന്‍… സംഘടിതരല്ലാത്ത യാത്രക്കാരുടെ അവകാശങ്ങള്‍ക്കായി ആരും സംസാരിക്കാനില്ല എന്നതല്ലേ ഇതിനെല്ലാം കാരണം?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply