ഫര്‍ണാണ്ടസ് മുതല്‍ നിതീഷ് വരെ – സോഷ്യലിസ്റ്റുകള്‍ക്ക് എന്താണ് രോഗം?
ഡോ. കെ.ശ്രീകുമാര്‍ ബീഹാറിലെ മഹാസഖ്യത്തോട് വിട പറഞ്ഞ് നിതീഷ് കുമാര്‍ ബി.ജെ.പി. പാളയത്തിലെത്തി. ഒരു രാത്രി മുഖ്യമന്ത്രി പദം രാജി വക്കുകയും പിറ്റേന്ന് കാലത്ത് തന്നെ വീണ്ടും മുഖ്യമന്ത്രി ആവുകയും ചെയ്ത നിതീഷിന്റെ നടപടി ആധുനിക കാലത്തെ ഏറ്റവും വലിയ രാഷ്ട്രീയ വഞ്ചനയായിട്ട് വിലയിരുത്തപ്പെടുന്നുണ്ട്. എന്നാല്‍ അത്രക്ക് ആകസ്മികമോ അപ്രതീക്ഷിതമോ ആയിരുന്നോ നിതീഷ് കുമാറിന്റെ നീക്കങ്ങള്‍? അല്ലെന്ന് വേണം വിലയിരുത്താന്‍. 2013 ജൂണില്‍ 17 വര്‍ഷത്തെ സഹവാസം അവസാനിപ്പിച്ച് നിതീഷും കൂട്ടരും ബി.ജെ.പി. മുന്നണിയില്‍ നിന്ന് പുറത്തു […]
ഡോ. കെ.ശ്രീകുമാര്‍
ബീഹാറിലെ മഹാസഖ്യത്തോട് വിട പറഞ്ഞ് നിതീഷ് കുമാര്‍ ബി.ജെ.പി. പാളയത്തിലെത്തി. ഒരു രാത്രി മുഖ്യമന്ത്രി പദം രാജി വക്കുകയും പിറ്റേന്ന് കാലത്ത് തന്നെ വീണ്ടും മുഖ്യമന്ത്രി ആവുകയും ചെയ്ത നിതീഷിന്റെ നടപടി ആധുനിക കാലത്തെ ഏറ്റവും വലിയ രാഷ്ട്രീയ വഞ്ചനയായിട്ട് വിലയിരുത്തപ്പെടുന്നുണ്ട്. എന്നാല്‍ അത്രക്ക് ആകസ്മികമോ അപ്രതീക്ഷിതമോ ആയിരുന്നോ നിതീഷ് കുമാറിന്റെ നീക്കങ്ങള്‍? അല്ലെന്ന് വേണം വിലയിരുത്താന്‍. 2013 ജൂണില്‍ 17 വര്‍ഷത്തെ സഹവാസം അവസാനിപ്പിച്ച് നിതീഷും കൂട്ടരും ബി.ജെ.പി. മുന്നണിയില്‍ നിന്ന് പുറത്തു വരുമ്പോള്‍ ക്ഷുഭിതനായകന്റെ പരിവേഷമായിരുന്നു നിതീഷ് കുമാറിന്. വളര്‍ന്നു വരുന്ന ബി.ജെ.പി. യുടെ ഫാസിസ്റ്റ്, വിഭാഗീയ രാഷ്ട്രീയത്തിനെതിരെയുള്ള ചെറുത്തു നില്പ് നിതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ബീഹാറില്‍ നിന്ന് ആരംഭിക്കുമെന്നും അത് 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസ്സിതര മതേതര കക്ഷികളുടെ ഏകോപനത്തിനും ഒരു പക്ഷെ വിജയത്തിലേക്കും നയിക്കുമെന്നും സ്വപ്നം കണ്ടവരുണ്ട്. എന്നാല്‍ 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയുടെ തേരോട്ടത്തിന് മുമ്പില്‍ കോണ്‍ഗ്രസ്സിനും മറ്റ് മതേതരകക്ഷികള്‍ക്കും പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ സമയത്തും അതിനുശേഷവും നരേന്ദ്രമോദിയുടേയും ബി.ജെ.പിയുടേയും ഫാസിസ്റ്റ് മുഖമുള്ള ഹിന്ദു വര്‍ഗ്ഗീയതയില്‍ ഊന്നിയ വിഭാഗീയ രാഷ്ട്രീയത്തിനെതിരെയുള്ള ചെറുത്തു നില്‍പ്പിന്റെ കാര്യത്തില്‍ നിതീഷ് കുമാറിന് ചാഞ്ചാട്ടം ഉള്ളതായി തോന്നിയില്ല. 2015 നവംബറിലെ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും ലാലുപ്രസാദ് യാദവുമായി ചേര്‍ന്നുകൊണ്ട് മഹാസഖ്യത്തിന് നേതൃത്വം നല്‍കുമ്പോള്‍ നിതീഷിന്റെ ബിജെപി- മോദി വിരുദ്ധതക്ക് കോട്ടമൊന്നും തട്ടിയിരുന്നില്ല.
തെരഞ്ഞെടുപ്പില്‍ ഉജ്ജ്വലമായ വിജയം നേടി ബീഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ പ്രശോഭിച്ചപ്പോള്‍ അദ്ദേഹത്തില്‍ ഭാവി പ്രധാനമന്ത്രിയെ ദര്‍ശിച്ചവരുണ്ട്. 2019 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിതര പ്രതിപക്ഷ കക്ഷികളുടെ സ്വാഭാവിക പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നിതീഷ്‌കുമാറായിരിക്കുമെന്ന സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവന ഇത്തരമൊരു അഭിപ്രായത്തിന് ആക്കം കൂട്ടിയിരുന്നു. എന്നാല്‍ അത്തരത്തിലുള്ള എല്ലാ കണക്കു കൂട്ടലുകളേയും പ്രതീക്ഷകളേയും തകിടം മറിച്ചുകൊണ്ട് നിതീഷ്‌കുമാര്‍ വീണ്ടും ബി.ജെ.പി. പാളയത്തിലെത്തി. മൂഷിക സ്ത്രീ പിന്നെയും മൂഷികസ്ത്രീ!
എന്തുകൊണ്ടാണ് നിതീഷ്‌കുമാര്‍ ഇത്തരമൊരു രാഷ്ട്രീയ ആത്മഹത്യക്ക് തയ്യാറായത്? മറ്റേതൊരു അവസരവാദിയും സ്ഥാനമോഹിയുമായ രാഷ്ട്രീയ നേതാവിനെപ്പോലെ നിതീഷ്‌കുമാര്‍ അധഃപതിച്ചത് എന്തുകൊണ്ടാണ്? ഇതിന് ഉത്തരം കിട്ടണമെങ്കില്‍ ഇന്ത്യയിലെ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ അപചയത്തിലേക്ക് കൂടി പരിശോധന നടത്തേണ്ടതുണ്ട്.
ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം 1977 ജനുവരിയില്‍ ചരമഗതി പ്രാപിച്ചു. 1973 മുതല്‍ ഇന്ത്യയിലാകമാനം വീശിയടിച്ച ഇന്ദിരാവിരുദ്ധ, ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന്റെ ജനാധിപത്യ പുനസ്ഥാപനത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളുടെ മുന്‍പന്തിയില്‍ നിലകൊണ്ട സോഷ്യലിസ്റ്റ് പാര്‍ട്ടി, 1977 ജനുവരിയില്‍ ജനസംഘം, സ്വതന്ത്രാപാര്‍ട്ടി, ഭാരതീയ ലോക്ദള്‍, സംഘടനാ കോണ്‍ഗ്രസ്സ് തുടങ്ങിയ വലതുപക്ഷ, ഹിന്ദുത്വ പാര്‍ട്ടികളുമായി ചേര്‍ന്ന് ജനതാപാര്‍ട്ടിയായി പരിണമിച്ചു. രാഷ്ട്രീയ ശക്തിയെന്ന നിലക്കുള്ള സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റേയും രാഷ്ട്രീയ പ്രത്യയശാസ്ത്രമെന്ന നിലക്കുള്ള ഇന്ത്യന്‍ സോഷ്യലിസ്റ്റ് തത്വചിന്തയുടേയും ഔപചാരികമായ അന്ത്യമായിരുന്നു അത്. ഇന്ത്യന്‍ രാഷ്ട്രീയത്തെ ഒറ്റയ്ക്ക് ചുമലിലേറ്റി മുന്നോട്ട് നയിക്കാന്‍ കെല്പുള്ളവര്‍ എന്ന് കരുതപ്പെട്ട മഹാരഥന്മാര്‍ ഓരോരുത്തരായിതളര്‍ന്നു വീഴുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. മഹാപ്രസ്ഥാനത്തിന് പുറപ്പെട്ട പാണ്ഡവരുടെ അവസ്ഥ. തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം എന്താണെന്നോ അതിനുള്ള പരിപാടികള്‍ എന്താണെന്നോ അതിന് അടിത്തറ പാകുന്ന തത്വചിന്ത എന്താണെന്നോ മനസ്സിലാക്കാന്‍ കഴിയാതെ അവര്‍ ഇരുട്ടില്‍ തപ്പി. 1979 ജൂലൈയിലെ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ മൊറാര്‍ജി സര്‍ക്കാരിന് എതിരായ അവിശ്വാസ പ്രമേയത്തെ എതിര്‍ക്കുകയും എന്നാല്‍ പിറ്റേന്നു തന്നെ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയും ജനതാപാര്‍ട്ടിയെ പിളര്‍പ്പിലേക്ക് നയിച്ചു കൊണ്ട് ലോക്ദള്‍ രൂപീകരണത്തിന് നേതൃത്വം കൊടുക്കുകയും ചെയ്യുക വഴി ജോര്‍ജ് ഫെര്‍ണാണ്ടസും മധുലിമായെയും കാണിച്ച രാഷ്ട്രീയ കസര്‍ത്ത്, ഇപ്പോള്‍ നിതീഷ് കുമാര്‍ കാണിച്ച ചാഞ്ചാട്ടത്തേക്കാള്‍ എത്രയോ പരിഹാസ്യമായിരുന്നു?
1967-ല്‍ ഡോ.ലോഹ്യ മരണമടഞ്ഞ് അധികം വൈകാതെ തന്നെ സോഷ്യലിസ്റ്റ് പാര്‍ട്ടിക്കുള്ളില്‍ അന്തഛിദ്രം ഉടലെടുത്തിരുന്നു. ലോഹ്യയുടെ ശിഷ്യന്മാര്‍ ഓരോരുത്തരും ഓരോ സാമ്രാജ്യങ്ങളായി അവതരിക്കാന്‍ ശ്രമിച്ചു. തുടര്‍ച്ചയായ പിളര്‍പ്പുകളും കൂട്ടിച്ചേര്‍ക്കലുകളും കാരണം ഒരിക്കല്‍ പോലും പാര്‍ട്ടിക്കുള്ളില്‍ ജനാധിപത്യ നടപടി ക്രമങ്ങള്‍ പാലിക്കപ്പെട്ടില്ല. എല്ലായ്‌പോഴും താത്ക്കാലിക ഭരണ സംവിധാനങ്ങള്‍ നിലനിന്നു. അംഗത്വത്തിന്റെ അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ താഴേതലം മുതല്‍ മുകള്‍ തലം വരെ പൂര്‍ത്തിയാക്കുന്നതിന് ഒരിക്കലും കഴിഞ്ഞില്ല. ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ അഭാവം മൂലം നയപരിപാടികള്‍ തീരുമാനിക്കുന്നതിലും നടപ്പിലാക്കുന്നതിലും ഉള്ള ബലഹീനത വെളിവാക്കപ്പെട്ടു. ലോഹ്യയുടെ മരണശേഷം സോഷ്യലിസ്റ്റ് തത്വചിന്ത കാലാനുസൃതമായി വികസിപ്പിക്കുന്നതിനും പുനരാവിഷ്‌ക്കരിക്കുന്നതിനും കാര്യമായ ശ്രമങ്ങള്‍ ഉണ്ടായില്ല. നവീകരിക്കപ്പെട്ട തത്വചിന്തയുടേയും ചടുലമായ കര്‍മ്മ പരിപാടികളുടേയും അഭാവത്തില്‍ പാര്‍ട്ടി ജഢമായി തീര്‍ന്നു. 1971-77 കാലഘട്ടത്തില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി പൂര്‍ണ്ണ വിസ്മൃതിയില്‍ ആയിപ്പോകാതിരുന്നത് ഇന്ദിരാഗാന്ധിയുടെ ജനവിരുദ്ധ ഭരണം നിലനിന്നതുകൊണ്ടാണ്. വര്‍ഗ്ഗീയതയും അഴിമതിയും സ്വജനപക്ഷപാതവും ഫാസിസ്റ്റ് മുഖമുള്ള നയങ്ങളും എല്ലാം കൊണ്ടും ഇന്ദിരാഗാന്ധിയുടെ ഭരണം അസഹനീയമായി മാറി. കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും ജനകീയ പ്രക്ഷോഭങ്ങള്‍ വന്‍തോതില്‍ വളര്‍ന്നു വന്നു. ഗുജറാത്തിലേയും ബീഹാറിലേയും വിദ്യാര്‍ത്ഥികളും യുവാക്കളും അവിടങ്ങളിലെ സര്‍ക്കാരുകള്‍ക്കെതിരായി തുടങ്ങിയ പ്രക്ഷോഭങ്ങള്‍ സോഷ്യലിസ്റ്റ് ശക്തികളുടെ ഏകീകരണത്തിനും ദീര്‍ഘനാളായി രാഷ്ട്രീയ വനവാസത്തിലായിരുന്നു ജെ.പി.യെപോലുള്ള നേതാക്കളെ നിദ്രയില്‍ നിന്നും ഉണര്‍ത്തുന്നതിനും കാരണമായി.
1975 ജൂണില്‍ ഇന്ദിരാഗാന്ധി രാഷ്ട്രീയ അടിയന്തരാവസ്ഥ നടപ്പില്‍ വരുത്തിയപ്പോള്‍, വിദ്യാര്‍ത്ഥികളും യുവാക്കളും അടക്കം സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ഏറ്റവും താഴെ തട്ടിലുള്ള പ്രവര്‍ത്തകര്‍ വരെ ജയിലിലടക്കപ്പെട്ടു. 1977 ലെ ജനതാപാര്‍ട്ടിയുടെ വിജയം സോഷ്യലിസ്റ്റുകള്‍ മുന്നോട്ടു വച്ച കോണ്‍ഗ്രസ്സേതരത്വം എന്ന രാഷ്ട്രീയ ആശയത്തിന്റേയും നെഹ്‌റുവിയന്‍ സോഷ്യലിസത്തിന് ബദലായുള്ള ഇന്ത്യന്‍ സോഷ്യലിസ്റ്റ് തത്വചിന്തയുടേയും വിജയമായിരുന്നു. എന്നാല്‍ 1977- കാലഘട്ടത്തില്‍ സോഷ്യലിസ്റ്റ് തത്വചിന്തയുടെ അടിസ്ഥാനത്തില്‍ ജനതാപാര്‍ട്ടിയെ ജനാധിപത്യപരമായി സംഘടിപ്പിക്കുന്നതിനോ ജനതാസര്‍ക്കാരിനെ സോഷ്യലിസ്റ്റ് കര്‍മ്മ പദ്ധതികളുടെ പരീക്ഷണവേദിയാക്കി മാറ്റുന്നതിനോ ലോഹ്യയുടെ ശിഷ്യന്മാര്‍ക്ക് കഴിഞ്ഞില്ല. 1979-ല്‍ ജനതാ പരീക്ഷണം പരാജയപ്പെട്ടപ്പോള്‍ സോഷ്യലിസ്റ്റുകള്‍ക്ക് അവരുടേതായ ഒരു പാര്‍ട്ടിയും ഇല്ലാതായി; തത്വചിന്തയ്ക്ക് ശോഷണവും സംഭവിച്ചു. എന്നാല്‍ ഭാരതീയ ജനസംഘം ആര്‍.എസ്.എസിലൂടെ ഭരണത്തിന്റെ മര്‍മ്മപ്രധാന സ്ഥലങ്ങളില്‍ അവരുടെ ആധിപത്യം ഉറപ്പിച്ചു. ആര്‍.എസ്.എസിനോട് മതനിരപേക്ഷ പ്രതിപക്ഷ കക്ഷികള്‍ക്കുണ്ടായിരുന്ന അസ്പൃശ്യത ഇല്ലാതാവുകയും ചെയ്തു. പിന്നീടങ്ങോട്ട് സോഷ്യലിസ്റ്റുകള്‍ ഭിന്നചേരികളില്‍ നിന്നുകൊണ്ട് പരസ്പരം പോരടിക്കുന്ന അവസ്ഥയാണുണ്ടായത്. 1979 ല്‍ ജനതാപാര്‍ട്ടി പിളര്‍ന്നപ്പോള്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി പുനരുജ്ജീവിപ്പിക്കുകയും അതിനെ ഇന്‍ഡ്യന്‍ സോഷ്യലിസ്റ്റ് തത്വചിന്തയുടെ അടിസ്ഥാനത്തില്‍ പുനസംഘടിപ്പിക്കുകയും ചെയ്യുന്നതിനുള്ള അവസരം മധുലിമായെയും ജോര്‍ജ് ഫെര്‍ണാണ്ടസും നഷ്ടപ്പെടുത്തി. ചരണ്‍സിംഗുമായി ചേര്‍ന്നുള്ള ലോക്ദള്‍ പരീക്ഷണം നഷ്ടക്കച്ചവടമാകുമെന്നുള്ള മുന്നറിയിപ്പ് അവഗണിക്കപ്പെട്ടു.
1984 ല്‍ സിഖ് തീവ്രവാദികള്‍ ഇന്ദിരാഗാന്ധിയെ വധിച്ചപ്പോള്‍ ഹിന്ദുത്വശക്തികള്‍ കോണ്‍ഗ്രസ്സിന് പിന്നില്‍ അണിനിരക്കുന്ന സാഹചര്യമുണ്ടായി. അസ്തമനത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്ന കോണ്‍ഗ്രസ്സ് വീണ്ടും പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വന്നു. കോണ്‍ഗ്രസ്സിനു പിന്നില്‍ ഹിന്ദുത്വ വര്‍ഗ്ഗീയ ശക്തികളും കമ്പോളസാമ്പത്തികശക്തികളും ഒന്നിച്ചണി നിരന്നാല്‍ തങ്ങളുടെ സ്ഥിതി ദുര്‍ബലമാകുമെന്ന് ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വം പെട്ടെന്നു തന്നെ തിരിച്ചറിഞ്ഞു. രാജീവ് ഗാന്ധി സ്വീകരിച്ചു തുടങ്ങിയ മൃദുഹിന്ദുത്വ സമീപനത്തെ അതിജീവിക്കണമെങ്കില്‍ തീവ്ര ഹിന്ദുത്വ നിലപാട് ആവശ്യമാണെന്ന് ബിജെപി – ആര്‍എസ്എസ് നേതൃത്വത്തിന് ബോദ്ധ്യമായി. അങ്ങനെ അവര്‍ അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം ഒരു പ്രധാന കര്‍മ്മപരിപാടിയായി മുന്നോട്ടു വെച്ചു. 1989 മാര്‍ച്ചില്‍ അയോദ്ധ്യയിലെ രാമജന്മഭൂമിയില്‍ അവര്‍ ശിലാന്യാസ് നടത്തി. രാജീവ്ഗാന്ധിയുടെ ആശീര്‍വാദത്തോടു കൂടി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി എന്‍.ഡി.തിവാരി അതിന് അനുവാദം കൊടുത്തിരുന്നു. ഷബാനു കേസിലൂടെ മുസ്ലീം പക്ഷപാത നിലപാട് സ്വീകരിക്കുക വഴി രാജീവ് ഗാന്ധി നടത്തിയ ഞാണിന്മേല്‍ കളിയെ പ്രതിരോധിക്കുന്നതിന് ആര്‍.എസ്.എസിന് ഇതിലൂടെ കഴിഞ്ഞു.
എന്നാല്‍ ആര്‍.എസ്.എസിന്റെ തീവ്രഹിന്ദുത്വ അജന്‍ഡയുടെ ആഴം മനസ്സിലാക്കുന്നതിന് സോഷ്യലിസ്റ്റുകള്‍ക്ക് കഴിഞ്ഞില്ല. അവര്‍ ഒരിക്കല്‍ കൂടി കോണ്‍ഗ്രസ്സേതരത്വം എന്ന രാഷ്ട്രീയ ആയുധം ഉപയോഗപ്പെടുത്തി ബി.ജെ.പിയുടെ പിന്തുണയോടു കൂടി 1989 നവംബറില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധിയെ പരാജയപ്പെടുത്തി. ജനതാദള്‍- ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. വി.പി.സിംഗ് പ്രധാന മന്ത്രിയായി. അടിയന്തിരാവസ്ഥക്കാലത്ത് ശ്രീമതി ഗാന്ധിയുടെ വിശ്വസ്തനായിരുന്ന വി.പി.സിംഗിനെ ജനതാദള്‍ സര്‍ക്കാരില്‍ പ്രധാനമന്ത്രിയാക്കുന്നതിന് സോഷ്യലിസ്റ്റുകള്‍ക്ക് വിഷമമൊന്നും തോന്നിയില്ല. തീവ്രഹിന്ദുത്വ നിലപാടുമായി രാജ്യത്ത് വര്‍ഗ്ഗീയ ധ്രുവീകരണത്തിന് പദ്ധതിയിടുന്ന ബി.ജെ.പി യുടെ പിന്തുണ സ്വീകരിക്കുന്നതിനും സോഷ്യലിസ്റ്റുകള്‍ക്ക് വിഷമമുണ്ടായില്ല. അവരുടെ മുഖ്യ രാഷ്ട്രീയ മുദ്രാവാക്യംകോണ്‍ഗ്രസ്സേതരത്വം ആയിരുന്നു.
1989 ല്‍ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സിനെ പരാജയപ്പെടുത്തേണ്ടത് ആവശ്യമായിരുന്നു. ഇന്ദിരാഗാന്ധിയുടെ മരണശേഷം കോണ്‍ഗ്രസ്സിന്റേയും ഭരണത്തിന്റേയും നേതൃത്വം ഏറ്റെടുത്ത രാജീവ് ഗാന്ധി കമ്പോള മുതലാളിത്തത്തേയും ഹിന്ദുത്വ വര്‍ഗ്ഗീയതയേയും ഒരേസമയം താലോലിക്കുന്ന നിലപാടിലേക്ക് എത്തിക്കൊണ്ടിരുന്നു. അംബാനിയും റിലയന്‍സും രാജീവ് ഗാന്ധിയുടെ സംരക്ഷണത്തില്‍ വളര്‍ന്നു തുടങ്ങിയിരുന്നു. കോര്‍പ്പറേറ്റ് മുതലാളിത്തം ദേശീയ സമ്പദ് ഘടനയില്‍ പ്രാമുഖ്യം നേടി തുടങ്ങുന്നത് ഈ കാലത്താണ്. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ പരാജയം ഗുണം ചെയ്തത് ബിജെപി യ്ക്കാണ്. 1989 ലെ ജനതാദള്‍ സര്‍ക്കാരിനും ചരിത്രപരമായ ഒരു നിയോഗം ഉണ്ടായിരുന്നു. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക എന്നതായിരുന്നു ആ രാഷ്ട്രീയ കര്‍മ്മം. മണ്ഡല്‍ രാഷ്ട്രീയത്തെ സോഷ്യലിസ്റ്റ് രാഷ്ട്രീയമായി വികസിപ്പിക്കുന്നതിനും ജനതാദളിനെ ജനാധിപത്യ മൂല്യങ്ങളുടേയും സോഷ്യലിസ്റ്റ് തത്വചിന്തയുടേയും അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയെടുക്കുന്നതിലും സോഷ്യലിസ്റ്റുകള്‍ ഒരിക്കല്‍ കൂടി പരാജയപ്പെട്ടു. മണ്ഡല്‍ രാഷ്ട്രീയത്തെ ഉപയോഗപ്പെടുത്തുന്നതില്‍ സോഷ്യലിസ്റ്റുകള്‍ പരാജയപ്പെട്ടിടത്ത് ബഹുജന്‍ സമാജ്പാര്‍ട്ടി ആ അവസരം ഉപയോഗപ്പെടുത്തി. മധുലിമായെ സജീവരാഷ്ട്രീയം അവസാനിപ്പിച്ചു. ദേവിലാലും ചന്ദ്രശേഖറും പരസ്പരം കലഹിച്ച് വിസ്മൃതിയിലായി. സോഷ്യലിസ്റ്റുകള്‍ പ്രതീക്ഷയോടു കൂടി ഉറ്റു നോക്കിയത് ജോര്‍ജ് ഫെര്‍ണാണ്ടസിനെയാണ്.
1984 ല്‍ ഇന്ദിരാഗാന്ധിയുടേയും 1991 ല്‍ രാജീവ്ഗാന്ധിയുടേയും രക്തസാക്ഷിത്വം കോണ്‍ഗ്രസ്സിന് മൃതസജ്ജീവനിയായി. 1984 ലെപ്പോലെ 1991 ല്‍ ബിജെപി അമ്പേ തകര്‍ന്നടിഞ്ഞില്ല. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയതു വഴി സവര്‍ണ്ണ ഹിന്ദുത്വത്തിനേറ്റ തിരിച്ചടിയെ, പിന്നാക്ക ഹിന്ദുക്കള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ലഭിച്ച മേല്‍ക്കൈയെ ഹിന്ദുത്വ ശക്തികള്‍ അതിജീവിച്ചത് രണ്ടുവിധത്തിലാണ്. നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ആഗോളവല്‍ക്കരണ, ഉദാരവല്‍ക്കരണ, സ്വകാര്യവല്‍ക്കരണ പരിപാടികളിലൂടെ ഇന്ത്യന്‍ സമ്പദ്ഘടനയെ പൊളിച്ചെഴുതി. കമ്പോള കോര്‍പ്പറേറ്റ് മുതലാളിത്തത്തിന് യഥേഷ്ടം സമ്പദ് വ്യവസ്ഥയെ ചൂഷണം ചെയ്യുന്നതിനുള്ള സാഹചര്യം ഉണ്ടായി. മറുവശത്ത് ബിജെപി-ആര്‍എസ്എസ് നേതൃത്വം ബാബറിമസ്ജിദ് പൊളിച്ച് രാമക്ഷേത്രനിര്‍മ്മാണം തുടങ്ങിവെച്ചു. ഹിന്ദുത്വ ദേശീയതയെ ഉദ്ദീപിപ്പിക്കുന്നതിന് ഇതിലൂടെ അവര്‍ക്ക് കഴിഞ്ഞു. ഹിന്ദുത്വ വര്‍ഗ്ഗീയ ശക്തികളും കമ്പോള മുതലാളിത്തവും ഒന്നായി ചേരുന്ന സാഹചര്യം ഉടലെടുത്തു. അംബാനിമാരും അദാനിമാരും രംഗപ്രവേശം ചെയ്തു. അവര്‍ കോണ്‍ഗ്രസ്സിനേയും ബിജെപിയേയും മാറിമാറി പിന്തുണച്ചു. ഇവരില്‍ ആരാണ് കൂടുതല്‍ സ്വീകാര്യരും ഗുണം നല്‍കുന്നവരും എന്ന പരീക്ഷണമാണ് 2014 വരെ നടന്നത്. ബിജെപി-ആര്‍.എസ്.എസ് ശക്തിയാണ് തങ്ങള്‍ക്ക് കൂടുതല്‍ അനുയോജ്യര്‍ എന്ന നിഗമനത്തില്‍ കോര്‍പ്പറേറ്റ് ശക്തികള്‍ 2014 ല്‍ എത്തിച്ചേര്‍ന്നതിന്റെ പ്രതിഫലനമണ് നരേന്ദ്രമോദി-അമിത്ഷാ ദ്വന്ദ്വത്തിന്റെ ഉദയം, 2024 വരെ ഈ നില തുടരാനാണ് സാദ്ധ്യത. കോണ്‍ഗ്രസ്സ് മുക്തഭാരതം എന്ന ബിജെപിയുടെ മുദ്രാവാക്യം പ്രതിപക്ഷമുക്ത ഭാരതം എന്നതിലേക്ക് വികസിക്കുകയാണ്.
ഒരിക്കല്‍കൂടി സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന് പുതുജീവന്‍ ലഭിക്കുമെന്ന പ്രതീക്ഷ നല്‍കികൊണ്ട് 1994 ല്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് ജനതാദള്‍ വിട്ട് സമതാ പാര്‍ട്ടിക്ക് രൂപം നല്‍കി. ശരത്‌യാദവ് ഉള്‍പ്പെടെയുള്ള വിശ്വസ്തര്‍ തന്നോടൊപ്പം പോരാത്തതിലുള്ള നിരാശയില്‍ ഫെര്‍ണാണ്ടസിന് സമതാപാര്‍ട്ടിയെ ഒരു സോഷ്യലിസ്റ്റ് പാര്‍ട്ടിയായി വളര്‍ത്തിയെടുക്കുന്നതിന് കഴിഞ്ഞില്ല. സോഷ്യലിസ്റ്റ് രാഷ്ട്രീയത്തെ വര്‍ഗ്ഗീയതക്കും ഹിന്ദുത്വ ഫാസിസത്തിനും കമ്പോള മുതലാളിത്തത്തിനും എതിരായ പോരാട്ടാമാക്കി വളര്‍ത്തുന്നതിന് ശ്രമിക്കാതെ ജോര്‍ജ് ഫെര്‍ണാണ്ടസ് 1995 ല്‍ ബിജെപിയുമായി ചേര്‍ന്ന് എന്‍ഡിഎ എന്ന രാഷ്ട്രീയ സംഖ്യത്തിന് രൂപം നല്‍കി.
1996 മെയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ല. ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയില്‍ വാജ്‌പെയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ അധികാരത്തിലേറി. എന്നാല്‍ ആ സര്‍ക്കാരിന് രണ്ടാഴ്ചത്തെ ആയുസ്സേ ഉണ്ടായുള്ളു. 1996 ജൂണ്‍ 1 ന് ദേവഗൗഡയുടെ നേതൃത്വത്തില്‍ ജനതാദള്‍-ഐക്യമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. 1997 ഏപ്രില്‍ 21 ന് ദേവഗൗഡക്ക് പകരം ഐ.കെ.ഗുജ്‌റാള്‍ പ്രധാനമന്ത്രിയായി. 1998 മാര്‍ച്ചില്‍ ലാലുപ്രസാദ് യാദവ് ജനതാദള്‍ വിട്ട് സ്വന്തം പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ ഐക്യമുന്നണി സര്‍ക്കാറിന് അധികാരം നഷ്ടമായി. 1996-98 ലെ ഐക്യമുന്നണി സര്‍ക്കാരിന് കോണ്‍ഗ്രസ്സ് പിന്തുണ ഉണ്ടായിരുന്നു. ജനതാദള്‍ വിഭാഗങ്ങള്‍ കോണ്‍ഗ്രസ്സേതരത്വം ഉപേക്ഷിച്ചു എന്നര്‍ത്ഥം. ജോര്‍ജ് ഫെര്‍ണാണ്ടസും കൂട്ടരും കോണ്‍ഗ്രസ്സേതരത്വം മുറുകെപ്പിടിച്ച്ബിജെപി യുടെ കൂടെ നിന്നു.
1998 ലെ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ അധികാരത്തില്‍ വന്നെങ്കിലും ഒരു വര്‍ഷത്തിനുള്ളില്‍ (1999 ല്‍) വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടി വന്നു. മുന്നണി രാഷ്ട്രീയത്തിന്റെ രീതിശാസ്ത്രം നന്നായി ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞതുകൊണ്ട് 1999-ലെ തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നണിക്ക് അധികാരത്തിലെത്താന്‍ കഴിഞ്ഞു. തീവ്ര ഹിന്ദുത്വ നിലപാട് പിന്നാമ്പുറത്ത് നിര്‍ത്തി അടല്‍ ബിഹാരിവാജ്‌പെയ് എന്ന മതേതര മുഖത്തെ മുന്നില്‍ നിര്‍ത്തിക്കൊണ്ടാണ് അവര്‍ 2004 വരെ അധികാരത്തില്‍ തുടര്‍ന്നത്. ഈ കാലയളവില്‍ ആര്‍.എസ്.എസിന്റെ തീവ്രഹിന്ദുത്വ ഇടപെടലുകള്‍ ഭരണത്തില്‍ ഏറെയൊന്നും ഉണ്ടായില്ല. എന്നാല്‍ സാമ്പത്തിക രംഗത്ത് ദ്രുതഗതിയിലുള്ള സ്വകാര്യവല്‍ക്കരണവും മുതലാളിത്ത വല്‍ക്കരണവും തുടര്‍ന്നു പോന്നു. ഈ നയങ്ങളോടൊന്നും ജോര്‍ജ് ഫെര്‍ണാണ്ടസിനും കൂട്ടര്‍ക്കും എതിര്‍പ്പൊന്നും ഉണ്ടായില്ല. പൊതുമേഖല സ്ഥാപനങ്ങള്‍ ഒന്നൊന്നായി സ്വകാര്യ മേഖലക്ക് തീറെഴുതിയപ്പോഴും വിദേശമൂലധനം തന്ത്രപ്രധാനരംഗത്തെല്ലാം പിടിമുറുക്കിയപ്പോഴും മുന്‍ സോഷ്യലിസ്റ്റുകള്‍ക്ക് യാതൊരു ധാര്‍മ്മിക രോഷവും ഉണ്ടായില്ല.
1995 മുതല്‍ നിതീഷ് കുമാര്‍ എന്‍ഡിഎ യുടെ ഭാഗമായിരുന്നു. ഉത്തരപ്രദേശില്‍ മുലായംസിംഗ് യാദവും ബീഹാറില്‍ ലാലു പ്രസാദ് യാദവും 1991 ന് ശേഷം ബിജെപിയുമായി ചേര്‍ന്ന് ഭരണം നടത്തുന്നതിന് തയ്യാറായിട്ടില്ല. എന്നാല്‍ അവര്‍ കോണ്‍ഗ്രസ് പിന്തുണയോടു കൂടി ഭരണത്തിലിരുന്നിട്ടുണ്ട്. കോണ്‍ഗ്രസ്സും ബിജെപിയും പ്രതിനിധാനം ചെയ്യുന്നത് ഒരേ രാഷ്ട്രീയ-സാമ്പത്തിക ശക്തികളെയാണ്. ഹിന്ദുത്വ വര്‍ഗ്ഗീയത രണ്ടു കൂട്ടരും ഒളിഞ്ഞും തെളിഞ്ഞും ഉപയോഗപ്പെടുത്തുന്നു. സാമ്പത്തിക നയങ്ങളില്‍ ലവലേശം വ്യത്യാസമില്ല. ആരാണ് കൂടുതല്‍ വേഗത്തില്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നത് എന്ന മത്സരമാണ് അവര്‍ തമ്മില്‍. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര ജനാധിപത്യത്തിന്റെ കാര്യത്തിലും രണ്ടു പാര്‍ട്ടികളും തമ്മില്‍ അന്തരമില്ല. സംഘടനാ തെരഞ്ഞെടുപ്പും ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും രണ്ടു കൂട്ടര്‍ക്കും അന്യമാണ്. അതുകൊണ്ട് ഇവരില്‍ ആര് കൂടുതല്‍ മെച്ചം എന്ന താരതമ്യം സോഷ്യലിസ്റ്റ് രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം തികച്ചും അപ്രസക്തമാണ്. അതുകൊണ്ട് തന്നെ 1991 ന് ശേഷമുള്ള ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുഖ്യധാരയിലുണ്ടായിരുന്ന സോഷ്യലിസ്റ്റുകളുടെ പ്രവര്‍ത്തനങ്ങളില്‍ ഭാവിയിലേക്കുള്ള സൂചകമായി സ്വീകരിക്കാവുന്നവ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്ന് കാണാം.
ആദിവാസികളും ദളിതരും പിന്നാക്കക്കാരും സ്ത്രീകളും സന്തോഷത്തോടെയും സമാധാനത്തോടെയും ഉച്ചനീചത്വങ്ങള്‍ ഇല്ലാതെയും ജീവിക്കുന്ന ഒരു ഇന്ത്യക്കു വേണ്ടിയാണ് സോഷ്യലിസ്റ്റുകള്‍ പ്രവര്‍ത്തിച്ചത്. സമൂഹത്തിനുള്ളിലും സമൂഹങ്ങള്‍ തമ്മിലും പാര്‍ട്ടികള്‍ക്കുള്ളിലും ഭരണകൂടത്തിലും ജനാധിപത്യവും സമത്വവും നിലനില്‍ക്കുന്ന ഒരു ഇന്ത്യയാണ് അവര്‍ സ്വപ്നം കണ്ടത്. 1975-77 കാലഘട്ടത്തിലെ ധീരോദാത്തമായ പോരാട്ടത്തിലൂടെ 1977 ല്‍ ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിന് അവര്‍ നേതൃത്വം നല്‍കി. ദളിതനും ആദിവാസിക്കും പിന്നാക്കക്കാരനും സമൂഹത്തില്‍ മാന്യമായ സ്ഥാനം നേടിയെടുക്കുന്നതിനു വേണ്ടി 1989 ല്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിന് നേതൃത്വം നല്‍കിയത് സോഷ്യലിസ്റ്റുകളാണ്. കമ്പോള മൂലധനത്തിന്റേയും സവര്‍ണ്ണ ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളുടേയും തേരോട്ടം നടന്നു കൊണ്ടിരിക്കുന്ന ഇന്നത്തെ ഇന്ത്യയില്‍ ജനങ്ങളുടെ പക്ഷത്തു നിന്ന് പോരാട്ടം സംഘടിപ്പിക്കുന്നതില്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് മുതല്‍ നിതീഷ്‌കുമാര്‍ വരെയുള്ള മുഖ്യധാരാ സോഷ്യലിസ്റ്റുകള്‍ സമ്പൂര്‍ണ്ണ പരാജയമായിരിക്കുന്നു.
ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിര്‍ണ്ണയിക്കുന്നതില്‍ കമ്മ്യൂണിസ്റ്റുകളും പരാജയപ്പെട്ടിരിക്കുന്നു എന്നതുകൊണ്ടാണ് അവര്‍ മുലായം സിംഗിലും ലാലുയാദവിലും നിതീഷ് കുമാറിലും രക്ഷകനെ കണ്ടെത്താന്‍ ശ്രമിച്ചത്. സോഷ്യലിസ്റ്റുകളെക്കാള്‍ പത്തു വര്‍ഷത്തെ പ്രായക്കൂടുതലുണ്ട് കമ്യൂണിസ്റ്റുകള്‍ക്ക്. 1939-44 കാലഘട്ടത്തിലെ സാമ്രാജ്യത്വ അനുകൂല നിലപാടു കൊണ്ട് മുഖം നഷ്ടമായ അവര്‍ക്ക് ഒരിക്കല്‍ പോലും ഗംഗാസമതലത്തില്‍ സ്വാധീനം ഉറപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ബീഹാറിലും ഉത്തര്‍പ്രദേശിലും സ്വാധീനമുണ്ടായിരുന്ന മേഖലകളില്‍ പോലും വര്‍ഷങ്ങള്‍ കഴിയുന്തോറും സ്വാധീനം നഷ്ടപ്പെടുന്ന അവസ്ഥയാണുണ്ടായത്. മുപ്പതിലേറെ വര്‍ഷങ്ങള്‍ ഭരണം നടത്തിയ ബംഗാളിലും ഇന്നവര്‍ അസ്തമിക്കുന്ന കാഴ്ചയാണുള്ളത്. അവശേഷിക്കുന്നത് കേരളത്തിലും ത്രിപുരയിലും മാത്രം. കമ്മ്യൂണിസം ഇന്ത്യക്കും ഏഷ്യക്കും, മുതലാളിത്തം പോലെ തന്നെ അപ്രസക്തമായ പ്രത്യയശാസ്ത്രമാണ് എന്ന ലോഹ്യയുടെ വിലയിരുത്തല്‍ സാധൂകരിക്കുന്ന വിധമാണ് കഴിഞ്ഞ കാലങ്ങളിലെ അവരുടെ പ്രവര്‍ത്തനങ്ങള്‍. നരസിംഹറാവുവിനേക്കാള്‍ മെച്ചപ്പെട്ട നിലയില്‍ ആഗോള വല്‍ക്കരണ- ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പിലാക്കിയത് ജ്യോതിബസുവായിരുന്നു. വിദേശ മൂലധനത്തിന്റെ കാര്യത്തിലും കമ്പോള മൂലധനാധിപത്യത്തിന്റെ കാര്യത്തിലും അവര്‍ക്ക് വ്യത്യസ്തമായ ഒരു നയമില്ല. അതുകൊണ്ടു തന്നെ ഭാവി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് കാര്യമായ പ്രസക്തിയൊന്നും ഉണ്ടാകുമെന്ന് കരുതാനാവില്ല.
ഇന്ത്യയില്‍ അങ്ങോളമിങ്ങോളം പ്രാദേശിക തലത്തില്‍ ഉയര്‍ന്നു വരുന്ന പ്രതിഷേധ ശബ്ദങ്ങളെ കേള്‍ക്കാതിരുന്നു കൂടാ. അത്തരം ശബ്ദങ്ങള്‍ നേര്‍ത്തതാണെങ്കിലും ദൃഢതയുള്ളവയാണ്. മിക്കവാറും സ്ഥലങ്ങളില്‍, പ്രത്യേകിച്ച് ഉത്തര്‍പ്രദേശിലും ബീഹാറിലും ഒഡീഷയിലും മധ്യപ്രദേശിലും രാജസ്ഥാനിലും ഗുജറാത്തിലും മഹാരാഷ്ട്രയിലും നിന്ന് ഉയരുന്ന ശബ്ദങ്ങള്‍ക്ക് പിന്നില്‍ സോഷ്യലിസ്റ്റുകളാണ് ഉള്ളത്. ഇന്ത്യയില്‍ ബിജെപിക്ക് എതിരായി ഒരു പുതിയ രാഷ്ട്രീയശക്തി ഉയര്‍ന്നു വരുമെങ്കില്‍ അത് സോഷ്യലിസ്റ്റുകളുടെ ഇടയില്‍ നിന്നായിരിക്കും. എന്നാല്‍ ഇത്തരം പ്രാദേശിക സമര സമിതികള്‍ക്ക് ചില ദൗര്‍ബല്യങ്ങള്‍ ഉള്ളത് കാണാതെയിരുന്നു കൂടാ. അവര്‍ ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തില്‍ മാത്രം ഊന്നിനിന്നു കൊണ്ടാണ് പ്രക്ഷോഭ രംഗത്തുള്ളത്. അവര്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ക്കപ്പുറമുള്ളതിലൊന്നും അവര്‍ക്ക് താത്പര്യമില്ല. അക്രമരഹിതവും ജനാധിപത്യപരവുമായ മാര്‍ഗ്ഗത്തിലൂടെ പ്രവര്‍ത്തിക്കുന്ന കാര്യത്തിലും പലരും വിമുഖരാണ്. പല സ്ഥലങ്ങളിലും രാഷ്ട്രീയ തത്വചിന്തയുടെ അഭാവവും പ്രകടമാണ്. തങ്ങളുടെ പ്രത്യേകമായ ആവശ്യങ്ങള്‍ക്കപ്പുറമുള്ള വിശാലമായ രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി അവരെ സജ്ജരാക്കേണ്ടതുണ്ട്. ഏകോപനത്തിന്റേതായ അത്തരമൊരു ദൗത്യം ഏറ്റെടുക്കുന്നതിന് ഒരു തത്വചിന്ത ആവശ്യമുണ്ട്. ജനാധിപത്യത്തിലധിഷ്ഠിതമായ ഒരു സംഘടനയും ഉണ്ടാവേണ്ടതുണ്ട്. ആദിവാസി, ദളിത്, സ്ത്രീ വിഭാഗങ്ങളില്‍ നിന്നാണ് അത്തരത്തില്‍ ഉയര്‍ന്നു വരുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതൃത്വം ഉണ്ടാവേണ്ടത്. 1977-ല്‍ ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യത്തെ തൂത്തെറിയുന്നതിന് ഇന്ത്യന്‍ ജനതക്ക് കഴിഞ്ഞെങ്കില്‍ മോദി – അമിത്ഷാ കൂട്ടുകെട്ടിനേയും പിഴുതെറിയാന്‍ കഴിയും.
പാഠഭേദം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in