ഫാസിസ്റ്റ് കാലത്തെ ജനാധിപത്യജീവിതം
കെ ഇ എന്‍ പ്രസംഗങ്ങള്‍ ആരംഭിക്കുമ്പോഴും കത്തെഴുതുമ്പോഴും മറ്റും നമ്മളുപയോഗിക്കുന്ന സാധാരണവാക്കാണ് പ്രിയപ്പെട്ട എന്നത്.. സ്‌നേഹത്തിന്റെ അടയാളം. എന്നാല്‍ ഓരോ വാക്കും വെറും വാക്കല്ല. നിരവധി മനുഷ്യരുടെ സംഘര്‍ഷവും സങ്കടവും അതുള്‍ക്കൊള്ളുന്നു. പ്രതേകിച്ച് ഈ ഫാസിസ്റ്റ് കാലത്തെ ജനാധിപത്യജീവിതത്തില്‍. ഫാസിസ്റ്റ് കാലത്തെ ജനാധിപത്യജീവിതം എന്നു പറയുന്നതില്‍ ഒറ്റനോട്ടത്തില്‍ തന്നെ ഒരു പൊരുത്തക്കേട് കാണാം. അതു പരിശോധിക്കണമെങ്കില്‍ ഇന്ത്യന്‍ ഫാസിസത്തിന്റെ സ്വഭാവം കൃത്യമായി പരിശോധിക്കണം. അത് ഇറ്റലിയിലും ജര്‍മ്മനിയിലുമൊക്കെ നിലനിന്നിരുന്ന ക്ലാസിക്കല്‍ ഫാസിസത്തില്‍ നിന്ന് വിഭിന്നമാണ്. എന്നാല്‍ ഇന്ത്യയിലെനവഫാസിസത്തിനു […]
പ്രസംഗങ്ങള്‍ ആരംഭിക്കുമ്പോഴും കത്തെഴുതുമ്പോഴും മറ്റും നമ്മളുപയോഗിക്കുന്ന സാധാരണവാക്കാണ് പ്രിയപ്പെട്ട എന്നത്.. സ്‌നേഹത്തിന്റെ അടയാളം. എന്നാല്‍ ഓരോ വാക്കും വെറും വാക്കല്ല. നിരവധി മനുഷ്യരുടെ സംഘര്‍ഷവും സങ്കടവും അതുള്‍ക്കൊള്ളുന്നു. പ്രതേകിച്ച് ഈ ഫാസിസ്റ്റ് കാലത്തെ ജനാധിപത്യജീവിതത്തില്‍. ഫാസിസ്റ്റ് കാലത്തെ ജനാധിപത്യജീവിതം എന്നു പറയുന്നതില്‍ ഒറ്റനോട്ടത്തില്‍ തന്നെ ഒരു പൊരുത്തക്കേട് കാണാം. അതു പരിശോധിക്കണമെങ്കില്‍ ഇന്ത്യന്‍ ഫാസിസത്തിന്റെ സ്വഭാവം കൃത്യമായി പരിശോധിക്കണം. അത് ഇറ്റലിയിലും ജര്‍മ്മനിയിലുമൊക്കെ നിലനിന്നിരുന്ന ക്ലാസിക്കല്‍ ഫാസിസത്തില്‍ നിന്ന് വിഭിന്നമാണ്. എന്നാല്‍ ഇന്ത്യയിലെനവഫാസിസത്തിനു ചരിത്രത്തില്‍ സമാനതകളില്ല. സ്‌നേഹത്തിന്റേയും സംവാദത്തിന്റേയും ലോകം ഇന്നു പ്രതിസന്ധിയിലാണ്. ഇരുട്ടിലാണ്. പ്രിയത്തിന്റെ കൂടെ വെക്കാവുന്ന മറ്റൊരു പ്രയോഗമാണ് വെളിച്ചമെന്നത്. വെളിച്ചത്തിനെന്തൊരു വെളിച്ചം എന്നു പറഞ്ഞത് ബഷീറാണ്. എന്നാല്‍ ഇന്നു പറയേണ്ടത് ഇരുട്ടിനെന്തൊരു ഇരുട്ട് എന്നാണ്. നരച്ച നാടുവാഴിത്ത മൂല്യങ്ങള്‍ക്കെതിരെ ആധുനിക മുതലാളിത്തം കൊണ്ടുവന്ന നവീന മൂല്യങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ബഷീറിന്റെ പ്രയോഗം. ഇരുട്ടിന്റെ ലോകത്ത് വെളിച്ചത്തിനെന്തൊരു വെളിച്ചം എന്നായിരുന്നു ബഷീര്‍ പറഞ്ഞത്. ഈ വെളിച്ചത്തെ കുറിച്ച് ടാഗോറും പറഞ്ഞിട്ടുണ്ട്. ‘പ്രിയ’ ത്തെ കുറിച്ച് നാരായണഗുരു പറഞ്ഞത് പ്രിയമൊരു ജാതി എന്നാണ്. ശ്രേണീബദ്ധമായ ജാതിഘടനയില്‍ നിന്ന് വ്യത്യസ്ഥമായി സമത്വത്തിന്റെ ജാതിയായിരുന്നു അദ്ദേഹം ഉദ്ദേശിച്ചത്. നമുക്ക് കിരീടം ഊരാം. കുപ്പായം ഊരാം. എന്നാല്‍ ജാതി ഊരാനാകില്ലല്ലോ. രക്തത്തിലും മാംസത്തിലും മജ്ജയിലുമെല്ലാം അലിഞ്ഞതാണ് ജാതി. അതിനാലാണ് ഗുരു അങ്ങനെ പറഞ്ഞത്. ജാതിയുടെ സങ്കുചിതത്വവും ജനാധിപത്യവിരുദ്ധവുമായ ലോകം പൊട്ടിച്ചപ്പോള്‍ പുറത്തുചാടിയ മനുഷ്യബന്ധത്തിന്റെ പേരാണ് പ്രിയം. എന്നാല്‍ ഇന്ന് ആ വാക്കുപോലും പേടിപ്പെടുത്തുന്നു.
ഈ വര്‍ഷം മാര്‍ച്ചില്‍ കര്‍ണ്ണാടകയിലുണ്ടായ സംഭവം നോക്കൂ. വാസ്തവത്തില്‍ ഗുരുവിനു എത്രയോ മുമ്പെ സ്‌ഫോടനാത്മകമായ ആശയങ്ങള്‍ അവതരിപ്പിച്ച ബസവാചാര്യന്റേയും മറ്റും പ്രവര്‍ത്തനഫലമായി ഏറെ മുന്നോട്ടുപോയ സമൂഹമാണ് കര്‍ണ്ണാടകയിലേത്. കേരളത്തിനു മുമ്പെ നവോത്ഥാന ആശയങ്ങള്‍ അലയടിച്ച സമൂഹം. അവിടെയാണ് ഒരു ബികോം വിദ്യാര്‍ത്ഥിനി അയല്‍പക്കത്തെ മുസ്ലിം കുടുംബവുമായി പ്രിയമായതിന്റെ പേരില്‍ മാനസികമായി പീഡിപ്പിക്കപ്പെടുകയും അവസാനം ആത്മഹത്യ ചെയ്യുകയും ചെയ്തത്. ഗുജറാത്തില്‍ നിന്നു പ്രത്യക്ഷപ്പെട്ട ലൗ ജിഹാദ് എന്ന വാക്കുപയോഗിച്ചായിരുന്നു ഭീഷണി. പ്രിയം പുലര്‍ത്തിയാല്‍ പ്രാണന്‍ ഉപേക്ഷിക്കേണ്ട കാലം. അതാണ് ഇന്ത്യയിലെ ഫാസിസ്റ്റ് കാലം.
ഇറ്റലിയിലും ജര്‍മ്മനിയിലുമെല്ലാം തൊഴിലാളിവര്‍ഗ്ഗത്തെ നേരിടാനായിരുന്നു ഫാസിസം രൂപപ്പെട്ടത്. ഫാസിസമെന്നാല്‍ ഫൈനാന്‍സ് മൂലധനത്തിന്റെ നഗ്നമായ ഏകാധിപത്യമാണെന്നാണ് ദമിത്രോവ് പറഞ്ഞത്. അതിനെതിരായ സമരമുന്നേറ്റങ്ങളെ തകര്‍ക്കാന്‍ ഭരണകൂടത്തിനു കഴിയാതെ വരുമ്പോള്‍ സമാന്തരമായി മറ്റൊരു സംഘം ഉയര്‍ന്നുവരുന്നു. അതാണ് ക്ലാസിക്കല്‍ ഫാസിസം. എന്നാല്‍ ഇന്ത്യിയല്‍ സ്ഥിതി വ്യത്യസ്ഥമാണ്. ഇവിടെ ഭരണകൂടത്തെ തകര്‍ക്കാന്‍ ശക്തമായ തൊഴിലാളിപ്രസ്ഥാനമൊന്നുമില്ല. എന്നാല്‍ ക്ലാസിക്കല്‍ ഫാസിസത്തേക്കാള്‍ ശക്തമാണ് ഇന്ത്യന്‍ ഫാസിസം. ക്ലാസിക്കല്‍ ഫാസിസ്റ്റുകള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞത് പരമാവധി 23 കൊല്ലമായിരുന്നു. ഹിറ്റ്‌ലര്‍ സ്വപ്‌നം കണ്ടത് 1000 കൊല്ലമായിരുന്നു. എന്നാല്‍ ഫാസിസത്തോട് ഒട്ടിനിന്നവരെല്ലാം ജനാധിപത്യവിചാരണക്കു വിധേയരാകുകയായിരുന്നു. ഇന്ത്യയിലെ സ്ഥിതി വ്യത്യസ്ഥമാണ്. ഔപചാരികമായി ഒരു സംഘടന എന്ന രീതിയില്‍ ഇന്ത്യന്‍ ഫാസിസം രൂപപ്പെട്ടത് 1925ലാണ്. എന്നാല്‍ അനൗപചാരികമായി അതെന്നേ രൂപപ്പെട്ടുകഴിഞ്ഞു. ശ്യാ ചന്ദ് പറഞ്ഞപോലെ ഇവിടെ എല്ലാ ഭീകരവാദങ്ങളുടേയും ഉത്ഭവം ആര്‍ എസ് എസാണ്. നാഗ്പൂരില്‍ തൊഴിലാളിവര്‍ഗ്ഗമോ മതന്യൂനപക്ഷങ്ങളോ ശക്തമായിരുന്നില്ല. അവിടെ ഉണ്ടായിരുന്നത് ജാതിപീഡനത്തിനെതിരായ താഴെക്കിടയില്‍ നിന്നുള്ള പോരാട്ടങ്ങളായിരുന്നു. മഹാത്മാ ഫൂലേ മുതല്‍ അംബേദികര്‍ വരെയുള്ളവര്‍ നേതൃത്വം നല്‍കിയ പോരാട്ടവീര്യത്തിന്‍െ നാടായിരുന്നു നാഗ്പൂര്‍. അതിനെ തകര്‍ക്കാനായിരുന്നു 1925ല്‍ ആര്‍ എസ് എസ് രൂപം കൊണ്ടത്. എനന്ാല്‍ അനൗപചാരികമായി ജാതിവ്യവസ്ഥ രൂപം കൊണ്ടനാള്‍തന്നെ ഫാസിസവും രൂപം കൊണ്ടിരുന്നു. ജാതിവ്യവസ്ഥയിലാണ് അതിന്റെ വേര്. മനുവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഹിറ്റ്‌ലര്‍ പാവമായിരുന്നു എന്ന് സഹോദരന്‍ അയ്യപ്പന്‍ പറഞ്ഞിട്ടുണ്ട്. ക്ലാസിക്കല്‍ ഫാസിസത്തില്‍ ചവിട്ടേല്‍ക്കുന്നവര്‍ എതിര്‍ക്കാന്‍ ശ്രമിക്കും. എന്നാല്‍ ഇവിടെ ചവിട്ടേല്‍ക്കുന്നവര്‍ തങ്ങള്‍ക്കു താഴെയുള്ളവരെ ചവിട്ടും. മുകളിലേക്ക് നോക്കില്ല. അതാണ് ജാതിയുടെ പ്രതേകത. അത് എല്ലാവര്‍ക്കും മാന്യതയുടെ വിഹിതം നല്‍കുന്നു. എല്ലാവരുടേയും താഴെ എപ്പോഴും ആരെങ്കിലുമുണ്ടാകും. അതാണ് ഇന്ത്യന്‍ ഫാസിസത്തിന്റെ കെണി.
സമീപകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കത്വ സംഭവമെടുക്കുക. ദിമിത്രോ പറഞ്ഞപോലെ ഉന്മത്തമായ ദേശീയതയുടെ അക്രമോത്സുകമായ പ്രയോഗമാണ് അവിടെ നടന്നത്. യുദ്ധകാലത്തുപോലും ജയ് ജവാനോടൊപ്പം ജയ് കിസാന്‍ എന്നു വിളിച്ചിരുന്ന ഇവിടെ ഇന്ത്യയില്‍ പട്ടാളത്തിനായി പ്രതേക പൂജതന്നെ നടക്കുന്നു. 2014 മുതലുള്ള ഇന്ത്യയെ ഫാസിസ്റ്റാനന്തകാലം എന്നുതന്നെ വിളിക്കണം. ആ അര്‍ത്ഥത്തില്‍തന്നെ അതിനുശേഷമുള്ള കാലത്തേയും സംഭവങ്ങലേയും വിശദീകരിക്കണം. കത്വയില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ കാശ്മീരി പെണ്‍കുട്ടി എന്നുതന്നെ പറയണം. കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാകാനും പ്രതേക പദവി ലഭിക്കാനുണ്ടായ സാഹചര്യമൊക്കെ ഏറെ ചര്‍ച്ച ചെയ്തതാണ്. എന്നാല്‍ ഇന്ന് ഇന്ത്യയുടെ വിപരീതമായാണ് കാശ്മീര്‍ പരിഗണിക്കപ്പെടുന്നത്. സൈനികോന്മാദത്തിന്റെ ഏറ്റവും പ്രകടമായ ഇടമായി കാശ്മീര്‍ മാറിയിരിക്കുന്നു. വാസ്തവത്തില്‍ ഇന്ത്യന്‍ സൈന്യത്തിന് പാക്കിസ്ഥാന്റെ നീക്കങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയിരുന്ന വിഭാഗമായിരുന്നു ബക്കര്‍വാല എന്ന നാടോടി മുസ്ലിമുകള്‍. അതിനാല്‍ കൂടിയായിരുന്നു കാശ്മീര്‍ ഇന്ത്യയുടെ ഭാഗമായി തുടരുന്നത്. ഒരിക്കല്‍ പാക്കിസ്ഥാന്റെ വ്യാപകമായ നുഴഞ്ഞുകയറ്റത്തെ കുറിച്ച് സര്‍ക്കാരിനു വിവരം നല്‍കിയതിന്റെ പേരില്‍ ഇവരുടെ നേതാവിനു പത്മഭൂഷണ്‍ നല്‍കിയിരുന്നു. അന്നു രാഷ്ട്രം താങ്കള്‍ക്കെന്തു പകരം വേണമെന്നു ചോദിച്ചപ്പോള്‍ അദ്ദേഹമാവശ്യപ്പെട്ടത് ഒരു റേഡിയോ ആയിരുന്നു. വീണ്ടും പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിതന്നെ നിര്‍ബന്ധിച്ചപ്പോള്‍ തനിക്കിഷ്ടമായിരുന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ചാല്‍ കൊള്ളാമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. ആദ്യമായിട്ടായിരിക്കാം രാഷ്ട്രം തന്നെ ആ വിവാഹം നടത്തികൊടുത്തു. ഇന്നു രാഷ്ട്രം പ്രണയത്തെ തല്ലിക്കെടുത്തുകയാണെന്നത് വേറെ കാര്യം. ആ സമൂഹത്തിന്റെ പിന്‍ഗാമിയാണ് ആ പെണ്‍കുട്ടി. എത്രയോ കുതിരകളും കന്നുകാലികളുമെല്ലാമുള്ള ബക്കര്‍ വാലകള്‍ സത്യത്തില്‍ സമ്പന്നരായിരുന്നു. എന്നാല്‍ അലയലായിരുന്നു അവരുടെ ശൈലി. ഒരു ഘട്ടത്തില്‍ കുറച്ചു ഭൂമി വാങ്ങി താമസം തുടങ്ങിയതാണ് അവര്‍ ചെയ്ത കുറ്റം. അവരെ അവിടെ നിന്ന് ഓടിക്കാനായിരുന്നു ഭീകരമായ ആ സംഭവം അരങ്ങേറിയത്. പോലീസും റവന്യൂ ഉദ്യോഗസ്ഥരുമെല്ലാം അതില്‍ പങ്കാളികളായി. അതിനേക്കാള്‍ ഭയപ്പെടുത്തുന്നത് അതില്‍ പങ്കെടുത്തവരില്‍ പ്രായപൂര്‍ത്തിയാകാത്തവരുമുണ്ടെന്നതാണ്. കളിച്ചുനടക്കേണ്ട പ്രായത്തില്‍ കുട്ടികളെ റാഞ്ചികൊണ്ടുപോയി ആയുധപരിശീലനവും വര്‍ഗ്ഗീയപാടങ്ങളും പഠിപ്പിക്കുന്ന കാലത്ത് ഇതും സംഭവിക്കും. ഫാസിസ്റ്റ് കാലത്തു ജനാധിപത്യജീവിതം നയിക്കുന്നവര്‍ക്കെതിരായ മുന്നറിയിപ്പാണ് കത്വ.
അപ്പോഴും ചില മാതൃകകള്‍ പ്രതീക്ഷ നല്‍കുന്നു. എതു പ്രതിസന്ധിയേയും വെല്ലുവിളിച്ച് ഈ കേസ് മുന്നോട്ടുകൊണ്ടുപോകുന്ന അഡ്വക്കേറ്റും മറ്റും അതില്‍ പെടുന്നു. കേരളത്തില്‍ ഈ സംഭവത്തെ സോഷ്യല്‍ മീഡിയയില്‍ ന്യായീകരിച്ച വ്യക്തിക്കെതിരെ അവിടെതന്നെ നടന്ന നീക്കവും അഭിനന്ദനീയമാണ്. മഹാരാഷ്ട്രയില്‍ മുസ്ലിം സ്ത്രീക്ക് പ്രസവിക്കാന്‍ ക്ഷേത്രമുറ്റത്തു സൗകര്യമുണ്ടാക്കിയ വാര്‍ത്ത അടുത്തയിടെ പുറത്തുവന്നിരുന്നു. ബംഗാളില്‍ സ്വന്തം മകന്‍ കൊല ചെയ്യപ്പെട്ടപ്പോള്‍ പകരം വീട്ടാനൊരുങ്ങിയവരോട് 30 വര്‍ഷമായി ഞാനിതാണോ നിങ്ങളെ പഠിപ്പിക്കുന്നത് എന്നു ചോദിച്ച് തടഞ്ഞ ഇമാമും ഫാസിസ്റ്റ് കാലത്തെ ജനാധിപത്യജീവിതത്തിനു പ്രതീക്ഷ നല്‍കുന്നു. മതമല്ല പ്രശ്‌നം, മതത്തെ ഫാസിസ്റ്റുകള്‍ കയ്യടക്കുന്നതാണ്. ഫാസിസ്റ്റുകള്‍ മതവിശ്വാസികള്‍ക്കും മതേതതര്‍ക്കും മതരഹിതര്‍ക്കുമെതിരെ കലാപമഴിച്ചുവിടുന്നതാണ് പ്രശ്‌നം. അതാണ് ജനാധിപത്യവിശ്വാസികള്‍ തിരിച്ചറിയേണ്ടത്.
(തൃശൂരില്‍ കലാലയം സാംസ്‌കാരികോത്സവത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in