പോലീസ് രാജിന് വളമിട്ടു കൊടുക്കുമ്പോള്‍

ഒരു പ്രതി കോടതിയില്‍ കീഴടങ്ങുന്നു. സ്വാഭാവികമായും ചോദ്യം ചെയ്യാനായി പോലീസിനു വിട്ടുകൊടുക്കും. പ്രതിയെ പിടിച്ചാകട്ടെ ഉടന്‍ കോടതിയില്‍ ഹാജരാക്കുകയും വേണം. ‘ഇതു രണ്ടും നമ്മുടെ നിയമസംവിധാനത്തിനകത്തുള്ളതാണ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ പ്രതി കീഴടങ്ങുന്നത് പോലീസിന് നാണക്കേടാണെന്ന ഒരു സങ്കല്‍പ്പം നാമെല്ലാം ചേര്‍ന്ന് ഉണ്ടാക്കിയിട്ടുണ്ട്. അതെവിടേക്കാണ് നയിക്കുക? ജനാധിപത്യ – നീതിന്യായ വ്യവസ്ഥക്ക് അപകടകരമായ പോലീസ് രാജിലേക്ക്… ഇപ്പോഴത്തെ നടിയുടെ വിഷയത്തിലും സൗമ്യ, ജിഷ തുടങ്ങിയവരുടെ വിഷയങ്ങളിലെല്ലാം പ്രതികളോട് ആര്‍ക്കുമുണ്ടാകുന്ന രോഷം മനസ്സിലാക്കാം. എന്നാല്‍ ആ രോഷം പോലീസിനു എന്തും […]

pp

ഒരു പ്രതി കോടതിയില്‍ കീഴടങ്ങുന്നു. സ്വാഭാവികമായും ചോദ്യം ചെയ്യാനായി പോലീസിനു വിട്ടുകൊടുക്കും. പ്രതിയെ പിടിച്ചാകട്ടെ ഉടന്‍ കോടതിയില്‍ ഹാജരാക്കുകയും വേണം. ‘ഇതു രണ്ടും നമ്മുടെ നിയമസംവിധാനത്തിനകത്തുള്ളതാണ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ പ്രതി കീഴടങ്ങുന്നത് പോലീസിന് നാണക്കേടാണെന്ന ഒരു സങ്കല്‍പ്പം നാമെല്ലാം ചേര്‍ന്ന് ഉണ്ടാക്കിയിട്ടുണ്ട്. അതെവിടേക്കാണ് നയിക്കുക? ജനാധിപത്യ – നീതിന്യായ വ്യവസ്ഥക്ക് അപകടകരമായ പോലീസ് രാജിലേക്ക്…
ഇപ്പോഴത്തെ നടിയുടെ വിഷയത്തിലും സൗമ്യ, ജിഷ തുടങ്ങിയവരുടെ വിഷയങ്ങളിലെല്ലാം പ്രതികളോട് ആര്‍ക്കുമുണ്ടാകുന്ന രോഷം മനസ്സിലാക്കാം. എന്നാല്‍ ആ രോഷം പോലീസിനു എന്തും ചെയ്യാനുള്ള വടിയായി മാറരുത്. പലപ്പോഴും അതാണ് സംഭവിക്കുന്നത്. പള്‍സര്‍ സുനിയെ കോടതിയില്‍ നിന്നു അറസ്റ്റ് ചെയ്ത രീതി ചിലപ്പോള്‍ പ്രതിക്ക് ഗുണകരമായി മാറിയേക്കാമെന്ന് ചില നിയമവിദഗ്ധരെങ്കിലും ചൂണ്ടികാട്ടി കഴിഞ്ഞു. എങ്കില്‍ പോലീസിനെ കണ്ണടച്ചു പിന്തുണക്കുന്നവര്‍ ആരേയാണ് സഹായിക്കുന്നത്? മാത്രമല്ല, ഒരു കീഴ് വഴക്കം കിട്ടാനാണ് പോലീസ് കാത്തിരിക്കുന്നത്. നാളെയിത് ദുരുപയോഗം ചെയ്യാനുള്ള സാധ്യത ധാരാളമാണ്.
ഏതു കേസിലും ഇരകള്‍ക്കു നീതി ലഭ്യമാക്കുകയാണ് സുപ്രധാനം. അല്ലാതെ പോലീസിന്റെ നാണക്കേടോ സര്‍ക്കാരിന്റെ ഇമേജോ അല്ല. മാവോയിസ്റ്റുകളുടെ ഏറ്റുമുട്ടല്‍ കൊലയും കലാകാരന്‍മാരെ UAPA ചുമത്തിയതും IFFK യിലെ ദേശീയഗാന അറസ്റ്റമെല്ലാം ന്യായീകരിക്കപ്പെടുന്നത് ഈ പേരിലാണ്. നിയമവാഴ്ചക്കുള്ളില്‍ നിന്നു പ്രവര്‍ത്തിക്കേണ്ടവരാണ് തങ്ങളെന്ന ബോധം ഏറ്റവുമധികം മറക്കുന്നത് പോലീസ് തന്നെയാണ്. അടുത്ത കാലത്ത് നടന്ന ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ തന്നെ നോക്കുക. എത്ര പേരാണ് ലോക്കപ്പില്‍ കൊല ചെയ്യപ്പെട്ടത്. വഴിവക്കില്‍ പോലീസ് നടത്തുന്ന വാഹനപരിശോധനപോലും നിയമാനുസൃതമല്ല. അതിനുമുണ്ടായി രക്തസാക്ഷികള്‍. പോലീസ് അതിക്രമങ്ങള്‍ വന്‍തോതില്‍ വര്‍ദ്ധിച്ചതായി കംപ്ലെയ്ന്റ് അതോറിട്ടി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും വികാരകാവേശത്താല്‍ പോലീസിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്നവര്‍ കുറ്റവാളികള്‍ക്കൊപ്പമാണെന്നു പറയേണ്ടിവരും.
വാസ്തവത്തില്‍ പ്രതിയെ പിടികൂടിയാലുടന്‍ കോടതിയില്‍ ഹാജരാക്കേണ്ടതാണ്. അതിനുള്ള പരമാവധി സമയമാണ് 24 മണിക്കൂര്‍. അതാകട്ടെ ദൂരത്തിനനുസരിച്ചാണ്. എന്നാല്‍ 24 മണിക്കൂര്‍ എന്നത് അലിഖിതനിയമമാക്കി. ഈ സമയത്താണ് പലപ്പോഴും മൂന്നാം മുറകള്‍ അരേങ്ങേറുന്നത്. പള്‍സര്‍ സുനിക്കു അതുവേണമെന്നു വാദിക്കുന്നവര്‍ മറക്കുന്നത് നിരപരാധികള്‍ക്കെല്ലാം അത് ലഭിക്കുന്നുണ്ട എന്നതാണ്. നിരപരാധികളടക്കം എത്രയോ പേര്‍ ലോക്കപ്പ് മര്‍ദ്ദനങ്ങലില്‍ കൊല്ലപ്പെട്ടിരിക്കുന്നു. നിയമവിരുദ്ധമായ ഇതിനെയാണ് അയാളോടുള്ള ദേഷ്യത്തില്‍ നമ്മള്‍ പിന്തുണക്കുന്നതെന്നത് മറക്കാതിരുന്നാല്‍ നന്ന്.
നിലമ്പൂരില്‍ രണ്ടു മാവോയിസ്റ്റുകള്‍ വെടിയേറ്റു മരിച്ച സമയത്തും ഇതേവിഷയം ഉയര്‍ന്നു വന്നു. പോലീസിന്റെ ആത്മവീര്യവുമായി ബന്ധപ്പെടുത്തി പ്രശ്‌നമുന്നയിച്ചത് മുഖ്യമന്ത്രി തന്നെയായിരുന്നു. ഒപ്പം പോലീസ് ഓഫീസേഴ്‌സ് അസോസിയേഷനും. ഇത് രാജ്യഭരണമല്ല, ജനാധിപത്യമാണെന്നുമുള്ള കാര്യമാഅ ഇവരെല്ലാം വിസ്മരിക്കുന്നത്. ഇന്ത്യക്കാരെ ഭയപ്പെടുത്തി ഭരിക്കാനായി ബ്രിട്ടീഷുകാര്‍ രൂപം കൊടുത്ത പോലീസ് സംവിധാനത്തില്‍ ഇപ്പോഴും കാര്യമായ മാറ്റമൊന്നുമില്ലല്ലോ. 50 വര്‍ഷം മുമ്പു പാസ്സായ പോലീസ് ആക്ടാണ് ഇവിടെ നിലനില്‍ക്കുന്നത്. അതാകട്ടെ ബ്രിട്ടീഷുകാര്‍ നടപ്പാക്കിയ പഴയ ആക്ടിന്റെ ചുവടുപിടിച്ചത്. അതിന്റെ ലക്ഷ്യം എന്തായിരുന്നു എന്നു വ്യക്തം. അടിച്ചമര്‍ത്തുക എന്നതുതന്നെ. കമ്യൂണിസ്ര്‌റുകാര്‍ പറയാറുള്ളപോലെ പോലീസ് എന്നും ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണം തന്നെ. എന്നാല്‍ ജനാധിപത്യ വ്യവസ്ഥയില്‍ ആ അവസ്ഥ മാറേണ്ടതുണ്ട്. പോലീസ് ജനങ്ങളുടെ സുഹൃത്താകണം, സഹായിയാകണം. നിര്‍ഭാഗ്യവശാല്‍ അതൊരിക്കലും സംഭവിക്കുന്നില്ല. ഇന്നും പോലീസ് സ്‌റ്റേഷനില്‍ ഭയത്തോടെയല്ലാതെ കയറി പോകുവാന്‍ ധൈര്യമുള്ളവര്‍ കുറയും. സ്ത്രീകളുടെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ ചില മാറ്റങ്ങള്‍ക്ക് ശ്രമിക്കുകയുണ്ടായി. ലോക്കപ്പിലുള്ളവരോട് മാന്യമായി പെരുമാറുക, സമയത്ത് ഭക്ഷണവും മറ്റു സൗകര്യങ്ങളും ലഭ്യമാക്കുക, സഭ്യമായ ഭാഷ ഉപയോഗിക്കുക, കസ്റ്റഡിയിലുള്ളവരെ പ്രദര്‍ശന വസ്തുവാക്കാതിരിക്കുക, സാക്ഷികളെ സ്‌റ്റേഷനില്‍ വിളിച്ചു വരുത്താതിരിക്കുക, അഥവാ അതൊഴിവാക്കാന്‍ കഴിയില്ലെങ്കില്‍ അവര്‍ക്ക് ഒരു ദിവസത്തെ വേതനം നല്‍കുക, വൃദ്ധരേയും സ്ത്രീകളേയും കുട്ടികളേയും ഒരിക്കലും അനാവശ്യമായി സ്‌റ്റേഷനിലേക്കു വരുത്താതിരിക്കുക, ആരു ചോദിച്ചാലും ഐഡി കാര്‍ഡ് കാണിച്ചു കൊടുക്കുക തുടങ്ങിയവയെല്ലാം നല്ല നിര്‍ദ്ദേശങ്ങളായിരുന്നു. എന്നാല്‍ കാര്യമായൊന്നും നടന്നില്ല. കുറ്റം തെളിയിക്കപ്പെടുന്ന വരെ ഒരാള്‍ നിരപരാധിയാണെന്നും അത് തെളിയിക്കേണ്ട് കോടതിയാണെന്നും പോലീസ് എപ്പോഴും മറക്കുന്നു. നിയമപാലകര്‍ തന്നെ നിയമം ലംഘിക്കുന്നു. മമ്മുട്ടിയും സുരേഷ്‌ഗോപിയും പൃഥ്വീരാജും അഭിനയിക്കുന്ന പോലീസ് വേഷങ്ങളാണ് പല ഉദ്യോഗസ്ഥരും മാതൃകയാക്കുന്നത്. അതുകണ്ട് കയ്യടിക്കുന്ന നമ്മള്‍ വാസ്തവത്തില്‍ രിന്തുണക്കുന്നത് പോലീസ് രാജിനേയാണ്. അതുവഴി ജനാിപത്യത്തെ തന്നെയാണ് വെല്ലുവിളിക്കുന്നത്. ആത്മവീര്യമോ ഹീറോയിസമോ അല്ല, ജനാധിപത്യവല്‍ക്കരിക്കരിക്കപ്പെടുകയാണ് പോലീസ് സേന ഇന്നു ചെയ്യേണ്ടത്. വേലി തന്നെ വിളവുതിന്നു അവസ്ഥ നന്നല്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply