പ്ലാച്ചിമടയ്ക്ക് പറയാനുള്ളത്

ആര്‍. അജയന്‍ 2002 ഏപ്രില്‍ 22 ന് പ്ലാച്ചിമടയിലെ ആദിവാസികളും തദ്ദേശീയരും ആരംഭിച്ച സമരത്തിനു ഇനിയും പരിഹാരമില്ലേ. പ്ലാച്ചിമടയില്‍ വികസനം കൊണ്ടുവരാന്‍ സ്ഥാപിച്ച ഹിന്ദുസ്ഥാന്‍ കൊക്കക്കോള ബിവറേജസ് എന്ന കമ്പനി ആ പ്രദേശത്തെ കുടിവെള്ളവും നനവെള്ളവും കൊള്ളചെയ്തു. മണ്ണിന്റെയും മനുഷ്യന്റെയും ആരോഗ്യം തകര്‍ത്തു. ഗ്രാമത്തില്‍ പട്ടിണിയും തൊഴിലില്ലായ്മയും കൊണ്ടുവന്നു. കൊക്കക്കോള കമ്പനി നാട് വിടണം, തങ്ങളുടെ നാടും മണ്ണും വെള്ളവും കൃഷിയും ആരോഗ്യവും ഇല്ലാതാക്കിയ കൊടുകുറ്റത്തിന് കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കണം, നഷ്ടപരിഹാരം കാണണം. പ്ലാച്ചിമടക്കാര്‍ കോള കമ്പനിക്ക് […]

xxxxആര്‍. അജയന്‍

2002 ഏപ്രില്‍ 22 ന് പ്ലാച്ചിമടയിലെ ആദിവാസികളും തദ്ദേശീയരും ആരംഭിച്ച സമരത്തിനു ഇനിയും പരിഹാരമില്ലേ. പ്ലാച്ചിമടയില്‍ വികസനം കൊണ്ടുവരാന്‍ സ്ഥാപിച്ച ഹിന്ദുസ്ഥാന്‍ കൊക്കക്കോള ബിവറേജസ് എന്ന കമ്പനി ആ പ്രദേശത്തെ കുടിവെള്ളവും നനവെള്ളവും കൊള്ളചെയ്തു. മണ്ണിന്റെയും മനുഷ്യന്റെയും ആരോഗ്യം തകര്‍ത്തു. ഗ്രാമത്തില്‍ പട്ടിണിയും തൊഴിലില്ലായ്മയും കൊണ്ടുവന്നു. കൊക്കക്കോള കമ്പനി നാട് വിടണം, തങ്ങളുടെ നാടും മണ്ണും വെള്ളവും കൃഷിയും ആരോഗ്യവും ഇല്ലാതാക്കിയ കൊടുകുറ്റത്തിന് കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കണം, നഷ്ടപരിഹാരം കാണണം. പ്ലാച്ചിമടക്കാര്‍ കോള കമ്പനിക്ക് നേരെ മുമ്പില്‍ ഒരു കൊച്ച് ഓലക്കുടിലില്‍ ആരംഭിച്ച സമരം ഇപ്പോഴും തുടരുകയാണ്.
അവരുടെ ദൈന്യത കണ്ടെത്തിയ മനുഷ്യസ്‌നേഹികളും പരിസ്ഥിതി സാമൂഹീകപ്രവര്‍ത്തകരും നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന് പ്ലാച്ചിമടയില്‍ എത്തി സമരത്തിന് ശക്തി പകരുകയായിരുന്നു. ലാബറട്ടറി പരിശോധനകളും മാധ്യമപഠനങ്ങളും വഴി പുറത്ത് കൊണ്ടുവന്ന വസ്തുതകള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. പഠനങ്ങളുടെ തുടക്കത്തില്‍ തന്നെ ഒന്നുറപ്പായിരുന്നു. ആഗോള കോര്‍പ്പറേറ്റ് ഭീകരന്‍ ഭരണകൂടത്തിനുമേല്‍ പിടിച്ചു നിന്നുകൊണ്ടാണ് ജനങ്ങളുടെ കുടിവെള്ളം കടത്തുന്നതും മണ്ണില്‍ വിഷം കലര്‍ത്തുന്നതുമെന്ന്.
പാലക്കാടന്‍ മലകളുടെ മഴ നിഴല്‍ ഗ്രാമങ്ങളിലൊന്നായ പെരുമാട്ടി പഞ്ചായത്തിലെ പ്ലാച്ചിമടയില്‍ സ്ഥാപിക്കപ്പെട്ട കൊക്കക്കോള കമ്പനി പ്രതിദിനം പത്തുലക്ഷം മുതല്‍ പതിനഞ്ച് ലക്ഷം ലിറ്റര്‍ വെള്ളമാണ് ആറ് കുഴല്‍ കിണറുകളും രണ്ടു തുറന്ന കിണറുകളും നിര്‍മ്മിച്ച് ഊറ്റിയെടുത്തിരുന്നത്. ഇതില്‍ നിന്നും 85 ലോഡ് ഉല്‍പാദിപ്പിച്ച ശേഷം മിച്ചം വരുന്ന മലിന ജലം പുറത്തേക്കൊഴുക്കി.
ഖരമാലിന്യങ്ങള്‍ ഫാക്ടറിയിലും പരിസരത്തും നിക്ഷേപിച്ചു. മാലിന്യങ്ങള്‍ ജൈവവളം എന്ന പേരില്‍ കര്‍ഷകര്‍ക്കു വില്‍ക്കുകയായിരുന്നു. മണ്ണില്‍ കലര്‍ന്ന കാഡ്മിയവും ലെഡും ക്രോമിയവും മറ്റ് ഘനലോഹങ്ങളും മണ്ണിനും മനുഷ്യനും സസ്യജന്തുജാതികള്‍ക്കും അനാരോഗ്യം വരുത്തുക മാത്രമല്ല അവയുടെ പുനരുല്‍പ്പാദനശേഷിയെപോലും ബാധിക്കുന്നതരത്തിലായിരുന്നു.
ജീവിച്ചിരിക്കുന്നവര്‍ക്കു മാത്രമല്ല, ഭാവി തലമുറയ്ക്കു കൂടി ഭവിഷ്യത്തുകള്‍ നല്‍കിയ കോളകമ്പനിയുടെ ക്രൂരതകളെ അതുകൊണ്ടാണ് സുനിതാ നാരായണനെപ്പോലുള്ള ശാസ്ത്രജ്ഞര്‍ ഭോപ്പാല്‍ ദുരന്തവുമായി പ്ലാച്ചിമടയെ ഉപമിക്കുന്നത്. ബി.ബി.സി യുടെ അന്വേഷണകണ്ടെത്തലുകള്‍ സമരക്കാര്‍ കോളകമ്പനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളെ ശരിവയ്ക്കുന്നതായിരുന്നു.
കോള കമ്പനി 2004 ല്‍ ഉല്‍പാദനം നിര്‍ത്തിവെയ്ക്കാന്‍ നിര്‍ബന്ധിതമായി. പഞ്ചായത്ത് രാജ് അധികാരത്തെ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട സംസ്ഥാനത്തെ ഉന്നത നീതി പീഠം (ഹൈക്കോടതി) പെരുമാട്ടി ഗ്രാമപഞ്ചായത്തിനോട് കോള കമ്പനി നല്‍കുന്ന കടലാസ് പത്രത്തില്‍ തുല്യം ചാര്‍ത്തല്‍ ആജ്ഞ പുറപ്പെടുവിച്ചു.
ജനങ്ങളുടെ ഇച്ഛാശക്തിയെ പ്രതിഫലിപ്പിക്കുന്നതാണ് ജനാധിപത്യവും യഥാര്‍ത്ഥ ഭരണ നിര്‍വ്വഹണവും എന്നു തിരിച്ചറിവുള്ള പെരുമാട്ടി ഗ്രാമപഞ്ചായത്തിപ്പോഴും കോളയുടെ കടലാസിന് കപ്പലണ്ടികടലാസിന്റെ വില പോലും നല്‍കുന്നില്ല. ഗ്രാമപഞ്ചായത്തിന്റെ യഥാര്‍ത്ഥ അധികാര അവകാശങ്ങള്‍ അന്നത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കൃഷ്ണന്റെ നേതൃത്വത്തില്‍ പെരുമാട്ടി ഗ്രാമപഞ്ചായത്ത് സ്ഥാപിക്കുകയായിരുന്നു.
പ്ലാച്ചിമട ഒരു പോരാട്ടത്തിന്റെ വിജയപീഠമല്ല. ഒരു നിലപാട് തറമാത്രമാണ്. ഇടതു പക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റ് പ്ലാച്ചിമടയിലെ കൊക്കക്കോള കമ്പനി വരുത്തിത്തീര്‍ത്ത കഷ്ടനഷ്ടങ്ങളെക്കുറിച്ച് പഠിക്കാന്‍ ജയകുമാര്‍ ഐ.എ.എസ് ചെയര്‍മാനായി ഉന്നതാധികാര കമ്മിറ്റിയെ നിയോഗിച്ചു. സത്യം സ്വര്‍ണപാത്രം കൊണ്ട് മൂടപ്പെടുന്നു എന്ന ഉപനിഷത്ത് വാക്യമാണ് കൊക്കക്കോള കമ്പനി പ്ലാച്ചിമടയില്‍ നടത്തിയ ചൂഷണം പഠിച്ച വിദഗ്ധ സമിതി ഓര്‍മ്മിപ്പിക്കുന്നത്.
ഒരു പതിറ്റാണ്ടുകാലം കോര്‍പ്പറേറ്റ് ധനശക്തിയുടെ തിളക്കത്തില്‍ മൂടി സൂക്ഷിച്ചിരുന്ന വസ്തുതകളെ സര്‍ക്കാരിനും പൊതുസമൂഹത്തിനും മുന്നിലും തുറന്ന് കാട്ടിയതിനു വിദഗ്ധ സമിതിയോട് പ്ലാച്ചിമടക്കാര്‍ക്ക് കൃതജ്ഞതയുണ്ട്. ഒരു െ്രെടബ്യൂണല്‍ മുഖേനയോ പരിസ്ഥിതി സംരക്ഷണ നിയമത്തിന്‍ കീഴില്‍ രൂപീകരിക്കപ്പെടുന്ന ഒരു കേന്ദ്ര അതോറിറ്റി വഴിയോ ദുരിത ബാധിതര്‍ക്ക് നഷ്ടപരിഹാരം കൊക്കക്കോളയില്‍ നിന്ന് ലഭ്യമാക്കണമെന്നാണ് സമിതിയുടെ മുഖ്യമായ ശുപാര്‍ശ. രാജ്യത്തു നിലവിലുള്ള ജലനിയമം മുതല്‍ പീനല്‍ കോഡുവരെയുള്ള ഒമ്പത് നിയമങ്ങള്‍ പ്ലാച്ചിമടയില്‍ കോളകമ്പനി ലംഘിക്കപ്പെട്ടതായി സമിതി ചൂണ്ടിക്കാട്ടി. കോളക്കെതിരെ നടപടിക്കു ശുപാര്‍ശ ചെയ്തു. വിവിധ നഷ്ടങ്ങള്‍ക്ക് കമ്പനി പരിഹാരം ചെയ്യണമെന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ശുപാര്‍ശ ഉണ്ടായി. മൊത്തം 216.26 കോടി രൂപയുടെ നഷ്ടം കൊക്കക്കോള കമ്പനിയില്‍ നിന്നും ഈടാക്കാനാണ് ശുപാര്‍ശ.
കഴിഞ്ഞ എല്‍.ഡി.എഫ് ഗവണ്‍മെന്റിന്റെ അവസാന നിയമസഭയില്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഭരണകക്ഷിയും ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷവും ഐകകണ്‌ഠ്യേന വോട്ട് ചെയ്ത് പാസാക്കിയതാണ് പ്ലാച്ചിമട നഷ്ട പരിഹാര െ്രെടബ്യൂണല്‍ ആക്ട്.
ഭരണ ഘടന പ്രകാരം ഇന്ത്യന്‍ പ്രസിഡന്റിന്റെ അംഗീകാരം ലഭിച്ചാലേ ബില്‍ നടപ്പിലാവൂ എന്നുള്ളതുകൊണ്ട് കേരള ഗവണ്‍മെന്റ് അതു കേന്ദ്ര ആഭ്യന്തര മന്ത്രി കാര്യാലയത്തിനു അയച്ചു കൊടുത്തു. കോള കമ്പനിയുടെ അഭിഭാഷകന്റെ നിയമോപദേശം വേദവാക്യമായെടുത്തതുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി കാര്യാലയം കേരള ഗവണ്‍മെന്റിനോട് വിശദീകരണം ചോദിച്ചു. ഈ നടപടി ഭരണഘടന വിരുദ്ധതയാണെന്ന് നിയമത്തില്‍ ജ്ഞാനമുള്ളവര്‍ പറഞ്ഞിട്ടെന്തുകാര്യം. കോള കമ്പനിയുടെ പിന്നാമ്പുറങ്ങളില്‍ നളിനിചിദംബരന്‍മാര്‍ ഉള്ളപ്പോള്‍ കഴിഞ്ഞ യു.പി.എ ഗവണ്‍മെന്റ് കേരള നിയമസഭയ്ക്കും ഫെഡറലിസത്തിനും ഒരു വിലയും കല്‍പിച്ചില്ല.
കോര്‍പ്പറേറ്റ് വാഴ്ചയുടെ നീരാളി പിടുത്തത്തില്‍ നഷ്ടപരിഹാരം െ്രെടബ്യൂണല്‍ ബില്ലിന് ദയാവധമാണ് കേന്ദ്രഗവണ്‍മെന്റ് വിധിച്ചത്. അപ്പോള്‍ കേരളത്തില്‍ നിന്ന് കേന്ദ്രം വാഴുന്ന എട്ട് മന്ത്രിമാരെയും കേരളമുഖ്യമന്ത്രിയേയുമെല്ലാം സമരസമിതിയും ഐക്യദാര്‍ഢ്യസമിതിയും വസ്തുതകള്‍ ബോധിപ്പിച്ചു. ഒന്നും സംഭവിച്ചില്ലെന്ന് പറയാന്‍ കഴിയില്ല. കോള കമ്പനിക്കാര്‍ക്ക് താലത്തില്‍ വെച്ച് ഉമ്മന്‍ചാണ്ടി ഭരണകൂടം അഞ്ച് കോടി രൂപാ പ്രോത്സാഹനമായി നല്‍കി.
മുപ്പത് ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയ കോള കമ്പനിക്ക് നികുതി ഇളവിന്റെ പേരില്‍ ലഭിച്ചത് അഞ്ചുകോടി ഇരുപത്തിഎട്ട് ലക്ഷം രൂപയാണ്. ഈ തുക നല്‍കുന്നതിന്റെ ധാര്‍മികത എന്തെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇനിയും വ്യക്തമാക്കിയിട്ടില്ല. വ്യവസായ മൂലധന നിക്ഷേപകര്‍ക്കു നല്‍കുന്ന പ്രോത്സാഹനം എന്ന പേരില്‍ കോളയ്ക്ക് ലഭിക്കുന്ന തുക പ്ലാച്ചിമടയിലെ ജനങ്ങള്‍ ഉള്‍പ്പെടെ കേരളത്തിലെ ജനങ്ങള്‍ ചോരനീരാക്കി നല്‍കുന്ന നികുതി പണമാണ്.
ഒരു പ്രദേശമാകെ നാശം വാരി വിതച്ച ജനങ്ങള്‍ക്കും വരും തലമുറയ്ക്കും കഷ്ടനഷ്ടങ്ങളും ദുരിതപാടുകളും നല്‍കി ഇതിനെയാണ് കോര്‍പ്പറേറ്റ് വാഴ്ച എന്ന വിളിപ്പേര്‍ നല്‍കുന്നത്. ഭോപ്പാലില്‍ നിന്നും പ്ലാച്ചിമടയിലേക്ക് എത്രയാണ് ദൂരം? കേരള നിയമസഭ പാസാക്കിയ പ്ലാച്ചിമട നഷ്ടപരിഹാര ബില്ലിപ്പോള്‍ രാഷ്ട്രപതിയുടെ പക്കലാണ്. അദ്ദേഹം അത് തടഞ്ഞ് വച്ചിരിക്കുകയാണ്. കഴിഞ്ഞ യു.പി.എ ഗവണ്‍മെന്റിന്റെ കാലത്ത് ആഭ്യന്തര മന്ത്രാലയം തിരിച്ചയച്ച ബില്ലില്‍മേലുള്ള കൂടുതല്‍ വിശദീകരണം സംസ്ഥാനഗവണ്‍മെന്റ് നല്‍കി കേന്ദ്രത്തിലേക്ക് വീണ്ടും പരിഗണനയ്ക്കായി അയച്ചത്.
ഈ ബില്‍ പാസാക്കാനുള്ള അധികാരാവകാശങ്ങള്‍ സംസ്ഥാനഗവണ്‍മെന്റിനു ഇല്ലെന്നുള്ള ന്യായം പറഞ്ഞാണ് ബില്‍ കേരളഗവര്‍ണര്‍ക്കു തിരിച്ചയച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള എ.കെ. ആന്റണി ഉള്‍പ്പെടെയുള്ള എം.പിമാര്‍ രാഷ്ട്രപതിയെ സന്ദര്‍ശിക്കണമെന്നും ബില്ലിനു അംഗീകാരം നല്‍കണമെന്നുമാണ് സമരപ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന ആവശ്യം. ഇപ്പോള്‍ പ്രസിഡന്റ് പ്ലാച്ചിമട നഷ്ടപരിഹാരബില്‍ തടഞ്ഞ് വച്ചിരിക്കുകയാണ്. വിദേശ മൂലധന നിക്ഷേപത്തിനു കോര്‍പ്പറേറ്റ് കമ്പനികള്‍ക്കു സൗകര്യമൊരുക്കുമ്പോള്‍ െ്രെടബ്യൂണല്‍ രൂപീകരിച്ച് കോര്‍പ്പറേറ്റുകളെ പിണക്കണമോ എന്നതാണ് രാഷ്ട്രപതിക്കും കേന്ദ്രഗവണ്‍മെന്റ്ിനുമുള്ളതെന്നു വ്യക്തമാണ്.
ഒരു ദശാബ്ദം പിന്നിട്ടിട്ടും പ്ലാച്ചിമട സമരത്തിനോട് ഭരണകൂടം നീതി കാട്ടിയില്ല. ഇന്ന് പ്ലാച്ചിമട ഒരു പ്രതീകമായി തീര്‍ന്നിരിക്കുന്നു. ആഗോളകുത്തകകള്‍ക്കു മുമ്പില്‍ തുറന്നുവയ്ക്കപ്പെട്ട ഇന്ത്യന്‍ പ്രകൃതി വിഭവങ്ങളുടെയും അവരുടെ യഥാര്‍ത്ഥ അവകാശികളായ അടിസ്ഥാനവര്‍ഗത്തിന്റെ തത്രപാടുകളുടെയും ഉദാഹരണമാണ് പ്ലാച്ചിമട.
ഭരണകൂടം ഇന്നലെയും ഇന്നും എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും ഇനി എന്തൊക്കെ ചെയ്യാനുണ്ടെന്നും പ്ലാച്ചിമട ചൂണ്ടിക്കാണ്ടി തരുന്നു. ജനിച്ച മണ്ണില്‍ ജീവിക്കാനുള്ള പൗരന്റെ അവകാശം തുടരെ തുടരെ നിഷേധിക്കുന്നു. നിയമങ്ങളും നിയമ നിര്‍മ്മാണസഭകളും ജനാധിപത്യസ്ഥാപനങ്ങളും നിയമവ്യാഖ്യാനങ്ങളും നോക്കി നില്‍ക്കെ ജനങ്ങളെ കോര്‍പ്പറേറ്റുകള്‍ വേട്ടയാടുന്നു.
കോര്‍പ്പറേറ്റുകള്‍ക്ക് പരവതാനി വിരിക്കാന്‍ വികസനം എന്ന വാക്കു പ്രയോഗിക്കുന്നു. വികസനമാണ് എല്ലാവര്‍ക്കും വേണ്ടത്. വികസനത്തിന്റെ വിളവെടുപ്പിനുശേഷം നാടിനു എന്താണ് കിട്ടുവാന്‍ പോകുന്നതെന്നും പ്ലാച്ചിമട പറഞ്ഞുതരുന്നു. പതിരുമാത്രം മിച്ചം വച്ച് പൊലിയളന്നുപോയവരെ പിടികൂടി നഷ്ടപരിഹാരം വാങ്ങുവാന്‍ ഇനിയും എത്രകാലം വേണമെന്ന് ആര്‍ക്കറിയാം?

മംഗളം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply